Jump to content

താൾ:Ramarajabahadoor.djvu/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്ലറയ്ക്കൽപ്പിള്ള: "അപ്പോപ്പിന്നെ പറഞ്ഞൊത്തതോ?"

ദേവകിഅമ്മ: "അതിനെന്തു മാറ്റം? വാക്കല്ലയോ മനുഷ്യർക്കു പ്രധാനം? എല്ലാം വിശ്വാംബികയുടെ തിരുവുള്ളമനുസരിച്ചു നടക്കുന്നു. അവിടുന്നു നമ്മെ രക്ഷിക്കട്ടെ!" ദേവകിയുടെ ഇമകൾ കീഴ്പ്പോട്ടമർന്നു; മുഖം പുളകാങ്കിതമായി.

ഈ ഉക്തികൾ തന്റെ ഗൃഹദേവിയെ തനിക്കു പ്രദാനംചെയ്തുള്ള വരണമന്ത്രമായിത്തന്നെ കല്ലറയ്ക്കൽപിള്ളയുടെ അന്തർന്നാളങ്ങളെ ആനന്ദിപ്പിച്ചു തളർത്തി. അദ്ദേഹവും പല ദേവാലയപ്രതിഷ്ഠിതരായുള്ള അവതാരപുരുഷന്മാരുടെയും ദേവീദേവന്മാരുടെയും നാമങ്ങളെ സഹർഷം ഉച്ചരിച്ചു. വിശ്വം വിവിക്തരംഗമായി, പ്രശാന്തചന്ദ്രന്റെ വർണ്ണത്തെയും കൽക്കണ്ടത്തിന്റെ മധുരിമയെയും വിതരണം ചെയ്യുന്നതായി ആ രംഗവാസികൾക്കു തോന്നി. അഭൗതികശരീരികളായ ഗന്ധർവ്വമിഥുനംപോലെ രണ്ടുപേരും വിയന്മാർഗ്ഗത്തിൽ ഉൽപതിക്കുന്നതായി തോന്നിത്തുടങ്ങിയപ്പോൾ അച്ഛനോടുള്ള കൃത്യസ്മൃതി ദേവകിയുടെയും ഭാവിയെക്കുറിച്ചുള്ള അപരിജ്ഞേയത കല്ലറയ്ക്കൽപിള്ളയുടെയും ശരീരങ്ങളിൽ ഒരു ലോഹസ്വഭാവത്തെ സംജാതമാക്കി വിയദ്ഗമനത്തെ വിഘാതപ്പെടുത്തി. ആ മനോരാജ്യദമ്പതിമാർ അനന്തരകരണീയം എന്തെന്നു നിശ്ചയമില്ലാതെ അവരുടെ അപ്പോഴത്തെ ആനന്ദാനുഭൂതിക്കിടയിൽ അമ്പരന്നു. കാര്യനിരീക്ഷകനായ കല്ലറയ്ക്കൽ പിള്ളയുടെ നേത്രവിഭ്രമം ക്ഷണത്തിൽ അസ്തമിച്ചു. കഴിഞ്ഞ അല്പനേരത്തെ അവസ്ഥയെ ചിന്തിച്ച് അദ്ദേഹം ഒന്നു പൊട്ടിച്ചിരിച്ചു. കല്ലറയ്ക്കലോട്ടു മാറിപ്പാർക്കേണ്ട നിർബന്ധം ഉണ്ടാക്കുന്നതായ അവസ്ഥയും ഇങ്ങനെ ചുരുക്കത്തിൽ ധരിപ്പിച്ചു: "എന്റെ ദേവൂ! ഇവിടം എന്നു കുളംകൊരിപ്പോണൂന്നറിഞ്ഞുകൂടാ. തിരുവുള്ളക്കേടു പറ്റിയടമാണിവിടം."

ദേവകിഅമ്മ: "അച്ഛൻ വന്നിട്ടതു പറയണം."

കല്ലറയ്ക്കൽപിള്ള: "അങ്ങേര് എന്നു വരുന്നോ? അതുവരെ നമ്മൾ ഈ കാട്ടുമാക്കാൻ പൊറുതിയിൽ കിടക്കണമെന്നോ? ദേവു എന്റെതായി; ഞാൻ ദേവൂന്റതുമായി. ഇനിപ്പിന്നെ അതുമിതും വിചാരിപ്പാനെന്ത്? കാലം തിരിഞ്ഞുവരുണു. ഇവിടേന്നു തപ്പിപ്പെഴച്ചു ഒതുങ്ങിക്കൊണ്ടാൽ"

ദേവകിഅമ്മ: "ഇതെന്തു നിർബ്ബന്ധമാണ്? എനിക്കു തോന്നിയതുപോലെ ഇപ്പോൾ ഇറങ്ങിപ്പോന്നാൽ അവിടുത്തേക്കു തോന്നുന്നതുപോലെ ഒരു കാലത്ത് ഇങ്ങോട്ടും ഇറങ്ങിപ്പോരേണ്ടിവരില്ലേ?"

കല്ലറയ്ക്കൽപിള്ള: "പുള്ളി കൊറഞ്ഞ പുള്ളിയല്ല. വല്ല കൊട്ടാരമോ മട(ഠ)മോ ഭരിച്ചു ഉ(വി)ലസേണ്ടവൾ. പിന്നേ, നിങ്ങളപ്പോ വടക്കങ്ങ് എവ്ടയോള്ളോരെന്ന് ഇനിയെങ്കിലും പറവിൻ?"

ഈ ചോദ്യം ദേവകിക്കു രസിച്ചു. തന്റെ പൂർവ്വചരിത്രം ഗ്രഹിപ്പാൻ അവൾക്കും അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കല്ലറയ്ക്കൽപിള്ളയെ പ്രശ്നകാരിയായി മുൻനിറുത്തി ആരായുന്നതായാൽ ഇംഗിതാപ്തി ഉണ്ടാകുമെന്നു ചിന്തിച്ചു കന്യക മാതാവെ വിളിച്ചു. ലക്ഷ്മിഅമ്മ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/232&oldid=168075" എന്ന താളിൽനിന്ന് ശേഖരിച്ചത്