താൾ:Ramarajabahadoor.djvu/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തമാകർണ്ണങ്ങൾ മടുത്തു ഹസ്തതലങ്ങളാലുള്ള സംരക്ഷണത്തെ അംഗീകരിച്ചു. അനുഭവത്തിൽ ഉടജവാസിനിയായുള്ള ആ കന്യകയ്ക്കു തന്റെ കാമുകജിഹ്വയിൽനിന്നു ഗളിതമായ ശൃംഗാരോക്തി അപഥാനുകരണത്തിലോട്ടുള്ള വ്യതിയാനശകുനമായിത്തോന്നി. ഏണകിശോരങ്ങളോട് അല്ലെങ്കിൽ പ്രകൃതിപ്രശാന്തതയിൽ വളർന്നുള്ള കന്യകാജനങ്ങളുടെ ഹൃദയവശീകരണം സാധിപ്പാനുള്ള പദ്ധതിയെക്കുറിച്ച് ഒരു നവപാഠം ഗ്രഹിച്ച കാമുകൻ സ്വകാമനീ ഹൃദയത്തിന്റെ സ്ഫടികനിഷ്കളങ്കതയെ അഭിനന്ദിച്ചു.

ഭവനകൂടത്തെയും ഗൃഹാങ്കണത്തെയും ആച്ഛാദനം ചെയ്ത് അതുകളെ ശീതളതളിമവും വല്ലീഗൃഹവും ആക്കിത്തീർക്കുന്ന വൃക്ഷശാഖകൾ അനിലസമ്മേളനത്തെത്തുടർന്നു നടനംചെയ്ത് അവിടുത്തെ കാമുകയുഗ്മത്തിൽ ഉദിതങ്ങളായ അനുരാഗഛിദ്രങ്ങളെ അവരെക്കൊണ്ടു വിസ്മരിപ്പിക്കുന്നു. തെക്കുള്ള പ്രമദവനത്തിൽ വിഹരിപ്പാൻ എത്തിയ മയൂരമിഥുനങ്ങളുടെ കൂജനങ്ങൾ ആ അനംഗരംഗനർത്തകർക്കു സാഹ്യസംഗീതമായി സവിശേഷം ധ്വനിക്കുന്നു. വിശ്വസാക്ഷിപ്രധാനനായ സൂര്യൻ പ്രയാണക്ഷീണത്താൽ ആകാശമദ്ധ്യത്തിൽ നിലകൊണ്ടു ത്രസിക്കുന്നതിനിടയിൽ താഴത്തുള്ള ലതാനിബിഡതയെ വിച്ഛിന്നമാക്കി തരണംചെയ്തു ധീപ്രശോധനകർമ്മത്തെ നിർവഹിച്ചു നീങ്ങുന്നു. ഈ ഭാസ്കരായനത്തിനിടയിൽ അവിടത്തെ ചെറുമുറ്റത്തിൽ ഉല്ലേഖ്യങ്ങളായ രജതഖണ്ഡങ്ങൾ നമ്മുടെ അനംഗാർച്ചകയുഗ്മത്തിന്റെ പുരോഭാഗത്തുള്ള അങ്കണത്തെ രത്നകംബളാച്ഛാദിതമെന്ന മട്ടിൽ അലങ്കരിക്കുന്നു. പാന്ഥദ്രോഹികളായ പറയസംഘത്തിന്റെ അസാന്നിദ്ധ്യത്തിൽ ജീവഭയംകൂടാതെ ദൂരത്തുള്ള രാജപഥത്തിൽകൂടി സഞ്ചാരം ചെയ്യുന്ന ജനതതിയുടെ മാർഗ്ഗശ്രമകരങ്ങളായ ഗാനങ്ങൾ, അസ്ഫുടമായുള്ള ഒരു മൃദുസ്വരപ്രവാഹമായി ആ രംഗത്തിൽ പ്രതിധ്വനിക്കുന്നു. ഈ അവസ്ഥാവിശേഷങ്ങൾക്കു കാമിനീകാമുകന്മാർ ജാഗരൂകരാകുന്നില്ല. താൻ പ്രയോഗിക്കാൻ ഉരുക്കഴിച്ചുവച്ചിരുന്ന പ്രണയവാചകങ്ങളെ പ്രക്രമമുഖത്തിൽ കിട്ടിയ പ്രഹരത്തെ ആദരിച്ചുപേക്ഷിച്ചുകൊണ്ട്, കാര്യസാരജ്ഞന്റെ നിലയ്ക്കുള്ള ഗുണദോഷോപദേശരൂപത്തിൽ കാമുകൻ ഇങ്ങനെ തുടങ്ങി: "കേട്ടോ ദേവൂ! അമ്മയൊണ്ടല്ലോ, അകത്തൊള്ളതൊന്നും പുറത്തു വിടുണില്ല. ഈ മട്ടിനുള്ള ഇരുപ്പ് എങ്ങു ചെന്നറുമെന്നു ആർക്കുതന്നെ അറിയാം? അഴകന്റെ അണ്ണന്മാരുതന്നെ പെണ്ണിനെക്കൊണ്ടുപോകണമെന്ന് എവനെ ഇട്ടു വട്ടംതിരിക്കുണു. അതുകൊണ്ട് സുബദ്രാവരണമട്ടിൽ ഒന്നും വേണ്ട- നാലു പേരെ വരുത്തി നാട്ടുനടപ്പിൻപടി നടത്തൂട്ടാൽ പെരിഞ്ചക്കോട്ടങ്ങേരെ മൂച്ചടച്ചുപോവും. ഇങ്ങ് പണ്ടാരവകക്കാര്യം നോക്കിനിന്ന് കല്ലറയ്ക്കലെക്കാര്യങ്ങളെല്ലാം തെന്തനത്തിലായിപ്പോണു. എന്റെ ദേവൂനെ ഇട്ടേച്ചു പോവാനും മനസ്സു നിരക്കണില്ല."

ദേവകിഅമ്മ: "അച്ഛൻ നിശ്ചയിച്ച സ്ഥലമാണല്ലോ ഇത്. വന്നിട്ട് ഇഷ്ടംപോലെ നടത്തിക്കൊണ്ടു പോകുന്നതല്ലയോ മര്യാദ?"

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/231&oldid=168074" എന്ന താളിൽനിന്ന് ശേഖരിച്ചത്