Jump to content

താൾ:Ramarajabahadoor.djvu/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിജയാന്ദോളസ്ഥയായി രംഗത്തിൽ പ്രവേശിച്ചു. ദേവകി എഴുന്നേറ്റു പരസ്വമായിത്തീർന്ന സരസകുമാരിയുടെ നാട്യത്തിൽ മാതാവോടു ചേർന്നുനിന്ന് ഒരു കുടുംബിനിയുടെ കുശലാന്വേഷണസ്വരത്തിൽ ഇങ്ങനെ ചോദിച്ചു: "അമ്മേ, നമ്മുടെ വീടെവിടെയെന്നു പറയണം. അതു കേട്ടില്ലെങ്കിൽ അദ്ദേഹത്തിനുറക്കംവരില്ലെന്നു പറയുന്നു."

ലക്ഷ്മിഅമ്മ: "അതെല്ലാം നിന്റെ അച്ഛൻ പറയണം. എനിക്കിവിടെ എന്തു സ്വാതന്ത്ര്യമുണ്ട്? ആ നിലയിലാണല്ലോ നിങ്ങളുടെ ഇവിടത്തെ അഷ്ടപദിയെല്ലാം നടന്നിരിക്കുന്നത്."

ദേവകി മാതാവിന്റെ കൈകളിൽ ഒരു ദംശനക്രിയ അഭിനയിച്ചില്ലേ എന്നൊരു ശങ്ക. കല്ലറയ്ക്കൽപിള്ള സ്ത്രീയുഗ്മത്തിന്റെ 'അയിത്ത'ദ്വേഷത്തെ ആദരിക്കാൻ മറന്ന്, ലജ്ജാപ്രകടനമായി വിരൽ കടിച്ചു. "വെള്ളം ആ കിണ്ടിയിലുണ്ട്" എന്നുള്ള ഉപദേശത്തോടെ ലക്ഷ്മിഅമ്മ തുടർന്നു: "എങ്കിലും ഒന്നു പറയാം. ഞാൻ ജനിച്ചത് -എന്റെ ദേവകീ, എന്റെ പിള്ളേ, കാലപ്പിഴകൊണ്ടു ഞാൻ ഒരു രണ്ടാം ജന്മത്തിലായി. നിന്റെ അച്ഛനെ ദേവി വിശ്വാംബിക എന്റെ രക്ഷിതാവായി എത്തിച്ചു. ഇത്രയല്ലാണ്ട് എന്തു പറയുന്നു!"

കല്ലറയ്ക്കൽപിള്ള: "അതല്ലമ്മേ! ഊരൂകാർ എന്നു പറയുന്നവർ എല്ലാത്തിലും നുഴയും - ഏതു തറവാടെന്നോ മറ്റോ കേട്ടാൽ - ഊരും വീട്ടുപേരും ചൊല്ലിയേച്ചാൽ-"

ലക്ഷ്മിഅമ്മ: "ദമയന്തി ചേദിരാജ്യത്തു ചെന്നപ്പോൾ ആരാണെന്നു പരമാർത്ഥം പറഞ്ഞുവോ?"

ആ കഥാഘട്ടവും അയ്യനപ്പിള്ളയും അപരിചിതരായിരുന്നെങ്കിലും "അതു പറഞ്ഞില്ല. പറഞ്ഞില്ല" എന്നു പുരാണപണ്ഡിതശിരോരത്നത്തിന്റെ ഭാവത്തിൽ അദ്ദേഹം സമ്മതിച്ചു.

ലക്ഷ്മിഅമ്മ: "അതുപോലെ ചിലതൊക്കെ ചിലപ്പോൾ ഒളിക്കേണ്ടിവരും."

കല്ലറയ്ക്കൽപിള്ള: "ദിക്കെങ്കിലും പറയണം. ദേവൂന്റെ അച്ഛനെപ്പോലെതന്നെ അവൾക്കു വരുന്നവനെയും വിശ്വസിക്കണ്ടയോ? നിങ്ങളുടെ നന്മയും തിന്മയുമെല്ലാം അവന്റെ തലയിലും കൂടിയല്ലയോ?"

ലക്ഷ്മിഅമ്മ: "എന്തു പറയുന്നു പിള്ളേ! പരമശിവൻ സാക്ഷി. ബന്ധുവും ബന്ധങ്ങളുമെല്ലാം ദ്വേഷിച്ചു എന്നല്ലാതെ ഞാൻ ഒന്നും പിഴച്ചിട്ടില്ല. പിഴച്ചു എന്നു വിധിച്ചവരെ ഞാൻ ശപിക്കുന്നുമില്ല. ദോഷം വരുത്തിയ കർമ്മശക്തിതന്നെ പിന്നീടൊരു വഴിയും കാട്ടി. അദ്ദേഹം ശ്രീമാൻ; ഞങ്ങൾക്ക് ഐശ്വര്യം വരുത്താൻ എന്തെല്ലാമോ പ്രവർത്തിച്ചിരിക്കാം."

കല്ലറയ്ക്കൽപിള്ള: "അതിന്റെ ചുരുക്കമെല്ലാം ഇവനറിയാം. ഈ കൊഴാമറിച്ചിൽ എല്ലാം വരുത്തണത് ആ പറപാണ്ടേടെ കൂട്ടുകെട്ടുകൊണ്ടാണ്. ഇന്ന് ആ പേരു കേൾക്കുമ്പോൾ ഇവിടമെല്ലാം കിടുങ്ങും. ഇനിയെങ്കിലും വീട്ടുമട്ടിനു പാർപ്പും മറ്റും ആക്കിക്കൊണ്ടാൽ - പിന്നേ-

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/233&oldid=168076" എന്ന താളിൽനിന്ന് ശേഖരിച്ചത്