താൾ:Ramarajabahadoor.djvu/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദിവാൻജി അങ്ങത്തെ കണ്ടപ്പോൾ അദ്യം എന്തെല്ലാമോ കിണ്ടിക്കിളച്ചു ചോദിച്ചുട്ടു-"

പറപാണ്ടയുടെ നാമത്തെ കല്ലറയ്ക്കൽപിള്ള ഉച്ചരിച്ചതോടുകൂടി ലക്ഷ്മിഅമ്മ ഒരു ചിന്തയിൽ ആമഗ്നയായി. ദിവാൻജിയുടെ ചോദ്യങ്ങൾ ഉണ്ടായി എന്നു കേട്ടപ്പോൾ മനോരാജ്യത്തിൽനിന്നു പെട്ടെന്നു വിരമിച്ചതുപോലെ, അവർ, "ആരോടുള്ള കൂട്ടുകെട്ടെന്നാണ് അയ്യനപ്പിള്ള പറഞ്ഞത്?" എന്നു സംഭ്രമസ്വരത്തിൽ ചോദിച്ചു.

കല്ലറയ്ക്കൽപിള്ള: (ദേവകിയെ നോക്കിയിട്ട്) "പിന്നെപ്പറഞ്ഞാൽ പോരയോ?"

ദേവകി: "അതെന്തിന്? ഇപ്പോൾത്തന്നെ പറയണം. കണ്ടവൻ ചെയ്യുന്ന കുറ്റങ്ങൾ അച്ഛന്റെമേൽ ചുമത്തുന്നത് അദ്ദേഹം ആരെയും പേടിക്കാത്തതുകൊണ്ടാണ്. നേരെ പറയണം, ആരുടെ അടുത്തുള്ള കൂട്ടുകച്ചവടമെന്ന് മോഹാലസ്യപ്പെടില്ല." നെറ്റത്തടത്തിലെ ചന്ദനവരിക്കുറി പൊടിഞ്ഞിളകി തരികളായി കീഴ്പ്പോട്ടിഴിഞ്ഞു. താഴത്തുള്ള പുരികക്കൊടികൾ കല്ലറയ്ക്കൽപിള്ളയുടെ മനസ്സിനെ ഒരു പടികൂടി അപഹരിക്കുമാറ് വക്രിക്കുകയും ചെയ്തു. അദ്ദേഹം കന്യകയുടെ സമീപത്തോട് അല്പം അടുത്തിട്ട് "ചണ്ടപിടിപ്പാനല്ല ഞാൻ ഇവിടെ ഫയനം കിടക്കുണത്" എന്ന് അവളുടെ പ്രിയാർത്ഥിയുടെ നിലയിൽ ധരിപ്പിച്ചു.

ദേവകി: "അവിടുന്ന് അന്തസ്സുള്ള ആളല്ലേ? ഞങ്ങടെ രണ്ടാം രക്ഷിതാവുമാണ്. ഇങ്ങോട്ടു ഭജിക്കുന്നെന്നു പറയുന്നതിന് അർത്ഥമെന്ത്? ഞങ്ങളെക്കുറിച്ചു സ്നേഹം ഉണ്ടെങ്കിൽ അവന്റെ പേര് ഒന്നുകൂടിപ്പറയണം.?"

കല്ലറയ്ക്കൽപിള്ള: "ഇല്ലത്തെക്കേക്കാവും കാലായും കിഴക്കേ പെരുവഴിയിൽ ചെന്നു മുട്ടുന്നെടത്ത്, ഒരു കല്ലമ്പലവും നീരാഴിയും പാറക്കെട്ടും കരിമ്പനക്കൂട്ടവും പെരുംകാടുമൊണ്ട്. അവിടെ വാഴ്ചകൊണ്ടു കൂടിമുടിക്കണത് ഒരു പറയനാണ്. ദേവൂന്റെ അച്ഛൻ ഒന്നു കണ്ണുതൊറന്നാൽ അവൻ പൊടിഞ്ഞൂന്നാണ് എല്ലാരയും നമ്പിക്ക."

ദേവകി, "കണ്ടവന്റെ കുറ്റം അച്ഛന്റെമേൽ ചുമത്തരുത്" എന്നുപറഞ്ഞു പിന്നെയും പോർവ്വട്ടത്തിനുതന്നെ ഒരുമ്പെട്ടു. എന്നാൽ സംവാദം അവസാനിപ്പിക്കണമെന്നു തോന്നി ലക്ഷ്മിഅമ്മ മകളെ നീക്കിനിറുത്തീട്ടു മുന്നോട്ടു നീങ്ങി, "പിള്ളേ! ഈ വേണ്ടാക്കാര്യങ്ങൾ പറഞ്ഞും ഓരോന്നു ചിന്തിച്ചും നിശ്ചയിച്ച കാര്യങ്ങൾക്കു വിഘ്നം വരുത്തരുത്; കുറ്റക്കാരെ ശിക്ഷിക്കട്ടെ; പിള്ളയ്ക്കു പേടിക്കാനില്ലല്ലോ. ഞങ്ങടെ കാര്യം കയ്യേറ്റാൽ-ഒട്ടും പതറണ്ട; നല്ല സ്ഥിതിയിൽ കഴിയാൻ ഞാങ്ങൾക്കും പ്രത്യേകം സ്വത്തുണ്ട്" എന്നു പറഞ്ഞു.

കല്ലറയ്ക്കൽപിള്ളയുടെ അന്തർഭൂതം ദേവേന്ദ്രന്റെ ഒരു ക്ഷണപത്രത്തെയും മാതലിയാൽ തെളിക്കപ്പെട്ടിട്ടുള്ള ഇന്ദ്രരഥത്തെയും സന്ദർശിച്ചു. ധനത്താൽ ജാതിന്യൂനതകൾ പരിഹരിക്കപ്പെടുമെന്നും നിയമലംഘനങ്ങൾ ക്ഷന്തവ്യങ്ങൾ ആകുമെന്നും ദർശിച്ച് ആ പ്രണയവാൻ ഒരു മാന

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/234&oldid=168077" എന്ന താളിൽനിന്ന് ശേഖരിച്ചത്