താൾ:Ramarajabahadoor.djvu/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സസരസ്സിൽ സ്നാനം കഴിഞ്ഞുള്ള പരമോല്ലാസപദവിയെ അവലംബിച്ചു സ്ഥിതിചെയ്തു. എങ്കിലും, അദ്ദേഹം ഏതുമല്ലാത്ത നാട്യത്തിൽ ഇങ്ങനെ പറഞ്ഞു: "പുടവകൊടയും അങ്ങോട്ടു പോരണതും കയ്യോടെ നടക്കട്ടെ എന്നു ചൊല്ലിയപ്പം ദേവുവല്ലിയോ പടുത്തുകളയണത്? എല്ലാം ഒരു ചുളുവിൽ നടത്തിയൂട്ടാൽ കേപ്പാനും കാര്യമെടുപ്പാനും വരുണവരാരെന്നോ?"

ദേവകി: "അമ്മ എന്തു പറഞ്ഞാലും അവിടന്ന് എന്തു നിശ്ചയിച്ചാലും അച്ഛൻ വന്നുതന്നെ എന്നെ അങ്ങോട്ടു ഏൾപ്പിക്കണം. എന്റച്ഛൻ ദുഷ്ടൻ, ശിക്ഷ ഏറ്റുപോകും എന്നു ഞാൻ സമ്മതിച്ച് എന്റെ നിലവിട്ടു കൂടിപ്പോന്നാൽ - അമ്മേ! അച്ഛന്റെ ശാപമേൾക്കാൻ ഞാൻ ആളല്ല. ആ പാടത്തിൽ കിടക്കുന്ന കന്നുകാലിക്കൂട്ടത്തിൽ എന്നെ കണക്കാക്കിക്കളയരുത്."

കല്ലറയ്ക്കൽപിള്ള സ്വകാമിനിയുടെ വാഗ്വൈഭവം ഉല്പാദിപ്പിച്ച സന്തുഷ്ടിപ്രസരത്തോടെ 'അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളിയറിയാം എന്നു പണ്ടൊള്ളോർ പറഞ്ഞതു ബുദ്ധി' എന്നു ചിന്തിച്ചുകൊണ്ട് ലക്ഷ്മിഅമ്മയെ നോക്കി ദേവകിയുടെ പ്രാഗല്ഭ്യത്തെ ഇങ്ങനെ പ്രശംസിച്ചു: "മകള് നാക്കും പേച്ചുമില്ലാത്ത കൊച്ചായി പമ്മിപ്പമ്മി ഇരുന്നേച്ച് ഇപ്പം ഫക്കനേ അല്യോ എടുത്തു ചാടുന്നാള്-" ബാല്യം മുതൽ അഭ്യസിച്ചിട്ടുള്ള വഴി തുടർന്നു തന്റെ നാവ് പ്രവർത്തനം ചെയ്തുപോയതിലുള്ള ലജ്ജാകുണ്ഠിതങ്ങളോടുകൂടി സ്വഭാഷണത്തെ കല്ലറയ്ക്കൽ പിള്ള ഉപസംഹരിച്ചുനില്ക്കുന്നതിനിടയിൽ ലക്ഷ്മിഅമ്മ ഭയാവേഗത്തോടെ ഇങ്ങനെ പറഞ്ഞ് അദ്ദേഹത്തിന്റെ വാക്കുകളെ തടഞ്ഞു: "നില്ക്കു ദേവീ! ആരോ കാടു ഞെരിക്കുന്നു. അതാ തകർക്കുന്നു. ആരവം കൂടിവരുന്നു. അന്നു രാത്രിയിലെപ്പോലെ പിന്നെയും (തന്നേ മറന്ന്) ആ ബൗദ്ധൻ പണ്ടു വന്നപ്പോഴെപ്പോലെ ഇപ്പോഴും -എന്റെ ദേവീ! ഞങ്ങൾക്കിതിലെല്ലാമെന്തു ബന്ധം? തിരുവുള്ളമെങ്കിൽ, ജന്മം ഒടുങ്ങിച്ചുകൂട്ടണേ!" അവസാനവാക്കുകൾ സാവധാനത്തിലും കല്ലറയ്ക്കൽപിള്ളയുടെ ശ്രദ്ധ ഇതരവിഷയത്തിലും ആയിരുന്നതിനാൽ ലക്ഷ്മിഅമ്മയുടെ പരിദേവനസാരം അദ്ദേഹം ഗ്രഹിച്ചില്ല. കാവു ഞെരിച്ചുകൊണ്ട് അഴകൻപിള്ളയെക്കാൾ പുഷ്ടിയുള്ള ഒരു അഷ്ടാവക്രൻ ആ മഠക്കെട്ടിന്റെ മുറ്റത്തു പ്രവേശിച്ചു. തന്റെ ഭൃത്യന്റെ മുഖം വാടിക്കണ്ടതുകൊണ്ട് കല്ലറയ്ക്കൽപിള്ള പെരിഞ്ചക്കോടന്റെ വരവുണ്ടാകുന്നു എന്നു തീർച്ചയാക്കി. "എന്തെടാ! പെരിഞ്ചക്കോട്ടങ്ങേരു തിരിച്ചുവന്നൂട്ടോ?"

ഭൃത്യൻ: "ഇല്ലില്ല. വേറെ ആരാണ്ടോ വരുണാര്. എമ്പാടും പുള്ളിപ്പട്ടാളപ്പുള്ളിയും ചാടുണാര്. പെരിഞ്ചക്കോട്ടു മേലേപ്പൊറ്റ എറങ്ങി അതാ അങ്ങോട്ടു ഓടുണാര്."

കല്ലറയ്ക്കൽപിള്ള: "അന്നു വന്ന ആ സ്വാമിയാരങ്ങേരുകൂടി ഒണ്ടോ?"

ഭൃത്യൻ: "ഇപ്പം വരണത് ആ പൂയാരീം മറ്റുമല്ല. ഒടയതമ്പുരാൻതന്നെ. തങ്കം പൂയിയ ഒരു കൊമരൻ ഒരു പഞ്ചകല്യാണീക്കേറി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/235&oldid=168078" എന്ന താളിൽനിന്ന് ശേഖരിച്ചത്