താൾ:Ramarajabahadoor.djvu/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തേട്ടവും ഇങ്ങോട്ടു കൊണ്ടുവന്നിട്ടുമില്ലേ. ഇവിടെ ആളുമാഞ്ചാതിയും ഇക്കണ്ടതൊക്കെത്തന്നെ. ആ അഴകുച്ചെവിത്താൻ എങ്ങോ?"

അന്യൻ: "അയാൾ കല്പനപ്പടി ദിവാൻജിയജമാനന് അകമ്പടി സേവിക്കുന്നു. എന്നാൽ പിന്നെ എനിക്കു വരുതി."

കല്ലറയ്ക്കൽപിള്ള, "വരട്ടെ, വരട്ടെ. ഇത്തിരി വല്ലതും തൊട്ടു തെറിച്ചേച്ചെങ്കിലും പോയില്ലെങ്കിൽ ഈ ആളുകൾക്കു പോരായ്മയല്യോ?" എന്നു ക്ഷണിച്ചപ്പോൾ, "ഹേയ്! ഇതാ ഇപ്പോൾ എത്തും അച്ഛന്റെ വീട്ടില്" എന്നുത്തരം പറഞ്ഞ ത്രിവിക്രമകുമാരനെ ബലാൽക്കാരേണ പിടിച്ച് അവിടത്തെ സാദ്ധ്വീയുഗ്മത്തിന്റെ ഗ്രഹസന്ധിഘോഷത്താൽ അദ്ദേഹം ഗൃഹമുറ്റത്തോട്ടു പ്രവേശിപ്പിച്ചു.

യുദ്ധരംഗത്തിൽനിന്ന് സാവിത്രിയെ അന്വേഷിപ്പാൻ എന്നുള്ള നാട്യത്തിൽ ഓടിക്കപ്പെട്ട് കഴക്കൂട്ടത്ത് മീനാക്ഷിഅമ്മയെയും തിരുവനന്തപുരത്ത് കുഞ്ചൈക്കുട്ടിപ്പിള്ളയെയും സന്ദർശിച്ചിട്ടു പെരിഞ്ചക്കോട്ടെത്തുമ്പോൾ സ്വപ്രണയിനിയെ കണ്ടുകിട്ടിയേക്കുമെന്ന വിചാരത്തോടെ വന്നു ഭഗ്നാശനായിത്തീർന്നിരിക്കുന്ന ത്രിവിക്രമകുമാരനെയാണ് കല്ലറയ്ക്കൽപിള്ളയായ സൂത്രധാരൻ വിദൂഷകബുദ്ധ്യാ രംഗപ്രവിഷ്ടനാക്കിയത്. ക്ഷാത്രകുലദൃഷ്ടിയിൽ പക്ഷപാതിയായ ബ്രഹ്മാവാൽ സശ്രദ്ധം രചിക്കപ്പെട്ടിട്ടുള്ള ആ കനകസിംഹയുവാവിന്റെ പാദസ്പർശം ഉണ്ടായപ്പോൾ, ആ ആശ്രമമണ്ഡലം സരസസമിതികളിൽ പ്രകടിതങ്ങളാകുന്ന വികാരകലാപങ്ങളുടെ നാഗരികക്ഷേത്രമായിത്തീർന്നു. നമ്മുടെ യുവയോദ്ധാവും കർഷകപ്രധാനനുംകൂടി മന്ദിരത്തിന് അഭിമുഖരായി മുറ്റത്തു നിലകൊണ്ടപ്പോൾ, ശ്രീരാമഗുഹന്മാർ തമ്മിൽ സങ്കല്പിക്കപ്പെട്ടിട്ടുള്ള വ്യത്യാസത്തെ ലക്ഷ്മിഅമ്മ സന്ദർശിച്ചു. സൗഷ്ഠവപരിപുഷ്ടി ചേർന്നുള്ള ആ കനകശരീരത്തിന്റെ കാന്തിധാടിയും മുഖത്തിന്റെ സുസ്മേരസങ്കലിതമായുള്ള വീര്യതേജസ്സും, വക്ഷസ്സിന്റെ പൗരുഷസ്ഫുരണംചെയ്യുന്ന വിസ്തൃതിയും, ഭുജങ്ങളുടെ സംഹാരകദണ്ഡത്വവും സഞ്ചാരത്തിലെ രമണീയതരമായുള്ള ലാഘവവിലാസവും മുഖേന്ദുബിംബത്തിന്റെ ശിരോഭാഗത്തെ ആവരണം ചെയ്യുന്ന കേശത്തിന്റെ സമൃദ്ധിയും അതിനെ ഗോപകുമാരസങ്കൽപത്തിനു ചേർന്ന വിധിയാൽ കണ്ഠത്തോളം വളർത്തി ഖണ്ഡിച്ചിരിക്കുന്നതുകൊണ്ടുള്ള രാജസരസികതയും തന്റെ പ്രാർത്ഥനാമൂർത്തിയായുള്ള ഭഗവാൻ പരമശിവൻ പ്രത്യക്ഷദർശനം നല്കുന്നുവോ എന്നുള്ള ഭ്രമത്തെ ദേവകീഹൃദയത്തിൽ സംജാതമാക്കി. തപോബലംകൊണ്ടു സിദ്ധിക്കാവുന്ന വിധത്തിലുള്ള ദർശനമല്ലെന്നും മാംസേക്ഷണങ്ങൾക്കു ഭൗമബന്ധങ്ങളിൽ ലബ്ധമാകുന്ന ലോകസോപാനപരമ്പരകളിലെ ഉന്നതവേദികളിൽ പ്രതിഷ്ഠിതനായിട്ടുള്ള ഒരു അനുഗൃഹീതന്റെ സാന്നിദ്ധ്യമാണെന്നും ആ കന്യകയ്ക്കു ചിത്തത്തിന്റെ സമതാലബ്ധിയിൽ ബോദ്ധ്യമായപ്പോൾ, കന്യാമുകുളങ്ങൾക്കു സഹജമായുള്ള ലജ്ജാസങ്കോചത്തോടുകൂടി അവളുടെ ഹൃദയകുട്മളം ആനന്ദസരസ്സിൽ നീരാടിത്താണു. ശാസ്ത്രാനുസൃതമാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/238&oldid=168081" എന്ന താളിൽനിന്ന് ശേഖരിച്ചത്