താൾ:Ramarajabahadoor.djvu/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യല്ല, പ്രകൃതിയാൽ ഉപദിഷ്ടമായുള്ള കർമ്മമായി പാദാംഗുലികൊണ്ടു ഭൂപത്രത്തിൽ ലേഖനംചെയ്യുന്ന കർമ്മത്തെ ആ വനകുമാരി അനുഷ്ഠിച്ചുപോയി. പുത്രിയുടെ കളേബരകുസുമതയെ രോമാഞ്ചസ്പന്ദിയാക്കിത്തീർത്ത അന്തർവികാരത്തെ പ്രേമശാസ്ത്രാഭിജ്ഞയായ മാതാവു മനസ്സിലാക്കി ആ സംഘടനദശയെ ശപിച്ചു മകളോട് അകത്തു പോകുവാൻ ആജ്ഞാപിച്ചു.

ദേവകിയുടെ നേത്രഭ്രമരങ്ങൾ വിക്രമകുമാരന്റെ സൗന്ദര്യമധുവെ പാനംചെയ്ത് ഉന്മത്തങ്ങളായിത്തീരുകയാൽ ആ വികസത്തായുള്ള സുമകർണ്ണികയിന്മേൽത്തന്നെ തറഞ്ഞ സ്ഥിതിയിലായി. കമിതാവായ കല്ലറയ്ക്കൽപിള്ളയിൽ നേത്രാന്തനിപാതം ഉണ്ടാകുമ്പോൾ-ഹാ! ശുഷ്കതൃണത്തിന്റെ അനാർദ്രതയും അരമ്യതയും മൃഗഭുക്തിക്കുള്ള അനുയോജ്യതയും മാത്രം ദൃശ്യമാകുന്നു. ലക്ഷ്മിഅമ്മ അഭിനവമായുള്ള ഒരു വിധിവൈരുദ്ധ്യത്തെ പ്രതീക്ഷിച്ചു സർവ്വാംഗം നീറി ഭസ്മധൂളിക്കു തുല്യം നിശ്ചേതനയായി.

തന്റെ ദ്രൂതാങ്കുരമായുള്ള നവാഭിനിവേശത്തിൽനിന്നു മുക്തയായി പരമാർത്ഥാവസ്ഥകൾക്കു ജാഗരൂകയായപ്പോൾ, ദേവകിയുടെ ആശാകമലം മേലിൽ വികാസസ്ഥിതിയിൽ എത്താത്തവണ്ണം ശിഥിലമായിത്തീർന്നിരിക്കുന്നു എന്ന് അകംകൊണ്ടറികയാൽ, ലോകസ്ഥിതി ആ കന്യാനേത്രങ്ങൾക്കു തിമിരപൂർണ്ണവുമായി. മാതുരാജ്ഞ കേവലം അനുസരണീയമല്ലാത്ത ഒരു ലൗകികനിയമമെന്നുള്ള നാട്യത്തിൽ ദേവകി "ഇതാരമ്മാ, തമ്പുരാനോ?" എന്നു ലോകസ്ഥിതികളെക്കുറിച്ചു തനിക്കുള്ള അനഭിജ്ഞത നിമിത്തവും വന്യകമനിയുടെ ശുദ്ധഗതിയാലും മോഹാവേശത്തിന്റെ തള്ളലുകൊണ്ടും ചോദിച്ചുപോയി.

ലക്ഷ്മിഅമ്മ: (ചിരിച്ചുകൊണ്ട്) "തിരുമനസ്സിലേക്കു നിന്റെ അച്ഛന്റെ അച്ഛനാകാൻ പ്രായമുണ്ട്. ഇങ്ങനെ വല്ലെടത്തും ചാടിക്കടക്കാമെന്നുള്ള സ്ഥിതിയുമല്ല അവിടത്തേത്."

ദേവകി: "പിന്നാരാണമ്മാ ഇത്?"

പ്രേമഹിമകരന്റെ ശീതോപചാരത്താൽ പ്രഫുല്ലമാക്കപ്പെട്ട കനകകുവലയം എന്നപോലെ നില്ക്കുന്ന ആ ബ്രഹ്മതേജസ്വിനിയുടെ അപ്പഴത്തെ അവാച്യചേതോഹാരിത്വം കല്ലറയ്ക്കൽപിള്ളയിലും ഒരു പ്രസാദോന്മേഷത്തെ സംജാതമാക്കി. ആ കന്യകയും താനും തമ്മിൽ ദാനവും അംഗീകാരവും കഴിഞ്ഞു ദൃഢീഭവിച്ചിട്ടുള്ള വിവാഹക്കരാറിന്റെ സ്ഥിതിക്കു ഗൃഹനായകത്വം താൻതന്നെ വഹിക്കേണ്ടതാണെന്നും നിശ്ചയിച്ചു.

പ്രതാപസ്ഥിതിക്കാരോടു തനിക്കുള്ള ഗാഢപരിചയം സ്ത്രീകളെ ധരിപ്പിപ്പാനും ഇതുതന്നെ സന്ദർഭമെന്ന് അദ്ദേഹം കരുതി. മനുഷ്യഹൃദയങ്ങൾ മൃദുവും ലഘുവും ആർദ്രവുമായുള്ള സാധനങ്ങൾകൊണ്ടു രചിതമായി, സൂക്ഷ്മങ്ങളായ കണപ്രപാതങ്ങൾക്കു നമ്യങ്ങളാകുന്നവയാണെന്ന് ആ ഗ്രാമീണനായ കന്ദർപ്പദാസൻ ഗ്രഹിച്ചില്ല. അതുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/239&oldid=168082" എന്ന താളിൽനിന്ന് ശേഖരിച്ചത്