താൾ:Ramarajabahadoor.djvu/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേഹമാസകലം ഒന്നു കുലുക്കി വെൺപൽക്കുരുക്കളെ മുഴുവൻ പുറത്താക്കി, സ്നേഹസ്വാതന്ത്ര്യത്താൽ ത്രിവിക്രമകുമാരനെ പിടിച്ചു മുമ്പോട്ടൊന്നു തള്ളി നിർത്തി അദ്ദേഹത്തെ സഭാവാസികളോടു പരിചയപ്പെടുത്തി: "അല്ലാ, അമ്മയും അറിയൂല്ലയോ ഈ പിള്ളയെ? നമ്മുടെ വലിയ മാർത്താണ്ഡൻപടവീട്ടിൽ വേലുത്തമ്പിയങ്ങത്തെ മഹൻ, തിരുവനന്തപുരത്ത് ചെമ്പകശ്ശേരിവീട്ടിലെ ഹിളയപിള്ള, രാമവർമ്മത്തെക്കൊച്ചിന് ഉഴിഞ്ഞുവിട്ട ചെൽവംപെറ്റ ചീമാളൻ, ദിവാനിജി ഏജമാന്റെ രണ്ടു കൈയും കണ്മണിയും. കണ്ടതുപോലെതന്നെ കാര്യത്തിലും- കുതിരപ്പടവിലെ മുന്തിയ പുള്ളിക്കപ്പിത്താനുമാണ്. ചെല്ലപ്പിള്ള, ഓമനക്കൊഴുന്തൻ. അച്ഛൻ തമ്പിയങ്ങത്തെക്കാണാൻ പോണു. എപ്പവുംതന്നെ ഒരു പട്ടാളക്കൂട്ട് കൂടെക്കാണും" എന്നിങ്ങനെ ആളെ പരമാർത്ഥമായും ആഗമനോദ്ദേശ്യത്തെ പ്രച്ഛന്നമാക്കിയും ധരിപ്പിച്ചു. 'രാമവർമ്മത്തെ കൊച്ച്' എന്നുള്ള നാമോച്ചാരണം ദേവകി നിന്ന ഭൂമി താഴുന്നു, അല്ലെങ്കിൽ താൻതന്നെ ബാഷ്പീഭവിക്കുന്നു എന്ന് ആ നവാനുരാഗിണിയുടെ ഹൃദയത്തെ വിഭ്രമിപ്പിച്ചു. ലക്ഷ്മിഅമ്മ പുത്രീകായത്തിന്റെ സജ്വരത്രസനം നേത്രാഞ്ചലത്താൽ ഗ്രഹിച്ച് ആഗതനോടു പ്രത്യേകാദരം നടിച്ചു നിന്നതല്ലാതെ സല്ക്കാരവചസ്സുകൾക്ക് ഒരുമ്പെട്ടില്ല. കല്ലറയ്ക്കൽപിള്ളയുടെ ജളത്വം കഴിഞ്ഞടത്തോളംകൊണ്ട് അവസാനിച്ചില്ല. "ആഹാ! കഥയിലെ വിത്തല്ലയോ വിട്ടപെയ്യ്! ഈ പുള്ളിക്കാരനെ ദേവൂനു പിടിപ്പാനാണ് അച്ചനാരു മുടിയുംകെട്ടി പെയ്യിരിക്കുണത്" എന്നുകൂടി മന്മഥകുടിലന്റെ ചടുലപടുതയെക്കുറിച്ചു ഗന്ധലേശമില്ലാത്ത ആ പൊണ്ണപ്പാരമാർത്ഥികൻ പറഞ്ഞുപോയി. ദേവകി മിന്നൽപ്പിണർപോലെ മാതൃപാർശ്വത്തിലും ആ തളത്തിലും നിന്നു മറഞ്ഞു. കല്ലറയ്ക്കൽപിള്ള, തന്റെ പ്രണയിനിയുടെ ചാരിത്ര്യമഹിമയെക്കുറിച്ചുള്ള സന്തുഷ്ടിയോടെ സന്ദർഭാനുസാരമായ പ്രശംസാലബ്ധിക്കായി വിക്രമകുമാരന്റെ മുഖത്തുനോക്കി. ഒരു പ്രദർശനശാലാസഞ്ചാരം കഴിഞ്ഞ ബാലന്റെ ഉത്സാഹപ്രസരത്തോടെ, ആ കുമാരൻ തന്റെ സല്ക്കാരന്റെ ഹസ്തത്തെ ഗ്രഹിച്ചുകൊണ്ടു വാതൽപ്പടി ചാടി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/240&oldid=168084" എന്ന താളിൽനിന്ന് ശേഖരിച്ചത്