Jump to content

മൃഗചരിതം/൨–ം പൎവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൃഗചരിതം
രചന:ജെ.ജി. ബ്യൂട്ട്‌ലർ
൨–ം പൎവ്വം

[ 83 ] രണ്ടാം പൎവ്വം

പക്ഷികൾ

മൃഗങ്ങൾക്ക ഭൂമിയിൽ നടക്കുന്നതിനുള്ള യന്ത്രങ്ങൾ പൊലെ പക്ഷികൾക്ക വായുമാൎഗ്ഗങ്ങളിൽ പറന്ന സഞ്ചരിപ്പാനും യന്ത്രങ്ങളുണ്ട. എങ്കിലും പറക്കെണ്ടുന്നതിന്ന ലഘുത്വം തന്നെ സാരമായി കാണുന്നു. മൃഗങ്ങളുടെ എല്ലിന്നകത്ത മെദസ്സുള്ളതു പൊലെ പക്ഷികൾക്കില്ല. വായു മാത്രം നിറയുന്നു. ചത്തതിൽ ഒരു പരുന്തിനെ എങ്കിലും കാക്കയെ എങ്കിലും കയ്യിലെടുത്താൽ അതിന്റെ ലഘുത്വം ഒൎത്ത വിസ്മയംതൊന്നും സാമാന്യമായിട്ട പക്ഷികളുടെ കാൽ നൊക്കുമ്പൊൾ മുമ്പൊട്ട മൂന്നും പിന്നൊക്കം ഒന്നും നഖങ്ങൾ കാണും. കിളിക്കും മരം കൊത്തിക്കും മുമ്പിലക്കും പിന്നിലക്കും ൟരണ്ട. പക്ഷികൾ തങ്ങളുടെ ജാതിക്ക തക്കവണ്ണമുള്ള മൊട്ട ഇട്ട പത്തു ദിവസം മുതൽ നാല്പതു വരക്കും പൊരുന്നി സന്തതി വൎദ്ധിക്കുന്നു. [ 84 ] ൧-ം അദ്ധ്യായം.

റാഞ്ചുന്ന പക്ഷികൾ

ശക്തിധൈൎയ്യങ്ങളും ഇന്ദ്രിയ സൂക്ഷ്മവും നീണ്ടു മൂൎച്ചയുള്ള നഖങ്ങളും കൊത്തിവലിപ്പാൻ അല്പം വളവുള്ള കൊക്കും ഇവയുടെ സാമാന്യ ലക്ഷണം. ചിലത പച്ച മാംസവും ചിലത ശവവും തിന്നും ദഹിക്കാത്ത വസ്തു വിഴുങ്ങിയാൽ ഛൎദ്ദിക്കും ഇവയുടെ മാംസവും മൊട്ടയും തിന്നുമാറില്ല.

കഴുകൻ തലയിലും കഴുത്തിലും പൊകുട അല്ലാതെ തുവ്വൽ ഇല്ല. കണ്ണിന്റെ പൊളകളിൽ രൊമം ഉണ്ട. നാസികാദ്വാരങ്ങളിൽനിന്ന എപ്പൊഴും നാറുന്ന ഒരു നീർ ഒഴുകിയിരിക്കും. ജീവിച്ചിരിക്കുന്ന പക്ഷികളെയൊ മൃഗങ്ങളെയൊ പിടിച്ച കൊല്ലുവാൻ അവന്ന മാന്ദ്യം ഉണ്ടാകകൊണ്ട ശവം കൊണ്ട അവൻ ബുഭുക്ഷ ശമിപ്പിക്കുന്നു. വളരെ പൊക്കത്തിൽ പറക്കുമ്പൊൾ ഭൂമിയിൽ വല്ല ശവമെങ്കിലും ഉണ്ടായിരുനാൽ കണ്ണിന്റെ സൂക്ഷ്മം നിമിത്തമായി അതിനെ കണ്ട ഒരു അസ്ത്രം പൊലെ ഇറങ്ങി വന്ന പറക്കുവാൻ കൂടി പ്രയാസം വരത്തക്കവണ്ണം തിന്നും. ഭൂമിയിലുള്ള ശവങ്ങളെ ഒടുക്കുന്നതിനാൽ ഇവൻ ഒരു ദിവ്യ പക്ഷി എന്നൊൎത്ത എജിപ്തകാർ ഇവ ന്റെ രൂപം കുത്തി ഉണ്ടാക്കി വെച്ചിരുന്നു.

കൊന്ദൊർ ഇവന്ന ഒരു മുട്ടാടിന്റെ പൊക്കവും ചിറകുകൾ പരത്തുമ്പൊൾ എഴു കൊൽ വിസ്താരവും ഉണ്ടാകയാൽ കഴുകന്മാരിലും കെമൻ. കറുത്ത മിന്നുന്ന തുവ്വലുകളും കഴുത്തിൽ വെളുത്ത ചുറ്റിയ ഒരു രെഖയും കല്ക്കം പൊലെ ശ്യാമ വൎണ്ണമായ ചൂട്ടും താടയും കണ്മിഴിയും ഇവന്ന കാണും ഭൂമിയിലുള്ള പൎവ്വതങ്ങളിൽ എല്ലാറ്റിലും ഉയൎന്നിരിക്കുന്ന അണ്ടെസ എന്ന പൎവ്വതങ്ങളിൽ കൂടുണ്ടാക്കി മൊട്ട ഇട്ട അവിടെ പാൎക്കുന്നു അവിടെ നിന്നിറങ്ങി വന്ന മാൻ ലാമ ആടപശുക്കുട്ടി ഇവയെ പിടിച്ചമൎത്ത കൊണ്ടുപൊയി ആദ്യം കണ്ണു കൊത്തി വലിച്ച പിന്നെ പള്ളയിൽ കൊത്തി ദ്വാരം ഉണ്ടാക്കി അതിൽ കൂടി കടലുകൾ ഒക്കയും വലിച്ച തിന്നും മനുഷ്യക്കുട്ടികളെ കൊണ്ടുപൊകുന്നതും അപൂൎവ്വമല്ല. കാട്ടിൽ ഒരു സിംഹത്തിനെ കണ്ടാൽ രണ്ടെണ്ണം കൂടി റാഞ്ചി ആലസ്യപ്പെടുത്തി കിടത്തി അവനെ കൊത്തിതിന്നും ഇവയെ പിടിപ്പാൻ വിഷമുള്ള അസ്ത്രം പ്രയൊഗിച്ചകൊല്ലുകയും അല്ലെങ്കിൽ അപ്പൊൾ തന്നെ കിഴിച്ചുള്ള തൊൽ വയലിൽ വിരിച്ച ഒരുത്തൻ അ [ 87 ] തിന്റെ ചുവട്ടിൽ ഒളിച്ച കിടക്കയും മറ്റൊരുത്തൻ കനത്ത വടിയും കയ്യിലെടുത്ത അരികെ കാണാതെ നില്ക്കയും ചെയ്തിരിക്കുമ്പൊൾ ൟ തൊൽ കൊണ്ടുപൊവാനായി പക്ഷി വന്നിരിക്കുന്നെരം ചുവട്ടിൽ കിടക്കുന്നവൻ തൊലൊടു കൂടി കാൽ മുറുക്കി പിടിച്ചതിന്റെ ശെഷം വടിക്കാരൻ ഒടി വന്ന തല തച്ച തകൎക്കും. ഇറളൻ എകദെശം പ്രാവിന്റെ വലിപ്പം. ശരീരം മുഴുവനും തുവ്വൽകൊണ്ട മൂടിയിരിക്കും പുരികം അല്പം വീണിരിക്കയാൽ ഇവന്ന എപ്പൊഴും ഒരു ദുഃഖഭാവം. ജീവനുള്ളതിനെ അല്ലാതെ ശവം തൊടുന്നില്ല. വെളുത്തും കറത്തും രെഖകൾ ഉണ്ടാകയാൽ ഒരു വെഷധാരിയുടെ ആകൃതി. കൊഴി പ്രാവാ തുടങ്ങിയതിനെ പിടിച്ചമൎത്ത കൊന്ന തുവ്വലുകൾ അത്രെയും കൊത്തിപ്പറിച്ചെടുത്ത പിന്നെ എല്ലിന്മെൽ എങ്കിലും അല്പം മാംസം ഇരിക്കാതെ കൊത്തിത്തിന്നും, ഇവനെ ചിലർ പിടിച്ച കൂട്ടിലാക്കി, തവള ഒന്ത ൟ, വക തീനുകളും കൊടുത്ത ഇണക്കിയതിന്റെ ശെഷം കാലിന്മെൽ പിച്ചള ഇരിമ്പ ചെമ്പ ഇവയിലൊന്നുകൊണ്ടുള്ള വട്ടക്കണ്ണി ഇട്ട അതിന്മെൽ ഒരു ചരട കെട്ടി ഇവന്റെ നഖങ്ങൾ കയ്യിന്മെൽ കെറാതിരിപ്പാൻ കൈത്തണ്ടമേൽ ഒരു തൊൽ കെട്ടി അതിന്മെലിരുത്തികൊണ്ടനടന്ന വല്ല പക്ഷികളെ കാണിച്ച വിട്ടാൽ എത്രയും വെഗം പറന്ന ചെന്ന അതിന്റെ കഴുത്തിൽ ഇവന്റെ ക്രൂര നഖങ്ങൾ കൊൎത്ത കെട്ടിപ്പിടിച്ച രണ്ടും കൂടി താഴത്തെ വീഴും ഉടനെ ഉടയവൻ ഒടിച്ചെന്ന പിടിച്ചുകൊള്ളും. ഒരു സമയം വരാതിരുന്നെങ്കിൽ കൈത്തണ്ടമെൽ ഒരു ഒന്തിനെ വെച്ച കാണിച്ച കൊടുത്ത വിളിച്ചാൽ വരികയും ചെയ്യും. സ്ത്രീക്ക വലിപ്പം കാൽ വാശി കൂടും.

ആനറാഞ്ചൻ സിംഹം മൃഗരാജാവെന്നപൊലെ ഇവൻ പക്ഷിരാജാവെന്ന പറയാം. അധികം വളഞ്ഞ കൊക്കും മാറിലെക്ക കവിഞ്ഞിരിക്കുന്ന ചിറകും കാൽച്ചെറ്റകൊണ്ട മൂടിയതുപൊലെ കാലുകളും മഞ്ഞ നിറത്തിൽ വിരൽ നഖങ്ങളും ൟ ജാതിക്ക പ്രത്യെക ലക്ഷണം. ഇവന്റെ ശക്തിധൈൎയ്യ ഗംഭീര ഭാവങ്ങൾ നിമിത്തമായിട്ട ഫ്രാൻസിക്കാർ പ്രൂസിക്കർ അമ്രിക്കക്കാർ എന്നീ മൂന്നു ജാതിക്കാരും ഇവനെ രാജചിഹ്നമായി സീകരിച്ചിരിക്കുന്നു. പൎവ്വതങ്ങളുടെ മുകളിൽ വൃക്ഷത്തിന്റെ ചില്ലകൾകൊണ്ട കൂടുണ്ടാക്കി ഇണയായി പാൎക്കും. സ്ത്രീ താറാവിന്മൊട്ടയുടെ വലിപ്പത്തിൽ ഇടുന്ന രണ്ടു മൊട്ടക്ക ചുവന്ന പുള്ളികൾ ഉണ്ടായിരിക്കും. പൊരുന്നി കുട്ടികളായാൽ വളരെ വാത്സല്യത്തൊടെ വളൎത്തുന്നു. പൊരുന്നും സമയും [ 88 ] സ്ത്രീക്ക ആവശ്യമുള്ളതൊക്കെയും പുരുഷൻ കൊണ്ടുവരും ചിറക മുഴുവനും ഉണ്ടായാൽ തള്ള കഞ്ഞിനെ തന്റെ മെൽ വെച്ചു കൊണ്ട പറക്കും. ഇത പ്രമാണിച്ചിട്ട മൊശ ഇസ്രായെല്ക്കാരൊട ആനറാഞ്ചൻ തന്റെ കുഞ്ഞങ്ങളുടെ മെൽ ആടിക്കൊണ്ടിരുന്ന തന്റെ ചിറകുകളെ വിരിച്ച അവയെ എടുത്ത തന്റെ ചിറകുകളിന്മെൽ വഹിക്കുന്നതുപൊലെ യഹൊവാ നിങ്ങളെ വഴിയെ നടത്തിക്കയും ചെയ്തു. എന്നു പറഞ്ഞു. നൂറ്റിൽപുറം വയസ്സുണ്ട. ഭക്ഷണം കൊന്ദൊറിനൊട തുല്യം തന്നെ. ദാഹം ശമിപ്പിപ്പാൻ ചൂടുള്ള രക്തമെ കുടിക്കൂ. പൊന്നാനറാഞ്ചൻ മീനാനറാഞ്ചൻ വെള്ളത്തല ആനറാഞ്ചൻ ൟ വകയെ ഇപ്പൊൾ വിസ്തരിക്കുന്നില്ല.

പുളള സൎവ്വാംഗവും വെളുത്തും കറുത്തും രെഖകൾ ഉണ്ടെങ്കിലും മാറിൽ എറിയിരിക്കും. നാസികാദ്വാരങ്ങൾ മൊട്ടപൊലെയും ചിറകിൽ മൂന്നിലൊരു ഭാഗം നീളം കൂടിയ വാലും ഇവന്റെ ആകൃതി. കാട്ടുപ്രാവ താറാവ മുയല ഇതൊക്കെയും പ്രിയഭക്ഷണം. പറക്കുന്ന പക്ഷികളെ വിലങ്ങിയും താഴെയും റാഞ്ചുന്ന ശീലക്കാരൻ. ഉയൎന്ന വൃക്ഷങ്ങളിൽ കൂടു കൂട്ടി പച്ച നിറവും വെളുപ്പം അനുസരിച്ച മൂന്നും നാലും മൊട്ട ഇടും ഒന്നിന്നും ഉപകാരം ഇല്ലാതെയും ദൊഷങ്ങൾ വളരെ ചെയ്യുന്നതുകൊണ്ടും വെടിവെച്ച വളരെ കൊന്നെങ്കിലെ മതിയാവൂ എന്ന വെച്ച കൊല്ലുന്നു.

പരുന്ത കൊഴിക്കുഞ്ഞുങ്ങളെ വളൎത്തുന്നവർ ഇവനെ നല്ലവണ്ണം അറിയുമെല്ലൊ. ഇവൻ എല്ലാനെരവും കാലത്തും സന്ധ്യാ സമയവും വിശെഷിച്ചും ഭൂമിയിൽ നിന്ന പത്തും പന്ത്രണ്ടും കൊൽ പൊക്കത്തിൽ പറന്ന കൊഴി ഒന്ത തവള മത്സ്യം പാമ്പ ൟ വകയെ റാഞ്ചിക്കൊണ്ടുപൊയി തിന്നുന്നു. തെങ്ങ പ്ലാവ തുടങ്ങിയതിന്മെൽ വെടിപ്പില്ലാതെ ചില്ലകൾ കൊണ്ട കൂടുണ്ടാക്കി പച്ച നിറത്തിൽ നാലും ആറും മൊട്ട ഇടുന്നു.

കൃഷ്ണപ്പരുന്ത കഴുത്തും തലയും വെളുത്തും ശെഷം താമ്രവൎണ്ണവുമെത്രെ. ഇവന്റെ കൃഷ്ണാ എന്ന ശബ്ദഛായയെ അനുസരിച്ച കൃഷ്ണപ്പരുന്തെന്ന പെർ കിട്ടി. വൃക്ഷങ്ങളിൽ കൂടു കൂട്ടി രണ്ടു മൊട്ട ഇടും. അവക്ക കൊഴിമൊട്ടയുടെ വലിപ്പം. ഇവൻ വിഷ്ണുവിന്റെ വാഹനമെന്നും ശനിയാഴ്ച വൈകുന്നെരവും ഞായറാഴ്ച കാലത്തും കാണുന്നത വളരെ ശ്ുണമെന്ന കാവിയർ പറയുന്നത അജ്ഞാനത്തിൽനിന്നു വന്നത.

മൂങ്ങ, കൊക്കുമുതൽ കാലടിവരക്കും നല്ല മാൎദ്ദവമുള്ള നരയൻതുവ്വലുകളും ഉരുണ്ട വലിയ തലയും വട്ടമുഖപും വള [ 91 ] ഞ്ഞ ചെറിയതായ കൊക്കും ഭയപ്പെടുവാൻ തക്കവണ്ണം മൂളുന്ന ഒച്ചയും രാത്രി സഞ്ചാരവും ഇവന്റെ ലക്ഷണം നിശ്ചലമായ കണ്ണിന്ന പകലും നന്നെ ഇരുട്ടുള്ളനെരവും കാഴ്ചക്കുറവണ്ടാകകൊണ്ട സൂൎയ്യന്റെ ചരമകാലത്തിങ്കലും നിലാവുള്ളപ്പൊഴും ഇവന്ന സഞ്ചരിപ്പാൻ സൌഖ്യം. എലി ഞണ്ട ഞമിഞ്ഞ മത്സ്യം ഇവയെ പിടിച്ച തിന്നും കൊഴിമൊട്ടയിൽ വലിപ്പംകൂടിയ മൂന്നും നാലും വെളുത്ത മൊട്ട ഇട്ട മൂന്ന ആഴ്ചവട്ടം പൊരുന്നുന്നു. കുട്ടിപുറത്തായാൽ കൂടുകവിയുന്നവരക്കും ഭക്ഷണസാധനങ്ങളെ പുരുഷൻ കൊണ്ടുവന്ന നിറെക്കും. ദാഹത്തിങ്കൽ മൊട്ടയും രക്തവും മാത്രമെ കുടിക്കൂ. ചെറിയ ജന്തുക്കളെ ഒന്നായി വിഴുങ്ങുന്നതുകൊണ്ട ദഹിപ്പാൻ പാടില്ലാതുള്ള എല്ലകളും രൊമങ്ങളും തുവ്വലുകളും ദിവസന്തൊറും ഒരിക്കൽ ഛൎദ്ദിക്കുന്നു. സ്ത്രീ ഹും എന്ന ഒന്നും പുരുഷൻ ഹും ഹും എന്ന രണ്ടും മൂളുകയും ചെയ്യും വീടിന്റെ കിഴക്കുപുറത്തിരുന്ന മൂളിയാൽ പടിഞ്ഞാറെ പുറത്തവെതുകുഴിയും വടക്കുപുറത്ത മൂളിയാൽ തെക്കുപുറത്ത ചുടലയും എന്ന അമ്മശാസ്ത്രം പറയുന്നു എങ്കിലും ജനനമരണ കാലങ്ങളെ മൂങ്ങാമുഖാന്തരമായിട്ട മനുഷ്യരെ അറിയിക്കുന്നത ദൈവത്തിന്ന അയൊഗ്യമെല്ലൊ.

നത്ത. ഉരുച്ചെറുപ്പവും ചിലക്കുന്ന ശബ്ദവും മാത്രം ഭെദം. നത്തലച്ചാൽ ചത്തലക്കും എന്ന പഴഞ്ചൊല്ലിൽ പതിരുണ്ട.

൨-ം അദ്ധ്യായം.

എകദെശം കാകസാമ്യമുള്ള പക്ഷികൾ

പശാപ്പുകാരൻ പക്ഷി. മാറിൽ തവിട്ടുനിറവും ചിറകകറുത്തും നീലത്തെ അനുസരിച്ച കഴുത്തും ഇവന്ന ലക്ഷണം. പുള്ളിനൊടും പരുന്തിനൊടും പിണങ്ങി ജയം കിട്ടിയാൽ വെലിയിന്മെലിരുന്ന പാൽ ആട്ടും. ചെറിയ പക്ഷികൾ തവള ഒന്ത എലിയെന്നിവ പലതിനെയും പിടിച്ച വെലിയിലെ ഉറപ്പുള്ള മുള്ളിന്മെൽ കുത്തിക്കൊൎത്തവെച്ച ആവശ്യം പൊലെ ഒരൊന്നിനെ എടുത്ത തിന്നും ക്രൂരത കാരണത്താൽ ഇവന്ന പശാപ്പുകാരൻ എന്ന പെർകിട്ടി തവിട്ടുനിറത്തിൽ അഞ്ചൊ എഴൊ മൊട്ട ഇടുന്നതിന്ന എപ്പൊഴും പുതിയ കൂടുണ്ടാക്കും. [ 92 ] കാക്ക അറുപതുവകയുണ്ട. ഭൂമിയിൽ എവിടെ പൊയാലും കാക്കയെ കാണും. ചൊറ പഴം മാംസം അപ്പം ഇവ ഒക്കെയും തിന്നും വൃക്ഷങ്ങളുടെ മുകളിൽ കൂടുകൂട്ടി നാലാറ മൊട്ട ഇട്ട ഇരുപത ദിവസം പൊരുന്നുന്നു. പുരുഷൻ ൟസമയത്ത കൂടിന്നരികെ കാവലായിട്ട താമസിക്കും പുഴു അച്ച എലി ഇവയെ കൊടുത്ത കുഞ്ഞുങ്ങളെ വളൎത്തും. ഇവയുടെ കക്കുന്ന ശീലം പ്രസിദ്ധമെല്ലൊ. രൊമർ എന്ന അജ്ഞാനജാതിക്ക ഇവൻ ഒരു ജ്യൊതിഷപക്ഷി ആയിരുന്നു എന്നും പുറപ്പെടീക്കുന്ന അറുപത്തുനാലു ശബ്ദഭെദങ്ങളെക്കൊണ്ട ഒരൊരൊ കാൎയ്യങ്ങളെ സൂചിപ്പിക്കുന്നു എന്നും അവരുടെ പ്രമാണം. അൎത്ഥം ഗ്രഹിക്കുന്നതിന്ന ഇവന്റെ കറളും കുടലും തിന്നുന്നത നല്ല വഴിഎന്നും അവർ നിരൂപിച്ചു. മലയാളികൾ പിതൃകൎമ്മത്തിങ്കലും ഭൂതബലിയിലും തൂകുന്ന അന്നം ഇവൻ തിന്നാൽമതി എന്ന വിചാരിക്കുന്നു. എങ്കിലും ആ വക അന്നം ദരിദ്രക്കാൎക്കു കൊടുത്താൽ വളരെ ഉപകാരമുണ്ട

കാവതികാക്ക. പുഴസമീപങ്ങളിലും കടലരികിലും തല മാത്രം വെളുത്തിട്ട ഇവയെ കാണാം.

കൂതികുലുക്കിപ്പക്ഷി. മാറിൽ വെളുത്തും കറുത്ത ചിറകിന്മെൽ വെളുത്ത തൂവ്വലുകളും മുഷിയാതിരിപ്പാൻ വാൽ ഉയൎത്തിപ്പിടിക്കുന്നതും ചാടിനടപ്പും ഇതിന്റെ സമ്പ്രദായം. പറക്കുന്നെരം ഒന്നു കുതിച്ചാൽ ചിറക കൂട്ടുകയും പിന്നെയും അങ്ങിനെ തന്നെ ചെയ്തുകൊണ്ട കുറഞ്ഞ ദിക്കുമാത്രം പറക്കുന്നു. ചെമ്പൊ ഇരിമ്പൊ സ്വൎണ്ണമൊ വെള്ളിയൊ കണ്ടാൽ ഉടനെ കട്ടെടുത്ത കൂടിൻചുവട്ടിൽ ഒളിച്ച വെക്കും. പച്ചനിറമുള്ള എട്ടു മൊട്ട കൂട്ടിൽ കാണും. മരത്തിന്റെ മുകളിൽ കൂടുണ്ടാക്കുന്നത പടിഞ്ഞാറൻ കാറ്റുള്ളപ്പൊൾ കിഴക്കുവശത്തും കിഴക്കൻ കാറ്റിങ്കൽ പടിഞ്ഞാറെ വശത്തുമെ ഉള്ളു. പൂക്കുന്നവയുടെ മൊട്ടുതിന്നുന്നതുകൊണ്ട കൃഷിക്കാർ ഇവനെ വെടിവെക്കുന്നു.

മഞ്ഞപക്ഷി. കാഴ്ചക്ക സൌന്ദൎയ്യവും നെരെകൂൎത്ത കൊക്കുമായ ഇതിന്ന മഞ്ഞയും കറുപ്പും ഇടകലൎന്നുള്ളനിറംകാണും വൃക്ഷക്കൊമ്പിന്റെ കമരങ്ങളിൽ പുല്ലം പെരും തലമുടിയും പഞ്ഞിയും ൟ വക വെച്ച നല്ല കൌശലക്കൂടുണ്ടാക്കി തല നന്നെ കൂൎത്ത വെളുത്തുള്ള നാലുമൊട്ട ഇട്ട പതിന്നാല ദിവസം പൊരുന്നുന്നു. പുഴു. തുമ്പി. പാറ്റ ൟച്ച ഇവ സാമാന്യമായിട്ടും ചിലപ്പൊൾ ആലിൻ പഴവും തിന്നും. ചൂളം വിളി ഇതിന്ന അഭ്യസിപ്പിക്കാം.

മൈന. ഗൊസായികൾ. ഒരു കൂട്ടിൽ രണ്ടും നാലും ഇട്ടു [ 95 ] കൊണ്ട സന്ധ്യകളിലും പ്രഭാതങ്ങളിലും ഭാഷകളും പറയിച്ച പാൽ പഴങ്ങൾ തീനുംകൊടുത്ത അവർ നടക്കുന്ന ദിക്കുകളി ൽ കൊണ്ടുനടക്കുന്നു. മിന്നുന്ന കറുപ്പനിറമായ ചിറകുകളിൽ വെളുത്ത ഒരൊമന്നവും കണ്ണിൻതടം മഞ്ഞനിറവും ഇവ യുടെ ആകൃതി.

മുളകതീനി തെക്കെ അമ്രിക്കായിൽ മാത്രം കാണും. ഇവ ൻ മുളക നന്നെ പ്രിയമായി തിന്നുക കൊണ്ട അവിടത്തുകാ ർ മുളകതീനി എന്ന പെരിട്ടു. കൊക്കിന്റെ രണ്ടു വശവും അ റക്കവാളിന്റെ ഭാഷ. അതുകൊണ്ട മുളക നല്ലവണ്ണം പിടിച്ച മെല്പട്ടെറിഞ്ഞ വരുമ്പൊൾ വാ കാട്ടി പിടിച്ച അപ്പടിയെ വി ഴുങ്ങും. വൃക്ഷങ്ങളുടെ പൊത്തുകളിൽ കൂടുണ്ടാക്കി രണ്ടു മൊട്ട ഇ ടും. സാമാന്യമായിട്ട മെലെ കറുത്തും ചുവട്ടിൽ പച്ചയൊ ചു വപ്പൊ നീലമൊ പലതായിട്ടും നിറം കാണും.

പറദീസപക്ഷി ഭൂമിയിലുള്ള സകല പക്ഷികളും നാ ണിപ്പാന്മാത്രം സൌന്ദൎയ്യമുള്ള ഇതിനെ ഞൂഗിനെയ എന്ന ദ്വീപിൽ മിക്കവാറും കാണും. ദുൎല്ലഭമാകയാൽ ഒരു ഇണക്ക അഞ്ഞൂറ രൂപയൊളം കൊടുക്കും. ആകാശവഴി പറക്കുമ്പൊ ൾ ഒരു നക്ഷത്രം വീഴുന്നതുപൊലെ വിളങ്ങും. കൊക്ക കാൽ ശംഖ തല എന്നിവ പല നിറങ്ങളായി കാണും. രണ്ടു പ ള്ള പുറത്തും വെളുത്ത തുമ്പിന്ന ശ്യാമള പുള്ളിയുമുണ്ടായി ഒ രുക്കൊൽ നീളത്തിൽ അലങ്കാരമായി ധരിച്ചിരിക്കുന്ന തുവ്വ ലുകൾ പാണ്ട്യാലന്റെ പൊലെ മയമുള്ളതാകുന്നു വൎഷകാല ങ്ങളിൽ അതില്ലാത്ത ദിക്കിൽ പൊകും. ഇരിവതും മുപ്പതും പെടകളുടെ ഇടയിൽ ഒരു ആണ പക്ഷി മാത്രം ഉണ്ടായി രിക്കും. ജാതിഭെദം പൊലെ, പൊയ്ഗ പൊയ്ഗ വൂഖ വൂഖ ഹെഹിഹൌ എന്ന ശബ്ദിക്കും.

വെഴാമ്പൽ കറുത്തും വെളുത്തും നിറം. തൊടകൻ ക ത്തിപൊലെ ഉള്ള കൊക്കിന്റെ മെലെപാതിക്ക രണ്ടു മുന ഉ ണ്ട. പുഴ. പഴം. മാംസം ഇവ തിന്നും. ഇരുപതവക ഉള്ളതി ൽ കാകന്റെ വലിപ്പം മുതൽ കല്ക്കത്തിന്റെ വലിപ്പം വര ക്കും വിത്ത്യാസങ്ങൾ.

൩-ം അദ്ധ്യായം

പറ്റിക്കെറുന്ന പക്ഷികൾ.

തത്ത കാലുകളും കൊക്കും ചുവന്നും ശെഷം പച്ച നിറ [ 96 ] വും കഴുത്തിൽ ചുവപ്പും കറുപ്പും മഞ്ഞയും രെഖകളുണ്ടായി ചിറകുളിൽ ചുവന്ന മന്നവും ഉള്ള ഒരു വക നാട്ടുതത്തയും ഇതിൽ വലിപ്പം മാത്രംകൂടിയ ഒരു വക മലന്തത്തയും കാലും കൊക്കും മഞ്ഞ നിറവും ശെഷം ഒക്കെയും പച്ചയായും ഒരു വക മുളങ്കിളിയും ൟ രാജ്യത്തിൽ സാമാന്ന്യമായി നടപ്പുണ്ട. ഇതിന്ന എന്തെങ്കിലും പറഞ്ഞുകൊടുത്താൽ ഭംഗിയൊടെ സംസാരിക്കുന്നതിനെ കെൾപ്പാനുള്ള ആഗ്രഹം നിമിത്തമായി ജനങ്ങൾ പിടിച്ച കൂട്ടിലിട്ട വളൎത്ത പൊരുന്നു. പുല്ലും നാരുകളും കൊണ്ടുവന്ന മരപ്പൊത്തിൽ വെടുപ്പുള്ള കൂടുണ്ടാക്കി നീല നിറത്തിൽ രണ്ടു മൊട്ട ഇടുന്നു. ആ വൃക്ഷത്തിൽ മറ്റു പക്ഷികൾ വന്നിരുന്നെങ്കിൽ സ്ത്രീ പുരുഷന്മാർ ഒരുമിച്ച ചെന്ന കൊത്തി ഒടിക്കും. അരിയും പാലും പഴങ്ങളും തിന്നും. പൂച്ച, മരപ്പട്ടി, പുളിയുള്ള വസ്തുക്കളും ഇതിന്ന പരമ ശത്രുക്കൾ. ചീനരാജ്യത്തിന്ന തെക്കും കിഴക്കുമുള്ള ദ്വീപുകളിൽ ഒരു കൊഴിയുടെ വലിപ്പത്തിൽ സൎവ്വാംഗവും വെളുത്ത നിറമായ ഒരു ജാതി ഉണ്ട. ശിഖകൾ കൊണ്ട തല നിറഞ്ഞിരിക്കും. ഭാഷകൾ അവന്ന ശീലം വരുന്നില്ല. കൊകത്തു എന്ന ശബ്ദിക്കകൊണ്ട ആ പെര തന്നെ അവന്ന വന്നു. ശിഖകളും പൃഷ്ഠവും വാലും ചുവപ്പായി ശെഷമൊക്കെയും വെളുത്തുള്ള ഒരു ജാതി സുമദ്രായിൽ ഉണ്ട.

കിളിജാതിയിൽ വൎണ്ണശൊഭക്ക മുമ്പുള്ള മക്ക്വൊ എന്നൊരു ജാതി തെക്കെ അമ്രിക്കയിൽ ഉണ്ട. നീല നിറമായ തുവ്വലുകൾ കുറഞ്ഞൊന്ന ചുമലിൽ ഉള്ളതൊഴികെ ശെഷം ഒക്കെയും ചുവന്നിരിക്കും. കുട്ടി കാലത്ത പിടിച്ചാൽ സംസാരത്തിങ്കൽ നല്ല ശീലം വരും. ഇവന്ന ഉടയവനെ കുറിച്ചുള്ള അതിസ്നെഹത്തെ ദൃഷ്ടാന്തരൂപെണ അറിയിക്കാം. ഒരു സായ്പ ഒന്നിനെ വളൎത്തു. അക്കാലം ആരെങ്കിലും സായ്പിന്റെ അരികെ വരുമ്പൊൾ തൊടരുതെന്നുള്ള ഭാവം നടിച്ചിരുന്നു. ഒരു ദിവസം ക്ഷൌരക്കാരൻ കത്തിയുംകൊണ്ട സായ്പിന്റെ അടുക്കൽ ക്ഷൌരത്തിന്നായിട്ട ചെന്നപ്പൊൾ. ഇത തുവ്വൽ വെറുപ്പിച്ച ക്രൂര ഭവത്തൊടെ അവന്റെ മെൽ ചെന്നിരുന്ന മുഖവും മറ്റും കൊത്തിയും മാന്തിയും മുറിപ്പെടുത്തി തൊടുവാൻ സമ്മതിക്കായ്ക കൊണ്ട ഇതിനെ ഒരു മുറിയിൽ ആക്കി അടച്ചതിന്റെ ശെഷം മാത്രം ക്ഷൌരം കഴിപ്പിച്ചു.

സംസാരിപ്പാൻ അതിശീലവും ചാര നിറമായും ഒരു വകക്കാർ കാപ്പ്രിയിൽ ഉണ്ട ഇവ വായാടികളാകകൊണ്ടുള്ള കൌതുകത്താൽ എല്ലാവരും മെടിക്കും.

കയില അറുപത ജാതിഭെദങ്ങളുള്ള ഇവക്ക കൂരിയാറ്റ മുതൽ പ്രാവവരക്കും വലിപ്പം. പലവക നിറങ്ങളുള്ളതിൽ [ 97 ] ഇവിടെ സാമാന്യമായി കറുപ്പ. നഖങ്ങൾ മുമ്പും പിമ്പും ൟരണ്ട. തണുപ്പള്ള വൃക്ഷങ്ങളുടെ പടൎപ്പുകളിൽ ഇരിക്കയും ഒച്ച കൂടാതെ വെഗം പറക്കുകയും ചെയ്യുന്നതിനാൽ എറെ കാണുന്നില്ല. ഉപജീവനത്തിന്നായിട്ട പുഴുക്കളെ തിന്നുന്നതിൽ ചൊറിയൻപുഴു പ്രത്യെകമാകുന്നു. രണ്ടുനാഴികസമചതുരത്തിൽ ഇവൻ ഒരു രാജാവെന്നപൊലെ ഇരിക്കകൊണ്ട സ്വജാതിയിൽ മറ്റൊന്ന വരുവാൻ സമ്മതിക്കയില്ല. ഇവൻ മൊട്ട ഇട്ടാൽ പൊരുന്നുന്നതും കുട്ടികളെ വളൎത്തുന്നതും അന്ന്യപക്ഷികളത്രെ. ഇത ഒരു വിസ്മയം. വസന്തകാലത്തിങ്കൽ നാല്പത ദിവസത്തിന്നകം ആറുമൊട്ട ഇടുന്നത കാകൻ വാലാട്ട തുടങ്ങിയ പക്ഷികളുടെ കൂടുകളിൽ ഒരൊന്ന മാത്രം ഇടും. കുട്ടികൾക്ക കൊമ്പിന്മെൽ ചെന്നിരിപ്പാൻ ശക്തിവരുമ്പൊൾ ചെന്നിരുന്ന ഒന്നുവിളിച്ചാൽ ഞാൻ മുമ്പൻ ഞാൻ മുമ്പനെന്നുള്ള തിരക്കൊടെ സകല പക്ഷികളും വയറുനിറഞ്ഞു പൊട്ടുവാൻ തക്കവണ്ണം ഭക്ഷണങ്ങളെ കൊണ്ടുവന്ന കൊടുക്കും. മൊട്ടയുടെ നിറം ആണ്ടുതൊറും മാറിമാറി ഇരിക്കും.

ഹൂപ്പു. മഞ്ഞക്കിളിയുടെ വലിപ്പം. തലയിൽ നിറഞ്ഞിരിക്കുന്ന ശിഖകളെ അവസരം പൊലെ തലയിൽ പതിപ്പിപ്പാനും ഉയൎത്തുവാനുമുള്ള കൌശലം ഇതിന്നുണ്ട. മെലെ ഭാഗം കറുപ്പം വെളുപ്പും താഴെ മാറിൽ ചുവപ്പും മഞ്ഞയും നിറം. പുഴുക്കളെയും കൃമികളെയും തിന്നുന്നതുകൂടാതെ വയലിൽ ഉഴുന്ന സമയം കരിയുടെ പിന്നാലെ ചെന്ന ഞണ്ട ഞമിഞ്ഞ ൟവകയെ പിടിച്ച തിന്നും. കൊക്കിന്ന നീളം എറിയും നാക്കിന്ന കുറവുമാകകൊണ്ട തിന്നുന്നതിനെ നാക്കുകൊണ്ട പിടിപ്പാൻ പാടില്ലായ്കയാൽ കൊക്ക മലൎത്തി തിന്നിറക്കുന്നു. നിലത്ത നടക്കുമ്പൊൾ കുണുങ്ങിക്കൊണ്ടത്രെ. ശത്രുവിനെ കണ്ടാൽ ചിറകും കാലും പരത്തി ചത്തതുപൊലെ പതിഞ്ഞു കിടക്കും. ശബ്ദം ഇതിന്റെ പെർപൊലെ തന്നെ.

പുഴുതീനി. ഇത ഒരു മുഷിച്ചിൽ കൂടാതെ വൃക്ഷത്തിന്റെ കൊമ്പ മുതലായതിലിരുന്ന പാറ്റ തുമ്പി പുഴു ഇവയെ കാണുമ്പൊൾ പറന്ന പിടിച്ച ഇരുന്നിരുന്ന സ്ഥലത്ത കൊണ്ടുപൊയി തിന്നും. വാഴക്കുടപ്പന്റെ അല്ലിയിൽ ചെറിയ കൊക്കുകടത്തി തെൻ കുടിക്കും കാറാന്റെ ശീലംഎകദെശം ഇതിന്നൊക്കും. തരങ്ങൾ പലതുമുണ്ട.

ഇരട്ടത്തലച്ചി. തലയിൽ കൂൎത്തുള്ള ഒരു ശിഖയും രണ്ടായി നീണ്ടിരിക്കുന്ന വാലുള്ളതും ഇതിന്റെ ലക്ഷണം. കറുത്തും വെളുത്തും ചെമ്പിച്ചും മൂന്നു വകയെ ഇവിടെ കാണുന്നു. എപ്പൊഴും ഉത്സാഹത്തൊടെ പറക്കയും പാറ്റ [ 98 ] തുമ്പിതുടങ്ങിയതിനെ പിടിച്ച തിന്നുകയും ഇതിന്റെ ശിലം

പൊന്മാൻ. ഇവന്റെ കൊക്ക കനവും നീളവും കൂടിയതെത്രെ. കാലും വാലും ഉടലും നീളം കുറഞ്ഞുമിരിക്കയാൽ ഇവന്റെ മൂടലിന്ന എത്രയും കൌതുകമുണ്ടെങ്കിലും വിരൂപത്തിന്റെ പ്രതിശാന്തിക്ക മതിയായില്ല. പുഴ കായൽ കുളംതുടങ്ങിയ ജലം സംബന്ധിച്ച കരയിൽ മത്സ്യത്തിനെ തന്റെ ലാക്കനൊക്കി ഇരുന്ന ഒന്നിനെ പൊങ്ങികാണുമ്പൊൾ അസ്ത്രംപൊലെ അതിന്മെൽ വീണ പിടിച്ച കൊണ്ടുപൊയിതിന്നും. വലിയ മത്സ്യത്തിനെ കണ്ട പൊന്മാനെപൊലെ പൊലെ കണ്ണുചീമ്മി എന്ന പഴഞ്ചാല്ലുണ്ട. പിടിപ്പാൻ ശക്തിപൊരാതെയും കൊതി എറെ ഉണ്ടാകയാലുമെത്രെ ഇതുവന്നത. നദീ തീരങ്ങളിലുള്ള പൊത്തുകളിൽ ആറൊ പത്തൊ വെളുത്ത മൊട്ട ഇട്ട പൊരുന്നുന്നു.

മരംകൊത്തി. എണ്പതുവക ഉള്ളതിൽ രണ്ടുമാത്രം ൟ നാട്ടിൽ നടപ്പുണ്ട. മഞ്ഞനിറത്തിന്മെൽ കറുത്ത രെഖ ഒന്നിന്ന. മറ്റെതിന്ന വെളുപ്പിന്മെൽ കറുത്തവര. തലയിൽ തൊപ്പി ഇട്ടതുപൊലെ കറുപ്പം കൂൎത്ത ശിഖയും കനത്ത നീണ്ട കൊക്കും ഇവയുടെ ആകൃതി ആകുന്നു. വൃക്ഷങ്ങളിൽ കൊക്കു കൊണ്ടും വാലുകൊണ്ടും പിടിച്ച ഒടികെറും. കീഴ്പട്ടഇറങ്ങുന്നില്ല മരങ്ങളുടെ പിളൎപ്പിലുള്ള പുഴുക്കളെ പശയുള്ള നാക്കുകടത്തി പിടിച്ച തിന്നും, കൊത്തി ഉണ്ടാക്കിയ പൊത്തിലെ പൊടിമെൽ മൊട്ട ഇട്ട പൊരുന്നുന്നു.

൪-ാം അദ്ധ്യായം

രാഗക്കാർ

രാജകുയിൽ. കൊക്കിന്റെ രണ്ടുവശവും മാത്രമല്ല പുരികവും കാലും മഞ്ഞനിറം. ശെഷമൊക്കെയും കറുപ്പ. കുറെ ദൂരത്ത നിന്ന ഇവന്റെ രാഗം കെട്ടാൽ എത്ര തന്നെ ആയാലും മതിയാകയില്ല. ഒറ്റയായ്ത്തന്നെ പറക്കുന്നു. ഭീരു ആകകൊണ്ട മനുഷ്യർ എറെ സഞ്ചരിക്കാത്ത ദിക്കിലെ പടൎപ്പുകളിൽ കൂടുണ്ടാക്കി പാൎക്കും. അതിധവളമായ നിറത്തിൽ ചിലപ്പൊൾ ഇവയെ കാണുന്നത പാണ്ട വ്യാപിച്ച മനുഷ്യരെ പൊലെ അപൂൎവ്വം.

രാത്രിരാഗി. യൂറൊപ്പിലെ രാഗക്കാരിൽ ഇത പ്രസി [ 103 ] ദ്ധം. പുറമേ കണ്ടാൽ ഇത്രയും സാരം അകത്തിരിപ്പുണ്ടെന്ന തൊന്നുകയില്ല. തണുത്ത വൃക്ഷങ്ങളും വളരെ മനുഷ്യർ കൂടുന്നതായുമുള്ള സ്ഥലങ്ങളിൽ ഇതിന്ന സൌഖ്യം. ഉപദ്രവിക്കാതിരുന്നാൽ ഒരു മാസം മുഴുവനും രാത്രിതൊറും ഒരു വൃക്ഷത്തിന്മെൽ തന്നെ വസിക്കും, രാഗം എറുന്നവനെ അന്വെഷിച്ച സ്ത്രീ ഭൎത്താവായി സ്വീകരിക്കുന്നതിനെ ഓൎത്ത വസന്തകാലത്തിങ്കൽ പുരുഷന്മാർ കഴിയുന്നെടത്തൊളം പാടും. ആരൊഹാവരൊഹങ്ങളൊടു കൂടി എപ്പൊഴും ഇരുപത്തുനാലു നില എത്രെ. സ്ത്രീയും പുരുഷനും തമ്മിൽ വളിക്കുന്ന സമയം വിഥ്ക്വൂർ എന്നും കൊപിച്ചാൽ വിദ്വിദ്വിദ്വീ എന്നും സന്തൊഷത്തിങ്കൽ നുണക്കുന്നതുപൊലെയും ശബ്ദിക്കുന്നു. വൃക്ഷത്തിന്റെ ഇല. വെര. പുല്ല. ഇവകൊണ്ട കൂടുണ്ടാക്കി മയത്തിന്നായിട്ട ഉള്ളിൽ തലനാരും വെച്ച ആറു പച്ചമൊട്ട ഇട്ട പൊരുന്നുന്നു. കുട്ടികാലത്ത തന്നെ പിടിച്ച കൂട്ടിലാക്കി വെടിപ്പിൽ രക്ഷിച്ചാൽ പതിനഞ്ചുവൎഷം ജീവിച്ചിരിക്കും.

വാലാട്ടി. തലയും വാലും പുറവും കറുപ്പനുസരിച്ചും ഉള്ളുപാട വെളുപ്പനുസരിച്ചും നിറം. പുഴയുടെ വെള്ളം അടുത്ത കരകളിൽ എപ്പൊഴും ഉത്സാഹത്തൊടെ തുള്ളിക്കൊണ്ടിരിക്കും. രുചിയുള്ള മാംസം കാരണത്താൽ വലയിലും കണിയിലും ഇവയെ പിടിക്കുന്നു.

തയ്യൽക്കാരൻപക്ഷി. ആകൃതി വാലാട്ടിക്ക തുല്യം എങ്കിലും ഇവന്ന മഞ്ഞയെ അനുസരിച്ച നിറം. ലങ്ക ഇവന്റെ വാസദെശം. വൃക്ഷശാഖകളുടെ തുമ്പിന്നുള്ള ഇലമെൽ വാടി വീണിരിക്കുന്ന ഒരു ഇല എടുത്ത കൂട്ടിച്ചെൎത്ത വെച്ച പഞ്ഞികൊണ്ട നൂലുണ്ടാക്കി കാൽകളെക്കൊണ്ട പിടിച്ച കൊക്കുകൊണ്ട തുന്നി കൂടുണ്ടാക്കുന്നതിനാൽ ഇവന്ന ൟ പെർ കിട്ടി.

നാറാണപ്പക്ഷി. കറുപ്പും വെളുപ്പും നിറം. ഇവൻ പക്ഷികളിൽ എറ്റവും സാധുശീലൻ. അമ്പലങ്ങളിലും വീടുകളിലും നല്ല മണ്ണും പഞ്ഞി തുടങ്ങിയ മയമുള്ള വസ്തുക്കളും കൊണ്ടുവന്ന കൂടുണ്ടാക്കി ചെമ്പുനിറത്തിൽ പുള്ളിയുള്ള നാലും ആറും വെളുത്ത മൊട്ട ഇട്ടു പന്ത്രണ്ട ദിവസം പൊരുന്നുന്നു. കൂടിന്ന കൊപ്പു കൂട്ടുന്നതിന്നായിട്ടല്ലാതെ നിലത്തിറങ്ങുന്നില്ല. ഇവന്റെ കൂട വീട്ടിൽ ഉണ്ടായിരുന്നാൽ ഇടിത്തിയ്യ വീക്കുയില്ലെന്ന മുമ്പെ ചിലൎക്ക ഒരു അജ്ഞാനമുണ്ടായിരുന്നു. കുരികിൽ ചിലപ്പൊൾ മാന്ദ്യംകൊണ്ട കൂടു കൂട്ടാതിരുന്ന നാറാണപ്പക്ഷിയുടെ കൂട്ടിൽ അവർ പുറത്തുപൊകുന്ന തക്കത്തിൽ [ 104 ] കെറി പാൎക്കും. അന്നെരം സ്വന്തക്കാരൻ വന്ന കൂട്ടുകാരെ കൂട്ടി ദ്വാരം അടച്ചുകളയും. ഇവൻ ഭക്ഷണം കിട്ടാതെ വിശന്ന താനെ ചത്തുപൊകുമെന്നൊരു കെൾവി ഉണ്ട. ചീന രാജ്യത്തിരിക്കുന്ന ഒരു വകയുടെ കൂട ഔഷധത്തിന്നും ഭക്ഷിപ്പാനും വളരെ ഗുണമുള്ളതാകകൊണ്ട ചിലപ്പൊൾ വെള്ളിക്ക ശെരാശെരി തൂക്കം മാത്രം കിട്ടും.

വാനംപാടി. ഇതിന്റെ വലിപ്പവും നിറവും കൂരിയാറ്റയൊട തുല്യം. കൊതമ്പ യവം ൟ വക കൃഷ്ണിസ്ഥലങ്ങളിൽ കൂടുണ്ടാക്കി പാൎക്കുന്നതുകൊണ്ട കൃഷിപ്പണി ചെയ്യുന്നവൎക്ക രാഗം പാടി ഒരു ആനന്ദത്തെ ഉണ്ടാക്കും. നിലത്തുനിന്നും നെരെ മെല്പട്ടക്ക രാഗത്തൊടും കൂടി കാണാതെ ആകുന്ന വരക്കും പറന്ന അവിടെ കുറെ താമസിച്ച പിന്നെ കീഴ്പെട്ടും അങ്ങിനെ തന്നെ പറന്ന വരും. വളരെ ശത്രുക്കളുണ്ടെങ്കിലും പരമ ശത്രു മനുഷ്യൻ. ലിപ്സിഗ്ഗ എന്ന ദെശത്ത പക്ഷിവെട്ടക്കാർ ചിലപ്പൊൾ ഒരു മാസത്തിന്നകം വലയിൽ അമ്പതു ലക്ഷം പിടിച്ച വില്ക്കും.

കൂരിയാറ്റ. ഇവ പല തരം ഉണ്ട. വിശെഷകൂടുണ്ടാക്കുന്നതുകൊണ്ട കിൎത്തിപെട്ടിരിക്കുന്നു. മയമുള്ള പുല്ലും തെങ്ങിന്റെയും കഴുങ്കിന്റെയും ഒലയും കൊണ്ട മുളയുടെ എങ്കിലും തെങ്ങിപട്ടയുടെ എങ്കിലും തുമ്പിന്ന കെട്ടി പിടിപ്പിച്ച രണ്ടു മുറിയായി നെയ്തുണ്ടാക്കുന്ന കൂടിന്റെ താഴെ ഭാഗം അരക്കൊൽ നീളത്തിൽ ഒരു കുഴലുപൊലെ ഇരിക്കുന്നത കൂട്ടിലെക്ക കടക്കുന്നതിന്നെത്രെ. പുരുഷന്റെ കൂടിന്ന ഒരു മുറി മാത്രം. താഴെ മൂടൽ കൂടാതെ പാലം വെച്ചിരിക്കുന്നു. കാപ്പ്രിയിൽ ഒരു വക ഉള്ളതിന്റെ കൂടുകൾ മെൽപ്പുറം ഒന്നിച്ചും താഴെ വളരെ മുറികളുമായി ഉണ്ടാക്കി പത്തായിരം ഒരുമിച്ച മൊട്ട ഇട്ട പൊരുന്നുന്നു. വെളിച്ചത്തിന്ന മിന്നാന്മീനുങ്ങിനെ പിടിച്ച കൂട്ടിൽ വെച്ചുകൊള്ളും.

കന്നാറി. ഇവയുടെ സ്വദെശം കന്നാറിദ്വീപുകൾ. സ്വതെ മഞ്ഞനിറക്കാരെങ്കിലും പല പക്ഷികളൊടും ചെരുന്നതിനാൽ എല്ലാനിറത്തിലും കാണും. രാഗവിശെഷം കാരണമായി സായ്പന്മാർ ഇവയെ മെടിച്ച പിച്ചളക്കൂട്ടിൽ കൊണ്ടുനടക്കുമാറുണ്ട. ഒരൊരൊ കൌശലങ്ങളെ പഠിപ്പാൻ നല്ല ശീലം ഉണ്ട. ഒരു പക്ഷിക്കാരൻ മനുഷ്യ സമൂഹത്തിങ്കൽ ഒന്നിനെ കൊണ്ടുവന്ന ഒന്ന പാടികെൾക്കട്ടെ എന്ന പറഞ്ഞപ്പൊൾ ഇത പാടി. ഛീ ചീത്ത ഇത നന്നായില്ല കാക്കയെപ്പൊലെ, വെറെ നല്ല രാഗമായി പാട എന്റെ രണ്ടാമത പറഞ്ഞതിനെ കെട്ട, രാഗം മാറി നല്ലവണ്ണം പാടി. കെൾ [ 105 ] ക്കുന്നവരുടെ സന്തൊഷംകണ്ടപ്പൊൾ തലകുമ്പിട്ട സലാം ചെയ്തു. നിനക്ക ഇപ്പൊൾ വളരെ ക്ഷീണം വന്നു. മെശമെലിരുന്ന കുറെ ഉറങ്ങിക്കൊ എന്ന പക്ഷിക്കാരൻ പറഞ്ഞപ്പൊൾ മെശമെൽ ഇരുന്ന ആദ്യം ഒരു കണ്ണ ചീമ്മി. പിന്നെ രണ്ടുകണ്ണും അടച്ച ഉറക്കംതൂക്കി. അതിന്റെ ശെഷം നല്ലവണ്ണം ഉറങ്ങുന്ന നാട്യത്തിങ്കൽ ഒരു കറുത്ത പൂച്ച ചാടിപിടിച്ച കൊല്ലുകയും ചെയ്തു.

കവളങ്കാളി. ഇവന്റെ ശബ്ദംകൊണ്ടും കൊക്കും കാതിന്റെ സ്ഥാനവും മഞ്ഞനിറമായിരിക്കുന്നതിനാലും കറുത്ത ചിറകുകളിൽ വെളുത്ത മന്നങ്ങൾ കാണുന്നതുകൊണ്ടും അറിവാൻ ഒട്ടും പ്രയാസമില്ല. പിടച്ചിണക്കിയാൽ കെൾക്കുന്ന ശബ്ദങ്ങളെ അനുകരിപ്പാൻ ഇവൻ എത്രയും സമൎത്ഥൻ.

൫-ം അദ്ധ്യായം.

കൊഴി സാമ്യക്കാർ

പ്രാവ. നൂറ്റിൽപുറം വക ഉണ്ടാകകൊണ്ട ഭൂമിയിൽ എല്ലാടവും കാണാം. ചുവന്നിരിക്കുന്ന കാൽവിരൽ നാലും ഒഴികെ ശെഷം ഉടൽ വെളുപ്പ പാണ്ട പച്ച നീലം തവിട. ൟ വക നിറങ്ങളായിട്ടകാണും. വെഗം പറക്കയും വളരെ കുടിക്കയും പലപ്രാവശ്യം കുളിക്കയും ഇവയുടെ പ്രകൃതി. വാലിൽ എപ്പെഴും പന്ത്രണ്ടു തുവ്വൽ ഉണ്ട. രണ്ടു മൊട്ട മാത്രം ഇട്ട കുട്ടി ആയാൽ ആദ്യം ഒമ്പത ദിവസം കാഴ്ചയില്ല. ധാന്യങ്ങൾ തിന്ന നുലവ വരുത്തി കുട്ടികളുടെ വായിൽ തെട്ടി കൊടുക്കുന്നു. കുറു കുറൂ എന്ന ശബ്ദം. ചൊറിയും വസൂരിയും ഇവക്ക വെഗം പറ്റും. കാട്ടുപ്രാവ കൂടാതെ ഇവിടെ അരിപ്രാവ മൂന്നു നിറത്തിൽ കാണും. കഴുത്തിൽ പ്രത്യെകമായി മിന്നുന്ന നീലഛായയുള്ള ഒരു ജാതി ഇവ കിണറ്റിലും ഉയൎന്ന ശാലകളിൽ വിജന സ്ഥലങ്ങളിലും കൂടു കൂട്ടി കാക്ക മൊട്ട പ്രമാണത്തിൽ രണ്ടു മൊട്ട ഇട്ടാൽ ഉണ്ടാകുന്ന കുട്ടികളിൽ ഒന്ന പുരുഷൻ ഒന്ന സ്ത്രീയുമായിരിക്കും. പിന്നെ അവർ തങ്ങളിലെത്രെചെൎച്ച. ലങ്കയിൽ അല്പം വലിപ്പം കൂടിരിക്കുന്ന അഞ്ചൽപ്രാവിനെ കുട്ടി കാലത്തെ പിടിച്ച കൂട്ടിലാക്കി പലതവണയും ഒരു സ്ഥലത്തെക്ക കൊണ്ടുപൊകയും തിരിച്ച പൊരികയും ചെയ്ത പിന്നത്തെതിൽ ചിറകിന്നകത്ത ഒരു എഴുത്ത കെട്ടി വിട്ടാൽ കൊണ്ടുപൊയി കൊടുക്കയും അങ്ങിനെ തന്നെ മറു [ 106 ] വടി എഴുതി അയച്ചാൽ തിരികെ വരികയും ചെയ്ത പൊരുന്നു. ഒരു മണിനെരത്തിന്നകം നാല്പതു നാഴിക വഴി പൊകും.

കാട, ഒട്ടു വെളുത്ത നിറത്തിന്മെൽ കറുത്ത പുള്ളികളും കറുത്ത കൊക്കുമുള്ളവൻ തന്നെ. മനുഷ്യർ നന്നെ അടുക്കുന്ന വരെക്കും പറക്കാതെയും അടുത്താൽ ഉടനെ വളരെ പൊക്കം വരെക്കും ഞെടുക്കനെപറക്കുന്നതും സമ്പ്രദായം. കുട്ടിയെ പിടിച്ചിണക്കിയാൽ കൊണ്ടുപൊയി വലക്കകത്തുവെച്ച ദൂരെ മാറി നിന്നാൽ ഇവൻ ശബ്ദിക്കുന്നെരം കൂട്ടക്കാർ അരികിൽ വന്ന വലയിൽ അകപ്പെടും. അന്നെരം വലക്കാരൻ വെഗം ചെന്ന ഒക്കയും പിടിച്ചകൊണ്ടുപൊരുന്നു. അല്പമായി കൂടുണ്ടാക്കി കഴഞ്ചിക്കുരു പ്രമാണത്തിൽ പതിനാറു മൊട്ട ഇട്ട സ്ത്രീ പൊരുന്നുന്നു പുരുഷന്ന കൂടിനെയും കുട്ടികളെയും കുറിച്ച വിചാരം ഒട്ടുമില്ല. മൊട്ടയിൽനിന്ന കുട്ടി പുറത്ത പൊന്നാൽ അപ്പൊൾതന്നെ ഭക്ഷണത്തിന്നായി പൊകും. പുരുഷൻ സ്ത്രീയ്യിനെ വിളിക്കുന്നത. വവ്വ വവ്വ വിക്വൎവ്വിൿ.

ശീമക്കൊഴി. നീലത്തിന്മെൽ വെളുത്ത പുള്ളിയുള്ള ഇവയുടെ സ്ത്രീപുമാന്മാരെ അറിവാൻ വളരെ പ്രയാസമെങ്കിലും സൂക്ഷിച്ച നൊക്കുമ്പൊൾ പുരുഷന്നുള്ള താടക്ക അല്പം നീളം എറുന്നതുകൊണ്ട ഗ്രഹിക്കാം. കാപ്പ്രിയിൽ ഉറവുള്ള സ്ഥലങ്ങളിൽ കുളക്കൊഴിയെ പൊലെ ഇണങ്ങാതെ കൂട്ടമായി കാണും. രാത്രിയിൽ വൃക്ഷങ്ങളുടെ മുകളിൽ ഇരിപ്പ, കൎണ്ണ ശൂലമായ ശബ്ദം. സായ്പന്മാർ ഇണക്കി പറമ്പുകളിലാക്കി വളൎത്തു പൊരുന്നുണ്ട. എങ്കിലും എപ്പൊഴും ഒടിപ്പൊവാന്നും രാത്രിയിൽ കൂട്ടിൽനിന്നും പുറത്തു പൊകുന്നതിന്നും മൊട്ട ഇട്ടാൽ ഒളിച്ച വെക്കുന്നതിന്നും മറ്റുള്ള കൊഴികളൊട ഛിദ്രിപ്പാന്നും താല്പൎയ്യം കാണുകകൊണ്ട വളരെ പ്രയാസം. ആണ്ടിൽ എഴുവതും എണ്പതും മൊട്ട ഇടുന്നുണ്ടെങ്കിലും പൊരുന്നുന്നതിന്ന സ്ഥിരമില്ലായ്കകൊണ്ട മറ്റു കൊഴികളെക്കൊണ്ട പൊരുന്നിക്കുന്നു.

കല്ക്കം. അമ്രിക്കയിലുള്ള കാടുകളിൽ ഇണങ്ങാതെ പാൎക്കുന്നു. അവിടെനിന്ന ശീമയിലെക്കും ശീമയിൽ നിന്ന ഇവിടക്കും മറ്റു രാജ്യങ്ങളിലെക്കും കൊണ്ടുപൊയി വളൎക്കും. കറുത്തും വെളുത്തും നിറവും തലയിൽ കഴുകനെ പൊലെ തുവ്വലില്ലാതെയും. പറുപറുന്നനെ ഉള്ള തൊൽകൊണ്ട മൂടിയിരിക്കയും പുരുഷന്ന മാറിൽ ഒരു കുടുമ്മപൊലെ രൊമവും ൟ ജാതിക്ക സാമാന്യലക്ഷണം. ചുവന്ന വസ്തു കാണുമ്പൊഴും ചൂളം വിളികെൾക്കുന്നെരവും കൊപം പൂണ്ട തലയിലുള്ള മാംസം നീട്ടിതുവ്വലുകൾ വിരിയിച്ച വാൽ പൊക്കി പരത്തിപ്പിടിച്ച ചിറകു [ 109 ] കൾ കൊണ്ട തന്റെ മെൽ അടിക്കയും എകദേശം തുമ്മുന്നതുപൊലെ ഒച്ച പുറപ്പെടീക്കയും വലിയ ഗൎവ്വ നടിച്ച നടക്കയും ചെയ്യും. കൊഴിയെ പൊലെ സകല വസ്തുക്കളും തിന്നുമെങ്കിലും ബദാമിന്റെ അണ്ടിയും കാപ്പിയുടെ മട്ടും ഇവക്ക വിഷം. ബുദ്ധിയില്ലായ്മയിൽ ഇവന്ന തുല്യനായ ജന്തു ഇല്ല. ഇ വന്റെ പിന്നിൽകൂടി വന്ന മുമ്പിൽ വലുതായി ഒന്നു വരച്ചാൽ തന്റെ തലയിൽ ഇത വലുതായ ഭാരമെന്നൊൎത്ത ഇളകാതെ നില്ക്കും.

മയിൽ. എകദേശം കല്ക്കംപൊലെ ഇരിക്കുന്ന ഇവന്റെ സ്വദേശം ഇന്ദ്യ. എങ്കിലും പലരാജ്യങ്ങളിലെക്കും കൊണ്ടു പൊയി വളൎക്കുന്നു. തലയിൽ മൂന്നുശിഖയും കഴുത്തിൽ മിന്നുന്ന നീലനിറവും സ്ത്രീപുമാന്മാൎക്ക തുല്യം എങ്കിലും പുരുഷന്ന മൂന്നാം വയസ്സിൽ ചന്ദ്രകങ്ങളൊടു കൂടിയ ഒന്നരക്കൊൽ നീളത്തിൽ പീലികളുണ്ടാകും. ഇവയെ ആലവട്ടം കെട്ടുന്നതിനും മറ്റും അലങ്കാരങ്ങൾക്കും പ്രയൊഗിക്കുന്നു, സൎപ്പങ്ങളും ൟച്ചയും പ്രിയ ഭക്ഷണം. ഇടിനാദം കെട്ടാൽ അതി സന്തൊഷം പൂണ്ട പീലികൾ പൊക്കി വിരിവരുത്തി ചന്ദ്രകങ്ങളെ വൃത്താകാരമായി പ്രകാശിപ്പിക്കയും രൊമാഞ്ചംപൊലെ തുവ്വലുകളെയും എഴുനീല്പിച്ചുംകൊണ്ട ഒരു ഗൎവ്വഭാവം നടിച്ച നൃത്തംചെയ്യും. ഇവയിൽനിന്ന ഒരു വക എണ്ണ എടുക്കുന്നത നാഡികൾക്ക തളൎച്ചവരുത്തുവാൻ വിശെഷമെന്ന പ്രസിദ്ധം.

പടച്ചാവൽ. വലിപ്പത്തിലും നിറശൊഭയിലും മയിലിന്നതാഴയാകുന്നു. അത്യാവശ്യങ്ങളിൽ പറക്കുന്നു. കിഴക്കൊട്ട ചെല്ലുന്തൊറും സൌന്ദൎയ്യം കൂടും. ചീനത്തുള്ള പൊൻപടച്ചാവലിനെ കാണുമ്പൊൾ വിസ്മയംതൊന്നും. ശീമയിൽ ചിലർ നല്ല വൃക്ഷങ്ങളൊടുകൂടിയ രണ്ടുമൂന്നുനാഴിക വഴി ഒരു സ്ഥലം മാടികെട്ടി അതിന്നകത്ത ഇവയെ ആക്കുന്നുണ്ട. അപ്പൊൾ അതിൽതന്നെ മൊട്ട കുട്ടികളോടും കൂടി പുറത്തുപോകാതെ പാൎക്കയും ചെയ്യും.

കൊഴി. എല്ലാദെശങ്ങളിലും പലതരത്തിലും കാണ്കകൊണ്ട വൎണ്ണിക്കുന്നില്ല. ചില ദെശങ്ങളിൽ കൊഴിയങ്കം ചെയ്യിക്കുന്നത മഹാ ക്രൂരക്കളി. ലക്ഷണമുള്ള കൊഴിച്ചാത്തൻ രാത്രി മൂന്നുമണിക്ക കൂകും. വിത്ത്യാസമില്ല. ചുണ്ണാമ്പ തിന്മാൻ ഇട വന്നില്ലങ്കിൽ മൊട്ട ഒടില്ലാതെ തൊലി മാത്രമായിരിക്കും. എജിപ്തയിൽ കച്ചവടത്തിന്നായി വളരെ കൊഴിക്ക ആവശ്യമുണ്ടാകകൊണ്ട ആയിരം രണ്ടായിരം മൊട്ടയെ അപ്പം ചുടുന്നതിന്നുള്ള ബൊൎമ്മപോലെ ഉണ്ടാക്കി അതിന്നകത്ത വെച്ച കൊഴിവരുത്തുന്നതുപൊലെ ചൂടുവരുത്തുമ്പോൾ താനെ [ 110 ] തന്നെ കുട്ടികളാകുന്നതുകൊണ്ട ഇഷ്ടം സാധിക്കുന്നു. ചാത്തനെ ഉടെച്ചാൽ മാംസത്തിന്ന രുചിയെറുമെങ്കിലും ഉടെച്ച കലയുടെ കൊമ്പ വീഴാതിരിക്കുന്നതുപോലെ ഇവന്റെ തുവ്വലുകളും ഉതിരുകയില്ല.

൬-ം അദ്ധ്യായം.

ഒട്ടകപ്പക്ഷി പൊലെ ഉള്ളത

ഒട്ടകപ്പക്ഷി. എല്ലാ പക്ഷികളിലും വലിയവൻ. കറുത്ത തുവ്വലുകളെങ്കിലും ചിറകുകൾ വെളുത്തും മൂന്നുകാൽ പൊക്കവും ഉള്ള ഇവ കാപ്പ്രിയിൽ കൂട്ടമായി പാൎക്കുന്നു. പുല്ലും ധാന്യങ്ങളും തിന്നും. പറക്കാൻ വഹിയാത്തവയെങ്കിലും ചിറകു വീശി പാഞ്ഞാൽ നല്ല കുതിര ഒടി ഒപ്പം എത്തുകയില്ല. ഇണങ്ങിയാൽ രണ്ടു മനുഷ്യരെ ചിറകിന്മെൽ വഹിച്ചുകൊണ്ട ഒടും. രണ്ടു കൊൽ താഴ്ചയിൽ ഒരു കുഴി ഉണ്ടാക്കി അതിൽ എകദെശം പാണ്ടിക്കുമ്പളങ്ങയുടെ വലിപ്പത്തിൽ അമ്പത മൊട്ട ഇട്ട മുക്കാൽ വാശിയും നടുക്കും കാൽ കൊൽ ദൂരത്തിങ്കൽ ചുറ്റുമാ യി കാൽ വാശിയും വെക്കും. ചുറ്റുമുള്ളത ഉണ്ടാകുന്ന കുട്ടികൾക്ക ഭക്ഷണത്തിന്നായി ശെഖരിച്ചിരിക്കുന്നു എന്നൊരു കെൾവി ഉണ്ട. മണലിൻ ചൂട കാരണത്താൽ ചില ദിക്കിൽ പൊരുന്നുവാനാവശ്യമില്ല. താനെ പൊട്ടി കുട്ടികളുണ്ടാകും. ചിറകുകളിലും വാൽമെലും ഉള്ള തുവ്വലുകൾ ബഹുമയവും ശോഭയുമുള്ളതാകകൊണ്ട മദാമ്മമാർ ഒരു തുവ്വലിന്ന പന്ത്രണ്ടു രൂപാ വരയും വില കൊടുത്ത വാങ്ങിച്ച അലങ്കാരമായി തൊപ്പിമെൽ വെക്കുന്നുണ്ട.

എമ്യു. ഇത വലിപ്പത്തിൽ ഒട്ടകപ്പക്ഷിക്കടുത്തിരിക്കുന്നത. ഒസ്ത്രാലിയായിൽ മാത്രം കാണും. ഒടുന്നതിന്ന സഹായിപ്പാൻ പൊലും ചിറകിന്ന വലിപ്പമില്ല. ശരീരം മുഴുവനും മൂടിയിരിക്കുന്ന രൊമം ഇരുപുറമായി വിഭാഗിച്ച വീണു കിടക്കും പിടിപ്പാൻ വരുന്ന നായ്ക്ക ഇവന്റെ ഒരു ഉതകൊണ്ടാൽ കാല ഒടിഞ്ഞു പൊകും. മറ്റു പക്ഷികളെ പൊലെ ഇതിന്ന കക്കയില്ല. എഴ എട്ട കുപ്പി എണ്ണ ഇവനിൽനിന്ന കിട്ടുന്നതു കൊണ്ട കൊല്ലുന്നു.

കസൊവാരി. യാവയിലും അതിന്നടുത്ത ദ്വീപുകളിലും കാണും. എമ്യു പൊലെ ശരീരം മുഴുവനും രൊമംകൊണ്ട മൂടിയിരിക്കുന്നെങ്കിലും കൊഴിച്ചാത്തനെ പൊലെതാടയും. തല [ 115 ] ക്കൊരികയും ഉണ്ട. ചിറകുകൾക്ക തുവലല്ല. മുള്ളനെ പൊലെ ഇരുവശത്തും അയ്യഞ്ച മുള്ളുകൾ മാത്രം. പന്നി മുരളുന്ന പൊ ലെ ശബ്ദം. പിടിച്ച വളൎത്തിയാൽ ദിവസം മൂന്നു റാത്തൽ അപ്പവും ഒരു കൊട്ട വെനപ്പഞ്ചയുടെ ഫലങ്ങളും തിന്നും.

൭-ാം അദ്ധ്യായം.

കാൽ വിരലിടകളെ തൊൽ കൊണ്ട കെട്ടിയിരിക്കുന്ന പക്ഷികൾ.

ഞാറപ്പക്ഷി. വെളുപ്പൊടു കൂടിയ കറുത്ത തുവലുകളും തലയിൽ മൂന്നു ശിഖയും ചിറകിന്നകം വെളുത്തും ഇവയുടെ സാമാന്യ ലക്ഷണം. കൂൎത്ത നീണ്ടിരിക്കുന്ന മഞ്ഞക്കൊക്കു കൊണ്ട മീനിനെ കൊത്തിപ്പിടിക്കുന്നു. ഇടിമുഴക്കം കെൾക്കുമ്പൊൾ എപ്പൊഴും ഞെട്ടി ഒരുക്കൊൽ പൊക്കത്തിൽ മെല്പട്ട ചാടും. കാലത്തും വൈകുന്നെരത്തും സൂൎയ്യന്ന അഭിമുഖമായെത്രെ മീൻ പിടിപ്പാൻ പൊകുന്നത. ഉയൎന്ന വൃക്ഷങ്ങളുടെ കൊമ്പുകളിൽ കൂടുണ്ടാക്കി പച്ച നിറത്തിൽ നാലു മൊട്ട ഇട്ട പൊരുന്നുന്നു. കുട്ടി ആയാൽ മീൻ കൊടുത്ത വളൎത്തുന്നു.

വെളിര. ചിറകും കഴുത്തും വാലും കാലും ഒട്ടു കറുത്തും അകത്തുപാട്ടിൽ മങ്ങിയ വെളുപ്പും നിറം. കഴുത്തിൽ നിന്ന വാൽ വരക്കും ഒരു ചെമ്പിച്ച രേഖയുമുണ്ട. കൃമി പുഴു അച്ചും ചില സസ്യങ്ങളും തിന്നും. ദഹനത്തിന്നായിട്ട ചരല വിഴുങ്ങുന്നു. ഒരു കാല്മെൽ ഉറച്ചുനിന്ന മറ്റെക്കാൽ മെല്പട്ട പൊക്കിപ്പിടിച്ച ഉറങ്ങുന്നത ജാത്യം. ചില ജാതിക്കാൎക്ക ഇവയുടെ മാംസം വിശെഷ ഭക്ഷണം.

കൊറ്റി. ചുമലിലും ചിറകുകളിലും കറുത്ത തൂവലുകൾ കു റെ ഉള്ളതല്ലാതെ ശെഷം ഒക്കയും വെളുത്തനിറം. തവള പാമ്പ ഒന്ത ൟവക തിന്നുകകൊണ്ട ഇതിനെ ആരും ഉപദ്രവിക്കുന്നില്ല. പെക്കാന്തവള ഇതിനാൽ ത്യജിക്കപ്പെട്ടത. പല്ലില്ലാത്ത വൃദ്ധന്റെ ശബ്ദം‌പൊലെ ഒച്ച. വസന്തകാലത്തിങ്കൽ മാത്രം വടക്കെദിക്കിൽ പൊയി പള്ളികളിലും ഗൊപുരങ്ങളിലും കൂടു കൂട്ടി രണ്ടുമൂന്നുമാസം താമസിച്ച മൊട്ടഇട്ട പൊരുന്നുന്നു. തണുപ്പ പിടിച്ചാൽ അപ്പൊൾ പൊരികയും പിന്നെയും വസന്തം വരുമ്പൊൾ ചെന്ന മുമ്പിൽ ഉണ്ടാക്കിയിരുന്ന കൂട്ടിൽ തന്നെ ജൊടായി പാൎക്കയും ചെയ്തു പൊരുന്നത പതിവാകകൊണ്ട [ 116 ] അവിടത്തുകാർ കൊറ്റിവന്നു വസന്തമായി ഉഴുകയും മറ്റു കൃഷിവെലകളും ചെയാമെന്ന പറയുന്നുണ്ട.

പാണ്ട്യാലൻ. കൊക്കിന്റെ വലിപ്പംകാണുന്ന ഇത വയലരികെ ഉള്ളകാടുകളിലും കണ്ടങ്ങളിലും ഇരിക്കും. കറു ത്ത ശരീരമുള്ള ഇതിന്റെ പൃഷ്ഠത്തിങ്കൽ വെളുത്തും ഭംഗിയെറിയതുമായ പൊകുടരൊമങ്ങളുള്ള തുവലുകൾ ഉണ്ടാകയാൽ അലങ്കാരത്തിന്ന അതെടുപ്പാൻ വെടിവെക്കുന്നു. യാവയിലും സുമദ്രയിലുംപാത്തയെപൊലെ ഇണങ്ങി തെരുവീഥികള ൽ സഞ്ചരിക്കുന്നുണ്ട.

കൊക്ക. സൎവ്വാംഗവും വെളുത്ത നിറം. ശരീരപുഷ്ടി കുറഞ്ഞും കാലും കഴുത്തും കാലും നീണ്ടും ഇതിന്റെ ആകൃതിയാകുന്നു. പറക്കുന്നെരം കഴുത്ത ചുരുക്കുന്നത മാറിൽ ഒരു മുഴപൊലെ തൊന്നും. പാടങ്ങളിലും കായലുകളിലും കിട്ടുന്ന ജന്തുക്കളെ തിന്നുന്നു.

ൟബിസ. പുവ്വങ്കൊഴിയുടെ വലിപ്പം. കൊക്കും കാലും തൂവലിന്റെ തുമ്പും കറുത്തിരിക്കുന്നതൊഴികെശെഷം വെളുത്തനിറം. എജിപ്തയിൽ നീൽ എന്ന നദി ആണ്ടിൽ ഒരിക്കൽ കവിഞ്ഞ ഒഴുകുന്ന കാലത്തെ വരികയും നിലെച്ചാൽ പൊകയും ചെയ്യുന്നതിനാൽ അവിടത്തുകാർ ഇതൊരു ദിവ്യപക്ഷിയെന്നൊൎത്ത അമ്പലങ്ങളിൽ വളൎക്കയും വന്ദിക്കയും ചത്താൽ സുഗന്ധതൈലം പൂശി മനുഷ്യരെപൊലെ അടക്കുകയും ആരെങ്കിലും ഉപദ്രവിച്ചാൽ മരണശിക്ഷ ചെയ്കയും ചെയ്യുന്നു. കൊക്ക തിന്നുന്നതൊക്കയും തിന്നും.

ഫ്ലമിങ്ഗൊ. ഇത മൊട്ടയിൽനിന്നും പുറത്താകുന്നെരം തവിട്ടുനിറവും ക്രമത്താലെ മാറിമാറി നാലാം വൎഷമാകുമ്പൊൾ വാലും കൊക്കും കറുത്തും ശെഷം രക്തവൎണ്ണവുമാകും. കാലിന്ന ഒരുക്കൊൽ പൊക്കം. കാൽമടക്കി ഇരിക്കുന്നതിനുള്ള പ്രയാസം കാരണത്താൽ മുക്കാൽകൊൽ പൊക്കത്തിൽ മണ്ണുകൊണ്ട കൂടുണ്ടാക്കി അതിൽ രണ്ടുമൊട്ട ഇട്ട പൊരുന്നും സമയം കസെരമെൽ ഇരിക്കുന്നതുപൊലെ കാൽ പുറത്തെക്ക നീട്ടിയിരിക്കുന്നു. ഇതിന്റെ തലച്ചൊറും നാക്കും ഭക്ഷണത്തിന്നായിട്ട വളരെ വിലകൊടുത്ത മെടിക്കും. തൂവലുകൾ അലങ്കാരത്തിന്നും പ്രയൊഗിക്കുന്നു.

കുളക്കൊഴി. കണ്ണിന്റെ തടങ്ങളും മാറും വെളുത്തിരിക്കുന്നതൊഴികെ ശെഷം കറുത്തനിറം. കുളങ്ങൾക്കും കായലുകൾക്കും സമീപിച്ച കാടുകളിൽ ഇരിപ്പ. [ 121 ] ൮-ം അദ്ധ്യായം.

നീന്തുന്ന പക്ഷികൾ.

കപ്പൽപക്ഷി. ഇവ നീന്തുന്ന പക്ഷികളിൽ എല്ലാറ്റിലും വലിപ്പമുള്ളത. രണ്ടു ചിറകും പരത്തിയാൽ ആറുകൊൽ വിസ്താരമുണ്ട. നിറം വെളുപ്പ. ശീമയിൽനിന്ന കപ്പൽ കാപ്പ്രിക്ക ചുറ്റി പൊരുമ്പൊൾ തെക്കുള്ള ഭാഗത്ത വച്ച ഇവയെ അസംഖ്യമായി കാണും. ചിലപ്പൊൾ കരയിൽനിന്ന അഞ്ഞൂറുനാഴിക ദൂരംവരെക്കും പറന്നുപൊകും. പറക്കുന്ന മീനിനെ പിടിച്ച തിന്നും. കപ്പലിൽനിന്ന വല്ലതും എറിഞ്ഞുകൊടുത്താൽ എടുത്ത തിന്ന രണ്ടുമൂന്ന ദിവസത്തെക്ക കപ്പലിന്റെ കൂടെ പൊരുന്നതിനാൽ കപ്പൽ പക്ഷി എന്ന പെർ കിട്ടി.

ഫെലികാൻ. ഹംസത്തിൽ അല്പം വലിപ്പംകൂടിയവൻ. വെളുത്തനിറം. നീണ്ടിരിക്കുന്ന കൊക്കിന്റെ തുമ്പ കൊളുത്തു പൊലെ വളഞ്ഞും ചുവട്ടിൽ ഇരുപതുറാത്തൽ വെള്ളംകൊള്ളുന്നതായി ഒരു സഞ്ചിയും ഉണ്ട. കുഞ്ഞുങ്ങളെ വളൎക്കുന്ന സമയം ൟ സഞ്ചിയിൽനിന്നും ചെറിയ മീനുകളെ തെട്ടികൊടുക്കും, ചിലപ്പോൾ കൂട്ടമായികൂടി വെള്ളത്തിൽ വട്ടമിട്ട നീന്തിചിറകുകൊണ്ട മീനുകളെ അടച്ചടിച്ച കൂട്ടി എല്ലാവരും കൊത്തി കൊക്കിൽ നിറച്ചതിന്റെശെഷം കരയിൽ പൊയി തിന്നിറക്കുന്നു. കഴുത കരയുന്നതുപൊലെ ശബ്ദം.

ഹംസം. വെളുത്തും കറുത്തും രണ്ടുവക ഉള്ളതിൽ ആകൃതികൊണ്ട വെളുത്തവൻ അധികം സുന്ദരൻ. കായലുകളിലും കുളങ്ങളിലും ഉണ്ടാകുന്ന പുല്ലുകളും അതിന്റെ വെരും മണിയും തിന്നും. ഇണചെരുന്നസമയമല്ലാതുള്ള നെരമൊക്കെയും സാധുസ്വഭാവം. ശീമയിൽ സായ്പന്മാർ പറമ്പിലുള്ള കുളങ്ങളിൽ ഇവയെ കാഴ്ചക്കായി വളൎത്തുന്നു. സ്വൎണ്ണവൎണ്ണവും സംസാരിപ്പാൻ ശീലമുള്ളവയുമായ ദിവ്യ ഹംസങ്ങളുണ്ടെന്ന പറയുന്ന കഥകൾ സ്വപ്നസമം.

ഇരണ്ട. ഇവക്ക ചെമ്പിച്ച നിറത്തിന്മെൽ തവിട്ടുനിറത്തിലും കറുത്ത ഛായയിലും പുള്ളികളുണ്ട. കായലുകളിലെ കൊത്തച്ചണ്ടിന്മെൽ കൂടുകൂട്ടി മൊട്ട ഇടുകയും വസിക്കയും ചെയ്യുന്നു. ഭക്ഷിപ്പാനായി ഇതിനെ പിടിച്ച കൊല്ലും.

താറാവ. ഇവക്ക ഇരണ്ടയിൽ വലിപ്പം കൂടും. വളൎത്തി ഭക്ഷണത്തിന്ന മാത്രമായി ഹിംസിക്കുന്നു.

വാത്ത. പല നിറത്തിലും ഉണ്ട. ഭക്ഷണത്തിനും പ്ര [ 122 ] ത്ത്യെകമായി തൂവൽ കിട്ടുന്നതിന്നും വളൎത്തുന്നു. കീഴ്വശത്തിരിക്കുന്ന തൂവലുകൾ ആണ്ടിൽ രണ്ടും മൂന്നും പ്രാവശ്യം പറിച്ചെടുത്ത മെത്ത ഉണ്ടാക്കുന്നതിന്ന ഉപകരിപ്പിക്കുന്നു. ചിറകുകളുടെ അറ്റത്തിരിക്കുന്ന നാലും അഞ്ചും തുവലുകൾ കടലാസെഴുതുവാൻ എത്രയും ഗുണമുള്ളത. പുല്ലുകൊണ്ടുതന്നെ ഉപജീവനം കഴിക്കുന്നത ൟ പക്ഷിമാത്രം.

ഒന്രക്ക. നന്നെ ചെറിയ ചിറകുകളും ശരീരത്തിന്റെ അവസാനത്തിങ്കൽ കാൽകളും ഇരിക്കകൊണ്ട നെരെനിവിൎന്ന നില്പാൻ ഇതിന്ന ശക്തി ഉണ്ട. തണുപ്പുള്ള കായലുകളിൽ എപ്പൊഴും നീന്തിയും മുങ്ങിയും മീൻപിടിക്കുക ശീലം.

"https://ml.wikisource.org/w/index.php?title=മൃഗചരിതം/൨–ം_പൎവ്വം&oldid=175197" എന്ന താളിൽനിന്ന് ശേഖരിച്ചത്