ധർമ്മരാജാ/അദ്ധ്യായം പതിനൊന്ന്
←അദ്ധ്യായം പത്ത് | ധർമ്മരാജാ രചന: അദ്ധ്യായം പതിനൊന്ന് |
അദ്ധ്യായം പന്ത്രണ്ട്→ |
<poem>
[ 90 ]
- “ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
- നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം.”
ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിന്റെ നിദ്രാസുഖത്തിന് ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമുണ്ടാക്കിയില്ല. അതുകളൊഴിച്ച് അവിടെയുണ്ടായ മാമാങ്കഘോഷത്തിലും മന്ത്രക്കൂടത്തെ അരിഷ്ടരംഗത്തിലും ചന്ത്രക്കാറൻ പ്രകടിപ്പിച്ച നവരസാതീതമായുള്ള അഭിനയവിശേഷങ്ങളും മാമന്റെ ഉഭയഭാസ്സും ഉച്ചദീപ്തിയും അസ്തക്ലമവും മഹാരാജാവ് ഉടനുടൻ അറിഞ്ഞിരുന്നു. അടുത്ത പ്രഭാതത്തിൽ സങ്കീർത്തനക്കാരാൽ പള്ളിയുണർത്തപ്പെട്ട് തിരുമുത്തുവിളക്കാനിരുന്നപ്പോൾ, മഹാരാജാവ് ഒരു പ്രഭാതവിനോദമായി സേവകജനങ്ങളോട് ലോകവാർത്താന്വേഷണംചെയ്തു. അപ്പോൾ ഒരു വൈതാളികവിദഗ്ദ്ധൻ, മാമാവെങ്കിടൻ ബുഭുക്ഷാതിക്രമത്താൽ അന്തകക്ഷേത്രതീർത്ഥാടനം ചെയ്തു [ 91 ] മടങ്ങി കാലഭൈരവാരാധനയ്ക്കു ദീക്ഷകൊള്ളുന്ന കഥാരസത്തെ വക്താവിന്റെ മനോധർമ്മമാകുന്ന കൽക്കണ്ടത്തരിമേമ്പൊടികൊണ്ട് മധുരമാക്കി മഹാരാജാവിന്റെ ആസ്വാദനത്തിനായി പകർന്നു. ഈ കഥയിലെ ആപൽസ്കന്ധന്ധത്തെക്കുറിച്ച് ഓർമ്മവരികയാൽ, ആ ബ്രാഹ്മണൻ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കുതന്നെ അയാൾക്കുണ്ടായ മൂർച്ഛ നല്ലതിന്മണ്ണം നീങ്ങി ആ രാത്രിയിൽത്തന്നെ ഒരു സദ്യകൂടിയും ഉണ്ണാൻ തക്കവണ്ണം സുഖപ്പെട്ടിരുന്നതായി അവിടന്നു ധരിച്ചിരുന്നു എങ്കിലും, അയാളെ ഒന്നു കാണുന്നതിനായി, അന്നുദയത്തിലെ വ്യായാമസഞ്ചാരത്തെ പലഹാരപ്പുര ലക്ഷ്യമാക്കിച്ചെയ്‌വാൻ, അവിടത്തെ കൃപാർദ്രത പ്രാവാഹിപ്പിച്ചു. കേശവപിള്ളയുമായി കർണ്ണകഠിനമായ കണ്ഠസമരം ചെയ്തുകൊണ്ടിരുന്നു മാമാവെങ്കിടൻ, മഹാരാജാവിന്റെ ആഗമനദർശനത്തിൽ ചുടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ വേദനപ്പെട്ടു കുടഞ്ഞും സംഭ്രമിച്ചും പുറത്തുചാടി, ഹൃദയനാളത്തെക്കാളും അഗാധമായ ഒരു സഞ്ചികയിൽനിന്ന് ഉദ്ഗളിതമായ ഭക്തിയോടുകൂടി അഭിവാദനം ചെയ്തും, നാഭിയുടെ നിരപ്പിൽ നാസികാഗ്രം എത്തുംപടി കായത്തെ കുനിച്ച് വാപൊത്തി സവിനയം ബദ്ധശ്രമനായും, രാജകല്പനാപ്രതീക്ഷകനായി നിന്നു. ഇതിനിടയിൽ ബന്ധനംചെയ്‌വാൻ തരപ്പെടാത്ത കേശം ഇരുപാടും ചിതറിവീണ്, ക്ഷോഭകലുഷമായുള്ള അയാളുടെ മുഖത്തിന് ആ നിലയിലുണ്ടായ ഹനൂമച്ഛായയെ സവിശേഷം പുഷ്ടീകരിച്ചു. തന്റെ ക്ലിപ്തപ്രകാരമുള്ള വസ്ത്രങ്ങളണിഞ്ഞുമാത്രം തിരുമുമ്പിൽ പരിചരിച്ചിട്ടുള്ള മാമൻ, അനേകം ധന്യാദിപദാർത്ഥങ്ങളുടെ ധൂളികൾകൊണ്ട് കളമെഴുതപ്പെട്ട ശരീരത്തോടും, താംബൂലചർവ്വണത്താൽ നിണമെഴുകുന്ന വായോടും, വഡ്ഢിവൃത്തത്തിന്റെ ദൈർഘ്യത്തെ സൂക്ഷ്മമാനം മാത്രം ചെയ്യുന്ന തോർത്തുമുണ്ടോടും തിരുമുമ്പിൽ പ്രവേശിച്ചപ്പോൾ, മഹാരാജാവ് അയാളുടെ രോഗബാധ മുഴുവൻ നീങ്ങി എന്ന് ആശ്വസിച്ചു. കേശവപിള്ള കേൾക്കെ കുശലഭാഷണം നടത്തേണ്ടെന്നു ചിന്തിച്ച്, മാമൻകൂടി അനുഗമിപ്പാൻ ആംഗ്യത്താൽക്ഷണിച്ചുകൊണ്ട്, പലഹാരപ്പുരവാതുക്കൽനിന്നും നടന്നുതുടങ്ങി. പുറകേ എത്തുന്നതിനിടയിൽ മാമൻ ഏറെക്കുറെ കുഴങ്ങി, തന്റെ കൃതജ്ഞതയെ അറിയിച്ചുതുടങ്ങി: “തിരുവുള്ളത്താലെ നേത്തെയ്ക്ക് പെരിയ മഹാനുഗ്രഹമുണ്ടാച്ച്. എണ്ണെയ്ക്കും ഏഴവർഗ്ഗത്തെ ഇപ്പടിയേ കാപ്പാത്തി, ഭരജഡതരാക–ജഡഭരതരാക–പ്രഥുല—പൃഥുശക്രവർത്തിയാട്ടം ദീർഘായുഷ്മാനാക—”
മഹാരാജാവ്: “വല്ലടത്തുനിന്നും കിട്ടുന്ന അഷ്ടിക്ക് ഇവിടെയാണോ അനുഗ്രഹം?”
മാമാവെങ്കിടൻ: (പ്രാചീനഭാരതചക്രവർത്തികളുടെ നാമത്തെ തെറ്റി ഉച്ചരിച്ചിട്ടുണ്ടോ എന്നു സംശയിച്ചുണ്ടായ പരിഭ്രമത്തിനിടയിൽ) “എന്തപ്പയൽ തന്താലും അനുഗ്രഹദശാംശം–അല്ലെ, മുച്ചൂടും താൻ– സ്വാമിപ്രഭാവത്തുക്കുതാനെ ഉടമയിലെ കൊഞ്ചും ഏത്തവും, ശിന്നനുക്ക്—”
തന്റെ അനുകമ്പാജന്യമായ ഒരു ക്രിയയെക്കുറിച്ചുള്ള പ്രശംസകൾ കേൾക്കുന്നതിലുള്ള വൈമുഖ്യത്താലും, മാമനു വിശേഷിച്ചൊരു സുഖക്കേടുമില്ലെന്നു തൃപ്തിപ്പെട്ടതിനാലും, മഹാരാജാവ് അയാളുടെ സ്തോത്രങ്ങളെ തടഞ്ഞു. വലിയ അപകടമൊന്നുമുണ്ടാക്കാതെ ചിലമ്പിനേത്തുനിന്ന് ഇയാൾ പോന്നത് തന്റെ പ്രാർത്ഥനാവൈഭവം കൊണ്ടുതന്നെയെന്ന് ആശ്വസിച്ച്, പലഹാരപ്പുരയ്ക്കകത്തിരിക്കുന്നതാരാണെന്നു മാത്രം മഹാരാജാവു ചോദിച്ചു. മാമൻ തന്റെ യാത്രയുടെ പ്രേക്ഷകൻ ആരെന്നു പറയേണ്ടിവരുമെന്നു ശങ്കിച്ചും, ഏകാക്ഷരോച്ചാരണംകൊണ്ട് തിരിച്ചറിയപ്പെടാൻ വേണ്ട പ്രസിദ്ധി തന്റെ പൂജാപുരുഷനുണ്ടെന്നു വിചാരിച്ചും, ‘കേ’ എന്നു മാത്രം പറഞ്ഞു നിറുത്തി.
മഹാരാജാവ്: “ആരാണ്, കേളരോ?”
മാമാവെങ്കിടൻ: “നമ്മ—തൃപ്പാദ—കേശ—”
മഹാരാജാവ്: “ ഓഹൊ! കേശവപുരത്തു കുറുപ്പാണല്ലേ?”
മാമാവെങ്കിടൻ: “സ്വാമീ അവരല്ലൈ. അന്ത, കേശവൻ—കുഞ്ഞ്—”
മഹാരാജാവ്: അല്ലാ—അവനെ പിടിച്ചുകൊണ്ടുവരിക താൻ കഴിച്ചോ? കൊലയ്ക്കു [ 92 ] ശിക്ഷ കൊട്ടാരത്തിൽ പാർപ്പും പലഹാരപ്പുരയിൽ ഭക്ഷണവും! ഇത്ര പരിഷ്കരിച്ചോ ന്യായത്തിന്റെ ഗതി!”
മാമാവെങ്കിടൻ: (ദുർഘടതാളം ചവുട്ടിക്കൊണ്ട്) “അന്ത പരമദ്രാഹി അന്ന്, സ്വാമീ—നമ്മ നീട്ടെഴുത്തു, തൃപ്പാദത്തൂടെ കേശവപിള്ളൈ.”
മഹാരാജാവ്: “അതെ വാ തുറന്നെങ്കിൽ താൻ താളംതെറ്റിക്കും” എന്നുമാത്രം അരുളിച്ചെയ്തുകൊണ്ട് അവിടെനിന്നു ഗമിച്ചു. കേശവപിള്ളയുടെ നാമത്തെ കേട്ടയുടനെ, തന്റെ താളവിഷയത്തിലുള്ള അഗാന്ധർവതയെ പുച്ഛിക്കമാത്രം ചെയ്തുകൊണ്ടു പൊയ്ക്കളഞ്ഞത് മഹാരാജാവിനു കേശവപിള്ളയോടുള്ള തിരുവുള്ളപൂർത്തികൊണ്ടാണെന്നു മാമൻ വ്യാഖ്യാനിച്ചു. പരിഭ്രമനാട്യോപായത്താൽ ജീവരക്ഷയടഞ്ഞു എന്നുള്ള ഉത്സാഹത്തോടുകൂടി മാമൻ തന്റെ മുറിയിലേക്കു തിരിച്ചുചെന്ന്, മഹാരാജാവുമായുണ്ടായ സംഭാഷണത്തെ വേണ്ട ശുഭ്രവ്യാജങ്ങൾ ചേർത്തു ചമൽക്കരിച്ച് ആ യുവാവിനെ ധരിപ്പിച്ചു: “അടെ അപ്പൻ! എന്നെല്ലാം കേട്ടുട്ടാർ? റെവെയും സംഗതിയും വെയ്ത്ത്, ‘ഹരിഃ മുതൽക്കെ ശുഭമസ്തു’ പര്യന്തം ശൊല്ലൂട്ടേൻ. മാമൻ കിടുംകുവനാ? രാശാവുടെ അഷ്ടകലാശത്തുക്ക് മാമനുടെ ഡാവ്! തെരിഞ്ചിയാ?”
കേശവപിള്ള: (മാമനെ ചിലമ്പിനേത്തയച്ചതു വിഫലമായതിനാലുള്ള ദേഷ്യത്തോടുകൂടി) “കെട്ടിയെടുപ്പാൻ പാടുകിടന്നു കൊടുത്തപ്പോൾ ഈ ഡാവെല്ലാം എവിടെ പൊതിഞ്ഞുവച്ചിരുന്നു?”
മാമാവെങ്കിടൻ: “അടെ! ശെത്തുപോനാൽ എന്നത്തെത്താൻ ശെയ്‌വായ്? ‘വാണാലുക്കുടയവൻ വന്താൽ വരമാട്ടേനെന്റാൽ വിടുവാനോ ശിത്തൻ’—യോശിക്കിറതെന്നത്തെ?”
കേശവപിള്ള: “കാലൻ വന്ന് അങ്ങേടെ മധുരം ഒന്നു നക്കിയാൽ ചുട്ടുതിന്നാതെ വിട്ടേക്കുമോ, മാമാ? ഉണ്ടാൽ, പണ്ടും മലർന്നു പോകുന്ന ആളുതന്നെയാണ് അങ്ങ്! എല്ലാം കേട്ടു കഥ— ഹരിപഞ്ചാനനൻ ശ്രീകൃഷ്ണസ്വാമി! ചന്ത്രക്കാറൻ ധർമ്മപുത്രര്! അവിടത്തെ ഘോഷം രാജസൂയം! എന്നിട്ടും, ഇന്നലെ രാത്രി കണ്ടപ്പോൾ നച്ചും നാക്കുമടഞ്ഞിരുന്നു. വെളുത്തപ്പോൾ ഇതാ സ്കാന്ദമഴിച്ചിരിക്കുന്നു. അമ്പമ്പൊ! കള്ളങ്ങൾ കേട്ടു കാതു മരച്ചു.”
മാമാവെങ്കിടൻ: “ഒന്നുടെ വായിലെ പടൈത്തതെല്ലാം ശൊല്ല്.” (ശിമിട്ടുകളോടുകൂടി) “‘സ്വർണ്ണവർണ്ണമരയന്നം—മഞ്ജുനാദമിത്’—അന്തക്കഥ വരപ്പോക്കിറതു—പോകിറദൂ!” (പരുഷഭാവത്തിൽ ) “അടെ! നാൻ കള്ളുകുടിപ്പനാ, അപ്പാ? എപ്പടിയോ വിഴുന്തുട്ടേൻ! അതുക്കിവളവു ആർഭാടമാ?”
കേശവപിള്ള: “ഇരുന്നു ശൃംഗാരിക്കുന്നു! ‘വിഴുന്തുട്ടേൻ’പോലും! ഊന്നുറയ്ക്കാതെ വിഴുന്നതിനു കാരണമെന്ത്? സത്യം പറയണം. വിളമ്പിത്തന്നതാര്?”
മാമാവെങ്കിടൻ: “കരിപ്പപ്പൂ—ഇടതുകൈ—ഉണ്ടച്ചുപ്പൂ—ഏത്തൻകാ നാണു—ഇരിക്കാനെ, അവൻ—അന്ത, മുട്ടാള കുപ്പൻ—കോണച്ചാമീ—”
കേശവപിള്ള: “കുപ്പനും ചുപ്പനും മറ്റുമെല്ലാരെയും ഞാനുമറിയും. അങ്ങേ അവർക്കാർക്കും ഉരുട്ടിയിടാൻ കഴിയൂലാ. ഒന്നാമതുതന്നെ, മാമൻ നെടുമ്പുരയിലാണോ ഉണ്ടത്?”
മാമാവെങ്കിടൻ: (ചെമ്പിൽ ചട്ടുകത്തിന്റെ സംഘട്ടനമുണ്ടാകുന്ന സ്വരത്തിൽ) “അതല്ലിയോ കാലത്തെതന്നെ പറഞ്ഞത്? എത്രതരം പറഞ്ഞു? ‘മനമങ്ങും മിഴിയങ്ങങ്ങും’ എന്നു പെണ്ണെ നിനച്ചുകൊണ്ടേ ഇരുന്നിട്ട്, നമുക്കാണോ പ്രായശ്ചിത്തം വിധിക്കുന്നത്? എന്നാൽ കഥ ഒന്നുകൂടി കേൾക്കൂ. മഹാരാജാവിന്റെ പ്രതിനിധിയായി ഹരിപഞ്ചാനനയോഗിസ്വാമികൾ നമ്മെ കാൽ കഴുകിച്ചു ഗുരുപൂജയും ചെയ്തു, കുടിക്കുനീർ വാർത്ത് യഥോക്തം ബഹുമാനിച്ചു. ഊണുകഴിഞ്ഞതിന്റെശേഷം, ബഹുപുണ്യസ്ഥലങ്ങളിലെ തീർത്ഥങ്ങളും തന്നു. പിന്നീട് ഒരു കളഭക്കൂട്ട്—ജവാത്, പുനുക്, പച്ചക്കല്പൂരം—” [ 93 ] കേശവപിള്ള: “മതി മതി! അങ്ങാടിച്ചരക്ക് അമ്പത്തിഒരുനൂറിന്റേയും പരിമളം ചേർന്ന ചന്ദനം തേച്ചുതന്നു എന്നിരിക്കട്ടെ— മാമനു തന്ന തീർഥവും പ്രസാദവും ചന്ദനവും മറ്റാർക്കെങ്കിലും കൊടുത്തോ?”
മാമാവെങ്കിടൻ: “അടെ, അന്ത രാജസൂയത്തിലെ ‘മഹയമഹയമധുനിഷൂദനം’ ആക, അഗ്ര്യപൂജ നമുക്കേ ആരാധിക്കപ്പെടും പോയത്, എന്ത മാഗധവംശപാഞ്ചാലമിഥിലാചേദിപനുക്ക്, നമുക്ക് സംഭാവിതമാനപ്പെട്ടതാന അന്ത വിഭൂതിവിഭാഗത്തെ കുടുപ്പാർ.”
കേശവപിള്ള: “ഇതാ, നല്ലതിന്മണ്ണം ആലോചിച്ചു പറയണം. അങ്ങ് അവരുടെ സൽക്കാരം കൊണ്ട് ഒന്നിളകിപ്പോയി. ഇനിയെങ്കിലും തല തോളിൽ വച്ചോണ്ട് ഓർമ്മിച്ചു നോക്കിപ്പറയണം. ഊണുകഴിഞ്ഞതിന്റെശേഷം തീർത്ഥം തന്ന വിശേഷവിധി ഒന്നിനെ മാത്രം ആലോചിച്ചുനോക്കണം.” ഇതിനു മുമ്പുതന്നെ കുലുങ്ങിത്തുടങ്ങിയിരുന്ന മാമൻ കേശവപിള്ളയുടെ ഈ ആജ്ഞ കേട്ടപ്പോൾ അയാളുടെ ഹസ്തിളിൽ വീണു. ഗാഢമായി കുറച്ചുനേരം ആലോചനയിൽ ഇരുന്നിട്ട്, എഴുന്നേറ്റ് ഒരു മുഖപ്രസാദത്തോടുകൂടി നിയമപ്രകാരം കേശവപിള്ളയുടെ തലയിൽ രണ്ടു കൈയും വച്ച് അനുഗ്രഹിച്ചു: “അടേ ശൊല്ലലയാ? നീ രാശാ! ഒന്നുടെ മുഖത്തിലെ ശംഖചക്രാദിയിരുക്ക്.” (ക്ലേശഭാവത്തിൽ) “ശതിച്ചൂട്ടാൻ മഹാപാപി! അന്ത തീർഥം താൻ കൊടുത്തത്. കശകശെ കശച്ചത്–മാമാബ്രാഹ്മണൻ വിടുവിഡ്ഢിയായി വിട്ടുതേ അപ്പൻ—അന്ത മറയപ്പയലെ കരിപ്പഞ്ചാസ്യരക്ഷസെ, ഇന്ത കൊട്ടാരത്തിലെ യെത്തവേകൂടാതിനിമേ—..
കേശവപിള്ള: “അപ്പോൾ ഞാൻ പറഞ്ഞത് ശരിയായോ? അങ്ങോട്ടും ഇങ്ങോട്ടും കെട്ടിയിഴച്ചതുമാത്രം ലാഭം.” (കടുതായ ഭത്സനരോഷത്തോടുകൂടി) “അയാളുടെ ഭസ്മം വാങ്ങിക്കരുതെന്ന് ഞാൻ എത്രതവണ ചെവിയിൽ അറഞ്ഞുകേറ്റീട്ടുണ്ട്? അവിടെ ചെന്നപ്പോൾ പ്രമാണിയായി— പൊണ്ണക്കാര്യംകൊണ്ടെല്ലാം മറന്ന്? കാര്യമെല്ലാം നാശമാക്കി!”
മാമാവെങ്കിടൻ: (സാധുവായ വാദമല്ലെന്നറിഞ്ഞിരുന്നിട്ടും) “തീർത്ഥത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ പിള്ളെ? അങ്ങനെയിരിക്കുമ്പോൾ ശുമ്മാ വീൺശണ്ട പിടിച്ചോണ്ടാലോ?”
കേശവപിള്ള: (പല്ലുകടിച്ചുകൊണ്ട്) “കണ്ണു തുറന്ന്, ചെവിത്തയോടുകൂടി, ചുറ്റുപാടും നോക്കി, എല്ലാം നടത്തിക്കണമെന്ന് ഞാൻ പറഞ്ഞില്ലയോ? ചത്തതോടുകൂടി അതും മറന്നോ? പ്രസാദം പോലെതന്നല്ലയോ തീർത്ഥവും?”
മാമാവെങ്കിടൻ: (മഹാശാന്തഗാംഭീര്യത്തെ നടിച്ച് കാലിന്മേൽ കാലും മടക്കി ഇരുന്ന്) “ഇരിക്കണം പിള്ളേ—അത്ര ചാടണ്ട. പിള്ളയ്ക്കു വേണ്ടതെല്ലാം ചുറ്റുപാടും, ചുഴഞ്ഞപാടും, നോക്കി അന്വേഷിച്ചുതന്നെ, മാമൻ പോന്നു. പട്ടനിൽ പൊട്ടനുണ്ടെന്നു പിള്ള മാത്രം നടിക്കേണ്ട കേട്ടോ— മാമനെ അയച്ച കാര്യം സാധിച്ചുകൊണ്ടുതന്നെ വന്നിട്ടുണ്ട്.” ഇങ്ങനെ പറഞ്ഞുകൊണ്ട് ശൃംഗാരഭാവത്തിൽ കണ്ഠം തെളിച്ചു സ്വഗാനാനുഭസ്ഥനായി ‘സ്വർവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമാം ഉർവ്വശീ—’ എന്നു വിസ്തരിച്ചു ചൊല്ലി, ശ്ലോകപൂർവ്വാർദ്ധം കഴിഞ്ഞപ്പോൾ കേശവപിള്ളയുടെ ഗണ്ഡസ്ഥലങ്ങളിൽ രണ്ടു കൈകളും അണച്ചുകുലുക്കി, പിന്നെയും ഗാനം തുടങ്ങി. ‘അതുർമാം ജവംപൂണ്ടുൽ—’ എന്നു പാടിയപ്പോൾ , മാമാവെങ്കിടന്റെ ഗാനം എന്തിനെ സംബന്ധിച്ചെന്ന് കേശവപിള്ളയ്ക്കു മനസ്സിലാകാത്തതിനാൽ, “ഇന്നലത്തെ മത്ത് ഇന്നും വിട്ടില്ലയോ” എന്ന് അയാൾ ചോദിച്ചു.
മാമാവെങ്കിടൻ: “അതെ! മത്തുതന്നെ—സൗന്ദര്യലഹരി തലയ്ക്കുപിടിച്ച മത്ത്. ‘സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ’—നോക്കണ്ട— ആ കണ്ണുരുട്ട് ‘ധ്രികുടീംകടക’ എന്നു ഞാൻ ധാരാളം കണ്ടിട്ടുള്ളതുതന്നെ. പിന്നെ ചുറ്റുപാടും എല്ലാം നോക്കി വരാനല്ലേ മാമന്റെ അടുത്തു പറഞ്ഞയച്ചത്?” (രണ്ടു ചൂണ്ടുവിരലും നീട്ടി തുള്ളിച്ചുകൊണ്ട്) “കുട്ടിക്കേശവപിള്ള ഇത്ര സരസനാണെന്നു മാമൻ അറിഞ്ഞിരുന്നില്ല. എങ്ങനെ ഈ എഴുത്തൻകണ്ണ് അവിടെചെന്നു എന്നാണ് മാമൻ അതിശയപ്പെടുന്നത്. കേൾക്കൂ–കേശവൻകുഞ്ഞ് എന്നു പറഞ്ഞപ്പോൾത്തന്നെ ‘കബരി തിരുകിനാൾ മേനകാ മാനവേ ന്ദ് –രാ’ [ 94 ] ഈ പൂച്ചസന്ന്യാസിത്തമൊന്നും നമ്മോടെടുക്കേണ്ട—ചുരുക്കംപറഞ്ഞ് മാമന്റെ പാട്ടിനുപോട്ടെ.” (അഭിനയത്തോടുകൂടി “സന്ധിച്ചിപ്പേൻ തവ ഖലു മനം ഭൈമിതന്മാനസത്തോടിന്ദ്രൻ താനേ വരികിലിളകാ കാ കഥാന്യേഷു രാജൻ.”
മാമാവെങ്കിടൻ സ്വയംകൃതിയായി തനിക്കുവേണ്ടി ഒരു പ്രോമദൗത്യത്തെ നിർവഹിച്ച് വിജയവാദം ചെയ്കയാണെന്ന് കേശവപിള്ളയ്ക്കു തോന്നി. തന്റെ നാമത്തെ ഉച്ചരിച്ചപ്പോൾ പ്രണയപരവശയായ ആ സ്ത്രീ ആരെന്നറിവാൻ ആ തന്ത്രവിദഗ്ദ്ധനായ യുവാവിന് ഒരു കൗതുകമുണ്ടായി, മാമാവെങ്കിടനെ പിടിച്ചിരുത്തി. തന്റെ വാക്കുകളിൽനിന്നും യാതൊരു സൂചനയും ഉണ്ടാകാതെ സൂക്ഷിച്ച്, ഇങ്ങനെ ചോദിച്ചു: “പറയണം മാമാ മുഴുവനും കേൾക്കട്ടെ. മാമൻ സാമാന്യനാണോ? എന്റെ മുഖസന്തോഷം കണ്ടില്ലയോ?”
മാമാവെങ്കിടൻ ഞെളിഞ്ഞിരുന്നു ചുമന്ന പൂണൂലിനെ പിടിച്ചു നഖംകൊണ്ടു ശുഭ്രതവരുത്തുന്ന പ്രയോഗം ചെയ്തും മുറുക്കി വായ്ക്കൊണ്ടിരുണ താംബൂലാസവത്തെ സന്തോഷച്ചിരി വിളങ്ങുകയാൽ മൂക്കിലും വായ്ക്കിരുഭാഗത്തുമുള്ള ചാലിലും കൂടി പുറപ്പെടുവിച്ചും, തന്നാൽ നിർവഹിക്കപ്പെട്ട സന്ദേശവൃത്തത്തെ ഇതിന്മണ്ണം കഥിച്ചു: “അങ്ങനെ ‘കഥയ കഥയ പുനരിനെ’യെന്നല്ലെ? പറയാം.” (ഞൊടിച്ചു താളംപിടിച്ചുകൊണ്ട്) “അതുച്ഛമാം ജവംപൂണ്ടുൽപ്പതിച്ചു കുണ്ഡിനപുരം’ കുണ്ഡിനം എന്നു പറഞ്ഞതു പറയാനുണ്ടോ? ചിലമ്പിനേത്തിനടുത്ത മന്ത്രകഷായക്കുടം എന്ന ഭവനംതന്നെ. ‘ഗമിച്ചൂ തദുപവനമതിൽച്ചെന്നുവസിച്ചേൻ ഞാൻ—’ ഉപവനം നമ്മുടെ കുഞ്ഞുകാമസന്യാസീടെ സങ്കേതസ്ഥലം— അപ്പോൾ, ‘അകിൽ ചെംകുങ്കുമച്ചാറും’—”
കേശവപിള്ള: “നാശമായി—ഈ ആട്ടപ്പാട്ടെല്ലാം വെന്തുമുടിഞ്ഞെങ്കിൽ—”
മാമാവെങ്കിടൻ: “ഒത്താശചെയ്താൽ, പിഴപ്പു മുട്ടിപ്പാനാണോ അനുഗ്രഹം പിള്ളേ? അതിനു കരാറില്ല. പോട്ടെ, മുഷിയണ്ട. കഥയെല്ലാം ചുരുക്കിപ്പറഞ്ഞേക്കാം. അസ്സൽപെണ്ണ്! ‘കമനിരത്നകനക’, അതു വിട്ടു. പാലും പഞ്ചസാരയുംപോലെ നിങ്ങൾ രണ്ടുപേരും ദിവ്യമായിച്ചേരും. ഒരു വിരോധവുമില്ല. സ്ഥിതിയെല്ലാം എനിക്കറിയാം. വളരെ വളരെ നന്ന്–”
കേശവപിള്ള: “ഏതു വീട്ടുകാരിയെന്ന് ഒന്നാമതു പറയണം. ഞാൻ അങ്ങനെ ഒരുത്തിയെ കണ്ടിട്ടും കേട്ടിട്ടുമില്ല.”
ഉടനെ വീട്ടുപേരു പറവാൻ മാമൻ തയ്യാറില്ലായിരുന്നു. പരസ്പരം പരിചയമില്ലെന്ന് കേശവപിള്ള പറയുന്നതിനെ വിശ്വസിക്കാതിരിപ്പാൻ ആ യുവാവിന്റെ മുഖഭാവം കണ്ടിട്ട് മാമാവെങ്കിടനു തോന്നിയതുമില്ല. ആ അപകടക്കാരന്റെ ചോദ്യം മർമ്മചോദ്യവുമാണ്. അതിനാൽ, അങ്ങോട്ട് അതിന്മണ്ണമുള്ള ചോദ്യം ചെയ്യാഞ്ഞാൽ തോൽക്കേണ്ടിവരുമെന്ന് മാമാവെങ്കിടൻ നിശ്ചയിച്ചു: “കുഞ്ഞിന്റെ വീട്ടുപേരെന്താണ്? അതു പറഞ്ഞാൽ മറ്റതു പറയാം.” എന്നു പറഞ്ഞ് കള്ളക്കുതിരയെപ്പോലെ നിലയൂന്നി.
കേശവപിള്ള: “മറ്റത് എനിക്കു കേൾക്കെണ്ടെന്നുവച്ചാലോ?”
മാമാവെങ്കിടൻ കുഴങ്ങി. ഈ യുവാവിന്റെ പേരു പറഞ്ഞപ്പോൾ, ആ ബാലിക ശൃംഗാരചേഷ്ടകളേയും, മറ്റവർ ഹർഷാശ്രുക്കളേയും വർഷിച്ചതുകൊണ്ടും മറ്റും, ഏതുവിധവും വിവാഹത്തെ നിർവഹിക്കാമെന്നു താൻ വാഗ്ദത്തംചെയ്തു. അങ്ങനെ ഒരു കൂട്ടക്കാരെ ഒരുവിധവും പരിചയമില്ലെന്നു കേശവപിള്ള പറകയും ഭാവിക്കയും ചെയ്യുന്നു. എങ്കിലും തന്റെ ശ്രമത്തെ ഒരു കടവടുപ്പിക്കണമെന്നു നിശ്ചയിച്ച്, ഇങ്ങനെ വാദിച്ചുതുടങ്ങി: “അടെ അപ്പൻ! ഒന്നുടെ കൈയിലെ വീരശങ്കിലിയും പോട്ട്, ഒടവാളെയും തന്താൽ, എപ്പടി ലസത്തുലസത്താക വിളംകുവായോ, അപ്പടിയേ, ഉൻപക്കത്തിലെ അന്തത്തങ്കക്കൊടിപ്പതിനിയാൾ കമലവാഹനമാട്ടം പ്രകാശിപ്പാൾ; ആകാശകുസുമമാട്ടം ഒന്നുടെ മനസ്സുക്ക് എപ്പോതും ഘുമുഘുമാ സൗരഭ്യാമൃതത്തെ ധടധടായമാനമാക വരിഷിപ്പാൾ! ഗാനത്താലെ ഒന്നുടെ മരക്കർണ്ണത്തൂക്കു ഗന്ധർവസ്വർഗ്ഗാനന്ദത്തെ കുടുപ്പാൾ; ഗൃഹത്തുക്ക് ദീപസ്തംഭമാക അവൾ [ 95 ] ശോഭിപ്പോൾ, ശീലാവതിയാട്ടം ധർമ്മപത്നിശുശ്രൂഷയെ അനുഷ്ഠിപ്പാൾ. ബഹുകാലം തപസ്സുചെയ്താക്കാലും അന്തപ്പടി ഒരു കന്യകയെ ഉനക്കു കിടയാതു. അടെ ചൊല്ലവേണുമാ? എൻ കടുകട്ടിയപ്പനാകട്ടും, അപ്പൻ തലയിലെ മിതിത്തവനാകട്ടും, എന്ത അന്തകാന്തകനാഹട്ടും, അന്ത രതിവിലാസവിരാജമാനധാമത്തെ കണ്ണാലെ പാർത്തതോ, അവൻ കഥൈ—ധുടി! പിള്ളായ്, ധുടി!”
കേശവപിള്ള: “നാരായണ! ഇങ്ങനെയുള്ള പാരിജാതം എവിടെ വിടർന്നു നില്ക്കുന്നു?”
മാമാവെങ്കിടൻ: "ചിലമ്പിനേത്തുവീട്ടുക്ക് നേരെ തെക്കുപ്പക്കം"
കേശവപിള്ള: “അല്ല, മിനിഞ്ഞാന്നു പോയ മാമൻ അവരെക്കുറിച്ച് ഇത്രമാത്രം സ്തുതിക്കണമെങ്കിൽ കഥ കേമമായിരിക്കണമല്ലോ—” എന്നു പറഞ്ഞുകൊണ്ട്, കേശവപിള്ള ആ കൂടിക്കാഴ്ചയെ നിറുത്തുന്നതിനു തീർച്ചയാക്കി. ചിലമ്പിനേത്തു ചന്ത്രക്കാറന്റെ സമീപത്ത് കുടുംബനാമം പറഞ്ഞുകൂടാത്തതായി താമസിക്കുന്ന സ്ത്രീകൾ ആരാണെന്നറിവാൻ അയാൾക്കു ബലമായ ഒരുൽക്കണ്ഠയുണ്ടായി. തനിക്കു ജോലിയുണ്ടെന്നു പറഞ്ഞ് അവിടെനിന്നും പിരിഞ്ഞു. കേശവപിള്ളയുടെ യാത്രയെ തടയാതെ മാമൻ മനഃക്ഷീണത്തോടുകൂടി ഇങ്ങനെ ചിന്തചെയ്തു: ‘പാതാളമാട്ടം ആഴപ്പുള്ളി. ആനാലും ഉത്തമൻ. ഇന്നലെ നമ്മുടെ വാർത്തയെ കേട്ടപ്പോൾ എത്ര സംഭ്രമിച്ചു? നമ്മെ വലിയ കൃപയാണ്. ആ കുഞ്ഞിട്ടി മീനാക്ഷിയെ ഇയാൾ ഗോപിതൊടീക്കും. അങ്ങനെ മാമന്റെ വൈഭവം അങ്ങും പുകഞ്ഞു, ഇങ്ങും പുകഞ്ഞു. അങ്ങോട്ടു പോയതേ കണ്ടകശ്ശനിക്ക്. ഇനി ജന്മമുള്ളകാലം, പർണ്ണാദഭട്ടന്റെ വൃത്തി നമുക്കു വേണ്ടേ വേണ്ട. പട്ടർക്കും ഒരിക്കലൊക്കെ പറ്റിപ്പോവും.”
മാമാവെങ്കിടൻ ഇങ്ങനെ ആത്മഗതപ്രകടനങ്ങൾ ചെയ്യുന്നതിനിടയിൽ, കേശവപിള്ള തന്റെ ഉദ്യോഗസ്ഥലത്തുചെന്ന്, രാജസന്നിധിയിൽനിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്നതുകൊണ്ടു നിരുത്സാഹനാകാതെ, തന്റെ ജോലികളെ ഭക്തിയോടും ഏകാഗ്രചിത്തതയോടും തീർത്ത്, താമസസ്ഥലത്തുചെന്ന് ഊണുകഴിച്ച്, ഇങ്ങനെ മനോരാജ്യം തുടങ്ങി: “ഹരിപഞ്ചാനനന് ദൈവാനുഗ്രഹംകൊണ്ടു സിദ്ധിച്ചിട്ടുള്ള ശരീരത്തിന്റെ സുഭഗതയും പൂർണ്ണസുഖവും രാക്ഷസമായുള്ള ബലവും ബുദ്ധിയുടെ ദർശനഗ്രഹണാദിശക്തിയും ജ്ഞാനസമ്പത്തിന്റെ വിവിധത്വവും, കാഷായവസ്ത്രത്താൽ ദൃഢീകൃതമായ ആത്മരക്ഷാവിശ്വാസത്തോടുകൂടി, അദ്ദേഹത്തിന്റെ നേർക്ക് യാതൊരു അപരാധവും ചെയ്തിട്ടില്ലാത്ത തന്റെ രാജ്യസിംഹാസനത്തെ ഇളക്കാനും എടുത്തു മറിക്കാനും നിയോഗിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാവത്വത്തിനും എന്തോ മോഹഭ്രമത്തിനും അദ്ദേഹം അടിമപ്പെട്ട്, സ്വശിഷ്യസംഘത്തെ മാത്രമല്ല, ലക്ഷോപലക്ഷങ്ങളായ സഹോദരിളേയും അന്ധരാക്കി, നാശഗർത്തത്തിൽ വീഴിക്കുന്നു. ഇതിനെ നിരോധിക്കുന്നതിന് ഗൃഹജനധനാദികളായ ഉപകരണങ്ങൾ ഇല്ലാത്തവനും രാജ്യകാര്യങ്ങളിലും തന്ത്രങ്ങളിലും കേവലം ബ്രഹ്മചര്യാശ്രമസ്ഥനും ആയ തന്നാൽ കഴിവ് എന്തുണ്ട്? രാജ്യദ്രോഹത്തിനുതന്നെ യോഗീശ്വരന്റെ ശ്രമമെന്ന് മാമാവെങ്കിടനെ അകറ്റിയ ഉപായം വെളിപ്പെടുത്തുന്നു. ആട്ടെ നിശ്ശബ്ദമായി പണിചെയ്ത് ശത്രുസംഹാരത്തെ സാധിപ്പാൻ സത്യസ്വരൂപൻ തനിക്കു പരമശക്തിയെ നൽകി അനുഗ്രഹിക്കട്ടെ.” അങ്ങനെ ഒരു ശക്തി ഉണ്ടെന്നുള്ള ബോധം അയാളുടെ മനസ്സിൽ ശുക്രബ്രഹ്മർഷിക്ക് ജന്മനാ സിദ്ധമായ തപശ്ശക്തിപോലെ പ്രകാശിച്ചു. ചിലമ്പിനേത്തു ‘കനക’ശക്തിയും അതിന്റെ തെക്കേ ഗൃഹത്തിൽ ‘കാമിനി’ശക്തിയും, ആ സ്ഥലത്ത് ഹരിപഞ്ചാനനസാന്നിദ്ധ്യവും സമ്മേളിച്ചിരിക്കുന്ന രഹസ്യാവസ്ഥയുടെ സൂക്ഷമഗ്രഹണം ആവശ്യമെന്നു കേശവപിള്ള നിശ്ചയിച്ചു. യോഗീശ്വരമാന്ത്രികത്വത്തിനെ ഭഞ്ജിക്കാൻ പ്രതിമാന്ത്രികശക്തി തന്റെ കൈവശമുള്ളതിനെ ഓർത്തുണ്ടായ പുഞ്ചിരിയോടുകൂടി, അയാൾ തനിക്കുണ്ടായിട്ടുള്ള രാജശിക്ഷാവൃത്താന്തത്തെ ധരിച്ചിട്ടുള്ള പാചകിയെ വരുത്തി അവരോട് തന്ത്രത്തിൽ ഒരു സംഭാഷണം തുടങ്ങി:
കേശവപിള്ള: “അക്കാ, ഇന്നത്തെ കൂട്ടാനെല്ലാം അമൃത് അമൃതുപോലെ.”
ഭഗവതി: “അമൃതുപോലെ കയ്ച്ചൊ മക്കളെ? അങ്ങനെ വന്നതെന്ത്?” [ 96 ] കേശവപിള്ള: “അമൃതം–ദേവകടെ അമൃതേ, അതുപോലെ എന്നാണ് ഞാൻ പറഞ്ഞത്. അത്ര രുചിയുണ്ടായിരുന്നു.” നിയമത്തിലധികം താൻ ശ്ലാഘിക്കപ്പെടുന്നത്, തന്റെ പ്രേമഭാജനമായ ആ യുവാവിന്റെ എന്തോ സ്വകാര്യേച്ഛാപ്രകടനത്തിന്റെ പൂർവ്വരംഗമാണെന്ന്, അവരുടെ കുശാഗ്രബുദ്ധി ദർശിച്ചു എങ്കിലും, അതിനു പ്രതികൂലമായ കൗശലരീതിയെ അനുവർത്തിപ്പാൻ തന്റെ മാതൃഭാവംകൊണ്ട് മനസ്സു വരായ്കയാൽ, അവർ ചിരിച്ചുകൊണ്ട് സ്പഷ്ടമേ തന്റെ അന്തർഗ്ഗതത്തെ തുറന്ന്, “പവതി ആനയോ മറ്റോ ആണോ മക്കളെ? ഛീ! ഛീ! വിഛ്വാതമുണ്ടെങ്കിലേ മനുഷ്യരു കിടന്നുപൊറുക്കു. പറവിൻ! ശുമ്മാ പറവിൻ! മിഞ്ഞി വിളിച്ചല്യോ ചൊല്ലണത്.” (വിവാഹകാര്യത്തിനു ചേരുന്ന രസത്തെ അഭിനയിച്ച്) “എന്തരിന് ഒളിക്കണു? ചാതകം വാങ്ങിച്ചോ? തേയ്തി നിച്ചയിച്ചോ? ആരെയൊക്കെ വിളിക്കണു? ചരക്കെത്തറ പണത്തിന്? അക്കൻകൂടി ഇത്തിരി കേക്കട്ടെ.”
കേശവപിള്ള: (ആ സ്ത്രീയുടെ അഗാധബുദ്ധിയെക്കുറിച്ചുള്ള അഭിനന്ദനത്തെ അമർത്തിക്കൊണ്ടും ഗൗരവമായുള്ള ആലോചനാഭാവത്തെ പ്രത്യേകം നടിച്ചും) “ശരിതന്നക്കാ—അക്കന്റടുത്ത്, അകത്തൊന്ന് മുഖത്തൊന്ന് എന്നുള്ള സമ്പ്രദായം കാണിക്കാൻ എനിക്കു കഴിയുന്നില്ല. അക്കന്റെ കണ്ണിൽ ആർക്കുതന്നെ പൊടിയിടാൻ കഴിയും? ” (അങ്ങനെ എന്ന് അവർ തലയാട്ടി) “ഒരു—വല്ലടത്തുന്നും—അക്കൻ ചിരിക്കുണു—എനിക്കു പെണ്ണും വേണ്ട മണ്ണും വേണ്ട.”
ഭഗവതി: “അയശ്യൊ ശതിക്കല്ലെ. അങ്ങനെ ചണ്ടപിടിച്ചോണ്ട് സന്ന്യസിച്ചാൽ, പവതിക്കു താലോലിപ്പാൻ ഒരു ഇമ്പിടിക്കൊച്ച് കിട്ടണ്ടയോ?”
കേശവപിള്ള: “ഒരുത്തിയെ കൊണ്ടന്നാൽ അക്കനു സഹായമാകുമല്ലോ എന്നൊരാലോചനയാണ്.”
ഭഗവതി: “എക്കിപ്പം ഒരു തൊണയും വേണ്ടപ്പീ. അതു മാത്തറമല്ല അതൊക്കെ കണ്ടും കരുതിയും ചെയ്യണം. ഛടഫടാന്നൊന്നും ചെയ്തുകൂടാത്ത കാര്യമല്യോ? എന്തായാലും ഒരു പടികൂടി കേറീട്ടേ അതാവൂ മക്കളെ. ആരാണ്ടെ കലം മഴക്കിയാലും, പോക്കില്ലാതെ പെണ്ണു കൊണ്ടരരുത്. എന്നും അടീം പിടീം ആവും. നമുക്കു പോക്കു മൂത്തൻമൊതലാളി അറിഞ്ഞാല്, എന്തും താങ്ങും–എന്നാലും, ഛേ! അങ്ങനെ പാടില്ല. എന്റെ മക്കക്കു വെല കൂടട്ടു മക്കളെ. വല്യ ഉദ്യോഗത്തിലായാല് ആകായം മുട്ടെ വെല കൂടും. അപ്പം എന്റെ മക്കക്കു, ഒത്ത പെണ്ണു തരാൻ കൊമ്പച്ചക്കറുപ്പമാരു വട്ടമിട്ട് വരം കൊടക്കൂല്യോ?”
കേശവപിള്ള: “അതു ശരിതന്നെ—എന്നാൽ അടുത്ത പടിയിൽ എന്തു ചെല്ലുമെന്നാർക്കറിയാം? വയസ്സ് ഇരുപത്തിനാലുമായി. നല്ല പെണ്ണൊന്ന് ഒരിടത്തിരിക്കുന്നുമുണ്ട്: അതിസുന്ദരി! നല്ല പ്രായം, നല്ല തരം, നല്ല ശീലം എന്നൊക്കെക്കേട്ടു.”
ഭഗവതി: (മാമാവെങ്കിടന്റെ യാത്രാഫലമായിട്ടാണ് ഈ ദുർഘടം ഉണ്ടായിരിക്കുന്നതെന്നു സംശയിച്ച് ദ്വേഷ്യത്തിലും ആക്ഷപേഭാവത്തിലും) “അതെയതെ! ഇരുന്നോണ്ടു വെളിച്ചില് പറയണ കണ്ടില്യൊ? അയ്യപ്പാണ്ടപ്പിള്ളകതയിൽപോലെ, ‘നെറ്റിച്ചൂട്ടിയൊണ്ട്, നാലുകാലിച്ചെലമ്പൊണ്ട്, വാലിപ്പൂവാലൊണ്ട്, അടിവയറ്റി മറയൊണ്ട്, കാളവില കാണാൻ വാടി പൊന്നരീപൂമാലേ’ എന്നല്യെ തൊടങ്ങണത്? പൈവൊ കാളയൊ മറ്റൊ ആണൊ പെണ്ണിന്റെ ചുഴിയും ചീലവും നോക്കാൻ–എല്ലാമൊക്കുമെങ്കിലും അവിടെ ഇരിക്കട്ട്!” (സാമവാദമായി) “എന്റെ പിള്ളയ്ക്കു ചേർന്ന പെണ്ണൊണ്ട്–പവതി കൊണ്ടരീഞ്ചെയ്യും. അപ്പം കട്ടീം കവണീം ഉടുത്ത്, പൊന്നുകെട്ടിയ നാരായവും പിയ്യാത്തിയും ചെരുവി, ഒരഞ്ചാറു പട്ടക്കാറും, ഒക്കെക്കൂടി ചങ്ങലവെളക്കും പിടിച്ച്, വേണ്ട കൂട്ടത്തിന്റെ നുയ്മ്പില്, കയ്യും വീയി, പവതി കാണാം പോണ പെറവടി (പ്രൗഢി) എവിടെ? ഇപ്പഴത്തെ മേനിക്ക്, ചൂട്ടുംകെട്ടി, കൊച്ചാളമ്പി വേഴത്തില്, ഇരുട്ടുകൂത്തിന് പോണ കൊഞ്ചത്തരമെവിടെ? ഛീ! ഛീ! വെളയട്ടു മക്കളെ, വെളയട്ട്–പിഞ്ചിലേ പറിച്ചാൽ നഞ്ച്.” (സ്ത്രീകൾക്കു സഹജമായുള്ള അനുസന്ധാനശീലത്തിന്റെ പ്രരണകൊണ്ട്) “ഇപ്പോഴത്തെ ലംഭ എവിടേന്നാണ്?” [ 97 ] കേശവപിള്ള: “ചിലമ്പിനേത്ത്—”
ഭഗവതി: (നെഞ്ചിലടിച്ച് മൂക്കത്തു വിരൽ വച്ചുകൊണ്ട്) “ചിലമ്പലത്തയൊ? എക്കു വയ്യേന്റമ്മച്ചീ! അവരു വല്യ കൊവേരന്മാരും കൊമ്പിച്ച വൊയിസ്രവണന്മാരുമല്യോ? അവടന്ന് ഒരു പെമ്പൊടി നമുക്കു കിട്ടുമോ? ഇതൊന്തൊരു കൂത്ത്!”
കേശവപിള്ള: “ചിലമ്പിനേത്തുകാരിയല്ല—”
ഭഗവതി: “പവതിക്കു തെറ്റുമോന്നേ? പിന്നെ ഏതു കുടുംബത്തിലെ കുറുമ്പയാണ്?
കേശവപിള്ള: (പരിഭവിച്ച്) “എന്തക്കായിത്?”
ഭഗവതി: “ഏതെന്തെരെന്ന്?”
കേശവപിള്ള: “ചിലമ്പിനേത്തു കഴിഞ്ഞാൽ കുറുമ്പയേ ഉള്ളോ?”
ഭഗവതി: “എന്റെ മക്കള്, ഇരുപത്നാലു കഴിഞ്ഞപ്പം, പെണ്ണു കൊണ്ടരണമെന്നു ചൊല്ലിയപ്പം, പവതിക്ക് ചെല്ലും ചേലും മറന്നപ്പം പോട്ട്, പോട്ട് —പറവിൻ. ഏതു കുടുംബത്തിലെന്നാണു കേട്ടത്?”
കേശവപിള്ള:“അതിന്റെ അടുത്ത് തെക്കേവീട്ടിലൊള്ളവളാണ്.” ആ സ്ത്രീക്ക് ചിലമ്പിനേത്തുനാമം കേട്ടപ്പോളുണ്ടായ ഉത്സാഹം ഭഗ്നമായി. താൻ ശ്രീവരാഹക്ഷത്രത്തിന്റെ തെക്കേഭവനത്തിൽ അണുമാത്രമെങ്കിലും തനിക്കുണ്ടോ? ഈ വിധമുള്ള ന്യായനിഗമനത്തോടുകൂടി ആ സ്ത്രീ മിണ്ടാതെ നില്ക്കുന്നതിനിടയിൽ, തന്റെ പുറപ്പട് ഋജ്ജുമാർഗ്ഗമായല്ലാതെ തുടങ്ങിയ തന്ത്രപ്പിഴയുടെ പരിഹാരത്തിനായി, കേശവപിള്ള തന്റെ ലളിതയുവത്വത്തെ നീക്കി, അയാളുടെ സാക്ഷാൽ പ്രകൃതമായ കാര്യസ്ഥഭാവത്തിൽ ഇങ്ങനെ പറഞ്ഞു: “അക്കൻ ഒന്നു പോയി പെണ്ണു കണ്ടിട്ടു വരണം. അങ്ങനെയാണു സംഗതിയെല്ലാം വന്നുകൂടിയിരിക്കുന്നത്.”
അവർ രണ്ടുപേരും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിതിക്ക് കേശവപിള്ളയുടെ അപ്പോഴത്തെ നിലയിലുണ്ടായ അപേക്ഷ ആ സ്ത്രീക്ക് ഒരു കല്പനതന്നെ ആയിരുന്നു. സാമാന്യമുള്ളവർ കേശവപിള്ളയുടെ ഒടുവിലത്തെ വാക്കുകളിൽനിന്ന് അയാൾ വിവാഹത്തിനു വാഗ്ദാനംചെയ്തുപോയി എന്നു വ്യാഖ്യാനിക്കുമായിരുന്നു. എന്നാൽ ബുദ്ധിസൂക്ഷ്മതയുള്ള ആ സ്ത്രീ ആ വാക്കുകളെ അർത്ഥമാക്കിയത് ഇങ്ങനെ ആയിരുന്നു. ചിലമ്പിനേത്തു മൂത്തപിള്ളയുടെ അനന്തരവനാണ് കൊലസ്സംഗതിയിൽ സംശയിക്കപ്പെട്ടിരിക്കുന്നത്. അവിടെ അടുത്തുള്ള ഈ സുന്ദരി അതിൽ എന്തോ സംബന്ധപ്പെട്ടിട്ടുണ്ട്. അതിലേക്കു വേണ്ടതാരാഞ്ഞുവരാൻ ഈ അഗാധാശയൻ നമ്മെ നിയോഗിക്കുന്നു. അതിനാൽ അയാളുടെ അപേക്ഷയെ സ്വീകരിക്കയേ നിവൃത്തിയുള്ളു. വിവാഹത്തിനുതന്നെയാണു പുറപ്പാടെന്നു കാണുന്നെങ്കിൽ അതിനെ തന്റെ യാത്രയിൽ വിഘാതപ്പെടുത്താൻ വേണ്ട സാമർത്ഥ്യം തനിക്കുണ്ട്. എന്തായാലും അയാളോടൊരു വാഗ്ദത്തത്തെ വാങ്ങിക്കൊണ്ടല്ലാതെ പുറപ്പെട്ടുകൂടാ. ഇങ്ങനെയുള്ള ആലോചനയോടും നിശ്ചയത്തോടും ആ സ്ത്രീ മന്ത്രാപദേശഗൗരവത്തിൽ പറയുന്നു: “എന്റെ പൊന്നുമക്കളെ കേൾപ്പിൻ. പെണ്ണു വേണമെങ്കില് പവതി കണ്ടുവച്ചിട്ടൊണ്ട്. വേഴ്ചയ്ക്കു ചന്തമല്ല നോക്കാനുള്ളത്—ഒന്നാമതു കൊലം പൊരുന്തണം. അതാലോചിച്ചാൽ ഞാൻ പറയുന്ന നങ്കകൊയിക്കാലിനെതിര് ഏതു തറവാടൊണ്ട്? അവിടന്ന് ഒരു പെണ്ണിനെ കൊണ്ടന്നെന്നു തമ്പുരാൻതന്നെ കേട്ടാൽ ഒടനടി സർവാധിക്ക് നീട്ട്! ഒന്നെന്നും രണ്ടെന്നുമില്ലതിന്.” ആ സ്ത്രീ ഇങ്ങനെ ദൗത്യം തനിക്കു ലബ്ധമാവുകയില്ലെന്നു വിചാരിച്ച് കേശവപിള്ള മിണ്ടാതിരുന്നു. ‘രാജാകേശവദാസ്’ എന്ന തിരുവിതാംകൂറിലെ പ്രഥമദിവാൻ നങ്കകോയിക്കലെന്ന ഭവനത്തിൽനിന്നു പരിഗ്രഹസ്വീകാരംചെയ്തിരുന്ന പരമാർഥസംഭവത്തെ അറിഞ്ഞിട്ടുള്ളവർ കർമ്മബന്ധംകൊണ്ടാണു നമ്മുടെ കഥായുവാവ് ഈ അവസരത്തിൽ മൗനാവലംബിയായിരുന്നതെന്നു സമർത്ഥിച്ചേക്കാം. ആ സ്ത്രീ മനസ്സുവയ്ക്കുന്ന സംഗതിയെ ഉപേക്ഷിച്ചുകളയുന്നവളല്ലായ്കയാൽ, പുറങ്കാലൊടിഞ്ഞ കസാലയുടെ ആകൃതിയിൽ സംവിഷ്ടയായി, അവർ തുടങ്ങിയ പ്രസ്താവനയെ ഉത്സാഹപൂർവ്വം തുടർന്നു. [ 98 ] അവരുടെ ദീർഘമായ പ്രസംഗത്തിൽ തിരുവിതാംകൂർ ചരിത്രകഥകളിൽ ഒരു പ്രജാജീവബലിക്കഥ അടങ്ങീട്ടുള്ളതുകൊണ്ട് അവരുടെ ദേശഭാഷാനിബിഡമായുള്ളതും പ്രാചീനമായ ഒരു സമ്പ്രദായത്തെത്തുടർന്നുള്ളതും ആയ കഥനത്തെ അതിന്റെ രീതിക്കു ഭംഗംവരാതെ സ്വല്പം മാത്രം പരിഷ്കരിച്ചും പദസന്ധികൾക്കും ക്രിയാപദപൂരണത്തിനും വാചകാന്തസൂചകമായും പ്രയോഗിക്കപ്പെട്ട ശബ്ദങ്ങളെ കുറച്ചും കഴിയുന്നതും സംക്ഷേപിച്ചും ഇവിടെ ചേർക്കുന്നു:
“സർവാധിക്കു നീട്ടൊടനെ എന്നു പറഞ്ഞതെന്തുകൊണ്ടെന്നോ? (വിളവംകോട്ടു മണ്ഡപത്തുംവാതുക്കൽ അരുമന അധികാരത്തിൽ) നങ്കകോയിക്കൽ വീട്ടിൽ കുറുപ്പു കുഞ്ചുപിരാട്ടി എന്ന പെരുമാനെ എന്റെ മകൻ കേട്ടിട്ടുണ്ടോ? ആ ലന്തപ്പട, പീരങ്കിനാട്ടിയ കപ്പലും ഉരുവും കൊണ്ട് ആദ്യം കുളച്ചൽ തുറയിലടുത്ത്, കുടിമുടിച്ചു തുടങ്ങിയപ്പോൾ കപ്പൽപ്പട കാണാൻ അറക്കുട്ടി (ജനൽ–ജാലകം) ഇട്ടു പള്ളിമാടവുംകെട്ടി, പള്ളിമാടത്തിനകത്തു തമ്പുരാനെഴുന്നള്ളി. ‘അറക്കുട്ടി തുറക്കട്ടെ’ എന്നു തമ്പുരാൻ കല്പന അരുളി. അപ്പോൾ ‘അയ്യോ ചതിക്കല്ലേ പൊന്നുതമ്പുരാനെ! കൊതിക്കുഴിഞ്ഞു തെറിക്കട്ടെ’ എന്നുരച്ചു; ഉത്രത്തിൽ കാൽ പിറന്ന്, മുപ്പത്തിരണ്ടു വയസ്സും ചെന്ന്, അരുമയ്ക്കരുമയായി വളർന്ന്, തിരുമേനി കാവലുംചെയ്തു പൊറുക്കും കുറുപ്പ്, മുൻനടക്കം തമ്പുരാനെത്തടഞ്ഞു പിന്നാക്കി, ‘ചാക്കേവാ’ എന്നു വിളിയുംകൊണ്ട്, അറക്കുട്ടിത്തുറന്നു കടലിലോട്ടു കണ്ണുനീട്ടി. പിന്നത്തെക്കഥ ചൊൽക ആമോ? പള്ളിമാടം കെട്ടിയവേള മുതലേ, തിരുമുടി ചൂടിയ തല കാത്ത്, കൊക്കുപോൽ പതിയിരുന്ന അക്കപ്പലാണ്ട കരുമനക്കൂട്ടം, ചേരനാട്ടുടയാർ തമ്പുരാർക്കായി ഉഴിഞ്ഞെറിഞ്ഞ തല പോക്കാകുംവണ്ണം, ലന്തപ്പോരാളികൾ ഇടിമലപോലെ പീരങ്കിയണിത്തീവായ്കൾ തുറന്നു. ഇടിത്തീ താങ്ങിയ തടിപോലെ ഉടൽ ചാഞ്ഞ് കുറുപ്പു വീഴുംകാഴ്ച, തൃക്കണ്ണാൽ കണ്ടിറങ്ങി, തന്റെ ഉപ്പുറവിന് എതിരുറവായ്, അത്തടി താങ്ങിക്കൊണ്ടാർ കുലശേഖരർ ശ്രീവീരമാർത്താണ്ഡവർമ്മർ, ചാക്കേറ്റു തലയറ്റ തടിയെ, മാൻതളിർവീരവാളിപ്പട്ടാൽ മൂടി, പൊൻതിളങ്ങും പള്ളിമേനാവേറ്റി, പെറ്റവയർ കാണുവാനായി, വളർകൊമ്പും കുഴലുമൂതി, മുരശുപെരുമ്പറയും താക്കി, പാണിപഞ്ചവാദ്യവും മുഴക്കി, മുത്തുക്കുട കുത്തുവിളക്ക് എന്നു തുടങ്ങി രാജപ്രസാദമുറയ്ക്കടുത്ത ആചാരഭിമാനം അടക്കമേ ചേർത്തുകൊണ്ട് തമ്പുരാനും തിരിച്ചാർ പടയുമാക. ഊരിലും പേരിലും പെരിയ പൊന്നുതമ്പുരാൻ തിരുവരവറിഞ്ഞ്, കുറുപ്പിന്റെ അമ്മയാർ ചെന്ന്, പട്ടുവിരിച്ചു പൂമുഖം കയറ്റി, പട്ടും പൊന്നും അടിയറവച്ചു തൃച്ചേവടികൾ വണങ്ങി. തമ്പുരാൻ ഏങ്ങി വിങ്ങിക്കരഞ്ഞു. ‘എന്തെൻ പൊന്മകനേ?’ എന്ന് അമ്മയാൾ കനിവുകൊണ്ടു. നാട്ടിനും ആ വീട്ടിനും ഉടയാരായ തമ്പുരാൻ എന്തരുളൂ എന്നാലും വന്നവാക്കിനു ചേർന്ന വാക്കായി ‘ഇന്നാൾ മുതൽക്കിനി അമ്മയാർക്ക് അരുമമകൻ ഞാൻതന്നേ’ എന്നു പൊന്നുവായാലരുളിച്ചെയ്തു ശ്രീവീരവഞ്ചിരാജർ. അറിവും നെറിവുമുള്ള ആ പെരുമചേർന്ന മങ്കയാർ, തൻതലയിൽകൊണ്ടു വിനയെ മനംകൊണ്ടു താങ്ങി, ‘അടിയൻ പെറ്റപേറേ പെരുമ്പേറു!’ എന്നു ചൊല്ലി; രാജരാജർ മനംതടവി, ഊരറിവാൻ ആളയച്ചു, ചന്ദനച്ചിതയും കൂട്ടി മകനെ എതിരേൽക്കാൻ നടയിലേ കാവൽനിന്നു. അപ്പോൾ, അരുമനയിൽ പെറ്റെടുത്തു, പെരുമയിൽ വളർന്നുവന്ന മകൻ പെരുമാൻ ഉടലുറങ്ങും വടിവെക്കണ്ടുരുകി പെരുകിയ കണ്ണുനീരെ ഉള്ളിറക്കി, അപ്പെരുംകുലം പിറന്ന മങ്ക, പൊൻമകനെ തഴുകിക്കൊണ്ട് ‘എന്നരശർ വാഴ്വീരോ—അരുമക്കൊടിക്കഴകാ—ആശമകനേടാ അഴകുള്ള മന്തിരിയേ’ എന്നു കിഴക്കു വിളിപ്പാടകത്തു നില്ക്കും ആ കൊട്ടാരത്തിൽ തന്റെ ഉടവാൾ ചാരിവച്ച്, ഉടലോ സ്വർഗ്ഗം പോയ തമ്പുരാൻ കേൾക്കുമാറ്, ഒറ്റമൊഴി ഒപ്പാരും ചൊല്ലി, പടുതടിയെ വീട്ടിനകത്തു കൊണ്ടുപോയി നീരാട്ടാടി,. . . ദുഃഖപായും വച്ചു വീണു. ഇന്നും എഴിച്ചിട്ടില്ല മകനേ–എൺപത്തിനാലു കഴിഞ്ഞു. അവരുടെ താപത്തീ നീ അണയ്ക്ക്. അതിനു സംഗതി വന്നാൽ നീ രാജ്യത്തിനു തലവനാകും. പൊന്നുതമ്പുരാൻ ദഹനവും നടത്തി, അന്നവിടെ ദുഃഖപ്പട്ടിണിയും കിടന്നു. ശേഷം ആ സംഭവത്തിന്റെ ഓർമ്മയ്ക്കായി തമ്പുരാൻ ചെയ്തിട്ടുള്ള ഏർപ്പാടുകളെ, എന്റെ മകൻ അന്വേഷിച്ചറിഞ്ഞുകൊള്ളുക. നിനക്കു പൊരുന്തിയ പ്രായത്തിൽ ഒരു കൊച്ചുനങ്ക കനകക്കനിപോലെ അവിടെയുണ്ട്.”
നങ്കകോയിക്കൽവീട്ടിന്റെ വകയായ ഇരണിയൽ തെക്കേ പൂമുഖത്തുവീടു സംബന്ധിച്ചുള്ള ഈ കഥയെ ബഹുവിധ സ്തോഭങ്ങളോട് ആ സ്ത്രീ പറയുന്നതിനിടയിൽ, കേശവപിള്ളയുടെ നേത്രങ്ങൾ ഉജ്ജ്വലിച്ചു. ഹൃദയം വികസിച്ച് വക്ഷോദേശാസ്ഥികളെ ഞെരിച്ചു. രക്തനാഡികളിൽ കൃമിസഞ്ചയങ്ങളുടെ ദ്രുതസഞ്ചാരമുണ്ടായതു പോലെ ഒരു വികാരമുണ്ടായി. ഉഗ്രരാജ്യഭിമാനിയായ രാജഭക്തശിരോമണിയുടെ നിര്യാണത്തെ അന്തശ്ചക്ഷസ്സുകൾ ദർശനംചെയ്തു. ആ മഹാപുരുഷന്റെ വർഗ്ഗത്തിൽ ജനിച്ച തന്റെ ഭാഗ്യത്തിന് അനുരൂപമായി കണ്ണുനീരു മുറവിളിയും, ആ കഥയിലെ ധീരജനയിത്രിയെത്തുടർന്ന് അകമേ സ്തംഭിച്ചു. തന്റെ അഭിനവമാതാവിന്റെ അഭീഷ്ടത്തെ സാധിച്ചുകൊടുപ്പാൻ നൈസർഗ്ഗികമായ ധൃതിയോടെ മനഃപ്രതിജ്ഞയും ചെയ്തു. എന്നാൽ, തൽക്കാലകഥയെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞത് തൊണ്ട ഇടറിക്കൊണ്ടായിരുന്നെങ്കിലും, ഇങ്ങനെ ആയിരുന്നു: “അങ്ങനെയുള്ള വലിയവരോട് നമുക്കടുക്കാമോ അക്കാ? നമുക്ക് ഞാൻ ആലോചിക്കുംപോലെയും, അക്കൻ പറയുംപോലെയും തന്നിലെളിയ സംബന്ധമല്ലയോ നല്ലത്?”
ഭഗവതി: “അതെ–അതു ‘ഏട്ടിലപ്പടി’, പയറ്റില് അങ്ങനെ വേണ്ടെന്ന് ആ നീതി പറഞ്ഞ ശാസ്രിതന്നെ ചൊല്ലീട്ടൊണ്ട്. എന്തായാലും ഒന്നു ചൊല്ലുണേ–പവതി അരത്തം ഉഴിഞ്ഞു വീട്ടിനകത്തു കേറ്റണമോ, അവടെ മനമെണങ്ങിയ പെണ്ണായിരിക്കണം. കഴക്കൂട്ടത്തു പോണ കാര്യത്തിന് ഇവൾ ഇതാ തിരിച്ചു. ചെലമ്പിനേത്തിന്റെ?. . .”
കേശവപിള്ള: “നേരെ തെക്കേത്.”
ഭഗവതി: “വീട്ടുപേര്?”
കേശവപിള്ള: “അതെനിക്കറിഞ്ഞുകൂടാ.” എന്തു മായങ്ങളോ എന്നു മന്ത്രിച്ചുകൊണ്ടു കേശവപിള്ളയുടെ അപേക്ഷപ്രകാരമെല്ലാം നടത്തിവരാമെന്നു വാഗ്ദത്തവും, വിവാഹം മാത്രം തന്റെ ഇഷ്ടപ്രകാരമല്ലാതെ നടക്കയില്ലെന്ന് ഉള്ളിലടക്കിയ ഒരു നിശ്ചയവും ചെയ്ത് ഭഗവതിഅക്കനും, ഏൽക്കുന്നതിലധികം നടത്തിവരുമെന്നു സമാശ്വസിച്ച് കേശവപിള്ളയും ആ സമ്മേളനത്തെ ശുഭമായി ഉപസംഹരിച്ചു.