താൾ:Dharmaraja.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മടങ്ങി കാലഭൈരവാരാധനയ്ക്കു ദീക്ഷകൊള്ളുന്ന കഥാരസത്തെ വക്താവിന്റെ മനോധർമ്മമാകുന്ന കൽക്കണ്ടത്തരിമേമ്പൊടികൊണ്ട് മധുരമാക്കി മഹാരാജാവിന്റെ ആസ്വാദനത്തിനായി പകർന്നു. ഈ കഥയിലെ ആപൽസ്കന്ധന്ധത്തെക്കുറിച്ച് ഓർമ്മവരികയാൽ, ആ ബ്രാഹ്മണൻ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കുതന്നെ അയാൾക്കുണ്ടായ മൂർച്ഛ നല്ലതിന്മണ്ണം നീങ്ങി ആ രാത്രിയിൽത്തന്നെ ഒരു സദ്യകൂടിയും ഉണ്ണാൻ തക്കവണ്ണം സുഖപ്പെട്ടിരുന്നതായി അവിടന്നു ധരിച്ചിരുന്നു എങ്കിലും, അയാളെ ഒന്നു കാണുന്നതിനായി, അന്നുദയത്തിലെ വ്യായാമസഞ്ചാരത്തെ പലഹാരപ്പുര ലക്ഷ്യമാക്കിച്ചെയ്‌വാൻ, അവിടത്തെ കൃപാർദ്രത പ്രാവാഹിപ്പിച്ചു. കേശവപിള്ളയുമായി കർണ്ണകഠിനമായ കണ്ഠസമരം ചെയ്തുകൊണ്ടിരുന്നു മാമാവെങ്കിടൻ, മഹാരാജാവിന്റെ ആഗമനദർശനത്തിൽ ചുടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ വേദനപ്പെട്ടു കുടഞ്ഞും സംഭ്രമിച്ചും പുറത്തുചാടി, ഹൃദയനാളത്തെക്കാളും അഗാധമായ ഒരു സഞ്ചികയിൽനിന്ന് ഉദ്ഗളിതമായ ഭക്തിയോടുകൂടി അഭിവാദനം ചെയ്തും, നാഭിയുടെ നിരപ്പിൽ നാസികാഗ്രം എത്തുംപടി കായത്തെ കുനിച്ച് വാപൊത്തി സവിനയം ബദ്ധശ്രമനായും, രാജകല്പനാപ്രതീക്ഷകനായി നിന്നു. ഇതിനിടയിൽ ബന്ധനംചെയ്‌വാൻ തരപ്പെടാത്ത കേശം ഇരുപാടും ചിതറിവീണ്, ക്ഷോഭകലുഷമായുള്ള അയാളുടെ മുഖത്തിന് ആ നിലയിലുണ്ടായ ഹനൂമച്ഛായയെ സവിശേഷം പുഷ്ടീകരിച്ചു. തന്റെ ക്ലിപ്തപ്രകാരമുള്ള വസ്ത്രങ്ങളണിഞ്ഞുമാത്രം തിരുമുമ്പിൽ പരിചരിച്ചിട്ടുള്ള മാമൻ, അനേകം ധന്യാദിപദാർത്ഥങ്ങളുടെ ധൂളികൾകൊണ്ട് കളമെഴുതപ്പെട്ട ശരീരത്തോടും, താംബൂലചർവ്വണത്താൽ നിണമെഴുകുന്ന വായോടും, വഡ്ഢിവൃത്തത്തിന്റെ ദൈർഘ്യത്തെ സൂക്ഷ്മമാനം മാത്രം ചെയ്യുന്ന തോർത്തുമുണ്ടോടും തിരുമുമ്പിൽ പ്രവേശിച്ചപ്പോൾ, മഹാരാജാവ് അയാളുടെ രോഗബാധ മുഴുവൻ നീങ്ങി എന്ന് ആശ്വസിച്ചു. കേശവപിള്ള കേൾക്കെ കുശലഭാഷണം നടത്തേണ്ടെന്നു ചിന്തിച്ച്, മാമൻകൂടി അനുഗമിപ്പാൻ ആംഗ്യത്താൽക്ഷണിച്ചുകൊണ്ട്, പലഹാരപ്പുരവാതുക്കൽനിന്നും നടന്നുതുടങ്ങി. പുറകേ എത്തുന്നതിനിടയിൽ മാമൻ ഏറെക്കുറെ കുഴങ്ങി, തന്റെ കൃതജ്ഞതയെ അറിയിച്ചുതുടങ്ങി: “തിരുവുള്ളത്താലെ നേത്തെയ്ക്ക് പെരിയ മഹാനുഗ്രഹമുണ്ടാച്ച്. എണ്ണെയ്ക്കും ഏഴവർഗ്ഗത്തെ ഇപ്പടിയേ കാപ്പാത്തി, ഭരജഡതരാക–ജഡഭരതരാക–പ്രഥുല—പൃഥുശക്രവർത്തിയാട്ടം ദീർഘായുഷ്മാനാക—”

മഹാരാജാവ്: “വല്ലടത്തുനിന്നും കിട്ടുന്ന അഷ്ടിക്ക് ഇവിടെയാണോ അനുഗ്രഹം?”

മാമാവെങ്കിടൻ: (പ്രാചീനഭാരതചക്രവർത്തികളുടെ നാമത്തെ തെറ്റി ഉച്ചരിച്ചിട്ടുണ്ടോ എന്നു സംശയിച്ചുണ്ടായ പരിഭ്രമത്തിനിടയിൽ) “എന്തപ്പയൽ തന്താലും അനുഗ്രഹദശാംശം–അല്ലെ, മുച്ചൂടും താൻ– സ്വാമിപ്രഭാവത്തുക്കുതാനെ ഉടമയിലെ കൊഞ്ചും ഏത്തവും, ശിന്നനുക്ക്—”

തന്റെ അനുകമ്പാജന്യമായ ഒരു ക്രിയയെക്കുറിച്ചുള്ള പ്രശംസകൾ കേൾക്കുന്നതിലുള്ള വൈമുഖ്യത്താലും, മാമനു വിശേഷിച്ചൊരു സുഖക്കേടുമില്ലെന്നു തൃപ്തിപ്പെട്ടതിനാലും, മഹാരാജാവ് അയാളുടെ സ്തോത്രങ്ങളെ തടഞ്ഞു. വലിയ അപകടമൊന്നുമുണ്ടാക്കാതെ ചിലമ്പിനേത്തുനിന്ന് ഇയാൾ പോന്നത് തന്റെ പ്രാർത്ഥനാവൈഭവം കൊണ്ടുതന്നെയെന്ന് ആശ്വസിച്ച്, പലഹാരപ്പുരയ്ക്കകത്തിരിക്കുന്നതാരാണെന്നു മാത്രം മഹാരാജാവു ചോദിച്ചു. മാമൻ തന്റെ യാത്രയുടെ പ്രേക്ഷകൻ ആരെന്നു പറയേണ്ടിവരുമെന്നു ശങ്കിച്ചും, ഏകാക്ഷരോച്ചാരണംകൊണ്ട് തിരിച്ചറിയപ്പെടാൻ വേണ്ട പ്രസിദ്ധി തന്റെ പൂജാപുരുഷനുണ്ടെന്നു വിചാരിച്ചും, ‘കേ’ എന്നു മാത്രം പറഞ്ഞു നിറുത്തി.

മഹാരാജാവ്: “ആരാണ്, കേളരോ?”

മാമാവെങ്കിടൻ: “നമ്മ—തൃപ്പാദ—കേശ—”

മഹാരാജാവ്: “ ഓഹൊ! കേശവപുരത്തു കുറുപ്പാണല്ലേ?”

മാമാവെങ്കിടൻ: “സ്വാമീ അവരല്ലൈ. അന്ത, കേശവൻ—കുഞ്ഞ്—”

മഹാരാജാവ്: അല്ലാ—അവനെ പിടിച്ചുകൊണ്ടുവരിക താൻ കഴിച്ചോ? കൊലയ്ക്കു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/91&oldid=158590" എന്ന താളിൽനിന്ന് ശേഖരിച്ചത്