താൾ:Dharmaraja.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കേശവപിള്ള: “ചിലമ്പിനേത്ത്—”

ഭഗവതി: (നെഞ്ചിലടിച്ച് മൂക്കത്തു വിരൽ വച്ചുകൊണ്ട്) “ചിലമ്പലത്തയൊ? എക്കു വയ്യേന്റമ്മച്ചീ! അവരു വല്യ കൊവേരന്മാരും കൊമ്പിച്ച വൊയിസ്രവണന്മാരുമല്യോ? അവടന്ന് ഒരു പെമ്പൊടി നമുക്കു കിട്ടുമോ? ഇതൊന്തൊരു കൂത്ത്!”

കേശവപിള്ള: “ചിലമ്പിനേത്തുകാരിയല്ല—”

ഭഗവതി: “പവതിക്കു തെറ്റുമോന്നേ? പിന്നെ ഏതു കുടുംബത്തിലെ കുറുമ്പയാണ്?

കേശവപിള്ള: (പരിഭവിച്ച്) “എന്തക്കായിത്?”

ഭഗവതി: “ഏതെന്തെരെന്ന്?”

കേശവപിള്ള: “ചിലമ്പിനേത്തു കഴിഞ്ഞാൽ കുറുമ്പയേ ഉള്ളോ?”

ഭഗവതി: “എന്റെ മക്കള്, ഇരുപത്നാലു കഴിഞ്ഞപ്പം, പെണ്ണു കൊണ്ടരണമെന്നു ചൊല്ലിയപ്പം, പവതിക്ക് ചെല്ലും ചേലും മറന്നപ്പം പോട്ട്, പോട്ട് —പറവിൻ. ഏതു കുടുംബത്തിലെന്നാണു കേട്ടത്?”

കേശവപിള്ള:“അതിന്റെ അടുത്ത് തെക്കേവീട്ടിലൊള്ളവളാണ്.” ആ സ്ത്രീക്ക് ചിലമ്പിനേത്തുനാമം കേട്ടപ്പോളുണ്ടായ ഉത്സാഹം ഭഗ്നമായി. താൻ ശ്രീവരാഹക്ഷത്രത്തിന്റെ തെക്കേഭവനത്തിൽ അണുമാത്രമെങ്കിലും തനിക്കുണ്ടോ? ഈ വിധമുള്ള ന്യായനിഗമനത്തോടുകൂടി ആ സ്ത്രീ മിണ്ടാതെ നില്ക്കുന്നതിനിടയിൽ, തന്റെ പുറപ്പട് ഋജ്ജുമാർഗ്ഗമായല്ലാതെ തുടങ്ങിയ തന്ത്രപ്പിഴയുടെ പരിഹാരത്തിനായി, കേശവപിള്ള തന്റെ ലളിതയുവത്വത്തെ നീക്കി, അയാളുടെ സാക്ഷാൽ പ്രകൃതമായ കാര്യസ്ഥഭാവത്തിൽ ഇങ്ങനെ പറഞ്ഞു: “അക്കൻ ഒന്നു പോയി പെണ്ണു കണ്ടിട്ടു വരണം. അങ്ങനെയാണു സംഗതിയെല്ലാം വന്നുകൂടിയിരിക്കുന്നത്.”

അവർ രണ്ടുപേരും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിതിക്ക് കേശവപിള്ളയുടെ അപ്പോഴത്തെ നിലയിലുണ്ടായ അപേക്ഷ ആ സ്ത്രീക്ക് ഒരു കല്പനതന്നെ ആയിരുന്നു. സാമാന്യമുള്ളവർ കേശവപിള്ളയുടെ ഒടുവിലത്തെ വാക്കുകളിൽനിന്ന് അയാൾ വിവാഹത്തിനു വാഗ്ദാനംചെയ്തുപോയി എന്നു വ്യാഖ്യാനിക്കുമായിരുന്നു. എന്നാൽ ബുദ്ധിസൂക്ഷ്മതയുള്ള ആ സ്ത്രീ ആ വാക്കുകളെ അർത്ഥമാക്കിയത് ഇങ്ങനെ ആയിരുന്നു. ചിലമ്പിനേത്തു മൂത്തപിള്ളയുടെ അനന്തരവനാണ് കൊലസ്സംഗതിയിൽ സംശയിക്കപ്പെട്ടിരിക്കുന്നത്. അവിടെ അടുത്തുള്ള ഈ സുന്ദരി അതിൽ എന്തോ സംബന്ധപ്പെട്ടിട്ടുണ്ട്. അതിലേക്കു വേണ്ടതാരാഞ്ഞുവരാൻ ഈ അഗാധാശയൻ നമ്മെ നിയോഗിക്കുന്നു. അതിനാൽ അയാളുടെ അപേക്ഷയെ സ്വീകരിക്കയേ നിവൃത്തിയുള്ളു. വിവാഹത്തിനുതന്നെയാണു പുറപ്പാടെന്നു കാണുന്നെങ്കിൽ അതിനെ തന്റെ യാത്രയിൽ വിഘാതപ്പെടുത്താൻ വേണ്ട സാമർത്ഥ്യം തനിക്കുണ്ട്. എന്തായാലും അയാളോടൊരു വാഗ്ദത്തത്തെ വാങ്ങിക്കൊണ്ടല്ലാതെ പുറപ്പെട്ടുകൂടാ. ഇങ്ങനെയുള്ള ആലോചനയോടും നിശ്ചയത്തോടും ആ സ്ത്രീ മന്ത്രാപദേശഗൗരവത്തിൽ പറയുന്നു: “എന്റെ പൊന്നുമക്കളെ കേൾപ്പിൻ. പെണ്ണു വേണമെങ്കില് പവതി കണ്ടുവച്ചിട്ടൊണ്ട്. വേഴ്ചയ്ക്കു ചന്തമല്ല നോക്കാനുള്ളത്—ഒന്നാമതു കൊലം പൊരുന്തണം. അതാലോചിച്ചാൽ ഞാൻ പറയുന്ന നങ്കകൊയിക്കാലിനെതിര് ഏതു തറവാടൊണ്ട്? അവിടന്ന് ഒരു പെണ്ണിനെ കൊണ്ടന്നെന്നു തമ്പുരാൻതന്നെ കേട്ടാൽ ഒടനടി സർവാധിക്ക് നീട്ട്! ഒന്നെന്നും രണ്ടെന്നുമില്ലതിന്.” ആ സ്ത്രീ ഇങ്ങനെ ദൗത്യം തനിക്കു ലബ്ധമാവുകയില്ലെന്നു വിചാരിച്ച് കേശവപിള്ള മിണ്ടാതിരുന്നു. ‘രാജാകേശവദാസ്’ എന്ന തിരുവിതാംകൂറിലെ പ്രഥമദിവാൻ നങ്കകോയിക്കലെന്ന ഭവനത്തിൽനിന്നു പരിഗ്രഹസ്വീകാരംചെയ്തിരുന്ന പരമാർഥസംഭവത്തെ അറിഞ്ഞിട്ടുള്ളവർ കർമ്മബന്ധംകൊണ്ടാണു നമ്മുടെ കഥായുവാവ് ഈ അവസരത്തിൽ മൗനാവലംബിയായിരുന്നതെന്നു സമർത്ഥിച്ചേക്കാം. ആ സ്ത്രീ മനസ്സുവയ്ക്കുന്ന സംഗതിയെ ഉപേക്ഷിച്ചുകളയുന്നവളല്ലായ്കയാൽ, പുറങ്കാലൊടിഞ്ഞ കസാലയുടെ ആകൃതിയിൽ സംവിഷ്ടയായി, അവർ തുടങ്ങിയ പ്രസ്താവനയെ ഉത്സാഹപൂർവ്വം തുടർന്നു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/97&oldid=158596" എന്ന താളിൽനിന്ന് ശേഖരിച്ചത്