താൾ:Dharmaraja.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേശവപിള്ള: “അമൃതം–ദേവകടെ അമൃതേ, അതുപോലെ എന്നാണ് ഞാൻ പറഞ്ഞത്. അത്ര രുചിയുണ്ടായിരുന്നു.” നിയമത്തിലധികം താൻ ശ്ലാഘിക്കപ്പെടുന്നത്, തന്റെ പ്രേമഭാജനമായ ആ യുവാവിന്റെ എന്തോ സ്വകാര്യേച്ഛാപ്രകടനത്തിന്റെ പൂർവ്വരംഗമാണെന്ന്, അവരുടെ കുശാഗ്രബുദ്ധി ദർശിച്ചു എങ്കിലും, അതിനു പ്രതികൂലമായ കൗശലരീതിയെ അനുവർത്തിപ്പാൻ തന്റെ മാതൃഭാവംകൊണ്ട് മനസ്സു വരായ്കയാൽ, അവർ ചിരിച്ചുകൊണ്ട് സ്പഷ്ടമേ തന്റെ അന്തർഗ്ഗതത്തെ തുറന്ന്, “പവതി ആനയോ മറ്റോ ആണോ മക്കളെ? ഛീ! ഛീ! വിഛ്വാതമുണ്ടെങ്കിലേ മനുഷ്യരു കിടന്നുപൊറുക്കു. പറവിൻ! ശുമ്മാ പറവിൻ! മിഞ്ഞി വിളിച്ചല്യോ ചൊല്ലണത്.” (വിവാഹകാര്യത്തിനു ചേരുന്ന രസത്തെ അഭിനയിച്ച്) “എന്തരിന് ഒളിക്കണു? ചാതകം വാങ്ങിച്ചോ? തേയ്തി നിച്ചയിച്ചോ? ആരെയൊക്കെ വിളിക്കണു? ചരക്കെത്തറ പണത്തിന്? അക്കൻകൂടി ഇത്തിരി കേക്കട്ടെ.”

കേശവപിള്ള: (ആ സ്ത്രീയുടെ അഗാധബുദ്ധിയെക്കുറിച്ചുള്ള അഭിനന്ദനത്തെ അമർത്തിക്കൊണ്ടും ഗൗരവമായുള്ള ആലോചനാഭാവത്തെ പ്രത്യേകം നടിച്ചും) “ശരിതന്നക്കാ—അക്കന്റടുത്ത്, അകത്തൊന്ന് മുഖത്തൊന്ന് എന്നുള്ള സമ്പ്രദായം കാണിക്കാൻ എനിക്കു കഴിയുന്നില്ല. അക്കന്റെ കണ്ണിൽ ആർക്കുതന്നെ പൊടിയിടാൻ കഴിയും? ” (അങ്ങനെ എന്ന് അവർ തലയാട്ടി) “ഒരു—വല്ലടത്തുന്നും—അക്കൻ ചിരിക്കുണു—എനിക്കു പെണ്ണും വേണ്ട മണ്ണും വേണ്ട.”

ഭഗവതി: “അയശ്യൊ ശതിക്കല്ലെ. അങ്ങനെ ചണ്ടപിടിച്ചോണ്ട് സന്ന്യസിച്ചാൽ, പവതിക്കു താലോലിപ്പാൻ ഒരു ഇമ്പിടിക്കൊച്ച് കിട്ടണ്ടയോ?”

കേശവപിള്ള: “ഒരുത്തിയെ കൊണ്ടന്നാൽ അക്കനു സഹായമാകുമല്ലോ എന്നൊരാലോചനയാണ്.”

ഭഗവതി: “എക്കിപ്പം ഒരു തൊണയും വേണ്ടപ്പീ. അതു മാത്തറമല്ല അതൊക്കെ കണ്ടും കരുതിയും ചെയ്യണം. ഛടഫടാന്നൊന്നും ചെയ്തുകൂടാത്ത കാര്യമല്യോ? എന്തായാലും ഒരു പടികൂടി കേറീട്ടേ അതാവൂ മക്കളെ. ആരാണ്ടെ കലം മഴക്കിയാലും, പോക്കില്ലാതെ പെണ്ണു കൊണ്ടരരുത്. എന്നും അടീം പിടീം ആവും. നമുക്കു പോക്കു മൂത്തൻമൊതലാളി അറിഞ്ഞാല്, എന്തും താങ്ങും–എന്നാലും, ഛേ! അങ്ങനെ പാടില്ല. എന്റെ മക്കക്കു വെല കൂടട്ടു മക്കളെ. വല്യ ഉദ്യോഗത്തിലായാല് ആകായം മുട്ടെ വെല കൂടും. അപ്പം എന്റെ മക്കക്കു, ഒത്ത പെണ്ണു തരാൻ കൊമ്പച്ചക്കറുപ്പമാരു വട്ടമിട്ട് വരം കൊടക്കൂല്യോ?”

കേശവപിള്ള: “അതു ശരിതന്നെ—എന്നാൽ അടുത്ത പടിയിൽ എന്തു ചെല്ലുമെന്നാർക്കറിയാം? വയസ്സ് ഇരുപത്തിനാലുമായി. നല്ല പെണ്ണൊന്ന് ഒരിടത്തിരിക്കുന്നുമുണ്ട്: അതിസുന്ദരി! നല്ല പ്രായം, നല്ല തരം, നല്ല ശീലം എന്നൊക്കെക്കേട്ടു.”

ഭഗവതി: (മാമാവെങ്കിടന്റെ യാത്രാഫലമായിട്ടാണ് ഈ ദുർഘടം ഉണ്ടായിരിക്കുന്നതെന്നു സംശയിച്ച് ദ്വേഷ്യത്തിലും ആക്ഷപേഭാവത്തിലും) “അതെയതെ! ഇരുന്നോണ്ടു വെളിച്ചില് പറയണ കണ്ടില്യൊ? അയ്യപ്പാണ്ടപ്പിള്ളകതയിൽപോലെ, ‘നെറ്റിച്ചൂട്ടിയൊണ്ട്, നാലുകാലിച്ചെലമ്പൊണ്ട്, വാലിപ്പൂവാലൊണ്ട്, അടിവയറ്റി മറയൊണ്ട്, കാളവില കാണാൻ വാടി പൊന്നരീപൂമാലേ’ എന്നല്യെ തൊടങ്ങണത്? പൈവൊ കാളയൊ മറ്റൊ ആണൊ പെണ്ണിന്റെ ചുഴിയും ചീലവും നോക്കാൻ–എല്ലാമൊക്കുമെങ്കിലും അവിടെ ഇരിക്കട്ട്!” (സാമവാദമായി) “എന്റെ പിള്ളയ്ക്കു ചേർന്ന പെണ്ണൊണ്ട്–പവതി കൊണ്ടരീഞ്ചെയ്യും. അപ്പം കട്ടീം കവണീം ഉടുത്ത്, പൊന്നുകെട്ടിയ നാരായവും പിയ്യാത്തിയും ചെരുവി, ഒരഞ്ചാറു പട്ടക്കാറും, ഒക്കെക്കൂടി ചങ്ങലവെളക്കും പിടിച്ച്, വേണ്ട കൂട്ടത്തിന്റെ നുയ്മ്പില്, കയ്യും വീയി, പവതി കാണാം പോണ പെറവടി (പ്രൗഢി) എവിടെ? ഇപ്പഴത്തെ മേനിക്ക്, ചൂട്ടുംകെട്ടി, കൊച്ചാളമ്പി വേഴത്തില്, ഇരുട്ടുകൂത്തിന് പോണ കൊഞ്ചത്തരമെവിടെ? ഛീ! ഛീ! വെളയട്ടു മക്കളെ, വെളയട്ട്–പിഞ്ചിലേ പറിച്ചാൽ നഞ്ച്.” (സ്ത്രീകൾക്കു സഹജമായുള്ള അനുസന്ധാനശീലത്തിന്റെ പ്രരണകൊണ്ട്) “ഇപ്പോഴത്തെ ലംഭ എവിടേന്നാണ്?”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/96&oldid=158595" എന്ന താളിൽനിന്ന് ശേഖരിച്ചത്