താൾ:Dharmaraja.djvu/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശോഭിപ്പോൾ, ശീലാവതിയാട്ടം ധർമ്മപത്നിശുശ്രൂഷയെ അനുഷ്ഠിപ്പാൾ. ബഹുകാലം തപസ്സുചെയ്താക്കാലും അന്തപ്പടി ഒരു കന്യകയെ ഉനക്കു കിടയാതു. അടെ ചൊല്ലവേണുമാ? എൻ കടുകട്ടിയപ്പനാകട്ടും, അപ്പൻ തലയിലെ മിതിത്തവനാകട്ടും, എന്ത അന്തകാന്തകനാഹട്ടും, അന്ത രതിവിലാസവിരാജമാനധാമത്തെ കണ്ണാലെ പാർത്തതോ, അവൻ കഥൈ—ധുടി! പിള്ളായ്, ധുടി!”

കേശവപിള്ള: “നാരായണ! ഇങ്ങനെയുള്ള പാരിജാതം എവിടെ വിടർന്നു നില്ക്കുന്നു?”

മാമാവെങ്കിടൻ: "ചിലമ്പിനേത്തുവീട്ടുക്ക് നേരെ തെക്കുപ്പക്കം"

കേശവപിള്ള: “അല്ല, മിനിഞ്ഞാന്നു പോയ മാമൻ അവരെക്കുറിച്ച് ഇത്രമാത്രം സ്തുതിക്കണമെങ്കിൽ കഥ കേമമായിരിക്കണമല്ലോ—” എന്നു പറഞ്ഞുകൊണ്ട്, കേശവപിള്ള ആ കൂടിക്കാഴ്ചയെ നിറുത്തുന്നതിനു തീർച്ചയാക്കി. ചിലമ്പിനേത്തു ചന്ത്രക്കാറന്റെ സമീപത്ത് കുടുംബനാമം പറഞ്ഞുകൂടാത്തതായി താമസിക്കുന്ന സ്ത്രീകൾ ആരാണെന്നറിവാൻ അയാൾക്കു ബലമായ ഒരുൽക്കണ്ഠയുണ്ടായി. തനിക്കു ജോലിയുണ്ടെന്നു പറഞ്ഞ് അവിടെനിന്നും പിരിഞ്ഞു. കേശവപിള്ളയുടെ യാത്രയെ തടയാതെ മാമൻ മനഃക്ഷീണത്തോടുകൂടി ഇങ്ങനെ ചിന്തചെയ്തു: ‘പാതാളമാട്ടം ആഴപ്പുള്ളി. ആനാലും ഉത്തമൻ. ഇന്നലെ നമ്മുടെ വാർത്തയെ കേട്ടപ്പോൾ എത്ര സംഭ്രമിച്ചു? നമ്മെ വലിയ കൃപയാണ്. ആ കുഞ്ഞിട്ടി മീനാക്ഷിയെ ഇയാൾ ഗോപിതൊടീക്കും. അങ്ങനെ മാമന്റെ വൈഭവം അങ്ങും പുകഞ്ഞു, ഇങ്ങും പുകഞ്ഞു. അങ്ങോട്ടു പോയതേ കണ്ടകശ്ശനിക്ക്. ഇനി ജന്മമുള്ളകാലം, പർണ്ണാദഭട്ടന്റെ വൃത്തി നമുക്കു വേണ്ടേ വേണ്ട. പട്ടർക്കും ഒരിക്കലൊക്കെ പറ്റിപ്പോവും.”

മാമാവെങ്കിടൻ ഇങ്ങനെ ആത്മഗതപ്രകടനങ്ങൾ ചെയ്യുന്നതിനിടയിൽ, കേശവപിള്ള തന്റെ ഉദ്യോഗസ്ഥലത്തുചെന്ന്, രാജസന്നിധിയിൽനിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്നതുകൊണ്ടു നിരുത്സാഹനാകാതെ, തന്റെ ജോലികളെ ഭക്തിയോടും ഏകാഗ്രചിത്തതയോടും തീർത്ത്, താമസസ്ഥലത്തുചെന്ന് ഊണുകഴിച്ച്, ഇങ്ങനെ മനോരാജ്യം തുടങ്ങി: “ഹരിപഞ്ചാനനന് ദൈവാനുഗ്രഹംകൊണ്ടു സിദ്ധിച്ചിട്ടുള്ള ശരീരത്തിന്റെ സുഭഗതയും പൂർണ്ണസുഖവും രാക്ഷസമായുള്ള ബലവും ബുദ്ധിയുടെ ദർശനഗ്രഹണാദിശക്തിയും ജ്ഞാനസമ്പത്തിന്റെ വിവിധത്വവും, കാഷായവസ്ത്രത്താൽ ദൃഢീകൃതമായ ആത്മരക്ഷാവിശ്വാസത്തോടുകൂടി, അദ്ദേഹത്തിന്റെ നേർക്ക് യാതൊരു അപരാധവും ചെയ്തിട്ടില്ലാത്ത തന്റെ രാജ്യസിംഹാസനത്തെ ഇളക്കാനും എടുത്തു മറിക്കാനും നിയോഗിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാവത്വത്തിനും എന്തോ മോഹഭ്രമത്തിനും അദ്ദേഹം അടിമപ്പെട്ട്, സ്വശിഷ്യസംഘത്തെ മാത്രമല്ല, ലക്ഷോപലക്ഷങ്ങളായ സഹോദരിളേയും അന്ധരാക്കി, നാശഗർത്തത്തിൽ വീഴിക്കുന്നു. ഇതിനെ നിരോധിക്കുന്നതിന് ഗൃഹജനധനാദികളായ ഉപകരണങ്ങൾ ഇല്ലാത്തവനും രാജ്യകാര്യങ്ങളിലും തന്ത്രങ്ങളിലും കേവലം ബ്രഹ്മചര്യാശ്രമസ്ഥനും ആയ തന്നാൽ കഴിവ് എന്തുണ്ട്? രാജ്യദ്രോഹത്തിനുതന്നെ യോഗീശ്വരന്റെ ശ്രമമെന്ന് മാമാവെങ്കിടനെ അകറ്റിയ ഉപായം വെളിപ്പെടുത്തുന്നു. ആട്ടെ നിശ്ശബ്ദമായി പണിചെയ്ത് ശത്രുസംഹാരത്തെ സാധിപ്പാൻ സത്യസ്വരൂപൻ തനിക്കു പരമശക്തിയെ നൽകി അനുഗ്രഹിക്കട്ടെ.” അങ്ങനെ ഒരു ശക്തി ഉണ്ടെന്നുള്ള ബോധം അയാളുടെ മനസ്സിൽ ശുക്രബ്രഹ്മർഷിക്ക് ജന്മനാ സിദ്ധമായ തപശ്ശക്തിപോലെ പ്രകാശിച്ചു. ചിലമ്പിനേത്തു ‘കനക’ശക്തിയും അതിന്റെ തെക്കേ ഗൃഹത്തിൽ ‘കാമിനി’ശക്തിയും, ആ സ്ഥലത്ത് ഹരിപഞ്ചാനനസാന്നിദ്ധ്യവും സമ്മേളിച്ചിരിക്കുന്ന രഹസ്യാവസ്ഥയുടെ സൂക്ഷമഗ്രഹണം ആവശ്യമെന്നു കേശവപിള്ള നിശ്ചയിച്ചു. യോഗീശ്വരമാന്ത്രികത്വത്തിനെ ഭഞ്ജിക്കാൻ പ്രതിമാന്ത്രികശക്തി തന്റെ കൈവശമുള്ളതിനെ ഓർത്തുണ്ടായ പുഞ്ചിരിയോടുകൂടി, അയാൾ തനിക്കുണ്ടായിട്ടുള്ള രാജശിക്ഷാവൃത്താന്തത്തെ ധരിച്ചിട്ടുള്ള പാചകിയെ വരുത്തി അവരോട് തന്ത്രത്തിൽ ഒരു സംഭാഷണം തുടങ്ങി:

കേശവപിള്ള: “അക്കാ, ഇന്നത്തെ കൂട്ടാനെല്ലാം അമൃത് അമൃതുപോലെ.”

ഭഗവതി: “അമൃതുപോലെ കയ്ച്ചൊ മക്കളെ? അങ്ങനെ വന്നതെന്ത്?”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/95&oldid=158594" എന്ന താളിൽനിന്ന് ശേഖരിച്ചത്