താൾ:Dharmaraja.djvu/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ പൂച്ചസന്ന്യാസിത്തമൊന്നും നമ്മോടെടുക്കേണ്ട—ചുരുക്കംപറഞ്ഞ് മാമന്റെ പാട്ടിനുപോട്ടെ.” (അഭിനയത്തോടുകൂടി “സന്ധിച്ചിപ്പേൻ തവ ഖലു മനം ഭൈമിതന്മാനസത്തോടിന്ദ്രൻ താനേ വരികിലിളകാ കാ കഥാന്യേഷു രാജൻ.”

മാമാവെങ്കിടൻ സ്വയംകൃതിയായി തനിക്കുവേണ്ടി ഒരു പ്രോമദൗത്യത്തെ നിർവഹിച്ച് വിജയവാദം ചെയ്കയാണെന്ന് കേശവപിള്ളയ്ക്കു തോന്നി. തന്റെ നാമത്തെ ഉച്ചരിച്ചപ്പോൾ പ്രണയപരവശയായ ആ സ്ത്രീ ആരെന്നറിവാൻ ആ തന്ത്രവിദഗ്ദ്ധനായ യുവാവിന് ഒരു കൗതുകമുണ്ടായി, മാമാവെങ്കിടനെ പിടിച്ചിരുത്തി. തന്റെ വാക്കുകളിൽനിന്നും യാതൊരു സൂചനയും ഉണ്ടാകാതെ സൂക്ഷിച്ച്, ഇങ്ങനെ ചോദിച്ചു: “പറയണം മാമാ മുഴുവനും കേൾക്കട്ടെ. മാമൻ സാമാന്യനാണോ? എന്റെ മുഖസന്തോഷം കണ്ടില്ലയോ?”

മാമാവെങ്കിടൻ ഞെളിഞ്ഞിരുന്നു ചുമന്ന പൂണൂലിനെ പിടിച്ചു നഖംകൊണ്ടു ശുഭ്രതവരുത്തുന്ന പ്രയോഗം ചെയ്തും മുറുക്കി വായ്ക്കൊണ്ടിരുണ താംബൂലാസവത്തെ സന്തോഷച്ചിരി വിളങ്ങുകയാൽ മൂക്കിലും വായ്ക്കിരുഭാഗത്തുമുള്ള ചാലിലും കൂടി പുറപ്പെടുവിച്ചും, തന്നാൽ നിർവഹിക്കപ്പെട്ട സന്ദേശവൃത്തത്തെ ഇതിന്മണ്ണം കഥിച്ചു: “അങ്ങനെ ‘കഥയ കഥയ പുനരിനെ’യെന്നല്ലെ? പറയാം.” (ഞൊടിച്ചു താളംപിടിച്ചുകൊണ്ട്) “അതുച്ഛമാം ജവംപൂണ്ടുൽപ്പതിച്ചു കുണ്ഡിനപുരം’ കുണ്ഡിനം എന്നു പറഞ്ഞതു പറയാനുണ്ടോ? ചിലമ്പിനേത്തിനടുത്ത മന്ത്രകഷായക്കുടം എന്ന ഭവനംതന്നെ. ‘ഗമിച്ചൂ തദുപവനമതിൽച്ചെന്നുവസിച്ചേൻ ഞാൻ—’ ഉപവനം നമ്മുടെ കുഞ്ഞുകാമസന്യാസീടെ സങ്കേതസ്ഥലം— അപ്പോൾ, ‘അകിൽ ചെംകുങ്കുമച്ചാറും’—”

കേശവപിള്ള: “നാശമായി—ഈ ആട്ടപ്പാട്ടെല്ലാം വെന്തുമുടിഞ്ഞെങ്കിൽ—”

മാമാവെങ്കിടൻ: “ഒത്താശചെയ്താൽ, പിഴപ്പു മുട്ടിപ്പാനാണോ അനുഗ്രഹം പിള്ളേ? അതിനു കരാറില്ല. പോട്ടെ, മുഷിയണ്ട. കഥയെല്ലാം ചുരുക്കിപ്പറഞ്ഞേക്കാം. അസ്സൽപെണ്ണ്! ‘കമനിരത്നകനക’, അതു വിട്ടു. പാലും പഞ്ചസാരയുംപോലെ നിങ്ങൾ രണ്ടുപേരും ദിവ്യമായിച്ചേരും. ഒരു വിരോധവുമില്ല. സ്ഥിതിയെല്ലാം എനിക്കറിയാം. വളരെ വളരെ നന്ന്–”

കേശവപിള്ള: “ഏതു വീട്ടുകാരിയെന്ന് ഒന്നാമതു പറയണം. ഞാൻ അങ്ങനെ ഒരുത്തിയെ കണ്ടിട്ടും കേട്ടിട്ടുമില്ല.”

ഉടനെ വീട്ടുപേരു പറവാൻ മാമൻ തയ്യാറില്ലായിരുന്നു. പരസ്പരം പരിചയമില്ലെന്ന് കേശവപിള്ള പറയുന്നതിനെ വിശ്വസിക്കാതിരിപ്പാൻ ആ യുവാവിന്റെ മുഖഭാവം കണ്ടിട്ട് മാമാവെങ്കിടനു തോന്നിയതുമില്ല. ആ അപകടക്കാരന്റെ ചോദ്യം മർമ്മചോദ്യവുമാണ്. അതിനാൽ, അങ്ങോട്ട് അതിന്മണ്ണമുള്ള ചോദ്യം ചെയ്യാഞ്ഞാൽ തോൽക്കേണ്ടിവരുമെന്ന് മാമാവെങ്കിടൻ നിശ്ചയിച്ചു: “കുഞ്ഞിന്റെ വീട്ടുപേരെന്താണ്? അതു പറഞ്ഞാൽ മറ്റതു പറയാം.” എന്നു പറഞ്ഞ് കള്ളക്കുതിരയെപ്പോലെ നിലയൂന്നി.

കേശവപിള്ള: “മറ്റത് എനിക്കു കേൾക്കെണ്ടെന്നുവച്ചാലോ?”

മാമാവെങ്കിടൻ കുഴങ്ങി. ഈ യുവാവിന്റെ പേരു പറഞ്ഞപ്പോൾ, ആ ബാലിക ശൃംഗാരചേഷ്ടകളേയും, മറ്റവർ ഹർഷാശ്രുക്കളേയും വർഷിച്ചതുകൊണ്ടും മറ്റും, ഏതുവിധവും വിവാഹത്തെ നിർവഹിക്കാമെന്നു താൻ വാഗ്ദത്തംചെയ്തു. അങ്ങനെ ഒരു കൂട്ടക്കാരെ ഒരുവിധവും പരിചയമില്ലെന്നു കേശവപിള്ള പറകയും ഭാവിക്കയും ചെയ്യുന്നു. എങ്കിലും തന്റെ ശ്രമത്തെ ഒരു കടവടുപ്പിക്കണമെന്നു നിശ്ചയിച്ച്, ഇങ്ങനെ വാദിച്ചുതുടങ്ങി: “അടെ അപ്പൻ! ഒന്നുടെ കൈയിലെ വീരശങ്കിലിയും പോട്ട്, ഒടവാളെയും തന്താൽ, എപ്പടി ലസത്തുലസത്താക വിളംകുവായോ, അപ്പടിയേ, ഉൻപക്കത്തിലെ അന്തത്തങ്കക്കൊടിപ്പതിനിയാൾ കമലവാഹനമാട്ടം പ്രകാശിപ്പാൾ; ആകാശകുസുമമാട്ടം ഒന്നുടെ മനസ്സുക്ക് എപ്പോതും ഘുമുഘുമാ സൗരഭ്യാമൃതത്തെ ധടധടായമാനമാക വരിഷിപ്പാൾ! ഗാനത്താലെ ഒന്നുടെ മരക്കർണ്ണത്തൂക്കു ഗന്ധർവസ്വർഗ്ഗാനന്ദത്തെ കുടുപ്പാൾ; ഗൃഹത്തുക്ക് ദീപസ്തംഭമാക അവൾ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/94&oldid=158593" എന്ന താളിൽനിന്ന് ശേഖരിച്ചത്