താൾ:Dharmaraja.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവരുടെ ദീർഘമായ പ്രസംഗത്തിൽ തിരുവിതാംകൂർ ചരിത്രകഥകളിൽ ഒരു പ്രജാജീവബലിക്കഥ അടങ്ങീട്ടുള്ളതുകൊണ്ട് അവരുടെ ദേശഭാഷാനിബിഡമായുള്ളതും പ്രാചീനമായ ഒരു സമ്പ്രദായത്തെത്തുടർന്നുള്ളതും ആയ കഥനത്തെ അതിന്റെ രീതിക്കു ഭംഗംവരാതെ സ്വല്പം മാത്രം പരിഷ്കരിച്ചും പദസന്ധികൾക്കും ക്രിയാപദപൂരണത്തിനും വാചകാന്തസൂചകമായും പ്രയോഗിക്കപ്പെട്ട ശബ്ദങ്ങളെ കുറച്ചും കഴിയുന്നതും സംക്ഷേപിച്ചും ഇവിടെ ചേർക്കുന്നു:

“സർവാധിക്കു നീട്ടൊടനെ എന്നു പറഞ്ഞതെന്തുകൊണ്ടെന്നോ? (വിളവംകോട്ടു മണ്ഡപത്തുംവാതുക്കൽ അരുമന അധികാരത്തിൽ) നങ്കകോയിക്കൽ വീട്ടിൽ കുറുപ്പു കുഞ്ചുപിരാട്ടി എന്ന പെരുമാനെ എന്റെ മകൻ കേട്ടിട്ടുണ്ടോ? ആ ലന്തപ്പട, പീരങ്കിനാട്ടിയ കപ്പലും ഉരുവും കൊണ്ട് ആദ്യം കുളച്ചൽ തുറയിലടുത്ത്, കുടിമുടിച്ചു തുടങ്ങിയപ്പോൾ കപ്പൽപ്പട കാണാൻ അറക്കുട്ടി (ജനൽ–ജാലകം) ഇട്ടു പള്ളിമാടവുംകെട്ടി, പള്ളിമാടത്തിനകത്തു തമ്പുരാനെഴുന്നള്ളി. ‘അറക്കുട്ടി തുറക്കട്ടെ’ എന്നു തമ്പുരാൻ കല്പന അരുളി. അപ്പോൾ ‘അയ്യോ ചതിക്കല്ലേ പൊന്നുതമ്പുരാനെ! കൊതിക്കുഴിഞ്ഞു തെറിക്കട്ടെ’ എന്നുരച്ചു; ഉത്രത്തിൽ കാൽ പിറന്ന്, മുപ്പത്തിരണ്ടു വയസ്സും ചെന്ന്, അരുമയ്ക്കരുമയായി വളർന്ന്, തിരുമേനി കാവലുംചെയ്തു പൊറുക്കും കുറുപ്പ്, മുൻനടക്കം തമ്പുരാനെത്തടഞ്ഞു പിന്നാക്കി, ‘ചാക്കേവാ’ എന്നു വിളിയുംകൊണ്ട്, അറക്കുട്ടിത്തുറന്നു കടലിലോട്ടു കണ്ണുനീട്ടി. പിന്നത്തെക്കഥ ചൊൽക ആമോ? പള്ളിമാടം കെട്ടിയവേള മുതലേ, തിരുമുടി ചൂടിയ തല കാത്ത്, കൊക്കുപോൽ പതിയിരുന്ന അക്കപ്പലാണ്ട കരുമനക്കൂട്ടം, ചേരനാട്ടുടയാർ തമ്പുരാർക്കായി ഉഴിഞ്ഞെറിഞ്ഞ തല പോക്കാകുംവണ്ണം, ലന്തപ്പോരാളികൾ ഇടിമലപോലെ പീരങ്കിയണിത്തീവായ്കൾ തുറന്നു. ഇടിത്തീ താങ്ങിയ തടിപോലെ ഉടൽ ചാഞ്ഞ് കുറുപ്പു വീഴുംകാഴ്ച, തൃക്കണ്ണാൽ കണ്ടിറങ്ങി, തന്റെ ഉപ്പുറവിന് എതിരുറവായ്, അത്തടി താങ്ങിക്കൊണ്ടാർ കുലശേഖരർ ശ്രീവീരമാർത്താണ്ഡവർമ്മർ, ചാക്കേറ്റു തലയറ്റ തടിയെ, മാൻതളിർവീരവാളിപ്പട്ടാൽ മൂടി, പൊൻതിളങ്ങും പള്ളിമേനാവേറ്റി, പെറ്റവയർ കാണുവാനായി, വളർകൊമ്പും കുഴലുമൂതി, മുരശുപെരുമ്പറയും താക്കി, പാണിപഞ്ചവാദ്യവും മുഴക്കി, മുത്തുക്കുട കുത്തുവിളക്ക് എന്നു തുടങ്ങി രാജപ്രസാദമുറയ്ക്കടുത്ത ആചാരഭിമാനം അടക്കമേ ചേർത്തുകൊണ്ട് തമ്പുരാനും തിരിച്ചാർ പടയുമാക. ഊരിലും പേരിലും പെരിയ പൊന്നുതമ്പുരാൻ തിരുവരവറിഞ്ഞ്, കുറുപ്പിന്റെ അമ്മയാർ ചെന്ന്, പട്ടുവിരിച്ചു പൂമുഖം കയറ്റി, പട്ടും പൊന്നും അടിയറവച്ചു തൃച്ചേവടികൾ വണങ്ങി. തമ്പുരാൻ ഏങ്ങി വിങ്ങിക്കരഞ്ഞു. ‘എന്തെൻ പൊന്മകനേ?’ എന്ന് അമ്മയാൾ കനിവുകൊണ്ടു. നാട്ടിനും ആ വീട്ടിനും ഉടയാരായ തമ്പുരാൻ എന്തരുളൂ എന്നാലും വന്നവാക്കിനു ചേർന്ന വാക്കായി ‘ഇന്നാൾ മുതൽക്കിനി അമ്മയാർക്ക് അരുമമകൻ ഞാൻതന്നേ’ എന്നു പൊന്നുവായാലരുളിച്ചെയ്തു ശ്രീവീരവഞ്ചിരാജർ. അറിവും നെറിവുമുള്ള ആ പെരുമചേർന്ന മങ്കയാർ, തൻതലയിൽകൊണ്ടു വിനയെ മനംകൊണ്ടു താങ്ങി, ‘അടിയൻ പെറ്റപേറേ പെരുമ്പേറു!’ എന്നു ചൊല്ലി; രാജരാജർ മനംതടവി, ഊരറിവാൻ ആളയച്ചു, ചന്ദനച്ചിതയും കൂട്ടി മകനെ എതിരേൽക്കാൻ നടയിലേ കാവൽനിന്നു. അപ്പോൾ, അരുമനയിൽ പെറ്റെടുത്തു, പെരുമയിൽ വളർന്നുവന്ന മകൻ പെരുമാൻ ഉടലുറങ്ങും വടിവെക്കണ്ടുരുകി പെരുകിയ കണ്ണുനീരെ ഉള്ളിറക്കി, അപ്പെരുംകുലം പിറന്ന മങ്ക, പൊൻമകനെ തഴുകിക്കൊണ്ട് ‘എന്നരശർ വാഴ്വീരോ—അരുമക്കൊടിക്കഴകാ—ആശമകനേടാ അഴകുള്ള മന്തിരിയേ’ എന്നു കിഴക്കു വിളിപ്പാടകത്തു നില്ക്കും ആ കൊട്ടാരത്തിൽ തന്റെ ഉടവാൾ ചാരിവച്ച്, ഉടലോ സ്വർഗ്ഗം പോയ തമ്പുരാൻ കേൾക്കുമാറ്, ഒറ്റമൊഴി ഒപ്പാരും ചൊല്ലി, പടുതടിയെ വീട്ടിനകത്തു കൊണ്ടുപോയി നീരാട്ടാടി,. . . ദുഃഖപായും വച്ചു വീണു. ഇന്നും എഴിച്ചിട്ടില്ല മകനേ–എൺപത്തിനാലു കഴിഞ്ഞു. അവരുടെ താപത്തീ നീ അണയ്ക്ക്. അതിനു സംഗതി വന്നാൽ നീ രാജ്യത്തിനു തലവനാകും. പൊന്നുതമ്പുരാൻ ദഹനവും നടത്തി, അന്നവിടെ ദുഃഖപ്പട്ടിണിയും കിടന്നു. ശേഷം ആ സംഭവത്തിന്റെ ഓർമ്മയ്ക്കായി തമ്പുരാൻ ചെയ്തിട്ടുള്ള ഏർപ്പാടുകളെ, എന്റെ മകൻ അന്വേഷിച്ചറിഞ്ഞുകൊള്ളുക. നിനക്കു പൊരുന്തിയ പ്രായത്തിൽ ഒരു കൊച്ചുനങ്ക കനകക്കനിപോലെ അവിടെയുണ്ട്.”


"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/98&oldid=158597" എന്ന താളിൽനിന്ന് ശേഖരിച്ചത്