ധർമ്മരാജാ/അദ്ധ്യായം പന്ത്രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പന്ത്രണ്ട്


<poem>

[ 99 ]

അദ്ധ്യായം പന്ത്രണ്ട്


“ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി–
നിപ്പാദപത്മം പ്രമാണം ദയാനിധേ!”


രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃജ്ജനങ്ങളും ഒരുമിച്ച് കേശവൻകുഞ്ഞ് മന്ത്രക്കൂടത്തു പടി കടന്ന് നിദ്രാചരണംപോലെ കുറച്ചുദൂരം നടന്നപ്പോൾ പുറകോട്ടേക്കുള്ള അതിയായ ആകർഷണത്താൽ ചേഷ്ടാശൂന്യങ്ങളായ പാദങ്ങളോടുകൂടി അയാൾ ഒട്ടുനേരത്തേക്ക് വിദ്യുത്താഡിതമായ തരുശിഷ്ടംപോലെ നിന്നുപോയി. ആ യുവാവ് പ്രചണ്ഡമായ ഒരു അന്തർവ്വേദനയെ അനുഭവിക്കുന്നു എന്നു കണ്ട് രാജഭൃത്യന്മാർ അത്യുദാരോപചരണങ്ങളും ആർദ്രവചനങ്ങളുംകൊണ്ട് അതിനെ ശമിപ്പിക്കാൻ ശ്രമിച്ചു. കുലധനവിദ്യാസൗന്ദര്യാദികളിൽ കുബേരത്വംകൊണ്ട് ഇഹലോകത്തിൽ ദുസ്സാദ്ധ്യമായ കാമ്യങ്ങൾ യാതൊന്നുമില്ലെന്ന് പ്രമാദിച്ചുവന്നതിനു വിപരീതമായി, താൻ കാംക്ഷിച്ച ദാരസംസിദ്ധിപോലും ആകാശരേഖപോലെ മായിച്ചിരിക്കുന്ന ആകസ്മികമായ ഈ മഹാപരാധാരോപണം കലികാലത്തിന്റെ ധർമ്മവൈകല്യം തന്നെ എന്നു നിഗമനംചെയ്ത് അയാൾ ആശ്വാസത്തെ അവലംബിക്കേണ്ടിവന്നു. ഈ ദുഷ്പ്രവാദശനിയുടെ തൽക്കാലപാപഭാവത്തിന് ഒരുപക്ഷത്താലും മാർഗ്ഗമില്ലെന്ന് അയാൾ വിചാരിച്ചു എങ്കിലും ന്യായാധിപസർപ്പവക്ത്രത്തിൽ അകപ്പെട്ടുപോയാൽ പ്രായശ്ചിത്തകർമ്മങ്ങളല്ലാതെ വിമോചനപുണ്യകാലം ലഭ്യമല്ലെന്നുള്ള ഒരു പരവശതയും അയാളെ ബാധിച്ചു. തൽക്കാലത്തെ മാനഭ്രംശവും ദ്രവ്യനാശവും സഹനീയംതന്നെ എങ്കിലും, തന്റെ സ്ഥിതിയിലുള്ള ഒരാളിന് അപരാധത്തിന്റെ [ 100 ] ആരോപണമാത്രംകൊണ്ടുണ്ടാകുന്നതും ജീവാവസാനപര്യന്തം നിലനിൽക്കുന്നതുമായ കീർത്തിമാലിന്യം പ്രമാണോപദേശങ്ങളാലും പ്രായശ്ചിത്തങ്ങളാലും അപരിഹാര്യമെന്നു ഖേദിച്ച് അയാൾ ആത്മപൗരുഷത്തെ വിധിവേശ്യാവശഗമാക്കി പരിത്യജിക്കാൻ ആലോചിച്ചു. എങ്കിലും, അതിലും ശ്രേഷ്ഠമായ നിവൃത്തിമാർഗ്ഗം അയാളുടെ മനസ്സിൽ പ്രകാശിക്കയാൽ, അന്ധമോ അർത്ഥശൂന്യമോ ആയ ചപലവിധിദേവതയെ അവലംബിക്കാതെ, സ്വാത്മധാമത്തെ സത്യസ്വരൂപങ്കൽ സമർപ്പണംചെയ്തു. തന്നെ ഹതസത്വനാക്കിയ പ്രേമസിംഹികയെ തന്റെയും പ്രണയിനിയുടെയും ക്ഷേമപ്രാപ്തിക്കായി തന്റെ ഹൃദയത്തിൽനിന്നു വ്യവരോഹണം ചെയ്യിച്ചു ഇതിന്മണ്ണം തന്റെ മനഃസ്ഥൈര്യത്തെ പുനസ്സന്ധാനം ചെയ്തും, അച്ഛനറിഞ്ഞു തന്റെ രക്ഷക്കെത്തുന്നതുവരെ ബന്ധനാധീനനായി അടങ്ങിപ്പാർക്കുന്നതിനു നിശ്ചയിച്ചും, കേശവൻകുഞ്ഞ് രാജധാനിയിലേക്കുള്ള യാത്രയെത്തുടർന്നു.

തന്റെ വ്യഗ്രതകൾക്ക് ഇങ്ങനെ നിർവൃതിയുണ്ടാക്കി, ആ യുവാവ് കുഞ്ചൂട്ടക്കാരേയും സഹചരന്മാരേയും അനുഗമിച്ച് ഉദയത്തോടുകൂടി തിരുവനന്തപുരത്തെത്തുകയും ഏകദേശം മധ്യാഹ്നമായപ്പോൾ,പകടശ്ശാലക്കച്ചേരിസ്ഥലത്ത് പ്രത്യേകം ‘തൂണും പിടിച്ച്, പലകയും ചാരി ഇരിക്കുന്ന സർവാധിപ്രധാനന്റെ മുമ്പിൽ ഹാജരാക്കപ്പെടുകയും ചെയ്തു. ഈ മഹാനുഭാവൻ കേശവൻകുഞ്ഞിനെ കണ്ടമാത്രയിൽ, ഏകദേശം ഒരു കുടം പോരുന്ന താംബൂലാസവത്തെ വിസർജ്ജനംചെയ്ത് പരിസരപ്രദേശങ്ങളെ ശോണീകരിച്ചും, ഫൂൽക്കാരബഹളംകൊണ്ട് താംബൂലാക്രമുകാദ്യവശിഷ്ടങ്ങൾ പറപ്പിച്ച് വക്ത്രത്തെ ശുദ്ധമാക്കിയും ‘അ'കാരാദ്യാക്ഷരസമസ്തത്തേയും അനുനാസികാസ്വരത്തിൽ ഗൗരവഭാവത്തോടെ ഉച്ചരിച്ചും, ആ യുവാവോട് ഒരു പ്രാഥമികാന്വേഷണം ചെയ്യുവാൻ ആരംഭിച്ചു. എന്നാൽ ഇതിനിടയിൽ തന്റെ ചുറ്റും സഞ്ചയിച്ച പാരിഷദരിൽ നിന്ന് താൻ ആദ്യമായി മഹാരാജസന്നിധിയിൽ നയിക്കപ്പെടുമെന്നു ധരിച്ച കേശവൻകുഞ്ഞ്, തന്റെ കാരണവരുടെ കവനകാര്യസ്ഥനായ കണിശപ്പണിക്കരുടെ കൃതിയായ ‘പേച്ചിങ്കൽ വാമുറുക്കേണം’ എന്ന ഉപദേശത്തെ സ്മരിച്ച്, ഉത്തരമൊന്നും ബോധിപ്പിക്കാതെ നിന്നു. സർവാധികാര്യക്കാരൻ ചാടി എഴുന്നേറ്റു. പട്ടക്കാർ, രായസക്കാർ, പരിചാരകന്മാർ എന്നിവരുടെ ഇടയിൽ പ്രമാദമായ ഒരു ചലനമുണ്ടായി. സർവാധികാര്യക്കാരും പരിവാരങ്ങളും ദക്ഷിണ ഭാഗത്തുള്ള മുറ്റം, അതിനോട് ചേർന്ന് പൂജപ്പുരമണ്ഡപം, പടിഞ്ഞാറോട്ട് തിരിഞ്ഞുള്ള ഇടനാഴികൾ, ഈ സ്ഥലങ്ങളെ അരക്ഷണം കൊണ്ട് തരണം ചെയ്തു. കേശവൻകുഞ്ഞ് അവരുടെ ഗതിയെത്തുടർന്ന്, ഒരു മനോഹരാങ്കണത്തിൽ പ്രവേശിച്ചു ചില പഞ്ചവർണ്ണക്കിളികളുടെ ശ്രീപത്മനാഭഗീതങ്ങളാലും, രാജകണിക്കു യോഗ്യമായുള്ള കരിംകുരങ്ങന്മാരുടെ ഭ്രുഭംഗചേഷ്ടകളാലും വിനോദിക്കപ്പെട്ട്, സ്വൽപനേരം നിന്നതിന്റെശേഷം, ശക്തിമുദ്ഗരാദ്യായുധപാണികളായ ഭടന്മാരാലും, പള്ളിയറ, ഇലയമൃത്, കരുവേലപ്പുര, ആയുധമെടുപ്പ്, അങ്കിപ്പുര മുതലായ വകുപ്പുകളിലെ പരിചാരകന്മാരാലും പരിഷേവിതമായ ഉപ്പരീക്ക (ഉബ്ബരീഗാ) മാളികമുകളിൽ പള്ളിക്കമലാലയാന്തർഭാഗത്ത്, ലക്ഷ്മീകാന്തപ്രസാദപ്രവാഹത്താൽ സൗഭാഗ്യപൂർണ്ണമായ കുലശേഖരമഹാരാജാവിന്റെ വിശിഷ്ടസന്നിധിയിൽ പ്രവേശിക്കപ്പെട്ടു.

കേശവൻകുഞ്ഞ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്ന വർത്തമാനം അറിഞ്ഞ്, അനന്തമുദ്രമോതിരത്തെ വരുത്തി, സമീപത്തു സൂക്ഷിച്ചും, സാംബദീക്ഷിതരെ വരുത്തുന്നതിന് ദൂതനെ നിയോഗിച്ചും, അയാളോടുള്ള വിചാരണയ്ക്ക് ഒരുങ്ങിയിരുന്ന മഹാരാജാവ് തന്റെ മുമ്പിൽ ഹാജരാകാൻപോകുന്ന യുവാവ്, ഭാണസാന്ദേശാദികുസുമചയങ്ങളിലെ ശൃംഗാരരസഗ്രാഹിയായ ഒരു വിടഭ്രമരമായിരിക്കുമെന്നു വിചാരിച്ചിരുന്നു. എന്നാൽ, ആദിയുഗധർമ്മസർവസ്വത്തിന്റെ അവതാരംപോലെ അവിടത്തെ സന്നിധിയിൽ, പ്രവേശിച്ച ആ പരമപാവനാകാരത്തിന്റെ ദർശനമാത്രയിൽ സൂര്യോദയത്തിൽ ഹിമാവരണംപോലെ ഈ ദുശ്ശങ്ക അശേഷം അസ്തമിച്ചു. സൗന്ദര്യസമുൽക്കർഷംകൊണ്ടു സമൃദ്ധമായി വിതാനിക്കപെട്ടിരുന്ന ആ യുവാവിൽ, തത്തുല്യമായ വൃത്തിശീലാദിസമ്പത്തിനേയും വിധാതാവു സമുച്ചയിച്ചിട്ടുണ്ടെന്ന് ആ പ്രഭുകുമാരന്റെ സ്വഭാവികമായ വിനീതഗാംഭീര്യം പ്രത്യക്ഷമാക്കി. ഇന്ദ്രശിലാനിർമ്മിതമായ ബുദ്ധവിഗ്രഹംപോലെ മഹാരാജാവ് നിർവ്വികാരവദനനായി നിന്നു എങ്കിലും അവിടത്തെ [ 101 ] ആത്മാണുക്കൾ ശങ്കാവേശംകൊണ്ട് അസ്വസ്ഥങ്ങളായിച്ചമഞ്ഞു. ഈ യുവാവിന്റെ ദർശനത്തിൽ അസംഗതമായ ഒരു മനസ്തമസ്സ് അവിടത്തെ ബാധിച്ചു. തന്റെ അന്വേഷണാരംഭം ധർമ്മലോപോന്മുഖമായ നീതിയുടെ വ്യതിയാനമോ എന്നുള്ള ഭയം അവിടത്തെ സത്യാനുവർത്തിയായ ആശയത്തെ ചലിപ്പിച്ചു. അപരാധകന്റെ സന്നിധിയിൽ ന്യായാധിപൻ പരുങ്ങുക എന്നുള്ള നിലയിൽ തന്റെ ഉദ്യമം പര്യവസാനിക്കുന്നതിനെ വിചാരിച്ച് അവിടന്ന് ആശ്ചര്യപ്പെട്ടു. ഈ സ്തോഭങ്ങൾ മഹരാജാവിന്റെ അന്തരംഗത്തിൽ വ്യാപരിച്ചു എങ്കിലും, അവിടത്തെ വദനത്തിന്റെ നിരുപമനിശ്ചലതയ്ക്കു യാതൊരു ഭംഗവും ഉണ്ടായില്ല. അവിടത്തെ പ്രജാപ്രധാനന്മാരിൽ അഗ്രഗണ്യനായുള്ള ഒരു പുരുഷോത്തംസത്തിന്റെ സന്താനമായ ആ യുവാവ് തിരുമുമ്പിൽ പ്രവേശിച്ച് ആചാരാനുസൃതമായി താണുതൊഴുത രീതിയിലും വിദ്യാപരിഷ്കൃതികൊണ്ടുള്ള ഒരു അഭിനവത്വമുണ്ടെന്ന് മഹാരാജാവിന്റെ മഹാമനസ്സു പ്രസാദിച്ചു.

ആ യുവാവ് ആ സന്നിധാനത്തിൽ ‘തന്മാത്രശേഷം ബല’നായി പ്രവേശിച്ചപ്പോൾ, അയാളുടെ ഹൃദയം ക്ഷീരസാഗരതരംഗതാണ്ഡവം തുടങ്ങി. രാജപാദാരാധനത്തെ അയാളുടെ കരങ്ങൾ എങ്ങനയോ നിവർത്തിച്ചു. അയാളുടെ നേത്രങ്ങൾ തൃപ്പാദലക്ഷ്യമായി മാത്രം ചേഷ്ടിച്ചു. ആ സൗധത്തിലെ ഭിത്തികളിലും തട്ടിലും തളിമത്തിലും ഉള്ള രാജസാലങ്കാരങ്ങളുടെ സൗഭാഗ്യത്തെ ആ നേത്രങ്ങൾ അനുഭവിച്ചില്ല. സമീപത്ത് ‘കൂജന്തം രാമരാമേതി’ എന്ന് ഒരു ശുകഗായകി കർണ്ണാമൃതത്തെ വർഷിച്ചതിന് ആ ശ്രവണപുടങ്ങൾ മുകുളിതങ്ങളായും ഇരുന്നു. കേശവൻകുഞ്ഞ് ഇങ്ങനെ നിസ്സീമമായ രാജഭക്തിയിൽ മുങ്ങി ഭ്രമിക്കുന്നതിനിടയിൽ, മഹാരാജാവ്, കേവലം വാണിജ്യവിഷയമെന്നപോലെ, “നിനക്കു കാര്യമെല്ലാം മനസ്സിലായിരിക്കുമല്ലോ? എന്താണു സമാധാനം പറയുവാനുള്ളത്?” എന്നു വളരെ ഞെരുങ്ങി അരുളിച്ചെയ്തു. അധികാരരസപ്രധാനമായുള്ള ഈ ചോദ്യം കേശവൻകുഞ്ഞിന്റെ പൈതൃകമായ പ്രഭുവീര്യത്തെ പൂർണ്ണമായി വികസിപ്പിച്ചു. മഹാരാജാവിന്റെ അരുളപ്പാടിനു മുമ്പുതന്നെ, അവിടത്തെ അതിവിഖ്യാതമായ ധർമ്മതൽപരതയുടെ സ്ഥിതിക്ക് അവസാനത്തിൽ തനിക്ക് അഭയസിദ്ധി ഉണ്ടാകുമെന്ന് ആ യുവാവു ധൈര്യപ്പെട്ടിരുന്നുവെങ്കിലും തന്റേതായും, താൻ ധരിച്ചിട്ടുള്ളതായും ഉള്ള പരമാർത്ഥങ്ങളെ മുഴുവൻ തിരുമനസ്സറിയിച്ചാൽ നിരപരാധികളായ മറ്റു ജനങ്ങൾകൂടി ആപദ്വലയത്തിൽ അകപ്പെടുമെന്നു ഭയപ്പെട്ട് അയാൾ രഹസ്യമായിവയ്ക്കാൻ നിശ്ചയിക്കാത്തതായ പരമാർത്ഥങ്ങളെ മാത്രം ധരിപ്പിച്ചുതീർത്ത് അവിടെനിന്നും വിടകൊണ്ടു രക്ഷപ്പെടാൻ ഇങ്ങനെ തുടങ്ങി: “അടിയൻ ആ—കല്പിച്ച് അടിയൻ—”

മഹാരാജാവ്: (അത്യന്തം ശാന്തതയോട്) “പരിഭ്രമിക്കേണ്ട. നിന്റെ അച്ഛനോടു പറയുമ്പോലെ വിചാരിച്ച്, പേടികൂടാതെ സത്യമെല്ലാം പറക.”

കേശവൻകുഞ്ഞ്: “അടിയൻ ആരെയും ഉപദ്രവിക്കാൻ ആലോചിക്കുന്നവനല്ല; അത് അച്ഛനറിയാം. തിരുവുള്ളത്തിലും അങ്ങനെ വിശ്വസിക്കണം. അണ്ണാവയ്യൻ നന്തിയത്തു കുട്ടിപ്പട്ടരായിരുന്ന് അച്ഛന്റെ സഹായംകൊണ്ടു നാണയവാണിഭം തുടങ്ങിയ ആളാണ്. സത്യത്തെ ഭയന്നു നടന്നതിനാൽ വ്യാപാരം അഭിവൃദ്ധമായി. അദ്ദേഹത്തിന്റെ സൂക്ഷിപ്പിലാണ് അടിയനെ തിരുവനന്തപുരത്തു പഠിപ്പിക്കാൻ അച്ഛൻ അയച്ചത്. പത്തുപതിനായിരം രാശിയിൽ കൂടുതൽ അച്ഛൻ അദ്ദേഹത്തിന്റെ കച്ചവടത്തിൽ മുടക്കീട്ടുണ്ട്. അടിയന്റെ ചെലവുകൾ വേണ്ടപോലെ നടത്തി, അപ്പഴപ്പോൾ കണക്കുകൾ അയച്ച്, ആണ്ടറുതിക്ക് ഉഭയശിഷ്ടം നന്തിയത്ത് അയച്ചുകൊടുക്കും. മുതൽ ഇന്നും അദ്ദേഹത്തിന്റെ കണക്കിൽ നിൽപാണ്. അടിയൻ അങ്ങോട്ട് കാശിനുപോലും കടപ്പെട്ടിട്ടില്ല. തൃപ്പാദങ്ങളുടെ നേർക്ക് അടിയൻ ദ്രോഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തെ കൊന്നവൻ അടിയൻതന്നെ. അടിയന്റെമേൽ ഇങ്ങനെ ഒരപരാധം ആരോപിപ്പെട്ടിരിക്കുന്നു എന്നു മാത്രവുംകേട്ടാൽ, അച്ഛനും പരമസാധു അമ്മയും പ്രാണങ്ങളെ ത്യജിക്കും. തിരുവുള്ളമുണ്ടായി രക്ഷിക്കണം. തൃപ്പാദത്തിൽ ഉണർത്തിപ്പാൻ ഇത്രയല്ലാതെ അടിയനു മറ്റൊന്നുമില്ല.” [ 102 ] തന്റെ മുമ്പിൽ അപരാധിയായി ഹാജരാക്കപ്പെട്ട യുവാവിന്റെ വാദത്തേയും അയാളുടെ ചേഷ്ടകളേയും, മാതാപിതാക്കന്മാർക്കു സംഭവ്യമായ ദുഃഖത്തെക്കുറിച്ചുള്ള പ്രസ്താവനയേയും സ്മരിച്ച്, മഹാരാജാവ് നിരുദ്ധനിർദ്ദാക്ഷിണ്യനായി. പ്രതിയെ മാന്യമോചനം ചെയ്‌വാനുള്ള വിധികല്പന അവിടത്തെ മനസ്സുകൊണ്ട് ലേഖനവും ചെയ്തുകഴിഞ്ഞു. എങ്കിലും, ഒന്നുരണ്ടു സംശയതമസ്സുകളെ ദൂരീകരിപ്പാനായി, അടുത്തു വച്ചിരുന്ന അനന്തമുദ്രമോതിരത്തെ അയാളെ കാണിച്ചിട്ട്, "ഇതു നീ കണ്ടിട്ടുണ്ടോ" എന്ന് ആദ്യമായി ചോദ്യം ചെയ്തു. "ഇല്ല" എന്ന് ആ യുവാവ് സധൈര്യം മറുപടി പറഞ്ഞു. മീനാക്ഷിയോട് അനന്തമുദ്രമോതിരത്തിന്റെ വിക്രയംകൊണ്ടു തനിക്കുണ്ടായ അനർത്ഥത്തെക്കുറിച്ചു വിലപനംചെയ്ത ഈ യുവാവ് ഇങ്ങനെ അറിയിച്ചത് വ്യാജമല്ലയോ എന്നു വായനക്കാർ വിചാരിക്കും. പരമസത്യവാന്മാരും ആപൽഭയത്തിങ്കൽ അസത്യവാദികളായിത്തിരിഞ്ഞുപോകാം. അയാളുടെ പാരമാർത്ഥികത്വത്തിന് എത്രത്തോളം വേരുറപ്പുണ്ടെന്നുള്ളത് ശേഷഭാഗം കഥകൊണ്ട് അറിയേണ്ടതാണ്. ഇങ്ങനെ ഒരു സാധനം പുറത്തു വരണമെങ്കിൽ കഴക്കൂട്ടത്തു കുടുംബംവക മുതൽ അടങ്ങീട്ടുള്ള ഒരു ഭവനത്തിൽ നിന്നു വേണമെന്നു വിശ്വസിച്ചിരുന്നതുകൊണ്ട്, മഹാരാജാവിന്റെ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു: "നിന്റെ അമ്മാവനു പണത്തിനുമുട്ടില്ലല്ലോ. പിന്നെന്താണ് ഇതിനെ വിറ്റത്?"

കേശവൻകുഞ്ഞ്: "അമ്മാവന് ഇക്കാര്യത്തിൽ യാതൊരു സംബന്ധവുമില്ല. ഉണ്ടെന്നു കൽപിച്ച് സംശയിക്കുന്നെങ്കിൽ പഴവന്റെ ആപൽക്കാലം കൊണ്ടാണ്.”

ഈ ഉത്തരം ആ യുവാവിന്റെ സത്യസന്ധതയെക്കുറിച്ച് മഹാരാജാവിനുണ്ടായിരുന്ന വിശ്വാസത്തെ സ്വല്പം ഒന്നു ചലിപ്പിച്ചു. ഇതിന്റെ ശേഷം ഇങ്ങനെ ഒരു ദ്രുതതരംഗാവലിയായി ചോദ്യോത്തരങ്ങൾ നടന്നു. “ഈ മോതിരം ഇതിനുമുമ്പു നീ കണ്ടിട്ടില്ലേ?” “ഇല്ല.” “അണ്ണാവയ്യന്റെ ഉത്തരീയത്തിൽ കെട്ടപ്പെട്ടിരുന്നതാണിത്. അതെങ്ങനെ അവിടെ വന്നു?” “അടിയന് അറിവാൻ പാടില്ല”–“കൊല നടന്ന രാത്രി നീ അയാളെക്കണ്ടില്ലേ?” “ഇല്ല”–“എന്ത്! അയാളെ അന്വേഷിച്ചുമില്ലേ?” “കാണാനായി നടന്നു. നീട്ടെഴുത്തുകേശവപിള്ള ആ മഠത്തിൽ ഉണ്ടായിരുന്നതുകൊണ്ട് കാണാൻ തരപ്പെട്ടില്ല”—“അവൻ അവിടിരുന്നാൽ നിനക്കു കണ്ടുകൂടായിരുന്നോ?” “കേശവപിള്ള തൃപ്പാദകാര്യസ്ഥനാണ്. രാജ്യകാര്യങ്ങൾ വല്ലതും കല്പനപ്രകാരം സംസാരിക്കയാണെന്നു വിചാരിച്ചും, ചിലമ്പിനേത്തു വിടകൊള്ളാൻ ധിറുതിയായിരുന്നതുകൊണ്ടും, അവിടെ അധികം താമസിക്കാതെ അടിയൻ പൊയ്ക്കളഞ്ഞു.” മഹാരാജാവിന്റെ അടുത്ത ചോദ്യം ഒരു രാജസപ്രഭാവത്തോടുകൂടി ആയിരുന്നു.

മഹാരാജാവ്: “ആരാ പിന്നെ അണ്ണാവയ്യനെ കൊന്നത്? നീട്ടെഴുത്തു കേശവനെന്ന് നീ സൂചിപ്പിക്കുന്നോ?”

കേശവൻകുഞ്ഞ്: “അടിയൻ അടിസ്ഥാനമില്ലാതെ ഒന്നും തിരുമുമ്പിൽ വിടകൊണ്ടുപോകയില്ല. ഒരു സംശയമുള്ളതിനെ അറിയിക്കാം. അന്ന് ആ തെരുവിൽ ചിലർ പതുങ്ങി സഞ്ചരിച്ചിരുന്നു. അവരെ തിരക്കിപ്പിടികൂടിയാൽ പക്ഷേ, പരമാർത്ഥം വെളിപ്പെട്ടേക്കാം.”

‘പതുങ്ങി’ സഞ്ചരിച്ചിരുന്നതു മഹാരാജാവുതന്നെ ആയിരുന്നതിനാൽ, അവിടന്നു വലിയ പരുങ്ങലിലായി. അടുത്തു പുറപ്പെടുന്ന അഭിപ്രായം എന്തെന്നു നിർണ്ണയിക്കാൻ ശക്തനാകാതെ, മഹാരാജാവു ചോദ്യമൊന്നും ചെയ്യാതെ നിന്നതുകൊണ്ട്, കേശവൻകുഞ്ഞു തന്റെ സംശയത്തെ സ്ഥിരപ്പെടുത്തി ഇങ്ങനെ അറിയിച്ചു: “ആളുകൾ അവരുടെ മുഖങ്ങളെ കഴിയുന്നതും മറച്ചിരുന്നു. നല്ല നിലാവു വെളിച്ചം ഉള്ളതുകൊണ്ട് നിഴലിൽത്തന്നെ സഞ്ചരിച്ചു.” (മഹാരാജാവിന്റെ മുഖത്തു സൂക്ഷിച്ചുനോക്കീട്ട്) “അതിൽ ഒരാൾ മീശ വളർത്തീട്ടുണ്ടായിരുന്നു.” (ശുദ്ധഗതിയും പരമാർത്ഥബുദ്ധിയുംകൊണ്ട്) “തിരുമനസ്സിലെ ഉദ്യോഗസ്ഥന്മാർ അണ്ണാവയ്യനെ തിരക്കി നടക്കുന്ന സംഗതി അടിയന് അപ്പോൾ ഓർമ്മവന്നു. പുറത്തു നിൽക്കുന്നവർ നീട്ടെഴുത്തുപിള്ളയുടെ സഹായികളായിരിക്കാമെന്ന് അടിയൻ ഊഹിച്ചു. അടിയൻ രാജ്യനയങ്ങളിൽ ഒരു പരിചയവുമില്ല. എങ്കിലും ഒരു പരമാർത്ഥം അടിയൻ അറിയിക്കാം. ധിക്കാരമെന്നു തിരുവുള്ളത്തിൽ വിചാരിക്കരുത്. തിരുമനസ്സിലെ ഊദ്യാഗസ്ഥന്മാർ [ 103 ] ശുദ്ധതകൊണ്ടും ദുഷ്ടതകൊണ്ടും ഓരോന്നു സന്ദർഭവശാൽ തിരുമനസ്സറിയിച്ചുപോകും. ഇങ്ങനെ അറിയിക്കുന്നതു തെറ്റിപ്പോയാലും, പരമസത്യവാന്മാരും ഭക്തന്മാരും ആയിട്ടുള്ളവർ ഒഴികെ ശേഷമുള്ളവർ, അവരവർ ഉണർത്തിച്ചതിനെ സ്ഥിരപ്പെടുത്താൻ ശ്രമിക്കും. അതിനു ധർമ്മാധർമ്മചിന്തനത്തെ ഉപേക്ഷിക്കയും ചെയ്യും. ഇതിൽ നിന്ന് ഇപ്പോഴത്തെ സംഗതിയിൽ ചിന്ത്യമായുള്ളതിനെ അടിയൻ വ്യക്തമായി അറിയിക്കുന്നില്ല. തിരുമനസ്സിലെ ബുദ്ധിപ്രഭാവം വിശ്രുതമാണ്.”

ഈ വാദത്തിൽനിന്ന് അനുമേയമായുള്ളത്, വധകർത്താവ് സ്വോപദേഷ്ടാക്കളായ മന്ത്രിമാരോ രായസം കേശവപിള്ളയോ ആയിരിക്കണമെന്നായിരുന്നു. രാജമന്ത്രിമാർ അനന്തമുദ്രമോതിരത്തെ സംബന്ധിച്ച് ദ്വന്ദ്വാഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള അഭിപ്രായഭിന്നതയിൽ ഒരു പക്ഷത്തിനു വിപരീത സാക്ഷ്യം അണ്ണാവയ്യങ്കൽനിന്നുണ്ടാകുമെന്നായപ്പോൾ ആ സാക്ഷിയെ അധികാരഹസ്തങ്ങൾക്കു പ്രാപ്യമല്ലാത്തവിധത്തിൽ മറച്ചതാണെന്നും ആ യുവാവിന്റെ ഇംഗിതപൂർവമായ സൂചനം മഹാരാജാവിനു വ്യക്തമായി. ഇങ്ങനെ യുക്തിയുക്തമായി സംശയിക്കുന്ന യുവാവ് ആ രാത്രിയിൽ തന്റെ തത്ത്വത്തെ ഗ്രഹിക്കാത്തതു വലിയ ഭാഗ്യമായെന്നു തിരുമനസ്സിൽ ആശ്വസിച്ചു. അതിബുദ്ധിമാനായ മഹാരാജാവിന് ആ അന്വേഷണം അപ്പോൾ പ്രാപിച്ചിരുന്ന പതനത്തിൽനിന്നു മുന്നോട്ടു തുടരുന്നതിനു ശക്തിയില്ലാതെ ചമഞ്ഞു. അവിടത്തെ ഭാഗ്യാതിരേകംകൊണ്ട് സാംബദീക്ഷിതർ അനുവൃത്തഖണ്ഡങ്ങൾപോലെ വളഞ്ഞ ഭസ്മത്രിപുണ്ഡ്രങ്ങൾകൊണ്ട് ശോഭിക്കുന്ന വക്ഷോജോദരത്രികുംഭങ്ങളോടുകൂടി തിരുമുമ്പിൽ പ്രവേശിച്ചു. കാര്യക്കാർ മുതലായ ഉദ്യോഗസ്ഥന്മാരുടെ മുൻപിൽ പ്രദർശിപ്പിച്ച പ്രാധാന്യം അദ്ദേഹത്തിന്റെ വിദ്വത്തയ്ക്കു സഹജമായിരുന്നതിനാൽ, അതു തിരുമുമ്പിലും അക്ഷയമായി പ്രകാശിച്ചു. എന്നാൽ രാജസന്നിധിയിലായപ്പോൾ, ആ പ്രാമണ്യഭാവത്തിന്റെ നഗ്നതയെ അത്യാദരവിനയഭാവവും വചസ്സരളതയും ദർശനീയമായവിധത്തിൽ ആച്ഛാദനംചെയ്തിരുന്നു. മഹാരാജാവിന് ‘ധാരാളധാര’യായി ആശിസ്സുകളെ വർഷിച്ചും, സ്വശിഷ്യനെ മന്ദഹാസത്തോടുകൂടി കൃപയാ കടാക്ഷിച്ചും, മഹാപ്രഭുവായ മഹാരാജാവിന്റെ മഹാപ്രതാപത്തെ പ്രശംസിച്ചും, ഘാതകഡിംഭനായ ആ യുവാവിനെ ഇത്രവേഗം പാശാവരുദ്ധനാക്കി ധർമ്മരാജമഹൽസന്നിധിയിൽ ചേർത്ത കാര്യസ്ഥന്മാരുടെ നിപുണതയെ പുരാണകഥകൾകൊണ്ട് ഉദാഹരിക്കപ്പെട്ട പ്രമാണങ്ങളെ ആസ്പദമാക്കി അഭിനന്ദിച്ചും, സാംബദീക്ഷിതർ മഹാരാജാവിന്റെ അനുവാദത്തെ വാങ്ങി കേശവൻകുഞ്ഞിനോട് ഇങ്ങനെ ഗുണദോഷിച്ചു: “അപ്പനേ! സത്യത്തെയെല്ലാം ശൊല്ലിവിട്. ഇന്ത സന്നിധാനം സാക്ഷാത്ശ്രീവൈകുണ്ഠസമം” (സപ്രാർത്ഥനനായി കണ്ണടച്ചുനിന്നു നിശ്വസിച്ചുകൊണ്ട്) “ഒന്നുടെ നാരായത്തെ അന്ത അണ്ണാവയ്യർ വക്ഷസ്സിലെ ഏത്തനിനു രൂക്ഷദുരിതൻ ആരാക്കും?” (മഹാരാജാവോട്) “സ്വാമീ! വിപ്രവധത്തിലെ വിപ്രർ പ്രാഡ്വിപാകനാക ദണ്ഡകർത്തൃത്വം വഹിക്കവേണ്ടിയത് തിരുവുള്ളക്കേടുണ്ടാകക്കൂടാത്.”

കേശവൻകുഞ്ഞ്: “നാരായം നന്തിയത്തെ വകയാണെന്ന് സ്വാമികൾക്കറിയാമല്ലോ. മുമ്പുണ്ടായിരുന്ന കേളർ ഉണ്ണിത്താൻ എന്നൊരു കാരണവരുടെ നാമാക്ഷരമാണ് അതിൽ കൊത്തിയിരിക്കുന്നതെന്നും ഒരിക്കൽ ഞാൻ പറഞ്ഞിട്ടുണ്ട്. മുന കുറഞ്ഞുതുടങ്ങിയതുകൊണ്ട് ഉരുക്കുവയ്പിക്കാൻ അണ്ണാവയ്യരുടെ പക്കൽ ഞാൻ ഏല്പിച്ചിരുന്നു.” ഈ ഉത്തരത്താൽ ദീക്ഷിതർക്കുണ്ടായ സന്തോഷം അപരിമിതമായിരുന്നു. അണ്ണാവയ്യന്റെ കൈയിൽനിന്നും ആ നാരായം പിടിച്ചുപറിച്ച്, ഏതോ ഒരു ദുഷ്ടൻ അയാളെ ഹനിച്ചതാണെന്നു സാരഗർഭങ്ങളായ ശ്ലോകങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും ഇടകലർന്ന്, അദ്ദേഹം ഒരു ദീർഘവാദം ചെയ്തു. ഈ വാദം കൊണ്ടു തന്റെ ശിഷ്യൻ അപരാധാരോപണത്തിൽനിന്നു രക്ഷപ്പെട്ടു എന്നു വിശ്വസിച്ച് പാഞ്ചാലമഹാരാജാവിന്റെ മദധ്വംസനം സാധിച്ച ദ്രാണാചാര്യരെപ്പോലെ ഉൽക്കടസന്തോഷനായി തന്റെ അർജ്ജുനനെ കടാക്ഷവലയങ്ങൾകൊണ്ടു സംഭാവനം ചെയ്തു. ഹാ കഷ്ടം! വിഘ്നേശ്വരന്റെ കുമ്പപോലെ വിസ്തൃതമായ ദീക്ഷിതരുടെ ഉദരഗഹ്വരത്തിൽ സഞ്ചയിക്കപ്പെട്ടിരുന്ന അന്നത്തെ മൃഷ്ടാശനം പ്രഥമസ്തന്യസമന്വിതം ഭസ്മീഭൂതമായി. നവാനുഭവമായ ഒരു ജലതൃഷ്ണയുടെ വ്യാപ്തി ദേഹത്തെ തപപ്പിച്ചു. കൽപാന്തകാലാഗ്നിജ്വാ [ 104 ] ലയാൽ സമാവൃതനായതുപോലെ അദ്ദേഹം അമ്പരന്നു. ആ യുവാവിന്റെ കർണ്ണത്തിൽ സ്ഥിരവീക്ഷണനായിനിന്ന്, ശിരസ്സിൽ ഹസ്തതാഡനം ചെയ്തു: “നാരായണ! ജനാർദ്ദന! ശംഭോ! മഹാദേവ!” എന്നിങ്ങനെ പ്രാർത്ഥനാക്രോശങ്ങൾകൊണ്ടു മഹാരാജാവിനേയും സംഭ്രമിപ്പിച്ചു. ദീക്ഷിതരെ തുടർന്ന് മഹാരാജാവും കേശവൻകുഞ്ഞിന്റെ കർണ്ണങ്ങളെ ലക്ഷ്യമാക്കി തന്റെ വീക്ഷണത്തെ ഉറപ്പിച്ചു. ആ യുവാവിന്റെ കർണ്ണങ്ങളിൽ പ്രകാശിച്ചു കാണപ്പെടുന്ന കുണ്ഡലദ്വന്ദ്വം, അണ്ണാവയ്യന്റെ ഘനശോണിതംപോലെ ഘാതകനെ പ്രത്യക്ഷീകരിച്ചുകൊണ്ട് അവിടെ സ്ഥിതിചെയ്യുന്നു. ആ കുണ്ഡലങ്ങൾ പ്രത്യേകമായി മഹാപ്രസിദ്ധി ഉള്ളതുകളായിരുന്നു. കായാംപൂവർണ്ണനായി, ശംഖചക്രഗദാസരോരുഹങ്ങൾ ധരിച്ചു ചതുർബാഹുവായി, പീതാംബരവനമാലാദ്യലംകൃതനായി, ശ്രീവത്സവക്ഷസ്കനായി, ലക്ഷ്മീസമേതം ഗരുഡാരൂഢനായി ആവിർഭവിക്കുന്ന ദിവ്യസ്വരൂപം എങ്ങനെ മഹാവിഷ്ണുവിന്റേതെന്ന് അഭിനയിക്കപ്പെടുമോ, അതിന്മണ്ണം ആ ഗാത്രവും ശുദ്ധിയും പ്രകാശവും കപ്പും ജോടിയോജ്യതയുമുള്ള രത്നങ്ങൾ സംഘടിച്ച ആ സ്വർണ്ണക്കൂടും, തിരുക്കും, ചുരയുംചേർന്ന കുണ്ഡലങ്ങൾ അണ്ണാവയ്യന്റേതല്ലെന്നു ദക്ഷിണഭാരതത്തിൽ ഏവനൊരുവനെങ്കിലും ശങ്കിക്കുമോ? ഈ രത്നങ്ങളെ സുവ്യക്തമായി ദർശനംചെയ്തതിന്റെശേഷം, ദീക്ഷിതർ തന്റെ പ്രിയശിഷ്യന്റെമേൽ അനന്തരമായി നിയമദണ്ഡനിപാതമുണ്ടാകുന്നതിനെ ദർശനംചെയ്യാൻ നിൽക്കാതെ മഹാരാജാവിന്റെ അനുജ്ഞ വാങ്ങിയും, അവിടത്തെ അഭിവാദനംചെയ്തും യാത്രയായി. എന്നാൽ മഹാരാജാവിന്റെ ബുദ്ധിയിൽ ആ രത്നസന്ദർശനം ഘാതകോദ്ദേശ്യത്തിന്റെ കുടിലതയെക്കുറിച്ചുള്ള അനുമാനങ്ങളെ വിഷമതരങ്ങളാക്കിത്തീർത്തതല്ലാതെ ആ യുവാവിനെ ശിക്ഷായോഗ്യനെന്നു തോന്നിച്ചില്ല. അയാൾ വധകർത്താവായിരുന്നുവെങ്കിൽ, അയാളിൽ പ്രകാശിച്ചിരുന്ന ബുദ്ധിയുടേയും വിവേചനാശക്തിയുടേയും സ്ഥിതിക്ക്, ആ രത്നങ്ങളെ അത്ര സമീപകാലത്ത് അണിയുവാൻ സന്നദ്ധനാവുകയില്ലെന്നു രായസംകേശവപിള്ളയുടെ വാദത്തെത്തുടർന്ന് അവിടന്നു തീർച്ചയാക്കി. ദീക്ഷിതരായ ഗുരുനാഥന്റെ അപമര്യാദമായക്ഷിപ്രനിഷ്ക്രമണം അദ്ദേഹത്തിന്റെ ഒരു ശാപമെന്നപോലെ പരിതപിപ്പിക്കയാൽ ആ യുവാവു നിസ്തേജനായി നിൽക്കുന്നതിനെ തൃക്കൺപാർത്ത്, അനുകമ്പയോടുകൂടി അയാളുടെ അടുത്തു ചെന്ന് അതിമൃദുവായ സ്വരത്തിൽ “ഈ കടുക്കൻജോടി നിനക്കെവിടുന്നു കിട്ടി?” എന്നു ചോദിപ്പാൻ മഹരാജാവിനു കനിവുണ്ടായി. തന്റെ പാദങ്ങൾ സ്പർശിക്കുന്ന അതിശീതളമായ തളിമത്തിൽ നിന്ന് ഒരു അഗ്നിശിഖ ഉദിച്ച്, തന്റെ ശരീരത്തെ ദഹിപ്പിച്ചുതുടങ്ങിയതുപോലുള്ള അത്യുഷ്ണവ്യഥ ആ യുവാവിനുണ്ടായി. ആ കുണ്ടലങ്ങളെ വത്സലനായ മാതുലൻ തന്റെ കർണ്ണങ്ങളിൽ ധരിപ്പിച്ചതിന്റെ ശേഷം കണ്ണാടിനോക്കി അതുകളെ കാണുന്നതിന് ആ യുവാവിനു സന്ദർഭം കിട്ടിയിരുന്നില്ല. ദീക്ഷിതരുടെ വ്യസനവും മഹാരാജാവിന്റെ ചോദ്യവുംകൊണ്ട് ആ കുണ്ഡലങ്ങൾ തന്റെനേർക്ക് ആരോപിക്കപ്പെട്ട അപരാധത്തെ എങ്ങനെ സ്ഥിരപ്പെടുത്തുന്നു എന്ന് അയാൾക്കു മനസ്സിലായി. സ്വാർത്ഥപരനാണെങ്കിലും തന്റെ മാതുലനും, തന്നോടുമാത്രം ആർദ്രഹൃദയനും ആയുള്ള ചന്ത്രക്കാറനെ തന്റെ സാക്ഷ്യംകൊണ്ടു കൊലക്കുറ്റത്തിന് ഉത്തരവാദിയാക്കുന്നതു ധർമ്മഭ്രംശമാണെന്ന് ആ സന്ദർഭത്തിൽ തോന്നിപ്പോയതിനാൽ അയാൾ ഉത്തരമൊന്നും തിരുമനസ്സറിയിക്കാതെ നിന്നു. മഹാരാജാവിന് അനേകചോദ്യങ്ങൾ ആ സംഗതിസംബന്ധിച്ചു ചോദിപ്പാനുണ്ടായിരുന്നെങ്കിലും, തന്റെ സ്വകാര്യവിചാരണയെ അവിടെ അവസാനിപ്പിച്ചു.

കുറ്റക്കാരന്റെ കാരണവരുടേയും അച്ഛന്റേയും ഗുരുവിന്റേയും സ്ഥിതികളെ അഭിമാനിച്ച്, തൽക്കാലം അയാൾ താമസിക്കുന്ന സ്ഥലത്തു പരുക്കയിട്ട് ‘ഇടവലം മുൻപിൽ പുറംപോക്കുമുടക്കിയും ഉടയാരോടും ഊരാരോടും വാക്കും വചനവും തടഞ്ഞും പണ്ടാരവക കുഞ്ചൂട്ടക്കാവലിൽ അടക്കിയും, തിരുവാണപ്പടി മേൽക്കണ്ടവിധമെല്ലാം നടക്കുമാറും, കാര്യം പ്ടാത്തവകയിൽനിന്ന് ശ്രീപണ്ടാരക്കാര്യം ചെയ്കവകയ്ക്കുണ്ടായിട്ടുള്ള വരിയോലപ്പടിക്കും ധർമ്മനീതികൾക്കും തപ്പും തവറലും വരാതേയും, കാര്യം തീരുമാനപ്പെടുത്തുന്നതുവരെ പാറാവിൽ പാർപ്പിച്ചുകൊള്ളാൻ’ തൽക്കാലം ഒരുത്തരവു പുറപ്പെട്ടു. അതിന്മണ്ണം കേശവൻകുഞ്ഞ് ഏകാന്തബന്ധനത്തിലായി. ഈ വിചാരണ ആരംഭിക്കുന്നതിനു മുമ്പിൽത്തന്നെ ചന്ത്രക്കാറനും [ 105 ] പത്തഞ്ഞൂറ് പൗരന്മാരും രാജമന്ദിരത്തിന്റെ ദക്ഷിണവീഥിയിൽ സംഘംകൂടിയിരുന്നു. ആ പൗരതതിയുടെ സംഖ്യയെ ജനറൽ കുമാരൻതമ്പിയുടെ ഭടവ്യാപരണം ഇരട്ടിച്ചു കേശവൻകുഞ്ഞിന്റെ നേർക്കുണ്ടായ തൽക്കാലവിധി പ്രസിദ്ധമായപ്പോൾ, ചന്ത്രകാറൻ കൊട്ടാരത്തിന്മേൽ പാഷാണധൂളി വൃഷ്ടിചെയ്യാതെ തന്റെ കാളച്ചിരിയെ രാജമന്ദിരസാമീപ്യത്തിന് ചേരുംവണ്ണം സ്ഥായി താഴ്ത്തി ഒന്നു ധ്വനിപ്പിക്കമാത്രം ചെയ്തു. ചിലമ്പിനേത്തു ചന്ത്രകാറന്റെയും നന്തിയത്തുണ്ണിത്താന്റെയും ദ്രവ്യമഹാനദികളുടെ സമ്യോഗത്താൽ ധ്വംസനം ചെയ്യപ്പെടാത്ത സാക്ഷ്യമേത്, അധികാരശക്തി ഏത്, സമുദ്രഗർഭത്തിൽ നയിക്കപ്പെടാത്ത നിയമപ്രാകാരങ്ങളേത് എന്നു മദിച്ചു ഘോഷിച്ചുകൊണ്ട് ചന്ത്രക്കാറൻ തന്റെ അനുചരന്മാരോടൊരുമിച്ച് തെക്കേത്തെരുവിൽനിന്ന് സർവഥാ തന്റെ രക്ഷാഭാരത്തെ വീക്ഷിക്കുന്ന ഹരിപഞ്ചാനനഗുരുവിന്റെ വാസനിലയനത്തേക്കു തിരിച്ചു. അപ്രതീക്ഷിതമായുണ്ടായ ബ്രഹ്മഹത്യയുടെ ഘോരതയേയും വിസ്മരിച്ച് അവിടെക്കൂടിയിരുന്ന പൗരന്മാർ ചന്ത്രക്കാറപ്രഭുവിന്റെ അനന്തരവനെ ബന്ധിക്കുന്നതിനുണ്ടായ ആജ്ഞയെ അപഹസിച്ചു. അപരാധങ്ങൾക്കു ദണ്ഡനമുണ്ടാകേണ്ടത് സ്മൃതിശാസ്ത്രങ്ങളാൽ സ്ഥാപിതമായുള്ള ഒരു വ്യവസ്ഥയാണെന്നുള്ളതിനേയും മറന്ന് അവർ മതിഭ്രമത്തോടുകൂടി ചന്ത്രക്കാറന്റെ സഹതാപികളായിത്തീർന്നു. ചന്ത്രക്കാറനെത്തുടർന്ന ഒരു വലിയ ജനസംഘം ഹരിപഞ്ചാനനന്റെ സന്നിധിയിൽ എത്തി. ആ യോഗീശ്വരൻ തന്റെ സമാധിപീഠത്തിൽ ഇരുന്ന്, മഹാജനഗമനത്തിൽ ഒരു നവലക്ഷമണോപദേശം നല്കി, അവരെ പ്രശാന്തകോപന്മാരാക്കി പിരിച്ചയച്ചു. തന്റെ കൃത്രിമഫലമായിട്ടുണ്ടായ വധം അനന്തരസംഭവ്യങ്ങളറിയാതെ താൻ ചെയ്ത സമ്മാനദാനത്താൽ സ്വകൃപാഭാജനമായ കന്യകയുടെ കാമുകനിൽ സ്ഥാപിക്കപ്പെടുമെന്നുള്ള ദൈവഗതിയെ ആ ബുദ്ധിപ്രധാനൻ പൂർവ്വരാത്രിയിലെ അവസാനസംവാദംമുതൽ ഗ്രഹിച്ചിരുന്നു. ധനാരാധകനായ ചന്ത്രക്കാറൻ ആ കുണ്ഡലങ്ങളെ സ്വഭണ്ഡാരത്തിൽ ചേർത്തു ഗോപനംചെയ്യുമെന്നും, അതുകൊണ്ട് അവ അയാളുടെ കണ്ഠത്തിനുനേർക്ക് ഓങ്ങപ്പെട്ട ഖഡ്ഗംപോലെ സദാ സ്ഥിതിചെയ്ത് തനിക്ക് ഒരു രക്ഷാസൂത്രമായി ഇരിക്കുമെന്നും യോഗീശ്വരൻ വിചാരിച്ചു ചെയ്ത ദാനം അതിന്റെ ദാതാവായ തന്നെത്തന്നെ ആ ഖലനു ദാസ്യപ്പെടുത്തുമാറു പരിണമിക്കുന്നു! അതുകൊണ്ട് ചന്ത്രക്കാറന്റെ പാർശ്വവർത്തിത്വത്തെ ഇനിയും ഒന്നുകൂടി ദൃഢപ്പെടുത്തണമെന്നു കരുതി ജനസമൂഹത്തെ പിരിച്ചയച്ചതിന്റെ ശേഷം ഹരിപഞ്ചാനനൻ അയാളോട് മഹാരാജാവിന്റെ വിധിയുടെ അനൗചിത്യത്തേയും, ധർമ്മാധർമ്മവിചിന്തനശൂന്യതയേയും, ഇതര രാഷ്ത്രാധിപന്മാരുടെ വ്യത്യസ്തമായ നീതിമുറകളേയും, മഹൗദാര്യ ബുദ്ധിയേയും, കാരുണ്യപ്രചുരതയേയും കുറിച്ചു ദൃഷ്ടാന്തസമന്വിതം ഒട്ടേറെ പ്രസംഗിച്ച് ചന്ത്രക്കാറൻ തിരുവനന്തപുരത്തുതന്നെ തൽക്കാലം താമസിപ്പാൻ ഗുണദോഷിച്ചു. ദുര്യോധനാദികളുടെ സദസ്സിൽ “ചത്തതു കീചകനെങ്കിലോ—മാരുതപുത്രനത്രേ കൊലചെയ്തതു നിർണ്ണയം” എന്നു ഭീഷ്മർ അഭിപ്രായപ്പെട്ടതുപോലെ മരിച്ചത് അണ്ണാവയ്യനെങ്കിൽ കൊന്നത് നീട്ടെഴുത്തു കേശവപിള്ളയാണെന്നും അതിലേക്കു വേണ്ട ലക്ഷ്യങ്ങൾ ഉണ്ടാക്കി കേശവൻകുഞ്ഞിനെ രക്ഷിച്ചുകൊള്ളാമെന്നും ഹരിപഞ്ചാനനൻ വാഗ്ദാനവും ചെയ്തു. ഹന്താവ് ഇന്നാരെന്നുള്ള ഹരിപഞ്ചാനനന്റെ ഗുഢവിധി, കാറ്റിനാൽ വിതറപ്പെട്ട കാറ്റുപോലെ പരന്നു. നീട്ടെഴുത്തു കേശവപിള്ളയാണ് അണ്ണാവയ്യനെ കൊന്നതെന്നുള്ള കഥ അതിവേഗത്തിൽ നാടെങ്ങും പെരുവഴിപ്പാട്ടായി. ഈ ദുഷ്കീർത്തിയിൽ, ചന്ത്രക്കാറനുണ്ടായതുപോലെയുള്ള സഹതാപസമൃദ്ധി ആ യുവാവിനു ലബ്ധമായില്ല. എന്നാൽ ഇങ്ങനെയുള്ള ദുർവിഖ്യാതി അധികകാലതാമസംകൂടാതെ കേശവപിള്ളയ്ക്ക് ഒരു നവമിത്രത്തെക്കൂടി സമ്പാദിച്ചുകൊടുത്തു.