താൾ:Dharmaraja.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലയാൽ സമാവൃതനായതുപോലെ അദ്ദേഹം അമ്പരന്നു. ആ യുവാവിന്റെ കർണ്ണത്തിൽ സ്ഥിരവീക്ഷണനായിനിന്ന്, ശിരസ്സിൽ ഹസ്തതാഡനം ചെയ്തു: “നാരായണ! ജനാർദ്ദന! ശംഭോ! മഹാദേവ!” എന്നിങ്ങനെ പ്രാർത്ഥനാക്രോശങ്ങൾകൊണ്ടു മഹാരാജാവിനേയും സംഭ്രമിപ്പിച്ചു. ദീക്ഷിതരെ തുടർന്ന് മഹാരാജാവും കേശവൻകുഞ്ഞിന്റെ കർണ്ണങ്ങളെ ലക്ഷ്യമാക്കി തന്റെ വീക്ഷണത്തെ ഉറപ്പിച്ചു. ആ യുവാവിന്റെ കർണ്ണങ്ങളിൽ പ്രകാശിച്ചു കാണപ്പെടുന്ന കുണ്ഡലദ്വന്ദ്വം, അണ്ണാവയ്യന്റെ ഘനശോണിതംപോലെ ഘാതകനെ പ്രത്യക്ഷീകരിച്ചുകൊണ്ട് അവിടെ സ്ഥിതിചെയ്യുന്നു. ആ കുണ്ഡലങ്ങൾ പ്രത്യേകമായി മഹാപ്രസിദ്ധി ഉള്ളതുകളായിരുന്നു. കായാംപൂവർണ്ണനായി, ശംഖചക്രഗദാസരോരുഹങ്ങൾ ധരിച്ചു ചതുർബാഹുവായി, പീതാംബരവനമാലാദ്യലംകൃതനായി, ശ്രീവത്സവക്ഷസ്കനായി, ലക്ഷ്മീസമേതം ഗരുഡാരൂഢനായി ആവിർഭവിക്കുന്ന ദിവ്യസ്വരൂപം എങ്ങനെ മഹാവിഷ്ണുവിന്റേതെന്ന് അഭിനയിക്കപ്പെടുമോ, അതിന്മണ്ണം ആ ഗാത്രവും ശുദ്ധിയും പ്രകാശവും കപ്പും ജോടിയോജ്യതയുമുള്ള രത്നങ്ങൾ സംഘടിച്ച ആ സ്വർണ്ണക്കൂടും, തിരുക്കും, ചുരയുംചേർന്ന കുണ്ഡലങ്ങൾ അണ്ണാവയ്യന്റേതല്ലെന്നു ദക്ഷിണഭാരതത്തിൽ ഏവനൊരുവനെങ്കിലും ശങ്കിക്കുമോ? ഈ രത്നങ്ങളെ സുവ്യക്തമായി ദർശനംചെയ്തതിന്റെശേഷം, ദീക്ഷിതർ തന്റെ പ്രിയശിഷ്യന്റെമേൽ അനന്തരമായി നിയമദണ്ഡനിപാതമുണ്ടാകുന്നതിനെ ദർശനംചെയ്യാൻ നിൽക്കാതെ മഹാരാജാവിന്റെ അനുജ്ഞ വാങ്ങിയും, അവിടത്തെ അഭിവാദനംചെയ്തും യാത്രയായി. എന്നാൽ മഹാരാജാവിന്റെ ബുദ്ധിയിൽ ആ രത്നസന്ദർശനം ഘാതകോദ്ദേശ്യത്തിന്റെ കുടിലതയെക്കുറിച്ചുള്ള അനുമാനങ്ങളെ വിഷമതരങ്ങളാക്കിത്തീർത്തതല്ലാതെ ആ യുവാവിനെ ശിക്ഷായോഗ്യനെന്നു തോന്നിച്ചില്ല. അയാൾ വധകർത്താവായിരുന്നുവെങ്കിൽ, അയാളിൽ പ്രകാശിച്ചിരുന്ന ബുദ്ധിയുടേയും വിവേചനാശക്തിയുടേയും സ്ഥിതിക്ക്, ആ രത്നങ്ങളെ അത്ര സമീപകാലത്ത് അണിയുവാൻ സന്നദ്ധനാവുകയില്ലെന്നു രായസംകേശവപിള്ളയുടെ വാദത്തെത്തുടർന്ന് അവിടന്നു തീർച്ചയാക്കി. ദീക്ഷിതരായ ഗുരുനാഥന്റെ അപമര്യാദമായക്ഷിപ്രനിഷ്ക്രമണം അദ്ദേഹത്തിന്റെ ഒരു ശാപമെന്നപോലെ പരിതപിപ്പിക്കയാൽ ആ യുവാവു നിസ്തേജനായി നിൽക്കുന്നതിനെ തൃക്കൺപാർത്ത്, അനുകമ്പയോടുകൂടി അയാളുടെ അടുത്തു ചെന്ന് അതിമൃദുവായ സ്വരത്തിൽ “ഈ കടുക്കൻജോടി നിനക്കെവിടുന്നു കിട്ടി?” എന്നു ചോദിപ്പാൻ മഹരാജാവിനു കനിവുണ്ടായി. തന്റെ പാദങ്ങൾ സ്പർശിക്കുന്ന അതിശീതളമായ തളിമത്തിൽ നിന്ന് ഒരു അഗ്നിശിഖ ഉദിച്ച്, തന്റെ ശരീരത്തെ ദഹിപ്പിച്ചുതുടങ്ങിയതുപോലുള്ള അത്യുഷ്ണവ്യഥ ആ യുവാവിനുണ്ടായി. ആ കുണ്ടലങ്ങളെ വത്സലനായ മാതുലൻ തന്റെ കർണ്ണങ്ങളിൽ ധരിപ്പിച്ചതിന്റെ ശേഷം കണ്ണാടിനോക്കി അതുകളെ കാണുന്നതിന് ആ യുവാവിനു സന്ദർഭം കിട്ടിയിരുന്നില്ല. ദീക്ഷിതരുടെ വ്യസനവും മഹാരാജാവിന്റെ ചോദ്യവുംകൊണ്ട് ആ കുണ്ഡലങ്ങൾ തന്റെനേർക്ക് ആരോപിക്കപ്പെട്ട അപരാധത്തെ എങ്ങനെ സ്ഥിരപ്പെടുത്തുന്നു എന്ന് അയാൾക്കു മനസ്സിലായി. സ്വാർത്ഥപരനാണെങ്കിലും തന്റെ മാതുലനും, തന്നോടുമാത്രം ആർദ്രഹൃദയനും ആയുള്ള ചന്ത്രക്കാറനെ തന്റെ സാക്ഷ്യംകൊണ്ടു കൊലക്കുറ്റത്തിന് ഉത്തരവാദിയാക്കുന്നതു ധർമ്മഭ്രംശമാണെന്ന് ആ സന്ദർഭത്തിൽ തോന്നിപ്പോയതിനാൽ അയാൾ ഉത്തരമൊന്നും തിരുമനസ്സറിയിക്കാതെ നിന്നു. മഹാരാജാവിന് അനേകചോദ്യങ്ങൾ ആ സംഗതിസംബന്ധിച്ചു ചോദിപ്പാനുണ്ടായിരുന്നെങ്കിലും, തന്റെ സ്വകാര്യവിചാരണയെ അവിടെ അവസാനിപ്പിച്ചു.

കുറ്റക്കാരന്റെ കാരണവരുടേയും അച്ഛന്റേയും ഗുരുവിന്റേയും സ്ഥിതികളെ അഭിമാനിച്ച്, തൽക്കാലം അയാൾ താമസിക്കുന്ന സ്ഥലത്തു പരുക്കയിട്ട് ‘ഇടവലം മുൻപിൽ പുറംപോക്കുമുടക്കിയും ഉടയാരോടും ഊരാരോടും വാക്കും വചനവും തടഞ്ഞും പണ്ടാരവക കുഞ്ചൂട്ടക്കാവലിൽ അടക്കിയും, തിരുവാണപ്പടി മേൽക്കണ്ടവിധമെല്ലാം നടക്കുമാറും, കാര്യം പ്ടാത്തവകയിൽനിന്ന് ശ്രീപണ്ടാരക്കാര്യം ചെയ്കവകയ്ക്കുണ്ടായിട്ടുള്ള വരിയോലപ്പടിക്കും ധർമ്മനീതികൾക്കും തപ്പും തവറലും വരാതേയും, കാര്യം തീരുമാനപ്പെടുത്തുന്നതുവരെ പാറാവിൽ പാർപ്പിച്ചുകൊള്ളാൻ’ തൽക്കാലം ഒരുത്തരവു പുറപ്പെട്ടു. അതിന്മണ്ണം കേശവൻകുഞ്ഞ് ഏകാന്തബന്ധനത്തിലായി. ഈ വിചാരണ ആരംഭിക്കുന്നതിനു മുമ്പിൽത്തന്നെ ചന്ത്രക്കാറനും

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/104&oldid=158366" എന്ന താളിൽനിന്ന് ശേഖരിച്ചത്