Jump to content

താൾ:Dharmaraja.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശുദ്ധതകൊണ്ടും ദുഷ്ടതകൊണ്ടും ഓരോന്നു സന്ദർഭവശാൽ തിരുമനസ്സറിയിച്ചുപോകും. ഇങ്ങനെ അറിയിക്കുന്നതു തെറ്റിപ്പോയാലും, പരമസത്യവാന്മാരും ഭക്തന്മാരും ആയിട്ടുള്ളവർ ഒഴികെ ശേഷമുള്ളവർ, അവരവർ ഉണർത്തിച്ചതിനെ സ്ഥിരപ്പെടുത്താൻ ശ്രമിക്കും. അതിനു ധർമ്മാധർമ്മചിന്തനത്തെ ഉപേക്ഷിക്കയും ചെയ്യും. ഇതിൽ നിന്ന് ഇപ്പോഴത്തെ സംഗതിയിൽ ചിന്ത്യമായുള്ളതിനെ അടിയൻ വ്യക്തമായി അറിയിക്കുന്നില്ല. തിരുമനസ്സിലെ ബുദ്ധിപ്രഭാവം വിശ്രുതമാണ്.”

ഈ വാദത്തിൽനിന്ന് അനുമേയമായുള്ളത്, വധകർത്താവ് സ്വോപദേഷ്ടാക്കളായ മന്ത്രിമാരോ രായസം കേശവപിള്ളയോ ആയിരിക്കണമെന്നായിരുന്നു. രാജമന്ത്രിമാർ അനന്തമുദ്രമോതിരത്തെ സംബന്ധിച്ച് ദ്വന്ദ്വാഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള അഭിപ്രായഭിന്നതയിൽ ഒരു പക്ഷത്തിനു വിപരീത സാക്ഷ്യം അണ്ണാവയ്യങ്കൽനിന്നുണ്ടാകുമെന്നായപ്പോൾ ആ സാക്ഷിയെ അധികാരഹസ്തങ്ങൾക്കു പ്രാപ്യമല്ലാത്തവിധത്തിൽ മറച്ചതാണെന്നും ആ യുവാവിന്റെ ഇംഗിതപൂർവമായ സൂചനം മഹാരാജാവിനു വ്യക്തമായി. ഇങ്ങനെ യുക്തിയുക്തമായി സംശയിക്കുന്ന യുവാവ് ആ രാത്രിയിൽ തന്റെ തത്ത്വത്തെ ഗ്രഹിക്കാത്തതു വലിയ ഭാഗ്യമായെന്നു തിരുമനസ്സിൽ ആശ്വസിച്ചു. അതിബുദ്ധിമാനായ മഹാരാജാവിന് ആ അന്വേഷണം അപ്പോൾ പ്രാപിച്ചിരുന്ന പതനത്തിൽനിന്നു മുന്നോട്ടു തുടരുന്നതിനു ശക്തിയില്ലാതെ ചമഞ്ഞു. അവിടത്തെ ഭാഗ്യാതിരേകംകൊണ്ട് സാംബദീക്ഷിതർ അനുവൃത്തഖണ്ഡങ്ങൾപോലെ വളഞ്ഞ ഭസ്മത്രിപുണ്ഡ്രങ്ങൾകൊണ്ട് ശോഭിക്കുന്ന വക്ഷോജോദരത്രികുംഭങ്ങളോടുകൂടി തിരുമുമ്പിൽ പ്രവേശിച്ചു. കാര്യക്കാർ മുതലായ ഉദ്യോഗസ്ഥന്മാരുടെ മുൻപിൽ പ്രദർശിപ്പിച്ച പ്രാധാന്യം അദ്ദേഹത്തിന്റെ വിദ്വത്തയ്ക്കു സഹജമായിരുന്നതിനാൽ, അതു തിരുമുമ്പിലും അക്ഷയമായി പ്രകാശിച്ചു. എന്നാൽ രാജസന്നിധിയിലായപ്പോൾ, ആ പ്രാമണ്യഭാവത്തിന്റെ നഗ്നതയെ അത്യാദരവിനയഭാവവും വചസ്സരളതയും ദർശനീയമായവിധത്തിൽ ആച്ഛാദനംചെയ്തിരുന്നു. മഹാരാജാവിന് ‘ധാരാളധാര’യായി ആശിസ്സുകളെ വർഷിച്ചും, സ്വശിഷ്യനെ മന്ദഹാസത്തോടുകൂടി കൃപയാ കടാക്ഷിച്ചും, മഹാപ്രഭുവായ മഹാരാജാവിന്റെ മഹാപ്രതാപത്തെ പ്രശംസിച്ചും, ഘാതകഡിംഭനായ ആ യുവാവിനെ ഇത്രവേഗം പാശാവരുദ്ധനാക്കി ധർമ്മരാജമഹൽസന്നിധിയിൽ ചേർത്ത കാര്യസ്ഥന്മാരുടെ നിപുണതയെ പുരാണകഥകൾകൊണ്ട് ഉദാഹരിക്കപ്പെട്ട പ്രമാണങ്ങളെ ആസ്പദമാക്കി അഭിനന്ദിച്ചും, സാംബദീക്ഷിതർ മഹാരാജാവിന്റെ അനുവാദത്തെ വാങ്ങി കേശവൻകുഞ്ഞിനോട് ഇങ്ങനെ ഗുണദോഷിച്ചു: “അപ്പനേ! സത്യത്തെയെല്ലാം ശൊല്ലിവിട്. ഇന്ത സന്നിധാനം സാക്ഷാത്ശ്രീവൈകുണ്ഠസമം” (സപ്രാർത്ഥനനായി കണ്ണടച്ചുനിന്നു നിശ്വസിച്ചുകൊണ്ട്) “ഒന്നുടെ നാരായത്തെ അന്ത അണ്ണാവയ്യർ വക്ഷസ്സിലെ ഏത്തനിനു രൂക്ഷദുരിതൻ ആരാക്കും?” (മഹാരാജാവോട്) “സ്വാമീ! വിപ്രവധത്തിലെ വിപ്രർ പ്രാഡ്വിപാകനാക ദണ്ഡകർത്തൃത്വം വഹിക്കവേണ്ടിയത് തിരുവുള്ളക്കേടുണ്ടാകക്കൂടാത്.”

കേശവൻകുഞ്ഞ്: “നാരായം നന്തിയത്തെ വകയാണെന്ന് സ്വാമികൾക്കറിയാമല്ലോ. മുമ്പുണ്ടായിരുന്ന കേളർ ഉണ്ണിത്താൻ എന്നൊരു കാരണവരുടെ നാമാക്ഷരമാണ് അതിൽ കൊത്തിയിരിക്കുന്നതെന്നും ഒരിക്കൽ ഞാൻ പറഞ്ഞിട്ടുണ്ട്. മുന കുറഞ്ഞുതുടങ്ങിയതുകൊണ്ട് ഉരുക്കുവയ്പിക്കാൻ അണ്ണാവയ്യരുടെ പക്കൽ ഞാൻ ഏല്പിച്ചിരുന്നു.” ഈ ഉത്തരത്താൽ ദീക്ഷിതർക്കുണ്ടായ സന്തോഷം അപരിമിതമായിരുന്നു. അണ്ണാവയ്യന്റെ കൈയിൽനിന്നും ആ നാരായം പിടിച്ചുപറിച്ച്, ഏതോ ഒരു ദുഷ്ടൻ അയാളെ ഹനിച്ചതാണെന്നു സാരഗർഭങ്ങളായ ശ്ലോകങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും ഇടകലർന്ന്, അദ്ദേഹം ഒരു ദീർഘവാദം ചെയ്തു. ഈ വാദം കൊണ്ടു തന്റെ ശിഷ്യൻ അപരാധാരോപണത്തിൽനിന്നു രക്ഷപ്പെട്ടു എന്നു വിശ്വസിച്ച് പാഞ്ചാലമഹാരാജാവിന്റെ മദധ്വംസനം സാധിച്ച ദ്രാണാചാര്യരെപ്പോലെ ഉൽക്കടസന്തോഷനായി തന്റെ അർജ്ജുനനെ കടാക്ഷവലയങ്ങൾകൊണ്ടു സംഭാവനം ചെയ്തു. ഹാ കഷ്ടം! വിഘ്നേശ്വരന്റെ കുമ്പപോലെ വിസ്തൃതമായ ദീക്ഷിതരുടെ ഉദരഗഹ്വരത്തിൽ സഞ്ചയിക്കപ്പെട്ടിരുന്ന അന്നത്തെ മൃഷ്ടാശനം പ്രഥമസ്തന്യസമന്വിതം ഭസ്മീഭൂതമായി. നവാനുഭവമായ ഒരു ജലതൃഷ്ണയുടെ വ്യാപ്തി ദേഹത്തെ തപപ്പിച്ചു. കൽപാന്തകാലാഗ്നിജ്വാ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/103&oldid=158365" എന്ന താളിൽനിന്ന് ശേഖരിച്ചത്