Jump to content

താൾ:Dharmaraja.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തന്റെ മുമ്പിൽ അപരാധിയായി ഹാജരാക്കപ്പെട്ട യുവാവിന്റെ വാദത്തേയും അയാളുടെ ചേഷ്ടകളേയും, മാതാപിതാക്കന്മാർക്കു സംഭവ്യമായ ദുഃഖത്തെക്കുറിച്ചുള്ള പ്രസ്താവനയേയും സ്മരിച്ച്, മഹാരാജാവ് നിരുദ്ധനിർദ്ദാക്ഷിണ്യനായി. പ്രതിയെ മാന്യമോചനം ചെയ്‌വാനുള്ള വിധികല്പന അവിടത്തെ മനസ്സുകൊണ്ട് ലേഖനവും ചെയ്തുകഴിഞ്ഞു. എങ്കിലും, ഒന്നുരണ്ടു സംശയതമസ്സുകളെ ദൂരീകരിപ്പാനായി, അടുത്തു വച്ചിരുന്ന അനന്തമുദ്രമോതിരത്തെ അയാളെ കാണിച്ചിട്ട്, "ഇതു നീ കണ്ടിട്ടുണ്ടോ" എന്ന് ആദ്യമായി ചോദ്യം ചെയ്തു. "ഇല്ല" എന്ന് ആ യുവാവ് സധൈര്യം മറുപടി പറഞ്ഞു. മീനാക്ഷിയോട് അനന്തമുദ്രമോതിരത്തിന്റെ വിക്രയംകൊണ്ടു തനിക്കുണ്ടായ അനർത്ഥത്തെക്കുറിച്ചു വിലപനംചെയ്ത ഈ യുവാവ് ഇങ്ങനെ അറിയിച്ചത് വ്യാജമല്ലയോ എന്നു വായനക്കാർ വിചാരിക്കും. പരമസത്യവാന്മാരും ആപൽഭയത്തിങ്കൽ അസത്യവാദികളായിത്തിരിഞ്ഞുപോകാം. അയാളുടെ പാരമാർത്ഥികത്വത്തിന് എത്രത്തോളം വേരുറപ്പുണ്ടെന്നുള്ളത് ശേഷഭാഗം കഥകൊണ്ട് അറിയേണ്ടതാണ്. ഇങ്ങനെ ഒരു സാധനം പുറത്തു വരണമെങ്കിൽ കഴക്കൂട്ടത്തു കുടുംബംവക മുതൽ അടങ്ങീട്ടുള്ള ഒരു ഭവനത്തിൽ നിന്നു വേണമെന്നു വിശ്വസിച്ചിരുന്നതുകൊണ്ട്, മഹാരാജാവിന്റെ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു: "നിന്റെ അമ്മാവനു പണത്തിനുമുട്ടില്ലല്ലോ. പിന്നെന്താണ് ഇതിനെ വിറ്റത്?"

കേശവൻകുഞ്ഞ്: "അമ്മാവന് ഇക്കാര്യത്തിൽ യാതൊരു സംബന്ധവുമില്ല. ഉണ്ടെന്നു കൽപിച്ച് സംശയിക്കുന്നെങ്കിൽ പഴവന്റെ ആപൽക്കാലം കൊണ്ടാണ്.”

ഈ ഉത്തരം ആ യുവാവിന്റെ സത്യസന്ധതയെക്കുറിച്ച് മഹാരാജാവിനുണ്ടായിരുന്ന വിശ്വാസത്തെ സ്വല്പം ഒന്നു ചലിപ്പിച്ചു. ഇതിന്റെ ശേഷം ഇങ്ങനെ ഒരു ദ്രുതതരംഗാവലിയായി ചോദ്യോത്തരങ്ങൾ നടന്നു. “ഈ മോതിരം ഇതിനുമുമ്പു നീ കണ്ടിട്ടില്ലേ?” “ഇല്ല.” “അണ്ണാവയ്യന്റെ ഉത്തരീയത്തിൽ കെട്ടപ്പെട്ടിരുന്നതാണിത്. അതെങ്ങനെ അവിടെ വന്നു?” “അടിയന് അറിവാൻ പാടില്ല”–“കൊല നടന്ന രാത്രി നീ അയാളെക്കണ്ടില്ലേ?” “ഇല്ല”–“എന്ത്! അയാളെ അന്വേഷിച്ചുമില്ലേ?” “കാണാനായി നടന്നു. നീട്ടെഴുത്തുകേശവപിള്ള ആ മഠത്തിൽ ഉണ്ടായിരുന്നതുകൊണ്ട് കാണാൻ തരപ്പെട്ടില്ല”—“അവൻ അവിടിരുന്നാൽ നിനക്കു കണ്ടുകൂടായിരുന്നോ?” “കേശവപിള്ള തൃപ്പാദകാര്യസ്ഥനാണ്. രാജ്യകാര്യങ്ങൾ വല്ലതും കല്പനപ്രകാരം സംസാരിക്കയാണെന്നു വിചാരിച്ചും, ചിലമ്പിനേത്തു വിടകൊള്ളാൻ ധിറുതിയായിരുന്നതുകൊണ്ടും, അവിടെ അധികം താമസിക്കാതെ അടിയൻ പൊയ്ക്കളഞ്ഞു.” മഹാരാജാവിന്റെ അടുത്ത ചോദ്യം ഒരു രാജസപ്രഭാവത്തോടുകൂടി ആയിരുന്നു.

മഹാരാജാവ്: “ആരാ പിന്നെ അണ്ണാവയ്യനെ കൊന്നത്? നീട്ടെഴുത്തു കേശവനെന്ന് നീ സൂചിപ്പിക്കുന്നോ?”

കേശവൻകുഞ്ഞ്: “അടിയൻ അടിസ്ഥാനമില്ലാതെ ഒന്നും തിരുമുമ്പിൽ വിടകൊണ്ടുപോകയില്ല. ഒരു സംശയമുള്ളതിനെ അറിയിക്കാം. അന്ന് ആ തെരുവിൽ ചിലർ പതുങ്ങി സഞ്ചരിച്ചിരുന്നു. അവരെ തിരക്കിപ്പിടികൂടിയാൽ പക്ഷേ, പരമാർത്ഥം വെളിപ്പെട്ടേക്കാം.”

‘പതുങ്ങി’ സഞ്ചരിച്ചിരുന്നതു മഹാരാജാവുതന്നെ ആയിരുന്നതിനാൽ, അവിടന്നു വലിയ പരുങ്ങലിലായി. അടുത്തു പുറപ്പെടുന്ന അഭിപ്രായം എന്തെന്നു നിർണ്ണയിക്കാൻ ശക്തനാകാതെ, മഹാരാജാവു ചോദ്യമൊന്നും ചെയ്യാതെ നിന്നതുകൊണ്ട്, കേശവൻകുഞ്ഞു തന്റെ സംശയത്തെ സ്ഥിരപ്പെടുത്തി ഇങ്ങനെ അറിയിച്ചു: “ആളുകൾ അവരുടെ മുഖങ്ങളെ കഴിയുന്നതും മറച്ചിരുന്നു. നല്ല നിലാവു വെളിച്ചം ഉള്ളതുകൊണ്ട് നിഴലിൽത്തന്നെ സഞ്ചരിച്ചു.” (മഹാരാജാവിന്റെ മുഖത്തു സൂക്ഷിച്ചുനോക്കീട്ട്) “അതിൽ ഒരാൾ മീശ വളർത്തീട്ടുണ്ടായിരുന്നു.” (ശുദ്ധഗതിയും പരമാർത്ഥബുദ്ധിയുംകൊണ്ട്) “തിരുമനസ്സിലെ ഉദ്യോഗസ്ഥന്മാർ അണ്ണാവയ്യനെ തിരക്കി നടക്കുന്ന സംഗതി അടിയന് അപ്പോൾ ഓർമ്മവന്നു. പുറത്തു നിൽക്കുന്നവർ നീട്ടെഴുത്തുപിള്ളയുടെ സഹായികളായിരിക്കാമെന്ന് അടിയൻ ഊഹിച്ചു. അടിയൻ രാജ്യനയങ്ങളിൽ ഒരു പരിചയവുമില്ല. എങ്കിലും ഒരു പരമാർത്ഥം അടിയൻ അറിയിക്കാം. ധിക്കാരമെന്നു തിരുവുള്ളത്തിൽ വിചാരിക്കരുത്. തിരുമനസ്സിലെ ഊദ്യാഗസ്ഥന്മാർ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/102&oldid=158364" എന്ന താളിൽനിന്ന് ശേഖരിച്ചത്