താൾ:Dharmaraja.djvu/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്തഞ്ഞൂറ് പൗരന്മാരും രാജമന്ദിരത്തിന്റെ ദക്ഷിണവീഥിയിൽ സംഘംകൂടിയിരുന്നു. ആ പൗരതതിയുടെ സംഖ്യയെ ജനറൽ കുമാരൻതമ്പിയുടെ ഭടവ്യാപരണം ഇരട്ടിച്ചു കേശവൻകുഞ്ഞിന്റെ നേർക്കുണ്ടായ തൽക്കാലവിധി പ്രസിദ്ധമായപ്പോൾ, ചന്ത്രകാറൻ കൊട്ടാരത്തിന്മേൽ പാഷാണധൂളി വൃഷ്ടിചെയ്യാതെ തന്റെ കാളച്ചിരിയെ രാജമന്ദിരസാമീപ്യത്തിന് ചേരുംവണ്ണം സ്ഥായി താഴ്ത്തി ഒന്നു ധ്വനിപ്പിക്കമാത്രം ചെയ്തു. ചിലമ്പിനേത്തു ചന്ത്രകാറന്റെയും നന്തിയത്തുണ്ണിത്താന്റെയും ദ്രവ്യമഹാനദികളുടെ സമ്യോഗത്താൽ ധ്വംസനം ചെയ്യപ്പെടാത്ത സാക്ഷ്യമേത്, അധികാരശക്തി ഏത്, സമുദ്രഗർഭത്തിൽ നയിക്കപ്പെടാത്ത നിയമപ്രാകാരങ്ങളേത് എന്നു മദിച്ചു ഘോഷിച്ചുകൊണ്ട് ചന്ത്രക്കാറൻ തന്റെ അനുചരന്മാരോടൊരുമിച്ച് തെക്കേത്തെരുവിൽനിന്ന് സർവഥാ തന്റെ രക്ഷാഭാരത്തെ വീക്ഷിക്കുന്ന ഹരിപഞ്ചാനനഗുരുവിന്റെ വാസനിലയനത്തേക്കു തിരിച്ചു. അപ്രതീക്ഷിതമായുണ്ടായ ബ്രഹ്മഹത്യയുടെ ഘോരതയേയും വിസ്മരിച്ച് അവിടെക്കൂടിയിരുന്ന പൗരന്മാർ ചന്ത്രക്കാറപ്രഭുവിന്റെ അനന്തരവനെ ബന്ധിക്കുന്നതിനുണ്ടായ ആജ്ഞയെ അപഹസിച്ചു. അപരാധങ്ങൾക്കു ദണ്ഡനമുണ്ടാകേണ്ടത് സ്മൃതിശാസ്ത്രങ്ങളാൽ സ്ഥാപിതമായുള്ള ഒരു വ്യവസ്ഥയാണെന്നുള്ളതിനേയും മറന്ന് അവർ മതിഭ്രമത്തോടുകൂടി ചന്ത്രക്കാറന്റെ സഹതാപികളായിത്തീർന്നു. ചന്ത്രക്കാറനെത്തുടർന്ന ഒരു വലിയ ജനസംഘം ഹരിപഞ്ചാനനന്റെ സന്നിധിയിൽ എത്തി. ആ യോഗീശ്വരൻ തന്റെ സമാധിപീഠത്തിൽ ഇരുന്ന്, മഹാജനഗമനത്തിൽ ഒരു നവലക്ഷമണോപദേശം നല്കി, അവരെ പ്രശാന്തകോപന്മാരാക്കി പിരിച്ചയച്ചു. തന്റെ കൃത്രിമഫലമായിട്ടുണ്ടായ വധം അനന്തരസംഭവ്യങ്ങളറിയാതെ താൻ ചെയ്ത സമ്മാനദാനത്താൽ സ്വകൃപാഭാജനമായ കന്യകയുടെ കാമുകനിൽ സ്ഥാപിക്കപ്പെടുമെന്നുള്ള ദൈവഗതിയെ ആ ബുദ്ധിപ്രധാനൻ പൂർവ്വരാത്രിയിലെ അവസാനസംവാദംമുതൽ ഗ്രഹിച്ചിരുന്നു. ധനാരാധകനായ ചന്ത്രക്കാറൻ ആ കുണ്ഡലങ്ങളെ സ്വഭണ്ഡാരത്തിൽ ചേർത്തു ഗോപനംചെയ്യുമെന്നും, അതുകൊണ്ട് അവ അയാളുടെ കണ്ഠത്തിനുനേർക്ക് ഓങ്ങപ്പെട്ട ഖഡ്ഗംപോലെ സദാ സ്ഥിതിചെയ്ത് തനിക്ക് ഒരു രക്ഷാസൂത്രമായി ഇരിക്കുമെന്നും യോഗീശ്വരൻ വിചാരിച്ചു ചെയ്ത ദാനം അതിന്റെ ദാതാവായ തന്നെത്തന്നെ ആ ഖലനു ദാസ്യപ്പെടുത്തുമാറു പരിണമിക്കുന്നു! അതുകൊണ്ട് ചന്ത്രക്കാറന്റെ പാർശ്വവർത്തിത്വത്തെ ഇനിയും ഒന്നുകൂടി ദൃഢപ്പെടുത്തണമെന്നു കരുതി ജനസമൂഹത്തെ പിരിച്ചയച്ചതിന്റെ ശേഷം ഹരിപഞ്ചാനനൻ അയാളോട് മഹാരാജാവിന്റെ വിധിയുടെ അനൗചിത്യത്തേയും, ധർമ്മാധർമ്മവിചിന്തനശൂന്യതയേയും, ഇതര രാഷ്ത്രാധിപന്മാരുടെ വ്യത്യസ്തമായ നീതിമുറകളേയും, മഹൗദാര്യ ബുദ്ധിയേയും, കാരുണ്യപ്രചുരതയേയും കുറിച്ചു ദൃഷ്ടാന്തസമന്വിതം ഒട്ടേറെ പ്രസംഗിച്ച് ചന്ത്രക്കാറൻ തിരുവനന്തപുരത്തുതന്നെ തൽക്കാലം താമസിപ്പാൻ ഗുണദോഷിച്ചു. ദുര്യോധനാദികളുടെ സദസ്സിൽ “ചത്തതു കീചകനെങ്കിലോ—മാരുതപുത്രനത്രേ കൊലചെയ്തതു നിർണ്ണയം” എന്നു ഭീഷ്മർ അഭിപ്രായപ്പെട്ടതുപോലെ മരിച്ചത് അണ്ണാവയ്യനെങ്കിൽ കൊന്നത് നീട്ടെഴുത്തു കേശവപിള്ളയാണെന്നും അതിലേക്കു വേണ്ട ലക്ഷ്യങ്ങൾ ഉണ്ടാക്കി കേശവൻകുഞ്ഞിനെ രക്ഷിച്ചുകൊള്ളാമെന്നും ഹരിപഞ്ചാനനൻ വാഗ്ദാനവും ചെയ്തു. ഹന്താവ് ഇന്നാരെന്നുള്ള ഹരിപഞ്ചാനനന്റെ ഗുഢവിധി, കാറ്റിനാൽ വിതറപ്പെട്ട കാറ്റുപോലെ പരന്നു. നീട്ടെഴുത്തു കേശവപിള്ളയാണ് അണ്ണാവയ്യനെ കൊന്നതെന്നുള്ള കഥ അതിവേഗത്തിൽ നാടെങ്ങും പെരുവഴിപ്പാട്ടായി. ഈ ദുഷ്കീർത്തിയിൽ, ചന്ത്രക്കാറനുണ്ടായതുപോലെയുള്ള സഹതാപസമൃദ്ധി ആ യുവാവിനു ലബ്ധമായില്ല. എന്നാൽ ഇങ്ങനെയുള്ള ദുർവിഖ്യാതി അധികകാലതാമസംകൂടാതെ കേശവപിള്ളയ്ക്ക് ഒരു നവമിത്രത്തെക്കൂടി സമ്പാദിച്ചുകൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/105&oldid=158367" എന്ന താളിൽനിന്ന് ശേഖരിച്ചത്