താൾ:Dharmaraja.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ആരോപണമാത്രംകൊണ്ടുണ്ടാകുന്നതും ജീവാവസാനപര്യന്തം നിലനിൽക്കുന്നതുമായ കീർത്തിമാലിന്യം പ്രമാണോപദേശങ്ങളാലും പ്രായശ്ചിത്തങ്ങളാലും അപരിഹാര്യമെന്നു ഖേദിച്ച് അയാൾ ആത്മപൗരുഷത്തെ വിധിവേശ്യാവശഗമാക്കി പരിത്യജിക്കാൻ ആലോചിച്ചു. എങ്കിലും, അതിലും ശ്രേഷ്ഠമായ നിവൃത്തിമാർഗ്ഗം അയാളുടെ മനസ്സിൽ പ്രകാശിക്കയാൽ, അന്ധമോ അർത്ഥശൂന്യമോ ആയ ചപലവിധിദേവതയെ അവലംബിക്കാതെ, സ്വാത്മധാമത്തെ സത്യസ്വരൂപങ്കൽ സമർപ്പണംചെയ്തു. തന്നെ ഹതസത്വനാക്കിയ പ്രേമസിംഹികയെ തന്റെയും പ്രണയിനിയുടെയും ക്ഷേമപ്രാപ്തിക്കായി തന്റെ ഹൃദയത്തിൽനിന്നു വ്യവരോഹണം ചെയ്യിച്ചു ഇതിന്മണ്ണം തന്റെ മനഃസ്ഥൈര്യത്തെ പുനസ്സന്ധാനം ചെയ്തും, അച്ഛനറിഞ്ഞു തന്റെ രക്ഷക്കെത്തുന്നതുവരെ ബന്ധനാധീനനായി അടങ്ങിപ്പാർക്കുന്നതിനു നിശ്ചയിച്ചും, കേശവൻകുഞ്ഞ് രാജധാനിയിലേക്കുള്ള യാത്രയെത്തുടർന്നു.

തന്റെ വ്യഗ്രതകൾക്ക് ഇങ്ങനെ നിർവൃതിയുണ്ടാക്കി, ആ യുവാവ് കുഞ്ചൂട്ടക്കാരേയും സഹചരന്മാരേയും അനുഗമിച്ച് ഉദയത്തോടുകൂടി തിരുവനന്തപുരത്തെത്തുകയും ഏകദേശം മധ്യാഹ്നമായപ്പോൾ,പകടശ്ശാലക്കച്ചേരിസ്ഥലത്ത് പ്രത്യേകം ‘തൂണും പിടിച്ച്, പലകയും ചാരി ഇരിക്കുന്ന സർവാധിപ്രധാനന്റെ മുമ്പിൽ ഹാജരാക്കപ്പെടുകയും ചെയ്തു. ഈ മഹാനുഭാവൻ കേശവൻകുഞ്ഞിനെ കണ്ടമാത്രയിൽ, ഏകദേശം ഒരു കുടം പോരുന്ന താംബൂലാസവത്തെ വിസർജ്ജനംചെയ്ത് പരിസരപ്രദേശങ്ങളെ ശോണീകരിച്ചും, ഫൂൽക്കാരബഹളംകൊണ്ട് താംബൂലാക്രമുകാദ്യവശിഷ്ടങ്ങൾ പറപ്പിച്ച് വക്ത്രത്തെ ശുദ്ധമാക്കിയും ‘അ'കാരാദ്യാക്ഷരസമസ്തത്തേയും അനുനാസികാസ്വരത്തിൽ ഗൗരവഭാവത്തോടെ ഉച്ചരിച്ചും, ആ യുവാവോട് ഒരു പ്രാഥമികാന്വേഷണം ചെയ്യുവാൻ ആരംഭിച്ചു. എന്നാൽ ഇതിനിടയിൽ തന്റെ ചുറ്റും സഞ്ചയിച്ച പാരിഷദരിൽ നിന്ന് താൻ ആദ്യമായി മഹാരാജസന്നിധിയിൽ നയിക്കപ്പെടുമെന്നു ധരിച്ച കേശവൻകുഞ്ഞ്, തന്റെ കാരണവരുടെ കവനകാര്യസ്ഥനായ കണിശപ്പണിക്കരുടെ കൃതിയായ ‘പേച്ചിങ്കൽ വാമുറുക്കേണം’ എന്ന ഉപദേശത്തെ സ്മരിച്ച്, ഉത്തരമൊന്നും ബോധിപ്പിക്കാതെ നിന്നു. സർവാധികാര്യക്കാരൻ ചാടി എഴുന്നേറ്റു. പട്ടക്കാർ, രായസക്കാർ, പരിചാരകന്മാർ എന്നിവരുടെ ഇടയിൽ പ്രമാദമായ ഒരു ചലനമുണ്ടായി. സർവാധികാര്യക്കാരും പരിവാരങ്ങളും ദക്ഷിണ ഭാഗത്തുള്ള മുറ്റം, അതിനോട് ചേർന്ന് പൂജപ്പുരമണ്ഡപം, പടിഞ്ഞാറോട്ട് തിരിഞ്ഞുള്ള ഇടനാഴികൾ, ഈ സ്ഥലങ്ങളെ അരക്ഷണം കൊണ്ട് തരണം ചെയ്തു. കേശവൻകുഞ്ഞ് അവരുടെ ഗതിയെത്തുടർന്ന്, ഒരു മനോഹരാങ്കണത്തിൽ പ്രവേശിച്ചു ചില പഞ്ചവർണ്ണക്കിളികളുടെ ശ്രീപത്മനാഭഗീതങ്ങളാലും, രാജകണിക്കു യോഗ്യമായുള്ള കരിംകുരങ്ങന്മാരുടെ ഭ്രുഭംഗചേഷ്ടകളാലും വിനോദിക്കപ്പെട്ട്, സ്വൽപനേരം നിന്നതിന്റെശേഷം, ശക്തിമുദ്ഗരാദ്യായുധപാണികളായ ഭടന്മാരാലും, പള്ളിയറ, ഇലയമൃത്, കരുവേലപ്പുര, ആയുധമെടുപ്പ്, അങ്കിപ്പുര മുതലായ വകുപ്പുകളിലെ പരിചാരകന്മാരാലും പരിഷേവിതമായ ഉപ്പരീക്ക (ഉബ്ബരീഗാ) മാളികമുകളിൽ പള്ളിക്കമലാലയാന്തർഭാഗത്ത്, ലക്ഷ്മീകാന്തപ്രസാദപ്രവാഹത്താൽ സൗഭാഗ്യപൂർണ്ണമായ കുലശേഖരമഹാരാജാവിന്റെ വിശിഷ്ടസന്നിധിയിൽ പ്രവേശിക്കപ്പെട്ടു.

കേശവൻകുഞ്ഞ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്ന വർത്തമാനം അറിഞ്ഞ്, അനന്തമുദ്രമോതിരത്തെ വരുത്തി, സമീപത്തു സൂക്ഷിച്ചും, സാംബദീക്ഷിതരെ വരുത്തുന്നതിന് ദൂതനെ നിയോഗിച്ചും, അയാളോടുള്ള വിചാരണയ്ക്ക് ഒരുങ്ങിയിരുന്ന മഹാരാജാവ് തന്റെ മുമ്പിൽ ഹാജരാകാൻപോകുന്ന യുവാവ്, ഭാണസാന്ദേശാദികുസുമചയങ്ങളിലെ ശൃംഗാരരസഗ്രാഹിയായ ഒരു വിടഭ്രമരമായിരിക്കുമെന്നു വിചാരിച്ചിരുന്നു. എന്നാൽ, ആദിയുഗധർമ്മസർവസ്വത്തിന്റെ അവതാരംപോലെ അവിടത്തെ സന്നിധിയിൽ, പ്രവേശിച്ച ആ പരമപാവനാകാരത്തിന്റെ ദർശനമാത്രയിൽ സൂര്യോദയത്തിൽ ഹിമാവരണംപോലെ ഈ ദുശ്ശങ്ക അശേഷം അസ്തമിച്ചു. സൗന്ദര്യസമുൽക്കർഷംകൊണ്ടു സമൃദ്ധമായി വിതാനിക്കപെട്ടിരുന്ന ആ യുവാവിൽ, തത്തുല്യമായ വൃത്തിശീലാദിസമ്പത്തിനേയും വിധാതാവു സമുച്ചയിച്ചിട്ടുണ്ടെന്ന് ആ പ്രഭുകുമാരന്റെ സ്വഭാവികമായ വിനീതഗാംഭീര്യം പ്രത്യക്ഷമാക്കി. ഇന്ദ്രശിലാനിർമ്മിതമായ ബുദ്ധവിഗ്രഹംപോലെ മഹാരാജാവ് നിർവ്വികാരവദനനായി നിന്നു എങ്കിലും അവിടത്തെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/100&oldid=158362" എന്ന താളിൽനിന്ന് ശേഖരിച്ചത്