ധർമ്മരാജാ/അദ്ധ്യായം ഇരുപത്തെട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തെട്ട്


<poem>

[ 222 ]

അദ്ധ്യായം ഇരുപത്തിയെട്ട്


“വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക–
ളംബരത്തോളമുയർന്നുചെന്നൂ മുദാ.”

നമുക്കു പരിചയമുള്ള മൃദുസ്മേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള്ള ഹരിപഞ്ചാനനസിദ്ധൻ മാത്രം ആ രംഗത്തു ശേഷിച്ചു. “ശരി! എല്ലാം കലാശിച്ചറുന്നു! ശകുനം നന്നല്ല. അച്ഛൻ ഗന്ധർവാംശജനെന്നു സംശയമില്ല. അവിടത്തെ കൽപനയ്ക്കു വിരോധമായി, അമ്മയെക്കണ്ടന്നു തുടങ്ങി ഗ്രഹപ്പിഴ. എങ്കിലും, ഹൈദർമഹാരാജാവിന്റെ ഉള്ളറിയുന്നതുവരെ പയറ്റുകതന്നെ. ഈ അകാലപ്പുറപ്പാട്? ഉണ്ണിത്താനെപ്പോലെ ഇദ്ദേഹവും ബന്ധുവാണ്. അദ്ദേഹം പറഞ്ഞ് അച്ഛനെന്നു മനസ്സിലാക്കി മൂപ്പിൽ ചാടിത്തിരിച്ചിരിച്ചിരിക്കയാണ്. വരട്ടെ, മനഃപൂർവവും കടന്നും നമ്മെ ദ്രോഹിക്കയില്ല. എങ്കിലും കരുതണം.” ഇങ്ങനെ ആത്മഗതമായി സ്ഥിതിവിവേചനംചെയ്ത്, രണ്ടു ലഘുവായ നാരാചകഠാരികളെ എടുത്ത് അരയിൽ തിരുകിയും, യോഗവേഷ്ഠിയാൽ അതുകളെ മറച്ചു കടിതടത്തെ ദൃഢമായി ബന്ധിച്ചും, തമ്പിപ്രഭുവിനു നൽകിയതുപോലുള്ള ഒരു വക്രവാൾ ഉറയോടു വഹിച്ചും, രാജസച്ചാഞ്ചാട്ടത്തോടുകൂടി, അതിഥിസൽക്കാരശാലയിലേക്കു യോഗീശ്വരൻ നടകൊണ്ടു. പടത്തലവർ ഹരിപഞ്ചാനനനെക്കണ്ടപ്പോൾ, “ഉറങ്ങിപ്പൊകൂല്ലെന്നു ഞാൻ വിചാരിച്ചു. നാളത്തേക്കു വേണ്ട ശ്രമങ്ങളുണ്ടല്ലോ” എന്ന് തന്റെ അകാലഗമനത്തിനു സമാധാനമായി പറഞ്ഞു. അദ്ദേഹം പുതച്ചിരുന്ന സാൽവകൊണ്ടു കണ്ഠത്തിനു കീഴ്വശമുള്ള ഒരുക്കവും, തലക്കെട്ടിനാൽ അകത്തുള്ള രക്ഷയും, മറയ്ക്കപ്പെട്ടിരുന്നു എങ്കിലും, ഹരിപഞ്ചാനനഗൃദ്ധ്റന്റെ നോട്ടത്തിന് ആ സന്നാഹങ്ങളുടെ യാഥാർത്ഥ്യം ക്ഷണംകൊണ്ടു മനസ്സിലായി. തന്റെ മുമ്പിൽ പ്രവേശിച്ചിരിക്കുന്നത്, സ്വബന്ധുത്വകാംക്ഷിയായി, മുമ്പിൽ പിരിഞ്ഞ ഗൃഹസ്ഥനായ രാമവർമ്മത്തുപിള്ളയല്ലെന്നും, ശ്രീപത്മനാഭദാസനായ കുലശേഖരപ്പെരുമാൾ കിരീടപതിയുടെ സ്ഥാനാപതിയാണെന്നും ഹരിപഞ്ചാനനയോഗികൾ ധരിച്ചതിനാൽ, അതിനുമുമ്പിൽ അനുവദിച്ച ആസനപ്രദാനോപചാരം ചെയ്യാതെ, യുദ്ധാങ്കണനിയമത്തെ അനുകരിച്ചും, അഭിമുഖസ്ഥിതിയെ അവലംബിച്ചുനിന്നും, കാര്യാവലോകനം [ 223 ] ചെയ്യാമെന്നു നിശ്ചയിച്ചു എങ്കിലും ശിരസ്സും ലലാടഭ്രൂ നേത്രങ്ങളും അധരങ്ങളും കുംബുഗ്രീവവും രക്തപ്രഭമായ ഹസ്തപത്മങ്ങളും ചേർന്ന് ഒരു പത്മബാണവിലാസം അഭിനയിച്ച്, സ്വാഗതാഭിനയത്തിൽ ഒരു പടിയും വിടാതെ, ഹരിപഞ്ചാനനപ്രവീണൻ സ്വാഗതചേഷ്ടാമര്യാദകളെ അനുഷ്ഠിച്ചു. “ഏകനല്ല—ഏകസഹസ്രമെങ്കിലും നമ്മെ വലയംചെയ്യുന്നു” എന്നു ക്ഷണസങ്കലനഫലത്തെ മനസ്സുകൊണ്ടു കുറിച്ചു ചഞ്ചലമനസ്കനായി. അതിനേയും ഹരിപഞ്ചാനനൻ തന്റെ യമിത വൈഭവംകൊണ്ട് ഉപഗുഹനം ചെയ്തു. ആസനദാനം ചെയ്യാതുള്ള ഉപചാരത്തിന്റെ ന്യൂനതയെ പടത്തലവരും പരിഗണനം ചെയ്തു. അയ്യോ! ഹരിപഞ്ചാനനന്റെ മനക്കാമ്പ് നിയമവിരുദ്ധമായി കൂമ്പുകതന്നെ ചെയ്യുന്നല്ലോ! രാജരാജന്മാരോടും നേർക്കാൻ വീര്യസന്നദ്ധനായുള്ള ഹരിപഞ്ചാനനന് പടത്തലവരായ ‘വൃദ്ധന്റെ സാന്നിദ്ധ്യമാത്രവും അസ്വാസ്ഥ്യകരമാകുന്നു. സാൽവ ആച്ഛാദനംചെയ്യുന്ന ഖഡ്ഗത്തിന്റെ ധാരയും ശരീരം ആവരണംചെയ്യുന്ന വിക്രമത്തിന്റെ ഉത്സാഹപ്രസരവും, വാർദ്ധക്യത്താൽ എത്രത്തോളം ̧ക്ഷതമായിട്ടുണ്ടെന്നു നിർണ്ണയിപ്പാൻ ശക്യമാകാത്തതിനാൽ, തന്നോടു തുല്യനായ ഒരു അപരിജ്ഞേയബലിഷ്ഠൻതന്നെയാണ് തന്നെ നേർത്തുനിൽക്കുന്നതെന്നു ഹരിപഞ്ചാനനൻ അഭിമാനിച്ചു. സ്വഖഡ്ഗത്തെ ഗാഢപരിരംഭണംചെയ്തുകൊണ്ട്, “അവിടത്തേക്ക് ഒരു കാഴചയായിട്ടാണിതിനെ കൊണ്ടുവന്നത്. അന്നു തിടുക്കത്തിൽ പിരിഞ്ഞു. ഇന്നു സാവകാശമായി സംസാരിപ്പാൻ പോന്നത് എത്ര സന്തോഷം! ഇവിടന്നു യജ്ഞശാലയിലേക്കു നാളെ മാറുന്നു. സംഗപരിത്യാഗേഛുക്കൾക്കും പ്രാരബ്ധമൊഴിഞ്ഞിരിപ്പാൻ സൗകര്യം കിട്ടുന്നില്ല. അവരും ലോകകാര്യധുരന്ധരന്മാരായി, ഇങ്ങനെ പരിശ്രമഖേദങ്ങൾ പരിചയിച്ചാലല്ലേ പ്രപഞ്ചത്രാസ് സമനിലയിൽ നിൽക്കൂ.” എന്നു ലളിതമായ് പ്രസംഗിച്ചു.

പടത്തലവർ: “വിഷമവിഷയങ്ങളിൽ ഞാൻ അജ്ഞൻ—അഭ്യസിപ്പിക്കാൻ തക്ക ഗുരുക്കന്മാരും ഉണ്ടായില്ല. അവിടത്തെ അഭിപ്രായത്തിനു ശരിവയ്ക്കാനും കുറച്ചോരു പഠിപ്പു വേണമല്ലോ.”

“അച്ഛൻ നമ്മെ അഭ്യസനംചെയ്യിച്ചതിനെ ഊന്നിപ്പറഞ്ഞതല്ലേ ഇത്? അങ്ങനെയാണെങ്കിൽ കഥ ഇവിടെങ്ങുമല്ല നിൽക്കുന്നത്!” എന്നു ചിന്തിച്ചുകൊണ്ട്, ഹരിപഞ്ചാനനൻ സംഗീതത്തിൽ പൊട്ടിച്ചിരിച്ച്, ആശ്ചര്യസാഭിനയമായി, ഒരു വിലാസനടനവും കഴിച്ച്, “ഞാൻ ചിരിച്ചത് ലോകത്തിന്റെ വിപരീതഗതിയെ നിനച്ചാണ്. അവിടത്തെപ്പോലുള്ള ‘അജ്ഞ’ന്മാരാണല്ലോ ഓരോ മണ്ഡലാധിപന്മാരുടെ ദോർദ്ദണ്ഡങ്ങളായി അവരുടെ പാണികൾക്കു ഭരണഹരണശക്തികളെ നൽകുന്നത്. ആശ്ചര്യമല്ലേ അത്?”

പടത്തലവർ: “അങ്ങേ നിന്ദാസ്തുതി വളരെ ഭംഗിയായി. എന്നാലിപ്പോൾ ഭംഗിപറഞ്ഞ് പരസ്പരം രസിപ്പിപ്പാനുള്ള കാലമല്ല. നമുക്കു രണ്ടുപേർക്കും ഒരു ദുഃഖം നേരിടാൻപോകുന്നു.”

ഹരിപഞ്ചാനനൻ: “ആഹാ! പ്രമോദകരം! നമുക്കു സമാന ദുഖഃമുണ്ടെങ്കിൽ നാം സഹൃദയന്മാരാണ്. ഞാൻ ബന്ധുവിഹീനനുമല്ലാ. ഭവാദൃശനായുള്ള ഒരു മഹാപുരുഷന്റെ മാതുലത്വത്തിന് സന്യസ്തമായ എന്റെ ഹൃദയവും സ്പൃഹിക്കുന്നു.”

പടത്തലവർ: “ആ നിലയിൽതന്നെയാണ് ഇങ്ങോട്ടു പുറപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ ഈ സ്ഥലത്തും, ഈ സമയത്തും, ഞാൻ വരില്ലായിരുന്നു. അൽപദൂരത്തൊരു സ്ഥലത്ത് എന്നോടുകൂടി പുറപ്പെടണമെന്ന് ഒരപേക്ഷയുണ്ട്.”

ഹരിപഞ്ചാനനൻ: “ഞാൻ ഈ ചെറിയ വാൾ ഒന്നു മാറ്റിക്കൊള്ളട്ടെ. അവിടന്നു കൊണ്ടുവന്നിട്ടുള്ളത് കൈയിലിരിക്കുന്നതുതന്നല്ലോ? രണ്ടും തുല്യമായിരിക്കണ്ടേ?”

പടത്തലവർ: (തന്റെ ഖഡ്ഗത്തെ ഉറയോടു പുറത്തു കാണിച്ചിട്ട്) “ഒന്നാമതായി ഇതുതന്നെ.”

ഹരിപഞ്ചാനനൻ: (ചിരിച്ചുകൊണ്ട്) “ഇത് സ്നേഹബന്ധവും കവിഞ്ഞ് രക്തബന്ധത്തെ സന്ധിക്കുന്നതാണല്ലോ. ദൂരത്തെന്തിനു പോകുന്നു? ‘ശുഭസ്യശീഘ്രം’ ഇവിടെവച്ചുതന്നെ [ 224 ] കഥ കഴിയട്ടെ. സമീപത്തെ ക്ഷേത്രത്തിന് അശുദ്ധി വരുമെന്നോ? അതു പേടിക്കേണ്ട. നമുക്ക് അതിനകത്തുതന്നെ സമാധിസ്ഥാപനയ്ക്ക് അവകാശമുണ്ട്. ഞാൻ അവിടത്തെ പ്രായത്തെ വിചാരിച്ച് നിരായുധനായി പരീക്ഷിക്കാം.” ഇങ്ങനെ പറഞ്ഞുകൊണ്ട് യോഗീശ്വരൻ വിനോദഭാവത്തിൽ അരക്കച്ചയെ ഒന്നു കൂടി മുറുക്കി.

പടത്തലവർ: “ഞാൻ വൃദ്ധനെങ്കിൽ അങ്ങ് ഐഹികനിവൃത്തനാണ്; നാം തമ്മിൽ കളിവാക്കുപോലും ചേരുന്നതല്ല. പിന്നെ, ദ്വന്ദ്വയുദ്ധക്കാര്യം ആലോചിപ്പാനെങ്കിലുമുണ്ടോ? അങ്ങ് ചെയ്യേണ്ട ഒരു കൃത്യത്തെ ചെയ്യിക്കാനാണ്, ഞാൻ ക്ഷണിച്ചത്.” ഹരിപഞ്ചാനനൻ പടത്തലവരുടെ ശാന്തതയും സ്ഥാനാപതിക്രമത്തിൽ കാര്യം തൊടാതെകണ്ടുള്ള കാര്യകഥനവും സൂക്ഷിച്ചു. തന്റെ മഹൽപ്രഭാവത്തെ പ്രദർശിപ്പിച്ച് ആ കൂടിക്കാഴ്ചയെ അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചു. “പാടില്ലാ, വിഡ്ഢിത്തംകൊണ്ടു തോറ്റു കൂടാ” എന്നിങ്ങനെ ചിന്തചെയ്തു പറയുന്നു: “എന്നേ ഞാനും വിചാരിച്ചൊള്ളു. ചെറുപ്പംകൊണ്ട് കളിവാക്കു പറഞ്ഞുപോയി ക്ഷമിക്കണം!” (കുറച്ച് ആലോചിച്ച് വിഷമത്തെ നടിച്ച്) “അങ്ങോട്ടുകൂടിയുള്ള പ്രയാണത്തിന് ഒരു വിഘാതമുണ്ട്. ഏഴു വെളുപ്പിന് ഒരു ഹോമം തുടങ്ങണം.”

പടത്തലവർ: “ആ ഹോമത്തേക്കാൾ വലുതായ ഒരു കർമ്മം അങ്ങേ ആവശ്യപ്പെടുന്നു. മാതൃപൂജയേക്കാൾ വലുതായ കർമ്മം മനുഷ്യനു മറ്റൊന്നുണ്ടോ?” ഹരിപഞ്ചാനനന്റെ ഹൃദയം കർപ്പൂരം പോലെ ക്ഷണത്തിൽ അഗ്നിസ്പൃഷ്ടമായി കത്തി. തന്റെ പരമാർത്ഥത്തെ പടത്തലവർ ഗ്രഹിച്ചു എന്ന് ആ പ്രഭുവിന്റെ ആദ്യമായ ഉത്തരത്തിൽനിന്നു സംശയിച്ചതു സ്ഥിരപ്പെട്ടു. ഏതു സജ്ജനസമാജം കേട്ടാലും സമ്മതിക്കുന്ന ഒരു കാരണത്തെയാണ് വൃദ്ധൻ ആഖ്യാനം ചെയ്‌വാൻപോകുന്നതെന്നു തീർച്ചയാവുകയാൽ, ഹരിപഞ്ചാനനന്റെ പാദങ്ങൾ ഒരു സാവധാനതാളം ചവുട്ടി. അദ്ദേഹത്തിന്റെ നാവിനെ സരസ്വതി ഇങ്ങനെ നടനവും ചെയ്യിച്ചു: “അല്ലേ! ഇതെന്ത് ‘അജ്ഞ’ത്വം? ഇതിന് മഹായോഗിമാരും ശിഷ്യപ്പെടുമല്ലോ. മാതൃപൂജാമാഹാത്മ്യം ഗ്രഹിച്ച മഹാനുഭാവൻ ‘അജ്ഞത’ നടിച്ചാൽ ‘അ’കാര ‘വി’കാരഭേദങ്ങൾ നശിച്ചുപോകൂല്ലേ? ‘മാതൃപൂജ’ തന്നെയാണു നാമും എന്നും, ത്രികാലങ്ങളിലും അനുഷ്ഠിക്കുന്നത്. അകത്തുണ്ട്, കാണാം. അതിവിശേഷസാന്നിദ്ധ്യമുള്ള ദുർഗ്ഗാ വിഗ്രഹം. സാക്ഷാൽ ശ്രീഹലായുധസംസേവ്യമായിട്ടുള്ളതാണ്. അർജ്ജുനൻ, ശ്രീ പരീക്ഷിത്ത്—”

പടത്തലവർ: (ഭാവഭേദമൊന്നും കൂടാതെ) “പ്രസവിച്ച അമ്മയുടെ സംഗതിയാണ് ഞാൻ പറയുന്നത്.”

ഹരിപഞ്ചാനനൻ: “മഹാഭാഗ്യവാൻ! അമ്മ ജീവിച്ചിരിക്കുന്നു. ഇല്ലേ? പരമപുണ്യവതി! പുത്രധനത്തിൽ—”

ഈ കന്നത്തം പടത്തലവരെ ചിരിപ്പിച്ചു. ഹരിപഞ്ചാനനന്റെ ദ്രുതയുക്തിസ്വാരസ്യത്തെ അഭിമാനിച്ച്, ആ മഹാ അവിവേകിയെ രക്ഷിക്കുകതന്നെ വേണമെന്ന് അദ്ദേഹം ഒന്നുകൂടി ഉറച്ചു. അതിനാൽ യോഗീശ്വരന്റെ വാക്കുകളെ തടഞ്ഞ്, “ആ ഭാഗ്യവതി വിഷ്ണുപദം ചേർന്നു കാലം കുറച്ചധികമായി” എന്നു പറഞ്ഞു.

ഹരിപഞ്ചാനനൻ: (പുരികം ഉയർത്തി നെറ്റിയെ ചുളുക്കി സംഗതിയുടെ ദുർഗ്രാഹ്യതയെ അഭിനയിച്ച്) “നമുക്ക് കഥയൊന്നും മനസ്സിലാകുന്നില്ല. കുറച്ചുകൂടി സ്പഷ്ടമാക്കിപ്പറയണം. അത്യാവശ്യമെങ്കിൽ യജ്ഞത്തെ ഉപേക്ഷിച്ചും അവിടത്തെ ഇഷ്ടത്തെ അനുഷ്ഠിക്കാം.”

ഇപ്രകാരമുള്ള ഉദാരവചനകൗശലക്കാരനോട് അന്തരംഗത്തെ ആ ഘട്ടത്തിൽവച്ചുതന്നെ തുറന്നുകാട്ടണമെന്നു പടത്തലവർ നിശ്ചയിച്ചു: “അത് ഗുണബുദ്ധി! അങ്ങ് ഈയിടെ ചിലമ്പിനേത്തു പോയിരുന്നില്ലേ?”

ഹരിപഞ്ചാനനൻ: (പുരികക്കൊടി പൊട്ടുമാറ് വക്രപ്പിച്ച്, ഏകനഖംകൊണ്ട് നെറ്റി ചൊറിഞ്ഞ്) ‘ചിലമ്പിനേടം’ ചിലമ്പിനേടത്തെന്നാൽ?—ഹൊ ശരി! ചന്ദ്രകാരപ്രഭുവിന്റെ മഠം. മനസ്സിലായി!—കഴൽക്കൂടം എന്ന സ്ഥലത്തല്ലേ? അവിടെ നമുക്കു കേമമായ ഒരു ഭിക്ഷാസൽക്കാരം നടന്നു.” [ 225 ] പടത്തലവർ: “അതിന്റെ തെക്കേവീട്ടുവാതുക്കൽവച്ചുണ്ടായ സൽക്കാരവും ഒരുവിധം കേമമായിരുന്നില്ലേ?”

ഈ ചോദ്യം ജീവഹതകമായ ശല്യമായിക്കൊണ്ട്, ഹരിപഞ്ചാനനന്റെ എരിഞ്ഞുപൊരിഞ്ഞിരുന്ന കരൾ പൊടിഞ്ഞു. പാണ്ഡ്യദേശത്ത് തന്നോട് ഉടമ്പെട്ടിരുന്ന സഹായികളെ തടഞ്ഞ ഈ ശനി സ്വവർഗ്ഗക്കാരായ കാട്ടാനകളെ പിടിപ്പാൻ പരിശീലിപ്പിക്കപ്പെട്ട താപ്പാനകൾ സാധിക്കുംപോലെ, ഹരിപഞ്ചാനനയോഗിഗജത്തെ തടഞ്ഞ് ഇതാ കൊപ്പത്തിലാക്കുന്നു. ഈദ്ദഹം എങ്ങനെയോ സംഗതി ഏതാണ്ടല്ലാ—സൂക്ഷ്മമായി മുഴുവനുംതന്നെ—ഗ്രഹിച്ചിരിക്കുന്നു. ആഹാ! ഇവിടെ ഉണ്ണിത്താനോടനുഷ്ഠിച്ച നവനീതനയം സ്വാത്മനാശകമായ ഗരളാഗ്നിയായി ഭവിക്കും. ഹരിപഞ്ചാനനയോഗീശ്വരനും അനന്തപത്മനാഭൻ പടത്തലവരും ഒന്നിച്ചു ഭൂമിയിൽ ശത്രുനിലയിൽ വർത്തിക്കുക അസാധ്യം! മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ധനുർവ്വേദസഹാന്തേവാസിയായ ഈ ഭീഷ്മസമൻ തന്നോട് ജന്യപരീക്ഷയിൽ നിൽക്കുകയില്ലെന്നും, ‘ഏകനല്ല, ഏക സഹസ്രം’ എന്നു താൻ മുമ്പിൽ വിചാരിച്ചത് യഥാർത്ഥമായിരുന്നാലോ? തന്റെ സ്വന്തമായ ഭടന്മാർ അമ്പതിൽപരവും, ഭക്തസംഘത്തിൽ ചിലരും ആ വാടത്തിനകത്തുണ്ടെങ്കിലും, രണ്ടാം വകക്കാർക്ക് ഈ ദുർഘടസ്ഥിതിയുടെ ഗ്രഹണമില്ല. അവർ ആയുധവിതരണംകൊണ്ട് സന്നദ്ധരാക്കപ്പെട്ടിട്ടുമില്ല. ഇതല്ല തർക്കം. ഹൈദർ മഹാരാജാവിന്റെ കൽപനമറുപടി രണ്ടു ദിവസത്തിനകം എത്തുമെന്നുള്ളതുകൊണ്ട്, യജ്ഞാവസാനംവരെ ഒന്ന് ‘ഉരുളകതന്നെ’ എന്നു ഹരിപഞ്ചാനനൻ നിശ്ചയിച്ചു. തന്റെ ഹൃദ്വേദനയും അഗാധചിന്തകളൂം അതാത് ഇന്ദ്രിയകേന്ദ്രങ്ങളിൽ വസിച്ചതല്ലാതെ, അദ്ദേഹത്തിന്റെ മുഖചേഷ്ടകളെ ഈഷലെങ്കിലും ഭേദപ്പെടുത്താൻ ബഹിർഗമനം ചെയ്തില്ല. “നാം ഓർമ്മിക്കുന്നു—ആ പാണ്ടിക്കിഴവി ശ്രീശ്വേതാംബികാലക്ഷണവതി—”

പടത്തലവർ: “അതു കണ്ടുപിടിപ്പാനുണ്ടായ സംഗതി?—”

ഹരിപഞ്ചാനൻ: “അവർക്ക് നാം തന്നെ പ്രസാദം നൽകണമെന്നു ചന്ത്രകാരൻ അപേക്ഷിച്ചു.”

പടത്തലവർ: (സ്തോഭഭേദമൊന്നും കൂടാതെ സ്വർണ്ണജലതരംഗിണിപ്പാത്രത്തിൽനിന്നു പുറപ്പെടുന്ന മഞ്ജുസ്വനത്തിൽ) “എന്നിട്ട്, പ്രസാദം കൊടുത്തോ അനുഭവിച്ചോ?”

ഹരിപഞ്ചാനൻ: (കോപഘനം വിജൃഭിച്ചതിനെ വൈഷ്ണവപ്രഭാവത്തോടമർത്തി) “അനുഗ്രഹിച്ച്—”

പടത്തലവർ: (വർദ്ധിച്ച ഗൗരവത്തോട്) “ആര് ആരെ അനുഗ്രഹിച്ചു എന്നുകൂടി വ്യക്തമാക്കണം.”

ഹരിപഞ്ചാനനൻ: (തുല്യഗൗരവത്തോട്) “അവകാശമുള്ള ആൾ ആവശ്യമുള്ള ആളെ.”

പടത്തലവർ: “അതെനിക്കറിയാം. എന്നാൽ, മന്ത്രക്കൂടത്തു വാതുക്കൽവച്ച് വൃദ്ധയായ ആ അമ്മയെക്കണ്ട—ആ സമയത്ത്, ആർക്കാണ് അനുഗ്രഹിപ്പാനും അതു സ്വീകരിപ്പാനും കർത്തവ്യം ഉണ്ടായിരുന്നത്? ത്രിപുരസുന്ദരിക്കുഞ്ഞമ്മ—”

ഹരിപഞ്ചാനനൻ: (അത്യാശ്ചര്യം നടിച്ച്) “അതാര്? എന്തായിതു പുതുക്കഥ? പാത്രങ്ങളും പെരുകിവരുന്നല്ലോ!”

പടത്തലവർ: (കാപട്യം കണ്ടു വർദ്ധിച്ച ഈർഷ്യയെ അമർത്തി) “എന്തായിതെന്നോ? ‘പാത്രങ്ങളെന്നും ആയോ? ‘പാത്രം’ എന്നു തന്നെ ഇരിക്കട്ടെ. ആ നിർഭാഗ്യ ‘ഗർഭപാത്ര’കാരിയുടെ പാദത്തിൽ എന്തുകൊണ്ട് കണ്ടയുടനെ നമസ്കരിച്ചില്ല? അങ്ങേ ആത്മാവിന്റെ കണ്ണു പൊത്താതെ ഉത്തരം പറയണം.”

ഈ ചോദ്യം കേൾക്കത്തക്ക സ്ഥിതിയിൽ നിന്നിരുന്ന കേശവപിള്ളയ്ക്ക് അതിന്റെ അർത്ഥവും തന്റെയും ഉണ്ണിത്താന്റെയും ഊഹങ്ങളുടെ സ്ഖലിതങ്ങളും വ്യക്തമായി. [ 226 ] ഹരിപഞ്ചാനനൻ: (‘എന്നെക്കൂപ്പീടുവാനായ് സമയഖിലദിക്പാലരും നോക്കി വാഴു’ന്ന രാവണപ്രഭാവത്തെ നടിച്ച്.) “നാം നമസ്കരിക്കുകേ?”

പടത്തലവർ: “അതേ ‘നാം’ തന്നെ. അവിടെ കിടന്ന് പുഴുപ്പുളയ്പു പിടിച്ചതിനെക്കാൾ, തൊഴുതു കരഞ്ഞെങ്കിൽ ദൈവത്തിനും ലോകത്തിനും നിരക്കുമായിരുന്നല്ലോ?”

ഹരിപഞ്ചാനനൻ: “നന്തിയത്തുണ്ണിത്താൻ എന്നു കേട്ടിട്ടില്ലേ? അദ്ദേഹത്തിന് ഒരു പിച്ചു പിടിച്ചിരുന്നു. അവിടത്തേക്കും അതുപോലെ എന്തോ ഒരു ചിത്തഭ്രമം. . .”

പടത്തലവരുടെ ഹൃദയഝരത്തിലെ രക്തം മേൽപോട്ട് ഉയർന്നു. ആദ്ദേഹം നിലത്തൂന്നിയിരുന്ന ഉറയിൽനിന്നു വാൾപ്പിടിയും ഒന്നു പൊങ്ങി. ‘ക്ലിങ്‌ക്’ എന്നു ശബ്ദിച്ച്, പൂർവസ്ഥിതിയിൽ അമർന്നു. അകത്തുനിന്നിരുന്ന കേശവപിള്ള തന്റെ ഗുരുബന്ധുവിന്റെ പ്രവൃദ്ധഗൗരവപ്രഭയെ കണ്ട് തനിക്കു സംഭാവനകിട്ടിയ ദിവസത്തെ ഓർത്തു. ഭക്ത്യാദരഗുരുത്വങ്ങളോടുകൂടി തന്നെ ആദരിച്ചു സംസാരിക്കേണ്ട ഒരാൾ വ്യാജവേഷത്തിലും നടന്റെ സമ്പ്രദായത്തിലും തന്നോട് ധിക്കാരവചനത്തെ പ്രയോഗിച്ചപ്പോൾ, ആത്മനിയമനപരീക്ഷയിൽ അതുവരെ സ്ഥിരപ്രവൃത്തനായിരുന്ന പടത്തലവർ, ആ ദുർമ്മദധിക്കാരിയോട് പ്രത്യക്ഷത്തിൽ തോറ്റ് കോപഹാസ്യപ്രചുരതയോട് ഇങ്ങനെ വചനകഠാരികളെ ചെറുശൂലങ്ങളായി വിസർജ്ജിച്ചു: “സന്യാസപ്പകിട്ടുകൊണ്ട് രാജ്യം നേടിക്കളയാമെന്നു പുറപ്പെട്ടിരിക്കുന്ന ഗോസായിത്വമാണ് ചിത്തഭ്രമം! പണ്ട് ചില വലിയവരെ കുഴിക്കടയിലാക്കിയ ദുർമ്മദക്കോടാലികൊണ്ട് ഒരു രാജ്യത്തിന്റെ ചോടിളക്കാമെന്നു സ്വപ്നംകാണുന്നതാണ് ചിത്തഭ്രമം! ഒരു ഒറ്റ വാൾവീശിനു പോരാത്ത കാവിവസ്ത്രക്കൂട്ടം പീരങ്കിയുണ്ടയിൽ ഭസ്മം എന്നറിയാത്ത അന്ധതയാണ് ചിത്തഭ്രമം!” (ഹരിപഞ്ചനനന്റെ ഖഡ്ഗപ്രവാളം ദർപ്പണപ്രഭയോടു പുറത്തു കണ്ടുതുടങ്ങി. മൃദുസ്മേരങ്ങൾ പകർന്ന്, ഖരതരക്രൗര്യം കലർന്ന ഭ്രുകുടിത്രുടിതങ്ങൾ മുഖത്തെ മഹാരൂക്ഷമാക്കി. വക്ഷസ്സിലെ മരതകപ്രവാളങ്ങൾ നീങ്ങി, രക്തമുക്താഹാരങ്ങൾ തിളങ്ങി. യോഗാഭ്യസന സാധനസമസ്തവും വൈരപ്രകോപസംരംഭത്തിൽ അസ്തമിതമായി.) പടത്തലവർ ജയഘട്ടത്തെ സന്ദർശനംചെയ്ത്, പൈതാമഹാശാന്തതയോട് തന്റെ വിമർശനത്തെ തുടർന്നു: “അതെല്ലാം പോട്ടെ—മീനാക്ഷിക്കുട്ടിയായ മരുമകൾക്ക് ഭർത്താവുണ്ടാക്കാൻ പുറപ്പെടുവിച്ച സ്നേഹത്തെ ഇനിയെങ്കിലും പൂർണ്ണമായി ഫലിപ്പിക്കണം. വരണം. മരിക്കാൻ കിടക്കുന്ന അങ്ങേ പ്രസവിച്ച അമ്മയെ തൊഴുത്, ആശ്വസിപ്പിക്കണം. അവർക്കു തീർത്ഥമൊഴിച്ച് സുഖപ്രയാണമാക്കണം. കർമ്മങ്ങൾ ചെയ്തു പരമഗതിയുണ്ടാക്കണം. കഴക്കൂട്ടത്തു പിള്ളമാരുടെ സംബന്ധിയാണ് ഇങ്ങനെ ഗുണദോഷിക്കുന്നത്.” പടത്തലവർ തന്റെ അന്തർഗ്ഗതത്തെ ഇങ്ങനെ സ്പഷ്ടമായി പറഞ്ഞപ്പോൾ, ഹരിപഞ്ചാനനൻ തനിക്കു നേരിടാനുള്ള ആപത്തിന്റെ പരമകാഷ്ഠയെ പ്രാപിച്ചു എന്നു ധരിച്ചു. തന്റെ ഖഡ്ഗത്തെ അടുത്ത ചുവരിൽ ചാരിവച്ചിട്ട്, കുടിലാഭിനയചാതുരിയെ വീണ്ടും പ്രയോഗിച്ചു. ശൃംഗാരരസധാവള്യത്തോട് ദന്തനിരകളെ പുറത്തുകാട്ടി, ചർവണഭാവത്തിൽ അതുകളെക്കൊണ്ടു ചില താളങ്ങൾപിടിച്ച്, എങ്ങാണ്ടോ നോക്കി, ഏകനേത്രാന്തത്തിന്റെ സങ്കോചനംകൊണ്ട് വൃദ്ധചാപല്യത്തിനുണ്ടായുള്ള അസ്വാസ്ഥ്യത്തെ സ്ഫുടമായി പ്രകടിപ്പിച്ച്, ഉദാരബുദ്ധിയിൽ ക്ഷമയെ അനുവർത്തിക്കുന്നു എന്നു പ്രത്യക്ഷപ്പെടുത്തി, അനന്യശക്യമായുള്ള ഒരു പ്രൗഢനിലയെ അവലംബിച്ചു നിന്നു. പടത്തലവരുടെ അപേക്ഷാവചനങ്ങൾ അവസാനിച്ചപ്പോൾ, ‘കഴക്കൂട്ടത്തുപിള്ളമാരുടെ സംബന്ധി’യായ അദ്ദേഹത്തിന്റെ ഖഡ്ഗത്തെ ഉറമുനക്കെട്ടുമുതൽ പിടിവരെ സഹാസനായി നോക്കീട്ട്, ഹരിപഞ്ചാനനൻ ‘ധിക്’ പദത്തിന്റെ ഉൽസർജ്ജനം കൂടാതെ അതിന്റെ ഭാവഭൂയിഷ്ഠമായ സ്വരത്തിൽ ഇങ്ങനെ ചോദ്യം ചെയ്തു: “ഇതല്ലേ കുടമൺപിള്ളയെ ജരാസന്ധഭേദനംചെയ്ത് സിദ്ധിചേർത്തത്?” ഈ ചോദ്യമുണ്ടായത് തന്റെ ബന്ധുത്വത്തെ അടിസ്ഥാനമാക്കി ഗുണദോഷിച്ചതുകൊണ്ടാണെന്നു പടത്തലവർക്കു മനസ്സിലായി. ദീപശിഖകൾ കുട്ടികളുടെ വികൃതത്വത്താൽ ചിലപ്പോൾ ഒട്ടണയ്ക്കപ്പെട്ട് രക്ഷിജനങ്ങളുടെ ദ്രുതശാസനകൊണ്ട് ആ ക്രിയ പൂർത്തിയാകാതെ വീണ്ടും പൂർവപ്രഭയെ പ്രാപിക്കുമ്പോലെ കാര്യജ്ഞനായ പടത്തലവർ ഒന്ന് അന്ധാളിച്ചു എങ്കിലും, തന്റെ ക്രിയയുടെ ധർമ്മാനുസൃതിയെ സ്മരിച്ച്, അദ്ദേഹം തക്കൊരു പ്രത്യുത്തരദാനത്തിനു സന്നദ്ധനായി. [ 227 ] പക്ഷേ ̧ ക്ഷിപ്രദണ്ഡനനയത്തെ അനുകരിക്കേണ്ട ഘട്ടത്തെ പ്രാപിച്ചുപോയിരിക്കുന്ന സ്ഥിതിയിൽ സൗഹൃദത്തെ തുടരാനുള്ള വൈമനസ്യം പ്രബലപ്പട്ട്, യോഗീശ്വരന്റെ ചോദ്യത്തെ തന്റെ ഒരു ചോദ്യവും അതിലെ അവസാന അർദ്ധാക്ഷരത്തിന്റെ അസാമാന്യഹ്രസ്വീകരണവുംകൊണ്ട് എതിർത്തു: “ആണെങ്കിൽ?”

ഹരിപഞ്ചാനനൻ: “ഇപ്പോൾ വീട്ടിൽത്തന്നല്ലേ താമസം?”

പടത്തലവർ: “അതേ, കണ്ട വേഷം ധരിച്ച് ആണ്ടവനേയും വേണ്ടവരേയും ദ്രോഹിക്കാതെ പരമസുഖമായിട്ട്.”

ഹരിപഞ്ചാനനൻ: “അതിനേ സംഗതിയുള്ളു. പക്ഷേ, ഫലകാംക്ഷകൂടാതെ കൊലതുടങ്ങിയുള്ള വലിയ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനെ ചിലർ ചിത്തഭ്രമത്തിൽ ചേർക്കൂല്യേ എന്ന് ഒരു ‘ശങ്ക’ ഉദിച്ചു ചോദിച്ചു. അതല്ലാതെ അവിടത്തെ സ്വാതന്ത്ര്യകാംക്ഷയെ അധിക്ഷേപിച്ചല്ല. അക്കാര്യം വിട്ടേക്കാം; വാദിക്കേണ്ട. ദർശനഭേദങ്ങൾ കൊണ്ടാണ് ഭിന്നമതങ്ങൾതന്നെ ലോകത്തിൽ ഉണ്ടാകുന്നത്. അവിടത്തെ നേത്രമാണ് സൂക്ഷ്മദർശനംചെയ്യുന്നതെങ്കിൽ അങ്ങനെ ഇരിക്കട്ടെ. മഹാഭാവിയായ ബ്രഹ്മാണ്ഡഭാവി അനുഭവിപ്പിക്കും!”

പടത്തലവർ ആ ആത്മശക്തനാൽ അവിടത്തെ അൽപപ്രഭയ്ക്കിടയിലും വിസർജ്ജിക്കപ്പെട്ട നേത്രരശ്മിയുടെ ഉഗ്രതയാൽ അന്ധനാക്കപ്പെട്ടു. ഹരിപഞ്ചാനനൻ മൃഗപ്രകൃതനല്ലായിരുന്നു. ഒടുവിലത്തെ ദീർഘദർശിജ്ഞാനം വദിക്കപ്പെടുന്നതിനിടയിൽ അദ്ദേഹം ഒരു മഹാലോകോപദേഷ്ടാവിന്റെ വൈദ്യുതതേജസ്സോടു ശോഭിച്ചു. ആ വാക്കുകൾ ഉച്ചരിച്ചതോടുകൂടി അദ്ദേഹത്തിന്റെ വ്രതസമുദ്വ്യാപനത്തെ സമാപിച്ചു. കേവല ബിരുദാർത്ഥിയായ ഒരു മല്ലന്റെ മത്സരകാലുഷ്യം തിളച്ച് വാദത്തെ ദീർഘിപ്പിക്കാൻ ശ്രമിച്ചും, എന്നാൽ തന്റെ മുമ്പിൽ നിൽക്കുന്ന രാജ്യാഭിമാനിയെ അഭിമാനിച്ചും, അദ്ദേഹം വിഷയത്തെ മാറ്റി “എന്റെ അമ്മ നർമ്മദാതീരത്തിൽ, ഗൃഹത്തിൽ വച്ചു മരിച്ചു. അച്ഛൻ, എന്നെക്കൊണ്ട് കർമ്മവും ചെയ്യിച്ചു” എന്നു പടത്തലവരെ ധരിപ്പിച്ചു. പടത്തലവരുടെ ബുദ്ധി ഈ വചനങ്ങളിൽ സ്ഫുടമായ പ്രകാരാന്തതയെ ഗ്രഹിച്ചു കലങ്ങി: “ഒരു മാതൃകർമ്മം കൂടി എന്റെ അപേക്ഷയിന്മേലും ആകട്ടെ."

ഹരിപഞ്ചാനനൻ: “ഭൂലോകത്തുള്ള സ്ത്രീകളെല്ലാം എന്റെ അമ്മമാർതന്നെ. പിന്നെ, അവിടത്തെ അപേക്ഷയുംകൂടി ആകുമ്പോൾ ഞാനെന്താണു ചെയ്യാതുള്ളത്? ഈ യജ്ഞം എന്നു പറഞ്ഞില്ലേ? ആ തടസ്ഥത്തിനു പരിഹാരത്തെ ആലോചിക്കുന്നതിനിടയിൽ അവിടന്നു ശണ്ഠകൂട്ടി.”

പടത്തലവർ: “യജ്ഞം അവിടെ നില്ക്കട്ടെ.”

ഹരിപഞ്ചാനനൻ: “ഈ സംഭാരങ്ങളെല്ലാം കണ്ടില്ലേ? എത്ര പേർക്ക് ഇച്ഛാഭംഗമാകും?”

പടത്തലവർ: “അതിനെ മാറ്റിവയ്ക്കണം. ഞാൻകൂടിച്ചേർന്ന് ആവശ്യമുണ്ടെങ്കിൽ യജ്ഞമായിത്തന്നെ പിന്നീടു നടത്താം. അങ്ങേ ബന്ധുവായി ഞാൻ ഗുണദോഷിക്കുന്നു. നന്തിയത്തുണ്ണിത്താന്റെ ആൾ വന്ന്, അങ്ങേ അമ്മയ്ക്കു ശ്വാസവികാരം മുറുകിയിരിക്കുന്നു എന്ന് തെര്യപ്പെടുത്തിപോയിരിക്കുന്നു. മറ്റുള്ള പുറപ്പാടുകളെല്ലാം നിറുത്തിവച്ച് ഉടനെ പുറപ്പെടണം.”

ഹരിപഞ്ചാനനൻ: “മരണശ്വാസത്തെ ഒരു വാരം ആ സ്ഥിതിയിൽ നിറുത്തുന്നതിനു മരുന്നു ഞാൻ തരാം. ഞാൻ വരുന്നതിനകം മരിക്കയില്ലെന്നു സത്യവും ചെയ്യാം. യജ്ഞം നടത്തീട്ടു വന്നാൽ പോരേ?”

പടത്തലവരുടെ ക്ഷമ അസ്തമിച്ചു. അദ്ദേഹത്തിന്റെ സ്വരം ഒന്നു പൊങ്ങി: “മാതൃകർമ്മം കഴിഞ്ഞല്ലാതെ യജ്ഞകർമ്മത്തിനു കോപ്പിടണ്ട” എന്ന് അദ്ദേഹം ഊർജ്ജിതപ്രഭാവനായി ആജ്ഞാപിച്ചു.

ഹരിപഞ്ചാനനൻ: “അങ്ങനെ ഒരു കൽപന ഈ ധർമ്മരാജ്യത്തു പുറപ്പെടുമോ?” [ 228 ] പടത്തലവർ: “ആശൗചം ഇന്നോ നാളെയോ തുടങ്ങും. അതു കഴിയുന്നതുവരെ യജ്ഞദീക്ഷ പാടില്ലെന്നുള്ളതിനെ ധർമ്മരാജ്യമല്ലയോ പ്രധാനമായി ഊർജ്ജിതപ്പെടുത്തേണ്ടത്?”

ഹരിപഞ്ചാനനൻ: “ആ ആശൗചം നമ്മെ ബന്ധിക്കുന്നതെങ്ങനെ എന്നാണു നാം ചോദിക്കുന്നത്?”

പടത്തലവർ: “ആശൗചമുണ്ടെന്നുള്ളതിന് ഒന്നാമത്തെ സാക്ഷി ഞാൻതന്നെ. അവിടത്തെ ആകൃതി, ശബ്ദം, ചേഷ്ടകൾ—എല്ലാം എനിക്കു മുഖപരിചയമുള്ളതല്ലേ? കോന്തി അച്ഛന്റെ ആകൃതി എനിക്കു നല്ല ഓർമ്മയില്ലേ? അദ്ദേഹത്തിന്റെ സൂക്ഷ്മച്ഛായയിലുള്ള ഉഗ്രൻ കുട്ടിയെ കണ്ടാൽ അറിഞ്ഞുകൂടാത്ത കുരുടനാണോ ഞാൻ? ഉഗ്രശാന്തന്മാരെ പ്രസവിച്ച ആ ഉദരം തപിക്കുന്നത്, ഉഗ്രനായ ത്രിവിക്രമനായ അങ്ങേ ജന്മാന്തരങ്ങളിലും തപിപ്പിക്കുകയില്ലേ? കഷ്ടം! ഈ താപസവേഷത്തെ രാജ്യദ്രാഹത്തിനുപയോഗിപ്പാൻ ധൈര്യപ്പെടുത്തിയ ദുഷ്ടത എവിടെ തീർത്ഥമാടിക്കഴുകാം? ഈ നാട്യവും കപടവുംകൊണ്ട് എന്നെ വഞ്ചിപ്പാൻ സാധിച്ചാലും, രാജ്യത്തെ മുടിപ്പാൻ ഉപയോഗപ്പെട്ടാലും, പ്രസവിച്ച ജീവന്റെ ആവാഹനയെ തടയുന്നതിന് ഉപയോഗപ്പെടൂല്ലാ. അത് അങ്ങുതന്നെ അനുഭവിച്ചറിഞ്ഞു. അങ്ങേ കണ്ട മാത്രയിൽ വാർദ്ധക്യംകൊണ്ടു ശുഷ്കിച്ച മുലകൾ ചുരന്നു എന്ന് അവർ പറയുന്നതും ഞാൻ കേട്ടു. അവരുടെ ദുഃഖം കണ്ട് ഇവന്റെ മനസ്സുതന്നെ എത്ര നൊന്തു! ‘ഉഗ്രശാന്തന്മാർ’ എന്ന പേരുകൾ പറയുന്നതിന്റെ അരിമതന്നെ ഏതു മനസ്സിനെ അലിയിക്കുകയില്ല? ദൈവദ്രോഹത്തിനും മാതൃദ്രോഹത്തിനും ഇടയിൽ, അങ്ങേടെ രാജദ്രാഹം വിജയിക്കുമോ? പുറപ്പെടണം—ഇക്ഷണത്തിൽ പുറപ്പെടണം, അല്ലെങ്കിൽ മഹാപാതകം!”

ഹരിപഞ്ചാനനൻ പടത്തലവരുടെ അധിക്ഷേപേശാസനങ്ങളെ കേട്ട് ശിലാനിശ്ചലതയേയും ശമമൗനത്തേയും അവലംബിച്ചും, എന്നാൽ അഗ്നിപർവതത്തിന്റെ സംഘർഷണത്തിനു സന്നദ്ധനായി തിളച്ചും നിന്നു. പടത്തലവർ തുടരുന്നു: “ആപത്തൊഴിവാനും ദൈവം കനിഞ്ഞുതരുന്ന വഴിയാണിത്. കൈക്കൊള്ളണം.” (വൃദ്ധയുടെ സ്വരത്തെ അഭിനയിച്ച്) “ശാന്താ! —ഉഗ്രാ!" എന്ന് അവർ ബോധക്ഷയത്തിനിടയിൽ നൊന്തു വിളിച്ചു കരയുന്നുപോലും.”

‘ശാന്താ’ എന്ന ദയനീയരോദനപദം മാതൃസ്വരസാമ്യത്തിൽ പടത്തലവരുടെ നാവിൽനിന്ന് ഉൽഗളിതമായമാത്രയിൽ, ശാന്തകിരണനായ ഒരു നവഹരിപഞ്ചാനനൻ ആ രംഗത്തു പ്രത്യക്ഷമായി, അവിടെ നിന്നിരുന്ന അത്യുഗ്രകിരണനായ ഹരിപഞ്ചാനനനെതൊഴുതുകൊണ്ട്, ‘ജ്യേഷ്ഠാ! നമ്മുടെ അമ്മ—” എന്ന് ഒരു പ്രാർത്ഥനയ്ക്ക് ആരംഭിച്ചു. ആ ദ്രുതപ്രവേശനദർശനത്തിൽ സാക്ഷാൽ പഞ്ചാനനൻ ഒരു സ്വപ്നഭ്രമത്തിൽനിന്നെന്നപോലെ ഉണർന്നു. പ്രാർത്ഥനാരംഭത്തെ കേട്ടപ്പോൾ, ഹരിപഞ്ചാനനന്റെ ദുഷ്‌പഥപ്രാപ്തമായുള്ള ക്ഷാത്രാഗ്നി വിഷതൈക്ഷ്ണ്യനീലിമയോടു പ്രജ്ജ്വലിച്ചു. ആ പ്രതിക്രിയാകർമ്മപ്രവൃത്തന്റെ ഹൃത്പ്രദ്യോതനത്തിനു നിശ്ചലശിഖയായി കത്തിക്കൊണ്ടിരുന്ന രാജ്യതൃഷ്ണാഗ്നി ധൂമരേഖയായിത്തീർന്നു മേൽപോട്ടുയർന്നു. ആ നഷ്ടമോഹന്റെ അരയിൽ തിരുകിയിരുന്ന ലഘുകഠാരികളിൽ ഒന്ന് തന്റെ സഹജാതനും, പ്രതിച്ഛായയും, ത്രിപുരസുന്ദരി വലിയമ്മയുടെ ‘ജനാർദ്ദന’സന്താനവുമായ ശാന്തന്റെ വക്ഷോസ്ഥിയെ ഭേദിച്ച്, ജീവകേന്ദ്രത്തിൽ സർജ്ജിച്ചു.

അകത്തെക്കെട്ടിൽനിന്ന് ‘ആഹാ’ എന്ന ഒരു വിലാപഘോഷം പുറപ്പെട്ടു. എന്നാൽ ശാന്താനുചരന്മാരുടെ അമർഷസംഭ്രാന്തമായ പ്രവേശനാരംഭത്തെ ഹരിപഞ്ചാനനന്റെ വികൃതമായുള്ള മുഖത്തിന്റെ കൃതാന്തകാളിമ പ്രതിബന്ധിച്ചു. ‘ആഹാ’ എന്നു പടത്തലവരും നിലവിളിച്ചു. “ഈ മഹാദുരിതം കാൺമാനോ ഈ പ്രായത്തിൽ, ഈ രാത്രിസമയത്തു ദൈവം എന്നെ ഇവിടെ ചാടിച്ചത്? അടടാ? ഇതെന്തു കർമ്മബന്ധം!” എന്നു പടത്തലവർ പരിതപിച്ചത്, ശാന്തഹരിപഞ്ചാനനന്റെ ഹൃദയത്തെ അദ്ദേഹത്തിന്റെ നേർക്ക് ഒന്നുകൂടി ആകർഷിച്ചു. ഹതപ്രാണനായ ആ സിദ്ധയോഗി അത്യാർദ്രകടാക്ഷങ്ങളാൽ മാതുലസ്ഥാനികനായ ആ പ്രഭുവിനെ അനുഗ്രഹിച്ചുകൊണ്ട്, അത്യുഗ്രബലിഷ്ഠന്റെ വീരധർമ്മത്തെ അനുകരിച്ച്, കഠാരിഗ്രസ്താംഗത്തോടെ ജ്യേഷ്ഠഗുരുപാദങ്ങളിൽ വീണ്, സാഷ്ടാംഗപ്രണാ [ 229 ] മം ചെയ്തു. ആ കുടിലായുധത്തിനു ഭൂദേശത്തുണ്ടായ സംഘടനത്തോടുകൂടി അതിന്റെ വിഷലിപ്തമായ അഗ്രം വക്ഷോബന്ധത്തെ മുഴുവൻ ഭേദിച്ച്, പശ്ചാൽഭാഗപ്രവിഷ്ടമായി ആ ഘാതകനെ സൗഹാർദ്ദാഭിവാദനംചെയ്തു. തന്റെ കഠോരക്രിയകളുടെ ഈ പരിണാമം ഹരിപഞ്ചാനനന്റെ ശ്വാസനാളത്തിൽ ഒരു മാംസഖണ്ഡം ഉദയംചെയ്തു വിലങ്ങിനിന്നതുപോലെ തോന്നിച്ചു. എങ്കിലും, പടത്തലവരുടെ ധാർമ്മികത്വംകൊണ്ടുള്ള പരിദേവനങ്ങളേയും തന്റെ അനുജന്റെ വീരധർമ്മാനുഷ്ഠാനത്തേയും കണ്ടപ്പോൾ ഹരിപഞ്ചാനനന്റെ ആസുരത്വം സഹസ്രശഃ അഭിവൃദ്ധമായി. തന്റെ കടിവേഷ്ടനത്തിൽനിന്ന് രണ്ടാമത്തെ കഠാരിയേയും ഹരിപഞ്ചാനനൻ വലിച്ചൂരി ക്രോധാന്ധതയോടുകൂടി, ആ രോധനത്തിൽ സന്നദ്ധനല്ലാതെ നിന്ന പടത്തലവരുടെനേർക്ക്, ഒരു സിംഹക്കുതിപ്പുകൊണ്ടു. രാമവർമ്മമഹാരാജധാർമ്മികന്റെ സമൃദ്ധമകരുണാപൂർവമുണ്ടായുള്ള ആജ്ഞയുടെ നിർവഹണം ഇതാ ഒരു ഭക്തജീവഹനനത്തിൽ പര്യവസാനിപ്പാൻ തുടങ്ങുന്നു! തന്റെ ചിന്താനേത്രങ്ങൾ അന്നു പകൽസമയത്ത് ദർശനംചെയ്ത അതികോമളഗാത്രന്മാരായ ബാലയുഗളത്തെ ആ പരമദുർഘടസ്ഥിതിയിൽ കണ്ടതിനാൽ, പടത്തലവരുടെ മനസ്സ് അവരുടെ മാതാവായ വൃദ്ധരോഗിണിയുടെ പ്രാന്തത്തിൽ പ്രവേശിച്ചിരിക്കുന്നു. കഠാരി ഉയരുന്നു. ഹരിപഞ്ചാനനൻ കുതംകൊണ്ടു മുന്നോട്ടായുന്നു. ആ സംഹാരകർത്താവിന്റെ കഠാരിയുതമായുള്ള ദീർഘബാഹുദണ്ഡം ആകാശവീഥിയിൽ ഇന്ദ്രധനുസ്സിനെ ലേഖനം ചെയ്യുന്നു. തനിക്ക് നേരിടുന്ന ആപത്തിനു സംഭ്രമസഹിതം ജാഗരൂകനായ പടാത്തലവർക്ക് കഠാരിയുടെ ദ്രുതപതനത്തെക്കണ്ടു ദൈവഗതിയെന്നു സമാധാനിപ്പാനേ സമയം കിട്ടുന്നുള്ളു. എന്നാൽ, ഹരിപഞ്ചാനനന്റെ കരദണ്ഡം ഒരു മഹാസാലകായന്റെ ഹസ്തങ്ങളാൽ അമോച്യമായി, ദൃഢതരം ബന്ധിക്കപ്പെടുന്നു. ദ്വാരപാലനെ മർദ്ദനംചെയ്ത്, മറ്റൊരു സാലശരീരനും ആ രംഗത്തിൽ പ്രവേശിച്ച്, പടത്തലവരെ ബലേന പിടിച്ചു പുറകോട്ടു മാറ്റി, ഹരിപഞ്ചാനനകഠാരിയെ സ്വഖഡ്ഗത്താൽ അങ്കണത്തിൽ തെറിപ്പിക്കുന്നു. ആ സാലകായനായ കുമാരൻതമ്പി തനിക്ക് അഭിമുഖനായി പ്രജ്ജ്വലിച്ചു നിൽക്കുന്ന മഹാസാലകായൻ വൃദ്ധസിദ്ധന്റെനേർക്ക് സ്വപക്ഷാനുകൂലക്രിയനെന്നുള്ള സംഗതിയെ വിസ്മരിച്ചും, ഹരികഥാരംഗത്തിൽവച്ച് തന്റെ ഖഡ്ഗത്തെ പ്രതിബന്ധംചെയ്തതിനെ പ്രധാനമായി സ്മരിച്ചും, വാളോങ്ങി അടുക്കുന്നു. വൃദ്ധസിദ്ധന്റെ നെടിയ ദണ്ഡം ഒരു മഹാഋഷഭസ്വരത്തെ, അതിന്റെ ആകാശവീജനതിനിടയിൽ ഗീതംചെയ്യുന്നു. എന്നേ അവമാനമേ! അജിതപരാക്രമസേനാനായകനായ കുമാരൻതമ്പിയുടെ ഖഡ്ഗത്തോടുകൂടിയ ഹസ്തത്തെ ഇതാ, ഒരു യുവസിദ്ധനും പ്രതിബന്ധിക്കുന്നു. ഈ പ്രതിബന്ധകൻ സ്വപക്ഷകനായ കേശവപിള്ളയാണെന്നറിഞ്ഞ്, കുമാരൻതമ്പി അടങ്ങുന്നു. ജെൺട്രാൾ കുമാരൻതമ്പിയുടെ പുറകിലായിത്തീർന്ന പടത്തലവരുടെ നേത്രങ്ങൾ വിടർന്ന്, അതുകൾക്കു സാദ്ധ്യമായുള്ള പരമവിസ്തൃതിയിൽ വികസിക്കുന്നു. നേത്രഗോളങ്ങൾ ദർശനസന്ദിഗ്ദതയിൽ ചടുലങ്ങളായി ഇളകി, പരമമോഹാവേശത്തെ സ്ഫുരണംചെയ്യുന്നു. “സ്വപ്നമോ മായമോ മന്മതിഭ്രാന്തിയോ” എന്നുള്ള ചിന്തയാൽ അദ്ദേഹം പരിഭൂതനാകുന്നു. വൃദ്ധസിദ്ധൻ പടത്തലവരുടെ പരവശഭാവം കണ്ട് മുഖത്തെ നമനംചെയ്തു നിലകൊള്ളുന്നു. സന്തോഷവാർത്താകഥനത്തിനു ലബ്ദമാകുന്ന അഭിമാനം പ്രഥമമായി തനിക്കുതന്നെ സിദ്ധിക്കണമെന്നുള്ള മോഹാധിക്യത്തോടുകൂടി യുവസിദ്ധനായ കേശവപിള്ള കുമാരൻതമ്പിയുടെ കൈയ്ക്ക് അർത്ഥവത്തായി ഒന്ന് അമർത്തി. അദ്ദേഹത്തേയും പുറകോട്ടു നീക്കിക്കൊണ്ട് പടത്തലവരുടെ അടുത്തണഞ്ഞ് “അതേ! അദ്ദേഹം തന്നെ. തിരുമനസ്സിലെ സൗഭാഗ്യം നമുക്കും ഭാഗ്യംചൊരിയുന്നു” എന്നു ധരിപ്പിക്കുന്നു. പടത്തലവർ ദുഃഖാനന്ദതരംഗങ്ങളുടെ പ്രതിസന്താടനമധ്യസ്ഥനായി പരമവിവശതയിൽപ്പെടുന്നു. ഇത്രയും ക്ഷണമാത്രത്തിനിടയിൽ കഴിയുന്നു.

തന്റെ ക്രൂരകഠാരി സാധിക്കുമായിരുന്ന പിതൃപ്രീതികരകർമ്മത്തെ തടഞ്ഞത് വൃദ്ധസിദ്ധനാണെന്നു കണ്ടപ്പോൾ ഹരിപഞ്ചാനനനിൽ ഉണ്ടായ ദേഷ്യവും അപഹസനഭാവവും വൃദ്ധസിദ്ധനെ ഹനിക്കാഞ്ഞത് ഒരു ആശ്ചര്യസംഭവമായിരുന്നു. വൃദ്ധസിദ്ധൻ ഹിന്ദുസ്ഥാനിയിൽ ചിലതു പറഞ്ഞുകൊണ്ട്, തന്റെ പിടി വിടുർത്തി, കുപ്പായത്തിനിടയിൽ തിരുകിയിരുന്ന ഒരു കടലാസുലേഖനത്തെ എടുത്ത് ഹരിപഞ്ചാനനന്റെ കൈയിൽ കൊടുത്തു. ഹരിപഞ്ചാനനൻ [ 230 ] തന്റെ സംസ്ഥാനസ്പൃഹാഗ്നിപ്രഭയിൽ ആ ലേഖനത്തെ ക്ഷണത്തിൽ വായിച്ചു. രാമരാജാബഹദൂർ സംസ്ഥാനാധിപന്റെ നേർക്കുള്ള ഉപജാപങ്ങളെ നിറുത്തിവയ്ക്കണമെന്ന്, ഹൈദരാലിനവാബ് തിരുവുള്ളംകൊണ്ട് അരുളിച്ചെയ്തിരിക്കുന്നു എന്നു ധരിപ്പിപ്പാൻ അവിടത്തെ ഒരു സേവകപ്രധാനൻ, ആജ്ഞാനുസാരം എഴുതിയിരുന്ന ആ ലേഖനത്തെ ഹരിപഞ്ചാനനൻ ക്ഷണംകൊണ്ട് അണുമാത്രങ്ങളായി ത്യജിച്ചു. അദ്ദേഹത്തിന്റെ ശാർദ്ദൂലനേത്രങ്ങൾ അനുജനേയും വൃദ്ധസിദ്ധൻ, പടത്തലവർ, കുമാരൻതമ്പി എന്നിവരേയും വീക്ഷിച്ചില്ല. തന്റെ അനുചരന്മാരുടെ വേഷത്തെ ധരിച്ചു നിൽക്കുന്ന യുവസിദ്ധൻ കേശവപിള്ളയുടെ നേർക്ക് അദ്ദേഹത്തിന്റെ ലോചനദ്വന്ദ്വം സുദർശനപാശൂപതങ്ങൾപോലെ പ്രപാതംചെയ്തു. വൃദ്ധസിദ്ധനും തടയാൻ കഴിയുന്നതിനുമുമ്പ്, സകല ജയമാർഗ്ഗങ്ങളും നഷ്ടമായിക്കണ്ട ഹരിപഞ്ചാനനൻ സമീപത്തു ചുവരിൽ ചാരിവച്ചിരുന്ന ഖഡ്ഗത്തെ ഉറയിൽനിന്ന് ഊരി വീശിക്കൊണ്ട് ബുദ്ധിപ്രമാണനായ ആ യുവാവിന്റെ പ്രതിരോധത്തെ ശിക്ഷിപ്പാനായി, രുഗ്മിവധത്തിനു ചാടിയ ബലരാമദേവന്റെ വീര്യോഗ്രതയോടുകൂടി സാഹസപ്ലവനംചെയ്തു. വൃദ്ധസിദ്ധൻ പടത്തലവരുടെ ആംഗ്യത്താൽ തടുക്കപ്പെട്ടു. ജെൺട്രാൾ കുമാരൻതമ്പിയും കേശവപിള്ളയും പടത്തലവരുടെ ഒരു കൈവീശുകൊണ്ടു മാറ്റിനിറുത്തപ്പെട്ടു. ഹരിപഞ്ചാനനയോഗിയുടെ അഭിനവഖഡ്ഗവും തമ്മിൽ ഇടഞ്ഞു. അംഗൃഹപ്രധാനന്മാരുടെ പൗരുഷത്തിന്റെയും വഞ്ചിരാജശക്തിയുടെയും ചിരകാലമാത്സര്യത്തിന്റെ അവസാനതരംഗമായി മഹാപാടവത്തോടുകൂടി പ്രതിയോഗികളാൽ സമുചിതപ്രഗത്ഭതയോട് ആ സംഗ്രാമം അഭിനീതമാകുന്നു. മദ്ധ്യവയസ്കനും ദൃഢഗാത്രനും മല്ലപ്രവീണനും സമരവിദഗ്ദ്ധനും ആയ ഹരിപഞ്ചാനനനെ പടത്തലവരുടെ വാൾ പ്രദക്ഷിണംചെയ്യുന്ന വേഗത്തിനിടയിൽ, യോഗിവര്യനായ ജന്യചതുരൻ സ്വഗാത്രത്തെ സൂക്ഷ്മതമമാക്കിക്കൊള്ളുന്നു. ഹരിപഞ്ചാനനന്റെ ഭടജനങ്ങളും പടത്തലവരുടെ അനുകൂലികളും വൃദ്ധബാഹുവിക്രമിയുടെ പാദനിശ്ചലതയേയും കരഭ്രമണദ്രുതത്തെയും കണ്ട് ആശ്ചര്യത്താൽ സ്തംഭിതന്മാരായി നിലകൊണ്ടുപോകുന്നു. അനന്തപത്മനാഭസേനാനിയുടെ ഖഡ്ഗം അനന്തമായ മിന്നൽപ്പിണർപോലെ പ്രകാശിച്ചും, അസ്തമിച്ചും, ഹരിപഞ്ചാനനന്റെ നേത്രങ്ങളെ ചലിപ്പിച്ച്, സന്ധ്യാസമയത്ത് ആ വാടത്തെ ലക്ഷ്മീപൂർണ്ണമാക്കിയ ദീപകോടികൾ അവിടെ ആവർത്തനംചെയ്തപോലെ തോന്നിക്കുന്നു. ഇത്രയൊക്കെ വരുമെന്ന് യോഗീശ്വരയോദ്ധാവു വിചാരിച്ചിരുന്നതല്ല. പടത്തലവരുടെ വാൾ, പാടും മാടും മുനയും വായും, എങ്ങനെയെന്നറിഞ്ഞില്ല, പ്രതിയോഗിയുടെ മുതുകും, ഭുജവും, വക്ഷസ്സും, പക്ഷങ്ങളും തലോടി, വസ്ത്രശകലങ്ങളെ മാത്രം അപഹരിച്ച് സന്തുഷ്ടിയടയുന്നു. ഹരിപഞ്ചാനനൻ നടസരസതയെ സന്ധാനംചെയ്ത് പടത്തലവരുടെ ഖഡ്ഗഭ്രമണത്തെ അഭിവാദനംചെയ്യുന്നു. എന്നാൽ, പടത്തലവരുടെ മോഹഭ്രമം അദ്ദേഹത്തിന്റെ നേത്രങ്ങളെ വൃദ്ധസിദ്ധന്റെ നേർക്ക് ഒന്നു നയിക്കുന്നു. ആ ക്ഷണത്തിൽ ഹരിപഞ്ചാനനൻ ആകാശചാരിയായപോലെ ഉയർന്ന്, തന്റെ പാരസികഖഡ്ഗത്തെക്കൊണ്ട് സുദർശനചക്രകരങ്ങളാലെന്നപോലെ പടത്തലവരെ വലയംചെയ്ത് , അദ്ദേഹത്തിന്റെ ഖഡ്ഗത്തേയും അങ്കണത്തിൽ പതിപ്പിച്ചു. പാരസീകഖഡ്ഗം പടത്തലവരുടെ കവചത്താൽ പ്രതിബന്ധിക്കപ്പെടുകയാൽ, സാൽവയെ അപഹരിച്ച്, രണ്ടാമതും സർപ്പബഹുലതുല്യം നാനാഭാഗങ്ങളിലും പ്രചലിച്ച് ശത്രുഗാത്രലക്ഷ്യമായി ധാരാനിപാതം ചെയ്തു. വൃദ്ധസിദ്ധന്റെ ദണ്ഡം ആ ഖഡ്ഗധാരിയായ ഹസ്തത്തെ ഒരു ലഘുപ്രപാതംകൊണ്ട് അസ്തശക്തമാക്കി ഖഡ്ഗത്തെ നിലത്തു പതിപ്പിച്ചു.

പടത്തലവരുടെ സാൽവ നീങ്ങിയപ്പോൾ അരയിൽ തിരുകപ്പെട്ടിരുന്ന കൈത്തോക്കുകളെക്കണ്ട് ഹരിപഞ്ചാനനന്റെ മനസ്സിൽ ഒരു മഹായുക്തി ഉദയംചെയ്തു. പ്രാണായാമപ്രവൃത്തനായിരുന്ന ശാന്തനെ നോക്കി ‘ഉഠോ’ എന്നു സിംഹനാദത്തിൽ ഒരു കല്പന കൊടുത്തും, ആ ജീവാർദ്ധത്തെ തന്റെ പ്രയോഗശക്തമായ ഹസ്തത്തെ ഗ്രഹിച്ചും, ഉച്ചവും ഉഗ്രവുമായ സ്വരത്തിലും പടത്തലവർക്കും മനസ്സിലാകാത്തതായ ഒരു ഭാഷയിലും സ്വഭടന്മാർക്കു ചില കൽപനകൾ നൽകിയും, ഹരിപഞ്ചാനനത്രിവിക്രമൻ ആ രംഗത്തുനിന്നു മറഞ്ഞു. കിഴക്കും മറ്റുവശങ്ങളിലുമുള്ള വാതലുകൾ ഹരിപഞ്ചാനനന്റെ കൽപനയ്ക്കനുസരണമായി ക്ഷണത്തിൽ ബന്ധിക്കപ്പെട്ടു. “ഞങ്ങൾ ജ്യേഷ്ഠാനുജന്മാർ ഉഗ്രനും ശാന്തനും ഒന്നിച്ചു കൂടി [ 231 ] യുണ്ടെന്ന് അമ്മയെ ധരിപ്പിക്കണം. അമ്മേടെ അവസാനശുശ്രൂഷകൾ അവിടുന്നു ചെയ്യണം” എന്നു പടത്തലവരോടു പ്രാർത്ഥിച്ചുകൊണ്ട് ശാന്തപഞ്ചാനനൻ ജ്യേഷ്ഠപഞ്ചാനനനോടു സഹഗമനംചെയ്തു.

പടത്തലവർ ആദ്യമായി മഹാവമാനചകിതനായി, സന്ദർഭവിശേഷങ്ങളാൽ സംഭ്രമിതനായും, വൃദ്ധസിദ്ധദർശനത്തെ പുനഃകാംക്ഷിച്ച് ആ ശ്രമത്തിൽ ദത്തചിത്തനായും ഉഗ്രശാന്തന്മാരുടെ അനന്തരോദ്യമം എന്തെന്നു ചിന്തിപ്പാൻ ശക്തനല്ലാതെയും നിന്നുപോയി. പടിഞ്ഞാറുള്ള ഒരു മുറിയിൽ എന്തോ തല്ലിത്തകർക്കുന്ന ശബ്ദങ്ങൾ കേട്ടുതുടങ്ങി. ഹരിപഞ്ചാനനന്റെ ദ്രുതഗമനം കണ്ട ഉടനേതന്നെ അദ്ദേഹത്തിന്റെ മഹാഘോരമായ ഉദ്ദേശ്യത്തെ ഊഹിച്ച കേശവപിള്ള പടത്തലവരെ പിടികൂടി “വേഗം ഇവിടന്നു കടക്കാം” എന്നു പറഞ്ഞു പുറകോട്ടു നടത്താൻ ശ്രമിച്ചു. കേശവപിള്ളയുടെ ശ്രമത്തെ വൃദ്ധസിദ്ധൻ സഹായിച്ചു. പടത്തലവർ നിന്നിരുന്ന നാലുകെട്ടിൽ ഭടന്മാർ പെരുകിത്തുടങ്ങി. പടിഞ്ഞാറുള്ള തകർപ്പ് അതിതകൃതിയിലായി. ‘വിടരുത് ’ എന്നു ഹിന്ദുസ്ഥാനിയിലുള്ള ഹരിപഞ്ചാനനന്റെ മേഘനാദം ആ കെട്ടിടത്തിൽ മുഴുങ്ങി, സേനാകാഹളധ്വനിപോലെ സ്വഭടന്മാരെ മദോദ്ധതന്മാരാക്കി. അനന്തപത്മനാഭൻ പടത്തലവർ പൂർവവൽ ജീവപ്രസരസ്ഥനായി. ഒട്ടുകാലമായി അനുഭവിച്ചിരുന്ന വിശ്രമത്തിൽനിന്നു വിരമിച്ചും, തങ്ങളുടെ സഹസേവിയായ ഖഡ്ഗം ഹരിപഞ്ചാനനനോടുണ്ടായ വിഹാരസമരത്തെ ആസ്വദിച്ചപ്പോൾ തൃഷ്ണയുണർന്നും വർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ കഠാരികൾ ഏറ്റവും പ്രീതിപരദമായുള്ള ക്രീഡകളെ തുടർന്നു. പ്രതിയോഗികളുടെ ആയുധത്തലകളും തലകളും മുറിഞ്ഞു വീണു. ആയുധത്തലകളുടെ പതനങ്ങളും ചിലരെ രക്തരസദ്രാവണം ചെയ്യിച്ചു. രക്തസ്പർശനവും മരണദർശനവും യോഗീശ്വരഭടജനങ്ങളെ പൃഥുലക്രൗര്യന്മാരാക്കി. അവർ വൃദ്ധസിദ്ധന്റെ യമദണ്ഡമേറ്റ്, തെരുതെരെ വീഴുന്നു. കുമാരൻതമ്പിയുടെ നെടുനാന്ദകം പടത്തലവർക്കു വഴിതെളിക്കുന്നു. നാരാചസവ്യസാചിയായ കേശവപിള്ളയും തന്റെ കഠാരനാരാചം കൊണ്ട് ഒന്നു രണ്ട് ഗണപതിക്കു കുറിക്കുന്നു. പരിപന്ഥികളെ നീക്കി, വാതൽ നോക്കി നടകൊള്ളുന്നതിനിടയിൽ “തിരുമനസ്സുകൊണ്ട് എവിടെ?” എന്നു പടത്തലവർ കേശവപിള്ളയോടു മന്ത്രിക്കുന്നു. “അതെല്ലാം ഭദ്രമാക്കീട്ടുണ്ട്” എന്നു കേശവപിള്ള മറുപടി പറയുന്നു. അകത്തും പുറത്തുംനിന്നു ബന്ധിപ്പെട്ടിരുന്ന വാതൽ വൃദ്ധസിദ്ധനാൽ ചുഴുക്കുറ്റികളിൽ നിന്ന് ഇളക്കിമാറ്റപ്പെടുന്നു. പടത്തലവരും അനുഗാമികളും പുറത്തുനിന്ന കാവൽക്കാരനെ തള്ളിയിട്ടു പുറത്തുചാടുന്നു. “ഇവിടന്നു പറക്കണം. അയാൾ തീവയ്ക്കാൻ അറ പൊളിക്കയാണ്. താക്കോൽ ഞാൻ എടുത്തൊളിച്ചുകളഞ്ഞു.” എന്നു കേശവപിള്ള ഉപദേശിക്കയാൽ, ആ സംഘം ഓടിത്തുടങ്ങി. മഹാരാജപ്രഭൃതികളോടു സംഘടിച്ച് പൂർവഭാഗത്തിൽ വിവരിച്ചപ്രകാരം പ്രവാഹോർജ്ജിതത്തോടു ധാവനംചെയ്യുന്നു.

ശേഷം അതിഭയാനകമെന്ന് ഈ അദ്ധ്യത്തിലെ പ്രഥമഘട്ടത്തിന്റെ അവസാനത്തിൽത്തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിഭയാനകമെന്നാൽ, ദർശനത്താലല്ലാതെ വർണ്ണനത്താൽ ഗ്രഹണത്തിനു ദുസ്സാദ്ധ്യമായുള്ള ബ്രഹ്മാണ്ഡത്തിന്റെ അധിഷ്ഠാനുഭൂതമായ അഗ്നിഭഗവാന്റെ ഉഗ്രദാഹപ്രവർത്തനമാണ് ആ വൈഷ്ണവപ്രതിഷ്ഠാപ്രാന്തത്തിൽ സംഭൂതമായത്. പടത്തലവരും ബന്ധുക്കളും അവരുടെ യുദ്ധവൈഭവംകൊണ്ട് ആ ദസ്യുഗുഹാഗർഭത്തിൽ നിന്ന് ആകാശമണ്ഡിതമായ ക്ഷേത്രവീഥിയിൽ പ്രവേശിച്ചപ്പോൾ, സമരപ്രവൃത്തരായിരുന്ന യോഗിഭടന്മാർ ഹരിപഞ്ചാനനൻ വെടിമരുന്നറയെ തകർക്കുന്ന ശബ്ദത്തെ കേട്ട് അവർക്കു സമസ്ഥിതമാകുന്ന സംഭാവ്യത്തെ അനുമിച്ചു. ആ ക്ഷണത്തിൽത്തന്നെ ഹരിപഞ്ചാനനന്റെ കണ്ഠീരവരവത്താൽ അവർ അനുക്ഷണം അനുവർത്തിക്കേണ്ട ചില വിനാശാജ്ഞകളും മറ്റും ഉക്തങ്ങളുമായി. അതുകളെത്തുടർന്ന്, ആ മന്ദിരഗഹ്വരങ്ങൾക്കകത്തു സംഭരിക്കപ്പെട്ടിരുന്ന വിവിധ ശുഷ്കസാധനങ്ങൾക്ക് ആ ഭടന്മാർ തീ കൊളുത്തി, മൃതരും, അസ്വാധീനരും ആയ സഹചരന്മാരെ കൈവെടിഞ്ഞ്, അവിടെനിന്നും തുരുതുരെ പറന്നു. ഇങ്ങനെ ഹരിപഞ്ചാനനന്റെ ചിരകാലനിശ്ചിതമായുള്ള യജ്ഞത്തിന്റെ പ്രഥമദീപം ശ്രീപത്മനാഭസങ്കേതത്തിന്റെ പരിസരത്തിൽ വച്ചുതന്നെ അദ്ദേഹത്തിന്റെ സ്വന്തമായ പുരോഹിതജനങ്ങളാലും ആ അമാനുഷഗുരുനിയോഗാനുസാരമായും പ്രതിഷ്ഠാപിതമായി. [ 232 ] യോഗിവാടത്തിലെ അങ്കണങ്ങളിൽക്കൂടി ഓരോ ധൂമസ്ഥൂണങ്ങൾ ഉയർന്ന് ആ മന്ദിരത്തിന്റെ പരിസരാകാശത്തിൽ മേഘസമുച്ചയങ്ങളായി പരന്നു. ‘കിരുകിര’ ശബ്ദത്തോടുകൂടി ബഹുദ്രവ്യങ്ങൾ എരിഞ്ഞ് ആ വാടത്തേയും അതിനകത്തു കുടുങ്ങിയ ഭടജനങ്ങളേയും ലേഹനംചെയ്ത്, പഞ്ചാസ്യകുലജാതന്മാരുടെ മനോരാജ്യരാജസപ്രഭാവത്തിനും ഉചിതമായുള്ള ആതപത്രങ്ങൾപോലെ രക്തച്ഛവിയോടുയർന്നു. ഈ അപ്രതീക്ഷിതസംഭവത്തിന്റെ ദർശനത്തിൽ കുമാരൻതമ്പിയാൽ സജ്ജീകൃതമായിരുന്ന വ്യൂഹം ഭിന്നിച്ച്, വീഥികളിലും മറ്റു തുറന്ന സ്ഥലങ്ങളിലും തങ്ങൾക്കുണ്ടാകേണ്ടുന്ന അനന്തരാജ്ഞകളെ ദീക്ഷിച്ച് സന്നദ്ധന്മാരായി ആപൽപ്രദേശത്തിൽനിന്ന് ഒട്ടകന്നു പ്രചരണംചെയ്തു. ഹരിപഞ്ചാനനഭക്തസംഘം യോഗിവാടത്തിന്റെ രക്ഷയ്ക്കു മുതിർന്നു. അഗ്നിഭയസംഭവത്താൽ സമീപത്തുള്ള അഗ്രഹാരങ്ങളിലേയും പാർപ്പുകാർ ഇളകി, വാടപ്രാന്തത്തിലേക്ക് ഓടിത്തുടങ്ങി. ഇങ്ങനെ ജനബഹളം പെരുകി, അഗ്നിശിഖാവിജൃംഭണങ്ങളെ കണ്ട് ‘ഹാ ഹാ’ ശബ്ദം മുഴക്കുന്നതിനിടയിൽ, ബ്രഹ്മാണ്ഡകടാഹഭേദകമായുള്ള ഒരു മഹാരവം വിശ്വകർമ്മനിർമ്മിതമായുള്ള ‘മഹാഭൂകമ്പിനി’ പീരങ്കിപ്രയോഗത്താലെന്നപോലെ ആ സങ്കേതത്തെ, എന്നല്ലാ ഭൂമിയെത്തന്നെയും, പാതാളമേഖലവരെയ്ക്കും ഇളക്കിക്കുലുക്കി. ഹരിപഞ്ചാനനമന്ദിരമദ്ധ്യത്തിൽനിന്ന് സഹസ്രസുദർശനങ്ങൾ യോജിച്ചെന്നപോലെ ഒരു അഗ്നിഗോപുരം, ബഹുഗജരവത്തോടു മേൽപോട്ടുയർന്നു. സപ്തസമുദ്രങ്ങളും അഷ്ടഗിരികളും കല്പാഗ്നിരൂപമവലംബിച്ചെന്നവണ്ണം, ഘോരഘോരവപടലികളോട് വിഷ്ണുപദസങ്കർഷകകൂടങ്ങളായിത്തിരിഞ്ഞ് സമുദ്രഗിരികാനനപ്രാന്തങ്ങളേയും പ്രജ്ജ്വലിപ്പിച്ച്, സഹസ്രകോടി അഗ്നേയശാലകളുടെ പ്രളയവർഷംകൊണ്ടു നക്ഷത്രപഥത്തേയും ഒട്ടുനേരം ക്ഷതംചെയ്തു. ഭൂഗർഭത്തിൽനിന്ന് ഏകമുഹൂർത്തജാതങ്ങളായ നിരവധി ധൂമകേതുക്കൾപോലെ ആ അഗ്നിനിര അന്തരീക്ഷത്തിൽ വിടുർന്നെരിഞ്ഞ്, തങ്ങൾ വഹിച്ചിരുന്ന പാതകഭാരത്തൽ ക്ഷീണങ്ങളായി, അമർന്നും വീണ്ടും ഉജ്ജ്വലിച്ചും, പതിച്ചും കിളർന്നും ക്രമേണ പ്രഥമജ്ജ്വാലയുടെ നിരപ്പിൽ അമർന്നു.

ആഘര്യാരവം, ദീനാരവം, മരണാരവം, സജ്ജനശാപാരവം, ദുർജ്ജനഭത്സനാരവം, പ്രാണഭീതിയാൽ മണ്ടുന്ന പാദാരവം, അഗ്നിസംശമനത്തിന് അടുക്കുന്ന ധീരജനങ്ങളുടെ സാഹസാരവം, കാണികളായി ഓടിയടുക്കുന്ന വിവിധജനങ്ങളുടെ കൗതുകാരവം, പൊട്ടിയും തകർന്നും ഞെരിഞ്ഞ് പൊടിഞ്ഞും പടർന്നെരിയുന്ന അഗ്നികലാപാരവം—ഇതുകൾക്കിടയിൽ അതാ, കുമാരൻതമ്പിയുടെ സേനാകാഹളം ഹരിപഞ്ചാനനവാടത്തിന്റെ ദാഹശംഖധ്വനികളായി അഷ്ടദിഗന്തരങ്ങളിലും അപനയാപജയബോധത്തെ ഉൽഘോഷണം ചെയ്തു. ഹരിപഞ്ചാനനയുഗളത്തിന്റെ മഹാത്യാഗവൈരാഗ്യയുതമായുള്ള വീര്യധാമങ്ങൾ ജനനത്തിലെന്നപോലെ മൃതിയിലും ഗാഢാലിംഗനംകൊണ്ട് ഏകശരീരത്തെ അവലംബിച്ച്, ആ കൽപാന്താഗ്നിസ്യന്ദനത്താൽ ആരൂഢന്മാരായി, ചതുരാശ്രമങ്ങളിലും അനിവാര്യമായുള്ള അവസാനസംസ്കൃതിശാന്തിയെ, കുലധർമ്മാനുസൃതമായ ‘മഹാബലി’ഷ്ഠതയോടു പ്രാപിച്ച്, ജീവിതസത്രത്തെയും സമാപിപ്പിച്ചു.