പക്ഷേ ̧ ക്ഷിപ്രദണ്ഡനനയത്തെ അനുകരിക്കേണ്ട ഘട്ടത്തെ പ്രാപിച്ചുപോയിരിക്കുന്ന സ്ഥിതിയിൽ സൗഹൃദത്തെ തുടരാനുള്ള വൈമനസ്യം പ്രബലപ്പട്ട്, യോഗീശ്വരന്റെ ചോദ്യത്തെ തന്റെ ഒരു ചോദ്യവും അതിലെ അവസാന അർദ്ധാക്ഷരത്തിന്റെ അസാമാന്യഹ്രസ്വീകരണവുംകൊണ്ട് എതിർത്തു: “ആണെങ്കിൽ?”
ഹരിപഞ്ചാനനൻ: “ഇപ്പോൾ വീട്ടിൽത്തന്നല്ലേ താമസം?”
പടത്തലവർ: “അതേ, കണ്ട വേഷം ധരിച്ച് ആണ്ടവനേയും വേണ്ടവരേയും ദ്രോഹിക്കാതെ പരമസുഖമായിട്ട്.”
ഹരിപഞ്ചാനനൻ: “അതിനേ സംഗതിയുള്ളു. പക്ഷേ, ഫലകാംക്ഷകൂടാതെ കൊലതുടങ്ങിയുള്ള വലിയ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനെ ചിലർ ചിത്തഭ്രമത്തിൽ ചേർക്കൂല്യേ എന്ന് ഒരു ‘ശങ്ക’ ഉദിച്ചു ചോദിച്ചു. അതല്ലാതെ അവിടത്തെ സ്വാതന്ത്ര്യകാംക്ഷയെ അധിക്ഷേപിച്ചല്ല. അക്കാര്യം വിട്ടേക്കാം; വാദിക്കേണ്ട. ദർശനഭേദങ്ങൾ കൊണ്ടാണ് ഭിന്നമതങ്ങൾതന്നെ ലോകത്തിൽ ഉണ്ടാകുന്നത്. അവിടത്തെ നേത്രമാണ് സൂക്ഷ്മദർശനംചെയ്യുന്നതെങ്കിൽ അങ്ങനെ ഇരിക്കട്ടെ. മഹാഭാവിയായ ബ്രഹ്മാണ്ഡഭാവി അനുഭവിപ്പിക്കും!”
പടത്തലവർ ആ ആത്മശക്തനാൽ അവിടത്തെ അൽപപ്രഭയ്ക്കിടയിലും വിസർജ്ജിക്കപ്പെട്ട നേത്രരശ്മിയുടെ ഉഗ്രതയാൽ അന്ധനാക്കപ്പെട്ടു. ഹരിപഞ്ചാനനൻ മൃഗപ്രകൃതനല്ലായിരുന്നു. ഒടുവിലത്തെ ദീർഘദർശിജ്ഞാനം വദിക്കപ്പെടുന്നതിനിടയിൽ അദ്ദേഹം ഒരു മഹാലോകോപദേഷ്ടാവിന്റെ വൈദ്യുതതേജസ്സോടു ശോഭിച്ചു. ആ വാക്കുകൾ ഉച്ചരിച്ചതോടുകൂടി അദ്ദേഹത്തിന്റെ വ്രതസമുദ്വ്യാപനത്തെ സമാപിച്ചു. കേവല ബിരുദാർത്ഥിയായ ഒരു മല്ലന്റെ മത്സരകാലുഷ്യം തിളച്ച് വാദത്തെ ദീർഘിപ്പിക്കാൻ ശ്രമിച്ചും, എന്നാൽ തന്റെ മുമ്പിൽ നിൽക്കുന്ന രാജ്യാഭിമാനിയെ അഭിമാനിച്ചും, അദ്ദേഹം വിഷയത്തെ മാറ്റി “എന്റെ അമ്മ നർമ്മദാതീരത്തിൽ, ഗൃഹത്തിൽ വച്ചു മരിച്ചു. അച്ഛൻ, എന്നെക്കൊണ്ട് കർമ്മവും ചെയ്യിച്ചു” എന്നു പടത്തലവരെ ധരിപ്പിച്ചു. പടത്തലവരുടെ ബുദ്ധി ഈ വചനങ്ങളിൽ സ്ഫുടമായ പ്രകാരാന്തതയെ ഗ്രഹിച്ചു കലങ്ങി: “ഒരു മാതൃകർമ്മം കൂടി എന്റെ അപേക്ഷയിന്മേലും ആകട്ടെ."
ഹരിപഞ്ചാനനൻ: “ഭൂലോകത്തുള്ള സ്ത്രീകളെല്ലാം എന്റെ അമ്മമാർതന്നെ. പിന്നെ, അവിടത്തെ അപേക്ഷയുംകൂടി ആകുമ്പോൾ ഞാനെന്താണു ചെയ്യാതുള്ളത്? ഈ യജ്ഞം എന്നു പറഞ്ഞില്ലേ? ആ തടസ്ഥത്തിനു പരിഹാരത്തെ ആലോചിക്കുന്നതിനിടയിൽ അവിടന്നു ശണ്ഠകൂട്ടി.”
പടത്തലവർ: “യജ്ഞം അവിടെ നില്ക്കട്ടെ.”
ഹരിപഞ്ചാനനൻ: “ഈ സംഭാരങ്ങളെല്ലാം കണ്ടില്ലേ? എത്ര പേർക്ക് ഇച്ഛാഭംഗമാകും?”
പടത്തലവർ: “അതിനെ മാറ്റിവയ്ക്കണം. ഞാൻകൂടിച്ചേർന്ന് ആവശ്യമുണ്ടെങ്കിൽ യജ്ഞമായിത്തന്നെ പിന്നീടു നടത്താം. അങ്ങേ ബന്ധുവായി ഞാൻ ഗുണദോഷിക്കുന്നു. നന്തിയത്തുണ്ണിത്താന്റെ ആൾ വന്ന്, അങ്ങേ അമ്മയ്ക്കു ശ്വാസവികാരം മുറുകിയിരിക്കുന്നു എന്ന് തെര്യപ്പെടുത്തിപോയിരിക്കുന്നു. മറ്റുള്ള പുറപ്പാടുകളെല്ലാം നിറുത്തിവച്ച് ഉടനെ പുറപ്പെടണം.”
ഹരിപഞ്ചാനനൻ: “മരണശ്വാസത്തെ ഒരു വാരം ആ സ്ഥിതിയിൽ നിറുത്തുന്നതിനു മരുന്നു ഞാൻ തരാം. ഞാൻ വരുന്നതിനകം മരിക്കയില്ലെന്നു സത്യവും ചെയ്യാം. യജ്ഞം നടത്തീട്ടു വന്നാൽ പോരേ?”
പടത്തലവരുടെ ക്ഷമ അസ്തമിച്ചു. അദ്ദേഹത്തിന്റെ സ്വരം ഒന്നു പൊങ്ങി: “മാതൃകർമ്മം കഴിഞ്ഞല്ലാതെ യജ്ഞകർമ്മത്തിനു കോപ്പിടണ്ട” എന്ന് അദ്ദേഹം ഊർജ്ജിതപ്രഭാവനായി ആജ്ഞാപിച്ചു.
ഹരിപഞ്ചാനനൻ: “അങ്ങനെ ഒരു കൽപന ഈ ധർമ്മരാജ്യത്തു പുറപ്പെടുമോ?”