Jump to content

താൾ:Dharmaraja.djvu/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പടത്തലവർ: “ആശൗചം ഇന്നോ നാളെയോ തുടങ്ങും. അതു കഴിയുന്നതുവരെ യജ്ഞദീക്ഷ പാടില്ലെന്നുള്ളതിനെ ധർമ്മരാജ്യമല്ലയോ പ്രധാനമായി ഊർജ്ജിതപ്പെടുത്തേണ്ടത്?”

ഹരിപഞ്ചാനനൻ: “ആ ആശൗചം നമ്മെ ബന്ധിക്കുന്നതെങ്ങനെ എന്നാണു നാം ചോദിക്കുന്നത്?”

പടത്തലവർ: “ആശൗചമുണ്ടെന്നുള്ളതിന് ഒന്നാമത്തെ സാക്ഷി ഞാൻതന്നെ. അവിടത്തെ ആകൃതി, ശബ്ദം, ചേഷ്ടകൾ—എല്ലാം എനിക്കു മുഖപരിചയമുള്ളതല്ലേ? കോന്തി അച്ഛന്റെ ആകൃതി എനിക്കു നല്ല ഓർമ്മയില്ലേ? അദ്ദേഹത്തിന്റെ സൂക്ഷ്മച്ഛായയിലുള്ള ഉഗ്രൻ കുട്ടിയെ കണ്ടാൽ അറിഞ്ഞുകൂടാത്ത കുരുടനാണോ ഞാൻ? ഉഗ്രശാന്തന്മാരെ പ്രസവിച്ച ആ ഉദരം തപിക്കുന്നത്, ഉഗ്രനായ ത്രിവിക്രമനായ അങ്ങേ ജന്മാന്തരങ്ങളിലും തപിപ്പിക്കുകയില്ലേ? കഷ്ടം! ഈ താപസവേഷത്തെ രാജ്യദ്രാഹത്തിനുപയോഗിപ്പാൻ ധൈര്യപ്പെടുത്തിയ ദുഷ്ടത എവിടെ തീർത്ഥമാടിക്കഴുകാം? ഈ നാട്യവും കപടവുംകൊണ്ട് എന്നെ വഞ്ചിപ്പാൻ സാധിച്ചാലും, രാജ്യത്തെ മുടിപ്പാൻ ഉപയോഗപ്പെട്ടാലും, പ്രസവിച്ച ജീവന്റെ ആവാഹനയെ തടയുന്നതിന് ഉപയോഗപ്പെടൂല്ലാ. അത് അങ്ങുതന്നെ അനുഭവിച്ചറിഞ്ഞു. അങ്ങേ കണ്ട മാത്രയിൽ വാർദ്ധക്യംകൊണ്ടു ശുഷ്കിച്ച മുലകൾ ചുരന്നു എന്ന് അവർ പറയുന്നതും ഞാൻ കേട്ടു. അവരുടെ ദുഃഖം കണ്ട് ഇവന്റെ മനസ്സുതന്നെ എത്ര നൊന്തു! ‘ഉഗ്രശാന്തന്മാർ’ എന്ന പേരുകൾ പറയുന്നതിന്റെ അരിമതന്നെ ഏതു മനസ്സിനെ അലിയിക്കുകയില്ല? ദൈവദ്രോഹത്തിനും മാതൃദ്രോഹത്തിനും ഇടയിൽ, അങ്ങേടെ രാജദ്രാഹം വിജയിക്കുമോ? പുറപ്പെടണം—ഇക്ഷണത്തിൽ പുറപ്പെടണം, അല്ലെങ്കിൽ മഹാപാതകം!”

ഹരിപഞ്ചാനനൻ പടത്തലവരുടെ അധിക്ഷേപേശാസനങ്ങളെ കേട്ട് ശിലാനിശ്ചലതയേയും ശമമൗനത്തേയും അവലംബിച്ചും, എന്നാൽ അഗ്നിപർവതത്തിന്റെ സംഘർഷണത്തിനു സന്നദ്ധനായി തിളച്ചും നിന്നു. പടത്തലവർ തുടരുന്നു: “ആപത്തൊഴിവാനും ദൈവം കനിഞ്ഞുതരുന്ന വഴിയാണിത്. കൈക്കൊള്ളണം.” (വൃദ്ധയുടെ സ്വരത്തെ അഭിനയിച്ച്) “ശാന്താ! —ഉഗ്രാ!" എന്ന് അവർ ബോധക്ഷയത്തിനിടയിൽ നൊന്തു വിളിച്ചു കരയുന്നുപോലും.”

‘ശാന്താ’ എന്ന ദയനീയരോദനപദം മാതൃസ്വരസാമ്യത്തിൽ പടത്തലവരുടെ നാവിൽനിന്ന് ഉൽഗളിതമായമാത്രയിൽ, ശാന്തകിരണനായ ഒരു നവഹരിപഞ്ചാനനൻ ആ രംഗത്തു പ്രത്യക്ഷമായി, അവിടെ നിന്നിരുന്ന അത്യുഗ്രകിരണനായ ഹരിപഞ്ചാനനനെതൊഴുതുകൊണ്ട്, ‘ജ്യേഷ്ഠാ! നമ്മുടെ അമ്മ—” എന്ന് ഒരു പ്രാർത്ഥനയ്ക്ക് ആരംഭിച്ചു. ആ ദ്രുതപ്രവേശനദർശനത്തിൽ സാക്ഷാൽ പഞ്ചാനനൻ ഒരു സ്വപ്നഭ്രമത്തിൽനിന്നെന്നപോലെ ഉണർന്നു. പ്രാർത്ഥനാരംഭത്തെ കേട്ടപ്പോൾ, ഹരിപഞ്ചാനനന്റെ ദുഷ്‌പഥപ്രാപ്തമായുള്ള ക്ഷാത്രാഗ്നി വിഷതൈക്ഷ്ണ്യനീലിമയോടു പ്രജ്ജ്വലിച്ചു. ആ പ്രതിക്രിയാകർമ്മപ്രവൃത്തന്റെ ഹൃത്പ്രദ്യോതനത്തിനു നിശ്ചലശിഖയായി കത്തിക്കൊണ്ടിരുന്ന രാജ്യതൃഷ്ണാഗ്നി ധൂമരേഖയായിത്തീർന്നു മേൽപോട്ടുയർന്നു. ആ നഷ്ടമോഹന്റെ അരയിൽ തിരുകിയിരുന്ന ലഘുകഠാരികളിൽ ഒന്ന് തന്റെ സഹജാതനും, പ്രതിച്ഛായയും, ത്രിപുരസുന്ദരി വലിയമ്മയുടെ ‘ജനാർദ്ദന’സന്താനവുമായ ശാന്തന്റെ വക്ഷോസ്ഥിയെ ഭേദിച്ച്, ജീവകേന്ദ്രത്തിൽ സർജ്ജിച്ചു.

അകത്തെക്കെട്ടിൽനിന്ന് ‘ആഹാ’ എന്ന ഒരു വിലാപഘോഷം പുറപ്പെട്ടു. എന്നാൽ ശാന്താനുചരന്മാരുടെ അമർഷസംഭ്രാന്തമായ പ്രവേശനാരംഭത്തെ ഹരിപഞ്ചാനനന്റെ വികൃതമായുള്ള മുഖത്തിന്റെ കൃതാന്തകാളിമ പ്രതിബന്ധിച്ചു. ‘ആഹാ’ എന്നു പടത്തലവരും നിലവിളിച്ചു. “ഈ മഹാദുരിതം കാൺമാനോ ഈ പ്രായത്തിൽ, ഈ രാത്രിസമയത്തു ദൈവം എന്നെ ഇവിടെ ചാടിച്ചത്? അടടാ? ഇതെന്തു കർമ്മബന്ധം!” എന്നു പടത്തലവർ പരിതപിച്ചത്, ശാന്തഹരിപഞ്ചാനനന്റെ ഹൃദയത്തെ അദ്ദേഹത്തിന്റെ നേർക്ക് ഒന്നുകൂടി ആകർഷിച്ചു. ഹതപ്രാണനായ ആ സിദ്ധയോഗി അത്യാർദ്രകടാക്ഷങ്ങളാൽ മാതുലസ്ഥാനികനായ ആ പ്രഭുവിനെ അനുഗ്രഹിച്ചുകൊണ്ട്, അത്യുഗ്രബലിഷ്ഠന്റെ വീരധർമ്മത്തെ അനുകരിച്ച്, കഠാരിഗ്രസ്താംഗത്തോടെ ജ്യേഷ്ഠഗുരുപാദങ്ങളിൽ വീണ്, സാഷ്ടാംഗപ്രണാ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/228&oldid=158503" എന്ന താളിൽനിന്ന് ശേഖരിച്ചത്