താൾ:Dharmaraja.djvu/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മം ചെയ്തു. ആ കുടിലായുധത്തിനു ഭൂദേശത്തുണ്ടായ സംഘടനത്തോടുകൂടി അതിന്റെ വിഷലിപ്തമായ അഗ്രം വക്ഷോബന്ധത്തെ മുഴുവൻ ഭേദിച്ച്, പശ്ചാൽഭാഗപ്രവിഷ്ടമായി ആ ഘാതകനെ സൗഹാർദ്ദാഭിവാദനംചെയ്തു. തന്റെ കഠോരക്രിയകളുടെ ഈ പരിണാമം ഹരിപഞ്ചാനനന്റെ ശ്വാസനാളത്തിൽ ഒരു മാംസഖണ്ഡം ഉദയംചെയ്തു വിലങ്ങിനിന്നതുപോലെ തോന്നിച്ചു. എങ്കിലും, പടത്തലവരുടെ ധാർമ്മികത്വംകൊണ്ടുള്ള പരിദേവനങ്ങളേയും തന്റെ അനുജന്റെ വീരധർമ്മാനുഷ്ഠാനത്തേയും കണ്ടപ്പോൾ ഹരിപഞ്ചാനനന്റെ ആസുരത്വം സഹസ്രശഃ അഭിവൃദ്ധമായി. തന്റെ കടിവേഷ്ടനത്തിൽനിന്ന് രണ്ടാമത്തെ കഠാരിയേയും ഹരിപഞ്ചാനനൻ വലിച്ചൂരി ക്രോധാന്ധതയോടുകൂടി, ആ രോധനത്തിൽ സന്നദ്ധനല്ലാതെ നിന്ന പടത്തലവരുടെനേർക്ക്, ഒരു സിംഹക്കുതിപ്പുകൊണ്ടു. രാമവർമ്മമഹാരാജധാർമ്മികന്റെ സമൃദ്ധമകരുണാപൂർവമുണ്ടായുള്ള ആജ്ഞയുടെ നിർവഹണം ഇതാ ഒരു ഭക്തജീവഹനനത്തിൽ പര്യവസാനിപ്പാൻ തുടങ്ങുന്നു! തന്റെ ചിന്താനേത്രങ്ങൾ അന്നു പകൽസമയത്ത് ദർശനംചെയ്ത അതികോമളഗാത്രന്മാരായ ബാലയുഗളത്തെ ആ പരമദുർഘടസ്ഥിതിയിൽ കണ്ടതിനാൽ, പടത്തലവരുടെ മനസ്സ് അവരുടെ മാതാവായ വൃദ്ധരോഗിണിയുടെ പ്രാന്തത്തിൽ പ്രവേശിച്ചിരിക്കുന്നു. കഠാരി ഉയരുന്നു. ഹരിപഞ്ചാനനൻ കുതംകൊണ്ടു മുന്നോട്ടായുന്നു. ആ സംഹാരകർത്താവിന്റെ കഠാരിയുതമായുള്ള ദീർഘബാഹുദണ്ഡം ആകാശവീഥിയിൽ ഇന്ദ്രധനുസ്സിനെ ലേഖനം ചെയ്യുന്നു. തനിക്ക് നേരിടുന്ന ആപത്തിനു സംഭ്രമസഹിതം ജാഗരൂകനായ പടാത്തലവർക്ക് കഠാരിയുടെ ദ്രുതപതനത്തെക്കണ്ടു ദൈവഗതിയെന്നു സമാധാനിപ്പാനേ സമയം കിട്ടുന്നുള്ളു. എന്നാൽ, ഹരിപഞ്ചാനനന്റെ കരദണ്ഡം ഒരു മഹാസാലകായന്റെ ഹസ്തങ്ങളാൽ അമോച്യമായി, ദൃഢതരം ബന്ധിക്കപ്പെടുന്നു. ദ്വാരപാലനെ മർദ്ദനംചെയ്ത്, മറ്റൊരു സാലശരീരനും ആ രംഗത്തിൽ പ്രവേശിച്ച്, പടത്തലവരെ ബലേന പിടിച്ചു പുറകോട്ടു മാറ്റി, ഹരിപഞ്ചാനനകഠാരിയെ സ്വഖഡ്ഗത്താൽ അങ്കണത്തിൽ തെറിപ്പിക്കുന്നു. ആ സാലകായനായ കുമാരൻതമ്പി തനിക്ക് അഭിമുഖനായി പ്രജ്ജ്വലിച്ചു നിൽക്കുന്ന മഹാസാലകായൻ വൃദ്ധസിദ്ധന്റെനേർക്ക് സ്വപക്ഷാനുകൂലക്രിയനെന്നുള്ള സംഗതിയെ വിസ്മരിച്ചും, ഹരികഥാരംഗത്തിൽവച്ച് തന്റെ ഖഡ്ഗത്തെ പ്രതിബന്ധംചെയ്തതിനെ പ്രധാനമായി സ്മരിച്ചും, വാളോങ്ങി അടുക്കുന്നു. വൃദ്ധസിദ്ധന്റെ നെടിയ ദണ്ഡം ഒരു മഹാഋഷഭസ്വരത്തെ, അതിന്റെ ആകാശവീജനതിനിടയിൽ ഗീതംചെയ്യുന്നു. എന്നേ അവമാനമേ! അജിതപരാക്രമസേനാനായകനായ കുമാരൻതമ്പിയുടെ ഖഡ്ഗത്തോടുകൂടിയ ഹസ്തത്തെ ഇതാ, ഒരു യുവസിദ്ധനും പ്രതിബന്ധിക്കുന്നു. ഈ പ്രതിബന്ധകൻ സ്വപക്ഷകനായ കേശവപിള്ളയാണെന്നറിഞ്ഞ്, കുമാരൻതമ്പി അടങ്ങുന്നു. ജെൺട്രാൾ കുമാരൻതമ്പിയുടെ പുറകിലായിത്തീർന്ന പടത്തലവരുടെ നേത്രങ്ങൾ വിടർന്ന്, അതുകൾക്കു സാദ്ധ്യമായുള്ള പരമവിസ്തൃതിയിൽ വികസിക്കുന്നു. നേത്രഗോളങ്ങൾ ദർശനസന്ദിഗ്ദതയിൽ ചടുലങ്ങളായി ഇളകി, പരമമോഹാവേശത്തെ സ്ഫുരണംചെയ്യുന്നു. “സ്വപ്നമോ മായമോ മന്മതിഭ്രാന്തിയോ” എന്നുള്ള ചിന്തയാൽ അദ്ദേഹം പരിഭൂതനാകുന്നു. വൃദ്ധസിദ്ധൻ പടത്തലവരുടെ പരവശഭാവം കണ്ട് മുഖത്തെ നമനംചെയ്തു നിലകൊള്ളുന്നു. സന്തോഷവാർത്താകഥനത്തിനു ലബ്ദമാകുന്ന അഭിമാനം പ്രഥമമായി തനിക്കുതന്നെ സിദ്ധിക്കണമെന്നുള്ള മോഹാധിക്യത്തോടുകൂടി യുവസിദ്ധനായ കേശവപിള്ള കുമാരൻതമ്പിയുടെ കൈയ്ക്ക് അർത്ഥവത്തായി ഒന്ന് അമർത്തി. അദ്ദേഹത്തേയും പുറകോട്ടു നീക്കിക്കൊണ്ട് പടത്തലവരുടെ അടുത്തണഞ്ഞ് “അതേ! അദ്ദേഹം തന്നെ. തിരുമനസ്സിലെ സൗഭാഗ്യം നമുക്കും ഭാഗ്യംചൊരിയുന്നു” എന്നു ധരിപ്പിക്കുന്നു. പടത്തലവർ ദുഃഖാനന്ദതരംഗങ്ങളുടെ പ്രതിസന്താടനമധ്യസ്ഥനായി പരമവിവശതയിൽപ്പെടുന്നു. ഇത്രയും ക്ഷണമാത്രത്തിനിടയിൽ കഴിയുന്നു.

തന്റെ ക്രൂരകഠാരി സാധിക്കുമായിരുന്ന പിതൃപ്രീതികരകർമ്മത്തെ തടഞ്ഞത് വൃദ്ധസിദ്ധനാണെന്നു കണ്ടപ്പോൾ ഹരിപഞ്ചാനനനിൽ ഉണ്ടായ ദേഷ്യവും അപഹസനഭാവവും വൃദ്ധസിദ്ധനെ ഹനിക്കാഞ്ഞത് ഒരു ആശ്ചര്യസംഭവമായിരുന്നു. വൃദ്ധസിദ്ധൻ ഹിന്ദുസ്ഥാനിയിൽ ചിലതു പറഞ്ഞുകൊണ്ട്, തന്റെ പിടി വിടുർത്തി, കുപ്പായത്തിനിടയിൽ തിരുകിയിരുന്ന ഒരു കടലാസുലേഖനത്തെ എടുത്ത് ഹരിപഞ്ചാനനന്റെ കൈയിൽ കൊടുത്തു. ഹരിപഞ്ചാനനൻ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/229&oldid=158504" എന്ന താളിൽനിന്ന് ശേഖരിച്ചത്