താൾ:Dharmaraja.djvu/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഹരിപഞ്ചാനനൻ: (‘എന്നെക്കൂപ്പീടുവാനായ് സമയഖിലദിക്പാലരും നോക്കി വാഴു’ന്ന രാവണപ്രഭാവത്തെ നടിച്ച്.) “നാം നമസ്കരിക്കുകേ?”

പടത്തലവർ: “അതേ ‘നാം’ തന്നെ. അവിടെ കിടന്ന് പുഴുപ്പുളയ്പു പിടിച്ചതിനെക്കാൾ, തൊഴുതു കരഞ്ഞെങ്കിൽ ദൈവത്തിനും ലോകത്തിനും നിരക്കുമായിരുന്നല്ലോ?”

ഹരിപഞ്ചാനനൻ: “നന്തിയത്തുണ്ണിത്താൻ എന്നു കേട്ടിട്ടില്ലേ? അദ്ദേഹത്തിന് ഒരു പിച്ചു പിടിച്ചിരുന്നു. അവിടത്തേക്കും അതുപോലെ എന്തോ ഒരു ചിത്തഭ്രമം. . .”

പടത്തലവരുടെ ഹൃദയഝരത്തിലെ രക്തം മേൽപോട്ട് ഉയർന്നു. ആദ്ദേഹം നിലത്തൂന്നിയിരുന്ന ഉറയിൽനിന്നു വാൾപ്പിടിയും ഒന്നു പൊങ്ങി. ‘ക്ലിങ്‌ക്’ എന്നു ശബ്ദിച്ച്, പൂർവസ്ഥിതിയിൽ അമർന്നു. അകത്തുനിന്നിരുന്ന കേശവപിള്ള തന്റെ ഗുരുബന്ധുവിന്റെ പ്രവൃദ്ധഗൗരവപ്രഭയെ കണ്ട് തനിക്കു സംഭാവനകിട്ടിയ ദിവസത്തെ ഓർത്തു. ഭക്ത്യാദരഗുരുത്വങ്ങളോടുകൂടി തന്നെ ആദരിച്ചു സംസാരിക്കേണ്ട ഒരാൾ വ്യാജവേഷത്തിലും നടന്റെ സമ്പ്രദായത്തിലും തന്നോട് ധിക്കാരവചനത്തെ പ്രയോഗിച്ചപ്പോൾ, ആത്മനിയമനപരീക്ഷയിൽ അതുവരെ സ്ഥിരപ്രവൃത്തനായിരുന്ന പടത്തലവർ, ആ ദുർമ്മദധിക്കാരിയോട് പ്രത്യക്ഷത്തിൽ തോറ്റ് കോപഹാസ്യപ്രചുരതയോട് ഇങ്ങനെ വചനകഠാരികളെ ചെറുശൂലങ്ങളായി വിസർജ്ജിച്ചു: “സന്യാസപ്പകിട്ടുകൊണ്ട് രാജ്യം നേടിക്കളയാമെന്നു പുറപ്പെട്ടിരിക്കുന്ന ഗോസായിത്വമാണ് ചിത്തഭ്രമം! പണ്ട് ചില വലിയവരെ കുഴിക്കടയിലാക്കിയ ദുർമ്മദക്കോടാലികൊണ്ട് ഒരു രാജ്യത്തിന്റെ ചോടിളക്കാമെന്നു സ്വപ്നംകാണുന്നതാണ് ചിത്തഭ്രമം! ഒരു ഒറ്റ വാൾവീശിനു പോരാത്ത കാവിവസ്ത്രക്കൂട്ടം പീരങ്കിയുണ്ടയിൽ ഭസ്മം എന്നറിയാത്ത അന്ധതയാണ് ചിത്തഭ്രമം!” (ഹരിപഞ്ചനനന്റെ ഖഡ്ഗപ്രവാളം ദർപ്പണപ്രഭയോടു പുറത്തു കണ്ടുതുടങ്ങി. മൃദുസ്മേരങ്ങൾ പകർന്ന്, ഖരതരക്രൗര്യം കലർന്ന ഭ്രുകുടിത്രുടിതങ്ങൾ മുഖത്തെ മഹാരൂക്ഷമാക്കി. വക്ഷസ്സിലെ മരതകപ്രവാളങ്ങൾ നീങ്ങി, രക്തമുക്താഹാരങ്ങൾ തിളങ്ങി. യോഗാഭ്യസന സാധനസമസ്തവും വൈരപ്രകോപസംരംഭത്തിൽ അസ്തമിതമായി.) പടത്തലവർ ജയഘട്ടത്തെ സന്ദർശനംചെയ്ത്, പൈതാമഹാശാന്തതയോട് തന്റെ വിമർശനത്തെ തുടർന്നു: “അതെല്ലാം പോട്ടെ—മീനാക്ഷിക്കുട്ടിയായ മരുമകൾക്ക് ഭർത്താവുണ്ടാക്കാൻ പുറപ്പെടുവിച്ച സ്നേഹത്തെ ഇനിയെങ്കിലും പൂർണ്ണമായി ഫലിപ്പിക്കണം. വരണം. മരിക്കാൻ കിടക്കുന്ന അങ്ങേ പ്രസവിച്ച അമ്മയെ തൊഴുത്, ആശ്വസിപ്പിക്കണം. അവർക്കു തീർത്ഥമൊഴിച്ച് സുഖപ്രയാണമാക്കണം. കർമ്മങ്ങൾ ചെയ്തു പരമഗതിയുണ്ടാക്കണം. കഴക്കൂട്ടത്തു പിള്ളമാരുടെ സംബന്ധിയാണ് ഇങ്ങനെ ഗുണദോഷിക്കുന്നത്.” പടത്തലവർ തന്റെ അന്തർഗ്ഗതത്തെ ഇങ്ങനെ സ്പഷ്ടമായി പറഞ്ഞപ്പോൾ, ഹരിപഞ്ചാനനൻ തനിക്കു നേരിടാനുള്ള ആപത്തിന്റെ പരമകാഷ്ഠയെ പ്രാപിച്ചു എന്നു ധരിച്ചു. തന്റെ ഖഡ്ഗത്തെ അടുത്ത ചുവരിൽ ചാരിവച്ചിട്ട്, കുടിലാഭിനയചാതുരിയെ വീണ്ടും പ്രയോഗിച്ചു. ശൃംഗാരരസധാവള്യത്തോട് ദന്തനിരകളെ പുറത്തുകാട്ടി, ചർവണഭാവത്തിൽ അതുകളെക്കൊണ്ടു ചില താളങ്ങൾപിടിച്ച്, എങ്ങാണ്ടോ നോക്കി, ഏകനേത്രാന്തത്തിന്റെ സങ്കോചനംകൊണ്ട് വൃദ്ധചാപല്യത്തിനുണ്ടായുള്ള അസ്വാസ്ഥ്യത്തെ സ്ഫുടമായി പ്രകടിപ്പിച്ച്, ഉദാരബുദ്ധിയിൽ ക്ഷമയെ അനുവർത്തിക്കുന്നു എന്നു പ്രത്യക്ഷപ്പെടുത്തി, അനന്യശക്യമായുള്ള ഒരു പ്രൗഢനിലയെ അവലംബിച്ചു നിന്നു. പടത്തലവരുടെ അപേക്ഷാവചനങ്ങൾ അവസാനിച്ചപ്പോൾ, ‘കഴക്കൂട്ടത്തുപിള്ളമാരുടെ സംബന്ധി’യായ അദ്ദേഹത്തിന്റെ ഖഡ്ഗത്തെ ഉറമുനക്കെട്ടുമുതൽ പിടിവരെ സഹാസനായി നോക്കീട്ട്, ഹരിപഞ്ചാനനൻ ‘ധിക്’ പദത്തിന്റെ ഉൽസർജ്ജനം കൂടാതെ അതിന്റെ ഭാവഭൂയിഷ്ഠമായ സ്വരത്തിൽ ഇങ്ങനെ ചോദ്യം ചെയ്തു: “ഇതല്ലേ കുടമൺപിള്ളയെ ജരാസന്ധഭേദനംചെയ്ത് സിദ്ധിചേർത്തത്?” ഈ ചോദ്യമുണ്ടായത് തന്റെ ബന്ധുത്വത്തെ അടിസ്ഥാനമാക്കി ഗുണദോഷിച്ചതുകൊണ്ടാണെന്നു പടത്തലവർക്കു മനസ്സിലായി. ദീപശിഖകൾ കുട്ടികളുടെ വികൃതത്വത്താൽ ചിലപ്പോൾ ഒട്ടണയ്ക്കപ്പെട്ട് രക്ഷിജനങ്ങളുടെ ദ്രുതശാസനകൊണ്ട് ആ ക്രിയ പൂർത്തിയാകാതെ വീണ്ടും പൂർവപ്രഭയെ പ്രാപിക്കുമ്പോലെ കാര്യജ്ഞനായ പടത്തലവർ ഒന്ന് അന്ധാളിച്ചു എങ്കിലും, തന്റെ ക്രിയയുടെ ധർമ്മാനുസൃതിയെ സ്മരിച്ച്, അദ്ദേഹം തക്കൊരു പ്രത്യുത്തരദാനത്തിനു സന്നദ്ധനായി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/226&oldid=158501" എന്ന താളിൽനിന്ന് ശേഖരിച്ചത്