Jump to content

താൾ:Dharmaraja.djvu/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചെയ്യാമെന്നു നിശ്ചയിച്ചു എങ്കിലും ശിരസ്സും ലലാടഭ്രൂ നേത്രങ്ങളും അധരങ്ങളും കുംബുഗ്രീവവും രക്തപ്രഭമായ ഹസ്തപത്മങ്ങളും ചേർന്ന് ഒരു പത്മബാണവിലാസം അഭിനയിച്ച്, സ്വാഗതാഭിനയത്തിൽ ഒരു പടിയും വിടാതെ, ഹരിപഞ്ചാനനപ്രവീണൻ സ്വാഗതചേഷ്ടാമര്യാദകളെ അനുഷ്ഠിച്ചു. “ഏകനല്ല—ഏകസഹസ്രമെങ്കിലും നമ്മെ വലയംചെയ്യുന്നു” എന്നു ക്ഷണസങ്കലനഫലത്തെ മനസ്സുകൊണ്ടു കുറിച്ചു ചഞ്ചലമനസ്കനായി. അതിനേയും ഹരിപഞ്ചാനനൻ തന്റെ യമിത വൈഭവംകൊണ്ട് ഉപഗുഹനം ചെയ്തു. ആസനദാനം ചെയ്യാതുള്ള ഉപചാരത്തിന്റെ ന്യൂനതയെ പടത്തലവരും പരിഗണനം ചെയ്തു. അയ്യോ! ഹരിപഞ്ചാനനന്റെ മനക്കാമ്പ് നിയമവിരുദ്ധമായി കൂമ്പുകതന്നെ ചെയ്യുന്നല്ലോ! രാജരാജന്മാരോടും നേർക്കാൻ വീര്യസന്നദ്ധനായുള്ള ഹരിപഞ്ചാനനന് പടത്തലവരായ ‘വൃദ്ധന്റെ സാന്നിദ്ധ്യമാത്രവും അസ്വാസ്ഥ്യകരമാകുന്നു. സാൽവ ആച്ഛാദനംചെയ്യുന്ന ഖഡ്ഗത്തിന്റെ ധാരയും ശരീരം ആവരണംചെയ്യുന്ന വിക്രമത്തിന്റെ ഉത്സാഹപ്രസരവും, വാർദ്ധക്യത്താൽ എത്രത്തോളം ̧ക്ഷതമായിട്ടുണ്ടെന്നു നിർണ്ണയിപ്പാൻ ശക്യമാകാത്തതിനാൽ, തന്നോടു തുല്യനായ ഒരു അപരിജ്ഞേയബലിഷ്ഠൻതന്നെയാണ് തന്നെ നേർത്തുനിൽക്കുന്നതെന്നു ഹരിപഞ്ചാനനൻ അഭിമാനിച്ചു. സ്വഖഡ്ഗത്തെ ഗാഢപരിരംഭണംചെയ്തുകൊണ്ട്, “അവിടത്തേക്ക് ഒരു കാഴചയായിട്ടാണിതിനെ കൊണ്ടുവന്നത്. അന്നു തിടുക്കത്തിൽ പിരിഞ്ഞു. ഇന്നു സാവകാശമായി സംസാരിപ്പാൻ പോന്നത് എത്ര സന്തോഷം! ഇവിടന്നു യജ്ഞശാലയിലേക്കു നാളെ മാറുന്നു. സംഗപരിത്യാഗേഛുക്കൾക്കും പ്രാരബ്ധമൊഴിഞ്ഞിരിപ്പാൻ സൗകര്യം കിട്ടുന്നില്ല. അവരും ലോകകാര്യധുരന്ധരന്മാരായി, ഇങ്ങനെ പരിശ്രമഖേദങ്ങൾ പരിചയിച്ചാലല്ലേ പ്രപഞ്ചത്രാസ് സമനിലയിൽ നിൽക്കൂ.” എന്നു ലളിതമായ് പ്രസംഗിച്ചു.

പടത്തലവർ: “വിഷമവിഷയങ്ങളിൽ ഞാൻ അജ്ഞൻ—അഭ്യസിപ്പിക്കാൻ തക്ക ഗുരുക്കന്മാരും ഉണ്ടായില്ല. അവിടത്തെ അഭിപ്രായത്തിനു ശരിവയ്ക്കാനും കുറച്ചോരു പഠിപ്പു വേണമല്ലോ.”

“അച്ഛൻ നമ്മെ അഭ്യസനംചെയ്യിച്ചതിനെ ഊന്നിപ്പറഞ്ഞതല്ലേ ഇത്? അങ്ങനെയാണെങ്കിൽ കഥ ഇവിടെങ്ങുമല്ല നിൽക്കുന്നത്!” എന്നു ചിന്തിച്ചുകൊണ്ട്, ഹരിപഞ്ചാനനൻ സംഗീതത്തിൽ പൊട്ടിച്ചിരിച്ച്, ആശ്ചര്യസാഭിനയമായി, ഒരു വിലാസനടനവും കഴിച്ച്, “ഞാൻ ചിരിച്ചത് ലോകത്തിന്റെ വിപരീതഗതിയെ നിനച്ചാണ്. അവിടത്തെപ്പോലുള്ള ‘അജ്ഞ’ന്മാരാണല്ലോ ഓരോ മണ്ഡലാധിപന്മാരുടെ ദോർദ്ദണ്ഡങ്ങളായി അവരുടെ പാണികൾക്കു ഭരണഹരണശക്തികളെ നൽകുന്നത്. ആശ്ചര്യമല്ലേ അത്?”

പടത്തലവർ: “അങ്ങേ നിന്ദാസ്തുതി വളരെ ഭംഗിയായി. എന്നാലിപ്പോൾ ഭംഗിപറഞ്ഞ് പരസ്പരം രസിപ്പിപ്പാനുള്ള കാലമല്ല. നമുക്കു രണ്ടുപേർക്കും ഒരു ദുഃഖം നേരിടാൻപോകുന്നു.”

ഹരിപഞ്ചാനനൻ: “ആഹാ! പ്രമോദകരം! നമുക്കു സമാന ദുഖഃമുണ്ടെങ്കിൽ നാം സഹൃദയന്മാരാണ്. ഞാൻ ബന്ധുവിഹീനനുമല്ലാ. ഭവാദൃശനായുള്ള ഒരു മഹാപുരുഷന്റെ മാതുലത്വത്തിന് സന്യസ്തമായ എന്റെ ഹൃദയവും സ്പൃഹിക്കുന്നു.”

പടത്തലവർ: “ആ നിലയിൽതന്നെയാണ് ഇങ്ങോട്ടു പുറപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ ഈ സ്ഥലത്തും, ഈ സമയത്തും, ഞാൻ വരില്ലായിരുന്നു. അൽപദൂരത്തൊരു സ്ഥലത്ത് എന്നോടുകൂടി പുറപ്പെടണമെന്ന് ഒരപേക്ഷയുണ്ട്.”

ഹരിപഞ്ചാനനൻ: “ഞാൻ ഈ ചെറിയ വാൾ ഒന്നു മാറ്റിക്കൊള്ളട്ടെ. അവിടന്നു കൊണ്ടുവന്നിട്ടുള്ളത് കൈയിലിരിക്കുന്നതുതന്നല്ലോ? രണ്ടും തുല്യമായിരിക്കണ്ടേ?”

പടത്തലവർ: (തന്റെ ഖഡ്ഗത്തെ ഉറയോടു പുറത്തു കാണിച്ചിട്ട്) “ഒന്നാമതായി ഇതുതന്നെ.”

ഹരിപഞ്ചാനനൻ: (ചിരിച്ചുകൊണ്ട്) “ഇത് സ്നേഹബന്ധവും കവിഞ്ഞ് രക്തബന്ധത്തെ സന്ധിക്കുന്നതാണല്ലോ. ദൂരത്തെന്തിനു പോകുന്നു? ‘ശുഭസ്യശീഘ്രം’ ഇവിടെവച്ചുതന്നെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/223&oldid=158498" എന്ന താളിൽനിന്ന് ശേഖരിച്ചത്