താൾ:Dharmaraja.djvu/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ധരിപ്പിക്കാം. നാം ജീവിച്ചിരിക്കുന്നത് ആ മഹതി അറിഞ്ഞിട്ടില്ല. പോരൂ—ഒന്നിച്ചു പോകാം. എന്റനുജൻ—ഇതാ നോക്കൂ—അച്ഛൻ കൽപിക്കുന്നപോലെ—അതേ—അച്ഛൻതന്നെ—നമ്മുടെ അച്ഛൻ കൽപിക്കുന്നപോലെ വിചാരിക്കൂ. അമ്മ പരമസാധു, അമ്മയുടെ അരുളപ്പാടെന്നും ആദരിക്കൂ.” ഇങ്ങനെ കരുണാനിദാനകേന്ദ്രഭേദിയായുള്ള മൃദുമഞ്ജുളയാചനയോട് അസൽച്ഛായ പിന്നെയും കരങ്ങളെ വിടുർത്തി. പ്രതിച്ഛായ, സ്നേഹശാഠ്യം കൊണ്ടു കലഹിച്ചിരുന്ന ബാലൻ മാതൃവക്ഷസ്സോടു ചേരുംവണ്ണം, ആ കരങ്ങൾക്കിടയിൽ പാഞ്ഞു പതിച്ചു. ആ മൂർത്തിദ്വയം വീണ്ടും ഏകീഭവിച്ചു. . . പടിവാതുക്കൽ കാത്തുനിന്നിരുന്ന ഒരു ഭടൻ പ്രവേശിച്ച് “പടത്തലവനാർ” എന്നു ബോധിപ്പിച്ചു.

ഹരിപഞ്ചാനനൻ: “ഏകനാ?”

ഭടൻ: “ആം സ്വാമി.”

ഹരിപഞ്ചാനനൻ: “ആയുധപാണിയാ?”

ഭടൻ: “അപ്പടിയേ, തിരുവടി!”

ഹരിപഞ്ചാനനൻ: “നല്ലത്? വരച്ചൊൽ.”

ഭടൻ തന്റെ ആജ്ഞാനിർവഹണകൃത്യത്തിനു തിരിച്ചു.


അദ്ധ്യായം ഇരുപത്തിയെട്ട്


“വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക–
ളംബരത്തോളമുയർന്നുചെന്നൂ മുദാ.”

നമുക്കു പരിചയമുള്ള മൃദുസ്മേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള്ള ഹരിപഞ്ചാനനസിദ്ധൻ മാത്രം ആ രംഗത്തു ശേഷിച്ചു. “ശരി! എല്ലാം കലാശിച്ചറുന്നു! ശകുനം നന്നല്ല. അച്ഛൻ ഗന്ധർവാംശജനെന്നു സംശയമില്ല. അവിടത്തെ കൽപനയ്ക്കു വിരോധമായി, അമ്മയെക്കണ്ടന്നു തുടങ്ങി ഗ്രഹപ്പിഴ. എങ്കിലും, ഹൈദർമഹാരാജാവിന്റെ ഉള്ളറിയുന്നതുവരെ പയറ്റുകതന്നെ. ഈ അകാലപ്പുറപ്പാട്? ഉണ്ണിത്താനെപ്പോലെ ഇദ്ദേഹവും ബന്ധുവാണ്. അദ്ദേഹം പറഞ്ഞ് അച്ഛനെന്നു മനസ്സിലാക്കി മൂപ്പിൽ ചാടിത്തിരിച്ചിരിച്ചിരിക്കയാണ്. വരട്ടെ, മനഃപൂർവവും കടന്നും നമ്മെ ദ്രോഹിക്കയില്ല. എങ്കിലും കരുതണം.” ഇങ്ങനെ ആത്മഗതമായി സ്ഥിതിവിവേചനംചെയ്ത്, രണ്ടു ലഘുവായ നാരാചകഠാരികളെ എടുത്ത് അരയിൽ തിരുകിയും, യോഗവേഷ്ഠിയാൽ അതുകളെ മറച്ചു കടിതടത്തെ ദൃഢമായി ബന്ധിച്ചും, തമ്പിപ്രഭുവിനു നൽകിയതുപോലുള്ള ഒരു വക്രവാൾ ഉറയോടു വഹിച്ചും, രാജസച്ചാഞ്ചാട്ടത്തോടുകൂടി, അതിഥിസൽക്കാരശാലയിലേക്കു യോഗീശ്വരൻ നടകൊണ്ടു. പടത്തലവർ ഹരിപഞ്ചാനനനെക്കണ്ടപ്പോൾ, “ഉറങ്ങിപ്പൊകൂല്ലെന്നു ഞാൻ വിചാരിച്ചു. നാളത്തേക്കു വേണ്ട ശ്രമങ്ങളുണ്ടല്ലോ” എന്ന് തന്റെ അകാലഗമനത്തിനു സമാധാനമായി പറഞ്ഞു. അദ്ദേഹം പുതച്ചിരുന്ന സാൽവകൊണ്ടു കണ്ഠത്തിനു കീഴ്വശമുള്ള ഒരുക്കവും, തലക്കെട്ടിനാൽ അകത്തുള്ള രക്ഷയും, മറയ്ക്കപ്പെട്ടിരുന്നു എങ്കിലും, ഹരിപഞ്ചാനനഗൃദ്ധ്റന്റെ നോട്ടത്തിന് ആ സന്നാഹങ്ങളുടെ യാഥാർത്ഥ്യം ക്ഷണംകൊണ്ടു മനസ്സിലായി. തന്റെ മുമ്പിൽ പ്രവേശിച്ചിരിക്കുന്നത്, സ്വബന്ധുത്വകാംക്ഷിയായി, മുമ്പിൽ പിരിഞ്ഞ ഗൃഹസ്ഥനായ രാമവർമ്മത്തുപിള്ളയല്ലെന്നും, ശ്രീപത്മനാഭദാസനായ കുലശേഖരപ്പെരുമാൾ കിരീടപതിയുടെ സ്ഥാനാപതിയാണെന്നും ഹരിപഞ്ചാനനയോഗികൾ ധരിച്ചതിനാൽ, അതിനുമുമ്പിൽ അനുവദിച്ച ആസനപ്രദാനോപചാരം ചെയ്യാതെ, യുദ്ധാങ്കണനിയമത്തെ അനുകരിച്ചും, അഭിമുഖസ്ഥിതിയെ അവലംബിച്ചുനിന്നും, കാര്യാവലോകനം

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/222&oldid=158497" എന്ന താളിൽനിന്ന് ശേഖരിച്ചത്