Jump to content

താൾ:Dharmaraja.djvu/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗമനത്തിന് ദർഭശയനം ചെയ്യിച്ചിരിക്കുന്നു. പതിയുന്ന ഇടി എവിടമെല്ലാം, എന്തെല്ലാം നഷ്ടമാക്കുമെന്ന് ആരറിയുന്നു? നാം ശ്രീപത്മനാഭന്റെ പുറകിൽ പാർക്കുന്നെങ്കിലും ആ പരമപുരുഷന് നേത്രങ്ങൾ പുരോഭാഗത്തു മാത്രമല്ല. മഹാരാജാവ് ധർമ്മപരൻ. നമുക്കു പരാജയത്തിനേ മാർഗ്ഗമുള്ളു. ഹൈദർസഖ്യമാണ് നമ്മുടെ പ്രഥമധർമ്മവിഗതി. പിതൃശാസനത്താൽ ശ്രമമാത്രത്തിനേ നാം നിയുക്തരായിട്ടുള്ളൂ. നാം സഞ്ചയിച്ച സകല സഞ്ചയങ്ങളും ഇപ്പോൾ നഷ്ടമായിരിക്കുന്ന സ്ഥിതിക്ക് ഈ രാത്രിതന്നെ ഇവിടെ നിന്നു പുറപ്പെട്ടു രക്ഷപ്പെടാം. പാപനിവർത്തനം ചെയ്തതിന്റെശേഷം, നവപഥത്തെ അവിടന്ന് അനുഷ്ഠിച്ചുകൊള്ളണം. ഞാൻ വല്ല പുണ്യക്ഷേത്രത്തേയും ശരണംപ്രാപിച്ചുകൊള്ളാം. ആ ഭക്തനായ വൃദ്ധഭൃത്യനെ ലോഭിയും തൃഷ്ണാവശനും ആത്മവിഹീനനുമായ ആ മാംസമാത്രനെക്കൊണ്ടു വധിപ്പിക്കാൻ സംഗതിയാക്കിയതും വലുതായ ഒരു ശത്രുവെ ഉണ്ടാക്കിയിരിക്കുന്നു. ഭൈരവന്റെ അച്ഛനാണ് ആ ഭൃത്യൻ. അവൻ നമ്മുടെ അച്ഛന്റെ ആജ്ഞയെ അനുസരിച്ച് നമ്മെ അതിഭക്തിപൂർവ്വം സേവിച്ചു. എന്നിട്ടും, അവന്റെ അച്ഛനെ അവിടന്നു രക്ഷിച്ചുകൊണ്ടില്ല. ആ നരഹത്യയും അവിടത്തെ ദുരുപദേശകാരണത്താൽ സംഭവിച്ചതെന്ന് ഭൈരവൻ ധരിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ ഒന്നും ശുഭമല്ല.”

അസൽച്ഛായ: (കേശവൻകുഞ്ഞിനെ ഭൈരവന്റെ രക്ഷയിലാക്കിയതു ബുദ്ധിയുടെ അമർഷമായിപ്പോയി എന്നു തോന്നി എങ്കിലും, തന്റെ നിലയെ ഭേദപ്പെടുത്താൻ സന്നദ്ധനാകാതെ) “ലക്ഷണങ്ങളുടെ ശുഭാശുഭപരിഗണനം ചെയ്‌വാൻ അവകാശം ബുദ്ധിക്കാണ്. ആത്മാവായ മൃദുസത്വവാന് അതിനെന്തവകാശം? നിന്റെ ആത്മപൂർണ്ണമായ സഹകരണംകൊണ്ട് എന്റെ ശക്തിക്കു പൂർണ്ണത്വം നൽകിയാൽ മാത്രംമതി. നമ്മെക്കൊണ്ടു ചെയ്യിച്ചിട്ടുള്ള സത്യത്തെ ഓർമ്മിക്ക. ശ്രമമാത്രമല്ല നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. സാധുപ്രകൃതനായ നിനക്ക് അവിടത്തെ ദിവ്യഹൃദയത്തിന്റെ പൂർണ്ണഗതി ഉപദിഷ്ടമായിട്ടില്ല. അവിടത്തെ വത്സൻ നാം ആയിരുന്നു; നീ മാതൃസ്വവും. കേൾക്ക: ഗുരുത്വം അതിശ്രേഷ്ഠമായിട്ടുള്ള ധർമ്മം. നമ്മുടെ ജന്മകാരൻ സകല ക്രിയകളെയും അന്തർഗതങ്ങളെയും അറിയുകയും കാണുകയും ചെയ്യുന്നു. സ്ത്രീബാലവർഗ്ഗങ്ങൾക്ക് സഹജമായുള്ള ലോലമാനസതയോടുകൂടി നീ കാംക്ഷിക്കുന്ന മാതൃദർശനപുണ്യവിഭവത്തിന് നാം ഉടനെ മാർഗ്ഗമുണ്ടാക്കാം.” (പ്രതിച്ഛായയുടെ മുഖം വലുതായ ആനന്ദസ്തോഭംകൊണ്ടു ശോഭിച്ചു.) “നിന്റെ ആനന്ദപ്രസാദം നമുക്ക് വലുതായ ശക്തിയെ പ്രദാനംചെയ്യുന്നു. സ്വർഗ്ഗങ്ങൾ പിളർന്നു പതിക്കട്ടെ. നരകങ്ങൾ കിളർന്നു പൊതിയട്ടെ. സമുദ്രരാശികൾ പ്രളയപ്രവാഹംകൊണ്ടു കഴുകട്ടെ. നാം വിജയപതാകയെ ഈ ഭൂസ്വർഗ്ഗത്തിൽ പ്രതിഷ്ഠിക്കും. മാതാപിതാക്കന്മാരായ ലക്ഷ്മീനാരായണവൈകുണ്ഠപരിസരത്തിൽ, കൗപീനമാത്രന്മാരായി കിങ്ങിണീകടകങ്ങളുടെ മധുരക്വണിതങ്ങളോടു വിഹരിച്ച ആ വിഭ്രതിയെ സ്മരിക്ക.” ആ കുടിലഹൃദയൻ സ്വാർദ്ധമായ മൃദുലമനസ്കനെ ഇങ്ങനെയുള്ള മോഹോൽപാദനംകൊണ്ടു വഞ്ചിച്ചും, “ശാന്തം—ശരണ്യം—വരേണ്യം” എന്നു ഛന്ദസ്സ്വരൂപത്തിൽ, സാക്ഷാൽ ചതുർമുഖോൽഗളിതഗാംഭീര്യത്തോടുകൂടി ആ പദങ്ങളെ വദിച്ചും, തന്റെ കരദണ്ഡങ്ങളെ വിടുർത്തിയും, സർവ്വാംഗങ്ങളും കൊണ്ട് സ്വാപേക്ഷയെ ആജ്ഞാരൂപമാക്കിത്തീർത്തും, ആ രണ്ടു കായങ്ങളാലും ആരാധനീയനായുള്ള ഒരു മൃതഗാത്രന്റെ തൽച്ഛായയായി, പ്രവൃദ്ധമായ ഗാന്ധർവ്വഗാംഭീര്യത്തോടു നിലകൊണ്ടു. ആ ദർശനത്തിൽ പ്രതിച്ഛായയുടെ ആത്മധാമോഗ്രത കേവലം ‘മാതൃസ്വ’നായ ശാന്തകുമാരന്റെ നിലയിൽ പൊലിഞ്ഞു. “അമ്മയെ ഒന്നു കാണാൻ അനുവദിച്ചാൽ—” എന്നു പറഞ്ഞു തുടങ്ങിയതിനെ അസൽച്ഛായ തടഞ്ഞു: “വിജയികളായി കണ്ടുകൊള്ളാനല്ലേ അച്ഛന്റെ അനുജ്ഞ?”

പ്രതിച്ഛായ: ‘ജ്യേഷ്ഠൻ കണ്ടുവല്ലോ—”

അസൽച്ഛായ: “നീ എന്തു വിഡ്ഢിക്കുട്ടൻ! ആ യദൃച്ഛാസംഭവം എന്നെ ഭ്രമിപ്പിച്ച കഥ–‘നാരായണാ’” (ഈശ്വരനാമത്തേയും സന്ദർഭയോജ്യതയ്ക്കുവേണ്ടി ഉപയോഗിച്ചു) “രണ്ടുമൂന്നു ദിവസത്തേക്കു മാത്രം ക്ഷമിക്കൂ. നമുക്കു രണ്ടുപേർക്കും ചേർന്ന്, ആ പരിശുദ്ധപാദങ്ങളിൽ നമസ്കരിച്ച്, കുട്ടി മീനാക്ഷികനകബാലികയേയും ദർശനം ചെയ്ത്, പൂർവ്വകഥകളെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/221&oldid=158496" എന്ന താളിൽനിന്ന് ശേഖരിച്ചത്