താൾ:Dharmaraja.djvu/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതിച്ഛായ: “പുരണോപമാനത്തെ ഇതിൽ വചിക്കരുത്. ഉപായവും ഖലത്വവും ഭിന്നനീതികളല്ലേ?”

അസൽച്ഛായ: “ശട്ട് ശട്ട് അമാന്തം! ബുദ്ധിയുടെ ദർശനസ്ഫുടത ആത്മസത്വവാന്മാർക്ക് ഉണ്ടാവില്ല. രണ്ടും വധംതന്നല്ലേ?” (തമിഴിൽ) “യബ്ബാ! ശ്രീകൃഷ്ണരാലും അജയ്യനാന യവനസിംഹർ എങ്കേ, അണ്ണാപ്പട്ടർ പണപ്പാപ്പാനെങ്കേ?”

പ്രതിച്ഛായ: (കർണ്ണങ്ങൾ പൊത്തി നിന്നിട്ട്) “കഷ്ഠം! കഷ്ഠം! ആ ഉപമാപ്രമാണം—”

അസൽച്ഛായ: (മലയാളത്തിൽ) “എന്തപ്പനേ എന്ത്? സിംഹാസങ്ങൾ, കിരീടങ്ങൾ, ഉടവാളുകൾ—ഇതുകൾ ധർമ്മശാലകളിൽ ദാനം ചെയ്യപ്പെടുന്നില്ല. വൃക്ഷങ്ങളിൽ കായ്ക്കുന്നില്ല. മഴയോടും മഞ്ഞോടും വർഷിക്കുന്നില്ല. ഭൂഖനനംചെയ്താലും കിട്ടുകയില്ല! അങ്ങാടികളിൽ വിൽക്കപ്പെടുന്നുമില്ല. അതിനാൽ ശൈലൂകമുകിലപ്രഭൃതികളുടെ നയത്തെത്തുടർന്ന് കൊന്നും വെന്നും തീവച്ചു മുടിച്ചും അവയെ നേടണം നിന്നോടിതാ അന്തർഗ്ഗതത്തെ തുറന്നു പറയുന്നു.”

പ്രതിച്ഛായ: “വധിക്കണം. ജയിക്കണം. കൃപയുണ്ടെങ്കിൽ ഇവനെ ഉപേക്ഷിച്ചേക്കണം. അമ്മയെ കാട്ടിത്തരാമെന്നു പറഞ്ഞതു കൊണ്ടല്ലേ ആ കേശവൻകുഞ്ഞിനെ ഞാൻ വഞ്ചിച്ചു കൊണ്ടുപോയി പിന്നെയും വഞ്ചിച്ചത്. എനിക്ക് വാഗ്ദത്തമായുള്ള ആനന്ദമയമായ ദർശനം തന്ന് അനുഗ്രഹിക്കണം. നമുക്ക് ഭൂശർമ്മപ്രദായിനികളായ ആ ദേവിമാർ എവിടെ? ഭൈരവന്റെ കൈകളിൽ അവിടത്തെ നിയോഗമനുസരിച്ച് ഏൽപിക്കപ്പെട്ട മധുരാംബികപ്രിയൻ എവിടെ?”

അസൽച്ഛായ: (അത്യാധികമായ പരിഭവം നടിച്ച്) “ആഹാ! നഷ്ടസാഹയ്യനായിത്തീർന്നിരിക്കുന്ന ഈ അവസരത്തിൽ കൃപർ കർണ്ണനെ എന്നപോലെ ഭത്സനംകൊണ്ട് നമ്മെ ക്ഷീണിതനാക്കുന്നതിനാണോ നീ പോന്നിരിക്കുന്നത്? കൃത്യമാർഗ്ഗങ്ങളെല്ലാം നാം നിശ്ചയിച്ചുപോയി. നിന്റെ സഹകരണംകൊണ്ട് നമുക്കു ശക്തിപൂർണതയെ ദത്തംചെയ്യുക. ധർമ്മോപദേശങ്ങൾ, പിതുരാജ്ഞയെ നിർവഹിച്ച് പിതൃപ്രീതി വരുത്തിയതിന്റെശേഷം ആവാം. വധം നരഹത്യ, ബ്രഹ്മഹത്യ—ഫൂ്! എന്തു സ്ത്രീത്വം! പരശുരാമതപോവൃത്തന്റെ കൃത്യങ്ങളെ സ്മരിക്കുക.”

പ്രതിച്ഛായ: “പിതുരാജ്ഞയനുസരിച്ച്, പിതുരാത്മപ്രീതിക്കായി—”

അസൽച്ഛായ: “അഹഹഹ! നമ്മുടെ ജന്മകാരകൻ മാതൃജാരനോ? പിതാവല്ലെന്നോ? ആ ഗാന്ധർവ്വമഹിമപൂർണ്ണൻ ജമദഗ്നിതുല്യനല്ലന്നോ?” എന്നു ചോദ്യം ചെയ്തും, ആശ്ചര്യത്തെ നടിച്ച് തൊഴുതുപിടിച്ച് കൈവിരലുകലെ നാസികാഗ്രത്തിൽ മുട്ടിച്ചു കൊണ്ടും, നിലയായി.

പ്രതിച്ഛായ: “പ്രബുദ്ധാത്മാവേ! പിതൃപ്രീതിക്ക്, ആ ഉമ്മിണിപ്പിള്ളയുടെ നിഗ്രഹം ആവശ്യമായിരുന്നോ?”

ജഡപഞ്ചാനനന്റെ ജഠരാഗ്നി കത്തിജ്വലിച്ചു. ആ പശുസമനായ ആത്മധർമ്മാനുഷ്ഠാപകനെ തന്റെ കോപാഹുതിക്ക് ‘പശു’വാക്കാനും അദ്ദേഹത്തിനു മനസ്സുണ്ടായി എങ്കിലും, “ചിത്രതരമോർക്കുന്നേരം അത്ര നിന്റെ ദുർവിചാരം” എന്നു ചൂണ്ടുവിരൽകൊണ്ട് ഒരു വിചിത്രനൃത്തം കഴിച്ചിട്ട്, “മഹാബദ്ധം! ദ്വന്ദ്വയുദ്ധത്തിൽ അവൻ ഹതനായി. പ്രതിയോഗി യുദ്ധസമർത്ഥനായിരുന്നതുകൊണ്ട് മറ്റവനെ ഹനിച്ചു. ഹനിക്കുമെന്ന് അതിനുമുമ്പുതന്നെ പ്രതിജ്ഞയും ചെയ്തിരുന്നു” എന്നു വാദിച്ചു.

പ്രതിച്ഛായ: “കഷ്ടം! പിന്നെയും ആത്മാവെന്നു സമ്മതിക്കുന്നവനെ വഞ്ചിക്കുന്നല്ലോ! അവിടത്തെ ആയുധങ്ങൾ എനിക്കു പരിചയമില്ലേ? ആ നായർ പ്രതിയോഗിയാൽ വീഴ്ത്തപ്പെട്ടെടത്തുവച്ചു മരിച്ചു എങ്കിൽ അവിടത്തെ വാദം സാധുതന്നെ. അവിടന്ന്, തൊട്ടു നടകൊള്ളിച്ചതിന്റെ ശേഷമണ് അയാൾ മരിച്ചത്. ഒക്കപ്പാടെ നമ്മുടെ ഭുജീവിതം ഇനി അവസാനിപ്പിക്കണമെന്നാണു തോന്നുന്നത്. അവിടന്ന് ജനകോടിയെ അന്തകപുരയിലേക്കുള്ള

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/220&oldid=158495" എന്ന താളിൽനിന്ന് ശേഖരിച്ചത്