താൾ:Dharmaraja.djvu/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്രങ്ങളും അവൻ വഹിച്ചിരുന്നു. ആ മഹൽപ്രതിയോഗികളെ ഉണ്ടാക്കിയത് അവിടത്തെ ധർമ്മഭ്രംശമല്ലേ?"

അസൽച്ഛായ: "ധർമ്മഭ്രംശമോ? കർണ്ണേജപന്മാരുടെ ഏഷണികൾക്ക് നീ ദത്തശ്രവണനായി. ശരീരത്തെ ആത്മാവു വഞ്ചിക്കുന്നതാണ് അധമമായുള്ള ധർമ്മഭ്രംശം. സഹജാത്വത്തേയും സഹപ്രതിഷ്ഠിതത്വത്തേയും മറന്ന് അപരമാർഗ്ഗനായി, നീ ഇപ്പോൾ അങ്ങനെയുള്ള ധർമ്മഭ്രംശത്തെ അനുഷ്ഠിക്കുന്നു."

പ്രതിച്ഛായ: "കനിഷ്ഠതകൊണ്ട് ഈ ആത്മാ ജ്യേഷ്ഠശാസനാധീനം തന്നെ എങ്കിലും, ഇങ്ങനെ കല്പിക്കരുത്. നമ്മുടെ പ്രതിഷ്ഠാതാവ് നമ്മെ മാനുഷ്യകമായ ഒരു ഗൗരവകാര്യത്തിലേക്കു നിയോഗിച്ചു. പുരുഷയത്നം, വീരധർമ്മം, ധർമ്മസ്മൃതം, രാജ്യതന്ത്രം ഇതുകളുടെ അനുയായികളായി വർത്തിച്ച്, ദൈവാനുകൂല്യേന നമ്മുടെ പ്രതിഷ്ഠാപനോദ്ദേശ്യത്തെ സാധിപ്പാനാണ് നാം നിയുക്തന്മാരായിരിക്കുന്നത്. ഭവാൻ ആർഷസമ്മതമായും, ശാശ്വതങ്ങളായുള്ള ധർമ്മങ്ങളുടെ ഭ്രംശത്തോട് നമ്മെയും ബന്ധിച്ചു. അവിടത്താൽ വാഗ്ദത്തമായ മാതൃദർശനത്തിലുള്ള തൃഷ്ണകൊണ്ട് ഞാനും പാപകർമ്മപിശൂനനായി. പരമശുദ്ധനും നിർമ്മലപ്രകൃതനും ആയ നമ്മുടെ തമ്പിക്കു നേരിട്ടിരിക്കുന്ന അവസ്ഥാന്തരത്തെ വിചാരിക്കുമ്പോൾ പരമാർത്ഥത്തെ രാജസമക്ഷത്തിൽ ധരിപ്പാനും എന്റെ മനസ്സ് സന്നദ്ധമാകുന്നു." (അസൽച്ഛായയുടെ നീലതീക്കണ്ണുകൾ പുകഞ്ഞു) "ബാല്യം മുതൽ അവിടത്തെ ശക്ത്യുത്സാഹങ്ങളുടെ അതിപ്രസരത്തിന് എന്റെ സഹവാസോപദേശങ്ങൾ കടിഞ്ഞാണായി നിയമനംചെയ്തുവന്നിരുന്നു. ഇപ്പോൾ എന്നെ തിരസ്കരിച്ച്, അവിടന്നു പരമാസുരബുദ്ധിയെ സ്വീകരിച്ചുകളഞ്ഞു. അന്നു ഞാൻ ഇവിടെ വന്നിരുന്നപ്പോൾ ഒന്നും ധരിച്ചില്ല. അതിനു സമയവും സന്ദർഭവും തന്നതുമില്ല. നമ്മുടെ ധനവിക്രേതാവ് അണ്ണാവയ്യൻ ജീവിച്ചിരിക്കുന്നോ?"

അസൽച്ഛായയുടെ കോപപ്രഭ പ്രതിച്ഛായയുടെ ശാസനങ്ങളാൽ വർദ്ധിപ്പിക്കപ്പെട്ടു. "മാനുഷ്യകം, ദൈവികം, ആസുരം, ആർഷം—ഈ വിധം നിരർത്ഥശബ്ദങ്ങളെ അമരസിംഹൻ ഹാരാവലികളായി സംഗ്രഹിച്ചിട്ടുണ്ട്. പാഠശാലാമന്ത്രങ്ങളായി അതുകൾ അവശേഷിക്കെട്ടെ. നാം ഇപ്പോൾ രാജ്യലക്ഷ്മീവരണത്തിന് സൂത്രബന്ധധരനായിരിക്കുന്ന ക്ഷാത്രധർമ്മപ്രബുദ്ധൻ, എന്നുമാത്രമല്ല, സമഗ്രപ്രവീണനും ആണ്. ആ കന്യകാഹരണത്തിനുള്ള ശൃംഗാരകൗമുദികൾ നിരവധി നീതിപ്രവദകന്മാരായ ഭട്ടാര്യന്മാരിൽനിന്നു നാം ഗ്രഹിച്ചിട്ടുണ്ട്. രാജ്യലബ്ധിക്ക് ബഹുജീവമേധങ്ങൾ സമാപിക്കേണ്ടിവരും. ആ വീരസംസ്കൃതത്യംഗത്തെ ധർമ്മഭ്രംശം എന്ന് എങ്ങനെ വിധിക്കും?"

പ്രതിച്ഛായ: "ഹാ കഷ്ടം! അണ്ണാവയ്യൻ അവിടത്തെ വിശ്വസിച്ചിരുന്ന ബന്ധുവല്ലേ? അയാളെ ആ ഭൃത്യൻ ഭൈരവനെകൊണ്ട് വധിപ്പിച്ചു. രാജ്യലക്ഷ്മീപാണിഗ്രഹണത്തിനുള്ള സമാവർത്തനം ഇതാണോ?"

അസൽച്ഛായ: "നീ നമ്മുടെ ജീവാത്മാവിന്റെ പ്രധാനാർദ്ധമെന്നു സമ്മതിക്കം. എന്നാൽ, ആത്മാവെന്നുള്ള അംശത്തിന്റെ സുഷുപ്തിയിൽ നീ അവസരഗ്രഹണംകൂടാതെ ലയിച്ചുപോകുന്നു. ജീവിതധർമ്മിയായ നാം സ്വകർമ്മപ്രതികൂല്യങ്ങളെ ശിഥിലീകരിപ്പാൻ ഉദ്യമിക്കുമ്പോൾ, പ്രസ്തുത വധങ്ങളായ കർമ്മങ്ങൾ വിധേയങ്ങളായേക്കാം. ഒരു ഭൈരവൻ നമ്മുടെ ആജ്ഞയെ നിർവഹിച്ചു. നമ്മുടെ ശ്രമങ്ങൾ ഗംഗാനദിപോലെ ചിലേടത്തു പങ്കസ്പൃഷ്ടയായും, ചിലേടത്തു പങ്കാപഹയായും പ്രവഹിക്കുന്നു. ആ പ്രവാഹഗതിയെ തടയുന്നതിന് വിന്ധ്യനെന്നവണ്ണം മഹാകുമതിയും നിന്നെ പാണ്ഡ്യരാജ്യത്തിൽ പരാജിതനാക്കിയവനും ആയ കേശവനാമവാൻ ഇടയ്ക്കു വീണു. അവൻ എന്റെ കൈകൾക്ക് എത്തായ്കയാൽ, രാജകരത്താൽ ദണ്ഡ്യനാകുന്നതിന്, നമ്മുടെ മതമറിഞ്ഞ് ഭൈരവനും, നാം സ്വയമായും എന്തെല്ലാം അനുഷ്ഠിച്ചു എന്ന് നമുക്കുതന്നെ ഇപ്പോൾ രൂപമില്ല. ശ്രീകൃഷ്ണൻ യവനവൈരിയെ മുചുകുന്ദനെക്കൊണ്ടു കൊല്ലിച്ചില്ലേ?"

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/219&oldid=158493" എന്ന താളിൽനിന്ന് ശേഖരിച്ചത്