താൾ:Dharmaraja.djvu/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

യുണ്ടെന്ന് അമ്മയെ ധരിപ്പിക്കണം. അമ്മേടെ അവസാനശുശ്രൂഷകൾ അവിടുന്നു ചെയ്യണം” എന്നു പടത്തലവരോടു പ്രാർത്ഥിച്ചുകൊണ്ട് ശാന്തപഞ്ചാനനൻ ജ്യേഷ്ഠപഞ്ചാനനനോടു സഹഗമനംചെയ്തു.

പടത്തലവർ ആദ്യമായി മഹാവമാനചകിതനായി, സന്ദർഭവിശേഷങ്ങളാൽ സംഭ്രമിതനായും, വൃദ്ധസിദ്ധദർശനത്തെ പുനഃകാംക്ഷിച്ച് ആ ശ്രമത്തിൽ ദത്തചിത്തനായും ഉഗ്രശാന്തന്മാരുടെ അനന്തരോദ്യമം എന്തെന്നു ചിന്തിപ്പാൻ ശക്തനല്ലാതെയും നിന്നുപോയി. പടിഞ്ഞാറുള്ള ഒരു മുറിയിൽ എന്തോ തല്ലിത്തകർക്കുന്ന ശബ്ദങ്ങൾ കേട്ടുതുടങ്ങി. ഹരിപഞ്ചാനനന്റെ ദ്രുതഗമനം കണ്ട ഉടനേതന്നെ അദ്ദേഹത്തിന്റെ മഹാഘോരമായ ഉദ്ദേശ്യത്തെ ഊഹിച്ച കേശവപിള്ള പടത്തലവരെ പിടികൂടി “വേഗം ഇവിടന്നു കടക്കാം” എന്നു പറഞ്ഞു പുറകോട്ടു നടത്താൻ ശ്രമിച്ചു. കേശവപിള്ളയുടെ ശ്രമത്തെ വൃദ്ധസിദ്ധൻ സഹായിച്ചു. പടത്തലവർ നിന്നിരുന്ന നാലുകെട്ടിൽ ഭടന്മാർ പെരുകിത്തുടങ്ങി. പടിഞ്ഞാറുള്ള തകർപ്പ് അതിതകൃതിയിലായി. ‘വിടരുത് ’ എന്നു ഹിന്ദുസ്ഥാനിയിലുള്ള ഹരിപഞ്ചാനനന്റെ മേഘനാദം ആ കെട്ടിടത്തിൽ മുഴുങ്ങി, സേനാകാഹളധ്വനിപോലെ സ്വഭടന്മാരെ മദോദ്ധതന്മാരാക്കി. അനന്തപത്മനാഭൻ പടത്തലവർ പൂർവവൽ ജീവപ്രസരസ്ഥനായി. ഒട്ടുകാലമായി അനുഭവിച്ചിരുന്ന വിശ്രമത്തിൽനിന്നു വിരമിച്ചും, തങ്ങളുടെ സഹസേവിയായ ഖഡ്ഗം ഹരിപഞ്ചാനനനോടുണ്ടായ വിഹാരസമരത്തെ ആസ്വദിച്ചപ്പോൾ തൃഷ്ണയുണർന്നും വർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ കഠാരികൾ ഏറ്റവും പ്രീതിപരദമായുള്ള ക്രീഡകളെ തുടർന്നു. പ്രതിയോഗികളുടെ ആയുധത്തലകളും തലകളും മുറിഞ്ഞു വീണു. ആയുധത്തലകളുടെ പതനങ്ങളും ചിലരെ രക്തരസദ്രാവണം ചെയ്യിച്ചു. രക്തസ്പർശനവും മരണദർശനവും യോഗീശ്വരഭടജനങ്ങളെ പൃഥുലക്രൗര്യന്മാരാക്കി. അവർ വൃദ്ധസിദ്ധന്റെ യമദണ്ഡമേറ്റ്, തെരുതെരെ വീഴുന്നു. കുമാരൻതമ്പിയുടെ നെടുനാന്ദകം പടത്തലവർക്കു വഴിതെളിക്കുന്നു. നാരാചസവ്യസാചിയായ കേശവപിള്ളയും തന്റെ കഠാരനാരാചം കൊണ്ട് ഒന്നു രണ്ട് ഗണപതിക്കു കുറിക്കുന്നു. പരിപന്ഥികളെ നീക്കി, വാതൽ നോക്കി നടകൊള്ളുന്നതിനിടയിൽ “തിരുമനസ്സുകൊണ്ട് എവിടെ?” എന്നു പടത്തലവർ കേശവപിള്ളയോടു മന്ത്രിക്കുന്നു. “അതെല്ലാം ഭദ്രമാക്കീട്ടുണ്ട്” എന്നു കേശവപിള്ള മറുപടി പറയുന്നു. അകത്തും പുറത്തുംനിന്നു ബന്ധിപ്പെട്ടിരുന്ന വാതൽ വൃദ്ധസിദ്ധനാൽ ചുഴുക്കുറ്റികളിൽ നിന്ന് ഇളക്കിമാറ്റപ്പെടുന്നു. പടത്തലവരും അനുഗാമികളും പുറത്തുനിന്ന കാവൽക്കാരനെ തള്ളിയിട്ടു പുറത്തുചാടുന്നു. “ഇവിടന്നു പറക്കണം. അയാൾ തീവയ്ക്കാൻ അറ പൊളിക്കയാണ്. താക്കോൽ ഞാൻ എടുത്തൊളിച്ചുകളഞ്ഞു.” എന്നു കേശവപിള്ള ഉപദേശിക്കയാൽ, ആ സംഘം ഓടിത്തുടങ്ങി. മഹാരാജപ്രഭൃതികളോടു സംഘടിച്ച് പൂർവഭാഗത്തിൽ വിവരിച്ചപ്രകാരം പ്രവാഹോർജ്ജിതത്തോടു ധാവനംചെയ്യുന്നു.

ശേഷം അതിഭയാനകമെന്ന് ഈ അദ്ധ്യത്തിലെ പ്രഥമഘട്ടത്തിന്റെ അവസാനത്തിൽത്തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിഭയാനകമെന്നാൽ, ദർശനത്താലല്ലാതെ വർണ്ണനത്താൽ ഗ്രഹണത്തിനു ദുസ്സാദ്ധ്യമായുള്ള ബ്രഹ്മാണ്ഡത്തിന്റെ അധിഷ്ഠാനുഭൂതമായ അഗ്നിഭഗവാന്റെ ഉഗ്രദാഹപ്രവർത്തനമാണ് ആ വൈഷ്ണവപ്രതിഷ്ഠാപ്രാന്തത്തിൽ സംഭൂതമായത്. പടത്തലവരും ബന്ധുക്കളും അവരുടെ യുദ്ധവൈഭവംകൊണ്ട് ആ ദസ്യുഗുഹാഗർഭത്തിൽ നിന്ന് ആകാശമണ്ഡിതമായ ക്ഷേത്രവീഥിയിൽ പ്രവേശിച്ചപ്പോൾ, സമരപ്രവൃത്തരായിരുന്ന യോഗിഭടന്മാർ ഹരിപഞ്ചാനനൻ വെടിമരുന്നറയെ തകർക്കുന്ന ശബ്ദത്തെ കേട്ട് അവർക്കു സമസ്ഥിതമാകുന്ന സംഭാവ്യത്തെ അനുമിച്ചു. ആ ക്ഷണത്തിൽത്തന്നെ ഹരിപഞ്ചാനനന്റെ കണ്ഠീരവരവത്താൽ അവർ അനുക്ഷണം അനുവർത്തിക്കേണ്ട ചില വിനാശാജ്ഞകളും മറ്റും ഉക്തങ്ങളുമായി. അതുകളെത്തുടർന്ന്, ആ മന്ദിരഗഹ്വരങ്ങൾക്കകത്തു സംഭരിക്കപ്പെട്ടിരുന്ന വിവിധ ശുഷ്കസാധനങ്ങൾക്ക് ആ ഭടന്മാർ തീ കൊളുത്തി, മൃതരും, അസ്വാധീനരും ആയ സഹചരന്മാരെ കൈവെടിഞ്ഞ്, അവിടെനിന്നും തുരുതുരെ പറന്നു. ഇങ്ങനെ ഹരിപഞ്ചാനനന്റെ ചിരകാലനിശ്ചിതമായുള്ള യജ്ഞത്തിന്റെ പ്രഥമദീപം ശ്രീപത്മനാഭസങ്കേതത്തിന്റെ പരിസരത്തിൽ വച്ചുതന്നെ അദ്ദേഹത്തിന്റെ സ്വന്തമായ പുരോഹിതജനങ്ങളാലും ആ അമാനുഷഗുരുനിയോഗാനുസാരമായും പ്രതിഷ്ഠാപിതമായി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/231&oldid=158507" എന്ന താളിൽനിന്ന് ശേഖരിച്ചത്