കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/1890-ലെ ജർമ്മൻ പതിപ്പിനുള്ള മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
അനുബന്ധം:1890-ലെ ജർമ്മൻ പതിപ്പിനുള്ള മുഖവുര

[ 63 ]

1890-ലെ ജർമ്മൻ പതിപ്പിനുള്ള
മുഖവുര
[തിരുത്തുക]

മുകളിൽ കൊടുത്തിട്ടുള്ളത് എഴുതിയശേഷം മാനിഫെസ്റ്റോയുടെ ഒരു പുതിയ ജർമ്മൻ പതിപ്പ് വീണ്ടും ആവശ്യമായിത്തീർന്നിരിക്കുന്നു. അതിനിടയിൽ മാനിഫെസ്റ്റോയ്ക്കു പലതും സംഭവിച്ചിട്ടുണ്ട്. അവ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു്.

രണ്ടാമതൊരു റഷ്യൻ പരിഭാഷ-വേര സസൂലിച്ച് ചെയ്തതു്- 1882-ൽ ജനീവയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഞാനും മാർക്സും കൂടിയാണ് അതിനു മുഖവുര എഴുതിയത് നിർഭാഗ്യവശാൽ ജർമ്മൻ ഭാഷയിലുള്ള അതിന്റെ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാനതിനെ റഷ്യയിൽ നിന്നു ജർമ്മനിയിലേക്കു തിരികെ പരിഭാഷപ്പെടുത്തേണ്ടിയിരിക്കുന്നു. യാതൊരുതരത്തിലും മൂലത്തേക്കാൾ മെച്ചമാവില്ലാത്ത അതിപ്രകാരമാണ്.

ബക്കൂനിൻ തർജ്ജമ ചെയ്ത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ റഷ്യൻപതിപ്പ് അറുപതുകളുടെ ആരംഭത്തിൽ കോലൊക്കൊൽ പ്രസിദ്ധീകരണ ശാല പ്രസിദ്ധപ്പെടുത്തി. അന്നു പാശ്ചാത്യ രാജ്യങ്ങൾക്ക് സാഹിത്യപരമായ ഒരു കൗതുകവസ്തുവായേ അതിനെ (മാനിഫെസ്റ്റോയുടെ റഷ്യൻ പതിപ്പിനെ) കാണാൻ കഴിഞ്ഞുള്ളൂ. അത്തരമൊരഭിപ്രായം ഇന്ന് അസാദ്ധ്യമായിരിക്കും.

അന്ന് , 1847 ഡിസംബറിൽ , തൊഴിലാളി പ്രസ്ഥാനത്തിന്റെ പരിധി എത്രമാത്രം പരിമിതമായിരുന്നുവെന്ന് മാനിഫെസ്റ്റോയുടെ അവസാനഭാഗം -വിവിധരാജ്യങ്ങളിലെ വിവിധ പ്രതിപക്ഷകക്ഷികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗം- തികച്ചും വ്യക്തമാക്കുന്നുണ്ട്. റഷ്യയുടെയും അമേരിക്കയുടേയും പേരുകൾ അതിൽ ഇല്ലതന്നെ. റഷ്യ യൂറോപ്പ്യൻ പിൻതിരിപ്പത്തത്തിന്റെയാകെ അവസാനത്തെ വലിയ കരുതൽ ശക്തിയായി നിൽക്കുകയും അമേരിക്ക് യൂറേപ്പിലെ അധികപ്പറ്റായ തൊഴിലാളികളെ കുടിയേറിപ്പാർപ്പുവഴി ഉൾക്കൊള്ളുകയും ചെയ്തിരുന്ന കാലമായിരുന്നു അതു്. ഇരുരാജ്യങ്ങളും യൂറോപ്പിന്റെ ആവശ്യത്തിനു വേണ്ടതായ അസംസ്കൃത സാധനങ്ങൾ ഒരുക്കിക്കൊടുക്കുക [ 64 ] യും അതേസമയം അതിന്റെ വ്യവസായോൽപ്പന്നങ്ങൾ ചെലവഴിക്കാനുള്ള കമ്പോളമായി വർത്തിക്കുകയും ചെയ്തു. അതുകൊണ്ട് അന്ന് ആ രണ്ടു രാജ്യങ്ങളും ഒരു നിലയ്ക്കല്ലെങ്കിൽ മറ്റൊരു നിലയ്ക്ക്, അന്നത്തെ യൂറോപ്യൻ വ്യവസ്ഥയുടെ നെടുംതൂണുകളായിരുന്നു.

ഇന്നോ? സ്ഥിതി എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു! യൂറോപ്പിൽ നിന്നുള്ള കുടിയേറിപ്പാർപ്പുതന്നെയാണ് വടക്കേ അമേരിക്കയിൽ ബൃഹത്തായ കാർഷികോല്പാദനത്തിനു വഴിവെച്ചതു്. അതിൽ നിന്നു നേരിടേണ്ടിവരുന്ന മത്സരം കൊണ്ടു് യൂറോപ്പിലെ വലുതും ചെറുതുമായ ഭൂവുടമവ്യവസ്ഥയുടെ അടിത്തറതന്നെ കുലുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ പടിഞ്ഞാറൻ യൂറോപ്പിന്റെ പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ, അതേവരെ നിലനിന്നു വന്നിരുന്ന വ്യവസായക്കുത്തകയെ താമസംവിനാ പൊളിക്കുമാറ് അമേരിക്കയ്ക്ക് അതിന്റെ വ്യവസായിക വിഭവങ്ങളെ ഊർജ്ജിതമായും വിപുലമായ തോതിലും ചൂഷണം ചെയ്യാൻ തൽഫലമായി കഴിഞ്ഞു. ഈ രണ്ടു സാഹചര്യങ്ങളും വിപ്ലവകരമായ രീതിയിൽ അമേരിക്കയിൽത്തന്നെ ചില പ്രത്യാഘാതങ്ങളുളവാക്കുന്നു. ചെറുകിടയും ഇടത്തരവുമായ ഭൂവുടമസമ്പ്രദായം -അവിടത്തെ രാഷ്ട്രീയഘടനയുടെയാകെ അടിത്തറയിതാണ്-ക്രമേണ പടുകൂറ്റൻ കൃഷിക്കളങ്ങളുടെ മത്സരത്തിന്റെ മുമ്പിൽ കീഴടങ്ങുന്നു; അതോടൊപ്പം വ്യവസായപ്രദേശങ്ങളിലാകട്ടെ, ആദ്യമായി, വമ്പിച്ച തൊഴിലാളിവർഗ്ഗവും ഭീമമായ മൂലധനകേന്ദ്രീകരണവും വളർന്നുവരുന്നു.

പിന്നെ റഷ്യ! 1848-49-ലെ വിപ്ലവകാലത്തു് യൂറോപ്പിലെ രാജാക്കന്മാരെന്നല്ല, ബൂർഷ്വാസിപോലും, ഉണർന്നുതുടങ്ങുകമാത്രം ചെയ്തിരുന്ന തൊഴിലാളിവർഗ്ഗത്തിൽ നിന്നുള്ള തങ്ങളുടെ ഒരേയൊരു മോക്ഷമായി ഉറ്റുനോക്കിയിരുന്നതു് റഷ്യൻ ഇടപെടലിനെയാണ് . സാർ യൂറോപ്യൻ പ്രതിലോമ ശക്തികളുടെ നായകനായി വിളംബരം ചെയ്യപ്പെട്ടു. എന്നാൽ ഇന്നാകട്ടെ അയാൾ വിപ്ലവത്തിന്റെ യുദ്ധത്തടവുകാരനായി ഗാത്ചിനയിൽ കഴിയുകയാണ്. റഷ്യ യൂറോപ്പിലെ വിപ്ലവപ്രവർത്തനത്തിന്റെ മുന്നണിയായിത്തീർന്നിരിക്കുന്നു.

ആധുനിക ബൂർഷ്വാസ്വത്തുടമസമ്പ്രദായത്തിന്റെ വിനാശം അനിവാര്യം ആസന്നവുമാണെന്നു പ്രഖ്യാപിക്കുകയെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ലക്ഷ്യം. എന്നാൽ അതിവേഗം പെരുകിവരുന്ന മുതലാളിത്തക്കൊള്ളയ്ക്കും വളരാൻ തുടങ്ങുകമാത്രം ചെയ്യുന്ന ബൂർഷ്വാഭൂവുടമവ്യവസ്ഥയ്ക്കും അഭിമുഖമായി പകുതിയിലേറെ നിലവും കൃഷിക്കാരുടെ പൊതുവുടമയിലാണെന്ന വസ്തുത നാം റഷ്യയിൽ കാണുന്നു. അപ്പോൾ ചോദ്യമിതാണ്: സാരമായി കോട്ടംത [ 65 ] ട്ടിയിട്ടുണ്ടെന്നിരിക്കിലും പ്രാചീന പൊതുഭൂവുടമയുടെ ഒരു രൂപമായ റഷ്യൻ 'ഒബ്ഷ്ചിന'യ്ക്ക് (ഗ്രാമസമുദായം) കമ്മ്യൂണിസ്റ്റ് പൊതുവുടമയെന്ന ഉയർന്ന രൂപത്തിലേക്കു് നേരിട്ട് നീങ്ങാൻ കഴിയുമോ; അതോ, നേരേമറിച്ചു്, പാശ്ചാത്യരാജ്യങ്ങളുടെ ചരിത്രപരിണാമത്തിലുണ്ടായപോലെ അതിനും അതേ വിഘടനപ്രക്രിയയിലൂടെ ആദ്യം കടന്നുപോകേണ്ടിവരുമോ?

ഇന്നത്തെ നിലയ്ക്കു് ഇതിന് ഒരൊറ്റ ഉത്തരമേ സാദ്ധ്യമായിട്ടുള്ളൂ: റഷ്യൻ വിപ്ലവം പാശ്ചാത്യരാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ മുന്നോടിയാവുകയും അവ രണ്ടും അന്യോന്യം പൂർണ്ണമായി ഭവിക്കുകയും ചെയ്യുകയാണെങ്കിൽ റഷ്യയിൽ ഇന്നു കാണുന്ന പൊതു ഭൂവുടമ സമ്പ്രദായം കമ്മ്യൂണിസ്റ്റ് രൂപത്തിലേക്കുള്ള വികാസത്തിന്റെ തുടക്കമായി തീരാനിടയുണ്ടു്.


ലണ്ടൻ
ജനുവരി 21, 1882
കാറൽ മാർക്സ്
ഫെഡറിക്ക് എംഗൽസു്


ഏതാണ്ട് അതേ കാലത്തു് ജനീവയിൽ 'മാനിഫേസ്റ്റ് കമ്മ്യൂണിസ്റ്റിച്ച്നി' എന്ന പുതിയൊരു പോളിഷ് പതിപ്പ് പുറത്തിറങ്ങുകയുണ്ടായി. കൂടാതെ 1885-ൽ കോപ്പഹേഗനിലെ 'സോഷ്യഡെമോക്രാറ്റിക്സ് ബിബ്ലിയൊത്തേക്ക്' പുതിയൊരു ഡാനിഷ് പരിഭാഷ പ്രസിദ്ധം ചെയ്തു. നിർഭാഗ്യവശാൽ അതു തികച്ചും പൂർണ്ണമല്ല. പരിഭാഷക, പ്രയാസം തോന്നിയതുകൊണ്ടാവണം, ചില പ്രധാന ഭാഗങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. പുറമേ അശ്രദ്ധയുടെ സൂചനകളും അങ്ങിങ്ങായുണ്ടു്. അവയാണെങ്കിൽ അസുഖകരമാംവണ്ണം മഴച്ചു നില്ക്കുന്നുമുണ്ട്. കാരണം പരിഭാഷകൻ അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ പരിഭാഷ ഒന്നാന്തരമാകുമായിരുന്നുവെന്ന് ചെയ്തേടത്തോളംകൊണ്ടു തെളിയുന്നു.

1886-ൽ പാരീസിൽ നിന്നു പുറപ്പെടുന്ന 'ലെ സോഷ്യലിസ്റ്റി'ൽ ഒരു പുതിയ ഫ്രഞ്ചുവിവർത്തനം പുറത്തുവന്നു. ഇതുവരെ കണ്ടതിൽവെച്ചു് ഏറ്റവും നല്ലതാണ് അതു്.

പ്രസ്തുത ഫ്രഞ്ചു പതിപ്പിൽനിന്ന് അതേ കൊല്ലംതന്നെ സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തുകയും അതു് ആദ്യം മാഡ്രിഡിലെ 'എൽ സോഷ്യലിസ്റ്റാ'യിലും പിന്നീട് ഒരു ലഘുലേഖയായും പ്രസിദ്ധീകരിക്കുകയുമുണ്ടായി:'മാനിഫെസ്റ്റോ ഡെൽപാർട്ടി ഡൊ കമ്മ്യൂണിസ്റ്റ്' , പോർ കാർലോസ് മാർക്സ് യ് എഫ്.ഏം [ 66 ] ഗൽസ് , മാഡ്രിഡ് , അഡ്മിനിസ്ത്രസ്യോൺ ഡി എൽ സോഷ്യലിസ്റ്റ് , ഫെർനാൻ കോർട്ടെസ്-8.

ഒരു രസമുള്ള സംഭവംകൂടി ഞാനിവിടെ പറയാം. 1887-ൽ മാനിഫെസ്റ്റോയുടെ ആർമിനീയൻ പരിഭാഷയുടെ ഒരു കയ്യെഴുത്തുപ്രതി കോൺസ്റ്റാന്റിനോപ്പിളിലെ ഒരു പ്രസാധകന് നല്കുകയുണ്ടായി. എന്നാൽ ആ നല്ല മനുഷ്യന് മാർക്സിന്റെ പേരു് വെച്ച് എന്തെങ്കിലും പ്രസിദ്ധീകരിക്കാൻ ധൈര്യമില്ലായിരുന്നു. ഗ്രന്ഥകർത്താവിന്റെ സ്ഥാനത്തു് പരിഭാഷകന്റെ പേരു വെയ്ക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം പരിഭാഷകൻ നിരസിക്കുകയാണുണ്ടായത്.

ഇംഗ്ലണ്ടിൽ ഏറെക്കൂറേ പിഴകളുള്ള അമേരിക്കൻ പരിഭാഷകൾ ഒന്നിനു പുറകെ മറ്റൊന്നായി പലതവണ മുദ്രണം ചെയ്യപ്പെട്ടതിനു ശേഷം അവസാനം 1888-ൽ വിശ്വസനീയമായ ഒരു പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു. പരിഭാഷപ്പെടുത്തിയതു് എന്റെ സ്നേഹിതൻ സാമുവസൽ മൂറായിരുന്നു. ഞങ്ങൾ രണ്ടുപേരും ചേർന്നു് ഒരിക്കൽക്കൂടി പരിശോധിച്ചതിനുശേഷമേ കൈയ്യെഴുത്തുപ്രതി പ്രസ്സിലേക്കയച്ചുള്ളൂ. അതിന്റെ പേരിതാണു്: 'കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാനിഫെസ്റ്റോ- കാറൽമാക്സും ഫ്രഡറിക് എംഗൽസും കൂടി എഴുതിയതു്. എംഗൽസ് പരിശോധിക്കുകയും കുറിപ്പുകളെഴുതുകയും ചെയ്തിട്ടുള്ള അധികൃത ഇംഗ്ലീഷ് പരിഭാഷ. 1888, ലണ്ടൻ, വില്ല്യം റീവ്സ്, 185 ഫ്ളീറ്റ് സ്ട്രീറ്റ്, ഇ.സി.' ആ പതിപ്പിനു ഞാൻ തയാറാക്കിയ കുറിപ്പുകളിൽ ചിലതു് ഇതിലും ചേർത്തിട്ടുണ്ടു്.

മാനിഫെസ്റ്റോയ്ക്കു് അതിന്റേതായ ഒരു ചരിത്രമുണ്ടു്. ശാസ്ത്രീയസോഷ്യലിസത്തിന്റെ മുന്നണി.- അന്നതു് തുലോം പരിമിതമായിരുന്നു.- മാനിഫെസ്റ്റോയുടെ പിറവിയെ ആവേശത്തോടെ സ്വാഗതം ചെയ്തു. (ആദ്യത്തെ മുഖവുരയിൽ പരാമർശിച്ചിട്ടുള്ള പരിഭാഷകളിൽ നിന്ന് ഈ സംഗതി തെളിയുന്നുണ്ടു്.) എന്നാൽ അധികം താമസിയാതെ, 1848 ജൂണിൽ പാരീസിലെ തൊഴിലാളികൾക്കു് നേരിട്ട പരാജയ16ത്തോടുകൂടി തുടങ്ങിയ പിന്തിരിപ്പന്മാരുടെ മുന്നേറ്റത്തിന്റെ ഫലമായി മാനിഫെസ്റ്റോ പിന്തള്ളപ്പെടുകയും. അവസാനം 1852 നവംബറിൽ കൊളോൺ കമ്മ്യൂണിസ്റ്റുകാർ ശിക്ഷിക്കപ്പെട്ടതിനെ17ത്തുടർന്ന് 'നിയമപ്രകാരം തന്നെ' ഭ്രഷ്ടാക്കപ്പെടുകയും ചെയ്തു. അങ്ങിനെ ഫെബ്രുവരി വിപ്ലവത്തോടുകൂടി ഉയർന്നുവന്ന തൊഴിലാളിപ്രസ്ഥാനം പൊതുരംഗത്തുനിന്ന് അപ്രത്യക്ഷമായതോടെ മാനിഫെസ്റ്റോയ്ക്കും പിന്നോട്ടടി സംഭവിച്ചു.

ഭരണവർഗ്ഗങ്ങളുടെ അധികാരത്തിനെതിരായി പുതിയൊരു ആക്രമണം നടത്തത്തക്കകരുത്തു് യൂറോപ്യൻ തൊഴിലാളിവർഗ്ഗം വീ [ 67 ] ണ്ടും സംഭരിച്ചുകഴിഞ്ഞപ്പോൾ ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ ഉടലെടുത്തു. യൂറോപ്പിലേയും അമേരിക്കയിലേയും സമരസന്നദ്ധരായ തെഴിലാളിവർഗ്ഗശക്തികളെയാകെ ഒരൊറ്റ വമ്പിച്ച സേനാനിരയിൽ ഒന്നിച്ചണിനിരത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതുകൊണ്ട് ആ സംഘടനയ്ക്ക് ആരംഭത്തിൽ മാനിഫെസ്റ്റോയിലടങ്ങിയിട്ടുള്ള തത്വങ്ങളുടെ അടിസ്ഥാനത്തിൽനിന്നു പ്രവർത്തനം തുടങ്ങാൻ നിർവ്വാഹമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് ട്രേഡ് യൂണിയനുകൾ, ഫ്രൻസ് , ബൽജിയം, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ പ്രുദോൻ അനുയായികൾ , ജർമ്മനിയിലെ ലസ്സാലിന്റെ അനുയായികൾ[1] എന്നിവരുടെ നേർക്ക് വാതിൽ കൊട്ടിയടയ്ക്കാത്ത ഒരു പരിപാടിയാണ് അതിനുണ്ടാകേണ്ടിയിരുന്നതു്. കൃതഹസ്തതയോടെയാണ് മാർക്സ് ഈ പരിപാടി - അതായതു്, ഇന്റർനാഷണലിന്റെ നിയമാവലിയുടെ18 ആമുഖം- തയ്യാറാക്കിയതു്. ബക്കൂനിനും അരാജകവാദികളും കൂടി ഈ വസ്തുത അംഗീകരിക്കുന്നുണ്ടു്. മാനിഫെസ്റ്റോയിലെ ആശയങ്ങളുടെ അന്ത്യ വിജയത്തിന് മാർക്സ് പൂർണ്ണമായും ആശ്രയിച്ചത് , കൂട്ടായ പ്രവർത്തനത്തിന്റേയും ചർച്ചകളുടേയും ഫലമായി തൊഴിലാളിവർഗ്ഗത്തിനു് അവശ്യം കൈവന്നിരിക്കേണ്ട ബുദ്ധിപരമായ വികാസത്തെയാണ്. മുതലാളിത്തത്തിനെതിരായ പോരാട്ടത്തിന്റെ ഗതിവിഗതികളിൽനിന്നും- സമരം ചെയ്യുന്ന ജനങ്ങൾക്കു് ഒരുകാര്യം ബോദ്ധ്യമാവാതെ തരമില്ലെന്നു വന്നു- തങ്ങൾ വിശ്വസിച്ചുപോന്നിരുന്ന സാർവ്വത്രികമായ ഒറ്റമൂലികൾ അപര്യാപ്തമാണെന്നും തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനുള്ള യഥാർത്ഥ ഉപാധികളെപ്പറ്റി തികഞ്ഞ ധാരണ ആവശ്യമാണെന്നുള്ള സംഗതി. മാർക്സിന്റെ ഈ കാഴ്ചപ്പാടു ശരിയായിരുന്നു. 1864-ഇന്റർനാഷണൽ സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന തൊഴിലാളിവർഗ്ഗം 1874-ൽ അതു [ 68 ] പിരിഞ്ഞപ്പോഴേക്കും തീരെ മാറിയിട്ടുണ്ടായിരുന്നു. ലാറ്റിൻ രാജ്യങ്ങളിലെ പ്രുദോൻ വാദഗതിയും ജർമ്മനിയിൽ നിലനിന്നിരുന്ന പ്രത്യേകലസ്സാലിയവാദഗതിയും അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. മാത്രമല്ല , ഇംഗ്ലണ്ടിലെ മൂർത്ത യാഥാസ്ഥിതിക ട്രേഡ്യൂണിയനുകൾപോലും , 'യൂറോപ്പിലെ സോഷ്യലിസത്തെ ഞങ്ങൾക്കു പേടിയില്ലാതായിരിക്കുന്നു' എന്നു് അവരുടെ സ്വാൻസികോൺഗ്രസ്സിലെ ചെയർമാന്[2] അനധികൃതമായി പ്രസ്താവിക്കാവുന്ന ഒരു നിലയിലേക്ക് സാവധാനം നീങ്ങിത്തുടങ്ങിയിരിക്കുന്നു. എന്നാൽ, വാസ്തവത്തിൽ 1887 ആയപ്പോഴേക്കും യൂറോപ്പിലെ സോഷ്യലിസമെന്നാൽ മാനിഫെസ്റ്റോയിൽ പ്രഖ്യാപിതമായ മിക്കവാറും അതേ തത്വസിംഹിതതന്നെയായിരുന്നു. ഇങ്ങനെ മാനിഫെസ്റ്റോയുടെ ചരിത്രം ഒരതിർത്തിവരെ 1848 -നുശേഷമുള്ള ആധുനിക തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതു്. ഇന്ന് സോഷ്യലിസ്റ്റ് സാഹിത്യങ്ങളിൽവച്ച് ഏറ്റവും പ്രചാരമുള്ളതും ഏറ്റവും സാർവ്വദേശീയസ്വഭാവമുള്ളതുമായ പ്രസിദ്ധീകരണം ഈ മാനിഫെസ്റ്റോ ആണെന്നതിൽ യാതൊരു സന്ദേഹവുമില്ല. സൈബീരിയതൊട്ടു് കാലിഫോർണിയവരെയുള്ള രാജ്യങ്ങളിലെ കോടാനുകോടി തൊഴിലാളികൾ ഇതിനെ തങ്ങളുടെ പൊതുപരിപാടിയായി അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് നിസ്സംശയമാണ്.

എങ്കിലും അതെഴുതിയ കാലത്തു് അതിനെ സോഷ്യലിസ്റ്റ് മാനിഫെസ്റ്റോ എന്ന് വിളിക്കാൻ ഞങ്ങൾക്കു നിർവ്വാഹമില്ലായിരുന്നു. 1847-ൽ രണ്ടുകൂട്ടർ സോഷ്യലിസ്റ്റുകാരായി ഗണിക്കപ്പെട്ടിരുന്നു: ഒരു ഭാഗത്തു് പല തരത്തിലുള്ള ഉട്ടോപ്യൻ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളുടെ അനുയായികൾ- അവരിൽ പ്രധാനികൾ ഇംഗ്ലണ്ടിലെ ഓവൻപക്ഷക്കാരും ഫ്രാൻസിലെ ഫര്യേപക്ഷക്കാരുമാണു്. രണ്ടു കക്ഷികളും ക്രമേണ നാമാവശേഷമാകാൻ തുടങ്ങിയിട്ടുള്ള ചെറു സംഘങ്ങളായി അന്നുതന്നെ ശോഷിച്ചുകഴിഞ്ഞിരുന്നു. മറുഭാഗത്താണെങ്കിൽ വിവിധതരം സാമൂഹ്യമുറിവൈദ്യന്മാർ , മൂലധനത്തിനും ലാഭത്തിനും തെല്ലും ഹാനി തട്ടിക്കാതെ പലതരത്തിലുള്ള ഒറ്റമൂലികളും പൊടിവിദ്യകളും പ്രയോഗിച്ച് സാമൂഹ്യരോഗങ്ങൾ മാറ്റാൻ അവർ ആഗ്രഹിച്ചു. ഈ രണ്ടുകൂട്ടരും തൊഴിലാളിപ്രസ്ഥാനത്തിനു പുറത്തു നില്ക്കുകയും സഹായത്തിനായി അഭ്യസ്തവിദ്യരുടെ വർഗ്ഗങ്ങളുടെ നേർക്കു് ഉറ്റുനോക്കുകയുമാണു ചെയ്തതു്. വെറും രാഷ്ട്രീയ വിപ്ലവങ്ങൾ മാത്രം പോരെന്നബോദ്ധ്യപ്പെട്ടു് സമൂഹത്തി [ 69 ] ന്റെ സമൂലപുനർനിർമ്മാണം ആവശ്യപ്പെട്ട തൊഴിലാളിവിഭാഗം സ്വയം കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചു. ചെത്തിമിനുക്കാത്ത, വെറും വാസനാവിശേഷത്തിന്റെ സന്തതി മാകത്രമായ, പലപ്പോഴും അസംസ്കൃതവും പരുക്കൻമട്ടിലുള്ളതുമായ കമ്മ്യൂണിസമായിരുന്നു അതു്. എങ്കിലും രണ്ട് തരത്തിലുള്ള ഉട്ടോപ്യൻ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ-ഫ്രാൻസിൽ കബേയുടെ 'ഇക്കാറിയൻ' കമ്മ്യൂണിസവും ജർമ്മനിയിൽ വൈറ്റ്ലിങ്ങി19ന്റെ കമ്മ്യൂണിസവും - സൃഷ്ടിക്കത്തക്ക ശക്തി അതിന് ഉണ്ടായിരുന്നു. 1847-ൽ സോഷ്യലിസം ഒരു ബൂർഷ്വാപ്രസ്ഥാനവും കമ്മ്യൂണിസം തൊഴിലാളിവർഗ്ഗപ്രസ്ഥാനവുമായിരുന്ന്. യൂറോപ്പിലെങ്കിലും സോഷ്യലിസത്തിനു തികഞ്ഞ 'മാന്യത'യുണ്ടായിരുന്നു. കമ്മ്യൂണിസത്തിന്റെ കാര്യമാകട്ടെ നേരെമറിച്ചായിരുന്നു. മാത്രമല്ല, 'തൊഴിലാളിവർഗ്ഗത്തിന്റെ മോചനം തൊഴിലാളിവർഗ്ഗംതന്നെ സാധിക്കേണ്ടതായ ഒരു കൃത്യമാണെ'ന്ന ഉറച്ച ബോദ്ധ്യം ആദ്യം മുതൽക്കേ ഞങ്ങൾക്കു് ഉണ്ടായിരുന്നതുകൊണ്ടു് ഈ രണ്ട് പേരുകളിൽ ഏതാണ്ട് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കു സംശയമേ ഇല്ലായിരുന്നു; പിന്നീടു് ഈ പേർ നിരാകരിക്കണമെന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടുമില്ല.

'സർവ്വരാജ്യതൊഴിലാളികളേ, ഏകോപിപ്പിൻ!' നാല്പത്തിരണ്ടു വർഷംമുമ്പു്, തൊഴിലാളിവർഗ്ഗം സ്വന്തമായ ആവശ്യങ്ങളുമായി ആദ്യമായി മുന്നോട്ടുവന്ന ആ പാരീസ് വിപ്ലവം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, ഞങ്ങൾ ഈ വാക്കുകൾ ലോകസമക്ഷം പ്രഖ്യാപിച്ചപ്പോൾ കുറച്ചുപേരെ അതു് ഏറ്റുപറയാൻ ഉണ്ടായിരുന്നുള്ളു. എന്നാൽ 1864 സെപ്തംബർ 28-ആം ന-മിക്ക പാശ്ചാത്യയൂറോപ്യൻ രാജ്യങ്ങളിലെ തൊഴിലാളികളും മഹനീയസ്മരണകളുണർത്തുന്ന ആ ഇന്റർനാഷണൽ വർക്കിംഗ്മെൻസ് അസോസിയേഷന്റെ കീഴിൽ ഏകോപിപ്പിച്ചുനിന്നു. ശരിയാണ്, ഇന്റർനാഷണൽ ഒമ്പതുകൊല്ലമല്ലേ ജീവിച്ചിരുന്നുള്ളൂ. എന്നാൽ അതു സൃഷ്ടിച്ച ലോകതൊഴിലാളികളുടെ ശാശ്വതൈക്യം ഇന്നും ജീവിക്കുന്നു, മുമ്പെന്നത്തെക്കാളും ഓജസ്സോടുകൂടി ജീവിക്കുന്നു. ഇക്കാലം അതിന് ഏറ്റവും നല്ല സാക്ഷ്യം വഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഇന്നു ഞാൻ ഈ വരികൾ കുറിച്ചുകൊണ്ടിരിക്കുമ്പോൾ യൂറോപ്പിലേയും അമേരിക്കയിലേയും തൊഴിലാളിവർഗ്ഗം തങ്ങളുടെ സമരശക്തികളെക്കുറിച്ചു് പുനരവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സമരശക്തികൾ ഇന്നാദ്യമായി ഒരേ ഒരു അടിയന്തിരാവശ്യത്തിനുവേണ്ടി ഒരേ ഒരു കൊടിക്കീഴിൽ നിന്നു പൊരുതുന്ന ഒരേ ഒരു സൈനികവ്യൂഹമായി സംഘടിക്കപ്പെട്ടിരിക്കുന്നു. എട്ടുമണിക്കൂർ തൊഴിൽദിവസം നിയമനിർ [ 70 ] മ്മാണം വഴി നടപ്പാക്കമമെന്നതാണു് അവരുടെ അടിയന്തിരാവശ്യം. 1866-ൽ കൂടിയ ഇന്റർനാഷണലിന്റെ ജനീവാകോൺഗ്രസ്സും വീണ്ടും 1889-ലെ പാരീസ് തൊഴിലാളികോൺഗ്രസ്സും ഈ ആവശ്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. എല്ലാം രാജ്യങ്ങളിലേയും തൊഴിലാളികൾ ഇന്ന് ഏകോപിച്ചിരിക്കുന്നുവെന്ന അനിഷേധ്യയാഥാർത്ഥ്യത്തിന്റെ നേർക്കു് ഇന്നത്തെ ഈ കാഴ്ച മുതലാളികളുടേയും ഭൂവുടമകളുടേയും കണ്ണുതുറപ്പിക്കുന്നതാണ്.

സ്വന്തം കണ്ണുകൊണ്ടുതന്നെ ഈ കാഴ്ച കാണാൻ മാർക്സുകൂടി എന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ!


ലണ്ടൻ,
മേയ് 1, 1890
എഫ്.എംഗൽസ്

കുറിപ്പുകൾ[തിരുത്തുക]


  1. താൻ മാർക്സിന്റെ 'ശിഷ്യ'നാണെന്നും ആ നിലയ്ക്ക് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിൽ നിലകൊള്ളുന്നുവെന്നും ലസ്സാൽതന്നെ നേരിട്ട് ഞങ്ങളോടു് എല്ലായ്പോഴും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ ഒട്ടും അത്തരത്തിലുള്ളവരായിരുന്നില്ല. ഗവണ്മെന്റ് വായ്പയുടെ സഹായത്തോടുകൂടി നടത്തുന്ന ഉല്പാദകസഹകരണസംഘങ്ങൾ വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിനപ്പുറം അവർ കടന്നിരുന്നില്ല. മാത്രമല്ല, അവർ തൊഴിലാളിവർഗ്ഗത്തെയാകെ ഗവണ്മെന്റ് സഹായത്തെ അനുകൂലിക്കുന്നവരും സ്വയംസഹായത്തെ - സ്വാശ്രയശക്തിയെ- അനുകൂലിക്കുന്നവരുമെന്ന രണ്ടു വിഭാഗമായി തിരിക്കുകയും ചെയ്തു. (എംഗൽസിന്റെ കുറിപ്പ്.)
  2. ഡബ്ലിയു. ബീവനു്.-എഡി