കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/1892-ലെ പോളിഷ് പതിപ്പിനുള്ള മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
അനുബന്ധം: 1892-ലെ പോളിഷ് പതിപ്പിനുള്ള മുഖവുര

[ 71 ]

1892-ലെ പോളിഷ് പതിപ്പിനുള്ള
മുഖവുര
[തിരുത്തുക]

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പുതിയൊരു പോളിഷ് പതിപ്പ് ആവശ്യമായിരിക്കുന്നുവെന്ന സംഗതി പല നിഗമനങ്ങളിലുമെത്താൻ സഹായിക്കുന്നു.

ഒന്നാമത് മാനിഫെസ്റ്റോ ഈയിടെയായി യൂറോപ്പിലെ വൻകിട വ്യവസായത്തിനുണ്ടായിട്ടുള്ള വളർച്ചയുടെ ഒരു സൂചികയെന്നവണ്ണം ആയിത്തീർന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഏതൊരു രാജ്യത്തും വൻകിട വ്യവസായത്തിന്റെ വളർച്ചയ്ക്ക് ആനുപാതികമായി, ഉടമവർഗ്ഗങ്ങളുമായുള്ള ബന്ധത്തിൽ തൊഴിലാളിവർഗ്ഗമെന്ന നിലയ്ക്ക് തങ്ങളുടെ സ്ഥാനമെന്താണെന്നതിനെക്കുറിച്ച് അറിയണമെന്ന് ആവശ്യം ആ രാജ്യത്തെ തൊഴിലാളികളികൾക്കിടയിൽ വർദ്ധിച്ചുവരുന്നു, സോഷ്യലിസ്റ്റ് പ്രസ്ഥാനം അവർക്കിടയിൽ പടർന്നുപിടിക്കുന്നു, അതോടെ മാനിഫെസ്റ്റോയുടെ ആവശ്യം വർദ്ധിക്കുകയും ചെയ്യുന്നു. അങ്ങിനെ ഓരോ ഭാഷയിലും പ്രചരിക്കുന്ന മാനിഫെസ്റ്റോയുടെ പ്രതികളുടെ എണ്ണത്തിൽനിന്നും അതാത് രാജ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥിതി മാത്രമല്ല അവിടത്തെ വൻകിടവ്യവസായത്തിന്റെ വികാസത്തിന്റെ നിലവാരം കൂടി ഏറെക്കുറെ കൃത്യമായി അളന്നു തിട്ടപ്പെടുത്താവുന്നതാണ്.

ഇതനുസരിച്ച് നോക്കുമ്പോൾ ഈ പുതിയ പോളിഷ് പതിപ്പ് പോളിഷ് വ്യവസായത്തിന്റെ നിസ്തർക്കപുരോഗതിയെ സൂചിപ്പിക്കുന്നു. പത്തുകൊല്ലത്തിനുമുമ്പ് പ്രസിദ്ധീകൃതമായ കഴിഞ്ഞ പതിപ്പിനുശേഷം ഈ പുരോഗതിയുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. പോളിഷ് രാജ്യം, കോൺഗ്രസ്സ് പോളണ്ട്20 , റഷ്യൻ സാമ്രാജ്യത്തിലെ വമ്പിച്ച വ്യവസായമേഖലയായിരിക്കുന്നു. റഷ്യയിലെ വൻകിട വ്യവസായം അങ്ങിങ്ങായി ചിന്നിച്ചിതറിയാണ് കിടക്കുന്നത്: ഒരു ഭാഗം ഫിന്നിഷ് ഉൾക്കടലിനും ചുറ്റിലും, മറ്റൊരു ഭാഗം മദ്ധ്യഭാഗത്തും (മോസ്‌കോ, വ്‌ളദീമിർ എന്നിവിടങ്ങളിൽ) മൂന്നാമതൊന്ന് കരിങ്കടലിന്റേയും ആസോവ് കടലിന്റേയും തീരങ്ങളിലും ഇനിയും വേറെ ചിലതു മറ്റിടങ്ങളിലായും സ്ഥി [ 72 ] തിചെയ്യുന്നു. പോളിഷ് വ്യവസായങ്ങളാകട്ടെ, താരതമ്യേന ഒരു ചെറിയ പ്രദേശത്ത് ഇടതൂർന്ന് നിൽക്കുകയും അത്തരം കേന്ദ്രീകരണത്തിൽ നിന്നുണ്ടാകുന്ന നന്മതിന്മകൾ ഒരു പോലെ അനുഭവിക്കുകയും ചെയ്യുന്നു. അവയുമായി മത്സരിക്കുന്ന റഷ്യൻ വ്യവസായികൾ പോളണ്ടുകാരെ റഷ്യക്കാരായി മാറ്റാൻ അതിയായി ആഗ്രഹിക്കുന്ന അതേ സമയത്തുതന്നെ പോളണ്ടിനെതിരായി സംരക്ഷണച്ചുങ്കം ആവശ്യപ്പെടുകയും അങ്ങിനെ പോളിഷ് വ്യവസായത്തിനുള്ള മെച്ചങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു. കേന്ദ്രീകരണത്തിന്റെ ദോഷങ്ങൾ - അവ പോളിഷ് വ്യവസായികളേയും റഷ്യൻ ഗവൺമെന്റിനേയും ഒരുപോലെ ബാധിക്കുന്നു - സോഷ്യലിസ്റ്റാശയങ്ങൾ പോളിഷ് തൊഴിലാളികൾക്കിടയിൽ അതിവേഗം പ്രചരിക്കുന്നതിലും അവിടത്തെ തൊഴിലാളികൾ മാനിഫെസ്റ്റോ കൂടുതൽ കൂടുതൽ ആവശ്യപ്പെടുന്നതിലും തെളിഞ്ഞുകാണാവുന്നതാണ്.

എന്നാൽ റഷ്യയുടേതിനെ കവച്ചുവയ്ക്കുമാറ് പോളിഷ് വ്യവസായത്തിനുണ്ടായിരിക്കുന്ന ഈ ദ്രുതപുരോഗതി, മറ്റൊരുതരത്തിൽ, പോളിഷ് ജനതയുടെ അക്ഷയമായ ഓജസ്സിന്റെ പുതിയൊരു തെളിവും അവരുടെ ദേശീയസ്വാതന്ത്ര്യത്തിന്റെ പുനഃസ്ഥാപനം ആസന്നമാണെന്നതിന് പുതിയൊരു ഉറപ്പുമാണ്. പോളണ്ട് വീണ്ടും സ്വതന്ത്രവും സുശക്തവുമാകുകയെന്നത് പോളണ്ടുകാരെ മാത്രമല്ല, നമ്മെയെല്ലാവരേയും ബാധിക്കുന്ന കാര്യമാണ്. യൂറോപ്യൻ രാഷ്ട്രങ്ങളിലോരോന്നിനും സ്വന്തം ഗൃഹത്തിൽ പരിപൂർണ്ണ സ്വയംഭരണാധികാരം സിദ്ധിച്ചാലേ അവ തമ്മിൽ ആത്മാർത്ഥമായ സാർവ്വദേശീയസഹകരണം സാദ്ധ്യമാകൂ. 1848-ലെ വിപ്ലവം വാസ്തവത്തിൽ ചെയതത്, തൊഴിലാളിവർഗ്ഗത്തിന്റെ കൊടിക്കീഴിൽ, തൊഴിലാളിപ്പോരാളികളെക്കൊണ്ട് ബൂർഷ്വാസിയുടെ ജോലി നടത്തിക്കുക മാത്രമായിരുന്നു. അതേസമയം ആ വിപ്ലവത്തിന്റെ വിൽപ്പത്രം നടപ്പിലാക്കാൻ ചുമതലപ്പെട്ടവരായ ലൂയി ബോണപ്പാർട്ടും ബിസ്മാർക്കും വഴി അത് ഇറ്റലിക്കും21 ജർമ്മനിക്കും ഹംഗറിക്കും സ്വാതന്ത്ര്യം നേടിക്കൊടുത്തു. എന്നാൽ 1792 മുതൽ ഈ മൂന്നു രാജ്യങ്ങളുംകൂടി ചെയ്തതിലേറെ വിപ്ലവത്തിനുവേണ്ടി പ്രയത്‌നിച്ച പോളണ്ടിന് 1863-ൽ അതിനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള റഷ്യയുടെ മുൻപിൽ കീഴടങ്ങേണ്ടി വന്നപ്പോൾ22 അത് സ്വന്തം കഴിവിനെ മാത്രം ആശ്രയിക്കാൻ നിർബന്ധിതമായി, പ്രഭുവർഗ്ഗത്തിനു പോളണ്ടിന്റെ സ്വാതന്ത്ര്യത്തെ നിലനിർത്താനോ, വീണ്ടെടുക്കാനോ കഴിഞ്ഞില്ല. ബൂർഷ്വാസിക്ക് ഇന്ന് ഈ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തീരെ താല്പര്യമില്ല എന്നുപറഞ്ഞാൽ ഒട്ടും അധികമാവില്ല. എങ്കിലും യൂറോപ്യൻ രാജ്യങ്ങളുടെ ഹൃദയംഗമമായ സഹകരണത്തിന് അത് [ 73 ] അത്യാവശ്യമാണ്. പോളണ്ടിലെ യുവതൊഴിലാളി വർഗ്ഗത്തിന് മാത്രമേ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ സാദ്ധ്യമാകൂ, അവരുടെ കൈകളിൽ അത് സുരക്ഷിതവുമാണ്. പോളിഷ് തൊഴിലാളികൾക്കെന്നപോലെതന്നെ, യൂറോപ്പിലെ മറ്റുതൊഴിലാളികൾക്കും പോളണ്ടിന്റെ സ്വാതന്ത്ര്യം ആവശ്യമാണ്.

ലണ്ടൻ,
ഫെബ്രുവരി 10, 1892
എഫ്.എംഗൽസ്