Jump to content

കൃഷ്ണഗാഥ/ഒന്നാം ഭാഗം/അക്രൂരാഗമനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(അക്രൂരാഗമനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 കേശിയായുള്ളൊരു ദാനവൻ വാജിയായ്
2 കേശവനുള്ളേടം ചെന്നണഞ്ഞാൻ.
3 കണ്ടൊരു നേരത്തു മണ്ടിത്തുടങ്ങിനാ
4 രിണ്ടൽപൂണ്ടെല്ലാരും വല്ലവന്മാർ.
5 കേശവന്താനപ്പോൽ കൂശാതെ വന്നൊരു
6 കേശിയോടേശിനാനാശു ചെന്ന്.
7 വാശിപൂണ്ടുള്ളൊരു കേശിയുമന്നേരം
8 കേശവൻതന്നോടുമേശിനിന്നാൻ.
9 ഭൂരേണുപൂരങ്ങൾ പൊങ്ങുമാറെങ്ങുമേ
10 പാരംവിളങ്ങിനിന്നൊട്ടുനേരം

11 കാന്തികലർന്നൊരു കാർവർണ്ണനന്നേരം
12 കാരുണ്യംതന്നെ വെടിഞ്ഞു ചെമ്മെ
13 കാളിന്ദിതന്നുടെ സോദരന്നീടെഴും
14 കാഴ്ചയായ് നല്കിനാൻ കേശിതന്നെ
15 ആരണർകോനായ നാരദനന്നേരം
16 നീരദവർണ്ണനാം കണ്ണന്തന്നെ
17 പൂത്തുകിനിന്നുള്ള വിണ്ണവർ കേൾക്കവേ
18 വാഴ്ത്തിനാൻ ചീർത്തൊരു സന്തോഷത്താൽ.
19 നാരദൻ വാഴ്ത്തിന വാർത്തകളോരോന്നേ
20 ആദരവോടങ്ങു കേട്ടു പിന്നെ

21 ചങ്ങാതിമാരായ ബാലകന്മാരോടും
22 ചന്തത്തിൽ ചേർന്നു കളിച്ചാൻ കണ്ണൻ.
23 വ്യോമനായുള്ളൊരു ദാനവൻ വന്നിട്ടു
24 ഗോപാലബാലകന്മാരെയെല്ലാം
25 പർവതംതന്നുടെ പാതാളം പൂകിച്ചു
26 ഗർവിതനായങ്ങു നിന്നനേരം
27 കല്യനായുള്ലൊരു കണ്ണനവൻതന്നെ
28 കള്ളനെന്നുള്ളതു നിർണ്ണയിച്ച്
29 ആശു പോയ് ചെന്നവൻ തന്നുടൽ പീഡിച്ചു
30 കേശിക്കു ചങ്ങാതമാക്കിവിട്ടാൻ.

31 പാതാളം പൂകിന ബാലകന്മാരെയും
32 പാരാതെ കൊണ്ടിങ്ങു പോന്നു പിന്നെ
33 ലീലകളെക്കൊണ്ടു മാലോകർമാനസം
34 ചാലക്കുളുർപ്പിച്ചു മേവിനിന്നാൻ.
35 മായംകളഞ്ഞുള്ള മാമുനിമാരുടെ
36 മാനസമായൊരു മന്ദിരത്തിൽ
37 നിന്നു വിളങ്ങിന നന്ദകുമാരനെ
38 ച്ചെന്നങ്ങു കാണ്മതിന്നായിച്ചെമ്മേ
39 അക്രൂരമായൊരു മാനസംപൂണ്ടുള്ളൊ
40 രക്രൂരനാകിന യാദവന്താൻ

41 ചൊൽക്കൊണ്ടു നിന്നൊരു തേരിൽക്കരേറിയ
42 ദ്ദിക്കിനെ നോക്കിനടന്നാനപ്പോൾ.
43 പോകുന്ന നേരത്തു തന്നിലേ നണ്ണിനാൻ
44 ഗോവിന്ദപാദങ്ങളുള്ളിലാക്കി
45 "കണ്ണനെക്കാണ്മതിനായല്ലോ പോകുന്നു
46 പുണ്യവാനെന്നതു നിർണ്ണയം ഞാൻ?
47 ആയർകോന്തന്നുടെ കാന്തിയായുള്ളൊരു
48 പീയൂഷവാരിതൻ പൂരംതന്നേ
49 കോരിനിറച്ചുകൊണ്ടെന്നുടെ കണ്ണിണ
50 പാരം കുളുർപ്പിച്ചു നില്പനോ ഞാൻ?

51 കാർവർണ്ണൻതന്നുടെ കണ്മുനയായൊരു
52 കാർവണ്ടു വന്നിങ്ങു മെല്ലെ മെല്ലെ
53 ദീനനായ് നിന്നൊരു ഞാനായ പൂവിൽനി
54 ന്നാനന്ദമാടിക്കളിക്കുമോതാൻ?
55 കണ്ണൻറെ തൂമൊഴിയായൊരു തേൻകൊണ്ടെൻ
56 കർണ്ണങ്ങൾ രണ്ടും നിറച്ചു ചെമ്മേ
57 പൂമാതു പൂണുന്ന പൂമേനി കണ്ടു ക
58 ണ്ടാമോദം പൂണ്ടങ്ങു നില്പനോ ഞാൻ?
59 പുഞ്ചിരിയായൊരു തൂനിലാവേറ്റുനി
60 ന്നെഞ്ചിത്തമായുള്ളൊരാമ്പൽ ചെമ്മേ

61 ഉല്ലസിച്ചാനന്ദമായൊരു തേനും പൂ
62 ണ്ടല്ലലെപ്പോക്കുമാറുണ്ടോ വന്നു?
63 വെണ്ണ പിരണ്ടിട്ടു തിണ്ണം കുളുർത്തുള്ളൊ
64 രുണ്ണിക്കൈയൊന്നു മുകർന്നൂതാവൂ.
65 കണ്ടൊരു നേരത്തു കാർമുകിൽവർണ്ണനെ
66 മണ്ടിയണഞ്ഞൊന്നു പൂണ്ടുതാവൂ.
67 ചേവടി രണ്ടുമെടുത്തുടൻ മെല്ലവേ
68 ചൊവ്വോടു മൗലിയിൽ ചേർത്തുതാവൂ."
69 ഇങ്ങനെ തന്നിലേ ചിന്തിച്ചു ചിന്തിച്ചു
70 പൊങ്ങിന കൗതുകം പുണ്ടു പൂണ്ട്

71 സായമായുള്ളൊരു കാലം വരുന്നപ്പോ
72 ളായർകുലംതന്നിൽ ചെന്നു പുക്കാൻ.
73 ആഴിനേർവർണ്ണന്റെ ചേവടിത്താരിണ
74 പൂഴിയില്ക്കാണായി പൂകുംനേരം.
75 തേരിൽനിന്നന്നേരം പാരിലിറങ്ങീട്ടു
76 പാരാതെ കുമ്പിട്ടു കൂപ്പിനിന്നാൻ.
77 ആഴം പൂണ്ടീടുന്നോരാമോദംതന്നാലേ
78 പൂഴിയിൽ വീണു പുരണ്ടാൻ ചെമ്മേ.
79 പിന്നെയെഴുന്നേറ്റു ധന്യമായുള്ളൊരു
80 നന്ദന്റെ മന്ദിരം തന്നെക്കണ്ടാൻ:

81 കാലി കറന്നുള്ളൊരൊച്ചയുണ്ടെങ്ങുമേ
82 ബാലന്മാർ കോലുന്ന ലീലകളും.
83 ഒന്നിനോടൊന്നു കലർന്നു കളിക്കുന്ന
84 കന്നുംകിടാക്കളുമുണ്ടെങ്ങുമേ.
85 കാളകൾ തങ്ങളിൽക്കുത്തിക്കുതർന്നിട്ടു
86 ധൂളിയെഴുന്നുമുണ്ടോരോ ദിക്കിൽ.
87 ധേനുക്കളെച്ചെന്നു ചാലക്കറപ്പാനായ്
88 ചേണുറ്റ പാല്ക്കുഴ ചേർത്തു കൈയിൽ
89 ചാലേ മുറുക്കിന കാഞ്ചിയുമാണ്ടുള്ള
90 നീലവിലോചനമാരുണ്ടെങ്ങും.

91 ഗോക്കളെപ്പേർചൊല്ലി നീളെ വിളിക്കയും
92 പാൽക്കുഴ താവെന്നു ചൊല്ലുകയും
93 ചേൽക്കണ്ണിമാരുടെ വാക്കുകളിങ്ങനെ
94 കേൾക്കായി വന്നുതേ പാർക്കുംതോറും.
95 "എന്നുടെ കന്നിനെക്കണ്ടുതില്ലെന്തോഴീ?
96 നിന്നുടെ വീട്ടിങ്കലുണ്ടോ കണ്ടു?"
97 എന്നങ്ങു തങ്ങളിൽ ചോദിച്ചു നിന്നുള്ള
98 സുന്ദരിമാരുമുണ്ടങ്ങുമിങ്ങും.
99 കണ്ണന്റെ വേണുതൻ നാദത്തെ കേൾക്കയാൽ
100 കർണ്ണങ്ങൾ തിണ്ണം കുലമ്പിച്ചപ്പോൾ

101 കന്നുകളൊന്നും തന്നമ്മമാർചാരത്തു
102 ചെന്നുതുടങ്ങാതെ നിന്നനേരം
103 അമ്മതാൻ ചെന്നിട്ടു കണ്ണൻറെ ചാരത്തു
104 നന്മൊഴിയാണ്ടുടൻ ചൊന്നാളപ്പോൾ:
105 "കന്നുകിടാക്കൾ കുടിപ്പതിന്നായിക്കൊ
106 ണ്ടൊന്നുമേ ചെല്ലുന്നൂതല്ല കണ്ണാ!
107 ചെന്നവയൊന്നും കുടിക്കുന്നൂതല്ല കാ
108 മന്ദമായ് നോക്കുന്നുതിങ്ങുതന്നെ.
109 നിൻ കുഴൽ കേട്ടു തന്മക്കളെയൊന്നുമേ
110 നക്കുന്നൂതല്ല കാ ധേനുക്കളും.

111 രാവായിപ്പോയാലിക്കാലി കറപ്പതി
112 ന്നാവതല്ലെന്നതു തേറണം നീ.
113 കാലി കറന്നങ്ങു പോയിട്ടുവേണം നിൻ
114 കോലക്കുഴൽവിളിയെന്മകനെ!"
115 അമ്മതാനിങ്ങനെ തന്മകന്തന്നോടു
116 നന്മൊഴി ചൊന്നതു കേട്ടു കേട്ട്
117 ചെന്നുതുടങ്ങിന യാദവന്താനപ്പോൾ
118 നന്ദകുമാരകന്മാരെക്കണ്ടാൻ
119 കാമിച്ചു നിന്നിട്ടു കേഴുന്ന വേഴാമ്പൽ
120 കാർമുകിൽമാലയെക്കാണുംപോലെ.

121 മണ്ടിയണഞ്ഞവൻ കണ്ടൊരു നേരത്തു
122 കൊണ്ടൽനേർവർണ്ണന്തമ്പാദങ്ങളിൽ
123 വീണുകിടന്നുടനാനന്ദവാരിയി
124 ലാണു തുടങ്ങിനാനാശു ചെമ്മേ
125 കൈയെപ്പിടിച്ചവൻ മെയ്യെയും കണ്ണന്തൻ
126 മെയ്യോടു ചേർത്തൊന്നു പൂണ്ടാനപ്പോൾ.
127 മംഗലമാണ്ടൊരു മന്ദിരംതന്നിലേ
128 മന്ദം നടന്നങ്ങു ചെന്നു പിന്നെ.
129 മൃഷ്ടമായുള്ളൊരു ഭോജനം നല്കീട്ടു
130 കട്ടിന്മേൽ ചേർത്തവന്തന്നെ നന്ദൻ

131 വാക്കുകൾകൊണ്ടവനുള്ളം കുളുർപ്പിച്ചു
132 മാർഗ്ഗമായ് പോക്കിനാൻ മാർഗ്ഗഖേദം.
133 ചിന്തിച്ചതൊന്നൊന്നേ നിന്നു ലഭിക്കയാൽ
134 സന്തോഷമാണ്ടൊരു യാദവന്താൻ
135 നന്ദകുമാരനും നന്ദനും കേൾക്കവേ
136 വന്നതിങ്കാരണം ചൊന്നാമ്പിന്നെ:
137 "മംഗലനായൊരു കംസൻറെ ചൊല്ലാലെ
138 നിങ്ങളെക്കാണ്മാനായ് വന്നുതിപ്പോൾ
139 വില്ലിന്നു പൂജയാമുത്സവം കാണ്മാനാ
140 യെല്ലാരും പോരേണമെന്നു ചൊന്നാൻ."

141 ചൊന്നതു കേട്ടൊരു നന്ദനുമന്നേരം
142 നിന്നൊരു ഗോപന്മാരോടു ചൊന്നാൻ:
143 "നാഥനായുള്ളൊരു കംസനെക്കാണ്മാനായ്
144 നാമെല്ലാം പോകണം നാളെത്തന്നെ.
145 ഗോരസമോരോന്നേ പൂരിച്ചുകൊള്ളുവിൻ
146 പാരാതെ പോവതിന്നെ"ന്നിങ്ങനെ
147 നന്ദൻറെ ചൊൽ കേട്ടു ഗോപന്മാരെല്ലാരും
148 നന്നായ് മുതിർന്നാരങ്ങവ്വണ്ണമേ.
149 വല്ലവിമാരെല്ലാമെന്നതു കേട്ടപ്പോൾ
150 അല്ലലിൽ വീണങ്ങു മുങ്ങിച്ചൊന്നാർ:

151 "കാർമുകിൽവർണ്ണനെക്കൊണ്ടങ്ങു പോവാനായ്
152 കാരുണ്യം വേറിട്ടിപ്പാപി വന്നു.
153 നാമെന്തു ചെയ്വതെന്തോഴിമാരേ! ചൊൽവിൻ
154 വാമനായ് കൂടുമ്പോളീശ്വരന്താൻ?
155 അക്രൂരനെന്നെന്തു ചൊല്ലുവാനെല്ലാരും?
156 അക്രൂരനല്ലിവൻ ക്രൂരനത്രെ.
157 കണ്ണനായുള്ളൊരു നമ്മുടെ ജീവനെ
158 ത്തിണ്ണം പറിച്ചങ്ങു കൊണ്ടുപോവാൻ
159 ചാലത്തുനിഞ്ഞിങ്ങു വന്നൊരിപ്പാപിയെ
160 ക്കാലനെന്നെല്ലാരും ചൊല്ലവേണ്ടു.

161 പണ്ടു നാം ചെയ്തുള്ള പുണ്യങ്ങളെല്ലാമേ
162 മണ്ടുന്ന കാലമീ വന്നതിപ്പോൾ.
163 കാർമുകിൽവർണ്ണന്തൻ തൂമൊഴിയായൊരു
164 പീയൂഷമാളുന്ന കർണ്ണങ്ങളിൽ
165 "പോകുന്നോനിന്നവൻ" എന്നുള്ള വാർത്തയാം
166 കാകോളംകൊണ്ടല്ലൊ തൂകുന്നിപ്പോൾ
167 കൊഞ്ചൽ തുടങ്ങുമ്പൊളഞ്ചനവർണ്ണന്തൻ
168 പുഞ്ചിരിയായ നിലാവുതന്നെ
169 ച്ചേർത്തുള്ളിൽ കൊള്ളാതെ നിന്നു പൊറുപ്പതി
170 ന്നേത്രചകോരങ്ങളെങ്ങനെ ചൊൽ?

171 പ്രാണങ്ങളായിതിക്കാർവർണ്ണന്താനല്ലോ
172 കാർവർണ്ണനായതിപ്രാണങ്ങളും
173 തങ്ങളിലേതുമേ ഭേദമില്ലല്ലൊ കാ
174 അങ്ങനെയാകുന്നു പണ്ടേയെന്നാൽ
175 കാർവർണ്ണൻ നമ്മെപ്പിരിഞ്ഞങ്ങു പോകിലി
176 പ്രാണങ്ങളെങ്ങനെ നിന്നുകൊൾവൂ?
177 ദൈവമേ ദീനമാരായുള്ള ഞങ്ങളെ
178 ക്കൈവെടിഞ്ഞായോ ചൊൽ നീയുമിപ്പോൾ.
179 നിൻ തണലെന്നിയെ പിന്തുണയില്ലേതും
180 വെന്തുവെന്തീടുന്നൊരെങ്ങൾക്കിപ്പോൾ."

181 ഇങ്ങനെ തങ്ങളിൽ ചൊന്നുള്ള നാരിമാർ
182 തിങ്ങിന വേദന പൊങ്ങുകയാൽ
183 കണ്ണാ! എന്നിങ്ങനെ തിണ്ണം വിളിച്ചുടൻ
184 കണ്ണുനീർ തൂകിനാർ മാഴ്കി മാഴ്കി.
185 നാരിമാരിങ്ങനെ കേണുതുടങ്ങുമ്പോൾ
186 ചാരത്തു ചെന്നുടൻ കണ്ണനപ്പോൾ
187 ആദരവോടുള്ള തൂമൊഴികൊണ്ടവർ
188 വേദന വേഗത്തിൽ പോക്കിനിന്നാൻ.
189 കാതരമാരായ കാമിനിമാരെല്ലാം
190 കാർവർണ്ണൻചൊല്ലെല്ലാം കേട്ടനേരം

191 കാതര്യം കൈവിട്ടു നിന്നാരങ്ങെല്ലാരും
192 കാലവും പോന്നു പുലർന്നുതപ്പോൾ.
193 ഗോപന്മാരെല്ലാരും ഭാജനമോരോന്നിൽ
194 ഗോരസമോരോന്നേ പൂരിച്ചപ്പോൾ
195 പാഞ്ഞുചെന്നോരോരോ ചാട്ടിൽക്കരേറീട്ടു
196 പാഞ്ഞുതുടങ്ങിനാർ നന്ദനുമായ്.
197 ഗാന്ദിനീസൂനുതൻ തേരിൽക്കരേറിനാർ
198 മാന്ദ്യമകന്നുള്ള നന്ദജന്മാർ
199 പിഞ്ചെന്നുനിന്നുള്ള മഞ്ചുളവാണിമാ
200 രഞ്ചനവർണ്ണനേ നോക്കിനിന്നാർ.

201 തേരു മറഞ്ഞങ്ങു പോയൊരു നേരത്തു
202 വാരുറ്റ കേതുവേ നോക്കിനിന്നാർ.
203 മേളമാണ്ടുള്ളൊരു കേതു മറഞ്ഞപ്പോൾ
204 ധൂളിയെ നോക്കിനാരൊട്ടുനേരം
205 പിന്നെയങ്ങെല്ലാരുമൊന്നിച്ചുകൂടീട്ടു
206 ഖിന്നമാരായുള്ള വല്ലവിമാർ
207 പാമ്പോടു വേറായ തോൽപോലെയന്നേരം
208 പാഴായിപ്പോയൊരു ഗോഷ്ഠംതന്നിൽ
209 ചെന്നങ്ങു പൂകിനാർ വൻനരകംതന്നിൽ
210 പുണ്യമകന്നവരെന്നപോലെ.

211 നന്ദകുമാരകൻ നിന്നൊരു ഗേഹത്തിൽ
212 ചെന്നങ്ങു നിന്നുടനൊട്ടുനേരം
213 ശയ്യയിൽ ചെന്നു തലോടിനാർ മെല്ലവേ
214 അയ്യോ! എന്നിങ്ങനെ ചൊന്നാർ പിന്നെ.
215 അങ്കണംതന്നിലേ പിന്നെയും നോക്കീട്ടു
216 സങ്കടം പൂണ്ടാരങ്ങൊട്ടുനേരം.
217 കാലിതെളിക്കുന്ന കോലങ്ങെടുത്തിട്ടു
218 ചാലത്തന്മാറിലേ ചേർത്താർ പിന്നെ.
219 വല്ലികളാണ്ടുള്ള ഗേഹങ്ങളോരോന്നിൽ
220 മെല്ലവേ ചെന്നങ്ങു നിന്നു ചൊന്നാർ:

221 "വമ്പുലി മുമ്പായ ഘോരമൃഗങ്ങൾക്കു
222 സംഭോഗമന്ദിരമാക നിങ്ങൾ,
223 വാരിജലോചനൻകാരുണ്യമിന്നെനി
224 വാരാതെയിന്നിതാ ഞങ്ങൾ വന്നു."
225 വല്ലീഗൃഹങ്ങളോടിങ്ങനെ ചൊല്ലിന
226 വല്ലവിമാരെല്ലാം വന്നു പിന്നെ
227 ത്തൂമകലർന്നൊരു പൂങ്കാവിൽ ചെന്നുടൻ
228 പൂമരമോരോന്നേ പൂണ്ടു ചൊന്നാർ:
229 "കാർമുകിൽവർണ്ണനു ഞങ്ങളിലുള്ളൊരു
230 കാരുണ്യം ദൂരമായ് വന്നമൂലം

231 കാരസ്കരങ്ങൾ നൽക്കാരകളെന്നെല്ലാം
232 പേരുള്ള ദാരുക്കളാക നിങ്ങൾ.
233 ഓമനയോടെ വളർത്തല്ലോ പോരുന്നു
234 നാമെല്ലാം നിങ്ങളെപ്പണ്ടേ ചെമ്മേ
235 കാമിക്കയൊല്ലായിപ്പൂമരമൊന്നുമേ
236 കാർവർണ്ണനെന്നല്ലോ ചൊല്ലീതിപ്പോൾ
237 മാനിക്കുന്നോരല്ല നമ്മെയെന്നിങ്ങനെ
238 ദീനതകോലൊല്ലാ നിങ്ങളെന്നാൽ."
239 ബാലികമാരെല്ലാമിങ്ങനെ ചൊന്നുടൻ
240 ആലുടെ ചാരത്തു ചെന്നു ചൊന്നാർ:

241 "നന്മുനിമാരെല്ലാം നിന്നുടെചാരത്തു
242 നിന്നു വിളങ്ങിനാരിന്നയോളം
243 ഇന്നു തുടങ്ങി നിൻ ചാരത്തു വന്നെനി
244 നിന്നു വിളങ്ങുന്നതാരേ ചൊൽ നീ?"
245 ദാരുക്കളോടെല്ലാമിങ്ങനെ ചൊല്ലീട്ടു
246 പാരാതെ പോന്നങ്ങു വന്നു പിന്നെ.
247 കൂമ്പിനിന്നീടുന്ന കണ്ണുമായന്നേര
248 മൂമ്പലുറഞ്ഞു കുറഞ്ഞു വായ്പും
249 മേച്ചലും കൂടാതെ പാച്ചലും കൂടാതെ
250 ഓർച്ചപൂണ്ടീടുന്ന കന്നുകളെ

251 ക്കണ്ടൊരു നേരത്തു മണ്ടിയണഞ്ഞുട
252 നിണ്ടൽപൂണ്ടെല്ലാരും നിന്നു ചൊന്നാർ:
253 "കല്മഷമാണ്ടൊരു നമ്മുടെ ജീവനെ
254 ച്ചെമ്മേ പറിച്ചു മറച്ചു മെല്ലെ
255 അക്രൂരനെന്നൊരു പേരായിനിന്നുള്ളൊ
256 രക്രൂരനെങ്ങാനും കൊണ്ടുപോയാൻ.
257 നിങ്ങൾക്കു വേണുന്നതെല്ലാമേ നല്കുവാൻ
258 എങ്ങളുണ്ടേതുമേ ഖേദിയായ്വിൻ."
259 കന്നുകളോടെല്ലാമിങ്ങനെ ചൊല്ലീട്ടു
260 കണ്ണുനീർ വീഴ്ത്തിനാരാർത്തമാരായ്.

261 ചൂതുതുടങ്ങിന ലീലകൾ കോലുന്ന
262 സാധനമോരോന്നെടുത്തു പിന്നെ
263 ദൂരത്തു ചാട്ടിക്കളഞ്ഞുതുടങ്ങിനാർ
264 പാരിച്ച വേദന പൊങ്ങുകയാൽ.
265 പിന്നെയുമെല്ലാരുമൊന്നിച്ചുകൂടീട്ടു
266 കണ്ണനെക്കൊണ്ടു പറഞ്ഞുനിന്നാർ:
267 "നൽക്കണിയായല്ലൊ നാഗരമാരായ
268 മൈക്കണ്ണിമാർക്കെല്ലാമിന്നു തോഴീ!
269 പുണ്യങ്ങൾചെയ്തുള്ള കണ്ണുകൾ രണ്ടിലും
270 കണ്ണന്മെയ് ചേർക്കുന്നോരല്ലൊയിപ്പോൾ.

271 നമ്മുടെ വേദന നാമെല്ലാമിങ്ങനെ
272 നമ്മിലേ വാപാടുകെന്നേ വേണ്ടു.
273 പാരാതെ വന്നുണ്ടു ഞാനെന്നു ചൊന്നതും
274 നേരല്ലയെന്നത്രേ തോന്നുന്നുതേ.
275 നന്മുല്ലതന്നുടെ തേനുണ്ട കാർവ്വണ്ടു
276 നാമുല്ല തീണ്ടുമോ നാരിമാരേ!
277 മാധുരമാരായ മാനിനിമാരുടെ
278 മാധുര്യം കണ്ടൊരു മാധവന്താൻ
279 പാരം വശംകെട്ടു മെയ്മറന്നീടുമേ
280 ധീരതനമ്മോടേയുള്ളു തോഴീ!

281 കാർവർണ്ണൻ പോയൊരു ദിക്കിനെ നോക്കി നാം
282 പാരാതെ പോകയോ തോഴിമാരേ!
283 ചാർന്നുള്ളോരെല്ലാരും പിന്നാലെ പായുമ്പോൾ
284 "ഭ്രാന്തുണ്ടോ നിങ്ങൾക്കോ"യെന്നേ വേണ്ടു."
285 സംഗമെഴുന്നുള്ള മംഗമാരെല്ലാരും
286 ഇങ്ങനെ ചൊന്നുടൻ തങ്ങളുള്ളിൽ
287 ഭാവനതന്നാലെ കാർവർണ്ണൻമെയ്ചേർത്തി
288 ട്ടാവോളം പുല്കിനാരായവണ്ണം.
289 ആനന്ദമായൊരു പീയൂഷംകൊണ്ടു തൻ
290 മാനസമെല്ലാം കുളുർപ്പിച്ചുടൻ

291 നന്ദജൻ ചൊന്നുള്ള നന്മൊഴിയോരോന്നേ
292 ചിന്തിച്ചു വേദന പോക്കിനിന്നാർ.