അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ഹനുമാനു തത്ത്വോപദേശം
ദൃശ്യരൂപം
(ഹനുമാനു തത്ത്വോപദേശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←ഉമാമഹേശ്വരസംവാദം | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
ശിവൻ കഥ പറയുന്നു→ |
- ശ്രീരാമദേവനേവമരുളിച്ചെയ്തനേരം
- മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ
- "വീരന്മാർ ചൂടും മകുടത്തിൻ നായകക്കല്ലേ!
- ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. 200
- സച്ചിദാനന്ദമേകമദ്വയം പരബ്രഹ്‌മം
- നിശ്ചലം സർവ്വോപാധിനിർമ്മുക്തം സത്താമാത്രം
- നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
- നിശ്ചയിച്ചാലുമുളളിൽ ശ്രീരാമദേവനെ നീ.
- നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവ്വികാരം
- സന്മയം ശാന്തം പരമാത്മാനം സദാനന്ദം
- ജന്മനാശാദികളില്ലാതൊരു വസ്തു പര-
- ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
- സർവ്വകാരണം സർവ്വവ്യാപിനം സർവ്വാത്മാനം
- സർവ്വജ്ഞം സർവ്വേശ്വരം സർവ്വസാക്ഷിണം നിത്യം 210
- സർവ്വദം സർവ്വാധാരം സർവ്വദേവതാമയം
- നിർവ്വികാരാത്മാ രാമദേവനെന്നറിഞ്ഞാലും.
- എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുളളവണ്ണം
- നിന്നോടു,ഞാൻതാൻ മൂലപ്രകൃതിയായതെടോ.
- എന്നുടെ പതിയായ പരമാത്മാവുതൻറെ
- സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു.
- തത്സാന്നിദ്ധ്യംകൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം
- തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം.
- തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
- തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ. 220
- ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ
- രാമനായ് സർവ്വേശ്വരൻതാൻ വന്നു പിറന്നതും
- ആമിഷഭോജികളെ വധിപ്പാനായ്‌ക്കൊണ്ടു വി-
- ശ്വാമിത്രനോടുംകൂടെയെഴുന്നളളിയകാലം
- ക്രൂദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ-
- പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
- ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
- സിദ്ധസങ്കൽപനായ കൌശികമുനിയോടും
- മൈഥിലരാജ്യത്തിനായ്‌ക്കൊണ്ടു പോകുന്നനേരം
- ഗൌതമപത്നിയായോരഹല്യാശാപം തീർത്തു 230
- പാദപങ്കജം തൊഴുതവളെയനുഗ്രഹി-
- ച്ചാദരപൂർവ്വം മിഥിലാപുരമകംപുക്കു
- മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടൻ
- മൽപാണിഗ്രഹണവുംചെയ്തു പോരുന്നനേരം
- മുൽപ്പുക്കുതടുത്തോരു ഭാർഗ്ഗവരാമൻതൻറെ
- ദർപ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു
- ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ
- താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
- മാതാവു കൈകേയിയും മുടക്കിയതുമൂലം
- ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ 240
- ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതൻ
- വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
- ചിത്തശോകത്തോടുദകക്രിയാദികൾ ചെയ്തു
- ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്
- ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ
- ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത്യനെക്കണ്ടു
- പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു
- ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാൻ
- പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം
- പുഷ്‌കരശരപരവശയായ് വന്നാളല്ലോ 250
- രക്ഷോനായകനുടെ സോദരി ശൂർപ്പണഖാ;
- ലക്ഷ്മണനവളുടെ നാസികാച്ഛേദംചെയ്തു.
- ഉന്നതനായ ഖരൻ കോപിച്ചു യുദ്ധത്തിന്നായ്-
- വന്നിതു പതിന്നാലുസഹസ്രം പടയോടും,
- കോന്നിതു മൂന്നേമുക്കാൽനാഴികകൊണ്ടുതന്നെ;
- പിന്നെശ്ശൂർപ്പണഖ പോയ് രാവണനോടു ചൊന്നാൾ.
- മായയാ പൊന്മാനായ് വന്നോരു മാരീചൻതന്നെ-
- സ്സായകംപ്രയോഗിച്ചു സൽഗതികൊടുത്തപ്പോൾ
- മായാസീതയെക്കൊണ്ടു രാവണൻ പോയശേഷം
- മായാമാനുഷൻ ജടായുസ്സിനു മോക്ഷം നല്‌കി. 260
- രാക്ഷസവേഷം പൂണ്ട കബന്ധൻതന്നെക്കൊന്നു
- മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു.
- മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
- മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.
- തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി
- മിത്രനന്ദനനായ സുഗ്രീവൻതന്നെക്കണ്ടു
- മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു
- വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു
- സീതാന്വേഷണംചെയ്തു ദക്ഷിണജലധിയിൽ
- സേതുബന്ധനം ലങ്കാമർദ്ദനം പിന്നെശ്ശേഷം 270
- പുത്രമിത്രാമാത്യഭൃത്യാദികളൊടുംകൂടി
- യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
- ശസ്ത്രേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം
- ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു
- പാവകന്തങ്കൽ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ
- പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
- പാവകനോടു വാങ്ങി പുഷ്പകം കരയേറി
- ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
- രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാൽ
- പൂജ്യനായിരുന്നരുളീടിനാൻ ജഗന്നാഥൻ. 280
- യാജ്യനാം നാരായണൻ ഭക്തിയുളളവർക്കു സാ-
- യൂജ്യമാം മോക്ഷത്തെ നല്‌കീടിനാൻ നിരഞ്ജനൻ.
- ഏവമാദികളായ കർമ്മങ്ങൾ തന്റെ മായാ-
- ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.
- രാമനാം ജഗൽഗുരു നിർഗുണൻ ജഗദഭി-
- രാമനവ്യയനേകനാനന്ദാത്മകനാത്മാ-
- രാമനദ്വയൻ പരൻ നിഷ്‌കളൻ വിദ്വദ്‌ഭൃംഗാ-
- രാമനച്യുതൻ വിഷ്ണുഭഗവാൻ നാരായണൻ
- ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചിൽ
- ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല. 290
- നിർവികാരാത്മാ തേജോമയനായ് നിറഞ്ഞൊരു
- നിർവൃതനൊരുവസ്തു ചെയ്‌കയില്ലൊരുനാളും.
- നിർമ്മലൻ പരിണാമഹീനനാനന്ദമൂർത്തി
- ചിന്മയൻ മായാമയൻതന്നുടെ മായാദേവി
- കർമ്മങ്ങൾ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു
- തന്മായാഗുണങ്ങളെത്താനനുസരിക്കയാൽ."
- അഞ്ജനാതനയനോടിങ്ങനെ സീതാദേവി
- കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം
- അഞ്ജസാ രാമദേവൻ മന്ദഹാസവുംചെയ്തു
- മഞ്ജുളവാചാ പുനരവനോടുരചെയ്തുഃ 300
- "പരമാത്മാവാകുന്ന ബിംബത്തിൽ പ്രതിബിംബം
- പരിചിൽ കാണുന്നതു ജീവാത്മാവറികെടോ!
- തേജോരൂപിണിയാകുമെന്നുടെ മായതങ്കൽ
- വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
- ഓരോരോ ജലാശയേ കേവലം മഹാകാശം
- നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ
- സാക്ഷാലുളെളാരു പരബ്രഹ്‌മമാം പരമാത്മാ
- സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!
- തത്ത്വമസ്യാദി മഹാവാക്യാർത്ഥംകൊണ്ടു മമ
- തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താൽ. 310
- മത്ഭക്തനായുളളവനിപ്പദമറിയുമ്പോൾ
- മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.
- മത്ഭക്തിവിമുഖന്മാർ ശാസ്‌ത്രഗർത്തങ്ങൾതോറും
- സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.
- ഭക്തിഹീനന്മാർക്കു നൂറായിരം ജന്മംകൊണ്ടും
- സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.
- പരമാത്മാവാം മമ ഹൃദയം രഹസ്യമി-
- തൊരുനാളും മത്ഭക്തിഹീനന്മാരായ് മേവീടും
- നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!
- പരമമുപദേശമില്ലിതിന്മീതെയൊന്നും." 320
- ശ്രീമഹാദേവൻ മഹാദേവിയോടരുൾചെയ്ത
- രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം
- സാക്ഷാൽ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു
- മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം
- സർവ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം
- ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം
- ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാൻ
- മുക്തനായ്‌വരുമൊരു സംശയമില്ല നാഥേ!
- ബ്രഹ്‌മഹത്യാദിദുരിതങ്ങളും ബഹുവിധം
- ജന്മങ്ങൾതോറുമാർജ്ജിച്ചുളളവയെന്നാകിലും 330
- ഒക്കവേ നശിച്ചുപോമെന്നരുൾചെയ്തു രാമൻ
- മർക്കടപ്രവരനോടെന്നതു സത്യമല്ലോ.
- ജാതിനിന്ദിതൻ പരസ്‌ത്രീധനഹാരി പാപി
- മാതൃഘാതകൻ പിതൃഘാതകൻ ബ്രഹ്‌മഹന്താ
- യോഗിവൃന്ദാപകാരി സുവർണ്ണസ്തേയി ദുഷ്ടൻ
- ലോകനിന്ദിതനേറ്റമെങ്കിലുമവൻ ഭക്ത്യാ
- രാമനാമത്തെജ്ജപിച്ചീടുകിൽ ദേവകളാ-
- ലാമോദപൂർവം പൂജ്യനായ്‌വരുമത്രയല്ല
- യോഗീന്ദ്രന്മാരാൽപ്പോലുമലഭ്യമായ വിഷ്ണു-
- ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും. 340
- ഇങ്ങനെ മഹാദേവനരുൾചെയ്തതു കേട്ടു
- തിങ്ങീടും ഭക്തിപൂർവമരുൾചെയ്തിതു ദേവിഃ
- "മംഗലാത്മാവേ! മമ ഭർത്താവേ! ജഗൽപതേ!
- ഗംഗാകാമുക! പരമേശ്വര! ദയാനിധേ!
- പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്
- ധന്യയായ് കൃതാർത്ഥയായ് സ്വസ്ഥയായ്‌വന്നേനല്ലോ.
- ഛിന്നമായ്‌വന്നു മമ സന്ദേഹമെല്ലാമിപ്പോൾ
- സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാൽ.
- നിർമ്മലം രമാതത്ത്വാമൃതമാം രസായനം
- ത്വന്മുഖോദ്‌ഗളിതമാവോളം പാനംചെയ്താലും 350
- എന്നുളളിൽ തൃപ്തിവരികെന്നുളളതില്ലയല്ലോ
- നിർണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാൻ.
- സംക്ഷേപിച്ചരുൾചെയ്തതേതുമേ മതിയല്ല
- സാക്ഷാൽ ശ്രീനാരായണൻതന്മാഹാത്മ്യങ്ങളെല്ലാം.
- കിംക്ഷണന്മാർക്ക് വിദ്യയുണ്ടാകയില്ലയല്ലോ
- കിങ്കണന്മാരായുളേളാർക്കർത്ഥമുണ്ടായ്‌വരാ
- കിമൃണന്മാർക്കു നിത്യസൌഖ്യവുമുണ്ടായ്‌വരാ,
- കിംദേവന്മാർക്കു ഗതിയും പുനരതുപോലെ.
- ഉത്തമമായ രാമചരിതം മനോഹരം
- വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ." 360
- ഈശ്വരൻ ദേവൻ പരമേശ്വരൻ മഹേശ്വര-
- നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം
- മന്ദഹാസവുംചെയ്തു ചന്ദ്രശേഖരൻ പരൻ
- സുന്ദരഗാത്രി! കേട്ടുകൊളളുകെന്നരുൾചെയ്തു.
- വേധാവുശതകോടി ഗ്രന്ഥവിസ്തരം പുരാ
- വേദസമ്മിതമരുൾചെയ്തിതു രാമായണം.
- വാല്മീകി പുനരിരുപത്തുനാലായിരമായ്
- നാന്മുഖൻനിയോഗത്താൽ മാനുഷമുക്ത്യർത്ഥമായ്
- ചമച്ചാനതിലിതു ചുരുക്കി രാമദേവൻ
- നമുക്കുമുപദേശിച്ചീടിനാനേവം പുരാ. 370
- അദ്ധ്യാത്മരാമായണമെന്ന പേരിതി, ന്നിദ-
- മദ്ധ്യയനംചെയ്യുന്നോർക്കദ്ധ്യാത്മജ്ഞാനമുണ്ടാം.
- പുത്രസന്തതി ധനസമൃദ്ധി ദീർഘായുസ്സും
- മിത്രസമ്പത്തി കീർത്തി രോഗശാന്തിയുമുണ്ടാം.
- ഭക്തിയും വർദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു-
- മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.