അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ഉമാമഹേശ്വരസംവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം


കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്‌ഠം
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജ ഭർത്താരം വിശ്വേശ്വരം
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ 110
"സർവാത്മാവായ നാഥ! പരമേശ്വര! പോറ്റീ !
സർവ്വലോകാവാസ ! സർവ്വേശ്വര! മഹേശ്വരാ!
ശർവ! ശങ്കര! ശരണാഗതജനപ്രിയ!
സർവ്വദേവേശ ! ജഗന്നായക! കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുളള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും
ഭക്തന്മാർക്കുപദേശംചെയ്തീടുമെന്നു കേൾപ്പു.
ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 120
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
തത്ത്വഭേദങ്ങൾ വിജ്ഞാനജ്ഞാനവൈരാഗ്യാദി
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
ക്ഷേത്രോപവാസഫലം യാഗാദികർമ്മഫലം
തീർത്ഥസ്നാനാദിഫലം ദാനധർമ്മാദിഫലം
വർണ്ണധർമ്മങ്ങൾ പുനരാശ്രമധർമ്മങ്ങളു-
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
നിന്തിരുവടിയരുൾചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു. 130
ബന്ധമോക്ഷങ്ങളുടെ കാരണം കേൾക്കമൂല-
മന്ധത്വം തീർന്നുകൂടി ചേതസി ജഗൽപതേ!
ശ്രീരാമദേവൻതൻറെ മാഹാത്മ്യം കേൾപ്പാനുളളിൽ
പാരമാഗ്രഹമുണ്ടു, ഞാനതിൻ പാത്രമെങ്കിൽ
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊൽവാൻ."
ഈശ്വരി കാർത്ത്യായനി പാർവ്വതി ഭഗവതി
ശാശ്വതനായ പരമേശ്വരനോടീവണ്ണം
ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവൻ ജഗ-
ദാദ്യനീശ്വരൻ മന്ദഹാസംപൂണ്ടരുൾചെയ്തുഃ 140
"ധന്യേ! വല്ലഭേ! ഗിരികന്യേ! പാർവ്വതീ! ഭദ്രേ!
നിന്നോളമാർക്കുമില്ല ഭഗവത്ഭക്തി നാഥേ!
ശ്രീരാമദേവതത്വം കേൾക്കേണമെന്നു മന-
താരിലാകാംക്ഷയുണ്ടായ്‌വന്നതു മഹാഭാഗ്യം.
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
നിന്നാണെ കേൾപ്പിച്ചതില്ലാരെയും ജീവനാഥേ!
അത്യന്തം രഹസ്യമായുളെളാരു പരമാത്മ-
തത്വാർത്ഥമറികയിലാഗ്രഹമുണ്ടായതും
ഭക്ത്യതിശയം പുരുഷോത്തമൻതങ്കലേറ്റം
നിത്യവും ചിത്തകാമ്പിൽ വർദ്ധിക്കതന്നെ മൂലം. 150
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു
സാരമായുളള തത്വം ചൊല്ലുവൻ കേട്ടാലും നീ.
ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി
പുരുഷൻ പ്രകൃതിതൻകാരണനേകൻ പരൻ
പുരുഷോത്തമൻ ദേവനനന്തനാദിനാഥൻ
ഗുരുകാരുണ്യമൂർത്തി പരമൻ പരബ്രഹ്‌മം
ജഗദുത്ഭവസ്ഥിതിപ്രളയകർത്താവായ
ഭഗവാൻ വിരിഞ്ചനാരായണശിവാത്മകൻ
അദ്വയനാദ്യനജനവ്യയനാത്മാരാമൻ
തത്ത്വാത്മാ സച്ചിന്മയൻ സകളാത്മകനീശൻ 160
മാനുഷനെന്നു കൽപിച്ചീടുവോരജ്ഞാനികൾ
മാനസം മായാതമസ്സംവൃതമാകമൂലം.
സീതാരാഘവമരുൽസൂനുസംവാദം മോക്ഷ-
സാധനം ചൊൽവൻ നാഥേ! കേട്ടാലും തെളിഞ്ഞു നീ.
എങ്കിലോ മുന്നം ജഗന്നായകൻ രാമദേവൻ
പങ്കജവിലോചനൻ പരമാനന്ദമൂർത്തി
ദേവകണ്ടകനായ പങ്‌ക്തികണ്‌ഠനെക്കൊന്നു
ദേവിയുമനുജനും വാനരപ്പടയുമായ്‌
സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു
സത്താമാത്രാത്മാ സകലേശനവ്യയൻ നാഥൻ 170
മിത്രപുത്രാദികളാം മിത്രവർഗ്ഗത്താലുമ-
ത്യുത്തമന്മാരാം സഹോദരവീരന്മാരാലും
കീകസാത്മജാസുതനാം വിഭീഷണനാലും
ലോകേശാത്മജനായ വസിഷ്‌ഠാദികളാലും
സേവ്യനായ്‌ സൂര്യകോടിതുല്യതേജസാ ജഗ-
ച്ഛ്‌റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു
നിർമ്മലമണിലസൽകാഞ്ചനസിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി
സാനന്ദമിരുന്നരുളീടുന്നനേരം പര-
മാനന്ദമൂർത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 180
വന്ദിച്ചുനില്‌ക്കുന്നൊരു ഭക്തനാം ജഗൽപ്രാണ-
നന്ദനൻതന്നെത്തൃക്കൺപാർത്തു കാരുണ്യമൂർത്തി
മന്ദഹാസവുംപൂണ്ടു സീതയോടരുൾചെയ്തുഃ
"സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ?
നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവൻ-
തന്നുളളിലഭേദയായുളേളാരു ഭക്തി നാഥേ!
ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി-
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ.
നിർമ്മലനാത്മജ്ഞാനത്തിന്നിവൻ പാത്രമത്രേ
നിർമ്മമൻ നിത്യബ്രഹ്‌മചാരികൾമുമ്പനല്ലോ. 190
കൽമഷമിവനേതുമില്ലെന്നു ധരിച്ചാലും
തന്മനോരഥത്തെ നീ നൽകണം മടിയാതെ.
നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോൾ
ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ!
ബ്രഹ്‌മോപദേശത്തിനു ദുർല്ലഭം പാത്രമിവൻ
ബ്രഹ്‌മജ്ഞാനാർത്ഥികളിലുത്തമോത്തമനെടോ!"
ശ്രീരാമദേവനദേവനേവമരുളിച്ചെയ്തനേരം
മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവി :
"വീരന്മാർ ചൂടും മകുടത്തിൻ നായകക്കല്ലേ !
ശ്രീരാമപാദഭക്തപ്രവര ! കേട്ടാലും നീ 200
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
നിശ്ചലം സർവോപാധി നിർമുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുള്ളിൽ ശ്രീരാമദേവനെ നീ