അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/വിശ്വാമിത്രന്റെ യാഗരക്ഷ
ദൃശ്യരൂപം
←ബാല്യവും കൗമാരവും | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
താടകാവധം→ |
- അക്കാലം വിശ്വാമിത്രനാകിയ മുനികുല-
- മുഖ്യനുമയോദ്ധ്യയ്‌ക്കാമ്മാറെഴുന്നളളീടിനാൻ, 800
- രാമനായവനിയിൽ മായയാ ജനിച്ചൊരു
- കോമളമായ രൂപംപൂണ്ടൊരു പരാത്മാനം
- സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊൾവാൻ
- ചിത്തത്തിൽ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ.
- കൌശികൻതന്നെക്കണ്ടു ഭൂപതി ദശരഥ-
- നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവുംചെയ്‌തു
- വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
- വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
- സസ്മിതം മുനിവരൻതന്നോടു ചൊല്ലീടിനാൻഃ
- "അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്. 810
- നിന്തിരുവടിയെഴുന്നളളിയമൂലം കൃതാ-
- ർത്ഥാന്തരാത്മാവായിതു ഞാനിഹ തപോനിധേ!
- ഇങ്ങനെയുളള നിങ്ങളെഴുന്നളളീടും ദേശം
- മംഗലമായ്‌വന്നാശു സമ്പത്തും താനേ വരും.
- എന്തോന്നു ചിന്തിച്ചെഴുന്നളളിയതെന്നുമിപ്പോൾ
- നിന്തിരുവടിയരുൾചെയ്യേണം ദയാനിധേ!
- എന്നാലാകുന്നതെല്ലാം ചെയ്‌വേൻ ഞാൻ മടിയാതെ
- ചൊന്നാലും പരമാർത്ഥം താപസകുലപതേ!"
- വിശ്വാമിത്രനും പ്രീതനായരുൾചെയ്തീടിനാൻ
- വിശ്വാസത്തോടു ദശരഥനോടതുനേരംഃ 820
- "ഞാനമാവാസ്യതോറും പിതൃദേവാദികളെ
- ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോർ
- മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
- ന്മാരിരുവരുമനുചരന്മാരായുളേളാരും.
- അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
- യവനീപതേ! രാമദേവനെയയയ്‌ക്കേണം.
- പുഷ്‌കരോത്ഭവപുത്രൻതന്നോടു നിരൂപിച്ചു
- ലക്ഷ്മണനേയുംകൂടെ നല്‌കേണം മടിയാതെ.
- നല്ലതു വന്നീടുക നിനക്കു മഹീപതേ!
- കല്യാണമതേ! കരുണാനിധേ! നരപതേ!" 830
- ചിന്താചഞ്ചലനായ പങ്‌ക്തിസ്യന്ദനനൃപൻ
- മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാൻഃ
- "എന്തു ചൊൽവതു ഗുരോ! നന്ദനൻതന്നെ മമ
- സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
- എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ
- സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ
- നിർണ്ണയം മരിക്കും ഞാൻ രാമനെ നല്‌കീടാഞ്ഞാ-
- ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രൻ.
- എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
- ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം." 840
- "എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
- സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
- മാനുഷനല്ല രാമൻ മാനവശിഖാമണേ!
- മാനമില്ലാത പരമാത്മാവു സദാനന്ദൻ
- പത്മസംഭവൻ മുന്നം പ്രാർത്ഥിക്കമൂലമായി
- പത്മലോചനൻ ഭൂമീഭാരത്തെക്കളവാനായ്
- നിന്നുടെ തനയനായ്‌ക്കൌസല്യാദേവിതന്നിൽ
- വന്നവതരിച്ചിതു വൈകുണ്‌ഠൻ നാരായണൻ.
- നിന്നുടെ പൂർവജന്മം ചൊല്ലുവൻ ദശരഥ!
- മുന്നം നീ ബ്രഹ്‌മാത്മജൻ കശ്യപപ്രജാപതി 850
- നിന്നുടെ പത്നിയാകുമദിതി കൌസല്യ കേ-
- ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്
- ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങൾ
- മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
- ഭക്തവത്സലൻ ദേവൻ വരദൻ ഭഗവാനും
- പ്രത്യക്ഷീകരിച്ചു 'നീ വാങ്ങിക്കൊൾ വര'മെന്നാൻ.
- 'പുത്രനായ്പിറക്കേണമെനിക്കു ഭവാ'നെന്നു
- സത്വരമപേക്ഷിച്ചകാരണമിന്നു നാഥൻ
- പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
- പൃത്ഥ്വീന്ദ്ര! ശേഷൻതന്നെ ലക്ഷ്മണനാകുന്നതും. 860
- ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാർ
- ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
- യോഗമായാദേവിയും സീതയായ് മിഥിലയിൽ
- യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.
- ആഗതനായാൻ വിശ്വാമിത്രനുമവർതമ്മിൽ
- യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
- എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
- പുത്രനെക്കൂടെയയച്ചീടുക മടിയാതെ."
- സന്തുഷ്ടനായ ദശരഥനും കൌശികനെ
- വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂർവം 870
- 'രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്‌ക്കൊണ്ടാലു'മെ-
- ന്നാമോദം പൂണ്ടു നൽകി ഭൂപതിപുത്രന്മാരെ.
- 'വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ-
- ന്നരികേ ചേർത്തു മാറിലണച്ചു ഗാഢം ഗാഢം
- പുണർന്നുപുണർന്നുടൻ നുകർന്നു ശിരസ്സിങ്കൽ
- 'ഗുണങ്ങൾ വരുവാനായ്പോവിനെന്നുരചെയ്താൻ.
- ജനകജനനിമാർചരണാംബുജം കൂപ്പി
- മുനിനായകൻ ഗുരുപാദവും വന്ദിച്ചുടൻ
- വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാർ,
- വിശ്വരക്ഷാർത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 880
- ചാപതൂണീരബാണഖഡ്‌ഗപാണികളായ
- ഭൂപതികുമാരന്മാരോടും കൌശികമുനി
- യാത്രയുമയപ്പിച്ചാശീർവാദങ്ങളും ചൊല്ലി
- തീർത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രൻ.
- മന്ദം പോയ് ചില ദേശം കടന്നോരനന്തരം
- മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
- "രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേൾ
- കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങൾ.
- ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
- ദേഹങ്ങളല്ലോ മുന്നം നിങ്ങൾക്കെന്നതുമൂലം 890
- ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
- മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
- ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും
- ബലയും പുനരതിബലയും മടിയാതെ.
- ദേവനിർമ്മിതകളീ വിദ്യക"ളെന്നു രാമ-
- ദേവനുമനുജനുമുപദേശിച്ചു മുനി.
- ക്ഷുൽപിപാസാദികളും തീർന്ന ബാലന്മാരുമാ-
- യപ്പോഴേ ഗംഗ കടന്നീടിനാൻ വിശ്വാമിത്രൻ.