അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ബാല്യവും കൗമാരവും
ദൃശ്യരൂപം
←കൗസല്യാസ്തുതി | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
വിശ്വാമിത്രന്റെ യാഗരക്ഷ→ |
- ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ജിപ്പിച്ചു
- സമ്പ്രതി കൌമാരവും സമ്പ്രാപിച്ചിതു മെല്ലെ.
- വിധിനന്ദനനായ വസിഷ്‌ഠമഹാമുനി
- വിധിപൂർവകമുപനിച്ചിതു ബാലനമാരെ.
- ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങൾ
- സ്‌മൃതികളുപസ്‌മൃതികളുമശ്രമമെല്ലാം
- പാഠമായതു പാർത്താലെന്തൊരത്ഭുത,മവ
- പാടവമേറും നിജശ്വാസങ്ങൾതന്നെയല്ലോ.
- സകലചരാചരഗുരുവായ്മരുവീടും
- ഭഗവാൻ തനിക്കൊരു ഗുരുവായ് ചമഞ്ഞീടും 760
- സഹസ്രപത്രോത്ഭവപുത്രനാം വസിഷ്‌ഠന്റെ
- മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോർത്താൽ!
- ധനുവേദാംഭോനിധിപാരഗന്മാരായ്‌വന്നു
- തനയന്മാരെന്നതു കണ്ടോരു ദശരഥൻ
- മനസി വളർന്നൊരു പരമാനന്ദംപൂണ്ടു
- മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്.
- ആമോദം വളർന്നുളളിൽ സേവ്യസേവകഭാവം
- രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ
- കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാർ
- സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം. 770
- രാഘവനതുകാലമേകദാ കൌതൂഹലാൽ
- വേഗമേറീടുന്നൊരു തുരഗരത്നമേറി
- പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേർന്നു
- ബാണതൂണീരഖഡ്‌ഗാദ്യായുധങ്ങളുംപൂണ്ട്
- കാനനദേശേ നടന്നീടിനാൻ നായാട്ടിനാ-
- യ്‌ക്കാണായ ദുഷ്‌ടമൃഗസഞ്ചയം കൊലചെയ്താൻ.
- ഹരിണഹരികരികരടിഗിരികിരി
- ഹരിശാർദ്ദൂലാദികളമിതവന്യമൃഗം
- വധിച്ചു കൊണ്ടുവന്നു ജനകൻകാൽക്കൽവച്ചു
- വിധിച്ചവണ്ണം സമസ്‌കരിച്ചു വണങ്ങിനാൻ. 780
- നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
- ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
- ജനകജനനിമാർചരണാംബുജം വന്ദി-
- ച്ചനുജനോടു ചേർന്നു പൌരകാര്യങ്ങളെല്ലാം
- ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കൽ
- സന്തതം രഞ്ജിപ്പിച്ചു ധർമ്മപാലനംചെയ്തു
- ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേർന്നു
- സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
- ധർമ്മശാസ്‌ത്രാദിപുരാണേതിഹാസങ്ങൾ കേട്ടു
- നിർമ്മലബ്രഹ്‌മാനന്ദലീനചേതസാ നിത്യം 790
- പരമൻ പരാപരൻ പരബ്രഹ്‌മാഖ്യൻ പരൻ
- പുരുഷൻ പരമാത്മാ പരമാനന്ദമൂർത്തി
- ഭൂമിയിൽ മനുഷ്യനായവതാരംചെയ്തേവം
- ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാൻ.
- ചെതസാ വിചാരിച്ചുകാണ്‌കിലോ പരമാർത്ഥ-
- മേതുമേ ചെയ്യുന്നോന,ല്ലില്ലല്ലോ വികാരവും
- ചിന്തിക്കിൽ പരിണാമമില്ലാതൊരാത്മാനന്ദ-
- മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!