അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ഭാർഗ്ഗവഗർവശമനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം


അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
"ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ"ന്നാൻ.
"മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും."
ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം
പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാർഗ്ഗവനെയും.
നീലനീരദനിഭനിർമ്മലവർണ്ണത്തോടും
നീലലോഹിതശിഷ്യൻ ബഡവാനലസമൻ
ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ
ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ;
ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമന്തന്നെ-
പ്പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചാൻ പലതരം:
"കാർത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ!
മാർത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ!
ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി-
പുത്ര!മാം പരിത്രാഹി രേണുകാത്മജ! വിഭോ!
പരശുപാണേ! പരിപാലയ കുലം മമ
പരമേശ്വരപ്രിയ! പരിപാലയ നിത്യം.
പാർത്ഥിവസമുദായരക്തതീർത്ഥത്തിൽ കുളി-
ച്ചാസ്ഥയാ പിതൃഗണതർപ്പണംചെയ്ത നാഥ!
കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!
കാൽത്തളിരിണ തവ ശരണം മമ വിഭോ!"
ഇത്തരം ദശരഥൻ ചൊന്നതാദരിയാതെ
ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം
വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലമ്പോലെ ദീപ്ത്യാ
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ:
"ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കൽ?
മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ
നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാൻ;
വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേൾ.
നീയല്ലോ ബലാൽ ‍ശൈവചാപം ഖണ്ഡിച്ചതെന്റെ
കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം
ക്ഷത്രിയകുലജാതൻ നീയിതുകൊണ്ടു
സത്വരം പ്രയോഗിക്കിൻ നിന്നോടു യുദ്ധം ചെയ്‌വൻ.
അല്ലായ്‌കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും
ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ?
ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ".
രേണുകാത്മജനേവം പറഞ്ഞോരന്തരം
ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
എന്തോന്നുവരുന്നിതെന്നോർത്തു ദേവാദികളും
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
പംക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥപൂണ്ടു,
സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
മുഗ്ദഭാവവുംപൂണ്ടു രാമനാം കുമാരനും
ക്രുദ്ധനാം പരശുരാമൻതന്നോടരുൾ ചെയ്‌തു:
"ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ?
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേൻ
ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല
ശത്രുസംഹാരംചെയ്‌വാൻ ശക്തിയുമില്ലല്ലോ.
അന്തകാന്തകൻപോലും ലംഘിച്ചീടുന്നതല്ല
നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-
മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട."