അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ശിവൻ കഥ പറയുന്നു
ദൃശ്യരൂപം
←ഹനുമാനു തത്ത്വോപദേശം | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
പുത്രലാഭാലോചന→ |
- പങ്‌ക്തികന്ധരമുഖരാക്ഷസവീരന്മാരാൽ
- സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
- ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
- സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 380
- വേദനയെല്ലാം വിധാതാവിനോടറിയിച്ചാൾ;
- വേധാവും മൂഹൂർത്തമാത്രം വിചാരിച്ചശേഷം
- 'വേദനായകനായ നാഥനോടിവ ചെന്നു
- വേദനംചെയ്‌കയെന്യേ മറ്റൊരു കഴിവില്ല.'
- സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
- ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
- ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
- മാരോടുകൂടി സ്തുതിച്ചീടിനാൻ ഭക്തിയോടെ.
- ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
- ദേവനെസ്സേവിച്ചിരുന്നീടിനാൻ വഴിപോലെ. 390
- അന്നേരമൊരു പതിനായിരമാദിത്യന്മാ-
- രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
- പത്മസംഭവൻതനിക്കൻപൊടു കാണായ്‌വന്നു
- പത്മലോചനനായ പത്മനാഭനെ മോദാൽ.
- മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
- ദുർദ്ദർശമായ ഭഗവദ്രൂപം മനോഹരം
- ചന്ദൃകാമന്ദസ്മിതസുന്ദരാനനപൂർണ്ണ-
- ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
- ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
- മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം 400
- വത്സലാഞ്ഞ്‌ഛനവത്സം പാദപങ്കജഭക്ത-
- വത്സലം സമസ്തലോകോത്സവം സത്സേവിതം
- മേരുസന്നിഭകിരീടോദ്യൽകുണ്ഡലമുക്താ-
- ഹാരകേയൂരാംഗദകടകകടിസൂത്ര
- വലയാംഗുലീയകാദ്യഖിലവിഭൂഷണ-
- കലിതകളേബരം, കമലാമനോഹരം
- കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
- സരസീരുഹഭവൻ മധുരസ്‌ഫുടാക്ഷരം
- സരസപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻഃ
- "പരമാനന്ദമൂർത്തേ! ഭഗവൻ! ജയജയ. 410
- മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാർക്കും
- സാക്ഷാൽ കാണ്മതിന്നരുതാതൊരു പാദാംബുജം
- നിത്യവും നമോസ്തു തേ സകലജഗൽപതേ!
- നിത്യനിർമ്മലമൂർത്തേ ! നിത്യവും നമോസ്തു തേ.
- സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
- നിത്യവും നമോസ്തു തേ കരുണാജലനിധേ!
- വിശ്വത്തെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
- വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
- സ്വാദ്ധ്യായതപോദാനയജ്ഞാദികർമ്മങ്ങളാൽ
- സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 420
- മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവൽപാദ-
- ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
- നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
- മന്തികേ കാണായ്‌വന്നിതെനിക്കു ഭാഗ്യവശാൽ.
- സത്വചിത്തന്മാരായ താപസശ്രേഷ്‌ഠന്മാരാൽ
- നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിൻ-
- പാദപങ്കജങ്ങളിൽ ഭക്തി സംഭവിക്കണം
- ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
- സംസാരാമയപരിതപ്തമാനസന്മാരാം
- പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും 430
- മരണമോർത്തു മമ മനസി പരിതാപം
- കരുണാമൃതനിധേ! പെരികെ വളരുന്നു.
- മരണകാലേ തവ തരുണാരുണസമ-
- ചരണസരസിജസ്മരണമുണ്ടാവാനായ്
- തരിക വരം നാഥ! കരുണാകര! പോറ്റീ!
- ശരണം ദേവ! രമാരമണ! ധരാപതേ!
- പരമാനന്ദമൂർത്തേ! ഭഗവൻ ജയ ജയ!
- പരമ! പരമാത്മൻ! പരബ്രഹ്‌മാഖ്യ! ജയ.
- പരചിന്മയ!പരാപര! പത്മാക്ഷ! ജയ
- വരദ! നാരായണ! വൈകുണ്‌ഠ! ജയ ജയ." 440
- ചതുരാനനനിതി സ്തുതിചെയ്തൊരുനേരം
- മധുരതരമതിവിശദസ്മിതപൂർവം
- അരുളിച്ചെയ്തു നാഥ "നെന്തിപ്പോളെല്ലാവരു-
- മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
- വരുവാൻ മൂലമതു ചൊല്ലുകെ"ന്നതു കേട്ടു
- സരസീരുഹഭവനീവണ്ണമുണർത്തിച്ചുഃ
- "നിന്തിരുവടിതിരുവുളളത്തിലേറാതെക-
- ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുളളതു പോറ്റീ!
- എങ്കിലുമുണർത്തിക്കാം മൂന്നു ലോകത്തിങ്കലും
- സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 450
- പൌലസ്ത്യതനയനാം രാവണൻതന്നാലിപ്പോൾ
- ത്രെയിലോക്യം നശിച്ചിതു മിക്കതും ജഗൽപതേ!
- മദ്ദത്തവരബലദർപ്പിതനായിട്ടതി-
- നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
- ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
- നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
- പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
- നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.
- യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല
- യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 460
- ധർമ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാൻ
- ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
- മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
- മൃത്യുവെന്നതും മുന്നേ കൽപിതം ജഗൽപതേ!
- നിന്തിരുവടിതന്നെ മർത്ത്യനായ്പിറന്നിനി
- പങ്‌ക്തികന്ധരൻതന്നെക്കൊല്ലണം ദയാനിധേ!
- സന്തതം നമസ്‌കാരമതിനു മധുരിപോ!
- ചെന്തളിരടിയിണ ചിന്തിക്കായ്‌വരേണമേ!"
- പത്മസംഭവനിത്ഥമുണർത്തിച്ചതുനേരം
- പത്മലോചനൻ ചിരിച്ചരുളിച്ചെയ്താനേവംഃ 470
- "ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
- പുത്രലാഭാർത്ഥം പുരാ കശ്യപപ്രജാപതി.
- ദത്തമായിതു വരം സുപ്രസന്നേന മയാ
- തദ്വചസ്സത്യം കർത്തുമുദ്യോഗമദ്യൈവ മേ.
- കശ്യപൻ ദശരഥനാംനാ രാജന്യേന്ദ്രനായ്
- കാശ്യപീതലേ തിഷ്‌ഠത്യധുനാ വിധാതാവേ!
- തസ്യ വല്ലഭയാകുമദിതി കൌസല്യയും
- തസ്യാമാത്മജനായി വന്നു ഞാൻ ജനിച്ചീടും.
- മത്സഹോദരന്മാരായ് മൂന്നുപേരുണ്ടായ്‌വരും
- ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി 480
- യോഗമായാദേവിയും ജനകാലയേ വന്നു
- കീകസാത്മജകുലനാശകാരിണിയായി
- മേദിനിതന്നിലയോനിജയായുണ്ടായ്‌വരു-
- മാദിതേയന്മാർ കപിവീരരായ്പിറക്കേണം.
- മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
- വേദന തീർപ്പനെന്നാ"ലെന്നരുൾചെയ്തു നാഥൻ
- വേദനായകനെയുമയച്ചു മറഞ്ഞപ്പോൾ
- വേധാവും നമസ്‌കരിച്ചീടിനാൻ ഭക്തിയോടെ.
- ആദിതേയന്മാരെല്ലാമാധിതീർന്നതുനേര-
- മാദിനായകൻ മറഞ്ഞീടിനോരാശനോക്കി 490
- ഖേദവുമകന്നുളളിൽ പ്രീതിപൂണ്ടുടനുടൻ
- മേദിനിതന്നിൽ വീണു നമസ്‌കാരവുംചെയ്താർ.
- മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
- വേധാവും ദേവകളോടരുളിച്ചെയ്താനേവം.
- "ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
- മാനവപ്രവരനായ്‌വന്നവതരിച്ചീടും
- വാസരാധീശാന്വയേ സാദരമയോദ്ധ്യയിൽ;
- വാസവാദികളായ നിങ്ങളുമൊന്നുവേണം.
- വാസുദേവനെപ്പരിചരിച്ചുകൊൾവാനായി-
- ദ്ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം, 500
- മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
- ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ
- കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങൾതോറും
- വാനരപ്രവരന്മാരായേതും വൈകിടാതെ."
- സുത്രാമാദികളോടു പത്മസംഭവൻ നിജ
- ഭർത്തൃശാസനമരുൾചെയ്തുടൻ കൃതാർത്ഥനായ്
- സത്യലോകവും പുക്കു സത്വരം ധരിത്രിയു-
- മസ്തസന്താപമതിസ്വസ്ഥയായ് മരുവിനാൾ.
- തൽക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
- രൊക്കവേ ഹരിരൂപധാരികളായാരല്ലോ. 510
- മാനുഷഹരിസഹായാർത്ഥമായ് തതസ്തതോ
- മാനുഷഹരിസമവേഗവിക്രമത്തോടെ
- പർവതവൃക്ഷോപലയോധികളായുന്നത-
- പർവതതുല്യശരീരന്മാരായനാരതം
- ഈശ്വരം പ്രതീക്ഷമാണന്മാരായ് പ്ലവഗവൃ-
- ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ.