അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/പുത്രലാഭാലോചന
ദൃശ്യരൂപം
←ശിവൻ കഥ പറയുന്നു | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
ശ്രീരാമാവതാരം→ |
- അമിതഗുണവാനാം നൃപതി ദശരഥ-
- നമലനയോദ്ധ്യാധിപതി ധർമ്മാത്മാ വീരൻ
- അമരകുലവരതുല്യനാം സത്യപരാ-
- ക്രമനംഗജസമൻ കരുണാരത്നാകരൻ 520
- കൌസല്യാദേവിയോടും ഭർത്തൃശ്രുശ്രൂഷയ്‌ക്കേറ്റം
- കൌശല്യമേറീടും കൈകേയിയും സുമിത്രയും
- ഭാര്യമാരിവരോടും ചേർന്നു മന്ത്രികളുമായ്
- കാര്യാകാര്യങ്ങൾ വിചാരിച്ചു ഭൂതലമെല്ലാം
- പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
- പരിതാപേന ഗുരുചരണാംബുജദ്വയം
- വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ
- നന്ദനന്മാരുണ്ടാവാനെന്നരുൾചെയ്തീടണം.
- പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദിസ-
- മ്പത്തു സർവവും ദുഃഖപ്രദമെന്നറിഞ്ഞാലും.' 530
- വരിഷ്‌ഠതപോധനൻ വസിഷ്‌ഠനതു കേട്ടു
- ചിരിച്ചു ദശരഥനൃപനോടരുൾചെയ്തുഃ
- "നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-
- നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
- വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോൾ
- ചെയ്‌ക നീ ഗുണനിധേ! പുത്രകാമേഷ്ടികർമ്മം."
- അശ്വമേധവും പുത്രകമേഷ്ടിയും
- തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ
- മന്നവൻ വൈഭണ്ഡകൻതന്നെയും വരുത്തിനാൻ.
- ശാലയും പണിചെയ്തു സരയൂതീരത്തിങ്കൽ
- ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540
- അശ്വമേധാനന്തരം താപസന്മാരുമായി
- വിശ്വനായക സമനാകിയ ദശരഥൻ
- വിശ്വനായകനവതാരംചെയ്‌വതിനായി
- വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികർമ്മം
- ഋശ്യശൃംഗനാൽ ചെയ്യപ്പെട്ടൊരാഹൂതിയാലേ
- വിശ്വദേവതാഗണം തൃപ്തമായതുനേരം
- ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
- ഹോമകുണ്ഡത്തിൽനിന്നു പൊങ്ങിനാൻ വഹ്നിദേവൻ.
- 'താവകം പുത്രീയമിപ്പായസം കൈക്കൊൾക നീ
- ദേവനിർമ്മിത'മെന്നു പറഞ്ഞു പാവകനും 550
- ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
- താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
- ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂർവം
- ദക്ഷനാം ദശരഥൻ തൽക്ഷണം പ്രീതിയോടെ
- കൌസല്യാദേവിക്കർദ്ധം കൊടുത്തു നൃപവരൻ
- ശൈഥില്യാത്മനാപാതി നല്‌കിനാൻ കൈകേയിക്കും.
- അന്നേരം സുമിത്രയ്‌ക്കു കൌസല്യാദേവിതാനും
- തന്നുടെ പാതി കൊടുത്തീടിനാൾ മടിയാതെ.
- എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
- മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 560
- തൽപ്രജകൾക്കു പരമാനന്ദംവരുമാറു
- ഗർഭവും ധരിച്ചിതു മൂവരുമതുകാലം
- അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ
- വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ
- ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളു-
- മുൽപലാക്ഷികൾക്കനുവാസരം ക്രമത്താലെ
- ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചുവരുംതോറു-
- മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും.
- തൽപ്രണയിനിമാർക്കുളളാഭരണങ്ങൾപോലെ
- വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും 570
- അൽപമായ് ചമഞ്ഞിതു സന്താപം ദിനംതോറു-
- മൽപഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം.
- സീമന്തപുംസവനാദിക്രിയകളുംചെയ്തു
- കാമാന്തം ദാനങ്ങളും ചെയ്തിതു നരവരൻ.