Jump to content

വൈരുധ്യാത്മക ഭൗതികവാദം/പഴയതിൽ നിന്ന് പുതിയതിലേക്ക്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)
രചന:എം.പി. പരമേശ്വരൻ
പഴയതിൽ നിന്ന് പുതിയതിലേക്ക്


[ 114 ]

10

പഴയതിൽ നിന്ന്

പുതിയതിലേക്ക്


ല്ലാ വസ്തുക്കളിലും പ്രക്രിയകളിലും ഉള്ള ആന്തരികമായ വൈരുധ്യങ്ങളാണ് അവയുടെ ചലനത്തിന് , വളർച്ചക്ക് , പ്രേരകമായ ബലം നൽകുന്നതെന്ന് കാണുകയുണ്ടായല്ലൊ. ഈ വിരുദ്ധജോടികളിൽ ഒന്ന് വളരുന്നതും മറ്റേത് തളരുന്നതുമായി കാണാം. വർഗവിഭക്തസമൂഹങ്ങളിൽ , ഉൽപാദനശക്തികളുടെ വളർച്ചക്ക് തടസ്സമായി നിൽക്കുന്ന പഴയ ഉൽപാദനവ്യവസ്ഥയെ നിലനിർത്താൻ ശ്രമിക്കുന്ന ശക്തികളും (വർഗങ്ങളും) ഉൽപാദനശക്തികളുടെ വളർച്ചയിൽ താൽപര്യമുള്ളതും അതിനാൽ അനുകൂലമായ പുതിയ സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കാൻ വേണ്ടി പഴയതിനെതിരെ സമരം ചെയ്യുന്നതും ആയ ശക്തികളും ഉണ്ടെന്ന് കാണാം, ഉൽപാദനശക്തികൾ സദാ വളരുന്നു; കാലം ചെല്ലുന്നതിനനുസരിച്ച് മനുഷ്യസമൂഹത്തിന്റെ ഒട്ടാകെയുള്ള അനുഭവസമ്പത്ത് ഒരിക്കലും കുറയുകയില്ല. ഉൽപാദനോപകരണങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട് വരുന്നു.(സൈന്ധവ സംസ്കാരത്തിന്റെ നേരെയുണ്ടായ ആര്യൻ ആക്രമണത്തെപ്പോലെ ഒരു അണുബോമ്പുയുദ്ധം നടന്ന് മനുഷ്യരാശി ഒന്നടങ്കം ചത്തൊടുങ്ങിയില്ലെങ്കിൽ) അങ്ങനെ ഉൽപാദനശക്തികൾ വളരുക തന്നെ ചെയ്യും എന്നാണ് ചരിത്രം കാണിക്കുന്നത്. അപ്പോൾ ഒരു കാര്യം തീർച്ച. ഏതൊരു സമൂഹത്തിലെയും വളരുന്ന ശക്തി (വർഗം) ഉൽപാദന ശക്തികളുടെ വളർച്ചയെ സഹായിക്കുന്നതാണ്. അതിനെ എതിർകുന്ന [ 115 ] ശക്തി (വർഗം) നശിക്കാതെ നിവൃത്തിയില്ല. ഈ പുരോഗമനകാരി വർഗം (ശക്തി) പഴയ സാമൂഹ്യവ്യവസ്ഥക്കുള്ളിൽ തന്നെ ക്രമത്തിൽ ക്രമത്തിൽ കരുത്താർജ്ജിച്ചുവരിയകയും (അളവിലുള്ള മാറ്റം) അവസാനം വിപ്ലവകരമായ മാറ്റം (എടുത്തുചാട്ടം) വഴി പഴയ സാമൂഹ്യവ്യവസ്ഥ തകർത്ത് പുതിയ സാമൂഹ്യവ്യവസ്ഥക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയുടെ നിയമമാണ് നേരത്തെ കണ്ട ഗുണവും അളവും തമ്മിലുള്ള ബന്ധത്തിന്റെ നിയമം. ഈ പ്രക്രിയക്ക് തുടർച്ചയായി മുന്നോട്ടു നീങ്ങുന്ന വളർച്ചയുടേതായ ഒരു സ്വഭാവമുണ്ട്. അതാണ് നിഷേധത്തിന്റെ നിഷേധം എന്ന മൂന്നാമത്തെ വൈരുധ്യാത്മക ചലനനിയമം വ്യക്തമാക്കുന്നത്.

ആന്തരിക വൈരുധ്യപ്രേരിതമായ സ്വയം ചലനത്തിന്റെ ഫലമായുണ്ടാകുന്ന ഗുണപരമായ മാറ്റത്തെ, പഴയത് മാറി പുതിയ ഒന്ന് ഉണ്ടാകുന്നതിനെ ആണ് നിഷേധം എന്നു പറയുന്നത്. ഈ എടുത്തുചാട്ട പ്രക്രിയക്കെന്നപോലെ, മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന പുതിയതിനെയും (പഴയതിന്റെ) നിഷേധം എന്നു പറയും. അങ്ങനെ നിഷേധം എന്നതുകൊണ്ട് പ്രക്രിയയെ മാത്രമല്ല, പ്രക്രിയയുടെ ഫലമായുണ്ടാകുന്ന വസ്തുവിനെയും കുറിക്കുന്നു. ഈ പുതിയതിലും അതിന്റെ വളർചക്ക് ആധാരഭൂതമായ വൈരുധ്യങ്ങൾ, വിരുദ്ധ ശക്തികളുടെ ജോടികൾ, ഉണ്ടായിരിക്കും. ഇതിലും ഒന്ന്, ഈ പുതിയതിനെ നില നിർതാൻ ശ്രമിക്കുന്നതും മറ്റേത് അതിനെ മാറ്റി അതിനേക്കാൾ പുതുതായി ഒന്നുണ്ടാക്കാൻ ശ്രമിക്കുന്നതും ആയിരിക്കും. അവസാനം അത് സംഭവിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ അവസാനത്തേത്, അതിൽ മുമ്പത്തേതിന്റെ നിഷേധമായി, 'നിഷേധത്തിന്റെ നിഷേധ'മായി ഭവിക്കുന്നു. ഇതാണ് അടിമത്തത്തിൽ നിന്ന് നാടുവാഴിത്തത്തിലേക്കും അതിൽനിന്ന് മുതലാളിത്തത്തിലേക്കുമുള്ള പരിവർതനത്തിൽ നാം കണ്ടത്. സസ്യപ്രപഞ്ചത്തിലും ജന്തുപ്രപഞ്ചത്തിലും ഒക്കെ വിവിധ രൂപങ്ങളിൽ ഇത് കാണാവുന്നതാണ്.

ഉദാഹരണത്തിന്, നമുക്കൊരു പയറിൻ ചെടിയെടുക്കുക. അത് വളർന് പുഷ്പിച്ച് ഫലം തന്ന് അവസാനം അളിഞ്ഞ് മണ്ണടിയുന്നു; അവശേഷിക്കുന്നത് വിത്താണ്. ഈ വിത്ത് അനുകൂല സാഹചര്യങ്ങളിൽ മുളച്ച് (സ്വയം നശിച്ച്) ചെടിയായി വളർന് പുഷ്പിച്ച് കൂടുതൽ വിത്തുകൾ നൽകുന്നു. ഈ പ്രകിയ അനുസ്യൂതമായി തുടരുന്നതാണ്. ഇവിടെ ചെടിയുടെ വളർചക്കും വിത്തുൽപാദനത്തിനും ആവശ്യമായ ബലങ്ങൾ നാം പുറമേനിന്ന് ഏൽപിക്കുന്നവയല്ല. ചെടിയിൽ തന്നെ അടങ്ങിയിട്ടുള്ളവയാണ്. ബാഹ്യമായ സംഗതികൾ-സൂര്യവെളിച്ചം, വെള്ളം, മണ്ണ്, വളം മുതലായവ-അതിനെ സഹായിക്കുന്നു എന്നുമാത്രം. അതുപോലെ വിത്ത് മുളച്ച് ചെടിയായിത്തീരുന്ന പ്രക്രിയയും ആന്തരിക സ്വഭാവമാണ്-ബാഹ്യബലപ്രയോഗം കൊണ്ട് നടക്കുന്നതല്ല. ഇവിടെ വിത്ത് ചെടിയുടെ നിഷേധമാണ്. അടുത്ത ചെടി ഈ വിത്തിന്റെ നിഷേധവും. അത് നിഷേധിക്കപ്പെട്ട് വീണ്ടും വിത്തുണ്ടാകുന്നു. പക്ഷേ ആദ്യം ഒരു വിത്തുണ്ടായിരുന്നത് ഇപ്പൊൾ നിരവധി വിത്തുകളായി മാറി. അങ്ങനെയാണ് വളർച, വികാസം സംഭവിക്കുന്നത്. ചിലപ്പോൾ ചില പുതിയ സവി [ 116 ] സവിശേഷതകൾ കൈവന്നെന്നും വരും - മ്യൂട്ടേഷന്റെയും മറ്റും ഫലമായി നിഷേധത്തിന്റെ നിഷേധം എന്ന നിയമത്തിന്റെ എല്ലാവശങ്ങളും ഈ ഉദാഹരണത്തിൽ പ്രകടമാകുന്നില്ല.

പ്രാകൃതമായ കല്ലു്, ചെത്തി മുർച്ചകൂട്ടിയ കല്ലു്, ഓട്ടുളി, ഇരുമ്പുളി, കട്ടിങ് മെഷിനുകൾ...മരത്തടി, ഇരുമ്പുകുടം, ഹൈഡ്രോളിൿഫോർജ്ജ് ... തുളക്കോൽ, തിരി ഉളി, ഡ്രിൽ, ലേസർ, ബീം....മരക്കമ്പ്, മരക്കലപ്പ, ഇരുമ്പുകലപ്പ, ട്രാക്ടർ ഉല്പാദനോപകരണങ്ങളുടെ വളർച്ച വ്യക്തമാണ്.

ഈ വിശദീകരണങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നു. വസ്തുവിനോ പ്രതിഭാസത്തിനോ പുറമെനിന്ന് അതിനകത്തേക്ക് കുത്തിച്ചെലുത്തുന്ന ഒന്നല്ല നിഷേധം. മറിച്ച്, അതിന്റെ ആന്തരികമായ ചലനത്തിന്റെ, വളർച്ചയുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. സമൂഹത്തിന്റെ മാറ്റത്തിന്റെ കാര്യത്തിൽ നാമിത് വ്യക്തമായി കണ്ടതാണ്.

ഗുണപരമായ മാറ്റം സംഭവിക്കുക എന്ന് പറയുന്നത് ആദ്യമുണ്ടായിരുന്നതിന്റെ പൂർണ്ണനാശം സംഭവിക്കലല്ല. എങ്കിൽ മാറ്റം എന്ന് പറയില്ലല്ലോ. വെള്ളം തിളച്ച് ആവിയാകുമ്പോൾ, അതിന്റെ രാസചേരുവക്ക് മാറ്റം വരുന്നില്ല. പുതിയ ചില ഗുണങ്ങൾ സിദ്ധിക്കുകയും പഴയ ചിലവ നഷ്ടപ്പെടുകയും മാത്രമാണ് ചെയ്യുന്നത്. ചിലർ നിഷേധം എന്ന പദത്തെ "നാശം" എന്ന പദത്തിന് തുല്യാർത്ഥത്തിലാണ് കണക്കാക്കുന്നത്. അത് ശരിയല്ല. അടിമത്തവ്യവസ്ഥ മാറി (നിഷേധിക്കപ്പെട്ട്) ഫ്യൂഡലിസ്റ്റ് വ്യവസ്ഥ വന്നപ്പോൾ അന്നേവരെ ആർജ്ജിച്ചിരുന്ന അനുഭവങ്ങളും, അറിവുകളും നശിക്കുകയുണ്ടായില്ല. ഭാഷ മാറിയില്ല. കല, സംസ്കാരം മുതലായവയുടെ ഉള്ളടക്കത്തിൽ ക്രമത്തിൽ മാറ്റം വന്നെങ്കിലും രൂപത്തിൽ വലിയ മാറ്റം വന്നില്ല. പുരോഗതിക്ക് തടസ്സമായവ മാത്രമേ മാറിയുള്ളു. സാങ്കേതികവിദ്യകളും മറ്റ് വിജ്ഞാനങ്ങളും നശിപ്പിക്കപ്പെട്ടില്ല. നാടുവാഴിത്തവ്യവസ്ഥയിൽ നിന്ന് മുതലാളിത്തവ്യവസ്ഥയിലേക്ക് മാറിയപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. നാടുവാഴിത്ത വ്യവസ്ഥയിലെ ജീർണ്ണിച്ചവയും പുരോഗമനവിമുഖവുമായ കാര്യങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. പുരോഗമനപരവും നല്ലതും ആയ കാര്യങ്ങൾ എല്ലാം നിലനിർത്തപ്പെട്ടു. ഗണിതവും, രസതന്ത്രവും സാഹിത്യവും ഒന്നും നശിച്ചില്ല. അവയെല്ലാം ഉല്പാദനശക്തിയുടെ വളർച്ചയെ സഹായിക്കുന്നവയായിരുന്നു. നശിപ്പിക്കപ്പെട്ടത് ഉല്പാദനശക്തിയുടെ വളർച്ചക്ക് വിഘാതമായിനിന്നിരുന്ന സ്വത്തുടമാവന്ധങ്ങളും നാടുവാഴി-അടിയാള ബന്ധങ്ങളും ആണ്.

ഒക്ടോബർ വിപ്ലവത്തിനുശേഷം വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന എല്ലാ കലാ-സാഹിത്യ സമ്പത്തുകളും നശിപ്പിക്കണം. അവ ബൂർഷ്വാസിയുടെതാണ്. തൊഴിലാളിവർഗ്ഗത്തിന്റെതായ തികച്ചും പുതുതായ കലകൾക്ക് രൂപംകൊടുത്ത് വളർത്തിക്കൊണ്ട് വരണം എന്ന് വാദിച്ചവർ ഉണ്ടായിരുന്നു. ടോൾസ്റ്റോയിയും ഗോഗളും മയ്ക്കോവ്‌സ്കിയും ലമൊണലൊവും എല്ലാം ഇക്കൂട്ടർക്ക് വർജ്ജ്യമായിരുന്നു. അവരുടെ സൃഷ്ടികൾ ഏതെങ്കിലും ഒരു പ്രത്യേകവർഗ്ഗത്തിന്റെ മാത്രമല്ലെന്നും ജനങ്ങളുടെ ആകെയുള്ള മഹത്തായ [ 117 ] പാരമ്പര്യത്തിന്റെ ഒരു ഭാഗമാണെന്നും പ്രൊല്യേത്കുൽത് (തൊഴിലാളിവർഗസംസ്കാര) വാദികൾക്ക് മനസിലാക്കിക്കൊടുക്കാൻ ലെനിന് ഏറെ പാടുപെടേണ്ടി വന്നു.

ഇന്നലത്തേതിന്റെ തുടർചയാണ്, ഇന്നത്തേത്, നാളത്തേത് ഇന്നത്തേതിന്റെ തുടർചയും. ഭൂതത്തിൽനിന്ന് തികച്ചും സ്വതന്ത്രമായ ഒരു വർതമാനവും ഭാവിയുമില്ല. നാമിങ്ങനെ ചില കാര്യങ്ങൾ പഠിക്കുകയും ചർചിക്കുകയും ചെയ്യുന്നു എന്നതുതന്നെ അതിന്റെ തെളിവാണ്. മാർക്സിയൻ ദർശനത്തെക്കുറിച്ചും തൊഴിലാളിവർഗ്ഗത്തെക്കുറിച്ചും തെറ്റായ ധാരണകൾ മാത്രം പുലർത്തുന്ന കൂട്ടർ (കരുതിക്കൂട്ടിയും അല്ലാതെയും) പുലമ്പുന്ന പല വിഡ്ഢിത്തങ്ങളിൽ ഒന്നാണ്, നമ്മുടെ പ്രാചീന സംസ്കാരത്തിന്റെ എല്ലാ നേട്ടങ്ങളെയും അവർ നശിപ്പിക്കുമെന്ന്- അമ്പലങ്ങൾ തല്ലിത്തകർകുമത്രെ. പുസ്തകങ്ങൾ ചുട്ടുകരിക്കുമത്രെ, പഴയ ചിത്രങ്ങളും സംഗീതങ്ങളും നിഷേധിക്കുമത്രേ. എത്ര തെറ്റായ ധാരണകൾ! ഭൂതകാലത്തിന്റെ നല്ല നേട്ടങ്ങളെ ഏറ്റവും ശ്രദ്ധയോടുകൂടി കാത്തുസൂക്ഷിക്കാൻ തൊഴിലാളിവർഗത്തിനേ കഴിയൂ. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിനുള്ളിൽ ശാസ്ത്രീയ സംഗീതം, ബാലെ നൃത്തം മുതലായ മുൻകാല സമൂഹങ്ങൾ വളർതിയിട്ടുള്ള കലകൾക്ക് സോവിയറ്റ് യൂണിയനിൽ ലഭിച്ച പ്രോത്സാഹനവും വളർചയും അമേരിക്കയിൽ ലഭിച്ചതുമായി താരതമ്യപ്പെടുത്തിനോക്കുമ്പോൾ അത് വ്യക്തമാകുന്നുണ്ട്. പണ്ട് ഉന്നതകുലജാതർക്കും പണക്കാർക്കും മാത്രം ലഭ്യമായിരുന്ന ആ കലകൾ ഇന്ന് സോവിയറ്റ് യൂണിയനിൽ ജനകീയമായിരിക്കുന്നു. ജനങ്ങളുടെ ആസ്വാദനശേഷി വളർന്നിരിക്കുന്നു. കാരണം, ഈ കലകൾ ഒന്നും തന്നെ അന്നും നാടുവാഴികളുടേയോ ബൂർഷ്വാസികളുടെയോ മാത്രം സൃഷ്ടികളായിരുന്നില്ല. മുഴുവൻ ജനങ്ങളുടേയും സ്വത്തായിരുന്നു. എന്നാൽ മറ്റു സ്വത്തുക്കളെപ്പോലെ ഇതിനും ജന്മം കൊടുക്കാൻ മാത്രമേ അധ്വാനിക്കുന്ന ജനവിഭാഗത്തിന് സൗകര്യമുണ്ടായിരുന്നുള്ളൂ. ആസ്വദിക്കാൻ സമയമോ സൗകര്യമോ ഉണ്ടായിരുന്നില്ല! അത് ലഭിക്കുന്നതോടെ കലകൾ പൂർവാധികം ഊർജസ്വലതയോടെ വളരുന്നു. ശാസ്ത്രങ്ങൾ വളരുന്നു. ഉൽപാദനശക്തികൾ വളരുന്നു-എല്ലാം വളരുന്നു.

നമ്മുടെ സൗരയൂഥം രൂപം കൊന്റപ്പോൾ വെറും മൂലകങ്ങളും അതിലളിതങ്ങളായ ഏതാനും യൗഗികങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയുടെ വികാസത്തിലൂടെ ഭൂമുഖത്തുള്ള പദാർഥങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണങ്ങളായി; അവസാനം കാർബണിക യൗഗികങ്ങളും ജീവന്റെ പ്രാഥമികരൂപങ്ങളും ഉണ്ടായി. ലളിത ജീവരൂപങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണങ്ങളായി. ജന്തുവർഗം രൂപം കൊണ്ടു; മനുഷ്യക്കുരങ്ങുകൾ ഉണ്ടായി. അവയിൽ നിന്ന് പ്രാകൃതമനുഷ്യൻ രൂപം കൊണ്ടു. ഭാഷയും സമൂഹവും ഉണ്ടായി. പ്രാകൃത സാമൂഹ്യ വ്യവസ്ഥമാറി, അടിമത്ത, നാടുവാഴിത്ത, മുതലാളിത്ത, സോഷ്യലിസ്റ്റ് വ്യവസ്ഥകൾ ഒന്നിനൊന്ന് പിറകെയായി രൂപം കൊണ്ടു. [ 118 ] പുരോഗതി എന്ന വാക്കുകൊണ്ടു് ഇതൊക്കെയല്ലാതെ മറ്റെന്താണു് അർത്ഥമാക്കേണ്ടതു്? 'പഴയ നല്ലകാല'ത്തെ വിളിച്ചുകേഴുന്ന പലരെയും ഇന്നും കാണാം.. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി മനുഷ്യനെ മുമ്പോട്ടല്ല, പിറകോട്ടാണു് നയിച്ചിരിക്കുന്നതു് എന്നു് ഇവർ മുറവിളികൂട്ടുന്നു. മതം മനുഷ്യനു് നൽകിയ സാമൂഹ്യമൂല്യങ്ങളെ ശാസ്ത്രം നശിപ്പിച്ചു. ഇന്നു് ഭൗതികജീവിതത്തിലേ ജനങ്ങൾക്കു് വിചാരമുള്ളു. അദ്ധ്യാത്മിക ചിന്തകളൊന്നുമില്ല. എന്നൊക്കെ വിലപിക്കുന്നവരുണ്ടല്ലൊ. വെറും കാർബൺ, ഹൈഡ്രജൻ മുതലായ മൂലകങ്ങളിൽനിന്നുതുടങ്ങി ഇത്രയും സങ്കീർണ്ണങ്ങളായ വികാസപ്രക്രിയയിലൂടെ മദ്ധ്യകാലത്തിലെ മനുഷ്യ സമൂഹം വരെയുള്ള ചലനം വളർച്ചയും അവിടന്നിങ്ങോട്ടു് എല്ലാം തളർച്ചയും ആണെന്നു് വാദിക്കുന്നതു് എത്ര അർത്ഥശൂന്യമാണു്.

'നിഷേധത്തന്റെ നിഷേധ'ത്തിലൂടെയുള്ള വളർച്ചയ്ക്കു് പുരോഗമനത്തിന്റെ സ്വഭാവം മാത്രമല്ല ഉള്ളതു്, വളർച്ചയുടെ നിരക്കു് സദാ ത്വരിതപ്പെടുന്ന ഒരു സ്വഭാവം കൂടി ഉണ്ടു്. ആദ്യത്തെ ജീവരൂപങ്ങൾ പ്രത്യക്ഷപ്പെട്ടശേഷം ഏതാണ്ടു് 350 കോടി കൊല്ലം വേണ്ടി വന്നു മനുഷ്യന്റെ പൂർവ്വികനായ മനുഷ്യകുരങ്ങിലേക്കെത്തുവാൻ, അവിടെ നിന്നു് മനുഷ്യനിലേക്കുള്ള വളർച്ച ലക്ഷക്കണക്കിനു് കൊല്ലംകൊണ്ടാണുണ്ടായതു്, വേട്ടയാടി ഫലമുലാദികൾ പറിച്ചു് ആഹാരം സമ്പാദിച്ചുകൊണ്ടുനടന്ന പ്രാകൃതസമൂഹത്തിന്റെ കാലം പരിനായിരക്കണക്കിനു് കൊല്ലങ്ങളായിരുന്നു. അടിമത്ത വ്യവസ്ഥ ഏതാനും ആയിരം കൊല്ലങ്ങളെ നീണ്ടുനിന്നുള്ളു നാടുവാഴിത്തമാകട്ടെ ഏതാനും നൂറ്റാണ്ടുകളും.. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം അതിലും വേഗത്തിലാണു് നടക്കുന്നതു്. അതിന്റെ വേഗം കൂടിവരുന്നതാണു്.

മറ്റൊരു സ്വഭാവം കൂടി കാണാം. വിത്തിന്റെ നിഷേധത്തിന്റെ നിഷേധം വിത്തുകൾ, കൂടുതൽ വിത്തുകൾ ആണെന്നു് കണ്ടല്ലൊ. ഒരു തരത്തിലുള്ള ആവർത്തനമാണിവിടെ കാണിക്കുന്നതു്. രാസമൂലകങ്ങൾ ഒന്നു് മറ്റൊന്നിൽ നിന്നു് വ്യത്യസ്തമാകുന്നതു് അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെ എണ്ണംകൊണ്ടാണല്ലൊ. സോഡിയത്തിന്റെ അണുകേന്ദ്രത്തിൽ 11 പ്രോട്ടോണുകളുണ്ടു്. ഒരു പ്രോട്ടോൺ ചേർത്താൽ മഗ്നീഷ്യം കിട്ടുന്നു. ഒന്നുകൂടി ചേർത്താൽ അലുമിനിയം. പിന്നെയും ഒന്നുകൂടി ചേർത്താൽ സിലിക്കൺ. ഗുണധർമ്മങ്ങൾ തികച്ചും വ്യത്യസ്തം. അവസാനം ആകെ എട്ടു പ്രോട്ടോണുകൾ ചേർക്കുമ്പോൾ പൊട്ടാസ്യം ലഭിക്കുന്നു. ഇതിനു് സോഡിയവുമായി വളരെയധികം സാദൃശ്യമുണ്ടു്. ഏതാണ്ടു് ഒരു ആവർത്തനംപോലെയാണു്. വളർച്ചയുടെ ചില ഘട്ടങ്ങളിൽ പണ്ടു് താണ്ടിയ ചില ഘട്ടങ്ങൾ ആവർത്തിക്കുന്നതായി, വീണ്ടും പ്രത്യക്ഷപ്പെടുന്നതായി, തോന്നുന്നു. ഇതു് പഴയതിന്റെ തനി ആവർത്തനമല്ല എന്നു് പ്രത്യേകം ഓർക്കണം. ചില സാമ്യങ്ങൾ കാണും. അതു് കണ്ടു് പഴയതു് ആവർത്തിക്കുകയാണ് എന്നു് തെറ്റിദ്ധരിക്കേണ്ട - "ജനനം, മരണം, പുനരപിജനനീജഠരേശയനം" ചതുർയുഗം, പ്രളയം മുതലായവയൊക്കെ [ 119 ] സിദ്ധാന്തങ്ങളാണ്. പക്ഷേ, ഇവയിലൊക്കെ ഒരു ചക്രവും അതിനുമുമ്പത്തെ ചക്രവും തമ്മിൽ യാതൊരു ബന്ധവുമില്ല. രണ്ടിനും ഇടക്ക് പൂർണ്ണമായ വിടവാണ്. എല്ലാം 'ആദ്യേം പുതീം' തുടങ്ങണം. പ്രാകൃതമൂല്യങ്ങളിൽ നിന്ന് ആദ്യജീവരൂപങ്ങളിലേക്ക്, അവിടെ നിന്ന് സങ്കീർണ്ണ ജീവികൾ, മനുഷ്യകുരങ്ങൻ, മനുഷ്യൻ, വിവധ സാമൂഹ്യവ്യവസ്ഥകൾ... എന്നിങ്ങനെയുള്ള യാന്ത്രികമായ ആവർതനം! ഇതൊക്കെ തെറ്റാണ്. നിഷേധത്തിൻറെ നിഷേധത്തിലൂടെയുള്ള വളർച്ചയിൽ കാണുന്നത് ഇത്തരത്തിലുള്ള ആവർത്തനമല്ല എന്നോർക്കണം. വികാസം, ചലനം, മാറ്റം, വളർച്ച - സദാ മുന്നോട്ടാണ്. (നിർവചനപ്രകാരം എന്നു വേണമെങ്കിൽ എടുക്കാം.) പഴയ ഒന്നും അതുപോലെ ആവർതിക്കപ്പെടുന്നില്ല. പഴയതിൻറെ ഗുണധർമ്മങ്ങളിൽ ചിലവ പുതിയതിൽ കണ്ടെന്നുവരാം. അത്രമാത്രം.

     


അങ്ങനെ മാറ്റത്തിന്റെ നിയമങ്ങൾ ഏവയെന്ന് നാം കണ്ടു. മാറ്റത്തിന്, ചലനത്തിന് നിദാനമായ ബലം വിപരീതങ്ങളുടെ സംഘട്ടനമാണ് എന്നും മാറ്റത്തിന്റെ രീതി, തുടർമാറ്റം-എടുത്തുചാട്ടം എന്ന വിധത്തിലാണ് എന്നും, ഇതിന്റെ ഫലമായി മൊത്തത്തിൽ പുരോഗമനാത്മകമായി മുന്നേറ്റം ഉണ്ടാകുന്നു എന്നും നാം കണ്ടു. അടിമത്തം 'ഹീന'മാണെങ്കിലും പ്രാകൃതസാമൂഹ്യവ്യവസ്ഥയെ അപേക്ഷിച്ച് അത് ഒരു മുന്നേറ്റമായിരുന്നു; നാടുവാഴിത്തം അവിടെ നിന്നും മുന്നേറി, പിന്നെ മുതലാളിത്തവും പിന്നിട്ട് സോഷ്യലിസത്തിലേക്കും അവിടന്നങ്ങോട്ട് കമ്യൂണിസത്തിലേക്കും മാനവരാശി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ സാമൂഹ്യവ്യവസ്ഥയും അതിനു മുമ്പുള്ളതിനെ നിഷേധിക്കുകയും പിന്നീടുവരുന്നതിനാൽ സ്വയം നിഷേധിക്കപ്പെടുകയും ചെയ്യുന്നു; ഈ നിഷേധ പ്രക്രിയ നടക്കുന്നതാകട്ടെ, താരതമ്യേന കുറഞ്ഞ ഒരു കാലയളവിനുള്ളിലും കുറെയൊക്കെ തീക്ഷ്‌ണമായ സംഘട്ടനങ്ങളിൽ കൂടെയും ആണ്. ഗോത്രയുദ്ധങ്ങളിലൂടെയാണ് അടിമത്തം നിലവിൽ‌വന്നത്. സ്പാർടക്കസ് തുടങ്ങിവെച്ച 'കലാപ'മാണ് അടിമത്തത്തിന്റെ വേരറുത്തത്. അന്നിട്ടും 19-ആം നൂറ്റാണ്ടിൽ നീഗ്രോകളെ അടിമകളാക്കി കച്ചവടം നടത്തിയിരുന്നു അമേരിക്കക്കാർ. അവരുടെ വിമോചനത്തിന്റെ കഥയാണ് ഫ്രീഡം റോഡ്. അബ്രഹാം‌ലിങ്കണ് തന്റെ ജീവനെത്തന്നെ ബലി നൽ‌കേണ്ടിവന്നു അതിന്. 17-18 നൂറ്റാണ്ടുകളിലെ രക്തരൂഷിതവൗമ്, ചില സ്ഥലങ്ങളിൽ അത്രതന്നെ രക്തരൂഷിതമല്ലാത്തതുമായ വിപ്‌ളവങ്ങൾ നാടുവാഴിത്തത്തിന്റെ അന്ത്യം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിൽ മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്ക് കടന്ന ഓരോ രാജ്യത്തിനും കനത്ത വില നൽകേണ്ടിവന്നിട്ടുൺറ്റ്. ഒക്ടോബർ വിപ്‌ളവം, തുടർന്നുണ്ടായ ആഭ്യന്തരയുദ്ധം, ചൈനീസ് വിപ്‌ളവം, ക്യൂബൻ വിപ്‌ളവം, വിയത്നാം, കംബോഡിയ...സോഷ്യലിസത്തിലേക്കുള്ള പരിവർതനത്തിന്റെ തീവ്രസമരത്തിനിടക്കാണ് ഇന്ന് നാം. ഓരോ [ 120 ] സാമൂഹ്യവ്യവസ്ഥയും തകരാനും പുതിയ ഒന്നു് രൂപപ്പെടാനും ഇടയാക്കിയതു് ഉല്പാദനശക്തിയും, ഉല്പാദനബന്ധങ്ങളും തമ്മിലുള്ള സംഘട്ടനമാണെന്നും കണ്ടു.

ഇന്നു് നടന്നുകൊണ്ടിരിക്കുന്ന വിപ്ലവസമരത്തിനു് നേതൃത്വം നൽകാൻ നിയുക്തരായിട്ടുള്ള തൊഴിലാളിവർഗ്ഗത്തിനു് അതിനു് കഴിയണമെങ്കിൽ, ഈ ചരിത്രപരവും ഭൗതികവാദപരവും ആയ വീക്ഷണം ഉണ്ടായേ തീരു. "ചെയ്ത വേലക്കു് ന്യായമായ കൂലി" എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടിരിക്കുന്നുവെന്നും "കൂലിവേലവ്യവസ്ഥ അവസാനിപ്പിക്കുക" എന്നതായിരിക്കണം മുദ്രാവാക്യമെന്നും ഒരു നൂറ്റാണ്ടിനു് മുമ്പുതന്നെ എംഗൽസ് നമ്മോടു് പറഞ്ഞിട്ടുണ്ടു്. അപ്പോൾ തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം 'ശാസ്ത്രബോധ'ത്തിന്റെ കാതലായ ഒരു വശം ഇതാണു്.

കൂലിവേല വ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നു

മത്സരാധിഷ്ഠിത സാമൂഹ്യവ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നു. ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥതയാണു് മത്സരത്തിനു് നിദാനം. അതൊഴിവാക്കാൻ ഉല്പാദന ഉപകരണങ്ങൾ പൊതു ഉടമയിലാക്കേണ്ടിയിരിക്കുന്നു.

ഈ അവസാനം പറഞ്ഞതിന്റെ ശാസ്ത്രീയമായ ന്യായീകരണം എന്താണെന്നു്, അതു് നമ്മുടെ ആത്മനിഷ്ഠമായ ആഗ്രഹം മാത്രമല്ലേ എന്നു് ചോദിച്ചേക്കാം. അല്ല. കാരണം, എല്ലാ ഉല്പാദന ഉപകരണങ്ങളും ഉണ്ടാക്കിയിട്ടുള്ളതു് ജനങ്ങളാണു് ഒരോന്നിനും നിരവധി നൂറ്റാണ്ടുകളിലായി, നിരവധി രാജ്യങ്ങളിലായി ജനിച്ചു്, അദ്ധ്വാനിച്ചു്, ജീവിച്ചു് മരിച്ചവരുടെ അദ്ധ്വാനത്തിന്റെ അംശം കാണാം. മാത്രമല്ല, അതിൽ മറ്റൊന്നും തന്നെ ഇല്ലതാനും. ഏതൊരു ഉപകരണവുമെടുത്തോളു, അതു് മുർത്തരൂപം കൊണ്ടിട്ടുള്ള മനുഷ്യാദ്ധ്വാനം മാത്രമാണു്. മറ്റൊന്നുമല്ല. വേണമെങ്കിൽ നമ്മുക്കു് കുറച്ചുകൂടി വിശദമായി പരിശോധിച്ചുനോക്കാം.

ഉദാഹരണത്തിനു് ലെയ്ഥ് ഒരു ഉല്പാദന ഉപകരണമാണു്. കളമശ്ശേരിയിലെ എച്ഛ് എം ടി ഫാക്ടറിയിൽ ഉണ്ടാക്കുന്ന ഒരു ലെയ്ഥ്, അതിൽ എന്തെല്ലാം അടങ്ങിയിട്ടുമ്ടു്. തൊഴിലാളികളുടെ അദ്ധ്വാനം അടങ്ങിയിട്ടുണ്ടു്. കൂടാതെ, ആ യന്ത്രമുണ്ടാക്കാനായി കളമശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്. ഇവയുടെ ഒരംശവും അതിൽ അടങ്ങിയിരിക്കും. അങ്ങനെ കളമശ്ശേരിയിൽ ഉണ്ടാക്കിയ യന്ത്രത്തിന്റെ - ഇതിനെ ഇന്നത്തെ യന്ത്രം എന്നു് വിളിക്കാം - ഘടന ഇങ്ങനെ കുറിക്കാം:

എച് എം ടി
ലെയ്ഥ് = കളമശ്ശേരിയിലെ തൊഴിലാളികളുടെ അദ്ധ്വാനം
+ അസംസ്കൃതപദാർത്ഥം
+ കളമശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിന്റെ (ഇന്നലത്തെ യന്ത്രത്തിന്റെ) ഒരംശം
[ 121 ]

ഉരുക്ക് ഭിലായിയിൽനിന്ന് വരുന്നു. അതിൽ ഭിലായിയിലെ തൊഴിലാളികളുടെ അധ്വാനവും കൽകരിഖനികളിൽ നിന്നും ഇരുമ്പുഖനികനികളിൽ നിന്നും മറ്റും അവിടെയുള്ള യന്ത്രങ്ങളുപയോഗിച്ച് അവിടത്തെ തൊഴിലാളികൾ കുഴിച്ചെടുത്തയച്ച അയിരും കൽക്കരിയും, റഷ്യയിലെ തൊഴിലാളികൾ റഷ്യ യിലെ അസംസ്കൃതപദാർത്ഥങ്ങളും യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് നിർമിച്ച് ഉരുക്കുമില്ലിന്റെ ഒരംശവും എല്ലാം അടങ്ങിയിരിക്കുന്നു. കളമശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രമാകട്ടെ, ചെക്കസ്ളവാക്യ യിലെ തൊഴിലാളികൾ അവിടെയുള്ള യന്ത്രങ്ങളും അസംസ്കൃതപദാർത്ഥങ്ങളും കൂട്ടിയുണ്ടാക്കിയിട്ടുള്ളതാണ്. റഷ്യ യിലും ചെക്കസ്ളവാക്യ യിലും ഈ യന്ത്രങ്ങൾ ഇന്നത്തേയും ഇന്നലത്തേയും യന്ത്രങ്ങൾകുമുമ്പ് ഉണ്ടായവയാണ്.


അപ്പോൾ എച് എം ടി

ലെയ്ഥ് = കളമശേരിയിലെ തൊഴിലാളികളുടെ അധ്വാനം
+ ഭിലായിലെ തൊഴിലാളികളുടെ അധ്വാനം + ഖനികളിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഒരംശം.
+ റഷ്യയിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെയും യന്ത്രത്തിന്റേയും ഒരംശം + ചെക്കസ്ളവാക്യയിലെ തൊഴിലാളികളുടേയും അധ്വാനത്തിന്റെയും യന്ത്രത്തിന്റേയും ഒരംശം

റഷ്യയിലുള്ള യന്ത്രം, വിപ്ലവത്തിനുമുമ്പ് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും കൊണ്ടു വന്നിട്ടുള്ള യന്ത്രങ്ങ‌ളുപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള യന്ത്രങ്ങൾകൊണ്ട് ഉണ്ടാക്കിയതാവാം. ചെക്കസ്ളവാക്യ യിലെ യന്ത്രം ഉണ്ടാക്കാൻ ഉപയോഗിച്ച യന്ത്രം ജർമനിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യത്തു നിന്നോ കൊണ്ടുവന്ന കൂടുതൽ പഴയ യന്ത്രങ്ങൾ ഉപയോഗിച്ചുണ്ടാക്കിയതാവാം. അപ്പോൾ അവയിലെല്ലാം അമേരിക്കയിലെയും ബ്രിട്ടണിലെയും ജർമനിയിലെയും ഒക്കെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഓരോ അംശവും അടങ്ങിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഓരോ യന്ത്രവും ഓരോ അസംസ്കൃതപദാർത്ഥവും അതിനുമുമ്പുള്ള യന്ത്രത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്നു വരുന്നു. ഈ ശൃംഖലയെ പിന്നോക്കം പിന്നോക്കം ചരിത്രകാലഘട്ടത്തിലേക്കും ചരിത്രാതീതകാലഘട്ടത്തിലേക്കും നീട്ടിക്കൊണ്ടുപോകയാണെങ്കിൽ, അവസാനം നാം ആദ്യത്തെ യന്ത്രത്തിലും അതുപയോഗിച്ചുള്ള മനുഷ്യന്റെ അധ്വാനത്തിലും എത്തിച്ചേരുന്നു, ഈ ഏറ്റവും ആദ്യത്തെ യന്ത്രമാകട്ടെ,മനുഷ്യൻ ഏറ്റവും ആദ്യമായി ഉപയോഗിച്ച ടൂൾ ആകുന്നു- അതായത്, പ്രകൃതിയിൽ നിന്ന് പെറുക്കിയെടുക്കുന്ന കൂർതവക്കുകളോടുകൂടിയ കല്ലുകൾ. അവിടെ പെറുക്കിയെടുക്കുക എന്ന അധ്വാനം മാത്രമാണ് നടന്നിട്ടുള്ളത്. ആദിമമനുഷ്യന്റെ, പ്രാങ് മനുഷ്യന്റെ, ആ അധ്വാനത്തിന്റെ ഒരംശം, നന്നെ നിസാരമായ ഒരംശമാണെങ്കിലും ഇന്നത്തെ സകല ഉൽപന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. [ 122 ] ഇന്ന് നാം ഉപയോഗിക്കുന്ന ഓരോ ഉൽപന്നങ്ങളിലും ലോകത്തെമ്പാടും വിവിധ രാജ്യങ്ങളിലായി, വിവിധ കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന ലക്ഷോപലക്ഷം മനുഷ്യരുടെ അധ്വാനത്തിന്റെ അംശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിലെ ഏറ്റവും ഒടുവിലത്തെ ഭാഗം , ഒരു പ്രത്യേക ഉൽപ്പന്നമുണ്ടാക്കുന്ന തൊഴിലാളിയുടെ അധ്വാനം മാത്രമേ നാം പ്രകടമായി മനസ്സിലാക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അപ്പോൾ ഇന്ന് ലോകത്തിൽ കാണുന്ന എല്ലാ ഉൽപ്പന്നങ്ങളിലും ഇന്നോളം ജീവിച്ച് മരിച്ച എല്ലാ മനുഷ്യരുടേയും അധ്വാനത്തിന്റെ ഫലങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. അച്ഛന്റേയും അമ്മയുടേയും സ്വത്തിന്റെ അവകാശികൾ മക്കളാണെങ്കിൽ ഇന്നേവരെ ജീവിച്ചു മരിച്ച എല്ലാവരും കൂടി ഉണ്ടാക്കിയിട്ടുള്ള സ്വത്തിന്റെ അവകാശികൾ അവരുടെയെല്ലാം മക്കളായ ഇന്ന് ജീവിക്കുന്നവർ എല്ലാവരും ആണല്ലോ! അങ്ങനെയിരിക്കെ നാട്ടുകാർ ബാങ്കിൽ നിക്ഷേപിച്ച പണത്തിൽ നിന്ന് കടമെടുത്ത് കളമശ്ശേരിയിലെ കമ്പനിക്ക് കൊടുത്തു എന്ന പേരിൽ അവിടത്തെ യന്ത്രം ആരുടെയെങ്കിലും ഒരാളുടെ സ്വന്തം ആയിത്തീരുന്നത് എങ്ങനെയാണ്? ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയുടെ, നിയമം അതാണ്-എന്നു മാത്രമേ പറയാൻ പറ്റൂ. അർഥശൂന്യവും അശാസ്ത്രീയവുമാണിതെന്ന കാര്യം പകൽ പോലെ വ്യക്തമാണ്.

മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ട യന്ത്രങ്ങളും മറ്റ് സാമാനങ്ങളും ഏതാനും വ്യക്തികളുടെ സ്വന്തമാണ് എന്നുവരുന്നത് ഒരു യുക്തിക്കും ചേരുന്നതല്ല. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്നത് പഴയ ഒരു ചൊല്ലാണ്, ഇന്നും നമ്മുടെ നാട്ടിൽ നടപ്പുള്ളതുമാണ്. എന്നാൽ പലപ്പോഴും ഇതിലെ അനീതിയും അശാസ്ത്രീയതയും നാം മനസ്സിലാക്കുന്നില്ല. മാത്രമല്ല, നിലവിലുള്ളത് ന്യായമാണെന്ന് പോലും നമ്മെ ബോധ്യപ്പെടുത്താൻ അവർക്ക് കഴിയുന്നു.

കൂലിവേല വ്യവസ്ഥയേയും ഉൽപാദന ഉപകരണങ്ങളേയും സംബന്ധിച്ച് ധാരണയിൽ മാത്രമായി ഒതുക്കാവുന്നതല്ല തൊഴിലാളികളുടെ വർഗബോധം. കാരണം, സമൂഹ വ്യവസ്ഥയുടെ സമൂലമായ പരിവർത്തനത്തിനു വേണ്ടി ശ്രമിക്കുന്ന തൊഴിലാളി വർഗത്തെ ആശയക്കുഴപ്പയത്തിലാക്കാൻ ഇന്നത്തെ സ്വത്തുടമാവർഗം പല വേലകളും പ്രയോഗിക്കുന്നതാണ്. ഈ കാണായ പ്രപഞ്ചമെല്ലാം മിഥ്യയാണെന്നും ഈശ്വരനൊന്നേ സത്യമായുള്ളൂ എന്നും മറ്റുമുള്ള അവരുടെ പഴയ വാദത്തിന് പുതിയ പല രൂപങ്ങളും ഇന്നുണ്ടായിട്ടുണ്ട്. അവർ ചോദിക്കുന്നു.,"ശാസ്ത്രം ഇന്ന് ശരിയെന്ന് പറയുന്നത് നാളെ തെറ്റെന്ന് തെളിയിക്കപ്പെടുന്നു. പ്രകാശം കണമാണെന്ന് പറഞ്ഞു; പിന്നെ തരംഗമാണെന്ന് പറഞ്ഞു. പിന്നെ രണ്ടുമാണെന്ന് പറഞ്ഞു. അവസാനം രണ്ടുമല്ലെന്ന് പറഞ്ഞു. ന്യൂട്ടന്റെ സിദ്ധാന്തങ്ങൾ ശരിയല്ലെന്ന് ഐൻസ്റ്റൈൻ പറഞ്ഞു. ഐൻസ്റ്റൈന്റേത് [ 123 ] അപര്യാപ്തമാണെന്ന് അദ്ദേഹത്തിന്റെ പിൻഗാമികൾ പറയുന്നു. ഏതാണ് ശരി? ശാശ്വതമായ സത്യം ഒന്നേയുള്ളൂ. അതാണ് ഈശ്വരൻ, പരബ്രഹ്മം. അവർ പറയുന്നു: "ചൂടും തണുപ്പും ആപേക്ഷികം മാത്രമല്ലേ? തണുത്ത വെള്ളത്തിലും നല്ല ചൂടുള്ള വെള്ളത്തിലും കുറേ നേരം ഇട്ടു വച്ച കൈകൾ രണ്ടും ഒരുമിച്ച് ഇളം ചൂട് വെള്ളത്തിൽ വെച്ചാൽ ഒരു കയ്യിന് വെള്ളം ചൂടുവെള്ളമായും മറ്റേതിന് അത് തണുത്ത വെള്ളമായും അനുഭവപ്പെടുന്നു. നമ്മുടെ സ്പർശനേന്ദ്രിയത്തെ നമുക്ക് വിശ്വസിക്കാമോ? പച്ചവെള്ളത്തിന് മധുരമുണ്ടാക്കുന്ന (നെല്ലിക്ക ചവച്ച ശേഷം) നാക്കിനെ നമുക്ക് വിശ്വസിക്കാമോ? നമ്മുടെ കണ്ണും ചെവിയുമൊക്കെ നമ്മെ എത്രയോ തവണ വഞ്ചിച്ചിട്ടുണ്ട്. നമുക്ക് ഓരോരുത്തർക്കും എത്രയോ അനുഭവമുണ്ടായിരിക്കും." അങ്ങനെ പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട് ലോകത്തെപ്പറ്റി നമുക്ക് ലഭിക്കുന്ന അറിവ് പൂർണ്ണമോ യഥാർത്ഥമോ അല്ല എന്നവർ വാദിക്കുന്നു. മനനം കൊണ്ട്, 'ഉൾകാഴ്ച' കൊണ്ട് കിട്ടുന്ന അറിവേ യഥാർഥമായിരിക്കൂ എന്നവർ വാദിക്കുന്നു. 'അറിവ്', 'യാഥാർഥ്യം' , 'സത്യം' മുതലായ വാക്കുകളുടെ അർഥം തന്നെ അവ്യക്തമാക്കുകയാണവർ ചെയ്യുന്നത്! ശാസ്ത്രബോധത്തിൽ അതിപ്രാധാന്യമർഹിക്കുന്നതാണ് ഇവയെപ്പറ്റിയുള്ള വ്യക്തത. കാരണം തൊഴിലാളികൾ ഇന്ന് ആശയക്കുഴപ്പത്തിലാണ്. തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ട എന്ന് ഒരൊറ്റ തൊഴിലാളിയും വിചാരിക്കില്ല. സാധനങ്ങളുടെ വില വാണംപോലെ കയറുമ്പോൾ, കൂടുതൽ വേതനം വേണ്ട എന്നൊരാളും പറയില്ല. എന്നിരിക്കിലും തൊഴിലാളികളിൽ നല്ലൊരു ശതമാനം വിലക്കയറ്റത്തിന് കാരണമായവരുടെ, തൊഴിലാളികൾ കൂടുതൽ കൂലി ചോദിക്കരുതെന്ന് പറയുന്നവരുടെ, പിന്നിൽ അണിനിരക്കുന്നുണ്ടല്ലൊ. ഇന്ത്യയെ 'സോഷ്യലിസ'ത്തിലേക്ക് നയിക്കാൻ മുന്നോട്ടുവന്നിട്ടുള്ള ഒട്ടേറെ രാഷ്ട്രീയപാർടികളുണ്ട്. ഒട്ടേറെ കോൺഗ്രസ് പാർടികൾ, സോഷ്യലിസ്റ്റ് പാർടികൾ, കമ്യൂണിസ്റ്റ് പാർടികൾ മറ്റ് പല പേരുകളിലുമുള്ള പാർടികൾ. ഇവയോരോന്നും തങ്ങളുടേതായ പരിപാടികൾ തൊഴിലാളികളുടെ മുന്നിൽ വെക്കുന്നുണ്ട്. ഇവയിൽ ഏത് ശരി? ഏത് തെറ്റ്? എങ്ങനെ നിശ്ചയിക്കും? ശരി-തെറ്റുകൾ നിശ്ചയിക്കാൻ അറിയാതിരിക്കുകയോ, അതിൽ തെറ്റ് പറ്റുകയോ ചെയ്താൽ ലക്ഷ്യം നേടാനാവില്ല എന്നു മാത്രം.

ഇംഗ്ളണ്ടിലെ തൊഴിലാളിനേതാവായ വെസ്റ്റൺ വാദിച്ചു: തൊഴിലാളികൾക് കൂലിക്കൂടുതൽ കൊടുത്താൽ, സാധനങ്ങളുടെ വില കൂടുക മാത്രമായിരിക്കും ഫലം എന്ന്. ആ സിദ്ധാന്തത്തിന്റെ പൊള്ളത്തരം മാർക്സ് പൊളിച്ചുകാട്ടി. എങ്കിലും എല്ലാവർക്കും അത് വിശ്വാസമായില്ല. ഇന്നും പലർകും വിശ്വാസമായിട്ടില്ല. വെസ്റ്റന്റെ പിൻഗാമികളായ തൊഴിലാളിനേതാക്കളുടെ പിന്നിൽ അണിനിരക്കുന്നു തൊഴിലാളികളിൽ നല്ലൊരുഭാഗം. എന്നാൽ ലോകത്തിന്റെ മൂന്നിലൊരുഭാഗം പ്രദേശത്തെ തൊഴിലാളികൾകും ജനങ്ങൾകാകെയും [ 124 ] ജനങ്ങൾകാകെയും മാർക്സ് പറഞ്ഞത് ശരിയാണെന്ന് ഇന്ന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇന്ന് നമ്മളോരോരുത്തരുടെയും മുമ്പിൽ തീരുമാനിക്കപ്പെടേണ്ടതായ നൂറുകണക്കിന് ചോദ്യങ്ങൾ കിടപ്പുണ്ട്. ദേശസാൽക്കരണത്തിന്റെ പ്രശ്നമായാലും വേണ്ടില്ല, മാവേലിസ്റ്റോറുകളുടെ പ്രശ്നമായാലും വേണ്ടില്ല, ജലസേചനമോ, പൊതുജനാരോഗ്യമോ, വൈദ്യുതിയോ, വിദ്യാഭ്യാസമോ എന്തിന്റെ പ്രശ്നമായാലും വേണ്ടില്ല, പഴയ അനുഭവങ്ങളുടെ സത്ത ഉൾക്കൊള്ളുകയും ഉപരിപ്ലവങ്ങളായവയെ തള്ളുകയും ചെയ്ത് പുതിയ ധാരണകൾക്ക് രൂപം കൊടുക്കാനും അവയനുസരിച്ച് പ്രവർത്തിക്കാാനും നാം ബാദ്ധ്യസ്ഥരാണ്. ഇതിൽ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങളുണ്ട്, അവയെ വേർതിരിക്കാൻ നമുക്ക് കഴിയണം.

നമ്മുടെ നാട്ടിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ വരുത്തുമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും അവകാശപ്പെടുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ചിലയിടങ്ങളിലെങ്കിലും അധികാരത്തിൽ വന്നിട്ടുണ്ടുതാനും. ആരും ഇതേവരെ സോഷ്യലിസം വരുത്തിയിട്ടില്ല. അഥവാ വല്ലവരും തങ്ങൾ സോഷ്യലിസം സ്ഥാപിച്ചെന്ന് അവകാശപ്പെടുകയാണണെങ്കിൽ ആ സോഷ്യലിസം നമ്മിൽ ഭൂരിപക്ഷം പേർക്കും രുചിക്കുന്നതല്ല. സോഷ്യലിസം എന്നുവെച്ചാൽ എന്ത്‍? കമ്യൂണിസം എന്നാലെന്ത്‍? അവയുടെ ഏറ്റവും മൌലികമായ ഘടകങ്ങളേവ? പരിവർത്തനത്തിന്റെ പ്രശ്നങ്ങളേവ? അവ തരണം ചെയ്യുന്നതിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളേവ? ആരാണ് മുൻകൈയ്യെടുക്കേണ്ടത്? ആരെയെല്ലാമാണ് കൂട്ടുപിടിക്കേണ്ടത്? ആരെല്ലാമാണ് തടസ്സമായി നിൽക്കുക? ഇതെല്ലാം വേർതിരിച്ചറിയുകതന്നെ വേണം. ചരിത്രപരമായ അനുഭവങ്ങളുടെയും അവയിൽനിന്നുയിർക്കൊണ്ട സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലേ ഇതെല്ലാം ചെയ്യാൻ സാധിക്കൂ.

എന്താണ് ഇന്നത്തെ ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ? മുതലാളിത്തമാണോ? സോഷ്യലിസമാണോ?‍ നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. ഏതാനും പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടായാൽ സോഷ്യലിസമാകുുമോ? ആവില്ലെന്ന് നാം മനസ്സിലാക്കണം. ഉൽപ്പാദനോപകരണങ്ങളും അസംസ്കൃത പദാർത്ഥങ്ങളും ആയതിനാൽ ഉത്പന്നങ്ങളും ഒക്കെ പൊതു ഉടമയിൽ ആയിരിക്കണം. എങ്കിലേ സോഷ്യലിസമാകൂ. മത്സരമല്ല, സഹകരണമായിരിക്കും സമൂഹത്തിലെ അംഗങ്ങൾ തമ്മിലൂള്ള ബന്ധത്തിന്റെ രൂപം. മുതലാളിത്ത സമൂഹത്തെ ഒറ്റയടിക്ക് സോഷ്യലിസ്റ്റ് സമൂഹമായി മാറ്റാൻ പറ്റില്ല. പല അന്തരാളഘട്ടങ്ങളുണ്ടായിരിക്കും. ഇതെല്ലാം നാം എങ്ങനെ തരണം ചെയ്യും‍? എല്ലാം നാം മനസ്സിലാക്കുകതന്നെ വേണം.

സമൂഹത്തിൽ മാറ്റം വരുത്തുന്നതിൽ, എല്ലാവർക്കും തൊഴിലും വിശ്രമവും ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിൽ, ട്രേഡ് യൂണിയനുകളും മറ്റ് ബഹുജനസംഘടനകൾക്കും ഉള്ള പങ്കെന്ത്‍? രാഷ്ട്രീയപ്പാർട്ടികൾക്കുള്ള പങ്കെന്ത്? നാം വ്യക്തമായി മനസ്സിലാക്കുകതന്നെ വേണം. [ 125 ] ഉദാഹരണത്തിന് ഇവിടെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ നേതൃത്വം നൽകുന്ന ട്രേഡ് യൂണിയനുകളുണ്ട്. അടിസ്ഥാനപരമായി നോക്കുമ്പോൾ, ഏത് ട്രേഡ് യൂണിയനിലെ അംഗമായാലും ശരി, തൊഴിലാളികളുടെ, അധ്വാനിക്കുന്നവന്റെ ആവശ്യം ഒന്നുതന്നെയായിരിക്കും. എന്താണത്? "ചെയ്ത ജോലിക്ക് ന്യായമായ കൂലി" എന്നായിരുന്നു പണ്ടൊക്കെ പറഞ്ഞിരുന്നത്. എന്നാൽ ന്യായമായതെന്തെന്ന് ആരാണ് നിശ്ചയിക്കുക? കൂലികൊടുക്കുന്നവരാണ് അത് നിശ്ചയിക്കുന്നതെന്ന് അനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് പട്ടിണിക്കൂലി ആയിരിക്കും എന്നും ഇന്ന് നമുക്കറിയാം. 'ആവശ്യാധിഷ്ഠിത മിനിമം കൂലി' എന്ന പുതിയൊരു മുദ്രാവാക്യം നാം ഉയർത്തി. 'ആവശ്യങ്ങൾ' നിർണ്ണയിക്കുന്നത് നമ്മളായിരിക്കണമെന്നും പറഞ്ഞു. എന്നാൽ അത് അപ്രായോഗികമാണെന്നും നടപ്പാക്കാൻ പറ്റില്ലെന്നും ചില പാർട്ടികൾ വാദിക്കുന്നു. അവരുടെ നേതൃത്വത്തിൻ കീഴിലുള്ള ട്രേഡ് യൂണിയനുകൾ അതംഗീകരിക്കുന്നുണ്ടോ? കൂട്ടായി വിലപേശാനുള്ള ഒരു ഉപാധിമാത്രമാണ്, അതുമാത്രമേ ആകാവൂ എന്ന് ചിലർ സിദ്ധാന്തവൽക്കരിക്കുന്നു. അത് ശരിയാണോ? ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 38 വർഷം കഴിഞ്ഞു. ഇവിടെ എന്താണ് സംഭവിച്ചത്? ദരിദ്രരുടെയും പട്ടിണിക്കാരുടെയും എണ്ണം കൂടി. അദ്ധ്വാനിക്കുന്നവരുടെ, സമ്പത്തുൽപ്പാദിപ്പിക്കുന്നവരുടെ, ജീവിതം കൂടുതൽകൂടുതൽ ദുരിതപൂർണ്ണമായിത്തീർന്നു. അതേസമയം കുറേ പണക്കാർ കുറേക്കൂടി പണക്കാരായി. അവരുടെ സമ്പത്ത് അനേകം മടങ്ങ് വർദ്ധിച്ചു. ഒരു വശത്ത് പന്നികൾക്കുകൂടി സഹിക്കാനാവാത്ത ചേരികളുടെയും അതിലെ നിവാസികളുടെയും എണ്ണം വർദ്ധിച്ചു. മറുവശത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും കൊട്ടാരസദൃശമണിമാളികകളുടെയും എണ്ണം പെരുകി. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിലുള്ള വഴക്കുകൾ വർദ്ധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഭരണം എല്ലായിടത്തും കാപട്യവും അഴിമതിയും വർധിച്ചു. കഷ്ടപ്പെടുന്നവർക്ക് തങ്ങളുടെ കഷ്ടപ്പാടിന്റെ കാരണം എന്തെന്ന്,തങ്ങളുടെ യഥാർത്ഥ ശത്രു ആരെന്ന് കാണാൻ പറ്റാതായി. തൊഴിലാളിവർഗ്ഗം ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ, അവയുടെ അനുഭവങ്ങളിൽ നിന്ന് ശരിയായ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നതിന് അവർക്ക് മൊത്തത്തിൽ കഴിഞ്ഞിട്ടുണ്ടോ‍‍? ഇല്ല. അതുകൊണ്ടുതന്നെ പഴയ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം അതിനെ നയിക്കുന്ന കുറെ വ്യക്തികളുടെ പോരായ്മയോ, സ്വാർത്ഥതയോ ആണെന്നെ നിഗമനത്തിൽ നാമെത്തുന്നു. അവരെ മാറ്റുന്നു. പുതിയവരെ പ്രതിഷ്ഠിക്കുന്നു. അവരും പഴയവരെപ്പോലെ പെരുമാറുന്നു. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് നിരാശപ്പെടുന്നു.

വിവിധ രാഷ്ട്രീയ പാർട്ടികളെയും അവരുടെ സിദ്ധാന്തങ്ങളെയും വിലയിരുത്താതെ, ശരിയായ സിദ്ധാന്തങ്ങൾക്ക് രൂപംകൊടുക്കാതെ, പ്രവർത്തനാനുഭവങ്ങളിലൂടെ അവയുടെ ശരിമ തിട്ടപ്പെടുത്താതെ, അവയെ തുടർച്ചയായി മെച്ചപ്പെടുത്താതെ, ഈ പ്രക്രിയയിലെല്ലാം സ്വയം പങ്കുകൊള്ളാതെ, തങ്ങൾക്ക് പുരോഗതിയുണ്ടാവില്ലെന്ന് തൊഴിലാളിവർഗ്ഗം മനസ്സിലാക്കണം. [ 126 ]

ചോദ്യങ്ങൾ
  1. സോഷ്യലിസ്റ്റ് ഇന്ത്യയിൽ ഭരതനാട്യം, കഥകളി മുതലായ കലകളുടെ സ്ഥാനമെന്തായിരിക്കും?
  2. ഇക്കോളജി ഒരു ബൂർഷ്വാശാസ്ത്രമാണെന്ന് ചിലർ പറയുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ അതിന് സ്ഥാനമില്ലേ?
  3. നിഷേധത്തിന്റെ നിഷേധത്തിൽ 'പുരോഗമന'പരമായി എന്തുണ്ട്? സമർഥിക്കുക.