ഉദാഹരണത്തിന് ഇവിടെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ നേതൃത്വം നൽകുന്ന ട്രേഡ് യൂണിയനുകളുണ്ട്. അടിസ്ഥാനപരമായി നോക്കുമ്പോൾ, ഏത് ട്രേഡ് യൂണിയനിലെ അംഗമായാലും ശരി, തൊഴിലാളികളുടെ, അധ്വാനിക്കുന്നവന്റെ ആവശ്യം ഒന്നുതന്നെയായിരിക്കും. എന്താണത്? "ചെയ്ത ജോലിക്ക് ന്യായമായ കൂലി" എന്നായിരുന്നു പണ്ടൊക്കെ പറഞ്ഞിരുന്നത്. എന്നാൽ ന്യായമായതെന്തെന്ന് ആരാണ് നിശ്ചയിക്കുക? കൂലികൊടുക്കുന്നവരാണ് അത് നിശ്ചയിക്കുന്നതെന്ന് അനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് പട്ടിണിക്കൂലി ആയിരിക്കും എന്നും ഇന്ന് നമുക്കറിയാം. 'ആവശ്യാധിഷ്ഠിത മിനിമം കൂലി' എന്ന പുതിയൊരു മുദ്രാവാക്യം നാം ഉയർത്തി. 'ആവശ്യങ്ങൾ' നിർണ്ണയിക്കുന്നത് നമ്മളായിരിക്കണമെന്നും പറഞ്ഞു. എന്നാൽ അത് അപ്രായോഗികമാണെന്നും നടപ്പാക്കാൻ പറ്റില്ലെന്നും ചില പാർട്ടികൾ വാദിക്കുന്നു. അവരുടെ നേതൃത്വത്തിൻ കീഴിലുള്ള ട്രേഡ് യൂണിയനുകൾ അതംഗീകരിക്കുന്നുണ്ടോ? കൂട്ടായി വിലപേശാനുള്ള ഒരു ഉപാധിമാത്രമാണ്, അതുമാത്രമേ ആകാവൂ എന്ന് ചിലർ സിദ്ധാന്തവൽക്കരിക്കുന്നു. അത് ശരിയാണോ? ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 38 വർഷം കഴിഞ്ഞു. ഇവിടെ എന്താണ് സംഭവിച്ചത്? ദരിദ്രരുടെയും പട്ടിണിക്കാരുടെയും എണ്ണം കൂടി. അദ്ധ്വാനിക്കുന്നവരുടെ, സമ്പത്തുൽപ്പാദിപ്പിക്കുന്നവരുടെ, ജീവിതം കൂടുതൽകൂടുതൽ ദുരിതപൂർണ്ണമായിത്തീർന്നു. അതേസമയം കുറേ പണക്കാർ കുറേക്കൂടി പണക്കാരായി. അവരുടെ സമ്പത്ത് അനേകം മടങ്ങ് വർദ്ധിച്ചു. ഒരു വശത്ത് പന്നികൾക്കുകൂടി സഹിക്കാനാവാത്ത ചേരികളുടെയും അതിലെ നിവാസികളുടെയും എണ്ണം വർദ്ധിച്ചു. മറുവശത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും കൊട്ടാരസദൃശമണിമാളികകളുടെയും എണ്ണം പെരുകി. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിലുള്ള വഴക്കുകൾ വർദ്ധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഭരണം എല്ലായിടത്തും കാപട്യവും അഴിമതിയും വർധിച്ചു. കഷ്ടപ്പെടുന്നവർക്ക് തങ്ങളുടെ കഷ്ടപ്പാടിന്റെ കാരണം എന്തെന്ന്,തങ്ങളുടെ യഥാർത്ഥ ശത്രു ആരെന്ന് കാണാൻ പറ്റാതായി. തൊഴിലാളിവർഗ്ഗം ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ, അവയുടെ അനുഭവങ്ങളിൽ നിന്ന് ശരിയായ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നതിന് അവർക്ക് മൊത്തത്തിൽ കഴിഞ്ഞിട്ടുണ്ടോ? ഇല്ല. അതുകൊണ്ടുതന്നെ പഴയ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം അതിനെ നയിക്കുന്ന കുറെ വ്യക്തികളുടെ പോരായ്മയോ, സ്വാർത്ഥതയോ ആണെന്നെ നിഗമനത്തിൽ നാമെത്തുന്നു. അവരെ മാറ്റുന്നു. പുതിയവരെ പ്രതിഷ്ഠിക്കുന്നു. അവരും പഴയവരെപ്പോലെ പെരുമാറുന്നു. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് നിരാശപ്പെടുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളെയും അവരുടെ സിദ്ധാന്തങ്ങളെയും വിലയിരുത്താതെ, ശരിയായ സിദ്ധാന്തങ്ങൾക്ക് രൂപംകൊടുക്കാതെ, പ്രവർത്തനാനുഭവങ്ങളിലൂടെ അവയുടെ ശരിമ തിട്ടപ്പെടുത്താതെ, അവയെ തുടർച്ചയായി മെച്ചപ്പെടുത്താതെ, ഈ പ്രക്രിയയിലെല്ലാം സ്വയം പങ്കുകൊള്ളാതെ, തങ്ങൾക്ക് പുരോഗതിയുണ്ടാവില്ലെന്ന് തൊഴിലാളിവർഗ്ഗം മനസ്സിലാക്കണം.