വൈരുധ്യാത്മക ഭൗതികവാദം/അളവും ഗുണവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)
രചന:എം.പി. പരമേശ്വരൻ
അളവും ഗുണവും


[ 107 ]

9

അളവും ഗുണവും


പ്രപഞ്ചം ചലനാത്മകമാണ്. അതിന്റെ അസ്തിത്വത്തിന്റെ രൂപം തന്നെ ചലനമാണ് എന്ന് നാം പറഞ്ഞു. ചില ഉദാഹരണങ്ങളെടുക്കാം. നമ്മുടെ ഓരോരുത്തരുടെയും കാലത്തെഴുന്നേറ്റ മുതൽ രാത്രി ഉറങ്ങി അടുത്തദിവസം കാലത്തെഴുന്നെൽക്കുന്നതുവരെയുള്ള ഒരു ദിവസം പരിശോധിക്കാം. ചായക്ക് വെള്ളമിടുന്നു. പല്ലുതേക്കുന്നു, ചായകുടിക്കുന്നു, കുളിക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു, കഴിക്കുന്നു, ജോലിക്കു പോകുന്നു, കടയിൽ പോകുന്നു, തിരിച്ചു വരുന്നു, ഭക്ഷണം പാകം ചെയ്യുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു. മിക്കദിവസവും ഇതുതന്നെ ക്രമം. ചിലപ്പോൾ സമ്മേളനങ്ങൾ ഉണ്ടാകും. ചിലപ്പോൾ ബന്ധുവീട്ടിൽ പോകും. ചിലപ്പോൾ സിനിമ കാണാൻ പോകും. മൊത്തത്തിൽ നോക്കുമ്പോൾ ഓരോ ദിവസവും തലേദിവസത്തേതിന്റെ ആവർതനമാണ് നാം എല്ലാം ചെയ്യുന്നുണ്ട്. വെറുതെ ഇരിക്കുകയല്ല. പക്ഷേ, ഒരു തരം ആവർതനം. ഇവിടെ മാറ്റം അഥവാ ചലനം ആവർതനമല്ല. എന്നാൽ നൂറുശതമാനവും ആവർതനസ്വഭാവമുള്ളതാണ്. വിശദാംശങ്ങളിൽ മാത്രമല്ല വ്യത്യാസം. പ്രൈമറിസ്കൂളിൽ പോകുന്ന കാലത്തെ ഒരു ദിവസത്തെ, ഹൈസ്കൂളിൽ പോകുന്ന കാലത്തെ ഒരു ദിവസമായും ജോലിക്കുപോകുന്ന കാലത്തെ ഒരു ദിവസമായും താരതമ്യപ്പെടുത്തിയാൽ ഒട്ടേറെ വ്യത്യാസം കാണാം. ഒരു ദിവസത്തെ തലേദിവസവുമായി താരതമ്യപ്പെടുത്തുന്പോൾ അത്ര വലിയ വ്യത്യാസമൊന്നും കാണുന്നില്ലെങ്കിലും [ 108 ] ആവർത്തനസ്വഭാവം ഉണ്ടെങ്കിലും നീണ്ട കാലയളവിൽ ഗണ്യമായ പല മാറ്റങ്ങളും വന്നിട്ടുണ്ട്. സാവധാനത്തിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്.

ചില സന്ദർഭങ്ങളിൽ ഒരു ദിവസം കൊണ്ടോ ഏതാനും ദിവസങ്ങൾക്കുള്ളിലോ ഗണ്യമായ മാറ്റം വന്നു എന്നു വരാം. സാധാരണയായി നമ്മുടെ സ്ത്രീകളുടെ കാര്യത്തിൽ വിവാഹം ഇത്തരമൊരു സന്ദർഭമാണ്. ആദ്യത്തെ കുഞ്ഞിന്റെ പ്രസവം നിസംശയമായും മറ്റൊരു സന്ദർഭമാണ്. അതേവരെയുണ്ടായിരുന്ന ദൈനികവൃത്തിയിൽ നിന്ന് ഗണ്യമായ, പൊടുന്നനെയുള്ള ഒരു മാറ്റം കാണാം. കന്യകയിൽ നിന്ന് ഭാര്യയിലേയ്ക്കും ഭാര്യയിൽ നിന്ന് അമ്മയിലേയ്ക്കുമുള്ള മാറ്റങ്ങൾ, ബാല്യത്തിൽ നിന്ന് യുവത്വത്തിലേയ്ക്കോ യുവത്വത്തിൽ നിന്ന് വാർധക്യത്തിലേയ്ക്കോ ഉള്ള മാറ്റങ്ങൾ പോലല്ല. രണ്ടാമതു പറഞ്ഞത് സാവകാശത്തിലുള്ള മാറ്റമാണ്. ആദ്യത്തേത് താരതംയേന പെട്ടെന്ന് സംഭവിച്ച പോലെ, അതിവേഗത്തിൽ സംഭവിച്ചപോലെയാണ്. ശരിക്കും ഗുണാത്മകമായ ഒരു മാറ്റമാണത്.

നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ മാത്രമല്ല, രാജ്യങ്ങളുടെ ചരിത്രത്തിലും പ്രകൃതി പ്രതിഭാസങ്ങളിലും ഒക്കെ ഇത്തരം മാറ്റങ്ങൾ കാണാം.

വാനരനിൽ നിന്ന് നരനായി മാറിക്കഴിഞ്ഞിട്ടേ ഉള്ളൂ; വാലുപോയി, നാക്കു വളർന്നു. കൈ പരന്നു... അക്കാലത്ത് പ്രാകൃത ശിലായുധങ്ങളും മരക്കമ്പുകളും ഉപയോഗിച്ച് ജന്തുക്കളെ വേട്റ്റയാടിയും ഫലമൂലാദികൾ പറിച്ചു തിന്നും മനുഷ്യർ ജീവിച്ചു. അന്നൊക്കെ ചുറ്റും എവിടെ തിരിഞ്ഞു നോക്കിയാലും കിട്ടുന്ന കല്ലും കമ്പും മാത്രമായിരുന്നു മനുഷ്യന്റെ ആയുധങ്ങൾ. അവൻ ഉല്പാദകനായി കഴിഞ്ഞിട്ടില്ല. സമ്പാദകനേ ആയിട്ടുള്ളൂ. വേട്ടയാടലും വന്യമൃഗങ്ങളാൽ വേട്ടയാടപ്പെടാതെ സ്വയം രക്ഷിക്കലുമാണ് അന്നത്തെ ജീവിതത്തിന്റെ കാതൽ. കൂട്ടായി ഇര തേടും, കിട്ടിയത് കൂട്ടായി ഭക്തിക്കും, കൂട്ടായി ഇണ ചേരും. അങ്ങനെ പോയി അന്നത്തെ ജീവിതം. ഇന്നത്തെ പോലെ സാമൂഹികമായ കീഴ്മേലുകളോ, ഉൽ‌പാദന ഉപകരണങ്ങളുടെ ഉടമസ്ഥതയൂടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവോ അന്നുണ്ടായിരുന്നില്ല. ഇക്കാലത്തെ സാമൂഹികവ്യവസ്ഥയെ പ്രാകൃതസാമൂഹിക വ്യവസ്ഥ എന്നു വിളിക്കാം.

മനുഷ്യർ എത്രകാലം ഇങ്ങനെ ജീവിച്ചു എന്ന് കൃത്യമായി പറയുക വയ്യ. ഏതാണ്ട് 8000 കൊല്ലം മുൻപു വരെ ഏതാണ്ട് ഈ വിധത്തിലാണ് മനുഷ്യൻ ജീവിച്ചിരുന്നത്. ജീവിക്കുക എന്ന പ്രക്രിഅയയിലൂടെ തന്നെ മനുഷ്യൻ തന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് പല വിധത്തിലുള്ള അറിവ് സമ്പാദിച്ചു. ഫലമൂലാദികളുടെ സംഭരണം, സസ്യങ്ങളുടെ ജീവിതചക്രം, കാലാവസ്ഥയും അതും തമ്മിലുള്ള ബന്ധം തുടങ്ങിയവയും വേട്ടയാടൽ , ജന്തുക്കളുടെ ജീവിതക്രമം, പുനരുല്പാദനം തുടങ്ങിയവയും മനുഷ്യന് പരിചിതമാക്കി. 15000 കൊല്ലം പഴക്കമുള്ള ഗുഹാചിത്രങ്ങൾ, ജന്തുക്കളുടെ ശരീരശാസ്ത്രത്തിൽ മനുഷ്യൻ നേടിയ അറിവിന്റെ തെളിവു തരുന്നു. അതുപോലെ ഇന്നയിന്ന ഫലങ്ങൾ, വേരുകൾ, ഇലകൾ ഒക്കെ ഭക്ഷ്യയോഗ്യം. മറ്റു ചിലവ [ 109 ] വിഷമയം തുടങ്ങിയവ - കടുത്ത അനുഭവങ്ങളിലൂടെയാണെങ്കിലും മനുഷ്യൻ നേടിയ അറിവുകളാണു്. കാലക്രമത്തിൽ മനുഷ്യൻ തന്റെ ആയുധങ്ങൾ മെച്ചപ്പെടുത്തുവാൻ തുടങ്ങി. പ്രകൃതിയിൽനിന്നു് കിട്ടിയ കല്ലുകളെ തട്ടിയും മുട്ടിയും രൂപപ്പെടുത്തി. മഴു, ഉളി, കത്തി, സൂചി തുടങ്ങിയവയുടെ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ആയുധങ്ങൾ രൂപപ്പെടുത്തിയെടുക്കുവാൻ, നവീനശിലായുധങ്ങൾ ഉണ്ടാക്കാൻ, മനുഷ്യൻ പഠിച്ചു. പദീർത്ഥങ്ങളുടെ കടുപ്പം ഭംഗുരത... തുടങ്ങിയ പല ഗുണധർമ്മങ്ങളും, ഇതിന്റെ ഫലമായി മനുഷ്യനു് പരിചിതമായി. സഹസ്രാബ്ദങ്ങളായി ഈട്ടംകൂടിവന്ന ഈ അനുഭവങ്ങളും അറിവുമാണു് പിൽക്കാലത്തു് സസ്യശാസ്ത്രവും ജന്തുശാസ്ത്രവും ഭൂമിശാസ്ത്രവും ‌, പദാർത്ഥഗുണ ധർമ്മശാസ്ത്രവും ഒക്കെയായി രൂപാന്തരപ്പെട്ടതു്. ഇതിനിടയിൽ അത്ഭുതകരമായ ഒരു വിദ്യ മനുഷ്യൻ കണ്ടുപിടിച്ചു: കൃഷി. കയ്യിലുള്ള ഒരു പിടി ധാന്യം ഇന്നു് ഭക്ഷിക്കാതെ, കുത്തിക്കീറിയ മണ്ണിൽ വലിച്ചെറിയുകയാണെങ്കിൽ, നാളെ അതു് പത്തുപിടി ധാന്യം തരുമെന്ന കണ്ടുപിടുത്തം. ഇതു് മനുഷ്യന്റെ ജീവിതത്തിൽ അതിവിപ്ലവകരമായ മാറ്റംവരുത്തി. താരതമ്യേന ചുരുങ്ങിയ കാലയളവിനുള്ളിൽ, ആയിരം രണ്ടായിരം കൊല്ലങ്ങൾക്കുള്ളിൽ, നാടോടിയായിരുന്ന മനുഷ്യൻ, ഗുഹകളിൽ താമസിച്ചിരുന്ന മനുഷ്യൻ വീടുവെച്ചു. നാടുണ്ടാക്കി,, നഗരങ്ങളുണ്ടാക്കി, ഈജിപ്തിലെയും മെസപ്പൊട്ടേമിയയിലെയും ഇന്ത്യയിലെയും ചൈനയിലും പ്രചീന സംസ്കാരങ്ങൾ ഉയിർകൊണ്ടു. ഇ മാറ്റത്തെ ചരിത്രകാരൻമാർ നവീനശിലായുഗവിപ്ലവം എന്നുവിളിക്കുന്നു.

ഇതു് പുതിയൊരു സാഹചര്യം സൃഷ്ടിച്ചു. ഒരാൾക്കു് അദ്ധ്വാനിച്ചാൽ തന്റെ സ്വന്തം നിലനിൽപ്പിനാവശ്യമുള്ളതിനേക്കാൾ കൂടുതൽഭക്ഷ്യപദാർത്ഥങ്ങൾ ഉണ്ടാക്കാമെന്നു് വന്നു; അതോടൊപ്പം കാർഷികായുധങ്ങൾ, വസ്ത്രം, പാത്രങ്ങൾ, ആഭരണങ്ങൾ മുതലായവ ഉണ്ടാക്കുന്നതിനു് മറ്റുമായി ആളുകൾ നിയോഗിക്കപ്പെടണമെന്നും വന്നു. സമൂഹത്തിൽ തൊഴിൽവിഭജനമുണ്ടായി. ഇവയുടെ സംഘാടനത്തിനു് നേതാക്കളുണ്ടായി, പുരോഹിതൻമാരുണ്ടായി. പണ്ടൊക്കെ ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിൽ ഒരു ഗോത്രം മറ്റേതിനെ നാമാവശേഷമാക്കാറുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവരെ തടവുകാരായി പിടിക്കുകയും അവരെകൊണ്ടു് പണിയെടുപ്പിക്കുകയും ചെയ്യുകയെന്നതു് പതിവാകുവാൻ തുടങ്ങി. ചില മനുഷ്യർ അടിമകളും, മറ്റുചിലർ ഉടമകളും എന്ന നില വന്നു. ഉടമകൾക്കു് ശാരീരികാദ്ധ്വാനത്തിൽ നിന്നുകിചട്ടിയ മോചനം ശാസ്ത്രങ്ങളും, സാങ്കേതികവിദ്യകളും ത്വരിതമായ രീതിയിൽ വളരുന്നതിനു് ഉപകരിച്ചു. മാനവസമൂഹം പ്രാകൃതവ്യവസ്ഥയിൽ നിന്നു് അടിമവ്യവസ്ഥയിലേക്കു് മുന്നേറി.

ഇവിടെ രണ്ടു കാര്യങ്ങളാണു് നാം കാണുന്നതു്. ഒന്നാമതായി, പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ അറിവും അതിനെ രൂപാന്തരപ്പെടുത്തുന്നതിനുള്ള അവന്റെ കഴിവും തുടർച്ചയായി വർദ്ധിച്ചുവന്നു. ഒരു പരിധിവരെ അതു് വളർപ്പോൾ, ഇനിയങ്ങോട്ടു് വളരണമെങ്കിൽ പഴയ സാമൂഹ്യവ്യവസ്ഥയിൽ, അതായതു് എല്ലാവരും എല്ലാ ജോലികളും ചെയ്യുന്ന ആ പ്രാകൃതവ്യവസ്ഥയിൽ [ 110 ] മാറ്റം ഉണ്ടായേ പറ്റു എന്ന നില വന്നു. മാറ്റം ഉണ്ടായി, പുതി. സാമൂഹ്യവ്യവസ്ഥ നിലവിൽ വന്നു. താരതമ്യേനെ കുറഞ്ഞ കാലയളവിൽ അതായത്, പ്രാകൃത സാമൂഹ്യവ്യവസ്ഥയിൽ മനുഷ്യന്റെ ഉല്പാദനശക്തികൾ (ഭക്ഷണ സംരക്ഷണശക്തി) വളർന്നുവന്ന് ഒരു ഘട്ടമെത്തിയപ്പോൾ ഒരു പുതിയ ഉല്പാദനബന്ധം ആവശ്യമായി വന്നു. അതാണ് അടിമത്തം. ഗുണപരമായി പുതിയൊരു വ്യവസ്ഥയാണത്. (ഉല്പാദനശക്തികളുടെ) അളവിൽ വന്ന മാറ്റം ഒരു ഗുണാത്മക മാറ്റമായി തീർന്നുവെന്ന് പറയാം. ഈ മാറ്റം അതിനുമുമ്പെ നടന്ന സാവകാശത്തിലുള്ള മാറ്റങ്ങളുമായി താരത്മ്യപ്പെടുത്തുമ്പോൾ, അതിവേഗത്തിൽ, ഒരു എടുത്തുചാട്ടത്തിന്റെ വേഗത്തിൽ ആണ് നടന്നിട്ടുള്ളത്

പുതിയ പരിതഃസ്ഥിതിയിൽ മനുഷ്യന്റെ പുരോഗതി അത്ഭുതാവഹമായിരുന്നു. ഈജിപ്തിലെ പിരമിഡുകൾ; മൊഹൻജദരോ, ലോഠാൽ തുടങ്ങിയ പട്ടണങ്ങൾ; ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും ഗ്രീസ്, റോം, ബാബിലോണിയ, ചൈന, ഇന്ത്യ മുതലായിടങ്ങളിലുണ്ടായ വൻ മുന്നേറ്റം - അരിസ്തോത്ത്ൽ, പ്ലാറ്റോ, സോക്രത്തിസ്, ദമോക്രിത്തസ്, കണാദൻ, പതഞ്ജലി, ചരകൻ, സുശ്രുതൻ, ആര്യഭട്ടൻ, വരാഹമിഹിരൻ, ലാവൊത്സെ, കൺഫ്യുഷ്യസ്.... എല്ലാം ഈ കാലഘട്ടത്തിന്റെ ആളുകളാണ്. ശിലായുധംങ്ങളെ പിന്നിട്ട് ചെമ്പുകൊണ്ടും വെങ്കലംകൊണ്ടും പിന്നീട് ഇരുമ്പുകൊണ്ടും ഉള്ള ആയുധങ്ങളുണ്ടാക്കി മനുഷ്യൻ. ഇരതേടലും ഇണചേരലും മാത്രമായി ജീവിച്ച മനുഷ്യന് ഒട്ടേറെ വ്യത്യാസം വന്നു. സംഗീതാദികലകളും മത സംസ്കാരങ്ങളും വളർന്നു. നഗരങ്ങളും സാമ്രാജ്യങ്ങളുമുണ്ടായി ഇതെല്ലാം സാദ്ധ്യമാക്കിയത് അടിമകൾ, ഉടമകൾ എന്ന രീതിയിലുള്ള സാമൂഹവിഭജനവും ഉടമകൾക്ക് അദ്ധ്വാനത്തിൽ നിന്നും കിട്ടിയ സ്വാതന്ത്രവും ആണ്. ആദ്യകാലങ്ങളിൽ ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ കീഴടക്കുമ്പോൾ ആദ്യത്തേത് യജമാനഗോത്രവും രണ്ടാമത്തേത് മുഴുവനും അടിമകളും എന്ന സ്ഥിതി ആയിരുന്നു. കാലം പോകെ, യജമാനഗോത്രങ്ങളിൽ തന്നെ ചേരിത്തിരിവുകൾ വരാൻ തുടങ്ങി. അതിലെ ചിലർതന്നെ അടിമകളായി, മറ്റു ചിലർ വെറും കൈവേലക്കാരായി, ചിലർ ധനികരായി, ചിലർ ദരിദ്രരായി. ചിലർ പരരോഹിതരും ഭരിക്കുന്നവരും ആയി, ചിലർ പണിയെടുക്കാൻമാത്രം വിധിക്കപ്പെട്ടവരായി. 'ചാതുർവർണ്യ'വും 'അവർണ'ത്വവും രൂപംകൊണ്ടു. ഉള്ളവർക്ക് ഉള്ളത് നിലനിർത്താൻ ഇല്ലാത്തവരെ ഇല്ലാത്തവരാക്കി നിലനിർത്തണമെന്ന് വന്നു. അതിന് വേണ്ടി രാജാവ്, മന്ത്രി, പട്ടാളം ഉദ്യോഗസ്ഥൻമാർ തുടങ്ങിയവരടങ്ങിയ ഭരണകൂടം നിലവിൽവന്നു. അതിനെ സാധൂകരിക്കുന്ന ദർശനങ്ങളും മതങ്ങളും ആവിർഭവിച്ചു. പ്രാകൃതജീവിതകാലത്തെ സഹകരണബോധം മത്സരത്തിന് വിഴമാറിക്കൊടുത്തു. ഇതിന്റെകൂടി ഫലമായി ഉപകരണങ്ങൾ, ഉല്പാദനത്തിനും നശികരണത്തിനും (യുദ്ധത്തിനും) ഉള്ള ഉപകരണങ്ങൾ മെച്ചപ്പെടുവാൻ തുടങ്ങി. പക്ഷേ, ഏറെക്കാലം ഈ മുന്നേറ്റം സാദ്ധ്യമായിരുന്നില്ല.യജമാനൻമാർക്ക്, ഭരണാധികൾക്ക്, അഭിജാതർക്ക്,.... പ്രയോഗികമായ, ശാസ്ത്ര[ 111 ] സാങ്കേതികമായ വലർച്ച ആവശ്യമില്ലാത്ത അവസ്ത സംജാതമായി. കാരണം അവരുടെ എല്ലാ ആവശ്യങ്ങളും നിവർതിച്ചു കൊടുക്കാൻ അടിമകൾ ഉണ്ടായിരുന്നു. അവരെ കൂടുതൽ മൃഗീയമായി ഉപയോഗിക്കാൻ തുടങ്ങി. ഇത് അവരെ കായികമായും മാനസികമായും ക്ഷീണിപ്പിച്ചു. മെച്ചപ്പെട്ട ഉല്പാദന ഉപകരണങ്ങൾ അവരുടെ കയ്യിൽ ഉപയോഗ ശൂന്യങ്ങളായി. അവർ സംഘടിച്ചു. ലഹള നടത്തി. ഉപകരണങ്ങളും ഉൽപ്പന്നങ്ങളും നശിപ്പിച്ചു. അങ്ങനെ തുടക്കത്തിൽ മനുഷ്യന്റെ പുരോഗതിയെ ത്വരിതപ്പെടുത്തിയ അടിമ വ്യവസ്ത, പുരോഗതിയുടെ ഒരു ഘട്ടമെത്തിയപ്പോൾ അതിന് തടസമായിത്തീർന്നു. പലരും അടിമകൾക്ക് ഭാഗികമായിട്ടെങ്കിലും 'സ്വാതന്ത്ര്യം ' നൽകാൻ നിർബന്ധിതരായി. കൃഷി ഭൂമിയുടെ ഒരു ഭാഗം അവർക്ക് കൊടുത്തു. പ്രതിഫലമായി ബാക്കിയുള്ള ഭൂമിയിൽ ഉടമക്ക് വേണ്ടി അവർ പണിയെടുക്കണമെന്ന് വ്യവസ്ത ചെയ്തു. അടിമ കൃഷിക്കാരനായി, കുടിയാനായി മാറി. ഉടമ നാടുവാഴിയായി, ജന്മിയായി മാറി. പുതിയൊരു സാമുഹ്യവ്യവസ്ത-നാടുവാഴിത്തം രൂപം കൊള്ളാൻ തുടങ്ങി. 3000-4000 കൊല്ലം നീണ്ടു നിന്ന അടിമത്തവ്യവസ്തക്ക് ഈ മാറ്റം വന്നത് മൂന്നുനാല് നൂറ്റാണ്ടിനുള്ളിലായിരുന്നു. ഗുണപരമായി ഒരു പുതിയ വ്യവസ്ത രൂപപ്പെട്ടു. ഇവിടെയും കാണാവുന്നതെന്താണു്? അളവിൽ (ഉല്പാദന ശക്തികളുടെ)വന്ന മാറ്റം ഗുണാത്മകമായ(ഉല്പാദന ബന്ധങ്ങളിലെ) ഒരു മാറ്റമായിത്തീർന്നു;സാവകാശത്തിൽ വന്നിരുന്ന മാറ്റങ്ങൾ താരതമ്യേന പെട്ടെന്നുള്ള മാറ്റത്തിന് വഴി കൊടുത്തു.

യൂറോപ്പിന്റെ ചരിത്രത്തിൽ പകൽ പോലെ വ്യക്തമായിക്കാണുന്ന മുകളിലെ മാറ്റങ്ങൾ, നമ്മുടെ ഇന്ത്യയുടെ ചരിതത്തിൽ അതതന്നെവ്യക്തമല്ല. പക്ഷേ, ഉല്പാദനശക്തികളിൽ ക്രമേണ ഉണ്ടായ പുരോഗതിയും അതനുസരിച്ച് കേവലമായ അടിമത്തത്തിൽ നിന്ന്, അതായത് ഉടമസ്തന് ഇഷ്ടം പോലെ കൈമാറ്റം ചെയ്യാവുന്ന സാധനം എന്ന നിലക്ക് മനുഷ്യനെ കാണുന്നതിൽ നിന്ന്, പുറത്തേക്കെങ്കിലും സ്വാതന്ത്ര്യമുള്ള കൃഷിക്കാരനിലേക്കുള്ള പരിവർത്തനം ഇവിടെയും കാണാവുന്നതാണ്.

വീണ്ടും സമൂഹത്തിൽ അതിവേഗത്തിലുള്ള വളർച്ച കാണാൻ തുടങ്ങി. ഇന്ത്യയിൽ ലോഹകർമ്മവും വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും ഗണിതവുമതിവേഗം വളർന്നു. എന്നാൽ യൂറോപ്പിലെ വളർച്ച അദ്ഭുതാവഹമായിരുന്നു. കടലാസ്, വെടിമരുന്ന്, അച്ചടി, ആവിയന്ത്രങ്ങൾ,പവർലൂം...സാങ്കേതിക വിദ്യകൾ അതിവേഗം വളർന്നു. കൊളംബസ്, വാസ്കോദഗാമ മുതലായവരുടെ കപ്പൽസഞ്ചാരങ്ങൾ പുതിയ പുതിയ വിപണികൾ ഉണ്ടാക്കി കൊടുത്തു. ചെറുകൈത്തൊഴിൽ ശാലകളുടെ സ്ഥാനത്ത് ഫാക്ടറികൾ രൂപം കൊണ്ടു. തൊഴിൽ വിഭജനം കൂടുതൽ വ്യാപകമായി. ഇതും ഉല്പാദന ക്ഷമത വർധിപ്പിച്ചു.ഒരു പുതിയ സമ്പന്നസമൂഹം-ഉയർന്നു വന്നു. ഇവരുടെ വളർച്ചക്ക് ചില കാര്യങ്ങൾ ആവശ്യമായിരുന്നു. ഒന്നാമതായി വൻ തോതിലുള്ള ഉല്പാദനത്തിന് യന്ത്രങ്ങൾ ആവശ്യമുണ്ട്. അതിന് മൂലധനം വേണം. അവപ്രവർത്തിപ്പിക്കാൻ [ 112 ] തൊഴിലാളികൾ വേണം. ഉല്പാദനത്തെ തിന്നുമുടിക്കുക മാത്രം ചെയ്യുന്ന, ഭൂമി മുഴുവൻ തങ്ങളുടെയാണെന്നവകാശപ്പെട്ടുകൊണ്ട് അസംസ്കൃത പദർഥ്ങ്ങൾ ലഭിക്കുവാൻ തടസമുണ്ടാക്കുന്ന, ജന്മികളെന്ന ഇത്തിക്കണ്ണികൾ സമൂഹത്തിന്റെ പുരോഗതിക്ക് തടസമായിത്തീർന്നു. വളർച്ചയുടെ ശക്തികളും മരവിപ്പിന്റേതായ ശക്തികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാൻ തുടങ്ങി. ഒന്ന് രണ്ട് നൂറ്റാണ്ടിനുള്ളിൽ ആയിരം രണ്ടായിരം കൊല്ലം പഴക്കമുള്ള നാടുവാഴിത്ത വ്യവസ്ഥ പുതിയ മുതലാളിത്ത വ്യവസ്ഥക്ക് വഴിമാറിക്കൊടുത്തു.ഫ്രഞ്ച് വിപ്ലവമാൺ` ഇതിനു നാന്ദി കുറിച്ചത് എന്ന് പറയാം. വീണ്ടും നമുക്ക് കാണാവുന്നത് എന്താണു? ഉല്പാദന ശക്തികളുടെ വളർച്ച-ഒരു ഘട്ടമെത്തുമ്പോൾ ഇനി മുന്നോട്ട് പോകണമെങ്കിൽ നിലവിലുള്ള ഉല്പാദനബന്ധങ്ങൾ മാറിയേ തീരു എന്ന അവസ്ഥ, സംഘട്ടനം, അതിവേഗത്തിലുള്ള, എടുത്തുചാട്ടത്തിന്റെ രൂപത്തിലുള്ള മാറ്റം എന്നിവയാണ്.

ഇന്ത്യയിലും അതുപോലെ മറ്റുചില രാജ്യങ്ങളിലും ഇതുപോലുള്ളൊരു മാറ്റം സംഭവിച്ചു എന്ന് പറക വയ്യ. ബ്രിട്ടീഷുകാരുടെ കോളനി വാഴ്ചയും അവരുടെ മുതലാളിത്തവികസനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ചില ആവശ്യങ്ങളുമാണ് ഇന്ത്യയിൽ റെയിൽ വെയിൽ നിന്നാരംഭിച്ച വ്യവസായവൽക്കരണത്തിന്റെ അടിസ്ഥാനമിട്ടത്. ചരിത്ര പ്രധാനമായകാരണങ്ങൾ കൊണ്ട് നാടുവാഴിത്ത വ്യവസ്ഥ, ഇവിടെ പൂർണ്ണമായി തുടച്ചു നീക്കപെട്ടിട്ടില്ല. എന്നാൽ 17-18 നൂറ്റാണ്ടുകളിൽ വളർന്ന 19- നൂറ്റാണ്ടിൽ സമ്പുഷ്ട്ടമായിത്തീർന്ന, ലോകത്തെ മുഴുവൻ 'ഒറ്റ രാജ്യ'മാക്കിത്തീർത്ത, ഇദപ്രഥമമായി മാനവ സമൂഹത്തെ ആകെ ഒരൊറ്റ സംസ്കാരത്തിലേക്ക്-അത് പണത്തിന്റെയും മൽസരത്തിന്റെയും സംസ്കാരമാൺ`. അതേപോലെ അത് ശാസ്ത്രത്തിന്റെയും സാങ്കെതിക വിദ്യകളുടേയും കൂടി സംസ്കാരമാണ്-നയിച്ച മുതലാളിത്തം ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും അതിന്റെ തന്നെയായ ആന്തരിക വൈരുധ്യങ്ങളുടെ ഫലമായി തകരാൻ തുടങ്ങി. 1917 മുതലുള്ള അരനൂറ്റാണ്ടിനുള്ളിൽ ലോകത്തിന്റെ മൂന്നിലോന്ന് ഭാഗത്ത് മുതലാളിത്തം തകർന്ന് പുതിയൊരു സാമൂഹ്യ വ്യവസ്ഥ രൂപം കൊണ്ടു-സോഷ്യലിസം- അവശേഷിച്ച ഭൂരിപക്ഷത്തിനും - ഏഷ്യ, ആഫ്രിക്ക,ലാറ്റിനമേരിക്ക- മുതലാളിത്തപാതയിലൂടെ നീങ്ങാനാവില്ലെന്നും സോഷ്യലിസ്റ്റ് പാത സ്വീകരിക്കേണ്ടി വരുമെന്നും വ്യക്തമായി. ഉല്പാദനശക്തികളുടെ വളർച്ചയും ഉൽപ്പാദനബന്ധങ്ങൾ അതിനു തടസമായിത്തീർന്ന അവസ്ഥയുമാണ് ഇവിടെയും മാറ്റത്തിനു കാരണം. മാറ്റത്തിന്റെ രൂപമാകട്ടേ ഇവിടെയും വിപ്ലവാത്മകമായിരുന്നു, വേഗത്തിലുള്ളതായിരുന്നു.

അങ്ങനെ മാറ്റത്തിന്റെ രൂപമെന്തെന്ന് ചോദിച്ചാൽ നമുക്ക് പറയാൻ കഴിയും. തുടക്കത്തിൽ സാവധാനത്തിലുള്ളമാറ്റം, പിന്നെ പെട്ടെന്നുള്ള മാറ്റം,വീണ്ടും സാവധാനത്തിലുള്ള പരിണാത്മകമായ മാറ്റം, തുടർന്ന് പെട്ടെന്നുള്ള വിപ്ലവാത്മകമായ മാറ്റം. സമൂഹത്തിന്റെ കാര്യത്തിൽ ഇത് ഉല്പാദനശക്തികളുടെ അളവിലുണ്ടായമാറ്റം ഒരു ഘട്ടമെത്തുമ്പോൾ ഉല്പാദന ബന്ധങ്ങളുടെ ഗുണാത്മകമായ മാറ്റമായി പരിണമിക്കുന്നു എന്ന് കാണാം. [ 113 ] പ്രപഞ്ചത്തിലെ ഏത് മാറ്റത്തിനും ഈ രണ്ട് ഘടകങ്ങൾ - പരിണാമാത്മകവും (അളവ്); വിപ്ലവാത്മകവും (ഗുണം) ആയ ഘടകങ്ങൾ കാണാവുന്നതാണ്. വെള്ളത്തിന്റെ ചൂടിന്റെ അളവ് ഒരു പരിധിവരെ വർധിച്ചുകഴിഞ്ഞാൽ അത് ഗുണാത്മകമായി വ്യത്യസ്തമായ നീരാവിയായിത്തീരുന്നു; കുറയുകയാണെങ്കിൽ ഐസും. പരമാണുക്കളിലെ പ്രേട്ടോണുകളുടെ എണ്ണത്തിൽ വരുന്ന മാറ്റം ഒരു മൂലകത്തെ മറ്റൊന്നാക്കിമാറ്റുന്നു.

മാറ്റത്തിന്റെ, ചലനത്തിന്റെ രണ്ടാമത്തെ നിയമമാണിത്: അളവിൽ വരുന്ന മാറ്റം ഗുണത്തിലുള്ള മാറ്റമായിത്തീരുന്നു.


ചോദ്യങ്ങൾ

  1. അളവിൽ വരുന്ന മാറ്റം ഗുണത്തിൽ വരുന്ന മാറ്റമായിത്തീരുന്നതിന് രസതന്ത്രം, ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ നിന്ന് ഏതാനും ഉദാഹരണങ്ങൾ കൊടുക്കുക?
  2. മാറ്റങ്ങൾ എന്തെല്ലാം തരം?