Jump to content

വൃത്താന്തപത്രപ്രവർത്തനം/വിമർശനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൃത്താന്തപത്രപ്രവർത്തനം
രചന:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
വിമർശനം
[ 109 ]
അദ്ധ്യായം 9
വിമർശനം

സംഭവവർണ്ണനകൾ എഴുതുന്ന വൃത്താന്തനിവേദകനു ചില സമയങ്ങളിൽ ഗുണദോഷ നിരൂപണപ്രവൃത്തികൂടെ ചെയ്യാനുണ്ടാകും. തന്റെ നില അറിയുന്നവനു ഇതു ദുഷ്കരമോ അനർത്ഥകരമോ ആകയില്ല. ഗുണദോഷങ്ങൾ തിരിച്ചറിവാൻ പ്രാപ്തിയില്ലാത്തവർ അതിലേക്കു തുനിയുമ്പോഴാണ് 'വിഡ്ഢിവേഷം' കെട്ടുന്നതു. അന്യന്മാരുടെ പ്രവൃത്തികളിൽ ഗുണവും ദോഷവും കണ്ടു പറവാൻ തുനിയുന്നവർ അവരുടെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ സൂക്ഷ്മമായി അറിയണം. ഈ വിഷയത്തിൽ അവന്നു ആ അന്യന്മാരോളമെങ്കിലും അറിവു ആ സംഗതിയിൽ ഉണ്ടായിരിക്കണം. സാധാരണമായി പത്രലേഖകന്മാർ ചെയ്യേണ്ടിവരുന്ന ഗുണദോഷനിരൂപണങ്ങൾ നാടകാഭിനയം, സംഗീതം, ചിത്രപ്രദർശനം ഇത്യാദി കലാവിദ്യാപ്രകടനങ്ങളെപ്പറ്റി ആയിരിക്കും. ഇവയെക്കുറിച്ചു ലേഖകന്മാരും പത്രാധിനാഥന്മാരും അറിഞ്ഞിരിക്കേണ്ട മുഖ്യവിവരങ്ങൾ താഴെ പറയുന്നു.

കൊല്ലത്തിൽ മുന്നൂറ്റിഅറുപത്തഞ്ചു ദിവസം മുഴുവൻ ഇല്ലെങ്കിലും ഏറിയ കൂറും നാളുകളിൽ നാടകാഭിനയങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മഹാനഗരങ്ങളുണ്ട്. അവിടങ്ങളിലെ പത്രങ്ങളിലാണു നാടകാഭിനയവർണ്ണനങ്ങൾ ഒരു പ്രധാന കാര്യമായിരിക്കുന്നത്. ഈ പ്രവൃത്തിക്ക് സമർത്ഥന്മാരെന്നു നടിക്കുന്ന ലേഖകന്മാർ പലരുണ്ട്. ലണ്ടനിലെ പത്രകാര്യാലയങ്ങളിൽ പണി കിട്ടുവാൻ അപേക്ഷിക്കുന്ന ലേഖകന്മാർ പത്തിനൊമ്പതു വീതം നാടകാഭിനയ നിരൂപണത്തിനു പ്രത്യേകം യോഗ്യതയുള്ളവരാണെന്നു തന്നെത്താൻ യോഗ്യതാവർണ്ണനം ചെയ്യുന്നവരാണുപോൽ. ഇങ്ങനെയായിരുന്നാലും, വാസ്തവത്തിൽ തങ്ങളുടെ നിരൂപണലേഖനങ്ങൾകൊണ്ടു നാടകക്കാരുടെയോ ബഹുജനങ്ങളുടെയോ തൃപ്തിയെ അർഹിക്കുന്നവർ എത്രയോ ചുരുക്കമാണ്. ലണ്ടനിൽ നാടകശാലകളോ അനേകം; വർത്തമാനപത്രങ്ങൾ അതിലെത്രയോ അധികം. നാടകശാലകളിൽ പോകുന്ന ജനങ്ങളെ അതിലേക്കു പ്രേരിപ്പിക്കുകയോ, അതിൽനിന്നു [ 110 ] പിൻതിരിപ്പിക്കയോ ചെയ്യുന്നത് പത്രങ്ങളിൽ ആ നാടകശാലകളിലെ അഭിനയത്തെപ്പറ്റി പറഞ്ഞുകാണുന്ന ലേഖനങ്ങൾ മുഖേനയാണെന്നു പറയാവുന്നതാകുന്നു. ഈ സ്ഥിതിക്ക് ജനങ്ങൾ പത്രങ്ങളിൽ നാടകാഭിനയ വിവരങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നതും അവരുടെ കൗതുകത്തെ സാധിപ്പാൻ പത്രക്കാർ നാടകശാലയിലേക്കു ലേഖകന്മാരെ അയക്കുന്നതും അഭിനയവർണ്ണനം പ്രസിദ്ധീകരിക്കുന്നതും, എല്ലാ, സ്വാഭാവികം തന്നെയാണ്. എന്നാൽ നാടകാഭിനയനിരൂപണം ചെയ്യുന്നവൻ തന്റെ പണിയിൽ നിപുണനല്ലെങ്കിൽ, പത്രത്തിന് ഇടിച്ചലും, നാടകക്കാർക്ക് ആശാഭംഗവും, ജനങ്ങൾക്കു മുഷിച്ചലുമുണ്ടായേക്കും. അവൻ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്? ഒരു നാടക ശാലയിൽ അഭിനയിക്കുന്ന നാടകത്തെപ്പറ്റി 'ഉള്ളതൊക്കെ' അറിവാൻ ബഹുജനങ്ങൾക്കു കൗതുകമുണ്ടെന്നു ലേഖകൻ ആദ്യമേ ഓർമ്മവെയ്ക്കണം. ലോകർക്കറിയേണ്ട സംഗതികൾ: (1) നാടകം കാണ്മാൻ കൊള്ളാവുന്നതാണോ? (2) അതു കാണ്മാൻ പോകുന്നതിനുതക്കവണ്ണം അതിന്റെ യോഗ്യതകൾക്കു അധിഷ്ഠാനമെന്ത്? (3) എന്തുമാതിരി സംഗതിയാണ് അതിലുള്ളത്? (4) കേളികേട്ട നടന്മാരുണ്ടോ? കേളി കെട്ടവരുമുണ്ടോ? (5) നാടകകഥതന്നെയെന്താണ്? ഇങ്ങനെയൊക്കെയാകുന്നു. ഈ ഒടുവിൽ പറഞ്ഞ സംഗതിയിലാണ് ലേഖകന്മാർ കുഴങ്ങുന്നത്? നാടകകഥ എങ്ങനെയെഴുതിയാലാണ് വായനക്കാർ രസിക്കുക? എങ്ങനെയെഴുതിയാലാണ് മുഷിയുക? ഇതു തിരിച്ചറിവാൻ കുറെ പണിയുണ്ട്. ഒരു നാടകത്തിൽ പറയുന്ന സംഗതികൾ വാസ്തവത്തിൽ നടന്ന സംഭവങ്ങൾ അല്ലെന്നു ഒന്നാമതായി ഓർക്കണം. അവ വാസ്തവത്തിൽ നടന്നവയായിരുന്നാൽ അവയെ വർണ്ണിച്ചെഴുതുന്ന ലേഖനം വായനക്കാർക്കു രുചിച്ചു എന്നു വരും. വെറും ഭാവനാസൃഷ്ടമായ കഥയെ മുഴുവൻ വിവരിച്ച് ലേഖനമുഖേന കാണ്മാൻ വായനക്കാർക്കു ക്ഷമയുണ്ടാകയില്ല. നാടകശാലയിൽ നടന്നതെന്താണ്? ഏതാനും ആളുകൾ ഒന്നായിച്ചേർന്നു, നാടകകർത്താവായും, നടനായും, രംഗവിധാന കർത്താവായും, ഗായകനായും, മറ്റും അവരവരുടെ കലാവിദ്യകളെ പ്രയോഗിച്ച്, സദസ്യർക്കു രസിക്കത്തക്കവണ്ണം, അല്ലെങ്കിൽ മുഷിവുണ്ടാകത്തക്കവണ്ണം, സന്തോഷം, ഉല്ലാസം, ആശ, സന്താപം ഇത്യാദി മനോവികാരങ്ങളെ രംഗത്തിൽ പ്രകടിപ്പിച്ചു; [ 111 ] ഇതാണ് അവർ നടത്തിയത്. ലേഖകന്റെ കർത്തവ്യമോ, ഈവകയെ വർണ്ണിക്കുകയാണ്. നാടകാഭിനയം സഫലമാകയോ വിഫലമാകയോ ചെയ്തതിന്നു ഹേതുവായ സംഗതികളെന്തൊക്കെയാണെന്നു ആദ്യമേ ഗ്രഹിക്കണം. മുഖ്യമായ സംഗതി നാടകകഥയാണ്; കഥ മുഴുവൻ വിവരിപ്പാൻ പത്രപംക്തികൾ എത്രയോ അധികം ആവശ്യപ്പെടും. നാനാപ്രകാരങ്ങളിലുള്ള മറ്റു പലേ കാര്യങ്ങൾ പറയേണ്ടിയിരിക്കെ, അത്രയേറെ പത്രപംക്തി നാടകകഥയ്ക്കായി വിനിയോഗിക്കാൻ നിർവ്വാഹമില്ല. വിശേഷിച്ചും, കഥ മുഴുവൻ എഴുതിയാൽ വായനക്കാർക്കു അരോചകവും തോന്നും. ആകയാൽ കഥയിൽ മുഖ്യമായ ഘട്ടങ്ങൾ മാത്രം എടുത്തെഴുതുകയാണാവശ്യം; നാടകം സഫലമോ വിഫലമോ ആവാൻ കാരണമായ കഥാഘട്ടങ്ങൾ ഏവ എന്നു സ്ഥാപിക്കുന്നതിനു തക്കവിധത്തിലും, വായനക്കാർ കഥയുടെ മർമ്മങ്ങൾ അറിഞ്ഞു രസിക്കാൻ തക്കവണ്ണവും, പ്രധാനമായ ആ ചില ഘട്ടങ്ങൾ മാത്രം ചേരും‌പടി ചേർത്തു അഭിനയവർണ്ണനം ചെയ്യണം. കഥയെ ഇങ്ങനെ സദസ്യർക്കു കണ്മുമ്പിൽ പ്രതിബിംബിപ്പിക്കാൻ, നടന്മാർ ഏതുവിധം അഭിനയിച്ചു എന്നും, രംഗവിധാനം എങ്ങനെ മോടി പിടിപ്പിച്ചിരുന്നു എന്നും, സദസ്യർ എങ്ങനെയായിരുന്നു അഭിനയത്തെ നന്ദിച്ചത് അല്ലെങ്കിൽ നിന്ദിച്ചത് എന്നും മറ്റും അവശ്യം പറയേണ്ടതൊക്കെ പറഞ്ഞാൽ മതി; നാടകാഭിനയവർണ്ണനം പൂർത്തിവന്നു. ഇത്രയൊക്കയേ പത്രങ്ങൾക്ക് ആവശ്യമുള്ളു. എന്നാൽ, ഇനി രണ്ടുതരം നിരൂപണം ഈ വിഷയത്തിലുണ്ട്: ഒന്ന്, നാട്യകലാവിദ്യയുടെ തോതുകൾ വെച്ചുങ്കൊണ്ടു നാടകാഭിനയത്തെ അളന്നു തിട്ടപ്പെടുത്തുക, ഇതു പത്രക്കാരന്റെ പ്രവൃത്തിയിലുൾപ്പെട്ടതല്ല; മറ്റൊന്നു, സദസ്യരുടെ ഗണത്തിൽ ഉൾപ്പെട്ട ഒരുവന്നു നാടകം കണ്ടപ്പോൾ ഉണ്ടായ അഭിപ്രായമെന്തെന്നു വിവരിക്കുക; ഇത്, സാധാരണയായി അഭിനയവർണ്ണനത്തിനു പ്രത്യേക ലേഖകന്മാരില്ലാത്ത പക്ഷത്തിലേ ഉപയോഗപ്പെടുത്താറുള്ളൂ; അതു തന്നെയും ലേഖകന്റെ സ്വന്തം പേരുവച്ചു പ്രസിദ്ധപ്പെടുത്തുകയാണ് നടപ്പ്. ഏതൊന്നായാലും, നാടകശാലയിൽ നടന്മാരുടെയും കൂട്ടുകാരുടെയും പണികളെപ്പറ്റി പ്രത്യേകം കൂറോടു കൂടെയിരിക്കുവാൻ കഴിയാത്തവരെക്കൊണ്ട് യഥാർത്ഥമായ വിമർശനം സാധ്യമല്ല. എന്നിരുന്നാലും, ലേഖകൻ തന്റെ [ 112 ] കടമയെ നടത്തുന്നത് അവഹിതനായിട്ടായിരിക്കരുത്, അവനെ ബാധിക്കാവുന്ന സംഗതികൾ ചിലതുണ്ട്. അവൻ നാടകശാലാധികാരികളുടെ പക്ഷത്തിൽപെട്ട് അവരുടെ പ്രവൃത്തിയെ അനർഹമായി സ്തുതിക്കരുത്; അതിന്മണ്ണംതന്നെ, പത്രത്തിൽ കൂലിക്കായി നാടക പരസ്യങ്ങൾ ചേർക്കുന്ന ആളുടെ ഭീഷണിയോ ശിപാർശയോ ഗണ്യമാക്കിക്കൊണ്ട് ഒരു നാടകത്തിന്റെ ദൂഷ്യഭാഗങ്ങൾ ഒളിച്ചുവയ്ക്കയുമരുത്. ലേഖകൻ പൊതുജനഭൃത്യനാണ്. ജനങ്ങൾ തങ്ങളുടെ ഹിതാഹിതങ്ങളെ നോക്കിക്കൊൾവാൻ ലേഖകനെ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നു. അവർക്കു സന്മാർഗനിഷ്ഠയിൽ ദോഷകരമായ ഒരു നാടകാഭിനയം കാണ്മാൻ അവരെ പ്രേരിപ്പിക്കുമാറുള്ള അവാസ്തവവർണ്ണനം ചെയ്താൽ, അവർ അറിയാതെ സന്മാർഗ്ഗദൂഷകമായ സംഗതികളിൽ ചാടി പാപക്കുണ്ടിൽ പതിച്ചേക്കും. ഇങ്ങനെ വരാതിരിപ്പാൻ നോക്കേണ്ടത് പത്രക്കാരന്റെ ചുമതലയിൽ ഉൾപ്പെട്ട കാര്യമാകുന്നു.

നാടകാഭിനയത്തോടു കൂടിച്ചേർന്നോ, തനിയെയോ പോകുന്ന ഒരു ഏർപ്പാടാണ് സംഗീതം. സംഗീതനാടകങ്ങൾ ഉണ്ടായിവരുന്ന സ്ഥിതിക്ക് ഈ വിഷയത്തിൽ മലയാളപത്രക്കാർ പ്രത്യേകം ശ്രദ്ധവയ്ക്കേണ്ടതായിട്ടുണ്ട്. സംഗീതപ്രയോഗത്തെപ്പറ്റി ഗുണാഗുണവിവേചനം ചെയ്യാൻ ലേഖകന്മാർക്കാർക്കും സാധിക്കുമെന്നാണു ചിലർ വിചാരിച്ചു പോരുന്നത്. 'ചെമ്പട' എന്നും 'കാപി' എന്നും 'ആദിതാളം' എന്നും, 'മധ്യമതാളം' എന്നും, 'റവ' എന്നും, 'സംഗതി' എന്നും പല പല സാങ്കേതിക ശബ്ദങ്ങൾ ലേഖനത്തിനുള്ളിൽ കുത്തിനിറച്ച്, സാധാരണ വായനക്കാരന്മാർക്കു മനസ്സിലാകാത്ത വിധത്തിൽ, വളച്ചുപൊളച്ചു വല്ലതുമെഴുതിയാൽ സംഗീത നിരൂപണമായി എന്നാണു അവരുടെ വിചാരം. ഈ ശബ്ദങ്ങളൊക്കെ ആവശ്യകം അല്ലെന്നു പറയുന്നില്ല. സംഗീത നിരൂപകൻ എന്നു വേണ്ട, കലാവിദ്യകളിൽ ഏതൊന്നിനേയും നിരൂപിക്കുന്നവരെല്ലാം, അതാതു കലകളിലെ സാങ്കേതിക പദങ്ങളിൽ പരിചയപ്പെട്ടിരിക്കേണ്ടതാവശ്യമാണ്. ആ വക പദങ്ങൾ ലേഖനത്തിൽ പ്രയോഗിക്കേണ്ടതും ആവശ്യം; എന്നാൽ മുഖ്യമായ ആവശ്യം അതല്ല: സംഗീതനാടകക്കാരുടെയോ സംഗീത [ 113 ] സംഘക്കാരുടെയോ പ്രയോഗം എങ്ങനെയായിരുന്നു എന്നു വായനക്കാരെ അറിയിക്കയാണ് വേണ്ടത്. ഇതിലേക്ക്, ലേഖകന് അവരുടെ സ്വകാര്യമായ അഭിനയങ്ങൾ മുൻകൂട്ടിക്കാണ്മാൻ കഴിഞ്ഞിരുന്നാൽ, അഭിപ്രായം സ്വരൂപിപ്പാൻ കുറെ എളുപ്പമുണ്ടായിരിക്കും. ലേഖകൻ അക്കൂട്ടരിൽ പ്രമാണികളെപ്പറ്റി ചില വിവരങ്ങൾ റിപ്പോർട്ടിൽ ചേർക്കുന്നത് അനുചിതമാകയില്ല. പാട്ടുകളുടെ കർത്താവ് ഇന്ന മട്ടുകാരനാണ്, ദേശികമട്ടോ, സോപാനമട്ടോ, ത്യാഗരാജശിഷ്യനോ, ദീക്ഷിതശിഷ്യനോ, പാഴ്സിനാടകമട്ടുകാരനോ, തമിഴ്മട്ടുകാരനോ എന്നൊക്കെ വായനക്കാരെ ഗ്രഹിപ്പിക്കണം. പാട്ടുകാർക്കും വൈണികന്മാർക്കും ഫിഡിൽകാരർക്കും മറ്റു കൂട്ടർക്കും വല്ല പ്രത്യേക ഗോഷ്ഠികളുമുണ്ടോ എന്നറിയുന്നത് അവരുടെ ഗാനപ്രയോഗവിശേഷത്തിന്റെ കാരണങ്ങളെ അറിവാൻ ഉപകരിക്കും. നാടകത്തിലാണെങ്കിൽ, പാട്ടുകൾ സന്ദർഭോചിതങ്ങളായിരിക്കുന്നുണ്ടോ, ആവശ്യത്തിൽ കവിഞ്ഞ് ദീർഘമായിട്ടുണ്ടോ, സ്തോഭം ശരിയായി പുറപ്പെടുവിക്കുന്നുണ്ടോ, നടന്റെ അഭിനയത്തിനു പാട്ടു നിമിത്തം ക്ലേശം തട്ടുന്നുണ്ടോ, എന്നെല്ലാം, സൂക്ഷിച്ചറിഞ്ഞു പറയണം. സംഗീത നിരൂപകൻ അവശ്യം ശ്രദ്ധിക്കേണ്ടിയ കാര്യങ്ങൾ: (1) സംഗീതത്തെപ്പറ്റി വിമർശനം ചെയ്യേണ്ടതിന്റെ ഉദ്ദേശ്യമെന്ത് എന്ന് വ്യക്തമായി ധരിച്ചിരിക്കുക. (2) സംഗീതകല സംബന്ധിച്ചുള്ള ഓരോ പ്രമേയങ്ങളിൽ തനിക്കു പ്രത്യേകമായുള്ള മനോഗതിയും ശീലവും എന്താണെന്നു തിരിച്ചറിഞ്ഞിരിക്കുക-ഈ രണ്ടുമാണ്. ഇവയിൽ ഒന്നാമത്തെതായ സംഗീതവിമർശനത്തിന് ഉദ്ദേശ്യം മുഖ്യമായി രണ്ടുണ്ട്: ഒന്ന്, തന്റെ ലേഖനം വായിപ്പാനിടയാകുന്നവർക്കു സംഗീതശാലയിൽ എത്തിയിരുന്നുവെങ്കിൽ ഇന്നയിന്നവിധം രസിക്കാമായിരുന്നു എന്നു ഒരു അഭിപ്രായം തോന്നത്തക്കവണ്ണം ആ സംഗീതപ്രകടനത്തെപ്പറ്റി ശരിയായും വിശദമായുമുള്ള ഒരു വിവരണം കൊടുക്കുക; രണ്ടാമത്, ആ സംഗീതപ്രകടനത്തെപ്പറ്റി പൊതുജനങ്ങൾ അഭിനന്ദിക്കയോ നിന്ദിക്കയോ ചെയ്യേണ്ടതെന്ന് തനിക്കു തോന്നുന്ന അഭിപ്രായത്തെ പറക. ഇവയിൽ ഒന്നാമത്തെതിന്, സംഗീതകലയിൽ പരിജ്ഞാനവും, പാട്ടിന്റെ ഗുണാഗുണങ്ങളെ ഉടനുടൻ തിരിച്ചറിവാൻ തക്കവണ്ണം ശ്രവണേന്ദ്രിയത്തിനു പരിശീലനവും സിദ്ധിച്ചിരിക്കണം. ഇതുണ്ടായാലേ സംഗീതപ്രകടനത്തെപ്പറ്റി ശരിയായും വിശദമായും [ 114 ] വർണിപ്പാൻ സാധിക്കൂ. ഈ യോഗ്യത ഇല്ലാത്തവർ എത്രതന്നെ കോലാഹലം കൂട്ടിയെഴുതിയാലും, അതു യഥാർത്ഥമായ സംഗീതനിരൂപണമാകയില്ല. നിരൂപണകർത്താവു പാട്ടു കേട്ടിരിക്കുമ്പോൾ 'ബലേ' വിളിച്ചതുകൊണ്ടോ, 'തലകുലുക്കി'യതുകൊണ്ടോ മാത്രം പാട്ടു മെച്ചമായി എന്നു നിർണ്ണയിപ്പാൻ പാടില്ല. ഗാനകർത്താവിന്റെ ആശയമെന്തെന്നറിവാനും, അറിഞ്ഞാൽകൂടി സാധാരണ ഭാഷയിൽ പറഞ്ഞറിയിപ്പാനും, എപ്പോഴും സാധ്യമല്ല. സംഗീതമോ, മനുഷ്യഹൃദയവികാരങ്ങളെ പുറമെ അറിയിക്കുന്ന സമ്പ്രദായം ആകുന്നു എന്നു നാം അറിയണം. സാധാരണ ഭാഷയിലുള്ള വാക്കുകൾ കേട്ടാൽ ഇളകാത്ത എത്രയോ ചിത്തം സംഗീതധ്വനിയുടെ ശ്രവണത്താൽ അലിഞ്ഞുപോകുമാറുണ്ട്. ഹേരയവികാരങ്ങളെ പറഞ്ഞറിയിക്കുന്നതിനു വാക്കുകൾ ഉപയോഗപ്പെടുത്തുന്നതിനു പകരം സംഗീതത്തെ ഉപയോഗപ്പെടുത്തുന്ന ഒരു കാലം ഉണ്ടാകും എന്നുകൂടെ ചില മാനസശാസ്ത്രജ്ഞന്മാർക്കു അഭിപ്രായമായിരിക്കുന്നു. എത്ര മഹത്തായ സംഗീതത്തെ നിരൂപണം ചെയ്യാൻ പുറപ്പെടുന്നവർ പാട്ടിലെ പദങ്ങളെയോ, മാതൃകാമട്ടിനെയോ, മറ്റോ കണ്ടു മാത്രം കോലാഹലം കൂട്ടിയെഴുതുന്നതുകൊണ്ടു കാര്യമാകയില്ല; സന്ദർഭൗചിത്യത്തെയും, ശ്രോതാക്കളുടെ ഹൃദയത്തെ ഇളക്കി മറിപ്പാനുള്ള ശക്തിയെയും, അനിർവാച്യമായും സർവ്വോപരിഷ്ഠമായുമുള്ള ഒരാനന്ദമനുഭവിപ്പിക്കുന്നതിനുള്ള ചൈതന്യത്തെയും ആ പാട്ടിൽ കാണ്മാൻ കഴിയണം. ഇത്തരം പാട്ടിനെ ശരിയായും വിശദമായും വർണ്ണിച്ചുകാണിച്ചാൽ പിന്നെ രണ്ടാമത്തെ ഉദ്ദേശ്യം, ലേഖകന് അതിനെപ്പറ്റി തോന്നിയിട്ടുള്ള അഭിപ്രായം പറകയാണ് എന്നു പറഞ്ഞുവല്ലോ. ഇതിൽ രണ്ടു പക്ഷക്കാരുണ്ട്: ഒരുകൂട്ടർ, സംഗീതം ബുദ്ധിക്കു പരിഷ്കാരം വരുത്തുന്നുണ്ടോ എന്നു നോക്കുന്നവരും. മറുകൂട്ടർ, സംഗീതം ഹൃദയവികാരജനകമായിരിക്കുന്നുണ്ടോ എന്നു അന്വേഷിക്കുന്നവരും ആണ്. ഇവരിൽ ഏതു പക്ഷമാണോ ലേഖകനു ഹിതമായുള്ളത്, അതു നോക്കി അതിന്നു തക്കതായ അഭിപ്രായമെഴുതുന്നതിൽ വിരോധമൊന്നുമില്ല. എന്നാൽ മറുപക്ഷക്കാരെ വൃഥാ വാക്കുകൾ കൊണ്ടു ശകാരിക്കാതിരിക്കണം. ലേഖകൻ നീതിന്യായാധിപന്റെ നിലയിൽ നിൽക്കുകയല്ലാതെ വക്കീലിന്റെ നിലയിൽ നിന്നു വാദിക്കരുതെന്നു പ്രത്യേകം ഓർമ്മവെയ്ക്കയുംവേണം. [ 115 ]

ചിത്രപ്രദർശനത്തെ സംബന്ധിച്ച നിരൂപണത്തിന് അത്യാവശ്യമായി വേണ്ടത്, ചിത്രകലാപരിജ്ഞാനമാണ്. ഇതില്ലാതെ ഒരു ചിത്രത്തെ കണ്ട് വല്ല അഭിപ്രായവും എഴുതാൻ ആർക്കും കഴിയും. നാം എത്രയോ പുസ്തകങ്ങൾ ദിവസന്തോറും വായിക്കുന്നു; അവയിൽ ഇന്നതു നല്ലതു, ഇന്നതു ചീത്ത എന്നു ഉടനടി ഒരഭിപ്രായം പറവാൻ തയ്യാറല്ല. പറഞ്ഞാൽ കൂടിയും, അതിന്നു ആധാരമെന്തെന്നു പറവാൻ അറികവയ്യാ. ഇതിന്മണ്ണം പലേ ചിത്രങ്ങളും നാം മേടിക്കുന്നു; ഇവ എന്തു പ്രമാണമനുസരിച്ചാണ് തെരഞ്ഞെടുക്കുന്നത്? പ്രത്യേകിച്ചൊരു തോതും നാം കണ്ടിട്ടില്ല. വില്ക്കുന്നവൻ തരുന്നു, നാം മേടിക്കുന്നു; അത്രമാത്രം. പ്രമാണത്താൽ അധിഷ്ഠാനപ്പെടുത്താത്ത ഇത്തരം അഭിപ്രായങ്ങളല്ലാ ചിത്രനിരൂപകനായ ലേഖകൻ അറിയിക്കേണ്ടത്. എന്നാൽ, ചിത്രകലാ പ്രമാണങ്ങൾ അറിഞ്ഞ ആളുകൾക്കു ഒരു ചിത്രത്തെപ്പറ്റിയ ഗുണദോഷങ്ങൾ വാക്കുകളാൽ എഴുതി അറിയിപ്പാൻ ശക്തിയില്ല എന്നും വരും. പത്രലേഖന തൂവലും ചിത്രലേഖന തൂലികയും ഒരേപ്രകാരം നൈപുണ്യത്തോടെ പ്രയോഗിക്കുന്നതിനു കഴിവുള്ളവർ അവരവരുടെ സ്വന്തം പദ്ധതികളിൽ പക്ഷപാതികളായുമിരിക്കും. ഏതായാലും, ചിത്രങ്ങളെപ്പറ്റി ഗുണാഗുണനിരൂപണം ചെയ്യുന്ന ലേഖകന് സാധാരണമായി ഒരു ചിത്രകലാ നിപുണന് അവശ്യം വേണ്ടതായ കലാവിജ്ഞാനവും കലാപരിശീലനവും ഉണ്ടായിരിക്കണം; ഈ യോഗ്യത ഇല്ലത്തവർ നിരൂപണ പ്രവൃത്തിക്ക് പുറപ്പെടരുത്.

ഗുണദോഷനിരൂപണത്തിനു വിഷയമായ മറ്റൊരു വകുപ്പ് പുസ്തകങ്ങൾ ആകുന്നു; മറ്റൊരു എന്നല്ല, ഇപ്പോൾ എല്ലാ വകുപ്പുകളിലും മുഖ്യമായിട്ടുള്ളതും ഏറെ വലുപ്പമുള്ളതും ഇതാണെന്നു പറയാം. ലോകത്തിൽ സകലസംഗതികളും പുസ്തകങ്ങൾക്കു വിഷയമാകുന്ന സ്ഥിതിക്ക്, ഈ വകുപ്പ് ഇത്രയേറെ മഹത്തായിരിക്കുന്നത് യുക്തം തന്നെയാണ്. സാഹിത്യരസികന്മാർ ധാരാളമായും, പുസ്തകപ്രസിദ്ധീകർത്താക്കന്മാരും ഗ്രന്ഥകർത്താന്മാരും അതിന്നൊപ്പം എണ്ണത്തിൽ ഏറിയും വരുന്ന രാജ്യങ്ങളിൽ, നാൾക്കുനാൾ അനേകം പുതിയ പുസ്തകങ്ങൾ പുറപ്പെടുന്നതു സ്വാഭാവികം ആണല്ലോ. അത്തരം പ്രദേശങ്ങളിലെ പത്രങ്ങൾക്ക് അഭിപ്രായ പ്രകടനാർത്ഥം കിട്ടുന്ന പുസ്തകങ്ങളെപ്പറ്റി ഗുണാഗുണ നിരൂപണം [ 116 ] ചെയ്യാൻ ഒരു കടമകൂടെ ഉണ്ടെന്നു പത്രപ്രവർത്തകന്മാർ അറിയണം. പുസ്തകങ്ങൾ പൊതുവിൽ ജനങ്ങൾ വായിപ്പാൻ ഉദ്ദേശിക്കപ്പെട്ടവയും, അവർ വായിച്ചു പോകാവുന്നവയും ആകകൊണ്ട്, അവയുടെ സൽക്കാരത്തിനായോ നിരാകരണത്തിനായോ ജനങ്ങളുടെ മനസ്സിനെ സജ്ജമാക്കിക്കൊൾവാൻ പത്രക്കാരൻ ഒരുമ്പെട്ടിട്ടില്ലെങ്കിൽ, ചിലപ്പോൾ ക്ഷുദ്രകൃതികൾ പൊതുജന മധ്യത്തിൽ പരന്ന് ദോഷബീജങ്ങളെ പരത്തിയെന്നു വന്നേക്കും. പുസ്തകനിരൂപണം രണ്ടു മാർഗ്ഗത്തിൽ ഉണ്ടാകാം: ഒന്ന്, പുസ്തകങ്ങളുടെ സ്വരൂപകർത്താക്കന്മാരോ പ്രസിദ്ധീകർത്താക്കന്മാരോ അവയുടെ ഗുണദോഷചിന്തനത്തിനായി പ്രത്യേകം ആവശ്യപ്പെട്ട് അവയെ പത്രക്കാരന് അയച്ചുകൊടുക്കുക വഴിയായിട്ടും; മറ്റൊന്ന്, അവർ ആവശ്യപ്പെടാതെ തന്നെ അന്യന്മാർ സ്വയമേ അവയെ നിരൂപണം ചെയ്തിട്ടോ ചെയ്യാനായിട്ടോ അയക്കുക വഴിയായിട്ടും, രണ്ടുപ്രകാരത്തിൽ വന്നേക്കാം. ഏതു പ്രകാരത്തിലായാലും ഒരു പുസ്തകമെന്നത് ഒരുവന്റെ പ്രവൃത്തിയാകകൊണ്ട് ആ പ്രവൃത്തിയെ എപ്പോൾ പൊതുജനങ്ങളറിവാൻ വേണ്ടി പുറമെ കാട്ടുന്നുവോ അപ്പോൾ തുടങ്ങി അതിനെപ്പറ്റി ഗുണദോഷങ്ങൾ ചിന്തിച്ച് അഭിപ്രായം പറവാൻ പൊതുജനങ്ങളിലാർക്കും അവകാശമുള്ളതിനാൽ, അതിന്റെ നിരൂപണം അന്യായകർമ്മം ആയി ഗണിക്കപ്പെട്ടുകൂടാ. സാധാരണമായി, പുസ്തകകർത്താക്കന്മാരോ തൽപ്രസിദ്ധീകർത്താക്കന്മാരോ, നേരിട്ടുതന്നെ, പത്രങ്ങളിൽ അഭിപ്രകടനാർത്ഥം പുസ്തകങ്ങൾ അയച്ചുകൊടുക്കുന്നത് അവരുടെ തൊഴിലുകളെപ്പറ്റി അധികം ജനങ്ങൾ അറിയുന്നതിനുകൂടെ ഒരു വഴിയായിത്തീരുന്നതാണ്. ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങൾ നോക്കി ഗുണാഗുണങ്ങൾ വിവേചിച്ച് അഭിപ്രായം പറയേണ്ട ചുമതല പത്രക്കാരനുള്ളതാണെന്നിരുന്നാലും, പുസ്തകം ഒന്നോ രണ്ടോ എണ്ണമായിരുന്നാൽക്കൂടിയും, അനേകം കൃത്യങ്ങളിൽപെട്ടുഴലുന്ന പത്രാധിപർ ഉടനടി അവയെപ്പറ്റി ഗുണദോഷനിരൂപണം ചെയ്യാൻ ശക്തനായി എന്നു വരികയില്ല. പിന്നെ, ദിനേ ദിനേ അനേകം പുസ്തകങ്ങൾ പുറപ്പെടുവിക്കുന്ന വലിയ നഗരങ്ങളിൽ പത്രങ്ങൾക്ക് എത്രയോ ഏറെ പുസ്തകങ്ങൾ കിട്ടുമ്പോൾ ഇവയൊക്കെ എങ്ങനെയാണ് ഒരാൾ പരിശോധിക്കുക? ലണ്ടൻ മുതലായ നഗരങ്ങളിൽ പത്രാധിപന്മാർ [ 117 ] തന്നെ പുസ്തകനിരൂപണം ചെയ്യുക എന്ന നടപ്പ് ഏറെക്കുറെ ഇല്ലെന്നു പറയാം; ഗ്രന്ഥപരിശോധകന്മാരെന്നു കീർത്തിപ്പെട്ടിട്ടുള്ളവരെയോ, അതുതന്നെ തൊഴിലാക്കിയിരിക്കുന്ന ലേഖകന്മാരെയോ ഏല്പിച്ചിട്ടാണ് ഗുണദോഷനിരൂപണം ചെയ്യുന്നത്. ചില പത്രകാര്യാലയങ്ങളിൽ നിന്ന് ഓരോ ലേഖകന്മാർ ചുമടുചുമടായി പുസ്തകങ്ങൾ കെട്ടിപ്പേറി നടക്കാറുണ്ടെന്നു പറയുമ്പോൾ അതിശയോക്തമായി തോന്നിയേക്കാം; എന്നാൽ വാസ്തവോക്തമാണെന്നു ഉറപ്പു പറയുന്നു. പുസ്തകാഭിപ്രായം എഴുതാൻ പ്രയാസമില്ലെന്നാണ് ഇതുകൊണ്ടു തോന്നിപ്പോകുന്നത്; സാധാരണ പത്രങ്ങളിൽ കാണുന്നതായ അഭിപ്രായലേഖനങ്ങൾ വായിച്ചാൽ, അവ തീരെ പ്രയാസം കൂടാതെയെഴുതിയവയാണെന്നു മനസ്സിലാകും. അതാതു വിഷയങ്ങളിൽ പ്രത്യേകം പഠിപ്പുള്ളവരായ വിദഗ്ദൻമാർ എഴുതുന്ന നിരൂപണങ്ങൾക്കുള്ള വിശിഷ്ടത പ്രത്യേകം തന്നെയാണ്. ഏതൊന്നായാലും, പുസ്തകനിരൂപണം ചെയ്യുവാൻ പ്രത്യേകം സാമർത്ഥ്യം ഉണ്ടാകേണമെങ്കിൽ ഒരുവൻ, സാധാരണക്കാരെക്കാളെല്ലാം ഏത്രയോ ഏറെ ഗ്രന്ഥപാരായണം ചെയ്യുകയും, ലോകഗതികളെ പ്രേക്ഷിക്കയും ചെയ്തിരിക്കവേണം; ഈ ഗുണം ഉണ്ടായിരുന്നാലേ ഗ്രന്ഥകർത്താവിനോ വായനക്കാർക്കോ പ്രയോജനപ്പെടുന്ന ഒരു സഭിപ്രായം എഴുതുവാൻ കഴിയൂ. പുസ്തകശോധനത്തിന് പരിശോധകൻ പ്രത്യേകം ഒരു വിഷയത്തിൽ കഴിയുന്നത്ര വിദഗ്ദ്ധനായിരിക്കേണ്ടതാവശ്യമാണ്. അതിലേക്ക്, അവൻ സാമാന്യക്കാരേക്കാൾ അധികം സാഹിത്യപാരായണനായിരിക്കണം; അവരേക്കാൾ അധികം പഠിപ്പുള്ളവനായിരിക്കണം; വിശേഷിച്ചും, സാഹിത്യത്തിൽ, പ്രത്യേകം ഒരു ഭാഗം അവന്റെ മുഖ്യമായ പഠനവിഷയമാക്കിയിരിക്കയും വേണം. എല്ലാ വിഷയങ്ങളിലും പഠിപ്പു നേടീട്ടില്ലെങ്കിലും ഒരു വിഷയത്തിൽ ഏകാഗ്രചിത്തനായിരുന്നു പഠിച്ചിട്ടുണ്ടായിരുന്നാൽ ആ വിഷയത്തിൽ വരുന്ന ഏതു പുസ്തകത്തെപ്പറ്റിയും അഭിപ്രായം പറവാൻ അവന്ന് വിശേഷയോഗ്യതയുണ്ടെന്നു മറ്റുള്ളവർ സമ്മതിക്കും. ആ വിഷയത്തിൽ തന്നെയും, സാധാരണക്കാരായ പുസ്തകശോധകന്മാർ എഴുതുന്നതിലും മെച്ചമായ കാര്യങ്ങൾ പറവാൻ കഴികയില്ലെങ്കിൽ, പുസ്തക ശോധനപ്രവൃത്തിക്ക് പുറപ്പെടാതിരിക്കുകയാണ് ഉചിതം. [ 118 ] ഗ്രന്ഥശോധകന്റെ കൃത്യം മുഖ്യമായും, കലാകുശലന്റെ ചിട്ടകളെ പ്രസംഗിപ്പാനോ, ബഹുജനങ്ങളെ വിനോദിപ്പിക്കാനോ, അല്ലാ-ഭാഷ്യകാരനായിരുന്ന് വ്യാഖ്യാനിപ്പാനാണ്, എന്നു ഓർമ്മവെയ്ക്കണം. അതാതു വിഷയങ്ങളിൽ പരിജ്ഞാനവും, തന്റെ അഭിപ്രായങ്ങളെ എഴുതി ഫലിപ്പിക്കാനുള്ള നൈപുണ്യവും മാത്രം ഉണ്ടായിരുന്നാൽ പോരാ; ഗ്രന്ഥവിഷയത്തെ അഴിച്ചുപിരിച്ച്, വകയും തുകയും തിരിച്ച് മനോദൃഷ്ടിക്കു മുമ്പിൽ നിരത്തിവെപ്പാൻ തക്ക മനോധർമ്മവും, അതിലേക്കുവേണ്ട അക്ഷീണമായ കരുണസ്വഭാവവും ഉണ്ടായിരിക്കണം. ഗ്രന്ഥകർത്താവിന്റെ അഥവാ ഒരു ചിത്രകാരന്റെ തന്നെയാകട്ടെ ഉദ്ദേശ്യം എന്താണെന്നു കണ്ടുപിടിപ്പാൻ പരിശേധകന്നു ഈ അക്ഷീണമായ കരുണ സ്വഭാവം മുഖ്യാവശ്യമാണ്; ഇതില്ലാഞ്ഞാൽ, പരിശോധകൻ എത്ര വളരെ മിടുക്കു ഗ്രന്ഥവിഷയാപഗ്രഥനകാര്യത്തിൽ പ്രകടിപ്പിച്ചാലും, നിരൂപണം ഒന്നാന്തരമാകയില്ല. 'കുറവും കുറ്റവും നോക്കിപ്പറവാൻ' പ്രയാസമൊട്ടുമില്ല; അത് ഏതു ഭോഷനും കഴിയും; ബുദ്ധിമാനായിരുന്നാൽ അതു രസകരമായും ഉത്തേജകമായുമുള്ള വിധത്തിൽ പറയുവാൻ സാധിക്കും. പിന്നെ ആശാരിയുടെ അളവുകോലിന് അളന്നുനോക്കി നീളം കുറഞ്ഞുവെന്നോ, ഏറിപ്പോയി എന്നോ, ആക്ഷേപം പറവാനും, രാസശോധകന്റെ ശോധനക്കുഴലിൽ ആക്കി ഓരോരോ ദ്രാവകങ്ങളുടെ പ്രയോഗംകൊണ്ട് ഇന്നയിന്ന തത്വപദാർത്ഥങ്ങളടങ്ങിയിട്ടുണ്ടെന്നും ഇന്നതിന്നതില്ലെന്നും നിർണ്ണയിച്ചു വിധിപ്പാനും ഇക്കാലത്തെ പുസ്തക പരിശോധകൻ ബുദ്ധി ചുഴിയുകയും വേണ്ടാ. ഗുണദോഷ നിരൂപണം കൊണ്ട് ഒരുവനെ ഹനിക്കുന്നതിനല്ലാ, അവനെ നന്നാക്കുവാനാണ് ഉദ്ദേശിക്കേണ്ടത്. ഇതിന്ന് അവന്റെ നിലയെന്തെന്നറിയുക അത്യാവശ്യമാകുന്നു. ഒരുവൻ ഒരു ജനസംഘമധ്യേ പ്രസംഗിക്കുന്നു എന്നും, അവന്റെ പ്രസംഗത്തെപ്പറ്റി ഗുണാഗുണനിരൂപണം ചെയ്യേണ്ടിയിരിക്കുന്നു എന്നും വിചാരിക്കുക. പ്രസംഗത്തിലെ വാചകങ്ങൾ വ്യാകരണ നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നോ, അതിൽ യുക്തിയില്ലാ എന്നോ, മറ്റോ നിഷേധം ചെയ്യുന്നതുകൊണ്ടു കാര്യമാകയില്ല; അവന്റെ പ്രസംഗത്തിന് ജനങ്ങളെ ആകർഷിപ്പാൻ ശക്തിയുണ്ടായിരുന്നുവോ, ഇല്ലായിരുന്നുവോ? അതിനു കാരണമെന്ത്? ഇതാണ് നിരൂപണം [ 119 ] ചെയ്തറിയിക്കേണ്ടത്. ഇതിലേക്ക് പ്രസംഗത്തിന്റെ ഉള്ളിൽ കടന്നുനോക്കണം. ഇതിന്മണ്ണംതന്നെ, ഗ്രന്ഥകർത്താവിന്റെ ഉദ്ദേശ്യങ്ങളെയും, അയാൾ ആർക്കായിട്ടു തന്റെ അനുഭവങ്ങളെയോ അഭിപ്രായങ്ങളെയോ പുസ്തകമുഖേന പറഞ്ഞുകൊടുക്കുന്നുവോ അവരുടെ നിലയേയും നല്ലവണ്ണം ഓർമ്മവെച്ചുകൊണ്ടുവേണം പരിശോധകൻ അയാളുടെയും വായനക്കാരുടെയും ശ്രദ്ധയെ ഗ്രന്ഥത്തിന്റെ ആക്ഷേപാർഹഭാഗങ്ങളിലേക്കു ക്ഷണിക്കുവാൻ. ഒരുവൻ സാധാരണ കൂലിവേലക്കാരോടു പ്രസംഗിക്കുമ്പോൾ ഉപയോഗപ്പെടുത്തുന്ന ഭാഷയും ഭാവങ്ങളും വിദ്വാന്മാർക്കു അല്പവും രുചിക്കയില്ലെന്നു വരും; പക്ഷേ അവർ അവയെ നിന്ദ്യമെന്നുകൂടിയും വിചാരിച്ചേക്കാം. നേരെമറിച്ചു, ഒരു വിദ്വത്സദസ്സിൽ പ്രസംഗിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ വിദ്വാന്മാർക്കു സമ്മതമായിരുന്നാലും, സാധാരണക്കാർക്കു 'അശേഷംഗീർവാണം' ആയി തോന്നുകയും ചെയ്യും. എന്നാൽ, പ്രസംഗകർത്താവു അതാതു സഭകളിൽ സഫലമായി പ്രസംഗിച്ചു എന്നു ഓരോ കൂട്ടരും പ്രശംസിക്കത്തക്കവണ്ണം സാമർത്ഥ്യം പ്രകടിച്ചിരിക്കാം. ഈ വിജയത്തിന്റെ കാരണമെന്തെന്നു നിർണ്ണയിക്കുവാൻ പരിശോധകൻ ഒരേ തോതല്ല ഉപയോഗിക്കുന്നതെന്നു നിശ്ചയംതന്നെ. ഗ്രന്ഥശോധനത്തിലും ഇപ്രകാരമുള്ള ഔചിത്യവിചാരത്തോടു കൂടീട്ടായിരിക്കണം അഭിപ്രായം പറവാൻ. ഗ്രന്ഥശോധകന്റെ മുഖ്യമായ ഉദ്ദേശ്യം പുസ്തക കർത്താവിന്റെ ആശയത്തെ സകരുണം വ്യാഖ്യാനിക്കുകയായിരിക്കണം എന്നു സൂചിപ്പിച്ചുവല്ലോ; ഇതിലേക്ക് ഒരു ഗ്രന്ഥത്തെ തൽകർത്താവിന്റെ നിലയിൽ നിന്നു നോക്കി അയാളുടെ ശ്രമമെന്തുമാത്രമെന്നു മനസ്സിലാക്കുക ആവശ്യമാകുന്നു. എന്നാൽ അയാൾ എന്തെങ്കിലും ശ്രമം ചെയ്തിട്ടുണ്ടല്ലോ എന്നു വിചാരിച്ച് ഗ്രന്ഥത്തിന് അർഹതയില്ലാത്ത പ്രശംസ ചെയ്തുകൊളേളണമെന്നു ഇതിനാൽ അർത്ഥമാക്കരുത്. ഗ്രന്ഥശോധനത്തിൽ, ഇന്ന സംഗതികളെപ്പറ്റിവേണം ഗുണദോഷങ്ങൾ കണ്ടുപിടിച്ചു പറവാൻ എന്നാകട്ടെ, ഗ്രന്ഥത്തിൽ ഗുണമിന്നത് ദോഷമിന്നത് എന്നു നിർണ്ണയിക്കേണ്ട നിയമം എന്താണെന്നാകട്ടെ പ്രതിപാദിക്കുന്നത് സാഹിത്യശാസ്ത്രത്തിൽ ഉൾപ്പെട്ടതാകയാൽ ഇവിടെ അവയെ വിവരിക്കുന്നില്ല.