താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്തറിയിക്കേണ്ടത്. ഇതിലേക്ക് പ്രസംഗത്തിന്റെ ഉള്ളിൽ കടന്നുനോക്കണം. ഇതിന്മണ്ണംതന്നെ, ഗ്രന്ഥകർത്താവിന്റെ ഉദ്ദേശ്യങ്ങളെയും, അയാൾ ആർക്കായിട്ടു തന്റെ അനുഭവങ്ങളെയോ അഭിപ്രായങ്ങളെയോ പുസ്തകമുഖേന പറഞ്ഞുകൊടുക്കുന്നുവോ അവരുടെ നിലയേയും നല്ലവണ്ണം ഓർമ്മവെച്ചുകൊണ്ടുവേണം പരിശോധകൻ അയാളുടെയും വായനക്കാരുടെയും ശ്രദ്ധയെ ഗ്രന്ഥത്തിന്റെ ആക്ഷേപാർഹഭാഗങ്ങളിലേക്കു ക്ഷണിക്കുവാൻ. ഒരുവൻ സാധാരണ കൂലിവേലക്കാരോടു പ്രസംഗിക്കുമ്പോൾ ഉപയോഗപ്പെടുത്തുന്ന ഭാഷയും ഭാവങ്ങളും വിദ്വാന്മാർക്കു അല്പവും രുചിക്കയില്ലെന്നു വരും; പക്ഷേ അവർ അവയെ നിന്ദ്യമെന്നുകൂടിയും വിചാരിച്ചേക്കാം. നേരെമറിച്ചു, ഒരു വിദ്വത്സദസ്സിൽ പ്രസംഗിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ വിദ്വാന്മാർക്കു സമ്മതമായിരുന്നാലും, സാധാരണക്കാർക്കു 'അശേഷംഗീർവാണം' ആയി തോന്നുകയും ചെയ്യും. എന്നാൽ, പ്രസംഗകർത്താവു അതാതു സഭകളിൽ സഫലമായി പ്രസംഗിച്ചു എന്നു ഓരോ കൂട്ടരും പ്രശംസിക്കത്തക്കവണ്ണം സാമർത്ഥ്യം പ്രകടിച്ചിരിക്കാം. ഈ വിജയത്തിന്റെ കാരണമെന്തെന്നു നിർണ്ണയിക്കുവാൻ പരിശോധകൻ ഒരേ തോതല്ല ഉപയോഗിക്കുന്നതെന്നു നിശ്ചയംതന്നെ. ഗ്രന്ഥശോധനത്തിലും ഇപ്രകാരമുള്ള ഔചിത്യവിചാരത്തോടു കൂടീട്ടായിരിക്കണം അഭിപ്രായം പറവാൻ. ഗ്രന്ഥശോധകന്റെ മുഖ്യമായ ഉദ്ദേശ്യം പുസ്തക കർത്താവിന്റെ ആശയത്തെ സകരുണം വ്യാഖ്യാനിക്കുകയായിരിക്കണം എന്നു സൂചിപ്പിച്ചുവല്ലോ; ഇതിലേക്ക് ഒരു ഗ്രന്ഥത്തെ തൽകർത്താവിന്റെ നിലയിൽ നിന്നു നോക്കി അയാളുടെ ശ്രമമെന്തുമാത്രമെന്നു മനസ്സിലാക്കുക ആവശ്യമാകുന്നു. എന്നാൽ അയാൾ എന്തെങ്കിലും ശ്രമം ചെയ്തിട്ടുണ്ടല്ലോ എന്നു വിചാരിച്ച് ഗ്രന്ഥത്തിന് അർഹതയില്ലാത്ത പ്രശംസ ചെയ്തുകൊളേളണമെന്നു ഇതിനാൽ അർത്ഥമാക്കരുത്. ഗ്രന്ഥശോധനത്തിൽ, ഇന്ന സംഗതികളെപ്പറ്റിവേണം ഗുണദോഷങ്ങൾ കണ്ടുപിടിച്ചു പറവാൻ എന്നാകട്ടെ, ഗ്രന്ഥത്തിൽ ഗുണമിന്നത് ദോഷമിന്നത് എന്നു നിർണ്ണയിക്കേണ്ട നിയമം എന്താണെന്നാകട്ടെ പ്രതിപാദിക്കുന്നത് സാഹിത്യശാസ്ത്രത്തിൽ ഉൾപ്പെട്ടതാകയാൽ ഇവിടെ അവയെ വിവരിക്കുന്നില്ല.