താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം 10
സംവാദം കഥയെഴുത്ത്:

1. സംവാദം

വാർത്തകൾ തേടിപ്പോകുന്ന റിപ്പോർട്ടർമാർ പലപ്പോഴും വർത്തമാനങ്ങൾ ശേഖരിക്കുവാൻ അന്യന്മാരെ കാണേണ്ടിയിരിക്കും എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. താൻ കണ്ടതായ കാഴ്ചയെക്കുറിച്ച് എഴുതുവാൻ റിപ്പോർട്ടർക്ക് അന്യാപേക്ഷ കൂടാതെ കഴിക്കാം. എന്നാൽ, മറ്റൊരാളുടെ ഉള്ളിലിരിക്കുന്ന അറിവുകളെ പകർന്നെടുക്കുന്നതിനു അയാളെതന്നെ ചെന്നുകാണാതെ കഴികയില്ല. ഈ സന്ദർശന സമ്പ്രദായം പരിഷ്കാരപ്പെട്ട് ഇപ്പോൾ മറ്റൊരുവക ലേഖനങ്ങൾകൂടി പത്രപംക്തികളിൽ കടന്നു വന്നിരിക്കുന്നു. ഇവയാണു സംവാദം എന്നു പറയുന്ന അന്വാഖ്യാനങ്ങൾ. ഇവ ഇപ്പോൾ പത്രങ്ങളിൽ വളരെ മുഖ്യമായ ഘടകമായിത്തീർന്നിട്ടുണ്ട്.

ഒരു സംഗതിയെപ്പറ്റി പലപ്പോഴും പൂർണ്ണമായോ പരമാർത്ഥമായോ ഉള്ള വിവരങ്ങൾ പുറമെ പരന്നിട്ടില്ലെന്നിരിക്കാം. ബഹുജനങ്ങൾക്കു ആവക വിവരങ്ങൾ അറിവാൻ കൗതുകവുമുണ്ടായിരിക്കാം. ഇവ ശേഖരിച്ച് പത്രത്തിൽ പ്രസ്താവിപ്പാൻ പത്രക്കാരൻ താൽപര്യമുള്ളവനായിരിക്കേണ്ടത് അവന്റെ പത്രത്തിന്നു പ്രചാരവും പ്രാബല്യവും കൂടുവാൻ ആവശ്യമായുമിരിക്കും. എങ്ങനെയാണ് ഈ വിവരങ്ങൾ സംഭരിക്കേണ്ടത്? ഒരുകാര്യം നിശ്ചയം. ഈ വിവരങ്ങൾ കൈക്കലുള്ള ആളെ കണ്ടു ചോദിച്ചാലല്ലാതെ, സൂക്ഷ്മസംഗതികൾ അറികയില്ല. അതിനാൽ, അതു സംബന്ധിച്ചുള്ളവരിൽ പ്രമാണികളെ സന്ദർശിക്കയാണ് പത്രക്കാരൻ ഒന്നാമതായി ചെയ്യേണ്ടത്. അവരോടു ചോദിച്ചാൽ, അവർ ഒഴിവുകഴിവു കൂടാതെ എല്ലാ വിവരങ്ങളും തുറന്നുപറയുന്നപക്ഷം, പത്രക്കാരൻ കൃതാർത്ഥനാകാം. എന്നാൽ, എല്ലാവരും ഇത്തരം ചോദ്യങ്ങൾക്കു മറുപടി പറവാൻ മനസ്സുള്ളവായിരിക്കയില്ല; സംഗതി കുറെ സ്വകാര്യസ്വഭാവത്തലുള്ളതായിരുന്നാൽ പറവാൻ നിശ്ചയമായും മടിക്കും. അതു ലോക സ്വഭാവം തന്നെ