വൃത്താന്തപത്രപ്രവർത്തനം/സംവാദം കഥയെഴുത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൃത്താന്തപത്രപ്രവർത്തനം
രചന:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
സംവാദം കഥയെഴുത്ത്
[ 120 ]
അദ്ധ്യായം 10
സംവാദം കഥയെഴുത്ത്:

1. സംവാദം

വാർത്തകൾ തേടിപ്പോകുന്ന റിപ്പോർട്ടർമാർ പലപ്പോഴും വർത്തമാനങ്ങൾ ശേഖരിക്കുവാൻ അന്യന്മാരെ കാണേണ്ടിയിരിക്കും എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. താൻ കണ്ടതായ കാഴ്ചയെക്കുറിച്ച് എഴുതുവാൻ റിപ്പോർട്ടർക്ക് അന്യാപേക്ഷ കൂടാതെ കഴിക്കാം. എന്നാൽ, മറ്റൊരാളുടെ ഉള്ളിലിരിക്കുന്ന അറിവുകളെ പകർന്നെടുക്കുന്നതിനു അയാളെതന്നെ ചെന്നുകാണാതെ കഴികയില്ല. ഈ സന്ദർശന സമ്പ്രദായം പരിഷ്കാരപ്പെട്ട് ഇപ്പോൾ മറ്റൊരുവക ലേഖനങ്ങൾകൂടി പത്രപംക്തികളിൽ കടന്നു വന്നിരിക്കുന്നു. ഇവയാണു സംവാദം എന്നു പറയുന്ന അന്വാഖ്യാനങ്ങൾ. ഇവ ഇപ്പോൾ പത്രങ്ങളിൽ വളരെ മുഖ്യമായ ഘടകമായിത്തീർന്നിട്ടുണ്ട്.

ഒരു സംഗതിയെപ്പറ്റി പലപ്പോഴും പൂർണ്ണമായോ പരമാർത്ഥമായോ ഉള്ള വിവരങ്ങൾ പുറമെ പരന്നിട്ടില്ലെന്നിരിക്കാം. ബഹുജനങ്ങൾക്കു ആവക വിവരങ്ങൾ അറിവാൻ കൗതുകവുമുണ്ടായിരിക്കാം. ഇവ ശേഖരിച്ച് പത്രത്തിൽ പ്രസ്താവിപ്പാൻ പത്രക്കാരൻ താൽപര്യമുള്ളവനായിരിക്കേണ്ടത് അവന്റെ പത്രത്തിന്നു പ്രചാരവും പ്രാബല്യവും കൂടുവാൻ ആവശ്യമായുമിരിക്കും. എങ്ങനെയാണ് ഈ വിവരങ്ങൾ സംഭരിക്കേണ്ടത്? ഒരുകാര്യം നിശ്ചയം. ഈ വിവരങ്ങൾ കൈക്കലുള്ള ആളെ കണ്ടു ചോദിച്ചാലല്ലാതെ, സൂക്ഷ്മസംഗതികൾ അറികയില്ല. അതിനാൽ, അതു സംബന്ധിച്ചുള്ളവരിൽ പ്രമാണികളെ സന്ദർശിക്കയാണ് പത്രക്കാരൻ ഒന്നാമതായി ചെയ്യേണ്ടത്. അവരോടു ചോദിച്ചാൽ, അവർ ഒഴിവുകഴിവു കൂടാതെ എല്ലാ വിവരങ്ങളും തുറന്നുപറയുന്നപക്ഷം, പത്രക്കാരൻ കൃതാർത്ഥനാകാം. എന്നാൽ, എല്ലാവരും ഇത്തരം ചോദ്യങ്ങൾക്കു മറുപടി പറവാൻ മനസ്സുള്ളവായിരിക്കയില്ല; സംഗതി കുറെ സ്വകാര്യസ്വഭാവത്തലുള്ളതായിരുന്നാൽ പറവാൻ നിശ്ചയമായും മടിക്കും. അതു ലോക സ്വഭാവം തന്നെ [ 121 ] ആണ്. ഈ നിലയിൽ പത്രക്കാരനു അവരോട് പരിഭവപ്പെടാൻ ന്യാമൊന്നുമില്ല; അവൻകൂടിയും അതേ അവസ്ഥയിൽ പെട്ടിരുന്നാൽ, സ്വകാര്യം പുറത്താക്കുവാൻ മടിക്കും. എന്നാലിനി എന്താണു ഒരു നിവൃത്തിമാർഗ്ഗം? സംഗതി സ്വകാര്യമായിട്ടുള്ളതായിരുന്നാലും അതിനെപ്പറ്റി പരക്കെ പ്രസ്താവം ഉണ്ടെന്നും, ആകയാൽ ആളുകൾക്കു ദുശ്ശങ്കയോ സംശയമോ ഉള്ളതൊക്കെ നീക്കുന്നതിനും അതൊന്നും ഉണ്ടാകാതെ കഴിയ്ക്കുന്നതിനും വാസ്തവവിവരങ്ങൾ വെളിപ്പെടുത്തുകയാണ് ഉചിതമെന്നും, ഇങ്ങനെ ചെയ്താൽ അവാസ്തവവർണ്ണനംകൊണ്ടുണ്ടാകാവുന്ന ക്ലേശങ്ങളെ നിവാരണം ചെയ്യാമെന്നും, റിപ്പോർട്ടർ അവരെ ബോധപ്പെടുത്തണം. ബുദ്ധിഗുണമുള്ളവർ ഉടനടി വേണ്ട വിവരങ്ങളെല്ലാം വെളിവിൽ പറയും; പത്രക്കാരനു തന്റെ അപേക്ഷ സാധിച്ചു എന്ന സംതൃപ്തിയും ഉണ്ടാകും.

വർത്തമാനങ്ങൾ ശേഖരിക്കുന്നതിനും പുറമെ, ഒരാൾ ഒരു വിഷയത്തിൽ പ്രഖ്യാതനായിരിക്കുമ്പോൾ, ആ വിഷയത്തെപ്പറ്റിയ അയാളുടെ അഭിപ്രായങ്ങളെന്തെന്നറിയുന്നതിനും, സന്ദർശനസമ്പ്രദായം പ്രയോജനപ്പെടുമാറുണ്ട്. പലവിഷയങ്ങളിൽ കുറേശ്ശ അറിവുള്ളവരായ പത്രക്കാരന്മാർ അനേകം ഉണ്ടായിരിക്കാം; അവർക്കുകൂടിയും, പ്രത്യേകമൊരു വിഷയത്തിൽ-സാഹിത്യശാസ്ത്രകലാതികളിൽ ഒന്നിൽ-വിദഗ്ദന്മാരെന്നു കീർത്തിപ്പെട്ടവരുടെ ജ്ഞാനഭണ്ഡാഗാരത്തിൽനിന്നു കടം മേടിക്കുന്നതു അയുക്തമായിരിക്കയില്ല. ഈ വിദഗ്ദ്ധൻമാർ പത്രക്കാരന്മാർക്കൊപ്പം ലേഖനമെഴുതുവാൻ ശീലിച്ചിട്ടുള്ളവരായിരിക്കയില്ലെന്നു വരാം; എങ്കിലും, അവർക്കു ലോകരെ ഗുണപ്പെടുത്തുന്നതിനു ഉതുകന്ന അഭിപ്രായങ്ങൾ കൈക്കലുണ്ടായിരിക്കും. ഇവയെ ശേഖരിപ്പാൻ പത്രക്കാരൻ ഉത്സാഹിക്കുന്നതുകൊണ്ടു ഗുണമുണ്ടാകുന്നതല്ലാതെ ദോഷമുണ്ടാകുന്നതല്ല. ഒരു പ്രമാണി ഒരു ദിക്കിൽ ചെന്നാൽ, അയാൾക്കു ആ ദിക്കിനെപ്പറ്റി തോന്നുന്ന അഭിപ്രായങ്ങൾ എന്തെന്നറിവാൻ പത്രക്കാർ ഉത്സാഹിക്കാറുണ്ട്. ചിലപ്പോൾ, നാട്ടിൽ ആലോചനാവിഷയമായിത്തീർന്നിരിക്കുന്ന വല്ല കാര്യത്തെക്കുറിച്ചും, മുമ്പന്മാരുടെ അഭിപ്രായങ്ങൾ അറിവാൻ, അവരെ, തരംകിട്ടുന്നേടത്തുവച്ച് അഭിമുഖം കണ്ട് ചോദിപ്പാനും പത്രക്കാരർ വിചികീർഷയോടുകൂടിയിരിക്കും. [ 122 ] ഇംഗ്ലണ്ടിൽ, പാർലിമെന്റ് സഭായോഗത്തിൽ നടപടികൾ കുറിച്ചെടുത്തു റിപ്പോർട്ടെഴുതാനായി പോകുന്ന പത്രപ്രതിനിധികൾ പലരും, സാമാജികന്മാരിൽ പ്രമാണികളെ 'ഒരു നിമിഷനേരം' കണ്ടു സംസാരിച്ച് സംവാദന്വാഖ്യാനം ചെയ്യുമാറുണ്ട്; പൊതുജനമഹായോഗങ്ങളിൽ പ്രസംഗിപ്പാനോ മറ്റോ ചെല്ലുന്ന പ്രമാണികളെയും ഇങ്ങനെ 'പിടികൂടാറുണ്ട് '.

മേല്പറഞ്ഞ സന്ദർശനങ്ങൾ മിക്കവാറും റിപ്പോർട്ടർമാർ സ്വന്തം പ്രവൃത്തിയുടെ അംഗമായി നടത്തുന്നവയാണ്. ചില സമയങ്ങളിൽ, സന്ദർശനങ്ങൾ മുൻകൂട്ടി വ്യവസ്ഥചെയ്ത് അതിന്മണ്ണം നടത്തുന്നു; പത്രാധിപരോ, ലേഖനകർത്താവുതന്നയോ, അപേക്ഷിച്ച് സന്ദർശനത്തിന് അനുവാദം ലഭിക്കുന്നു. ഈ സന്ദർഭങ്ങളിൽ, സന്ദ്രഷ്ടാവായ പത്രപ്രതിനിധി നല്ല വകതിരിവോടും ശ്രദ്ധയോടുംകൂടെ പ്രവർത്തിക്കേണ്ടതാണ്; അയാൾ 'പിടി' കൂടുന്ന 'പുള്ളി'യോടു എന്തെന്തു ചോദ്യങ്ങൾ ഏതേതുപ്രകാരത്തിൽ, ചോദിക്കേണമെന്നു മുൻകൂട്ടി ചിന്തിച്ചുറയ്ക്കണം. ചോദ്യങ്ങൾ എഴുതിത്തയ്യാറാക്കി കൈവശംവെച്ച് കൊള്ളുകയും വേണം. സന്ദ്രഷ്ടാവ് രസികനും നയജ്ഞനും സൂക്ഷ്മഗ്രാഹിയും ആയിരിക്കേണ്ടതാവശ്യമാണ്. അയാൾ തന്റെ 'പുള്ളി'യോട് ഓരോ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന മറുപടികൾ, 'പുള്ളി'യുടെ മുഖഭാവഭേദം, മുതലായവയൊക്കെ ഉടനുടൻ കുറിക്കയോ, ഓർമ്മവെയ്ക്കയോ ചെയ്തുകൊള്ളണം. മറുപടികൊണ്ട് ഇടയ്ക്കു സന്ദർഭോചിതമായ വിശേഷചോദ്യങ്ങൾ തോന്നിയാൽ അവയേയും ചോദിക്കുക; മറുപടിയും കുറിക്കുക. പ്രകൃത വിഷയത്തിനു ചേരാത്തതോ, 'പുള്ളിയുടെ' അധികാരത്തെ കവിഞ്ഞതോ ആയുള്ള സംഗതികൾ മറുപടിയിൽ 'വന്നുചാടി'പ്പോയാൽ, അവയെ തള്ളിക്കളയുക.

സംവാദവിവരങ്ങളെപ്പറ്റി എഴുതുന്ന ലേഖനങ്ങൾ 'പുള്ളി'യുടെ സമ്മതത്തോടുകൂടി വേണം അച്ചടിച്ചു പുറപ്പെടുവിപ്പാൻ. എന്തെന്നാൽ, അയാളുടെ പ്രമാദത്താൽ വല്ല അസംബന്ധകാര്യവും പറഞ്ഞുപോയിരുന്നാൽ, അതു കണ്ടുപിടിച്ച് പിഴപോക്കുവാൻ അയാൾക്കും സൗകര്യം ലഭിക്കും. അങ്ങനെ ചെയ്യുമ്പോൾ, അയാളെക്കുറിച്ച് [ 123 ] വായനക്കാർക്ക് അന്യഥാ ധരിപ്പാൻ കാരണമില്ലാതാകയും ചെയ്യും. അതിനാലാണ് ലേഖനം അച്ചടിക്കുംമുമ്പ് അയാളെ കാണിച്ചിരിക്കേണമെന്നു നിബന്ധന ചെയ്യുന്നത്. കാണിക്കേണ്ടതു പത്രധർമ്മത്തിൽപെട്ട ഒരു മര്യാദയാണ്; കാണിച്ചിരിക്കുന്നതു ഉത്തമം. എന്നാൽ എപ്പൊഴും ഇതു സാധിച്ചതായി വരുകയില്ല. 'പുള്ളി' അകലെപ്പാർക്കുന്ന ആളായാൽ, കാണിപ്പാൻ അസാധ്യംതന്നെ. ഈ വിഷമദശയിൽ ലേഖനകർത്താവു നല്ലവണ്ണം യുക്തായുക്തവിവേചനംചെയ്ത് ത്യാജ്യത്യാഗം നടത്തിക്കൊണ്ടാൽ മതി.

ഇത്തരം സംവാദലേഖനങ്ങളിൽ എന്തൊക്കെയാണു എഴുതാവുന്നതു? എന്തെഴുതണം? എന്തൊക്കെ 'പുള്ളി'യെ കാണിച്ചു സമ്മതിപ്പിക്കണം? സാധാരണമായി, സംവാദലേഖനത്തിൽ രണ്ടു ഭാഗങ്ങളുണ്ട്, ഒന്ന്, 'പുള്ളി'യെപ്പറ്റി ചരിത്രമായോ, കാഴ്ചയ്ക്കു തോന്നുന്ന അഭിപ്രായമായോ, മറ്റോ എഴുതിച്ചേർക്കുന്ന ആമുഖവാചകങ്ങൾ: ഈ ഭാഗം 'പുള്ളി'യെ കാണിക്കേണ്ടതല്ല; മറ്റൊന്ന്, 'പുള്ളി'യുടെ കൈക്കൽനിന്നു ലഭിച്ച വാർത്തകൾ: ഇവ സാക്ഷാൽ സംഭാഷണരീതിക്കോ, അന്വാഖ്യാത സംഭാഷണരീതിക്കോ, സംക്ഷിപ്തമായിട്ടോ എഴുതിയിരിക്കാം. ഈ ഭാഗം 'പുള്ളി'യുടെ അനുമതിയോടുകൂടി വേണം പ്രസിദ്ധമാക്കുവാൻ. അതിനാൽ ഇതു മാത്രമേ, 'പുള്ളി'യുടെ മുമ്പാകെ വെയ്‌ക്കേണ്ടു. ഒന്നാമതു പറഞ്ഞ ജീവചരിത്രരൂപമായോ മറ്റോ ഉള്ള ഭാഗങ്ങളിൽ, ലേഖനകർത്താവ് മനസ്സാക്ഷിക്കു അനുരോധമായ അഭിപ്രായം ഏതും പ്രസ്താവിക്കാമെന്നാണ് 'വെയ്പും നടപ്പും'. ഒരു പുസ്തകത്തെപ്പറ്റി ഗുണദോഷനിരൂപണംചെയ്തു പറവാൻ ഒരുവന് എത്ര സ്വാതന്ത്ര്യാവകാശമുണ്ടോ, അതിലൊട്ടും താഴാത്ത അവകാശം ഒരുപൊതുജനകാര്യ പ്രസക്തനായ ആളെപ്പറ്റി അഭിപ്രായംപറവാനും പത്രക്കാരന് അനുവദിച്ചിട്ടുണ്ട്. അഭിപ്രായം പറവാനാണ്; അല്ലാതെ വസ്തുസ്ഥിതികളെ പറയുന്ന വിഷയത്തിൽ, ഇല്ലാത്ത സംഗതികൾ ഉണ്ടാക്കിപ്പറവാനോ, ഉള്ളതു മറച്ചുവെച്ചു തെറ്റിധരിപ്പിപ്പാനോ, അല്ല-എന്നു ഓർത്തിരിക്കണം. ഉത്തമ വിശ്വാസ്യമായി അഭിപ്രായം പറഞ്ഞു കേൾപ്പാൻ ചിലർക്കു സന്തോഷം ഉണ്ടാകയില്ലായിരിക്കാം; എന്നാലും, വൃഥാ [ 124 ] സ്തുതിയെക്കാൾ നല്ലത് തന്റെ ഗുണദോഷങ്ങളെപ്പറ്റി സൂക്ഷ്മം ഗ്രഹിച്ചുപറയുന്നതാണ്, എന്ന് അവർ മനസ്സിലാക്കിയാൽ, ഇക്കാര്യത്തിൽ പത്രക്കാരനോടു പരിഭവംതോന്നുവാൻ ന്യായമില്ലെന്നു ബോധ്യപ്പെടും. അതെന്തായാലും, സന്ദ്രഷ്ടാവ് പഴമ പരിചയക്കാരനല്ലെന്നിരുന്നാൽ, തന്റെ 'പുള്ളി'യെപ്പറ്റി നിഷ്ക്കരുണമായോ വിവേകരഹിതമായോ, അകീർത്തികരമായോ യാതൊന്നും എഴുതിപ്പോകരുത്; പ്രശംസിക്കുന്നെടത്തും, വാസ്തവമായ പ്രശംസയാണു ഉദ്ദേശിച്ചിരിക്കുന്നതെന്നു വായനക്കാർക്കു ബോധ്യമാകണം. നാലു പാദങ്ങൾ അടിച്ചുകൂട്ടി പദ്യങ്ങൾ നിർമ്മിക്കുന്നവരെല്ലാം 'യഥാർത്ഥ കവി'കളും 'മഹാകവി'കളും അവരുടെ കൃതികളിൽ കാണുന്നതു 'സാക്ഷാൽ കവിത'കളും അവ നിസർഗ്ഗസുന്ദര'ങ്ങളും; ഏതൊരുത്തിയും 'മഹാവിദുഷി' അല്ലെങ്കിൽ 'സ്ത്രീരത്ന'വും; ഏതൊരഭിപ്രായമായാലും അതു 'ആദരണീയ'വും 'യുക്തിയുക്ത'വും മറ്റും മറ്റും; ആയിരുന്നാൽ, പിന്നെ, അവരെക്കാളും അവയെക്കാളും ഉയർന്ന പടിയിൽ നിൽക്കുന്നു എന്ന വിശേഷത്തെ കുറിപ്പാൻ വിശേഷണപദത്തിനു നിഘണ്ടു തേടിപ്പോകാമെന്നു കരുതുന്ന ലേഖനകർത്താക്കന്മാരെ സാമാന്യബുദ്ധികൾ കൂടിയും പുച്ഛിക്കുമെന്നറിയണം. സംവാദന്വാഖ്യാനങ്ങളിൽ സന്ദ്രഷ്ടാവ് എപ്പൊഴും അപ്രധാനനായി പിറകിൽനിന്നുകൊള്ളുകയും, തന്റെ 'പുള്ളി'യെ മഹാജനസമക്ഷം പ്രകാശിപ്പിക്കയും ചെയ്യുകയാണു വേണ്ടതെന്നും യുക്തമെന്നും പത്രപ്രതിനിധികൾ ഓർത്തിരിക്കണം.

സന്ദർശനാവസരത്തിൽ, പത്രപ്രതിനിധി തനിക്കു കിട്ടുന്ന വിവരങ്ങളെ കുറിപ്പാൻ 'പണിക്കോപ്പുകൾ' എടുത്തു നിരത്തണമോ? നിരത്തുന്നതു മര്യാദയോ? ഒരുവന്റെ 'വായിൽനിന്നു വീഴുന്ന' വകകളെ 'പെറുക്കി'യെടുപ്പാൻ കടലാസും പെൻസിലും കൊണ്ടുവന്നിട്ടുണ്ടെന്നു കാണുമ്പോൾതന്നെ, ചിലർക്കു മനസ്സിനു സ്വൈരക്കേടുണ്ടാകും. അങ്ങനെ 'പുള്ളി'കളെക്കൊണ്ടു 'മൊഴി' പറയിച്ചു എഴുതിയെടുക്കുന്നതു മര്യാദകേടായിട്ടാണു വിചാരിക്കാറുള്ളത്. ആകയാൽ, സന്ദ്രഷ്ടാവ് ആദ്യമാദ്യം യാതൊന്നും എഴിതിയെടുക്കാൻ ഉത്സാഹിക്കരുത്; 'പുള്ളി'യുമായി അധികം 'ലോക്യ'മായിക്കഴിയുമ്പോൾ [ 125 ] അയാളുടെ സങ്കോചങ്ങൾ ഒതുങ്ങിയിരിക്കും; അപ്പോഴേക്കും, അയാൾ, നോക്കുകൊണ്ടോ വാക്കുകൊണ്ടോ, സന്ദ്രഷ്ടാവിന്റെ 'പണിക്കോപ്പു'കൾ ഉപയോഗപ്പെടുത്തിക്കൊൾവാൻ സമ്മതിച്ചു എന്നു വരാം. എന്നാൽ പിന്നെ കാണുന്നതും കേൾക്കുന്നതുമൊക്കെ ശരിയായിട്ടും വിട്ടുവീഴ്ചകൂടാതെയും കുറിച്ചെടുത്തുകൊള്ളണം. കടലാസും പെൻസിലും ഉപയോഗപ്പെടുത്തുന്നത് വിഹിതമല്ലെന്നിരിക്കിൽ, സന്ദ്രഷ്ടാവിനു എല്ലാ സംഗതികളും ഓർമ്മയിൽ ശേഖരിച്ചുവെച്ചുകൊള്ളുകയല്ലാതെ ഗത്യന്തരമില്ല. ഏതായാലും, ഏകാഗ്രചിത്തന്മാരായിരുന്നു ഓർമ്മശക്തിയെ പോഷിപ്പിച്ചിട്ടുള്ളവരാണ് സന്ദർശനവിവരങ്ങൾ എഴുതുന്നതിൽ അധികം സമർത്ഥന്മാരായിത്തീരുന്നത്.


2. കഥയെഴുത്ത്

കല്പിതകഥകൾ വർത്തമാനപത്രങ്ങളിലും മാസികാപുസ്തകങ്ങളിലും സാധാരണമായി ചേർത്തുവരുന്നുണ്ട്. ഇവയിൽവെച്ച്, വർത്തമാനപത്രങ്ങളിൽ കാണാറുള്ള കഥകൾ പ്രായേണ ചെറിയവയും അതതു ലക്കങ്ങളിൽതന്നേ കഴിയുന്നവയുമാകുന്നു; മാസിക പുസ്തകങ്ങളിൽ ഇത്തരം ചെറിയ കഥകൾ ചേർക്കുന്നുണ്ടെങ്കിലും, മുഖ്യമായുള്ളത് ഖണ്ഡശഃപ്രകടീകരിക്കുന്ന വലിയ കഥകളാണ്. എങ്ങനെയായാലും, കല്പിത കഥയെഴുത്തു സാഹിത്യശാസ്ത്രവിഷയത്തിൽ ഉൾപ്പെടുന്നതല്ലാതെ, വാസ്തവത്തിൽ, വൃത്താന്തപത്രപ്രവർത്തനത്തിൽ ഉൾപ്പെടുന്നവകയല്ല എന്നിരിക്കിലും, പത്രങ്ങളിൽ കഥകളെഴുതുന്ന നടപ്പ് പ്രബലപ്പെട്ടുവന്നിരിക്കകൊണ്ട്, ഈ വിഷയത്തെപ്പറ്റി ചില സംഗതികൾ എടുത്തുപറയേണ്ടതായിട്ടുണ്ട്.

ഒരു ചെറിയ കല്പിതകഥ എഴുതി ഫലിപ്പിക്കുവാൻ ആർക്കും കഴിയും എന്നു വിചാരിക്കേണ്ട. അതിന്നു, വിശേഷമായ ഒരു മനോധർമ്മം, കല്പനാശക്തി, ഇതിന്നു പുറമെ, തന്റെ കൈക്കലുള്ള വിഷയത്തെ ഉചിതരൂപത്തിൽ വാർത്തൊഴിക്കുന്നതിനുള്ള കൈത്തഴക്കം,-ഇവ കഥയെഴുത്തുകാരനു സിദ്ധിച്ചിരിക്കണം. കഥയിൽ മുഖ്യമായി വേണ്ടത്, ഇംഗ്ലീഷിൽ പ്ലോട്ട് എന്നു പറയുന്ന, വസ്തുരചനം ആകുന്നു; ഇതു മനസ്സുകൊണ്ട് [ 126 ] സുസങ്കല്പിതമായിരിക്കേണ്ടതാണ്. കഥാബന്ധത്തിൽ അവശ്യം ആവശ്യകമായതു വായനക്കാരുടെ ഉള്ളിനെ കവരുവാൻ തക്കവണ്ണം വിസ്മയാവഹമായ ഒരു സംഭവവും, ഫലിതമായ പ്രകാരത്തിലുള്ള അതിന്റെ പരിണാമവും ആകുന്നു. കഥയെഴുതി ഫലിപ്പിക്കുന്നതിനു ഉപയോഗപ്പെടുത്തുന്ന ഭാഷാരീതി എത്രയും ലളിതമായും, കഥാപാത്രങ്ങൾ സംസാരിക്കുന്ന പ്രകാരത്തിൽ സാക്ഷാൽ സംഭാഷണമായും ഇരിക്കേണ്ടതും, കഥാംശങ്ങളെ വിസ്തരിക്കാതെ കഴിക്കേണ്ടതുമാകുന്നു. വിശേഷപ്പെട്ട ഭാഷാസരണി കൈവശമുള്ളപക്ഷം, അതിനെ പ്രകടിപ്പാനായി വേറെ വിഷയം തേടിപ്പോകയാണുത്തമം. കല്പിതകഥകളിൽ വായനക്കാർ ആവശ്യപ്പെടുന്നതും അന്വേഷിക്കുന്നതും കഥാവസ്തുവിനെ ആകുന്നു എന്നു എഴുത്തുകാരൻ ഓർമ്മവെക്കണം. എന്നാൽ, മാസിക പത്രഗ്രന്ഥങ്ങളിലെഴുതുന്ന കഥകൾക്കു വസ്തുമാത്രം നോക്കിയാൽപോരാ; കഥയ്ക്കു മനോഹരമായ രൂപം ഉണ്ടായിരിക്കയും, അതു ചില നിബന്ധനകൾക്കടിമപ്പെട്ടിരിക്കയും വേണം.

ഒന്നാമതായി, കഥയുടെ ഏതു ഭാഗവും സംക്ഷിപ്തസാരമായി പറഞ്ഞിരിക്കണം; എഴുതുന്ന വാക്യങ്ങളിലൊന്നെങ്കിലും നിരർത്ഥമായിരിക്കരുത്. 'നിരർത്ഥം' എന്നു ആക്ഷേപിക്കുമ്പോൾ ചില കവികൾ അവരുടെ പദ്യങ്ങളിലെ വാക്കുകൾക്കു നിരർഥകത്വദോഷമില്ലെന്നു സ്ഥാപിപ്പാൻ നിഘണ്ഡു നോക്കിയാൽ അർത്ഥം കാണും, എന്നു പറയുമ്പോലെ സമാധാനപ്പെട്ടുകൊള്ളേണ്ടതല്ല. ഓരോ വരിയിലും കഥാംശത്തിന്റെ സാന്നിധ്യമുണ്ടായിരിക്കണം. എന്നാൽ ഇങ്ങനെ സംക്ഷേപിച്ചെഴുതുമ്പോൾ കഥയിലെ സംഗതികളെ തിക്കിത്തിരക്കിച്ചേർത്തിരിക്കയുമരുത്. ചില ഭാഗങ്ങൾ വീർപ്പിച്ചും ചിലഭാഗങ്ങൾ മെലിപ്പിച്ചും എഴുതിയാൽ, കഥാംശങ്ങൾക്കു ഐകരൂപ്യമില്ലാതെയാവുമെന്നറിയേണ്ടതാകുന്നു. കഥയിലെ ഓരോ സംഗതിയും അതിന്റെ പൂർവസംഗതിയിൽനിന്നു സ്വാഭാവികമായി പൊട്ടിമുളച്ചു വരുന്നതാണെന്നു തോന്നത്തക്കപ്രകാരത്തിൽ വേണം എഴുതുവാൻ. ഇതിലേക്കു എഴുത്തുകാരനു ഒരേ ആശ്രയം, ലോകഗതികളെ പ്രേക്ഷിച്ചറിക എഴുതിശ്ശീലിക്കുക ഇവയാകുന്നു. ഹൃദയത്തെ ഇളക്കിമറിക്കുവാൻ തക്ക ശക്തിയുള്ളതും ഹൃദയാവർജ്ജകവുമായ [ 127 ] ഒരു സംഭവത്തെ, സംക്ഷിപ്തസാരമാംവണ്ണം, രണ്ടുമൂവായിരം വാക്കുകൾകൊണ്ടു പറഞ്ഞുതീർപ്പാൻ എല്ലാവർക്കും സാധിക്കയില്ല: കഥയെഴുത്തിൽ നൈപുണ്യം സമ്പാദിച്ചവർക്കാണെങ്കിൽ, ഇതു നിഷ്പ്രയാസം കഴിയും. കഥാംശങ്ങളെ ഒതുക്കമായി അടുക്കിവെപ്പാൻ ഏറക്കുറെ പഴമ പരിചയംകൊണ്ടേ സാധിക്കൂ.

സംക്ഷേപിച്ചെഴുതുക. വശപ്പെട്ടിട്ടുണ്ടെങ്കിൽ, രണ്ടാമതായി വേണ്ടതു, കഥയിലെ സംഭവങ്ങളൊക്കെ വായനക്കാരന്റെ നിലയിൽനിന്നു നോക്കി കഥ മുഴുവൻ തന്റെ മനോദൃഷ്ടിയിൽ കാണ്മാനുള്ള ശക്തി ആകുന്നു. ഈ സംഭാവനാശക്തി കേവലം അനുഗ്രഹമായി ലഭിക്കുന്നതാണെന്നു നിരാശപ്പെടേണ്ടാ; പ്രാപ്തിയുള്ളവനു, ഈ ശക്തി, അഭ്യാസത്താൽ കൈവശപ്പെടുത്തുകയും, ഉപയോഗപ്പെടുത്തുകയും ചെയ്യാം. യാതൊരു കഥയെഴുത്തുകാരനും താനെഴുതുന്ന കഥയെ മേല്പറഞ്ഞ സംഭാവനാശക്തി കൊണ്ട് തന്റെ മനോദൃഷ്ടിയിൽ വ്യക്തമായി കാണുകയും, അങ്ങനെ കണ്ടിട്ട് അനാവശ്യമെന്നു ബോധ്യപ്പെടുന്ന വാചകങ്ങളെയോ വാക്കുകളെയോ ഒക്കെ നീക്കിക്കളയുകയും ചെയ്തതിനു മേലല്ലാതെ, പത്രത്തിൽ ചേർപ്പാനായി യാതൊരു പത്രാധിപരുടെയും മുമ്പാകെ തള്ളിയയയ്ക്കരുത്. ഫലിതമായ വാചകം എന്നോ, നായികയുടെ അംഗഭംഗിയെപ്പറ്റിയുള്ള സരസമായ വർണ്ണനെയെന്നോ, മറ്റോവല്ല ഭാഗത്തെക്കുറിച്ചും കഥയെഴുത്തുകാരനുതന്നെ പ്രശംസ തോന്നുന്നുണ്ടെങ്കിൽ അതു ഗണ്യമാക്കേണ്ടാ; ആ ഭാഗം കഥയുടെ സാന്ദ്രതയ്ക്കു ആവശ്യകമല്ലെന്നിരിക്കിൽ, അതു തള്ളിക്കളകതന്നെ വേണം.

കഥയുടെ രൂപം എങ്ങനെയാണു മനോഹരമാക്കുക? ഇതിലേക്കും, വായനക്കാരുടെ ഹൃദയം അറിവാൻ സാമർത്ഥ്യം ഉണ്ടായിരിക്കണം. കഥാരംഭഘട്ടത്തിലെ എട്ടു പത്തു വാക്യങ്ങൾകൊണ്ടു മാത്രം പത്രപ്രസാധകന്റെ മനസ്സിനെ ആവർജ്ജിപ്പാൻ കഴിഞ്ഞാൽ, കാര്യം ജയിച്ചു. ഇതിന്നായി മിക്ക കഥയെഴുത്തുകാരും കൈക്കൊണ്ടിരിക്കുന്ന സമ്പ്രദായം, കഥയിലെ സംഭവങ്ങളിൽ വളരേ മുഖ്യമായ ഒന്നിനെ കഥാരംഭത്തിൽ കൊണ്ടുവന്നു ഘടിപ്പിക്കുകയാകുന്നു. ഈ വഴിയ്ക്കു വായനക്കാരന്റെ കൗതുകത്തെ [ 128 ] ഇളക്കിയാൽ പിന്നെ, ആ സംഭവത്തെയോ കഥാപാത്രങ്ങളെയോ സംബന്ധിച്ചു പറയേണ്ടുന്ന വിവരങ്ങൾ അതിൽ തുടർത്തിക്കൊണ്ടുപോകുന്നു. എന്നാൽ, ഇത്രമാത്രംകൊണ്ട് കഥയുടെ രൂപം ഹൃദയാഹ്ലാദകമായി എന്നു കരുതരുത്. കഥാരംഭ വാക്യങ്ങൾ കഴിഞ്ഞാൽപിന്നെ, ഏറെ പ്രയാസമായ കാര്യം, കഥയെ ഉത്തരോത്തരം ഉൽകർഷകമായ പ്രകാരത്തിൽ നടത്തിക്കൊണ്ടു പോവാനാണ്. പഴമപരിചയക്കാർക്ക് ഇതിലും ശ്രമം തോന്നാറില്ല. ശ്ലോകങ്ങളെഴുതുമ്പോൾ, നാലാംപാദം ആദ്യമേ വിചാരിച്ചുവെച്ചുങ്കൊണ്ട് സംസ്യാപൂരണമെന്നവിധം മറ്റു പാദങ്ങൾ നിർമ്മിക്കുകയാണ് ചില മലയാള കവികൾ ചെയ്യാറുള്ള സമ്പ്രദായം. ഇതിന്മണ്ണം തന്നെയാകുന്നു ഈ കഥയെഴുത്തുകാരും ചെയ്യുന്നത്. അവർ കഥയുടെ ഉത്തരോത്തരമായ ഉൽകർഷത്തെ ഏതുമാർഗ്ഗത്തിൽ സാധിക്കാമെന്നു ആദ്യമേ ചിന്തിച്ചുറയ്ക്കുന്നു; പിന്നീടു അതിനൊത്തു എഴുതി ഫലിപ്പിക്കുന്നു. ഒരു ശ്ലോകത്തിന്റെ അന്ത്യപാദം മെച്ചമായിരുന്നാൽ, ശ്ലോകത്തിന്റെ ഓജസ്സിനു ആക്ഷേപം പറവാൻ വകയുണ്ടാവില്ല എന്നു കരുതിക്കൊണ്ടാണു മുൻപറഞ്ഞ പ്രസിദ്ധകവികൾ, നാലാംപാദം നിർമ്മിച്ചുങ്കൊണ്ട് ബാക്കി പാദങ്ങളെ പൂരിപ്പിക്കുന്നതു; ഇതിനു പകരം, തനിക്കു പറവാനുള്ളതു ആദ്യത്തെ രണ്ടുമൂന്നു പാദങ്ങൾകൊണ്ടു കഴിച്ചിട്ടു പാദപൂരണത്തിനായി നാലാംപാദത്തിൽ ഏതാനും വാക്കുകൾ കൂട്ടിപ്പിടിപ്പിച്ചാൽ, ശ്ലോകം മുഴുവൻ വിരൂപമായിപ്പോകുമെന്നതു നിശ്ചയമല്ലോ. ഇതിന്മണ്ണം, കഥയുടെ പരമകാഷ്ഠയിലെത്തേണ്ട ഉപായം ഇന്നപ്രകാരമായിരിക്കണമെന്നു മുൻകൂട്ടി ചിന്തിച്ചുറപ്പിക്കാതെ, 'വായിൽ തോന്നിയതു കോതയ്ക്കു പാട്ട്' എന്ന മട്ടിൽ കഥയെഴുതിയാൽ, അതിന്റെ അവസാനം തീരെ ശിഥിലബന്ധമായിപ്പോയേക്കും എന്നു എഴുത്തുകാരൻ ഓർത്തിരിക്കണം. ഇങ്ങനെ വരുമ്പോൾ കഥയ്ക്കു ഫലിതമെന്ന ഗുണം കുറയുമെന്നും അറിയേണ്ടതാകുന്നു. ഒരു ചെറിയ കല്പിതകഥ വായിച്ചു കഴിയുമ്പോൾ വായനക്കാരന്റെ ഉള്ളിലുണ്ടാകേണ്ട ധാരണ ആ കഥയിൽ യാതൊരു കുറവും വന്നിട്ടില്ലെന്നായിരിക്കണം; പറയേണ്ടതൊക്കെ പറഞ്ഞുകഴിഞ്ഞിരിക്കുന്നു എന്ന ഒരു ബോധം താനറിയാത്തവിധത്തിൽ വായനക്കാരന്റെ ഉള്ളിൽ കുടികൊള്ളണം. എഴുതിക്കഴിഞ്ഞിരിക്കുന്ന കഥയിൽ ഏതാനും വാക്കുകൾ [ 129 ] കൂടുതലായി എഴിതിപ്പിടിപ്പിക്കയോ, ഉള്ളതിൽനിന്നു ഏതാനും വാക്കുകൾ എടുത്തുകളകയോ ചെയ്യുന്നതായാൽ കഥയുടെ സ്വാരസ്യത്തിനു ഭംഗം വരുമെന്നുകൂടി വായനക്കാരനു തോന്നത്തക്ക വിധത്തിലായിരിക്കണം കഥയെഴുതിക്കഴിപ്പാൻ. എങ്ങനെയായാലും, പ്രതിഫലത്തിനു യോഗ്യമായ ഒരു കല്പിതകഥയെഴുതുവാൻ തൽകർത്താവു മനസ്സുകൊണ്ടു നല്ലവണ്ണം പണിയെടുക്കാതെ സാധിക്കയില്ല; തന്റെ കല്പനാശക്തിയേയും വിവേചനസാമർത്ഥ്യത്തെയും ഉചിതമായ പ്രകാരം ഉപയോഗപ്പെടുത്താതെ, തൂവൽത്തുമ്പത്തു ചാടിവരുന്ന കുറെ വാക്കുകളെ കൂട്ടിപ്പിടിപ്പിച്ച് കഥയെഴിതിത്തള്ളുന്നവർ, തങ്ങളുടെ മാത്രമല്ലാ, പത്രാധിപന്മാരുടെയും വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നതേയുള്ളു എന്നു അറിയണം.

ചെറിയ കഥകൾ എഴുതിക്കിട്ടുവാൻ പത്രക്കാരും മാസികക്കാരും ആഗ്രഹിക്കുമാറുണ്ട്. ഇംഗ്ലണ്ടു മുതലായ പാശ്ചാത്യരാജ്യങ്ങളിൽ ഇത്തരം കഥയെഴുത്തുകാർക്കു മതിയായ പ്രതിഫലവും കിട്ടാറുണ്ട്. രണ്ടായിരം വാക്കുകൾക്കു ഒന്നു മുതൽ അഞ്ചോ പത്തോവരേ ഗിനിയാണു സാധാരണ പ്രതിഫലം. പത്രപ്രസാധകനു കേട്ടുപരിചയമില്ലാത്ത ഒരു പുതിയ എഴുത്തുകാരനാണ് ഒരു മാസികയ്ക്കു കഥയയച്ചിരിക്കുന്നതെങ്കിൽ, അയാൾക്കു, ചുരുങ്ങിയതു ആറു പവൻ തുടങ്ങി കവിഞ്ഞതു പതിനഞ്ചു പവൻ വരെ പ്രതിഫലം പ്രതീക്ഷിക്കാം. എന്നാൽ, ഇങ്ങനെ കഥയെഴുതി കാലക്ഷേപം കഴിക്കാമെന്നു വിചാരിച്ചിരുന്നാൽ അതിലും ദുർഘടമുണ്ട്: ചില പ്രസിദ്ധപ്പെട്ട പത്രഗ്രന്ഥങ്ങൾക്കു അയച്ചുകിട്ടുന്ന കഥകളെപ്പറ്റി, അതുകൾ കൈപ്പറ്റിയിരിക്കുന്നുവെന്നോ ഉപ്പേക്ഷിച്ചിരിക്കുന്നുവെന്നോ, ഒരു മറുപടി അയച്ചുകൊടുപ്പാൻ പത്രാധിപന്മാർക്ക് ഉടനടി സാധിക്കയില്ല; ഒരു കൊല്ലത്തോളം വൈകിയെന്നു വരാം. അത്രയേറെ കഥകൾ പത്രാധിപരുടെ മുമ്പിൽ എത്തുന്നുണ്ടായിരിക്കും. ഒരു കൊല്ലത്തിനുള്ളിൽ ഇതുപതിനായിരം ചെറിയ കഥകൾ ഇംഗ്ലണ്ടിലെ ഒരു പത്രഗ്രന്ഥത്തിനു അയച്ചുകിട്ടിയിരുന്നതായി തൽപത്രാധിപർ തന്നെ പ്രസ്താവിച്ചിരിക്കുന്നു; സ്വീകരിച്ചു പ്രസിദ്ധപ്പെടുത്തിയ കഥകളുടെ എണ്ണം, ഇവയിൽ, എഴുപത്തിരണ്ടു [ 130 ] മാത്രം ആയിരുന്നുതാനും. ബാക്കിയെല്ലാം ഉപേക്ഷിക്കപ്പെട്ടു. ഒരൊറ്റ പത്രഗ്രന്ഥത്തിനു തന്നേ ഇത്രയേറെ കഥകൾ കിട്ടിയ അവസ്ഥയ്ക്കു, മറ്റു പത്രങ്ങൾക്കൊക്കെക്കൂടി എത്രയെത്ര ഇരുപതിനായിരം കിട്ടിയിരിപ്പാൻ സംഗതിയുണ്ട്! ഇവയിൽ ഉപേക്ഷിക്കപ്പെട്ട ഓരോ പത്തൊമ്പതിനായിരത്തിൽപ്പരം കഥകളും തീരെ പ്രസിദ്ധീകരണയോഗ്യതയില്ലാത്തവയായിരിക്കയില്ല; കുറെയൊക്കെ നല്ല കഥകളായിരിക്കാം. എന്നാൽ ഇവയെ അങ്ങാടിയറിയാതെ വാണിഭത്തിനു കൊണ്ടു ചെന്നതിനാൽ വിറ്റഴിയാതെ മടക്കിക്കൊണ്ടുപോരേണ്ടിവന്നതാണ്. താൻ എഴുതിയുണ്ടാക്കിയ കഥ ഏതു പത്രഗ്രന്ഥത്തിലേക്കാണു പറ്റുന്നതെന്നു നിർണ്ണയം വരുത്തിക്കൊണ്ടു ആ പത്രഗ്രന്ഥത്തിലേക്കു അയച്ചുകൊടുക്കുന്നതിനുപകരം, തന്റെ ചെവിയിൽ പേരുകേട്ടതായ ഏതെങ്കിലുമൊരു പത്രഗ്രന്ഥത്തിലേക്കു കെട്ടിയയച്ചു ഭാഗ്യം പരീക്ഷിക്കുന്നതു വിവേകപൂർവ്വമായ സമ്പ്രദായമല്ല.

ഇപ്പോൾ പറഞ്ഞതെല്ലാം ചെറിയ കഥകളെക്കുറിച്ചാണ്. മാസികപുസ്തകങ്ങളിലാകട്ടെ, പ്രതിവാരപത്രഗ്രന്ഥങ്ങളിലാകട്ടെ ഖണ്ഡംഖണ്ഡമായി ക്രമശഃ പ്രസിദ്ധപ്പെടുത്തുന്ന മറ്റൊരുതരം കല്പിതകഥകളുണ്ട്. ഇവ അതതു സമയത്തെ ദേശകാര്യങ്ങളിലോ സമുദായ കാര്യങ്ങളിലോ ഉള്ള മുഖ്യ സംഭവങ്ങളെക്കൂടെ ഉൾപ്പെടുത്തി എഴുതുന്നവയായിരിക്കുന്നു. ഇത്തരം കഥകളെഴുതിക്കൊടുപ്പാൻ പത്രാധിപൻമാർ കഥയെഴുത്തുകാരനും ചിലപ്പോൾ പ്രത്യേകം മാസപ്പടിയെന്നവണ്ണം പ്രതിഫലം നിശ്ചയിച്ചിരിക്കും. ഒരു കൊല്ലത്തിൽ ഒരായിരം പവൻ പ്രതിഫലം കിട്ടുവാൻ ഞെരുക്കമില്ല; ഇതിലിരട്ടി കിട്ടുന്നവരുമുണ്ട്.

ഈ മാതിരി കഥകളെഴുതുന്നതിനു കഥയെഴുത്തുകാരൻ തന്റെ മാത്രം മനോധർമ്മത്തെ ആശ്രയിക്കേണ്ടതായിട്ടില്ല. കഥയുടെ ബീജം തേടിപ്പിടിച്ചു കൊടുക്കുവാൻ പത്രാധിപർക്കാണു ബദ്ധപ്പാട്. പത്രാധിപർ പത്രവായനക്കാരായ ബഹുജനങ്ങളുടെ അപ്പോഴത്തെ നിലയെ മനസ്സിലാക്കിക്കൊണ്ടു അവരുടെ ഹൃദയങ്ങളെ ഇളക്കുന്നതിനും മാറ്റുന്നതിനും മറിക്കുന്നതിനും തക്കതായ ഒരു വിഷയം നിശ്ചയിക്കുന്നു. പത്രാധിപരുടെ ആശയം [ 131 ] ഇന്നതാണെന്നു ഉറപ്പിച്ചതിന്റെ ശേഷം, അയാൾ, തന്റെ കൂട്ടുപണിക്കാരിൽവെച്ച് അധികം മിടുക്കുള്ളവരെ വിളിച്ചുവരുത്തി, അവരുമായി ആലോചിക്കുന്നു. അവർ ഓരോരുത്തരും ആ ആശയത്തെപ്പറ്റി പറയാവുന്ന ആക്ഷേപങ്ങളൊക്കെ പറകയും. പുതിയ അഭിപ്രായങ്ങൾ സുചിപ്പിക്കയും ചെയുന്നു. ഇങ്ങനെ പലർകൂടി പതിരു പാറ്റിക്കളഞ്ഞു നല്ല നെന്മണി തിരിച്ചെടുക്കയും പുതിയതായി ചില നെന്മണികൾകൂടെ ചേർക്കുയും ചെയ്തതിന്റെ ശേഷമാണ് സാക്ഷാൽ കഥയെഴുത്തുകാരൻ അരങ്ങത്തു വരുന്നത്‌. പത്രാധിപർ, താനും കൂട്ടരുംകൂടി ആലോചിച്ചുറപ്പിച്ചിട്ടുള്ള കഥയുടെ സൂത്രങ്ങളെങ്ങനെയൊക്കെയെന്നു കഥയെഴുത്തുകാരനെ ഗ്രഹിപ്പിക്കുന്നു. ഇയാളും തന്റെ അഭിപ്രായത്തിൽ കഥയ്ക്കു മെച്ചമുണ്ടാക്കുന്ന സംഗതികളെ സൂചിപ്പിക്കുന്നു. ഇതുവരും കൂടിയിരുന്നു, കഥയുടെ പരിപോഷണം ഏതു പ്രകാരത്തിൽ ആയിരിക്കേണമെന്നു, തമ്മിൽ വാദപ്രതിവാദം ചെയ്തു തീർച്ചപ്പെടുത്തുന്നു. ഇത്രയുമായാൽ പിന്നെ, കഥയെഴുത്തുകാരൻ തന്റെ കൈക്കൽ ഏല്പിക്കപ്പെട്ട കഥാബീജത്തെ പത്രാധിപർ പറഞ്ഞിട്ടുള്ള പ്രകാരത്തിൽ നട്ടുനനച്ചു മുളപ്പിച്ച് കാഴ്ചക്കാർക്കു ചേതസ്സമാകർഷകമാകുംവണ്ണം വളർത്തിക്കൊണ്ടു വരുവാൻ വേണ്ട ശ്രമം ചെയ്യുന്നു. ആദ്യമായി, കഥയെഴുത്തുകാരൻ പത്രാധിപരുടെ പക്കൽനിന്നു കിട്ടിയ സൂചനകളേയും ആശയങ്ങളെയും ഉപയോഗപ്പെടുത്തി കഥാവസ്തുവിന്റെ സംക്ഷേപം എഴുതിത്തയ്യാറാക്കുന്നു. കഥാരംഭം വായനക്കാരുടെ മനസ്സിനെ ആവർജ്ജിക്കുവാൻ തക്കവണ്ണം കഥയിൽ മുഖ്യമായ ഒരു സംഭവത്തെ ആരംഭത്തിൽ എടുത്തുവെയ്ക്കുന്നു. പ്രാരംഭാധ്യായങ്ങൾ, വൃഥാസ്ഥൂലങ്ങൾ ആവാതിരിപ്പാൻ കരുതി, പല കുറി പുതുക്കിയെഴുതി ശരിപ്പെടുത്തിയതിനു മേലേ, പത്രത്തിൽ അച്ചടിക്കുന്നതിനായി അയയ്ക്കാറുള്ളു. ഒരു നാടകത്തിലെങ്ങനെയോ, നാനാരസങ്ങളും സ്തോഭങ്ങളും, ഇളക്കത്തക്കവണ്ണം, കവിയുടെ മനോധർമ്മം പ്രയോഗിക്കുന്നു, അങ്ങനെതന്നെ ഇത്തരം കല്പിതകഥയുടെ പ്രാരംഭഘട്ടങ്ങളിലും ലോകരുടെ ഹൃദയരഹസ്യങ്ങളെ പ്രകാശിപ്പിച്ചിരിക്കണം. ഇപ്രകാരം ചെയ്താൽ കഥാപ്രാരംഭഘട്ടങ്ങൾ വായനക്കാരന്റെ മനസ്സിനെ അവനറിയാതെ തന്നെ ബഹുദൂരം [ 132 ] ആകർഷിച്ചുകൊണ്ടുപോകും. ഈ മാതിരി കഥകളുടെ സ്വഭാവം ഇതാണ്: പ്രാരംഭഘട്ടത്തിൽ കഥാപാത്രങ്ങൾ ഓരോരോ കുഴക്കുകളിൽ കുടുങ്ങുന്നതായും; അനന്തരാധ്യായങ്ങളിൽ, അവർ ആ കുഴക്കുകളിൽ നിന്നു പുറമേയിറങ്ങി രക്ഷപ്പെടുവാൻ ശ്രമിച്ചു സാധിക്കുന്നതായും കഥാംശങ്ങളെ ബന്ധിച്ചിരിക്കുകയാണ്. ഒരു ലക്കത്തിൽ കഥ വായിച്ചു തുടങ്ങിയാൽ വായനക്കാരൻ പത്രത്തിന്റെ അടുത്ത ലക്കങ്ങൾ വായിപ്പാൻ ക്ഷമകേടോടെ പ്രതീക്ഷിക്കണം. അതിന്നു തക്കവിധത്തിലാണു കഥയുടെ ഓരോ അദ്ധ്യായവും എഴുതി ഫലിപ്പിക്കേണ്ടത്‌. ഇതിലേക്കു, കഥയെഴുത്തുകാരനു, പത്രാധിപരുടെ ഉപദേശങ്ങൾ അപ്പൊഴപ്പോൾ കിട്ടുമായിരുന്നാലും, മഹാജനങ്ങളുടെ ആഗ്രഹങ്ങളെ പ്രേക്ഷിച്ചറിഞ്ഞു അതിന്നനുസരിച്ച് കഥയിൽ ആവശ്യംപോലെ ഓരോ സംഗതികൾ കൂട്ടിച്ചേർത്തുകൊള്ളുവാൻ തക്ക ബുദ്ധിഗുണം ഉണ്ടായിരിക്കണം.